Thursday, December 07, 2006

സല്‍മാന്‍ഖാന്‍ ചരിതം ഒന്‍പതാം ദിവസം

“അതേയ് ഒന്ന് എണീക്കണുണ്ടോ?”
ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്.
“ആ സല്‍മാന്‍ ഖാന്‍ ഇതുവരെ വന്നിട്ടില്ല.“
“വരും”
തിരിഞ്ഞുകിടക്കുമ്പോള്‍ അയാള്‍ അലസമായിപ്പറഞ്ഞു. “അതൊരു പൂച്ചയല്ലെ, അതിനു കയ്യില്‍ വാച്ചുണ്ടാവില്ല”
“അതല്ല, ഇന്നുംനാളെയും കൂടി അത് ഒന്നു വന്നുകിട്ടിയാല്‍ രക്ഷപ്പെട്ടു. പക്ഷെ അത് ഇതുവരെ വന്നിട്ടില്ല”
ഭാര്യ അസ്വസ്തതയോടെ പറഞ്ഞു. പെട്ടന്നാണ് അയാളുടെ ഉറക്കത്തിനു മുകളിലൂടെ സ്വബോധത്തിന്റെ ഒരു മിന്നായം പാഞ്ഞുപോയത്. ബെഡ് ഷീറ്റ് മാറ്റി അയാള്‍ ചാടി എണീറ്റു. മുണ്ടുമുറുക്കി ഉടുത്ത് ചോദിച്ചു,
“നീ എല്ലായിടത്തും നോക്കിയോ? എന്നത്തേയും പോലെ ആഹാരം വച്ചുകൊടുത്തില്ലേ?”
“ഒക്കെയും ഞാന്‍ ചെയ്തു. പക്ഷെ അതിന്റെ പൊടിപോലുമില്ല.“
ഭാര്യയുടെ വാക്കുകളില്‍ ഒരു ഭീതി നിഴലിച്ചു.
“കണ്ണനെവിടെ?”
“അവന്‍ അപ്പുറത്തിരുന്നു കളിക്കുന്നു”
ഡ്രോയിങ്ങ് റൂമില്‍ ഇരുന്നു കളിക്കുന്ന ഒന്നരവയസുകാരന്‍ കണ്ണനെ അയാള്‍ ചേര്‍ത്തുപിടിച്ചു. അവന്റെ മുഖം അയാളുടെ മുഖത്തോട് ഒരു നിമിഷം ചേര്‍ത്തു. പിന്നെ അയാള്‍ വീടിന്റെ പിന്‍ വശത്തേക്ക് പോയി. തുണി നനയ്ക്കുന്ന കല്ലിന്റെ കീഴിലും പാത്രം കഴുകുന്ന ബേയ്സിനിന്റെ പരിസരത്തുമൊക്കെ അയാള്‍ ചുറ്റിനടന്നു.മതിലിനരുകില്‍ അടുക്കി വച്ചിരുന്ന ഇഷ്ടികകളുടെ ഇടയിലൊക്കെ അയാള്‍ തിരഞ്ഞു.മതിലിനുമുകളിലൂടെ അടുത്തവീട്ടിലേക്ക് വിളിച്ചു ചോദിച്ചു.
“അമ്മൂ, ഇവിടെയൊക്കെ കറങ്ങി നടക്കണ ഒരു കള്ളപൂച്ചയില്ലേ, വൈറ്റില്‍ ബ്രൌണ്‍ മാര്‍ക്കുള്ളത്. അതിനെ ഇന്നെങ്ങാനും കണ്ടോടാ?”
ചെറിയ സൈക്കിളില്‍ നിന്നും കാല്‍ നിലത്തുകുത്തിയിട്ട് അമ്മു പറഞ്ഞു “ഇല്ലങ്കിള്‍, കണ്ടില്ല. എന്തുപറ്റി അങ്കിള്‍?”
അയാള്‍ ഉത്തരം പറയാന്‍ നിന്നില്ല. ടൂത്ത് ബ്രഷില്‍ പേസ്റ്റ് വച്ചുകൊടുക്കുമ്പോള്‍ ഭാര്യ പറഞ്ഞു, “അതിനി എങ്ങാനും..?”
“നീ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?”
ദേഷ്യത്തില്‍ അയാള്‍ ബ്രഷ് വലിച്ചു പേസ്റ്റിന്റെ ബാക്കി ഒരു ചുവന്ന തുള്ളിയായി ചുവന്ന നേരിയ നൂലില്‍ തൂങ്ങി നിലത്തിറങ്ങി.

ബക്കറ്റില്‍ നിന്നും വെള്ളം എടുത്ത് ശരീരത്തിലേക്ക് ഒഴിക്കുമ്പോള്‍ അയാള്‍ സ്വയം പറഞ്ഞു, അതുവരും. പാവം എവിടെയോ ഉറക്കം തൂങ്ങിയിരിപ്പാവും. എങ്കിലും മനസില്‍ ഒരു രംഗം വെറുതെ പുകഞ്ഞുകൊണ്ടിരിക്കുന്നു. പേടിച്ചരണ്ട കണ്ണന്‍. വളഞ്ഞു കുത്തി പിന്നോക്കം നില്‍ക്കുന്ന പൂച്ച.

അന്ന് അതിന് സല്‍മാന്‍ ഖാന്‍ എന്ന പേരില്ല. കുറച്ചുദിവസം മുന്‍പാണ്, രാവിലെ പതിവുപോലെ വല്യമ്മായി മീന്‍ കഴുകുന്നു. കണ്ണന്‍ നടന്നു തുടങ്ങിയ പ്രായം. പൂച്ച അവന്റെ ദൌര്‍ബല്യമാണ്. കിണറിന്റെ അരികില്‍ അയാള്‍ പത്രം വായിച്ചിരിക്കുന്നു. പാരായണത്തിനിടയിലും ഒരു കണ്ണ് അവനിലേക്ക് അറിയാതെ നീളും. മീനിന്റെ വാലും പ്രതീക്ഷിച്ചിരിക്കുന്ന പൂച്ചയിലാണ് അവന്റെ ശ്രദ്ധ. കുഞ്ഞുചട്ടമ്പിയുടെ ഒരു കുഞ്ഞുവടിയും അവന്റെ കയ്യിലുണ്ട്. മീന്‍ വെട്ടി എണീറ്റ വല്യമ്മായി ശരീരം പിന്നോക്കം വളച്ചിട്ടു പറഞ്ഞു,
“എന്റെ പണി കഴിഞ്ഞു. മോനിവിടെ നില്‍ക്കുകയാണ്. ഒരു കണ്ണുവേണേ ഇവടെ..”
അതു കേട്ട അവന്‍ വടി ഉയര്‍ത്തി അഛനു സലാം പറഞ്ഞു. അയാള്‍ തിരിച്ചും.

‘ഗാംഗുലി ദക്ഷിണാഫ്രിക്കയിലേക്ക് ‘ - പൊതുവേ ക്രിക്കറ്റിനോടും അതിലുപരി ഗാംഗുലിയോടുമുള്ള ഇഷ്ടം അയാളുടെ വായനയെ ആഴങ്ങളിലേക്ക് വലിക്കുന്ന വേളയിലാണ് കണ്ണന്റെ വിളി കേട്ടത്. അലക്കു കല്ലിന്റെ അടുത്തേക്ക് അയാള്‍ ഓടിയടുത്തപ്പോള്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന കണ്ണന്‍. അവന്റെ നോട്ടം കല്ലിന്റെ പിന്നിലാണ് അയാള്‍ അങ്ങോട്ട് നോക്കിയപ്പോള്‍ അതു പോലെ വിറച്ച് പിന്നോക്കം വളഞ്ഞു നില്‍ക്കുന്ന പൂച്ച.
അവനെ വാരിയെടുക്കുമ്പോള്‍ ഭാര്യയും ഓടിവന്നു. അയാള്‍ പറഞ്ഞു,
“പാവം പേടിച്ചുപോയതാ.. ഒന്നും സംഭവിച്ചില്ല. പൂച്ച ഒന്നും ചെയ്തില്ല”.
പക്ഷെ അവന്റെ കൈകള്‍ അപ്പോഴും വിറയ്ക്കുന്നു.
പൈപ്പിന്റെ ചുവട്ടില്‍ അവന്റെ കാലുകള്‍ കഴുകിക്കൊടുക്കുന്നതിനിടയി ഭാര്യ പറഞ്ഞു,
“അതേയ് ഇവന്റെ കാലില്‍ ചെറിയ ഒരു മാര്‍ക്ക്. മുള്ള് ഉരഞ്ഞ പോലെ”
അയാള്‍ നോക്കുമ്പോള്‍ അവന്റെ വെളുത്ത കുഞ്ഞുപാദത്തില്‍ വളരെ നേരിയ ചെറിയ രണ്ട് വരകള്‍. ഒന്ന് നന്നായിട്ട് തെളിഞ്ഞിട്ടുണ്ട്. അയാള്‍ അവന്റെ കാലിലേക്ക് കൂടുതല്‍ വെള്ളം ഒഴിച്ചു. അവന്‍ കാല്‍ വലിച്ചു. പക്ഷെ കരഞ്ഞില്ല.
“ഇതു മുള്ള് ആവണമെന്നില്ല. പൂച്ചയുടെ വിരലോ മറ്റോ? ഡാ കുഞ്ഞൂ... പൂച്ച മാന്തിയോടാ കണ്ണാ..?” അയാള്‍ അവന്റെ മൂക്കില്‍ ഉമ്മ വച്ചു ചോദിച്ചു. അവന്‍ ചിരിച്ചു. അവന്റെ നിറഞ്ഞുനിന്ന കണ്ണില്‍ നിന്നും ഒരു തുള്ളി പുറത്തേക്ക് തൂവി.
അപ്പുറത്തെ അമ്മുവിന്റെ അഛനാണ് പറഞ്ഞത്,
“ഡോക്ടറെ ഒന്നു കാണിക്കുന്നത് നല്ലതാ..“
“കൊതുകുകടിച്ചാല്‍ വരെ പനിവരുന്ന കാലമാ” വല്യമ്മായിയും ശരിവച്ചു.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞു.

