Sunday, December 25, 2005
പപ്പി ഹൌസ്
'അപ്പോൾ ഇനി നമ്മുടെ വീട്ടിലും കൃസ്തുമസ് പപ്പാ വരുമോ? എനിക്ക് സമ്മാനം കിട്ടുമോ?"
"കിട്ടും. മോൾ എന്താ വേണ്ടതെന്ന് ഒരു കാർഡിൽ എഴുതി ഈ മരത്തിൽ കൊരുത്തിട്ടാൽ മതി രാത്രി കൃസ്തുമസ് പപ്പാ വരുമ്പോൾ അതു കാണും. മോൾക്ക് സമ്മാനം വച്ചിട്ട് പോകും"
കല്യാണിക്ക് സന്തോഷമായി. ഒരു താരം അവളുടെ കണ്ണിലും മിന്നി.
രാവിലെ തിരക്കിൽ ഓഫീസിൽ പോകാനിറങ്ങിയപ്പോൾ കല്യാണി പറഞ്ഞു ' അഛാ ഞാൻ എന്താ വേണ്ടത് എന്ന് എഴുതി മരത്തിൽ തൂക്കിയിട്ടിട്ടുണ്ട്. ഞാൻ ആ കാർഡിൽ നോക്കി. മുന്നിൽ പാപ്പായ്കുള്ള ഗ്രീറ്റിങ്ങ്സ്, അവളുടെ വരകളിലൂടെ. അതിനുള്ളിൽ അവൾക്കറിയാവുന്ന വരികളിലൂടെ ഒരു കത്ത് “Dear paappa, a want a puppy house. with love kalyani.“
പപ്പി ഹൌസ്. പട്ടിക്കൂട്. കുഞ്ഞുങ്ങൾ കയറി ഇറങ്ങിക്കളിക്കുന്ന ഒരു വായുവീട്. ഞാനോർത്തു, ഇത് ഞാൻ മുൻപ് വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞതാണല്ലൊ! ഇന്ന് ഇതിപ്പൊ ഇനി എവിടെ കിട്ടും? ബ്രോഡ്വേയിൽ മുൻപുകണ്ടതാണ്. അത് അവിടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ച് ഇറങ്ങി.
പതിവുപോലെ ഒരു തിരക്കൻ ദിനം.
വൈകുമ്ന്നേരം, രാത്രി, അല്ല പാതിരാത്രി വീട്ടിൽ എത്തിയപ്പോൾ കൃസ്തുമസ് ട്രീയിൽ മിന്നുന്ന ലൈറ്റുകൾ കണ്ടപ്പോൾ, അതിൽ തൂങ്ങുന്ന കാർഡ് കണ്ടപ്പോൾ ഞാൻ അറിയാതെ തലയിൽ കൈവച്ചുപോയി. കയ്യിൽ ആകെയുള്ളത് ഓഫീസിൽ നിന്നും സമ്മാനമായി കിട്ടിയ ഒരു കേക്ക് ആണ്.
ഞാൻ അതു ആ പാക്കറ്റോടെ ട്രീയുടെ താഴെ വച്ചു.
കാര്യം പിടികിട്ടിയ ഭാര്യ പറഞ്ഞു, "പാവം, കൃസ്തുമസ് പപ്പവരുമ്പോൾ ശബ്ദം കേട്ടാൽ അവളെയും വിളിക്കണേ എന്നു പറഞ്ഞിട്ടാണ് ഉറങ്ങിയത്"
രാവിലെ അവൾ ഉണർന്ന് കിടന്നപ്പോൾ ഞാൻ ഓർത്തു ഇവളെന്താ എണീറ്റു പോയി നോക്കാത്തതു എന്ന്. അവൾ എന്നെ കുറേ നേരം നോക്കി കിടന്നു പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ കട്ടിലിൽ നിന്നും ചാടി ഇറങ്ങി ഓടി. ഞാനും എണീറ്റു.
മുൻവശത്തു നിന്നും വിളി " അഛാ പപ്പി ഹൌസ് കിട്ടി"
അവൾ ആകെ ത്രിൽഡ് ആണ്.
"കാറ്റുനിറച്ച് വലുതാക്കുന്നതാണെന്നാ റിജുചേട്ടൻ പറഞ്ഞത്. അഛാ വേഗം തുറന്ന് ഊതിപെരുക്കഛാ.."
ഞാൻ ആ ബോക്സ് തുറന്നു.
അവളുടെ മുഖത്തുണ്ടായിരുന്ന ആകാക്ഷയുടെ നക്ഷത്രം മങ്ങി.
"ഇതു കേക്കാ, പപ്പി ഹൌസ് അല്ല" അവൾ പറഞ്ഞു.
ഞാൻ പറഞ്ഞു, " അതേ മോളൂ, എല്ലാവർക്കും സമ്മാനം കൊടുക്കണ്ടേ പാപ്പായ്ക്ക്? മോളൂനു വീടുണ്ടല്ലൊ, വീടില്ലാത്ത കുഞ്ഞുങ്ങളെ വഴി അരുകിൽ നമ്മൾ കണാറില്ലേ, മോളൂന്റെ പപ്പി ഹൌസുമായി വന്നപ്പോൾ ഇതുപോലുള്ള ഏതെങ്കിലും കുട്ടിയെ കണ്ടിട്ടുണ്ടാകും പാവം പാപ്പാ ആ കുട്ടിയ്ക്ക് അത് കൊടുത്തിട്ടുണ്ടാകും. അതുകൊണ്ടാ"
അവൾ അതു മുഴുവനായും വിശ്വസിച്ചില്ല എന്നു തോന്നുന്നു.
"അപ്പോൾ ആ കുട്ടിയ്ക്ക് ഇനി ആ വീട്ടിൽ കിടന്നുറങ്ങാം അല്ലെ?
"ഉം"
"അപ്പോൾ ഇനി എന്നാ കൃസ്തുമസ് വരുന്നത്?"
"അടുത്ത വർഷം"
"അടുത്ത വർഷം എന്തായാലും എനിക്കു തന്നെ തരും അല്ലേ?"
"ചിലപ്പോൾ അതിനു മുൻപും തരും." ഞാൻ പറഞ്ഞു.
ഞാൻ ആ കേക്കിലേക്ക് നോക്കി, പിന്നെ ചിന്തിച്ചു; പാപ്പാ ബെസ്റ്റ് ബേക്കേർസീന്നാണോ കേക്ക് വാങ്ങിയതെന്ന ചോദ്യം ഉടൻ വരും. അതിനു എന്തു ഉത്തരം പറയും?
സാരമില്ല, മറവിക്കാർക്ക് എല്ലാത്തിനും ഇതുപോലുള്ള ഉത്തരം കിട്ടും.
Thursday, December 22, 2005
Thursday, December 15, 2005
അപ്പു എന്നാണ് അവന്റെ പേര്.
അപ്പു എന്നല്ല അവന്റെ പേര്!
അപ്പു എന്നാണ് അവനെ ചേച്ചി സ്നേഹത്തോടെ വിളിച്ചിരുന്നത്.
അപ്പോൾ ഇപ്പോ വിളിക്കാറില്ലേ?
ഇല്ല അവന്റെ ചേച്ചി മാഞ്ഞുപോയി.
മാഞ്ഞുപോവുകേ?
അതെ. അവന്റെ ചേച്ചി ഒരു കിനാവായിരുന്നു.
അപ്പോൾ ഈ അപ്പു?
അപ്പുവും ഒരു കിനാവായിരുന്നു. പടുകിനാവ്.
എല്ലാ'ചേച്ചി'മനസുകളിലും 'അപ്പു'മാർ ഉണ്ടാകുന്നു. അപ്പുമനസുകളിൽ ചേച്ചിമാരും. അസ്വസ്തമാകുന്ന മനസുകളിൽ ഇവർ ഉടലെടുക്കുന്നു.
സൌഹൃദത്തിന്റെ യഥാർത്ഥ സ്നേഹം.
വർണ്ണചരടിന്റെ ഒരു രാഖിയിലോ ഗ
ർഭപാത്രത്തിന്റെ വാടകക്കാർ എന്ന ബന്ധത്തിലോ തട്ടി നിന്നുപോകാത്ത സ്നേഹം.
ഒടുവിൽ ഒന്നിലും തട്ടാതെ തട്ടി ഒരു സന്ധ്യയിൽ മാഞ്ഞുപോയേക്കാവുന്ന സ്നേഹം.
ഒന്നു ചെവിയോർത്താൽ, ഒന്ന് സൂക്ഷിച്ചുനോക്കിയാൽ നമുക്കിടയിൽ ഒത്തിരി അപ്പുമാരെയും ചേച്ചിമാരെയും കാണാം.