****

ഡോക്ടര്‍ അവന്റെ കാലിലെ പോറല്‍ ശ്രദ്ധിച്ചു നോക്കി. എന്നിട്ടു പറഞ്ഞു
“ഇതിപ്പോള്‍ സംശയത്തിന്റെ പുറത്ത് റാബിസിന്റെ ഇഞ്ചക്ഷന്‍ എടുക്കേണ്ടതാണ്. കാരണം പൂച്ചയ്ക്ക് റാബീസിന്റെ അസുഖം ഉണ്ടെങ്കില്‍ പ്രശ്നം ആകും. പക്ഷെ പൂച്ചമാന്തിയതാണോ എന്നുപോലും ഒരു ഉറപ്പും ഇല്ലാതെ വെറുതേ ഈ കുഞ്ഞിന്റെ ശരീരത്തിലിട്ട് കുത്തുന്നത് ഓര്‍ക്കുമ്പോള്‍..”
ഡോക്ടര്‍ ഒന്നു നിര്‍ത്തി. അവന്റെ മുറിവ് ഒന്നുകൂടി നോക്കി. എന്നിട്ട് പറഞ്ഞു
“കഴുത്തിലോ മുഖത്തോ മറ്റോ ആയിരുന്നെങ്കില്‍ ഞാന്‍ എടുക്കാന്‍ തന്നെ പറഞ്ഞേനെ, കാലിലാകുമ്പോള്‍ അത്രമാത്രം ഞരമ്പുകള്‍ ഇല്ല. അതു പോട്ടെ ഈ പൂച്ച പതിവായി അവിടെ വരുന്നതാണോ?”
“അതെ“
എന്നു പറഞ്ഞിട്ട് ഒരു ഉറപ്പിനായി അയാള്‍ ഭാര്യയുടെ മുഖത്തുനോക്കി.
“അങ്ങനെയാണെങ്കില്‍ അതിനെ പത്തു ദിവസം വാച്ചു ചെയ്യൂ. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ നമുക്കു ഇഞ്ചക്ഷന്‍ എടുക്കാം”
അതും പറഞ്ഞ് ഡോക്ടര്‍ കുഞ്ഞിന്റെ കവിളില്‍ തൊട്ടു.

അന്നുമുതല്‍ അവരുടെ വീട്ടിലെ മുഖ്യാതിഥിയാണ് ആ മാര്‍ജ്ജാരന്‍. എന്നും അവന്‍ അവിടെ എത്താന്‍ വേണ്ടി ഭാര്യ നെയ്‌മീനിന്റെ കഷണങ്ങളൊക്കെ ആണ് വറുത്ത് കൊടുത്തിരുന്നത്. കൂടാതെ സെറിലാക്ക് ചേര്‍ത്ത പാലും ചോറും മുട്ടയും ഉണക്കമീനും ഒക്കെ അവനെ തേടി എത്തിയിരുന്നു. മൂന്നു നാലു ദിവസം കൊണ്ടുതന്നെ അവന്‍ അങ്ങു തടിച്ചുകൊഴുത്തു. എല്ലും തോലും ആയിരുന്ന പൂച്ചയ്ക്ക് മസിലൊക്കെ വന്നു. അയാള്‍ തന്നെ അതിനു ഒരു വിളിപ്പേരിട്ടു,
‘സല്‍മാന്‍ ഖാന്‍’
സല്‍മാന്‍ ഖാന്‍ ഒരു വി ഐ പി ആയിട്ട് അവിടെ പകല്‍ ജീവിച്ചു. അടുക്കളയിലും അവരുടെ ബെഡ്റൂമിലും ഒക്കെ അവന്‍ വാല്‍ ചുഴറ്റി നടന്നു. വീടിന്റെ പിവശത്ത് അവന്‍ പകുതിതിന്നു കളഞ്ഞിട്ടുപോയ ഉണക്കമീന്‍ കഷണങ്ങള്‍ വെയില്‍ കൊണ്ട് കിടന്നു.

ഇന്നലെ രാത്രിയിലും പൂച്ചയെ കണ്ടിരുന്നു. അപ്പോള്‍ അയാള്‍ പൂച്ചയോട് പറയുകയും ചെയ്തു,
“ഡാ സല്‍മാന്‍ ഖാനേ രണ്ടുദിവസംകൂടി മാത്രമേ ഉള്ളൂ നിന്റെ സുഖവാസം. അതുകഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഇന്ദ്രന്‍സ് ആക്കിത്തരാം. എന്റെ കണ്ണനേയും ഉപദ്രവിച്ചിട്ട് ഇവിടെ ഇങ്ങനെ സുഖവാസം നടത്തുന്നതു കാണുമ്പോള്‍ എനിക്ക് ശരിക്കും ചൊറിയുന്നുണ്ട്”

കുളികഴിഞ്ഞ് വരുമ്പോള്‍ ഭാര്യ ചോദിച്ചു
“എന്താ ഇപ്പോള്‍ ചെയ്യേണ്ടേ?“
“അറിയില്ല. ഇന്നിപ്പോള്‍ ഒന്‍പത് ദിവസം ആകുന്നതേയുള്ളു. അതിനു എന്തെങ്കിലും പറ്റിയോ?”
അയാള്‍ നിസ്സഹായനായി പറഞ്ഞു. ആ പൂച്ചയ്ക്ക് അസുഖമുള്ളതാണോ എന്നുള്ള സംശയ ചോദ്യം അയാള്‍ ഉള്ളിലൊതുക്കി.
“എന്തായാലും നീ കണ്ണനെ ഡ്രസ് ചെയ്യിക്കൂ, ഡോക്ടറുടെ അടുത്ത് പോകാം”
അയാള്‍ അവന്റെ മുഖത്തു നോക്കി അവനു ക്ഷീണം ഉണ്ടോ? അയാള്‍ അവന്റെ നെറ്റിയില്‍ കൈവച്ചു നോക്കി. സംശയം, അവനു പനിയുണ്ടോ?

മകനേയും കൊണ്ട് ഭാര്യ കാറിലേക്ക് കയറുമ്പോഴും അയാല്‍ അവന്റെ നെറ്റിയില്‍ വെറുതെ കൈവച്ചുനോക്കി. ഹേയ് അവനു പനിയൊന്നും ഇല്ല. എനിക്കു വെറുതെ തോന്നുന്നതാവും. അയാള്‍ സ്വയം പറഞ്ഞു.
പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ റിവേര്‍ഴ്സ് ഗിയര്‍ ഇട്ടു. വണ്ടി പിന്നിലേക്ക് നീങ്ങി.
“മ്യാവൂ.............” പൂച്ച കരഞ്ഞു, പക്ഷെ ഒരു ദീന രോദനം.
അയാള്‍ ബ്രേക്ക് ചെയ്തു. വീണ്ടും പൂച്ച ഒന്നുകൂടി കരഞ്ഞു. പക്ഷെ അതു പതിവുള്ള മ്യാവൂ അല്ല. പുറത്തിറങ്ങി നോക്കുമ്പോള്‍ പിന്നിലെ ടയറിനോട് ചേര്‍ന്ന് പകുതി ചതഞ്ഞ ശരീരവുമായ് ആ പൂച്ച. സല്‍മാന്‍ ഖാന്‍.
അതു അയാളെ ഒന്നുനോക്കി. അതുപിന്നെ വിളിച്ചില്ല.

കണ്ണുമാത്രം തുറന്ന് പുറത്തേക്ക് തള്ളിയിരുന്നു.

Friday, November 24, 2006

പരസ്യം.

(ഇമേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാനുള്ള വലിപ്പത്തിലാക്കാം) അമ്മമരിച്ചു കിടന്ന, ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ മൂന്ന് അനിയത്തിമാരെയും വാരിപ്പിടിച്ചു ജീവിതത്തൊട് പൊരുതി കാത്തിരുന്നു പെണ്‍കുട്ടി. അനിത.
ആലുവയിലെ SOS വില്ലേജില്‍ അവളെ കാണാന്‍ പോയഓര്‍മ്മ ഇന്നും മനസില്‍ നനഞ്ഞുകിടക്കുന്നു. ചിത്രമെടുപ്പിന്റെ ഇടവേളയില്‍ അവള്‍ക്കൊപ്പം സംസാരിച്ചിരുന്നപ്പോള്‍ അവളിലെ ആത്മവിശ്വാസത്തിന്റെ കടുപ്പം ഞാനറിച്ചു. തിരികെ പോരാനൊരുങ്ങുമ്പോള്‍ അവളുടെ കുഞ്ഞനിയത്തിമാരെ അവള്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. അവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ അവളുടെ മുഖം ഒരുപാടറിഞ്ഞ ഒരമ്മയുടെതിനേക്കാള്‍ ദൃഢമായിരുന്നു

ഗുജറാത്തിലെ ഭുജില്‍ ചപ്രേദി ഗ്രാമത്തിലെ പ്രമുഖന്‍ ഗോപാല്‍ജി. ഒരു ഗ്രാമം മുഴുവന്‍ ഭൂമിക്കൊപ്പം കുലുങ്ങി തകര്‍ന്നു വീണപ്പോള്‍ അതിനൊപ്പം കണ്ണൂം മനസും കുലുങ്ങിപ്പോയ ഗോപാല്‍ജി.
മുറ്റത്തെതന്നെ അടുപ്പില്‍ ഉണ്ടാക്കുന്ന നെയ് ഒലിക്കുന്ന ചപ്പാത്തി ഞങ്ങള്‍ കഴിച്ചിരുന്നപ്പോള്‍ ഗോപാല്‍ജി പറഞ്ഞു, ഒരു ജനത കുലുങ്ങി അമര്‍ന്നതിനെക്കുറിച്ച്. വിവരണത്തിന്റെ ചില തിരിവുകളില്‍ അയാളുടെ വസൂരിക്കലകള്‍ പോലും വിറച്ചു.
ഭുജിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും മനസില്‍ കുറേ മണ്‍കൂനകളും നിരന്ന പാടങ്ങളും മാത്രം. ഒരു വഴികാട്ടി പറഞ്ഞുതന്നു, ഒരോന്നും ഓരോ ഗ്രാമങ്ങള്‍ ആയിരുന്നു.

റീനയും ടീനയും ജര്‍മ്മനിയില്‍ നിന്ന് തങ്ങളുടെ അമ്മയെ തേടിവന്നു. വാര്‍ത്തയറിഞ്ഞ് വടക്കന്‍ കേരളത്തിലെവിടെയോ ഉള്ള അവരുടെ പാവപ്പെട്ട അമ്മ ഇവരുടെ കുഞ്ഞുപ്രായത്തിലെ ഒരു ഫോട്ടോയും മാറത്തടക്കി ഓടിവന്നു. നേരിട്ട് കണ്ടപ്പോള്‍ അവര്‍ക്ക് പറയാന്‍ അമ്മയുടെ ഭാഷ അറിയില്ല. അവര്‍ പറയുന്നത് മനസിലാക്കാനാവാതെ അമ്മയും ഇരുന്നു. അവരുടെ ചിത്രമെടുക്കാന്‍ ചെന്ന ഞങ്ങള്‍ വേരുതേടിയുള്ള യാത്രയുടെ കഥകേട്ട് നിശബ്ദരായിരുന്നു.

മൂന്നുവര്‍ഷം മുന്‍പ് മലയാള മനോരമയ്ക്ക് വേണ്ടീ ചെയ്ത ഒരു ക്യാമ്പയിന്‍ ആണിത്‍. അന്ന് TBWA india എന്ന അഡ്‌വര്‍ടൈസിങ് കമ്പനിയുടെ യുടെ കൊച്ചി ബ്രാഞ്ചില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. സംഭവങ്ങളുടെ ഉള്ളറിഞ്ഞ് ഇതിന്റെ മനോഹരമായ കോപ്പി എഴുതിയത് അനുഗ്രഹീതനായ ക്രിയേറ്റിവ് ഡിറക്റ്റര്‍ ശ്രീ സുനില്‍ തോപ്പില്‍. ഫോട്ടോഗ്രഫി ശ്രീ അനില്‍കുമാര്‍. ഇതിന്റെ ആര്‍ട്ട് (ഡിസൈനിങ് & ഫീല്‍) ആയിരുന്നു എന്റെ കര്‍മ്മം.

Saturday, September 30, 2006

മഴയില്‍ ഒറ്റപ്പെടുന്നവര്‍.

ഒരു മഴകൂടി കഴിഞ്ഞു.
ഇനി ആരും വരാനുണ്ടാവില്ല, ഇവിടെ കാഴ്ചക്കാരായി. മഴ ഒഴിഞ്ഞവേളകളില്‍ ഇവിടെ സഞ്ചാരികള്‍ വന്നിരിക്കും. പരസ്പരം മനസുകള്‍ പങ്കുവയ്ക്കും. ഒത്തുചേര്‍ന്ന് നിന്ന് ചിത്രങ്ങളെടുക്കും. ഓര്‍മ്മകള്‍ ചികയും. ചിരിക്കും. ചിലരൊക്കെ കരയും.

അവിചാരിതമായ മഴയില്‍ അവരൊക്കെ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക്‌ അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ഷികളായി തകര്‍ന്നു തുടങ്ങിയ ഈ ഇരിപ്പിടങ്ങള്‍ മാത്രം.

മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്‌. ഒരു തലോടലാണ്‌.
മഴ ഒരു കനിവാണ്‌.

Wednesday, August 30, 2006

..നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍...

"നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ..

വിരഹനൊമ്പര ത്തിരിയില്‍ പൂവുപോല്‍ വിടര്‍ന്നൊരുനാളം എരിഞ്ഞു നില്‍ക്കുന്നു

ഋതുക്കളോരോന്നും കടന്നു പോവതിന്‍ പദസ്വനം കാതില്‍ പതിഞ്ഞുകേള്‍ക്കവേ വെറുമൊരോര്‍മ്മതന്‍ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണ് ഞാന്‍..

നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നു അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാം പവിഴദ്വീപില്‍ നാം ഇരിപ്പതെന്തിനോ..."

ഗാനത്തിനും വരികള്‍ക്കും കടപ്പാട് : ജാനകി / ഓ എന്‍ വി / എം ബി ശ്രീനിവാസ്

നിറങ്ങള്‍ തന്‍ നൃത്തം എന്ന സീരീസ് അവസാനിക്കുന്ന ഈ പോസ്റ്റ് “നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍..“ എന്ന മനോഹര ഗാനത്തിനു സമര്‍പ്പിക്കുകയാണ്, എന്റെ കാഴ്ചകള്‍ കൊണ്ട്.

എന്റെ അപേക്ഷ പരിഗണിച്ച് നമ്മുടെ ബിരിയാണിയനിയത്തിക്കുട്ടി ആ ഗാനം തന്റെ മനോഹര ശബ്ദത്തില്‍ ഈ പോസ്റ്റിനുവേണ്ടി ആലപിച്ചിട്ടുണ്ട്. അത് കേള്‍ക്കാന്‍ ബിരിയാണിയുടെ പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ഞെക്കുക.

ഈ സീരിസിലെ മറ്റു ചിത്രങ്ങള്‍ / പച്ച / ചുവപ്പ് / നീല / മഞ്ഞ /

Tuesday, August 29, 2006

നിറങ്ങള്‍ തന്‍ നൃത്തം # 04 “പീതം“.

പച്ചയില്‍ ആയിരുന്നു തുടക്കം. അതു പിന്നെ ചുവപ്പിലേക്കും, നീലയിലേക്കും പടര്‍ന്നു. ആര്‍. ജി. ബി. ത്രയം അതോടെ പൂര്‍ണ്ണം.

ഇനി ഒരു നിറം വേണം. അപ്പോള്‍ മനസില്‍ മറ്റുനിറങ്ങളെ മായ്ച്ചുകൊണ്ട് തെളിഞ്ഞു, മഞ്ഞ!

(കണിക്കൊന്നയുടേയും, അസ്തമയസൂര്യന്റേയും പതിവു കാഴ്ചകളില്‍ നിന്നും ചുവടുമാറാനുള്ള ഒരു ശ്രമം കൂടി)

Saturday, August 26, 2006

..നിറങ്ങള്‍ തന്‍ നൃത്തം # 03 “നീലിമ”.

ചുവപ്പില്‍ തുടങ്ങി പച്ചയിലേക്ക്. ആ പച്ച ഇനി നീലയിലേക്ക് ലയിക്കുന്നു.

ഭൂതത്താന്‍‌കെട്ടില്‍ പെരിയാറിന്റെ ഒഴുക്ക് തടഞ്ഞിടുമ്പോള്‍ ഇങ്ങുമുകളില്‍ തട്ടേക്കാടിലും പെരിയാര്‍ നിശ്ചലമാകും.

കാറ്റുപിടിച്ചുനില്‍ക്കുന്ന നീലിമ. ഗോവയില്‍ കണ്ടത്.

പടിഞ്ഞാറ് അസ്തമിക്കുമ്പോള്‍ എറണാകുളത്തിനു മുകളിലൂടെ കിഴക്ക് കാണുന്നത് ഇങ്ങനെയാണ്. മേഘങ്ങളില്‍ തട്ടുന്ന ചെറുമഞ്ഞ അസ്തമയസൂര്യന്റെയാണ്.

ഗോവയിലെ മറ്റൊരു തീരം. (anjuna ബീച്ച് ആണെന്ന് ഓര്‍മ്മ)

Thursday, August 24, 2006

പകരക്കാരന്‍

മനുഷ്യനിര്‍മ്മിതമായ രാത്രി ദീപത്തിനു പിന്നില്‍ പ്രകൃതിയുടെ പകല്‍തിരി താഴുന്നു. അല്പനേരം കൂടികഴിയുമ്പോള്‍ ഈ രാത്രിദീപം തെളിയും. പ്രകൃതി ഉറങ്ങാന്‍ തുടങ്ങും, മനുഷ്യന്റെ മനസില്‍ കാമനകള്‍ ഉണരാനും. സൂര്യന്‍ മനുഷ്യന്റെ മനസറിഞ്ഞ് വിഷമത്തോടെ വേദി ഒഴിയുന്നതു പോലെയാണ് ഓരോ സന്ധ്യകളും.

“മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹമൂര്‍ത്തിയാം സൂര്യ! സ്വസ്തി ഹേ സൂര്യ! തേ സ്വസ്തിഃ“ -സൂര്യഗീതം, ഓ എന്‍ വി.

(മറ്റു ചില സൂര്യചിത്രങ്ങള്‍.) 1.പൊന്നുരുക്ക് 2.കടവില്‍ 3.താഴേക്ക് നോക്കുന്ന സൂര്യന്‍ 4.കിഴക്കും പടിഞ്ഞാറും.

Monday, August 21, 2006

ഉടക്ക്.

“നിനക്കെന്താ കാര്യം പറയുമ്പോള്‍ അത് ശരിയായ അര്‍ത്ഥത്തില്‍ മനസിലാകാത്തേ?”

“എനിക്കു മനസിലാകില്ല. അത്ര തന്നെ!”

“പക്ഷെ നിന്നെ നിന്റെ ഓഫീസില്‍ കാണുമ്പോള്‍ ഇങ്ങനെ അല്ലലോ! എല്ലാവരേയും ഓരോന്നും പറഞ്ഞു മനസിലാക്കുന്നതു കാണുമ്പോള്‍, ഉപദേശിക്കുന്നതു കാണുമ്പോള്‍ എനിക്കു തന്നെ അതിശയം തോന്നാറുണ്ട്. എന്നിട്ടിപ്പോള്‍ നീ എന്താ ഇങ്ങനെ? എന്നോട് മാത്രം കൊച്ചുകുട്ടികളെപോലെ”

“...........”

“നിന്നോടാ ഈ ചോദിക്കണേ!“

“ഞാന്‍ അതു പറയണോ?”

“ഹാ.. പറയണം!“

“ഞാന്‍ നിന്റെ പെണ്ണായതുകൊണ്ട്!“

Sunday, August 13, 2006

യാത്രക്കാരുടെ മരം (എല്‍ ജിയ്ക്ക്!)