Tuesday, December 13, 2005
നോൺ വെജ് ചിന്തകൾ.
"37 രൂപ. ഇന്ന് വില അൽപ്പം കുറവാ സാർ"
അയാൾ എന്നെ സന്തോഷിപ്പിക്കാൻ പറഞ്ഞു.
"ശരി രണ്ടുകിലോ തികച്ചുവരുന്ന ഒന്നിനെ എടുത്തോളൂ."
അയാളുടെ നീളമുള്ള വിരലുകൾ കോഴികളുടെ ഇടയിലേക്ക് ഇറങ്ങിചെന്നു.
കൂട്ടത്തിലൊന്നിന്റെ ചിറകിൽ പിടിച്ച് അയാൾ ഉയർത്തി. മങ്ങിയ കണ്ണുകളിലൂടെ അത് കാലനെ എന്നപോലെ എന്നെ നോക്കി. എന്റെ അരുകിലായി വല്ല പോത്തുമുണ്ടോ എന്ന് ഞാനറിയാതെ നോക്കിപോയി. മറ്റുള്ള കോഴികൾ ആശ്വാസത്തിന്റെ ഒരു നീണ്ട കൊക്കരക്കോ മുഴക്കി.
ചിറകിനടിയിലൂടെ ഒരു പ്ലാസ്റ്റിക് ചരട് ചുറ്റി അയാൾ അതിനെ തുലാസിൽ കൊരുത്തിട്ടു. രണ്ടാതട്ടിൽ ഇരുമ്പുകട്ടികൾ മറിഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിനുമുൻപ് ഭാരം അളന്ന് ഉറപ്പുവരുത്തുന്ന ചടങ്ങ്. മരണം ഉറപ്പാക്കി തൂക്കുമരത്തിലെന്നപോലെ കോഴി കിടന്നു.
"രണ്ടുകിലോ തികച്ചില്ല. ഒന്ന് എണ്ണൂറേയുള്ളു" അയാൾ എന്നെ നോക്കി.ഞാൻ ആ കോഴിയേയും മറ്റുള്ളവയേയും നോക്കി.
"മതി എടുത്തോളൂ"
അയാൾ കോഴിയെ തുലാസിൽനിന്നിറക്കുമ്പോൾ ഞാൻ മനസിൽ പറഞ്ഞു "200ഗ്രാമിനുവേണ്ടി ഞാനായിട്ട് വിധി മാറ്റി എഴുതുന്നില്ല"
(വൈകുന്നേരം ചിക്കൻ ഉലർത്തിയത് ഉള്ളിലേക്ക് പോയപ്പോൾ അതിന്റെ മസാലരുചിയിൽ, എരിവിൽ ഈ വിധിനടപ്പാക്കൽ ഒന്നും മനസിൽ വന്നില്ല.
പക്ഷേ ഇപ്പോൾ, നിലച്ചിരിക്കുന്ന എന്റെ ബ്ലോഗിങ്ങിനെക്കുറിച്ച് ഓർത്തപ്പോൾ മനസിൽ തെളിഞ്ഞുവന്നു ഈ വിഷയം)
Wednesday, December 07, 2005
Monday, November 28, 2005
വീണ്ടും സാനിയ മിർസ (സാനിയ മിർസ)
പുതിയ പോസ്റ്റുകൾ ഇല്ലാതിരുന്നിട്ടും എന്റെ ബ്ലോഗിൽ സന്ദർശകരുടെ എണ്ണം കുറയുന്നില്ല. ഇവരൊക്കെ ആരാ, എവിടുന്നു വരുന്നു എന്ന് അറിയാനുള്ള ഒരു ആഗ്രഹത്തിൽ ഞാൻ എന്റെ സൈറ്റ് മീറ്ററിലെ Recent Visitors by Referrals ടാഗിൽ ഒന്നമർത്തി.
അവിടെ തെളിഞ്ഞു ഇവരൊക്കെ വന്ന വഴി. കൂടുതലും google, MSN, Rediff തുടങ്ങിയവയുടെ സെർച്ച് എഞ്ചിനുകളിൽ നിന്ന്.
എന്റെ പേജിന്റെ ട്രാഫിക്ക് കൂട്ടിയ ഇവരെ ഒക്കെ വഴിതെളിച്ചു വന്നതോ ഇന്ത്യൻ യുവത്വത്തിന്റെ ഞരമ്പുകളിൽ ട്രാഫിക്ക് കൂട്ടുന്ന സാനിയ മിർസയും.
സാനിയ മിർസയെ മാധ്യമങ്ങൾ അവരുടെ താളുകളിൽ വിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് മുൻപ് ഞാൻ എഴുതിയിരുന്നു. അതിൽ ടൈറ്റിലിൽ ബ്രാക്കറ്റിൽ ഇംഗ്ലീഷിലും ഞാൻ saniya mirza എന്ന് എഴുതിയിരുന്നു. ആ പുന്നാരവാക്കാണ്, ഇവരെ ഒക്കെ എന്റെ പോസ്റ്റിൽ പറഞ്ഞുവിട്ടത്. ഗൂഗിളിൽ saniya mirza എന്നു ടൈപ്പുചെയ്താൽ വരുന്ന ലിസ്റ്റിൽ ആദ്യ മൂന്നിൽ തന്നെ എന്റെ പോസ്റ്റ് ഉണ്ടാകും.
പാഞ്ഞുവന്ന എത്രയോ സാനിയാ പ്രേമികൾ എന്റെ പേജിൽ വന്നു നിരാശരായി എന്നെ മുഴുത്ത ചീത്ത വിളിച്ചിട്ടു പോയിട്ടുണ്ടാവണം..
പാവം ഞാൻ. പാവം എന്റെ പോസ്റ്റ്.
Monday, November 21, 2005
കറുപ്പും വെളുപ്പും

ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർ ഈ സൈറ്റിൽ ഒന്നു പോകാൻ ശ്രമിക്കുക.
ഇവിടെ എന്റെ പ്രിയ സുഹൃത്തുക്കളായ ജോണിന്റെയും ദീപ്തിയുടെയും ചിത്രങ്ങളുണ്ട്, പിന്നെ ജോണിന്റെ ചില poems.
ഈ ഭാര്യാഭർത്താക്കന്മാർ ഫോട്ടോഗ്രഫിയെ ഉപാസിക്കുന്നവരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചിത്രങ്ങൾ ‘കണ്ടെത്തുന്നുന്നതിലാണ്‘ ഇവരുടെ മിടുക്ക് എന്നും.
ഇവരുടെ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ എടുത്ത് പറയേണ്ടവ തന്നെയാണ്.
Thursday, November 10, 2005
ഒഴുക്കിനൊപ്പം. ഒഴിക്കാനൊപ്പം.
റമ്മിന്റെ രൂക്ഷഗന്ധം മനംപിരട്ടലുണ്ടാക്കുന്നു. കണ്ണ് പുകയുന്നു. എങ്കിലും ഞാൻ റമ്മിനൊപ്പം ആ ഗ്ലാസിൽ ചുറ്റിതിരിഞ്ഞു. ജീവിതധാരയിലെ മറ്റൊരു തിരിവിലാണ് ഞാനിപ്പോൾ.
ഏതോ ഒരു മലഞ്ചരുവിൽ പൊട്ടിയ ഉറവയായിരുന്നു ഞാൻ. മലയിടുക്കിലൂടെ ഒലിച്ചിറങ്ങി, കാട്ടരുവിയിലൂടെ ചിലച്ചൊഴുകി മീൻകുഞ്ഞുങ്ങളോടു കളിച്ചൊഴുകി ഒഴുകി ഒഴുകി ഞാനങ്ങനെ.....
ഒരു കൊച്ചുവളവിൽ വച്ച് എന്നെ ചിലർ ഒളിഞ്ഞിരുന്നു പിടിച്ചു, ഒരു വലിയ അറയിലിട്ട് ശുദ്ധീകരിച്ചു, പിന്നെ കുപ്പിയിലാക്കി. (ഹ... ഹ ഹ.. ചിരിക്കാതിരിക്കുന്നത് എങ്ങനെ? ചില രാസപദാർത്ഥങ്ങളിട്ടാണ് അവർ എന്നെ ശുദ്ധീകരിച്ചത്)
പിന്നെ കുറേനാൾ അവിടെ എന്നെ അടുക്കിവച്ചു. ഞാൻ അടങ്ങിയിരുന്നു. ഒഴുകാൻ മറന്നുപോയി ഞാൻ. പിന്നൊരുനാൾ യാത്രതുടങ്ങി. ഒഴുകാതെയുള്ളയാത്ര.