ഇതാണ് ട്രാവലേര്‍സ് ട്രീ. ഇതിന്റെ പള്ളനിറയെ വെള്ളമാണ്. ചൂടുപ്രദേശങ്ങളിലെ യാത്രക്കാര്‍ ദാഹജലത്തിനായി ഇതിന്റെ പള്ളകുത്തിക്കീറി വെള്ളം എടുക്കാറുണ്ട് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. മുന്‍പു താമസിച്ച് ഒരു അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ എതിരേയുള്ള വീട്ടില്‍ കാണുമായിരുന്ന ‘ചെടി’ (കല്യാണിയുടെ ഭാഷയില്‍). എല്‍ ജി ഇങ്ങനെ ഒരു മരത്തെക്കുറിച്ച് കേട്ടിട്ടില്ല എന്നു എന്റെ കഴിഞ്ഞ പോസ്റ്റിലെ കമന്റില്‍ പറഞ്ഞതു കൊണ്ട് ഇവിടെ ഈ പോസ്റ്റര്‍ ഒട്ടിക്കുന്നു.

സഹബ്ലോഗറന്മാരേ, സഹായിക്കൂ.. ഇതിന്റെ നാടന്‍ പ്യാര് എന്തര്? എന്തരാ വാഴകള് എന്നല്ലീ?

Saturday, August 12, 2006

ആനക്കാര്യം.

അതിരാവിലെ കല്യാണിയെ സ്കൂളില്‍ വിട്ടിട്ട്‌ പത്രവും വായിച്ചിരുന്നപ്പോള്‍ താഴെ റോഡില്‍ ഇടതു വശത്തുള്ള വളവില്‍ പതിവില്ലാത്ത ഒച്ചകളും ചങ്ങല കിലുക്കവും കേട്ടു. മടി മനസിനോട്‌ പറഞ്ഞു, തിരിഞ്ഞുനോക്കണ്ട, അതിങ്ങുവരും അപ്പോള്‍ നോക്കാം. ഒരു അനുസരണയുള്ള കുട്ടിയെപോലെ ഞാന്‍ ആ ഇരുപ്പിനെ കാത്തിരിപ്പാക്കി.

ശബ്ദം അടുത്തെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. ഞാന്‍ ഞെട്ടി. ഒഴുക്കിലെന്നപോലെ വരുന്ന ഒരു ആനക്കാരന്‍. അയാളുടെ കാലുകള്‍ക്കിടയില്‍ ഒരു ആന. ഞാന്‍ ഓടി. ക്യാമറാബാഗിന്റെ സിബ്‌ കീറി ക്യാമറ പുറത്തെടുത്ത്‌ വീണ്ടും ബാല്‍ക്കണിയിലേക്ക്‌. ഒന്നു ക്ലിക്കി. എന്റെ ആക്രാന്തം കണ്ടിട്ടാവണം ആനക്കാരന്‍ ബ്രേക്ക്‌ ചവിട്ടി. ഒരു റോഡ്‌ റോളര്‍ പോലെ ആന നിന്നു. ഞാന്‍ ക്യാമറ ആനയെ വെടിവയ്ക്കാന്‍ ഒരു തോക്ക്‌ എന്ന പോലെ ലോഡ്‌ ചെയ്തു നിര്‍ത്തി.

ആനക്കാരന്‍ ചെറുതായി വളച്ച് റിവേഴ്സ്‌ എടുത്തു. പിന്നെ ക്ലച്ച്‌ ചവിട്ടി ലെഫ്റ്റിലേക്ക്‌ തിരിച്ചു. എന്നിട്ട്‌ ഇന്നാ എടുത്തോ എന്ന മട്ടില്‍ നിര്‍ത്തി. തുമ്പിക്കയ്യില്‍ പിടിച്ചിരുന്ന പച്ചയോലകള്‍ ആന നിലത്തിട്ടു. ക്യാമറ എന്റെ കണ്ണുമറച്ചു. അതിനുള്ളിലൂടെ ഞാന്‍ കണ്ടു, ആനക്കാരന്‍ അരയില്‍ കൈവച്ച്‌ ഒരു പോസ്‌ സൃഷ്ടിക്കുന്നത്‌. ഒരു ഉത്സവത്തിന്റെ ക്ഷീണം ആനയുടെ കണ്ണില്‍.

ഔട്ട്‌ ആയാലോ? ഷേക്ക്‌ ആയാലോ? ലൈറ്റ്‌ പോരെങ്കിലോ? ആ നില്‍പ്പില്‍ തന്നെ ഞാന്‍ മൂന്നു വെടി പൊട്ടിച്ചു. ക്യാമറ താണു. ആന അതിന്റെ ബ്രേക്ക്‌ ഫാസ്റ്റ്‌ തുമ്പിയില്‍ ചുരുട്ടി എടുത്തു. ഞാന്‍ ഓര്‍ത്തു, സ്വന്തം ആഹാരം ഇങ്ങനെ ഒപ്പം കൊണ്ടു നടക്കുന്ന ജീവി വേറേ എതുണ്ട്‌? ലഞ്ച്‌ ബോക്സ്‌ ചുമക്കുന്ന മനുഷ്യനല്ലാത.

ആനക്കാരനു ഞാന്‍ നന്ദി പുരട്ടിയ ചിരി താഴേക്ക്‌ എറിഞ്ഞുകൊടുത്തു. അയാള്‍ എനിക്ക്‌ തിരിച്ച്‌ അതുപോലൊന്ന് മുകളിലേക്കും.

വളവു കഴിഞ്ഞു ആന അപ്രത്യക്ഷമായി. കുറേ കഴിഞ്ഞപ്പോള്‍ അതിന്റെ ചങ്ങലകിലുക്കവും. ഞാന്‍ വീണ്ടും പത്രത്തിലേക്ക്.

Tuesday, August 08, 2006

കടലിനും കരയ്ക്കും വേണ്ടാതെ.

ആകലെ, അങ്ങകലെ എനിക്കു കേള്‍ക്കാം ആഴക്കടലിന്റെ ഇരമ്പം.

ഇങ്ങു ദൂരെ കരയുടെ ഒടുങ്ങാത്ത ക്രൂരതയുടെ കൊടുംചൂടില്‍ ചുട്ടുപൊള്ളിക്കിടക്കുന്ന എന്റെ ചങ്കില്‍ ഞാനറിയുന്നു നിന്റെ ഉള്ളില്‍ ഞാന്‍ ഊളിയിട്ടെത്തിപ്പിടിച്ചിരുന്നിരുന്ന തണുപ്പിന്റെ സ്നേഹത്തെ. അതിന്റെ നീലിച്ച വിശാലതയെ.

എവിടെയോ അടര്‍ന്നു പോയ എന്റെ കണ്ണുകള്‍ ഇപ്പോള്‍ തിരയുന്നത്‌ എന്റെ കണ്‍കുഴികളെയല്ല, മറിച്ച്‌ നിന്റെ നുരകളേയും അതില്‍ തുള്ളിച്ചാടിക്കളിക്കുന്ന എന്റെ കൂട്ടാളരേയുമാണ്‌.

ശൂന്യമായ എന്റെ കണ്‍കുഴികളില്‍ എനിക്കിപ്പോഴും കാണാം , ഞാനുരുമ്മി നിന്നിരുന്ന നിന്റെ പവിഴപ്പുറ്റുകളെ, എന്നെ മാറോട്‌ ചേര്‍ത്ത്‌ പിടിച്ചിരുന്ന നിന്റെ അലക്കൈകളെ, ഒരു വലയ്ക്കും വിട്ടു കൊടുക്കാതെ എന്നെ കാക്കാന്‍ നീ എന്റെ മേല്‍ പുതച്ച നീലിച്ച സ്നേഹക്കമ്പിളിയെ.

മസ്തിഷ്കത്തില്‍ ഇരുട്ടു കയറുന്നു, എങ്കിലും ഞാനറിയുന്നു, നിന്റെ ഉപ്പ്‌ ഇടയ്ക്കിടെ എന്നെ വന്നു തൊട്ടു തലോടുന്നത്‌.

(ചതിയുടെ വലയില്‍ അല്ലാതെ വീണു ചത്താല്‍ മീനുകളെ കരയ്ക്കും കടലിനും വേണ്ട. ഗോവയില്‍ ഒരു കടല്‍ തീരത്തു കണ്ട കാഴ്ച)

Friday, July 28, 2006

കടവില്‍.

പെരിയാറില്‍ പൊന്നൊഴുക്കുന്ന സൂര്യന്‍. തട്ടേക്കാടിനടുത്ത് വനത്തിലെ ഒരു ഏറുമാടത്തില്‍ നിന്നുള്ള ദൃശ്യം. ഈ ഉരുകിയ പൊന്നൊഴുകി താഴെ ഭൂതത്താന്‍ കെട്ടില്‍ ലയിക്കും. കഴിഞ്ഞവര്‍ഷം നടത്തിയ ഒരു വനവാസത്തിന്റെ ഓര്‍മ്മ. ഞങ്ങളെ ‘കടത്തി‘ക്കൊണ്ടുവന്ന തോണിയാണ് സൂര്യവെട്ടം തട്ടി കിടക്കുന്നത്. ബെന്നീ ഇതും വിനോദ സഞ്ചാരികള്‍ കേറി വിനോദിക്കാത്ത പ്രകൃതിയാണ്. (ഈ കാഴ്ചയുടെ മറ്റൊരു ഫ്രൈം ഇവിടെ ഞാന്‍ മുന്‍പ് പോസ്റ്റിയിട്ടുണ്ടെന്നാണെന്റെ ഓര്‍മ്മ.)

Saturday, July 22, 2006

പൊന്നുരുക്ക് !

പകലിനോട് യാത്രപറയുന്ന വേളയില്‍, വരാന്‍ പോകുന്ന രാത്രിയെ അണിയിക്കാന്‍ മേഘങ്ങളുടെ മറവിലിട്ട് പൊന്നുരുക്കുന്ന സൂര്യന്‍. ഇവിടെ ഒരോ സന്ധ്യയ്ക്കും ഒരോ നിറമാണ്. ചിലത് ചുവന്ന്, ചിലത് മഞ്ഞയണിഞ്ഞ്, ചിലത് കറുത്ത്, ചിലതു നീലിച്ച്. ഒരു മിനിട്ട് മാത്രം നില്‍ക്കുന്ന കളര്‍ സാച്ച്യുറേഷന്‍. അങ്ങനെ ഒരു സുവര്‍ണ്ണ സന്ധ്യയില്‍ പതിഞ്ഞതാണീ ചിത്രം.