എന്റെ യാത്ര അവസാനിച്ചത് മോഹനൻ ചേട്ടന്റെ കടയിലാണ്. അവിടെ പുറത്ത് നോക്കി ഇരിക്കുവാൻ എന്തു രസമായിരുന്നു. സ്കൂളിനടുത്തുള്ള കടയാണ്. രാവിലെയും വൈകുന്നേരവും കുഞ്ഞുങ്ങളെ കണ്ടിരിക്കാം. ഇടയ്ക്കൊക്കെ മോഹനേട്ടൻ എന്റെ പുറം പൊടിതുടച്ചും വയ്ക്കും. അദ്ദേഹത്തിന്റെ മാർദ്ദവമുള്ള തുണിചൂൽ എന്റെ ദേഹത്ത് ഉരസുമ്പോൾ എനിക്ക് ഇക്കിളിപ്പെടുമായിരുന്നു.
ഇന്ന് വൈകുന്നേരം ഈ മഹാൻ എന്നെ വിലക്ക് വാങ്ങുന്നത് വരെ എന്റെ വാസം അവിടെത്തന്നെയായിരുന്നു. ഒന്നുകൂടിപ്പറയാൻ മറന്നു, ഇന്ന് എന്റെ പേര് എനിക്കുമനസിലായി, 'ബിസ്ലേരി'!
ഇയാൾ അങ്ങനെയാണ് ചോദിച്ചത്.
ഞാനിപ്പോൾ ഈ മേശപ്പുറത്തിരിക്കുന്ന ഗ്ലാസിനുള്ളിലാണ്. നിറമില്ലാതിരുന്ന എനിക്ക് ഇപ്പോൾ നിറം കിട്ടി. ഒരു കടുത്ത ചുവപ്പു നിറം. എന്റെ തലപെരുക്കുന്നു...
ഇനി അധികം സമയമില്ല...
എന്റെ അവകാശിയുടെ ഇടത് കൈ എന്റെ അടുത്തേക്ക് വരുന്നു. വലതുകൈ അപ്പുറത്തിരിക്കുന്ന അച്ചാർ പാത്രത്തിലേക്കും......
യാത്ര ഇവിടെ തീരുന്നില്ല...
Saturday, November 05, 2005
നാഗത്തറ.

വേലിപ്പടർപ്പ്.
ഞാന്നുവീഴുന്ന വള്ളിച്ചെടികൾ.
കരിമഷിപുരണ്ട കൽവിളക്ക്.
മഞ്ഞയും ചുവപ്പും കലരുന്ന നാഗ ഗന്ധം.
മനസുപതറിപ്പോകുന്നു, കരിയിലകളിൽ നഗത്താന്മാർ ഇഴയുന്നുണ്ടോ കണ്ണുകൾ തിരഞ്ഞുപോകുന്നു.
ചെറുബാല്യത്തിലെ ഓർമ്മകളിൽ ഇപ്പോഴും മഞ്ഞൾ പുരണ്ടുകിടക്കും, നൂറും പാലും കുടിച്ചിരിക്കുന്ന നാഗരൂപികൾ...
Saturday, October 29, 2005
Saturday, October 22, 2005
മഴപെയ്യുമ്പോൾ..

ബ്ലോഗ് ചില്ലകളിൽ എന്റെ വക ഒരു ചെറുമഴ. എല്ലാവർക്കും ഇവിടേയ്ക്ക് സ്വാഗതം. ഈ മഴതണുപ്പിൽ നമുക്കോരോ കട്ടൻ കാപ്പിയും കുടിച്ച് അരിമുറുക്കും കടിച്ചിരിക്കാം. കൊച്ചുവർത്താനങ്ങൾ പറയാം. സൌഹൃദത്തിന്റെ ഒരു ചിരിയെങ്കിലും ചുണ്ടിൽ തിരുകിവയ്ക്കാം.
ഈ മഴ പെയ്യട്ടെ. പെയ്തൊഴിയട്ടെ.
എല്ലാവരും എത്തും എന്ന് പ്രതീക്ഷിക്കുന്നു. മലയാളത്തിലെ എനിക്കറിയാത്ത ഏതോ ആദിബ്ലോഗൻ മുതൽ ഇന്നലെ ഡും ഡും ഡും കൊട്ടി വന്ന ഇളമുറക്കാരൻ 'വർണമേഘങ്ങൾ' വരെ.
രണ്ടുകുത്തിന്റെ ഒരു കോളൻ ഒരു റൈറ്റ് ബ്രാക്കറ്റ്. ഇത്രയെങ്കിലും മതി.
Thursday, October 20, 2005
പെരിയാറിന്റെ ഉറവയിൽ...
പെരിയാർ വനത്തിനുമുകളിൽ ഞങ്ങൾക്കായി ഈ ദിവസം തുടങ്ങുന്നു.
പെരിയാർ വനത്തിനുള്ളിൽ ചിലച്ചൊഴുകുന്ന ഒരു ചെറുചാൽ. ഈ വനം മുഴുവൻ ഇത്തരത്തിലുള്ള ചെരു സ്രോതസുകളാണ്. ഇത്തരത്തിലുള്ള ചെറുഉറവകളാണ് പെരിയാറായും പിന്നെ മുല്ലപ്പെരിയാറായും പിന്നെ മലയാളിയും തമിഴനും തമ്മിൽ വഴക്കുകൂടാനുള്ള വഴികളുമായിമാറുന്നത്. പാവം ഈ ഉറവ അറിയുന്നില്ല അതിന്റെപേരിൽ ഒരു തർക്കം നഗരങ്ങളിൽ ഇരമ്പുന്നത്.
തേക്കടിയിൽ ഒരു തടാകമായ് പെരിയാർ ഒന്നു വിശ്രമിക്കുന്നു... പിന്നെയും ഒഴുക്കുതുടരുന്നു... മുല്ലപ്പെരിയാറിൽ ഒന്നു ചുറ്റി വർദ്ധിച്ച ശക്തിയോടെ പിന്നെ താഴേയ്ക്ക്...
Thursday, October 13, 2005
ലന്തൻ ബത്തേരി - ചില ദൂരക്കാഴ്ചകൾ.





Wednesday, October 12, 2005
ഫോർട്ട് കൊച്ചിയിൽ
ഇത് കൊച്ചി.
കൊച്ചി എറണാകുളമല്ല. എറണാകുളം ജില്ലയിലെ ഒരു സ്ഥലമാണ്. കുറച്ചുകൂടി ഫോക്കസ് ചെയ്തുനോക്കിയാൽ മനസിലാകും ഞങ്ങൾ ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ ആണ്. സൂര്യൻ അറബിക്കടലിന്റെ അതിരിലും. സൂര്യൻ അൽപസമയ്ത്തിനുള്ളിൽ കടലിലേക്ക് വീണ് അണയും. അണയട്ടെ, എന്നിട്ട് എവിടെയെങ്കിലും തെളിയട്ടെ. ഞങ്ങൾക്ക് നാളെ മതി ഇനി സൂര്യൻ.
ഫോർട്ട് കൊച്ചിയിൽ ഒരുപാടു ചീനവലകളുണ്ട്. സന്ധ്യയോടടുക്കുമ്പോൾ ചീനവലകളും അതിനിപ്പുറത്തായി ഒരുപാട് റെസ്റ്ററന്റുകളും ഉണരും.
പൊങ്ങിയ വലകളിൽ ഒന്നിൽ നിന്ന് ഒരു നെയ്മീനിനു വിലപറഞ്ഞൊതുക്കിയെടുത്ത് അടുത്തുകണ്ട റെസ്റ്ററന്റിൽ കോടുത്തു. കുറച്ചു വറുക്കാനും കുറച്ചു ഗ്രിൽ ചെയ്യാനും പറഞ്ഞു.
സുര്യനെ വിഴുങ്ങിയ കടൽ അതു ഒന്നുകൂടി ഉറപ്പിച്ചപോലെ തിരകളിൽ കരവെട്ടത്തിന്റെ ഒരു മിന്നായം പാഞ്ഞു.
ചീനവലകളുടെ കാലുകളിൽ കുഞ്ഞോളങ്ങൾ ചുറ്റിയടിച്ചു. പിന്നെ അവ കരയോടു ചേർന്ന് കാലങ്ങളുടെ സൌഹാർദ്ദം പുതുക്കി.
നാലുകസേരകൾക്കിപ്പുറത്തായി 'ഗാമ'വന്നിരുന്നു. കുറച്ചപ്പുറത്തായി അയാളുടെ കുതിരവണ്ടി ഒതുക്കിയിട്ടിരിക്കുന്നു. ഞാൻ വസ്കോഡഗാമയെ നോക്കി. ഗാമയ്ക്കുമുന്നിലെ മേശയിൽ കൊളുത്തിവച്ച മെഴുകുതിരി കാറ്റത്തുലഞ്ഞു. അഴിമുഖത്തെവിടെയോ ഒരു പായ്ക്കപ്പൽ സൈറൻ മുഴക്കി. ജൂതതെരുവിൽ കുതിരവണ്ടികളുടെ കുളമ്പടി ഒച്ചകൾ. മട്ടാഞ്ചേരിയിലെ മലഞ്ചരക്കുശാലകൾമുകളിൽ ഇരുട്ടു വീണു പരന്നു. അതിനെ തടുക്കാൻ ശക്തിയില്ലാത്ത വിളക്കുകാലുകൾ തെരുവിന്റെ ഓരത്ത് ഒറ്റപ്പെട്ടുനിന്നു. വൈപ്പിനിലെ ലൈറ്റ് ഹൌസിൽ നിന്നുള്ള പ്രകാശം ഒന്നു ചുറ്റിപാഞ്ഞു.
വറുത്തമീനിന്റെ കൊതിപ്പിക്കുന്ന മണം. കല്യാണി ചോദിച്ചു "അഛൻ ഉറങ്ങുകയായിരുന്നോ?"
"ഇല്ല" ഞാൻ പറഞ്ഞു. "അഛൻ ഗാമയുടെ അടുത്തിരിക്കുകയായിരുന്നു"
"ഗാമയോ?" അവൾ ചോദിച്ചു. ഭാര്യയും ഒന്നും മനസിലാകാത്തപോലെ നോക്കി.
ഞാൻപറഞ്ഞു, " അതെ ഗാമ, വാസ്കോഡഗാമ, സഞ്ചാരിയായിരുന്നു. മോൾ വരുന്ന ക്ലാസുകളിൽ ഇനി പഠിക്കും"
"അപ്പോൾ ഗാമ പഠിക്കാനുള്ള സാധനമാണോ?"
ഞാൻ അതേയെന്നു തലയാട്ടി. ഒപ്പം 1524ലെ ക്രിസ്തുമസ് സായഹ്നത്തിൽ ഇവിടെ നിന്നും തന്റെ സഞ്ചാരപഥം ഈ ലോകത്തിനുമപ്പുറത്തേയ്ക്ക്നീട്ടിയ പഥികനെ ഓർത്തു.
പിന്നെ എന്റെ രസമുകുളങ്ങളിൽ നെയ്മീനിന്റെ രുചിയലിഞ്ഞുതുടങ്ങിയപ്പോൾ ഞാനും ഗാമയെമറന്നു.
Sunday, October 09, 2005
Thursday, October 06, 2005
തീയാട്ടം.. (Fire Dance)
പക്ഷേ അൽപ്പം മാറി ടിറ്റോയുടെ പ്രശസ്തമായ ഷാക്കിൽ ഒരു വടക്കേ ഇന്ത്യൻ സംഘത്തിന്റെ നൃത്തം കാണാൻ തിക്കും തിരക്കും...
... ഇവിടെയും നഗരം നാടിനെത്തന്നെ കീഴടക്കുന്നു.
Tuesday, October 04, 2005
Saturday, October 01, 2005
Friday, September 30, 2005
ഗൌളി ശാസ്ത്രം.
Wednesday, September 28, 2005
മൈലാഞ്ചി
കൈനിറയെ മൈലാഞ്ചിയിടണം.
രാത്രിതന്നെ പോയി വാങ്ങി എന്റെ ഉള്ളിലെ സ്നേഹനിധിയായ പിതാവ്. അതിരാവിലെ എണിറ്റ് ഒത്തിരി സമയമെടുത്ത് ഒരുകൈ മുഴുവൻ പൂക്കളും വള്ളിയും വരച്ചു എന്നിലെ ആർട്ട് ഡയറക്ടർ..
വൈകുന്നേരം തിരിച്ചുവീട്ടിൽ വന്നപ്പോൾ ഞാൻ തിരക്കി .
"ഫ്രെണ്ട്സ് ഒക്കെ എന്തു പറഞ്ഞു മൈലാഞ്ചി കണ്ടിട്ട്?".
"എല്ലാവർക്കും ഇഷ്ടമായി" കല്യാണി പറഞ്ഞു, "ഞാൻ ടീച്ചറിനെ കാണിച്ചു. ടീച്ചറിനും ഭയങ്കര ഇഷ്ടമായി. അഛനു എന്തു ജോലിയാണെന്നു ടീച്ചർ ചോദിച്ചു. ഞാൻ പറഞ്ഞുകൊടുത്തു. അപ്പോൾ റ്റീച്ചർ പറഞ്ഞു, "അഛനെ എനിക്കൊന്നു കാണണം. അഛനോട് ഒന്നു നാളെ വന്നു എന്നെ കാണാൻ പറയുമോ എന്ന്".
ഞാൻ കല്യാണിയോടു തിരക്കി,'എന്തിനാ?'.
"എനിക്കറിയില്ല" കല്യാണി കൈമലർത്തി. അവളുടെ കയ്യിലെ മൈലാഞ്ചി എന്നെനോക്കി പുഞ്ചിരിച്ചു..
സുമ പറഞ്ഞു "ചിലപ്പോൾ ടീച്ചറിനും മൈലാഞ്ചി ഇടാൻ ആയിരിക്കും".
"ചിലപ്പോൾ ആയിരിക്കും" കല്യാണി അമ്മയെ സപ്പോർട്ട് ചെയ്തു..
.
പിറ്റേന്ന് രാവിലെ ഞാൻ തന്നെ കല്യാണിയെ സ്കൂളിൽ കൊണ്ടുപോയി. പോകുംമുൻപ് ഷേവ് ഒക്കെ ചെയ്തു സുന്ദരനാവാൻ ഞാൻ മറന്നില്ല. (സുമ ഒളികണ്ണിട്ട് നോക്കിയിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല.).
സ്കൂളിൽ എത്തിയപ്പോൾ എന്റെ ഹൃദയമിടിപ്പു കൂടി..
കല്യാണി പറഞ്ഞു,"ഇതാണു ടീച്ചർ! ടീച്ചർ ഇതാണ് എന്റെ അഛൻ" ഞാൻ ടീച്ചറെ നോക്കി. ടീച്ചർ എന്നെ നോക്കി. ടീച്ചർ ചിരിച്ചു. എന്നിട്ട് ടീച്ചർ ഒരു പേപ്പർ എനിക്കു തന്നു. വിറയാർന്ന കൈകളാൽ ഞാൻ അതു വാങ്ങി..
തുറന്നു വായിച്ചു....
നെറ്റിചുട്ടി - 1.
ജിമിക്കി - 1.
മുല്ലപ്പൂവ് - 1 മുഴം.
നെൿലേസ് - 1.
ബ്ലാക്ക് റിബൺ - 1 മീറ്റർ.
പാദസരം - വീതിയുള്ളത് 1.
... ലിസ്റ്റ് നീളുന്നു... നിശ്ചലനായ എന്നെനോക്കി ടീച്ചർ " 6-ന് യൂക്കേജിക്കാരുടെ ഡാൻസ് ഉണ്ട് ഇത്രയും സാധനങ്ങൾ ഇവിടെ എത്തിക്കണം. costume details നേരത്തെ കൊടുത്തിട്ടുണ്ട്..
ടീച്ചർ ചിരിച്ചു..
കല്യാണി ചിരിച്ചു..
കല്യാണിയുടെ കയ്യിലെ മൈലാഞ്ചിയും ചിരിച്ചു..
കഥകേട്ടപ്പോൾ സുമയും ചിരിച്ചു.
Tuesday, September 27, 2005
സാനിയ മിർസ (saniya mirza)
ഇന്ന് അവരുടെ പ്രകടനത്തിന്റെ മികവുകളേക്കാൾ ഏറെ അവരുടെ വസ്ത്രരീതി ചർച്ചചെയ്യപ്പെടുന്നു. അവരുടെ "skimpy attire" ഇന്ത്യമുഴുവൻ ചർച്ച ചെയ്യപ്പെടുന്നു. മതസംഘടനകൾ അവർക്കെതിരെ ഉപരോധവുമായി നിരത്തുകളിൽ ഇറങ്ങിതുടങ്ങി.