Friday, July 21, 2006

ചേർന്ന് നില്‍ക്കുമ്പോൾ

ചുണ്ടില്‍ നിന്നും വലിച്ചെടുത്ത ഗ്ലാസ്‌, ഇടതുകൈ താഴെ വയ്ക്കുമ്പോള്‍ മാത്തച്ചന്റെ വലതു കൈ വെന്തുലര്‍ന്ന പോത്തിന്റെ പാത്രത്തിലേക്ക്‌ പോയി. അതിന്റെ മസാലയും എരിവും നാവില്‍ പൊട്ടി അലിയുമ്പോള്‍ അയാള്‍ പറഞ്ഞു,
"സ്മോള്‍ അടിക്കുവാണേല്‍ നമ്മുടെ നാടന്‍ പോത്തും കൂട്ടിത്തന്നെ അടിക്കണം അല്ലിയോടാ ജോസേ. അവിടെ കാനഡയില്‍ കിട്ടുന്നപോത്തിനൊന്നും ഇത്രേം ടേസ്റ്റില്ല."
ജോസ്‌ തലയാട്ടി. ആദ്യപെഗ്ഗും കഴിഞ്ഞു മിണ്ടാതിരിക്കുന്ന പുന്നൂസിനെ നോക്കി മാത്തച്ചന്‍ പറഞ്ഞു
"എന്നതാ അളിയാ ഒരെണ്ണം തെകച്ച്‌ അകത്താവും മുന്‍പു തന്നെ അളിയനങ്ങു കൊഴഞ്ഞോ?"
"ഹൊ, ഇപ്പോ വലിയ അടിയില്ല മാത്തച്ചാ, ഗ്രേസിക്കതത്ര പോരാ, രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ പിന്നെ വാചകമടിയാണെന്നാ അവടെ കമ്പ്ലൈന്റ്‌."
"അളിനയിതും കൂടി അങ്ങുപിടിച്ചെ" ഒരു പെഗ്ഗുകൂടി ഒഴിച്ചുനീട്ടുമ്പോള്‍ മാത്തച്ചന്‍ പറഞ്ഞു.
"എന്നാതാടാ കുഞ്ഞുമോനെ അറച്ചു നില്‍ക്കണെ? നീ ഒരെണ്ണം അങ്ങോട്ട്‌ പൊട്ടിയ്ക്ക്‌." മേശമേല്‍ ചാരി നിന്ന കുഞ്ഞുമോനു മാത്തച്ചന്‍ പ്രചോദനമേകി.
"നിങ്ങളൊരു റൗണ്ട്‌ ആയിട്ട്‌ അങ്ങു കൂടാമെന്നു കരുതി തൊട്ടുനക്കാനെന്തെങ്കിലും എടുക്കാനോ മറ്റൊ ഒരാള്‍ വേണമല്ലൊ!"
"അതിനു അടുക്കളേലോട്ടൊന്നു വിളിച്ചാല്‍ പോരെ?" മാത്തച്ചന്‍ കസേരനീക്കിയിട്ട്‌ പറഞ്ഞു
"നീ ഇങ്ങോട്ടിരിക്കെടാ ഫോര്‍മാലിറ്റിയൊന്നും വേണ്ടാ വല്ലപ്പോഴുമല്ലേടാ ഇങ്ങനൊരു ഒത്തുകൂടല്‍. പോര്‍ക്ക്‌ എന്തായിട്ടുണ്ടാവുമോ ആവോ?" മാത്തച്ചന്‍ ഉച്ഛത്തില്‍ നീട്ടിവിളിച്ചു
"എടീ റോസീയേ, പോര്‍ക്ക്‌ വെന്തോടീ?.. ലേശം ഇങ്ങോട്ടെടുക്കാറായോടിയേ...."
ആ നീട്ടിവിളി ലക്ഷ്യസ്ഥാനമായ അടുക്കളയിലേക്ക്‌ നീങ്ങി. ആ വിളിയുടെ ഒരു ചെറുതുണ്ട്‌ ആ വലിയവീട്ടിനുള്ളില്‍ വഴിതെറ്റി പോയ ഒരു കുട്ടിയെ പോലെ പതുങ്ങി പതുങ്ങി വരാന്തയിലേക്കും വന്നു. അവിടെ ചാരുകസേരയില്‍ ചാഞ്ഞിരുന്ന ഔസേപ്പ്‌ ചേട്ടന്റെ ചുളുവുവീണ ചെവിയില്‍ അതു വന്നു തൊട്ടു.

അയാള്‍ ഓര്‍ത്തു. പണ്ട്‌ ഇതുപോലെ നീട്ടിവിളിച്ചിരുന്നത്‌. ആ വിളികേട്ട്‌ അടുക്കളയില്‍ നിന്നും സ്റ്റീല്‍പാത്രത്തില്‍ ആവിപറക്കുന്ന പോര്‍ക്കുമായി ത്രേസ്യക്കൊച്ച്‌ വേഗത്തില്‍ വന്നിരുന്നത്‌.
ഔസേപ്പ്‌ ചേട്ടന്‍ പുറത്തേക്ക്‌ നോക്കിയിരുന്നു.
അടുക്കളയില്‍ നിന്നും മസാലയുടെ വറവുമണത്തിനൊപ്പം ഗ്രേസിയുടേയും അന്നയുടേയും വര്‍ത്തമാനം ഉയര്‍ന്നു പരന്നു. ഇന്നിപ്പോള്‍ ഇവിടെ ഇല്ലാത്ത സൂസന്നയെക്കുറിച്ചാണത്‌.
"റോസിയേ, നിനക്കറിയാവോടീ, പളപളാന്നിരിക്കണ ആ ഇന്‍ഡിക്കാ കൊടുത്തിട്ട്‌ അവളിപ്പം ആക്സന്റ്‌ വാങ്ങാനുള്ള കാരണമെന്നതാന്നാ? ഇച്ചായന്‍ ഒരെണ്ണം വാങ്ങീലായോ, അതു തന്നെ. അസൂയ. അവളുടെ അങ്ങേരൊരു മണകൊണാഞ്ചന്‍. ഇവളാ അയാള്‍ക്കെട കെട്ടിയോന്‍." ആവി പറക്കുന്ന പോര്‍ക്ക്‌ കഷണങ്ങള്‍ പാത്രത്തിലേക്ക്‌ കോരിയിടുമ്പോള്‍ ഗ്രേസി പറഞ്ഞു.
അതിലൊരു കഷണമെടുത്ത്‌ വായിലിട്ട്‌ അതിന്റെ ചൂടോടെ റോസി അടുത്ത വിഷയത്തിനു തീവച്ചു, "ചേച്ചിക്കവടെ കഴുത്തിക്കെടക്കണ ലോങ്ങ്‌ ചെയിനിന്റെ കഥയറിയില്ലേ? ഇതു കൊണ്ടേക്കൊടുത്തിട്ടുവാ, എന്നിട്ടു പറയാം. അവിടെ തൊട്ടുനക്കല്‍ മൊടങ്ങണ്ട."

പോര്‍ക്ക്‌ ടേബിളില്‍ വച്ച്‌ ഒഴിഞ്ഞ പാത്രവുമായി ഗ്രേസി വരുമ്പോള്‍, വരാന്തയില്‍ പുറത്തേക്ക്‌ നോക്കിയിരിക്കുന്ന അപ്പച്ചനെ കണ്ട്‌ അങ്ങോട്ട്‌ ചെന്നു.
"അപ്പച്ചനെന്നതാ ഓര്‍ക്കണേ? കഴിക്കാറായി. ആഹാരം എടുക്കട്ടെ?"
ഓര്‍മ്മയില്‍ നിന്നും വിടുവിച്ചെടുത്ത മുഖം ഗ്രേസിയുടെ നേരേ തിരിഞ്ഞു.
"അപ്പച്ചനെന്താ ഓര്‍ത്തിരിക്കണേ?" ഗ്രേസി തുടര്‍ന്നു, "മാത്തച്ചായനോട്‌ ഒരെണ്ണം ഇങ്ങെടുക്കാന്‍ പറയട്ടെ?"
ഔസേപ്പ്‌ ചേട്ടന്‍ കൈ എടുത്ത്‌ വിലക്കി. എന്നിട്ട്‌ പറഞ്ഞു. "വിശപ്പില്ല. ഞാന്‍ സാധാരണ ഉച്ചയ്ക്കൊന്നും കഴിക്കാറില്ല. ആ പെണ്ണ്‍ വന്ന് രാവിലെ വച്ചിട്ട്‌ പോകുന്ന ആഹാരം അവള്‍ തന്നെയാണ്‌ പിറ്റേന്ന് എടുത്ത്‌ കളയാറ്‌. നിങ്ങളൊക്കെ കഴിച്ചൊളൂ".

ഔസേപ്പ്‌ ചേട്ടന്‍ മുറ്റത്തേക്ക്‌ ഇറങ്ങി നടന്നു. അതിന്റെ ഒരു കോണില്‍ ത്രേസ്യയുടെ കുഴിമാടത്തിനരുകില്‍ ചെന്നു നിന്നു.
അയാള്‍ പറഞ്ഞു 'ത്രേസ്യക്കൊച്ചേ, ഇന്ന് നിന്റെ ഓര്‍മ്മദിനം ആണ്‌. എനിക്കെന്നും അതാണ്‌. നമ്മുടെ മക്കളൊക്കെ വന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിന്നെ ഓര്‍ക്കാന്‍, ഒത്തൊരുമിക്കാന്‍. എനിക്ക്‌ ഒന്ന് നിന്നോട്‌ ചേര്‍ന്നിരിക്കണമെന്നു തോന്നി. അതാ ഞാന്‍ ഇറങ്ങി നടന്നത്‌.'
ഔസേപ്പ്‌ ചേട്ടന്‍ ഒര്‍ല്‍പ്പംകൂടി ചേര്‍ന്നു നിന്നു. ഔസേപ്പു ചേട്ടന്റെ കാലുകള്‍ കുഴിമാടത്തില്‍ പൊതിഞ്ഞിരുന്ന മാര്‍ബിളില്‍ തൊട്ടു.
അതിനകത്തുനിന്നും ത്രേസ്യക്കൊച്ച്‌ വിളിച്ചു ചോദിച്ചു,
"അതേയ്‌ എന്ത്‌ ഓര്‍ത്താ നില്‍ക്കണേ? ഊണുകഴിക്കേണ്ടേ? വരൂ.. "
ഔസേപ്പ്‌ ചേട്ടന്റെ കാലുകള്‍ വീണ്ടും മാര്‍ബിളില്‍ ഉരഞ്ഞു. അദ്ദേഹം തിരിച്ചറിഞ്ഞു, ചേര്‍ന്ന് നില്‍ക്കലിന്റെ സുഖം. അതിന്റെ തണുപ്പ്‌.