ഈ ഒരു വേളയിൽ ഒരു സത്യം നമുക്കു മനസിലാക്കാം. ഇതിനു പിന്നിലുള്ള മാധ്യമ രാജാക്കന്മാർക്കു പറഞ്ഞുകൊടുക്കാം.
സാനിയയുടെ പ്രകടനത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നതിന്റെ ഒരു പ്രത്യേകത നമുക്ക് ആദ്യം ശ്രദ്ധിക്കാം. എപ്പോഴാണോ അവരുടെ വസ്ത്രത്തിന്റെ വരമ്പുകൾ ഉയരുന്നത് അപ്പോൾ മാത്രമേ മാധ്യമ കണ്ണുകൾ അതു പകർത്തുന്നുള്ളു. ഇതിൽ ഏറ്റവും കൂടുതൽ നഗ്നത വെളിവാക്കുന്നതു മാത്രമേ മഷിപുരണ്ട് വരുന്നുള്ളു. ഇത് ഒരു പരസ്യമായ ഗൂഢാലോചനയാണ്. കളിയുടെ ഏതോ split second ൽ വന്നുപോകുന്ന ഈ വ്യതിയാനമാണ് മാധ്യമങ്ങൾ ആഘോഷമാക്കുന്നത്. കളിയുടെ സ്പിരിറ്റിൽ കാണുന്നവരിൽ തോന്നാതിരിക്കുന്ന നഗ്നത പിറ്റേന്ന് രാവിലെ മുതൽ നമ്മുടെ സ്വീകരണമുറിയിൽ മഷിപുരണ്ടുകിടക്കും. ഇതാണ് ശരിക്കും ഉപരോധിക്കേണ്ടത്. സെപ്റ്റംപർ 17ന്റെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഫ്രണ്ടുപേജിൽ വന്ന റിപ്പോർട്ടും ചിത്രവുമാണ് ഈ പോസ്റ്റിനു ആധാരം. റിപ്പോർട്ട് അവരുടെ പ്രകടനത്തെക്കുറിച്ചല്ല. ഈ വിവാദത്തെക്കുറിച്ചാണ് പക്ഷേ ആ ചിത്രം വിവാദങ്ങൾക്ക് മൂർച്ചകൂട്ടുന്നതായിരുന്നു. ഈ പ്രദർശനത്തിന്റെ കാര്യത്തിൽ ഇവിടെ കേരളത്തിലെ പത്രമുത്തശ്ശിയും രണ്ടാമനും ഒന്നും ഒട്ടും പിന്നിലല്ല. എന്തൊക്കെയായാലും സാനിയ മിർസയുടെ മുന്നേറ്റം തുടരട്ടെ. ഇന്ത്യയെ അവർ എവിടെയെങ്കിലുമൊക്കെ എത്തിക്കട്ടെ, വരട്ടുന്യായം പറയുന്നവരുടെ വായടയ്ക്കാൻ വേണ്ടിയെങ്കിലും...
Saturday, September 24, 2005
Tuesday, September 13, 2005
Saturday, September 03, 2005
കീചകവധം.
ഇത് പകർന്നുകിട്ടിയ സംഭവകഥയാണ്. പകർച്ചയുടെ ഓരോ വഴിത്തിരിവിലും ഓരോരുത്തരും ചേർക്കുന്നപോലെ അൽപ്പം പൊടിപ്പും തൊങ്ങലും ഞാനും ചേർക്കുന്നു. ഈ സംഭവം ഇതിനു മുൻപു കേട്ടവർ കേൾക്കാത്തവർക്കുവേണ്ടി ദയവായി ഒരു വശത്തേക്ക് മാറിക്കൊടുക്കുക.
മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ഒരു സ്ഥലത്തെ റെസിഡന്റ്സ് അസ്സോസിയേഷൻ അവരുടെ വാർഷികപരിപാടികൾ പ്ലാൻ ചെയ്തപ്പോൾ ദേശത്തെ സീനിയർ സിറ്റിസൺ ഗ്യാങ്ങ് ഒരു നിബന്ധന വച്ചു. കഥകളി വേണം, അതും കീചകവധം കഥതന്നെ കളിക്കണം. അസോസിയേഷൻ പ്രസിഡന്റ് ഉമ്മച്ചൻ ആകെ ധർമ്മ സങ്കടത്തിലായി.. കഥകളി ഇനി എവിടെ നിന്നും ഒപ്പിക്കും? അതിനുള്ള ബഡ്ജറ്റും ഇല്ല. പ്രായമായവരുടെ ഗ്യാങ്ങ് അവിടെ വലിയ സ്ദ്രോംഗ് ആണ്. അവരെ പിണക്കാനും വയ്യ. എന്തായാലും ശ്രമിച്ചുനോക്കം.
തൊട്ടടുത്ത ഞായറാഴ്ചതന്നെ ഉമ്മച്ചൻ കമ്മിറ്റിയംഗങ്ങളായ പുരുഷോത്തമൻ, ഇട്ടിച്ചെറിയാൻ, വാസുദേവൻ എന്നിവരൊപ്പം കഥകളി ബുക്കു ചെയ്യാനായി കളിയോഗത്തിലെത്തി.
പറഞ്ഞ തീയതിക്കുതന്നെ കളിക്കാൻ അവർ തയാർ പക്ഷേ തുകയിൽ ഒരു അഡ്ജസ്റ്റ്മെന്റും നടക്കില്ല എന്നു പറഞ്ഞു കളിയോഗം സെക്രട്ടറി. ഉമ്മച്ചനും സംഘവും തങ്ങളുടെ കാശില്ലായ്മ പറഞ്ഞു. സെക്രട്ടറി വീണ്ടും കൈ മലർത്തി. ഉമ്മച്ചൻ കാലു പിടിക്കുന്ന അവസ്ഥ എത്തിയപ്പോൾ സെക്രട്ടറി ഒരു ഉപായം വച്ചു,
'ഇതിലെ കളിക്കാരോടു നിങ്ങളുടെ അവസ്ഥ പറയൂ അവർ അവരുടെ കാശു കുറച്ചാൽ ഞങ്ങൾക്ക് വിരോധമില്ല.'
ഉമ്മച്ചനും സംഘവും ആദ്യമായി കീചകവേഷം കെട്ടുന്ന ഭാർഗ്ഗവനാശാൻ ചേട്ടനോടു സംസാരിച്ചു. പുള്ളി പകുതികാശിനു കളിക്കാം സമ്മതിച്ചു. അതിന്റെ സന്തോഷത്തോടെ അവർ ഭീമന്റെ വേഷം കെട്ടുന്ന വാസുദേവനാശാനെ കണ്ടു. പക്ഷേ പുള്ളി അമ്പിലും വില്ലിലും അടുക്കുന്നില്ല.
ആശാൻ പറഞ്ഞു "കീചക വധത്തിലെ പ്രധാന വേഷം ഞാൻ കെട്ടുന്ന ഭീമനാണ്. അതു കെട്ടണമെങ്കിൽ എനിക്കു അയ്യായിരം രൂപയും തരണം." പരസ്പരം നോക്കുന്ന കമ്മിറ്റി അംഗങ്ങൾ. അവർ ആശാനെ അനുനയിപ്പിക്കാൻ ശ്രമിച്ചു, നടന്നില്ല.
ശല്യം ഒഴിയില്ല എന്നു കണ്ടപ്പോൾ വാസുദേവനാശാൻ തീർത്തു പറഞ്ഞു "നിങ്ങൾക്ക് അറിയാവുന്നതല്ലെ കീചകവധത്തിലെ പ്രധാനഭാഗം കീചകനെ കൊല്ലുന്നതാണെന്ന്. ഭീമനാണ് കൊല്ലുന്നത്. അതിന്റെ അർത്ഥം ഭീമനാണ് ഇതിലെ പ്രധാന കഥാപാത്രം. ഭീമനെക്കൊല്ലുന്ന ആ റോൾ ഞാൻ അഭിനയിക്കണമെങ്കിൽ എനിക്ക് അയ്യായിരം രൂപ തികച്ചുകിട്ടണം. അതില്ലാതെ നിങ്ങൾ ഇവിടെ കിടന്നു കറങ്ങിയിട്ട് കാര്യമില്ല" അദ്ദേഹം വ്യക്തമായി പറഞ്ഞു നിർത്തി.
ഒടുവിൽ ഉമ്മച്ചൻ ഒരു വഴി കണ്ടെത്തി. അദ്ദേഹം ആശാനോടു പറഞ്ഞു " അയ്യായിരമൊന്നും തരാൻപറ്റില്ല. ഒരു മൂവായിരം രൂപ തരും. കൊല്ലണ്ട. ഒന്നു വിരട്ടിവിട്ടാൽ മതി"!
Thursday, September 01, 2005
ഖസാക്കിലേക്ക്...
(നെടുമങ്ങാടും തിരുവനന്തപുരവും വയനാടും വർക്കലയും തത്തമംഗലവും വേളാവൂരും തുടങ്ങി വിലാസങ്ങൾ ഓരോന്നു ഒരോരുത്തരായി കയ്യടക്കിയപ്പോൾ പാവം ഖസാക്കു(തസ്രാക്ക്) മാത്രം ആർക്കുംവേണ്ടാതെ അവിടെ കിടന്നു. അതുകൊണ്ടുതോന്നിയതാണ് ഇങ്ങനെ ഒരു വിലാസം)
നുണ!!
ഒരു നുണ. മാരകമായ ഒരു ബോംബിനെക്കാൾ എത്രയോ അപകടകാരി.
ഇമാംമുസ അൽ ഖാദിമിന്റെ സ്മരണ പുതുക്കാൻ പള്ളിയിലേക്ക് പ്രവഹിച്ച ലക്ഷങ്ങളിൽ ആയിരങ്ങളെ കൊന്നൊടുക്കാൻ തീവ്രമായ ഒരു ബോംബിന്റെയോ ഒരു ഏറുപടക്കത്തിന്റെയോ പോലും ആവശ്യം വന്നില്ല. വെറുമൊരു നുണ! ചാവേറുകൾ ഉണ്ടെന്ന സംശയം! ഒരു വാർത്ത!. കഴിഞ്ഞു ആയിരങ്ങൾ തിക്കിലും തിരക്കിൽപ്പെട്ടു മരിച്ചു. ഒരു ചെലവും ഇല്ലാതെയുള്ള കൂട്ടക്കൊല.അണുബോംബിനേക്കാളും മാരകമാണ് ഒരു കൊച്ചു നുണ. ഈ ആയിരങ്ങൾ ഇന്നലെ പഠിപ്പിച്ചത് അതാണ്.
Wednesday, August 24, 2005
ഇനിയും നീളട്ടെ ഈ മുടിനാരുകൾ
അടുത്തിടെ ചെന്നൈയിലേക്കുള്ള യാത്രാമദ്ധ്യേ, എന്റെ അടുത്തിരുന്നയാളുടെ മുടി ഞാൻ ശ്രദ്ധിച്ചുപോയി.
എനിക്കറിയാം ഈ മുടി.
പുലിക്കോടൻ നാരായണന്റെ താക്കീതിനോടുള്ള പ്രധിക്ഷേധമായ് തഴച്ചു വളർന്ന മുടി. ആ മുടി നാരുകൾക്കരുകിൽ ഇരുന്നപ്പോൾ എന്റെ ഉള്ളിലും അൽപ്പം വീര്യം ഉറകൊണ്ടു.ഒരു പ്രേരണയിലെന്നപോലെ ഞാൻ അങ്ങോട്ടുകയറി പരിചയപ്പെട്ടു.
ജാഢയും ഗാംഭീരവുമില്ലാതെ അദ്ദേഹം സംസാരിച്ചു. ശ്രീ കെ. വി. സുരേന്ദ്രനാഥിന്റെ ലളിതജീവിതത്തെക്കുറിച്ച്, ഉമ്മൻ ചാണ്ടിയുടെ പൊയ്മുഖങ്ങളെക്കുറിച്ച്, ബർലിൻ കുഞ്ഞനന്തൻ നായരുടെ മലക്കം മറിയലിനെക്കുറിച്ച്...
എവിടെയോ അടുത്തു പരിചയമുള്ള ഒരു വ്യക്തിയുടെ വാക്കുകൾ പോലെ ഞാൻ കേട്ടിരുന്നുപോയി. അതായിരിക്കാം അദ്ദേഹത്തിന്റെ ആകർഷകത്വം.
ചില ചെറിയ ചെറിയ തിരിച്ചറിവുകൾ സമ്മാനിച്ച സഖാവേ,
ലാൽ സലാം!!
Thursday, August 18, 2005
ആമക്കഥ
(ഇത് കല്യാണിയുടെ ആദ്യത്തെ കഥയാണ്. കല്യാണി ഒരു യൂക്കേജിക്കാരിയാണ്. കഥ വെട്ടും തിരുത്തും ചിന്തയും ഒന്നും കടത്താതെ യൂണിക്കോടാക്കി പോസ്റ്റ്ചെയ്യുന്നു)
ഒരിക്കൽ ഒരു കാട്ടിൽ ഒരു ആമ ഉണ്ടായിരുന്നു. ആ ആമ വിശന്നു തളർന്ന് ഒരു കാട്ടിലെത്തി. അവിടെ കുറേ മൃഗങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ ഈ മൃഗങ്ങൾക്ക് വിശന്നു തളർന്നിരിക്കുകയായിരുന്നു. അപ്പോൾ മൃഗങ്ങൾ ഈ ആമയെ കടിച്ചുതിന്നു. തോടു തിന്നില്ല. തോടു തിന്നാൻ പറ്റില്ലല്ലോ. അപ്പോൾ തോടുമാത്രം വീട്ടിൽപോയി.

Wednesday, August 17, 2005
Saturday, August 13, 2005
Wednesday, August 10, 2005
Tuesday, August 09, 2005
Saturday, August 06, 2005
ചരിതം തിരുത്തിയ കോശി..
ട്രിവാൻട്രം മെഡിക്കൽ കോളേജിലെ ലക്ചർ ഹാൾ, 2005 ലെ ഒരു ഉച്ചകഴിഞ്ഞുള്ള സമയം. ശ്രദ്ധയോടെ ഇരിക്കുന്ന വിദ്യാർത്ഥികൾ. അവരുടെ ഇടയിൽ നിന്നും പെട്ടന്ന് കോശിയെക്കാണാനില്ല. അഞ്ചു മിനുട്ടിനു മുൻപ് കണ്ടതാണ്. പെട്ടന്ന് കോശി ഇല്ലാതായി...
ഷാജഹാൻ വലിയ മുറിയ്ക്ക് കുറുകെയും നെടുകെയും നടക്കുകയാണ്. അദ്ദേഹത്തിന്റെ ബീവി പതിനാലാമത്തെ പേറിന്റെ അവസാന നിമിഷത്തിലാണ്. പ്രസവം സുഖകരമാവാൻ വഴിയില്ല, അതിന്റെ ആകുലതയും വ്യാകുലതയുമാണ് ഷാജഹാന്റെ മുഖത്ത്. വയറ്റാട്ടിപ്പട തലങ്ങും വിലങ്ങും ഓടി നടക്കുന്നു. ഷാജഹാന്റെ കണ്ണുകൾ ഇടയ്ക്ക് ബീവി കിടക്കുന്ന മുറിയിലേക്ക് പാളിപ്പോകും. അതിരുകളില്ലാത്ത സ്നേഹമാണ് ഷാജഹാന് ബീവിയോട്. അവൾ ആഗ്രഹിച്ചതൊക്കെ അയാൾ കൊടുത്തിരുന്നു. ഷാജഹാന് അതിനു കഴിയും കാരണം ഷാജഹാൻ ആഞ്ചാമത്തെ മുഗൾ ചക്രവർത്തിയാണ്.
കോശി ഷാജഹാൻ ചക്രവർത്തിയെ മുഖം കാണിക്കാൻ വന്നു നിന്നു. കുറച്ചു സമയം കോശി ഒന്നും മിണ്ടിയില്ല. ഷാജഹാൻ ചോദിച്ചു, 'ആരാ? എവിടെ നിന്നും വരുന്നു?' കോശി പറഞ്ഞു, 'ഞാൻ അലക്സ് കോശി പൈനുംമൂട്ടിൽ. കോശി എന്നു വിളിക്കും, 2005ൽ നിന്നും വരുന്നു.' ആഗമന ഉദ്ദേശം കോശി പറഞ്ഞു. കോശിയെ അന്തപ്പുരത്തിലേക്ക് ആനയിക്കപ്പെട്ടു. ഷാജഹാൻ വീണ്ടും ഉലാത്തി, നെടുകെയും കുറുകെയും.