Tuesday, July 04, 2006

നിരതെറ്റി വീഴുന്ന വാകപ്പൂക്കള്‍.

പടിഞ്ഞാറു നിന്നും വന്ന വെയില്‍ പിന്നിലൂടെ അവന്റെ കവിളിന്റെ വന്നു തട്ടി. അപ്പോഴാണ്‌ ദിയ ശ്രദ്ധിച്ചത്‌ അവന്റെ കവിളുകള്‍ വീര്‍ത്തതാണെന്ന്. പുതിയ ഒരു കാര്യം കണ്ടുപിടിച്ച സന്തോഷത്തില്‍ അവള്‍ വിളിച്ചു, "ഓയ്‌ ചബ്ബീ ചീക്സ്‌" അവള്‍ പറഞ്ഞു, "ഗിരി, നിന്റെ കവിളുകള്‍ നന്നായിട്ട്‌ വീര്‍ത്തിട്ടാ". അവന്‍ അവന്റെ കവിളില്‍ കൈവച്ചു അമര്‍ത്തിനോക്കി. അങ്ങനെ അല്ല എന്ന് ഉറപ്പ്‌ വരുത്തി. ആ ഉറപ്പ്‌ ഒരു ചിരിയായി അവന്റെ മുഖത്ത്‌ തെളിഞ്ഞു. അവനോര്‍ത്തു എത്രപെട്ടന്നാണ്‌ ഇവള്‍ അടുത്ത ഒരു സുഹൃത്തായി മാറിയത്‌. അവള്‍ മനസില്‍ ഒരു സന്തോഷമായ് ചേക്കേറിയത്. കാറ്റില്‍ വഴിപിണഞ്ഞു വന്ന ഒരു ഇലപോലെ. "നീ ചിരിക്കുമ്പോഴാ അതു കൂടുതല്‍ വീര്‍ക്കുന്നത്‌" അതു പറഞ്ഞിട്ട്‌ അവള്‍ അവന്റെ കവിളില്‍ പിടിച്ചു വലിച്ചു. ഗിരീഷ്‌ ഒരു നിമിഷം നിശബ്ദനായി. പരിസരബോധത്തിന്റെ പിന്‍വലിയില്‍ അവന്‍ ചുറ്റും നോക്കി, ഒരു ഷിഫ്റ്റ് കഴിഞ്ഞ് അടുത്ത ഷിഫ്റ്റിനുള്ളവരെ കാത്തുകിടക്കുന്ന കസേരകളും കമ്പ്യൂട്ടറുകളും മാത്രം. അവന്‍ അറിയാതെ മുഖം കുനിച്ച്‌ ചിരിച്ചു പോയി. പിന്നെ അവള്‍ സ്നേഹം കൂടുമ്പോള്‍ സന്തോഷം നിറയുമ്പോഴെല്ലാം അവന്റെ കവിളില്‍ പിടിച്ചുവലിക്കുമായിരുന്നു. അവനും അറിയാതെ അതു പലപ്പോഴും പ്രതീക്ഷിച്ചു തുടങ്ങി. സ്പര്‍ശനത്തിന്റെ കാന്തിക ശക്തി.

മറ്റൊരു സന്ധ്യയില്‍ കോഫീഷോപ്പിന്റെ തണുത്ത ക്യാബിനില്‍ വച്ച്‌ അവള്‍ ചോദിച്ചു, "ഞാന്‍ നിന്റെ കവിളില്‍ പിടിച്ച്‌ വലിക്കുന്നത്‌ ഗിരി നീ നിന്റെ ഗേള്‍ഫ്രണ്ടിനോട്‌, സോറി നിന്റെ വുഡ്‌ബിയോട്‌ പറഞ്ഞിട്ടുണ്ടോ?" ഇല്ല എന്ന് അവന്‍ തലയാട്ടി. എന്നിട്ട്‌ കുറേ നേരം ചില്ലു വാതിലൂടെ പുറത്തേക്ക്‌ നോക്കി. പൂവിട്ട്‌ നില്‍ക്കുന്ന വാകമരത്തില്‍ നിന്നും ഇടയ്ക്കിടെ ചുവന്നപൂക്കള്‍ വീണുകൊണ്ടിരിക്കുന്നു. അവന്‍ പറഞ്ഞു, "എന്തുമാത്രം പൂക്കളാ അല്ലേ ഒരുദിവസം വാക നിലത്തുവിരിക്കുന്നത്." അവള്‍ ശ്രദ്ധിച്ചില്ല അവള്‍ അവന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു, ഒരു ഉത്തരത്തിനായി അവന്‍ പറഞ്ഞു, "ദിയാ, നീ എന്റെ കുഞ്ഞനിയത്തി എന്ന് എനിക്ക്‌ മാത്രമല്ലെ അറിയൂ. പറയാന്‍ മടിച്ചിട്ടല്ല കഴിഞ്ഞില്ല. അതാണ്‌ സത്യം." "ശരിയാ ഞാന്‍ നിന്റെ കുഞ്ഞനിയത്തി എന്ന് നിനക്ക്‌ മാത്രമേ അറിയു. നിനക്കുമാത്രം!" ദിയ എഴുന്നേറ്റു. ചില്ലുവാതിലിനരികില്‍ പോയി നിന്നിട്ട്‌ അവനെ വിളിച്ചു "വാകപ്പൂ വീഴുന്നത്‌ കാണിച്ചുതരാം. ഇവിടെ വാ.." അവനും ചില്ലിനോട്‌ ചേര്‍ന്നുള്ള സ്റ്റീല്‍ കമ്പിയില്‍ പിടിച്ചുനിന്നു. വാകപ്പൂക്കള്‍ ഒന്നും വീണില്ല. അവള്‍ ഒന്നു പിന്‍തിരിഞ്ഞു നോക്കി. എന്നിട്ട്‌ ഗിരിയുടെ കവിളില്‍ ഒരു ഉമ്മ വച്ചു. ഗിരിഷ് അവളെനോക്കി. അവള്‍ ഉറക്കെ തലകുലുക്കി ചിരിച്ചു. അവന്‍ പുറത്തേക്ക്‌ നോക്കി. ഒരു വാകപൂവുകൂടി വീണിരിക്കുന്നു. സ്നേഹത്തിന്റെ കാന്തം ഉരഞ്ഞുപോയ കവിളില്‍ അവന്‍ കൈ ഉയര്‍ത്തി തൊട്ടു. അവന്‍ ചിരിച്ചുപോയി. അവള്‍ ചോദിച്ചു, "നീ നിന്റെ ഗേള്‍ഫ്രണ്ടിനെ ചുംബിച്ചിട്ടുണ്ടോ?" "ഇല്ല." "എന്തേ?" "കഴിഞ്ഞില്ല" ഗിരി പറഞ്ഞുനിര്‍ത്തി. പിന്നെ അവളോട്‌ ചോദിച്ചു. "നീയോ? നിന്നെയോ?" അവള്‍ ചിരിച്ചു. "ഞാനല്ല. എന്നെ. മുതിര്‍ന്നതിനു ശേഷം ഒരാള്‍. ഒരിക്കല്‍. എന്റെ ചെറിയച്ചന്‍." നീണ്ട ഒരു നിശബ്ദതയില്‍ അവളുടെ ചിരി നിന്നു. അസ്തമയസൂര്യന്റെ ചുവപ്പ്‌ വാകയില്‍ തട്ടി. ഇളംകാറ്റില്‍ അതിന്റെ ഇലകള്‍ പോലും അനങ്ങിയില്ല. അവള്‍ തിരികെ വന്ന് ടേബിളില്‍ ഇരുന്ന കോഫി എടുത്ത്‌ അവന്റെ അരികിലേക്ക്‌ വന്നു. എന്നിട്ട്‌ ചോദിച്ചു, "നിനക്ക്‌ ശരിക്കും വട്ടാകുന്നുണ്ട്‌ അല്ലേ ഗിരീ?“ അവന്‍ സൌമ്യമായി ചിരിച്ചു. അവളും ചിരിച്ചു. ചിരിയുടെ ഒടുവില്‍ അവള്‍ കവിള്‍ ചരിച്ച്‌ വച്ച്‌ ഒരുകാത്തിരിപ്പ്‌ പ്രകടമാക്കി. അവന്റെ ചുണ്ടുകള്‍ അവളുടെ കവിളില്‍ തൊട്ടു. ആകര്‍ഷണത്തിന്റെ കാന്തം ഉരഞ്ഞു ഒരു ചെറിയ സ്നേഹകാറ്റ്‌ പോലെ. പുറത്ത്‌ വാകപ്പൂക്കള്‍ വീണു. സന്ധ്യയുടെ ഇളം മഞ്ഞയില്‍ വാകപ്പൂക്കള്‍ കൂടുതല്‍ ചുവന്നു. തിരികെ പോകുമ്പോള്‍ ബൈക്കില്‍ പിന്നിലിരുന്നു ദിയ പറഞ്ഞു, "ഞാനൊരു കാര്യം സജസ്റ്റ്‌ ചെയ്യട്ടേ?" ബൈക്കിന്റെ വേഗത കുറഞ്ഞു. "നമുക്ക്‌ ബൈക്ക്‌ ഇവിടെ വച്ചിട്ട്‌ നടന്നു പോയാലോ“? അവന്‍ ഒന്നും മിണ്ടിയില്ല. ബൈക്ക്‌ റോഡിന്റെ സൈഡിലേക്ക്‌.