എതാനും സമയത്തിനുശേഷം കോശി വാതിൽ തുറന്ന് ഇറങ്ങി വന്നു. വെളുത്ത തൂവാലയിൽ കൈ തുടച്ചു കോശി ഷാജഹാനോടു പറഞ്ഞു, "സുഖപ്രസവം. മുംതാസ് ബീഗവും കുഞ്ഞും സുഖമായിരിക്കുന്നു, കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞിട്ട് അകത്തുകയറി കണ്ടോളൂ." പരസ്പരം ഒന്നും പറയാതെ അവർ രണ്ടാളും കുറച്ചുനേരം നിന്നു. പിന്നെ കോശി പടി ഇറങ്ങി. ഇറങ്ങുമ്പോൾ കോശി ഓർമ്മിപ്പിച്ചു ‘ഇന്ന് 1631, ജൂൺ 17 ആണ്, നല്ലദിവസമാണോ എന്ന് ഒന്ന് നോക്കിക്കോളു.’
കോട്ടയുടെ മുന്നിലെത്തിയപ്പോൾ, കോശി ഉറക്കെ വിളിച്ചു പറഞ്ഞു, "ഞാൻ ചരിത്രം തിരുത്തി" "ഞാൻ ചരിത്രം തിരുത്തി എഴുതി" "ഞാൻ താജ് മഹലിന്റെ വരവിനെ തടഞ്ഞു." "ലക്ഷക്കണക്കിന് അടിമകളെ ഞാൻ കഷ്ടപ്പെടലിൽ നിന്നും മോചിപ്പിച്ചു." "ലോകാത്ഭുതങ്ങളുടെ എണ്ണം കുറച്ചു." "ആഗ്രയെ വെറും യമുനാതീരമാക്കി." "ഞാൻ ചരിത്രം തിരുത്തി"
അതുകേട്ട് ചുറ്റും കൂടി നിന്നവർ ആരവം ഉയർത്തി. കോശി കണ്ണുതുറന്നു. ചുറ്റും സഹപാഠികൾ നിരന്നു നിൽക്കുന്നു. നിശബ്ദമാണ് ലക്ചർ ഹാൾ. എല്ലാവരുടെ മുഖത്തും അതിശയം. കോശിയുടെ മുഖത്തുമാത്രം ചരിത്രം തിരുത്തിയ പുഞ്ചിരി.
Thursday, August 04, 2005
Wednesday, August 03, 2005
അയാൾ ബ്ലോഗെഴുതുകയാണ്
വിഷയ ദാരിദ്ര്യത്തിന്റെ വിഭ്രാന്തിയിൽ അയാൾ തൊടി മുഴുവൻ അലഞ്ഞു. തെങ്ങും കവുങ്ങും പിടിച്ചുകുലുക്കി. പയ്ക്കളെ കയറൂരിവിട്ടു. നാട്ടുമാവിന്റെ പൂങ്കുലകളെ തല്ലിത്തകർത്തു. അതിശയത്തിന്റെ പടവുകൾ ഇറങ്ങിവന്ന പ്രിയ സഹയാത്രികക്കും കൊടുത്തു കൈവീശി ഒന്ന്......
എല്ലാം കഴിഞ്ഞപ്പോൾ, കലിയടങ്ങിയപ്പോൾ അയാൾ ബ്ലോഗെഴുതാനിരുന്നു.അയാൾ എഴുതി.
"ഓടി നടന്ന പയ്ക്കളും
ഒടുവിലായ് നീയും
നിന്റെ ഓർമ്മകളും
ഒരുമിച്ചു നാം കണ്ട സ്വപ്നങ്ങളും
ഒരോന്നായ് പടിയിറങ്ങിപ്പോയ്.
തൊടിയിൽ ഞാൻ മാത്രമായ്"
Monday, August 01, 2005
കണ്ണും നട്ട് കാത്തിരുന്നിട്ടും.....
ഗിരീഷ് പുത്തഞ്ചേരി എഴുതി എം ജയചന്ദ്രൻ ഈണമിട്ട, വിദ്യാധരൻ മാഷും ജയചന്ദ്രനും 'ചേർന്നുപാടിയ' ഒരു ഗാനം. കഥാവശേഷനിലെ ഈ ഗാനം എന്തുകൊണ്ടു മലയാളി ചർച്ചയ്ക്ക് എടുത്തില്ല. ഒരു സദസ്സുകളിലും ഒരു റിപ്പോർട്ടുകളിലും ഇത് ശ്രദ്ധിക്കപ്പെട്ടില്ല, ഒടുവിൽ അതിശയംപോലെ അവാർഡ് കമ്മിറ്റി മാത്രം ഈ ഗാനത്തിന്റെ മഹത്വം കണ്ടു. വിശ്വസിക്കൂ, ഇന്ദ്രൻസ് ഈ രംഗം ശരിക്കും അവിസ്മരണീയമാക്കി. ആലാപന ശൈലിയുടെ ഒരു പുതിയ വഴിയിലൂടെ വിദ്യാധരൻ മാഷ് നമ്മളെ കൊണ്ടുപോകുന്നു, ജയചന്ദ്രൻ അദ്ദേഹത്തെ അനുഗമിക്കുന്നു.
ഗാനമിങ്ങനെ. ശബ്ദത്തിൽ വേണ്ടവർ ഇവിടെ നിന്നും എടുക്കുക.
കണ്ണും നട്ട് കാത്തിരുന്നിട്ടും
എന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്.
പൊന്നുകൊണ്ടു വേലി കെട്ടീട്ടും
എന്റെ കൽക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്.
കുമ്പിളിൽ വിളമ്പിയ പയ്മ്പാലെന്നോർത്തു ഞാൻ
അമ്പിളി കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയിൽ അത്താഴപാത്രത്തിൽ
അമ്മതൻ കണ്ണീരോ തിളച്ചിരുന്നു,
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു.
കണ്ണും നട്ട് കാത്തിരുന്നിട്ടുംഎന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്..
കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നുഞ്ഞാൻ
കനിയൊന്നു വീഴ്തീ ഒളിച്ചുവച്ചു.
നീയതുകാണാതെ കാറ്റിന്റെ മറവിലൂടക്കരക്കെങ്ങോ തുഴഞ്ഞുപോയി
കടവത്തു ഞാൻ മാത്രമായി.
കണ്ണും നട്ട് കാത്തിരുന്നിട്ടുംഎന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്..
Thursday, July 28, 2005
കർമ്മപരമ്പരയുടെ മറ്റൊരു താഴ്വരയിൽ.

പണ്ട് പണ്ട് ഓന്തുകൾക്കും മുൻപ് ദിനോസറുകൾക്കും മുൻപ് ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിൽ ആറാടിനിന്ന ഒരു താഴ്വരയിൽ എത്തി.
'ഇതിന്റെ അപ്പുറം കാണണ്ടേ?' ചെറിയബിന്ദു വലിയതിനോടുചോദിച്ചു.
'പച്ചപിടിച്ച താഴ്വര' ഏടത്തി പറഞ്ഞു 'ഞാനിവിടെത്തന്നെ നിൽക്കട്ടെ'
'എനിക്ക് പോകണമെന്നുണ്ട്' അനിയത്തി പറഞ്ഞു 'പക്ഷേ ഏടത്തിയെ ഒറ്റയ്ക്കാക്കിയിട്ട് പോയാൽ ഞാൻ ഏടത്തിയെ മറക്കും'.
ഏടത്തി ഒന്നും പറഞ്ഞില്ല.
അനിയത്തി അവളുടെ മുന്നിൽ കിടന്ന അനന്തപഥങ്ങളിലേക്ക് ഒന്നുകൂടി നോക്കി. എന്നിട്ടു ഏടത്തിയോട് ചേർന്നു നിന്നു. അസ്തമയത്തിന്റെ താഴ്വരയിൽ അവർ തനിച്ചു ഒരുമിച്ചു നിന്നു.
ഇതിഹാസകാരൻ പറഞ്ഞപോലെ ഇതു കർമ്മബന്ധത്തിന്റെ സ്നേഹരഹിതമായ കഥയല്ല. ഇതിൽ അകൽച്ചയില്ല, ദു:ഖം മാത്രമേയുള്ളു.
(ഇതിഹാസത്തിലെ ആകർഷകമായ വരികളെ ഒരു ചിത്രത്തിനുവേണ്ടി തിരിച്ചുവിട്ട ഈ തെറ്റ് മേഘങ്ങൾക്കിടയിലെ ഇതിഹാസകാരനും, വായനക്കാരും ഖസാക്കുകാരും ഒക്കെ പൊറുക്കും എന്നു കരുതുന്നു.)