ഫുഡ്‌പാത്തിലൂടെ നടക്കുമ്പോള്‍, അവള്‍ അവളുടെ കൊച്ചു ബാഗ്‌ അവന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട്‌ കൈകള്‍ വീശി നടന്നു. "നിന്റെ കല്യാണം എന്നത്തേയ്ക്കാ ഫിക്സ്‌ ചെയ്തിരിക്കുന്നത്‌?" അവളുടെ ചോദ്യങ്ങള്‍ എല്ലാം അപ്രതീക്ഷിതങ്ങളാണ്‌. നിരതെറ്റി വീഴുന്ന വാകപ്പൂക്കള്‍ പോലെ. "ഡേറ്റ്‌ ഫിക്സ്‌ ചെയ്തിട്ടില്ല. സന്ധ്യയുടെ എം ഫില്‍ കഴിയണം. മോസ്റ്റ്‌ പ്രോബബ്ലി നെക്സ്റ്റ്‌ ഇയര്‍"

"എനിക്ക്‌ നടന്നു മടുത്തു. നമുക്കിനി ഓട്ടോയില്‍ പോകാം. എന്നെ ഹോസ്റ്റലില്‍ ഇറക്കിയിട്ട്‌ തിരിച്ച്‌ ആ ഓട്ടോയില്‍ തന്നെ വന്ന് നിനക്ക്‌ ബൈക്ക്‌ എടുക്കാമല്ലൊ." മറുപടിക്ക്‌ കാത്ത്‌ നില്ക്കാതെ അവള്‍ തന്നെ ഓട്ടോയ്ക്ക്‌ കൈ കാണിച്ചു. ഓട്ടോയില്‍ അവനോട്‌ ചേര്‍ന്ന് അവള്‍ ഇരുന്നു. ഉള്ളില്‍ അപ്പോള്‍ നിറയുന്നത്‌ അടുപ്പമാണോ അസ്വസ്തതയാണോ എന്നൊരു തിരിച്ചറിവിലേക്ക്‌ ഗിരിഷ് മനസിനെ തിരിച്ചില്ല. ദിയ അവന്റെ കൈ എടുത്ത്‌ അവളുടെ തോളിലൂടെ ഇട്ടു. സംരക്ഷണത്തിന്റെ ഒളിത്താവളത്തില്‍ എന്ന പോലെ അവള്‍ ഇരുന്നു. അവന്റെ കവിളില്‍ വാകപ്പൂക്കള്‍ അടര്‍ന്നു വീണു. തിരിച്ചൊന്നു കൊടുക്കുമ്പോള്‍ അവന്‍ അറിഞ്ഞു അവളുടെ കവിളില്‍ നനവ്‌, ഉപ്പിന്റെ നനവ്‌. ശബ്ദം വളരെ താഴ്ത്തി അവള്‍ പറഞ്ഞു, "ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ?" അവന്‍ ഒന്നും മിണ്ടിയില്ല. അവന്റെ ചുണ്ടില്‍ ഉപ്പിന്റെ നനവായിരുന്നു. ചെവിയോട്‌ ചേര്‍ന്ന് വീണ്ടും അവളുടെ ശബ്ദത്തിന്റെ തുടര്‍ന്നു, "അതേ ഞാന്‍ ഈ കൈക്കുള്ളില്‍ ഭയങ്കര സേഫ്‌ ആണ്‌. ഞാന്‍ നിന്നോടൊപ്പം കൂടിക്കോട്ടെ?" അവന്റെ കൈ അയഞ്ഞു. അവള്‍ ചിരിച്ചു "ഞാന്‍ വലിയ മണ്ടത്തരം ആണ്‌ പറയുന്നത്‌ എന്ന് എനിക്കറിയാം. പക്ഷെ അന്ന് ചോദിച്ചിരുന്നെങ്കില്‍ കിട്ടിയിരുന്നനെ എന്ന് പിന്നെ തോന്നാതിരിക്കാന്‍വേണ്ടിയാണ്‌. ഇപ്പോള്‍ നിനക്ക്‌ ഒന്നും തോന്നരുത്‌ ഗിരീ, ഒരു ഗതികേട് കൊണ്ട് ചോദിച്ചുപോയതാ" ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ അവള്‍ ഒന്നും പറയാന്‍ നിന്നില്ല.

പിറ്റേന്ന് രാവിലെ ഓഫീസില്‍ അവളുടെ കസേര ഒഴിഞ്ഞുകിടന്നു. പ്രൊബേഷണറി ടൈമില്‍ വിട്ടുപോകാന്‍ നോട്ടീസ്‌ പിരീഡിന്റെ ആവശ്യമില്ല. ആരൊക്കെയോ പറയുന്നതു കേട്ടു. ഗിരിഷ് പിന്നൊന്നും കേള്‍ക്കാന്‍ നിന്നില്ല. അവന്‍ അവന്റെ സിറ്റിലേക്ക് നടന്നു. ദൂരെ എവിടെയോ വീശിയ കാറ്റില്‍ വാടിയവാകപൂക്കള്‍ നിലത്തുരഞ്ഞു നീങ്ങി.

Thursday, June 22, 2006

തിരിച്ചുപോക്ക് !

പടിഞ്ഞാറ് സൂര്യന്‍ ചുവക്കും മുന്‍പ്‌ തീരമണയാനുള്ള പോക്ക്‌. തിരിച്ചുപോക്ക്‌. പതിവുപൊലെ ശൂന്യമാണ്‌ അവന്റെ വഞ്ചി. അവന്റെ മനസും. തുഴഞ്ഞുമാറ്റാനാകാത്ത ഒറ്റപ്പെടല്‍ മാത്രമുണ്ടാവും യാത്രയിലുടനീളം കൂട്ടിന്‌. ഈ ദിവസം ഇവിടെ തീരുകയാണ്. നാളെ പുതിയ ചിന്തകള്‍ക്കും സ്വപ്നങ്ങള്‍ക്കും മുകളില്‍ തുഴയെറിയാന്‍ വേണ്ടി.

Thursday, June 01, 2006

കല്യാണി തുടങ്ങുന്നു..

കല്യാണി ഇന്ന് ഒന്നാം ക്ലാസിലേക്ക്‌. പുതിയ യൂണിഫോമും, പുതിയ ബുക്കുകളും അതിന്റെ പുതിയ പുറം ചട്ടയുമായി അവള്‍ ഒന്നാം ക്ലാസിലേക്ക്‌. ഇനി അതിരാവിലെ ഉണരണം, ഉച്ചവരെ യൂണിഫോമിന്റെ മുറുകലില്‍ ഇരിക്കണം. ലഞ്ച് ബോക്സില്‍ നിന്നും ആഹാരം കഴിക്കണം. ഒരുപകലിന്റെ പകുതിയും അവള്‍ക്ക് അമ്മയെ മിസ്സ് ചെയ്യണം. ഒരവധിക്കാലത്തിന്റെ നീറുന്ന മറുപുറം.

Thursday, May 25, 2006

ചില വലിയ ആഗ്രഹങ്ങള്‍.

കല്യാണിയുമായി സംസാരിച്ചിരുന്ന ഒരു സന്ദര്‍ഭത്തില്‍ കേട്ടത് എന്റെ കാര്‍ട്ടൂണ്‍ പോസ്റ്റുകള്‍

Monday, May 15, 2006

നിറങ്ങള്‍ തന്‍ നൃത്തം 02

കുളിര്‍മയുടെ പച്ചയില്‍ നിന്ന് ചോരയുടെയും ചിന്തയുടേയും നിറമായ ചുവപ്പിലേക്ക് നിറങ്ങളുടെ നൃത്തം ചുവട് മാറ്റുന്നു..

നിറങ്ങള്‍ തന്‍ നൃത്തം. #01

ഹരിതം. നിറങ്ങള്‍ തന്‍ നൃത്തം ഒഴിയാത്തൊരീമണ്ണില്‍ ബാക്കി വര്‍ണ്ണങ്ങള്‍ക്ക് വഴിയൊരുക്കി ആദ്യമെത്തുന്നു ഹരിതം. മുന്നാ‍റില്‍ കണ്ട ഒരു പച്ച. ഒരു ചെടി. എനിക്കറിയില്ല അതിന്റെ പേര്. അറിയാവുന്നവര്‍ പറഞ്ഞു തരുക. നെടുമങ്ങാട്ടെ “വേള്‍ഡ് മാര്‍ക്കറ്റിലെ“ ഒരു ദൃശ്യം. (വേള്‍ഡ് മാര്‍ക്കറ്റ് എന്നു പറഞ്ഞാല്‍ വേള്‍ഡ് ബാങ്കിന്റെ ധനസഹായത്തോടെയുള്ള മാര്‍ക്കറ്റ്) ഇതു ഞങ്ങളുടെ നെടുമങ്ങാട് വീട്ടിലെ ശീമപ്ലാവിനു മുകളില്‍ നെടുമങ്ങാട്ടിലുദിച്ച സൂര്യവെട്ടം. ഇതും വേള്‍ഡ് മാര്‍ക്കറ്റില്‍ കണ്ടത് അയ്യയ്യോ ഇത് നമ്മളെ തെങ്ങ്. തെങ്ങിലും സൂര്യന്‍ തെളങ്ങണത്.

Saturday, May 13, 2006

സായാഹ്നത്തിലെ ഒരു ഉച്ചനേരം..

ഉച്ചയൂണിരുന്നപ്പോള്‍ ജോസഫ്‌ ചേട്ടന്‍ ചിന്തിച്ചു, അമേരിക്കയിലിപ്പോ എത്ര സമയം ആയിട്ടുണ്ടാവും. അവിടെ അവര്‍ ഉറക്കമാവും. ഇവിടെ ഉച്ചയാകുമ്പോള്‍ അവിടെ അര്‍ദ്ധരാത്രി എന്നല്ലേ കുഞ്ഞുമോളുപറഞ്ഞെ. കുഞ്ഞുമോള്‍ റെജിയുടെ ഭാര്യയാണ്‌. റെജി, ജോസഫ്‌ ചേട്ടന്റെ മകനും.

ജോസഫ്‌ ചേട്ടന്‍ സംശയിച്ചു, അപ്പോള്‍ ഇന്നത്തെ പകല്‍ അവര്‍ക്കു നമ്മുടെ ഇന്നലെ രാത്രിയായിരുന്നോ അതോ നാളെ രാത്രിയാണോ? അതു അവനോട്‌ അന്നുവന്നപ്പൊ ചോദിക്കാന്‍ മറന്നുപോയി. ജോസഫേട്ടന്റെ ഓര്‍മ്മകള്‍ തിരിഞ്ഞുകറങ്ങിത്തുടങ്ങി. ജോസഫേട്ടന്റെ കയ്യിലിപ്പൊ വള്ളിക്കളസവും ഉടുപ്പും ഇട്ട റെജി പിടിച്ചിരിക്കുകയാണ്‌.