Saturday, July 16, 2005
കാക്ക പറഞ്ഞത്
ബ്ലോഗിലെന്നപോലെ, ജനലിനുപുറത്തും മഴനിന്നു, പിന്നെ സാഹിത്യത്തിലെന്നപോലെ മരം പെയ്തു. ഇരിക്കനൊരിടം തേടി പറന്നു വന്ന കാക്ക നനഞ്ഞ വാഴയിലയില്‍ ഇരുന്നു. കാക്ക കരഞ്ഞു.. ഇല ഒന്ന് ആടി. തുള്ളികള്‍ ഇറ്റുവീണു. കാക്ക തന്റെ കാക്കക്കണ്ണുകള്‍ ചുറ്റുപാടും പായിച്ചു. ജനലിനരുകില്‍ നിന്ന കുട്ടിയെ കാക്ക കണ്ടു, കാക്ക ചിരിച്ചു. കുട്ടിയും ചിരിച്ചു. കാക്ക ചോദിച്ചു കുഞ്ഞേ, നീ വേഴാമ്പലിനെ കണ്ടിട്ടുണ്ടോ?
കുട്ടി പറഞ്ഞു, ഇല്ല. കണ്ടിട്ടില്ല.
കാക്ക തുടര്‍ന്നു നിങ്ങള്‍ മനുഷ്യര്‍ എന്താ ഞങ്ങളെ അവഗണിക്കുന്നത്? നിങ്ങളുടെ അടുക്കളയ്ക്ക് ചുറ്റുമുള്ള വര്‍ജ്യവസ്തുക്കള്‍ എല്ലാം ഞങ്ങള്‍ നീക്കം ചെയ്യുന്നില്ലേ? മാമുണ്ണാന്‍ മടിക്കുന്ന കുഞ്ഞന്മാര്ക്ക് മാമുണ്ണാന്‍ ഞങ്ങള്‍ ഒരു കാഴ്ചവസ്തുവായിരുന്നു കൊടുക്കാറില്ലേ? പിതൃക്കള്‍ക്കുള്ള അന്നം പോലും ഞങ്ങളിലൂടെയല്ലേ? എവിടെത്തിരിഞ്ഞാലും കണ്ണെത്താദൂരത്ത് ഞങ്ങളില്ലേ?. പക്ഷേ എന്ത്കൊണ്ട് നിങ്ങള്‍ ഞങ്ങളെ അംഗീകരിക്കുന്നില്ല? എന്തുകൊണ്ട് ഞങ്ങള്‍ 'കേരളത്തിന്റെ ദേശീയ പക്ഷികള്‍' ആയില്ല.? പറയൂ, നീ ഇതുവരെ കണ്ടിട്ടില്ലാത്ത വേഴാമ്പല്‍ എങ്ങനെ നിന്റെ ദേശീയപക്ഷിയായി?
കുട്ടി നിശംബ്ദയായി... ഒരു നിമിഷം ആലോചിച്ചു പിന്നെ പറഞ്ഞു, 'നീ മോഷ്ടിക്കും. കുഞ്ഞിക്കൈകളില്‍ നിന്നും നീ നെയ്യപ്പം മോഷ്ടിക്കും. ഒരുപക്ഷേ വേഴാമ്പല്‍ മോഷ്ടിക്കില്ലായിരിക്കും.'
Thursday, July 14, 2005
കപ്പയും മീനും കള്ളുഷാപ്പും

മൂന്നാറില്‍ നിന്നുളള ഒരു തിരിച്ചുവരവില്‍ നേര്യമംഗലത്ത് കണ്ട ഒരു ഷാപ്പ് കാഴ്ച. ഇതിന്റെ മുന്നില്‍ ഒരു കൊതിയൂറുന്ന ബോര്‍ഡുണ്ടായിരുന്നു.... കപ്പ.... മീന്‍ കറി... നാടന്‍ കോഴി... താറാവ്... പോത്ത്... കരിമീന്‍.... പുഴമീന്‍... (നാവില്‍ വെള്ളമൂറുന്നുണ്ടെങ്കില്‍ മാപ്പ്)
Thursday, July 07, 2005
ചില നാടന്‍ കാഴ്ചകള്‍
Monday, July 04, 2005
ഉത്സവം.
ബന്ദ് നിരോധിച്ചെങ്കിലും ഹര്‍ത്താലുകളും ഫലത്തില്‍ ബന്ദ് തന്നെ.നാളെ മലയാളി ആഘോഷിക്കും... ഇന്നുതന്നെ കള്ളുവാങ്ങി സ്റ്റോക്ക് ചെയ്തും സുഹൃത്തുക്കളെ വിളിച്ചറിയിച്ചും എല്ലാം ഇന്നേ ഉറപ്പിക്കുന്നു. മഴയുടെ തണുപ്പില്‍ ചീട്ടുകളിച്ചും കട്ടനടിച്ചും കള്ളുകുടിച്ചും രസിക്കാം.
'ഹര്‍ത്താല്‍ ദിന പ്രത്യേക ചലചിത്രം' എന്നൊരു സ്ലോട്ടിനെക്കുറിച്ച് ഇനി ചാനലുകള്‍ക്ക് ചിന്തികാവുന്നതാണ്. സധാരണ ഞായറുകളെക്കാള് വ്യൂവര്‍ഷിപ്പും കിട്ടും. കാരണം വേറേ ഓപ്ഷന്‍സ് ഒന്നുമില്ലല്ലൊ.
മറുനാടന്‍ മലയാളികളെ, നിങ്ങള്‍ക്ക് ഒരു ഉത്സവം കൂടി നഷ്ടപ്പെടുന്നു
Saturday, July 02, 2005
Friday, July 01, 2005
ബ്ലോഗുകള്‍ക്ക് പനിപിടിക്കുമോ?
മഴവെള്ളത്തില്‍ ചവിട്ടാതെ, ചെളിതെറിപ്പിക്കാതെ, സൂക്ഷിച്ചുവേണം യാത്ര.
ചില സ്ഥലങ്ങളില്‍ മഴയോടൊപ്പം ആലിപ്പഴം പോലെ ഗൃഹാതുരത്വം വീഴുന്നു. ചില ബ്ലോഗുകളില്‍ നിന്നും നനുത്ത കാറ്റും വീശുന്നുണ്ട്...
....എത്രകാലമുണ്ടാകും ഈ ഇടവപ്പാതി?
Wednesday, June 29, 2005
ഉണ്ണിമൂത്രം പുണ്യാഹം??
അവസാനം വടക്കും നാഥന്റെ വളപ്പിലും, ഉണ്ണി മൂത്രം ഒഴിച്ചു. പ്രതിവിധിയായി പുണ്യാഹം വേണം.
ഉണ്ണിമൂത്രം വാര്‍ത്തയായി. പുണ്യാഹ ചെലവു വഹിക്കാമെന്ന് വകുപ്പു മന്ത്രി. പറ്റില്ല എന്ന് ദേവസ്വം. അവസാനം തീരുമാനമെന്തായി എന്ന് അറിയില്ല. മാദ്ധ്യമങ്ങള്‍ പറഞ്ഞില്ല. അല്ലെങ്കില്‍ ഞാന്‍ കണ്ടില്ല. ഗുരുവായൂരിലും ഉണ്ണിമൂത്രം കുറച്ചുനാള്‍ മുന്‍പ് പ്രശ്നം സൃഷ്ടിച്ചിരുന്നു.
തീരുമാനം എന്തായാലും ഒരു കാര്യം വ്യക്തമായി, ഉണ്ണിമൂത്രം പുണ്യാഹമല്ല! ഇനി ആ പഴമൊഴി മറക്കാം.
അമ്പലതെരുവുകളില്‍ മഞ്ഞക്കോടിയ്ക്കും കുഞ്ഞിതോര്‍ത്തിനും ഒപ്പം ഡയപ്പറുകളും വില്‍ക്കുന്നതിനെക്കുറിച്ച് ഇനി നമുക്കു ചിന്തിക്കാം. വേണമെങ്കില്‍ 'സ്നഗ്ഗി' പോലുള്ള പ്രോഡക്ടുകള്‍ക്ക് ഈ പൌരബോധത്തിന്റെ സ്പോണ്‍സര്‍ഷിപ്പും വില്‍ക്കാം.
Monday, June 27, 2005
ഒറ്റപ്പെടല്‍
ഇന്നലെ.
പ.
പാത.
പാതയോരം.
പാതയോരത്തെ മരം.
പാതയോരത്തെ മരത്തിന്റെ തണല്‍.
ഇന്ന്
പാതയോരത്തെ മരത്തിനു തണലില്ല.
പാതയോരത്തു മരമില്ല.
പാതയ്ക്ക് ഓരമില്ല.
പാത തന്നെ ഇല്ല.
'ഫ' യും 'ബ' യും 'ഭ' യും 'മ' യും കാരുണ്യത്തോടെ 'പ'യെ നോക്കി.