അവന്‍ പറയുന്നുണ്ട്‌ "അപ്പച്ചാ ഇന്നെങ്കിലും ജ്യോമട്രി ബോക്സ്‌ കൊണ്ടു ചെന്നില്ലേല്‍ മൂക്കന്‍ സാറ്‌ ക്ലാസില്‍ നിന്നും ഇറക്കിവിടും എന്നു പറഞ്ഞിരിക്കുവാ, ഉച്ചയ്ക്ക്‌ ശേഷം വരും മൂക്കും നീട്ടിപ്പിടിച്ച്‌ ആ പിശാച്‌."
"ടാ, അങ്ങനൊന്നും പറയാന്‍ പാടില്ല വാദ്യാന്മാരെക്കുറിച്ച്‌. അത്‌ മേടിക്കാഞ്ഞത്‌ നമ്മടെ കൊഴപ്പല്ലെ? അത്‌ തോമാസിന്റെ പെട്ടിക്കടേല്‍ ഉണ്ടാവുവോടാ? അവനാവുമ്പൊ പിന്നെ കാശുകൊടുത്താല്‍ മതി.
നീ പേടിക്കണ്ട അപ്പനെന്തെങ്കിലും വഴിയൊണ്ടാക്കാം. ഉച്ചയ്ക്കല്ലെ"

ഉച്ചക്കഞ്ഞികഴിഞ്ഞു ക്ലാസ്‌ തുടങ്ങുന്നതിനു തൊട്ടുമുന്‍പു ജോസഫുച്ചേട്ടനെത്തി. അയാള്‍ വിയര്‍ത്തിരുന്നു. തലയിലൊക്കെ ഉണക്കയിലയുടെ തുണ്ടുകള്‍ കുരുങ്ങിക്കിടന്നു. ജോസഫ്‌ ചേട്ടന്‍ ഇന്‍സ്ട്രമന്റ്‌ ബോക്സ്‌ റെജിക്കു നീട്ടി. അതു വാങ്ങുമ്പോള്‍ അപ്പന്റെ കയ്യില്‍ നീറുകടിച്ചപോലെയുപാടുകള്‍ റെജി ശ്രദ്ധിച്ചു വിരലിനിടയില്‍ ചത്തിരിക്കുന്ന നീറിനെയും.
"അപ്പനെന്തുപറ്റി? അപ്പനെവിടുന്നാ ഈ വരണേ?"

കീശയുടെ അറയില്‍ നിന്നും ഒരു കുഞ്ഞുമാമ്പഴം എടുത്തുകൊടുത്തിട്ട്‌ ജോസഫ്‌ ചേട്ടന്‍ പറഞ്ഞു,
"നീയിതു ആരും കാണാതെ കൊണ്ടോയ്‌ തിന്നൊ. പുത്തന്‍വീട്ടുകാരുടെ പുരയിടത്തില്‍ മാങ്ങപൊട്ടിച്ചുകൊടുത്തപ്പൊ നിനക്കായ്‌ എടുത്തു വച്ചതാ. നിനക്ക്‌ ഇഷ്ടള്ള മാമ്പഴ പുളിശ്ശേരിക്കുള്ളത്‌ ഞാന്‍ അമ്മച്ചിയുടെ കയ്യില്‍ കൊടുത്തേക്കാം."

റെജിക്ക്‌ മാമ്പഴ പുളിശ്ശേരി ഉണ്ടെങ്കില്‍ ഉണുകഴിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. മുതിര്‍ന്നിട്ടും അവന്റെ ആ കൊതി മാറീട്ടില്ല. പണ്ടൊരിക്കല്‍ അവധിക്കു വന്നപ്പൊ അവന്റെ കൊതി പറച്ചില്‍ കേട്ടിട്ട്‌, കീഴെ പറമ്പിലെ തടിച്ചിമാവില്‍ ചാടിക്കയറിയതും ദേഹമാസകലം നീറുകടിച്ചതും ഒക്കെ ഓര്‍ത്തു ജോസഫ്‌ ചേട്ടന്‍.
"ഇപ്പളും ചെറുപ്പാന്നാ വിചാരം?". മാവില്‍ നിന്നിറങ്ങി നീറുകുടഞ്ഞിടുമ്പോള്‍ റാഹേലമ്മ അടുത്തെത്തി.
"എടി റാഹേലമ്മോ, ഞാന്‍ എത്ര മരം കേറിയതാടീ. അങ്ങനെ കേറീട്ടാ ഇന്നെന്റെ പിള്ളാര്‌ നല്ല നെലേ ഇരിക്കണെ. നീയിതു കൊണ്ടായ്‌ നല്ല തകര്‍പ്പന്‍ പുളിശ്ശേരിണ്ടാക്ക്‌ അവന്റെ ആ പഴയ കൊതിയന്‍ ചിരി ഞാനൊന്നു കാണട്ടെടീ"
"അല്ല പിന്നെ, തടിമാടന്‍ ചെക്കന്റെ കൊതിച്ചിരി കാണാനാ ഈ മാവേല്‍ വലിഞ്ഞുകേറിയെ? വയസ്സെത്രായെന്നാ വിചാരം?" അന്ന് റാഹേലമ്മ ഒരുപാട്‌ വഴക്കുപറഞ്ഞു. സ്നേഹ വഴക്ക്‌. ഇന്നിപ്പോള്‍ റാഹേലും ഇല്ല. സ്നേഹവഴക്കും ഇല്ല.

"താനെന്താടോ ചോറുകഴിക്കാഞ്ഞേ?" ഗോവിന്ദന്‍ നായരുടെ വാക്കുകള്‍ ഒരു വലിയ മണിപോലെ മുഴങ്ങി. അതിന്റെ തരംഗങ്ങള്‍ ജോസഫ്‌ ചേട്ടനെ ഓര്‍മ്മയില്‍ നിന്നും വിടുവിച്ച്‌ കൊണ്ടുവന്നു.
അടുത്തിരുന്നു ഗോവിന്ദന്‍ നായര്‍ ചോദിച്ചു. "മോനെക്കുറിച്ച്‌ ഓര്‍ക്കുകാണോ? താന്‍ പേടിക്കണ്ടടോ ജോസപ്പെ അവന്‍ അവന്റെ മോനേം കെട്ടിപ്പിടിച്ചിപ്പോ സുഖ ഉറക്കം ആയിരിക്കും. ഓര്‍ക്കാതിരിക്കുക. ഓര്‍ത്ത്‌ തുടങ്ങിയാ പിന്നെ നമുക്കു നിര്‍ത്താനാവില്ല. നമ്മളിനി ഇങ്ങനെയൊക്കെ അങ്ങുകഴിഞ്ഞാമതി. നമ്മളൊരുപാട് പേരില്ലേ? സമപ്രായക്കാരല്ലെ? ഇതു തന്നെ ഒരു ഭാഗ്യം. താന്‍ കഴിച്ചിട്ട്‌ എഴുന്നേല്ക്ക്‌. തമ്പിസാറിന്റെ വഴക്കു കേള്‍ക്കണ്ട."

ജോസഫ്‌ ചേട്ടന്‍എഴുന്നേറ്റു.
"വിശപ്പില്ല, വയറ്റിലെന്തോ പെരുപ്പ്‌. തമ്പിസാറിന്ന് എന്നെ ഇത്തിരി വഴക്കു പറഞ്ഞോട്ടെ”. അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

Monday, May 08, 2006

മിഗെലെ നാവ് വിന്നി! (എന്റെ പേര് വിന്നി)

സീസണ്‍ തീരുന്ന സമയമായതുകൊണ്ട്‌ വിദേശികളൊക്കെ തീരമൊഴിഞ്ഞുതുടങ്ങി. പ്രഭാതത്തിലെ കാറ്റിന്റെ തണുപ്പ് പത്തുമണിയായിട്ടും ഗോവന്‍ തീരം വിട്ടില്ല.
സഞ്ചാരികളില്‍ ചിലരൊക്കെ ബീച്ചില്‍ കാല്‍ ‍നനച്ചു നടക്കുന്നു, ചിലര്‍ ഷാക്കുകളില്‍ ഇരുന്നു തിരകണ്ട്‌ ബിയര്‍ വിഴുങ്ങുന്നു. ഏറെക്കുറേ ഒഴിഞ്ഞ പിന്റോയുടെ ഷാക്കിന്റെ ഇടതുമൂലയിലെ ടേബിളിനരികില്‍ ഞാനിരുന്നു. എന്റെ മുന്നിലായി ഒരു തണുത്ത കിങ്ങ്‌ഫിഷറും.

ആഡ്‌വര്‍ടൈസിംഗ്‌ ഫെസ്റ്റിവലിനുവന്നതാണെന്ന് എന്റെ ടീ ഷര്‍ട്ടില്‍ നിന്നും തിരിച്ചറിഞ്ഞപ്പോള്‍, ഒരു ബഹുമാനം പിന്റോയുടെ മുഖത്ത്‌ നിന്ന് ഞാനും തിരിച്ചറിഞ്ഞു. കാരണം രണ്ടുദിവസമായി മജോഡ ബീച്ചിലെ ആഡ്‌ വില്ലേജില്‍ ഒരു പീക്ക്‌ സീസണിന്റെ തിരക്ക്‌ ഇന്ത്യയിലെ ഈ ആഡ്‌ കൂട്ടം സൃഷ്ടിച്ചിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു സ്മിര്‍നോഫുമായി പിന്റോയും എന്റെ അടുത്തിരിന്നു. സുനാമി വന്നശേഷമുള്ള തിരക്കുകുറയലിനെക്കുറിച്ചാണ്‌ പിന്റോ പറഞ്ഞു തുടങ്ങിയത്‌. അയാള്‍ ഇടയ്ക്കിടെ അയാളുടെ ഗ്ലാസില്‍ അടിപറ്റിക്കിടന്ന നാരങ്ങാ കഷണത്തില്‍ നോക്കി ഗ്ലാസ്സ്‌ ചലിപ്പിച്ചുകൊണ്ടിരുന്നു. പിന്റോയുടെ വാക്കുകളില്‍ നിന്നും എനിക്കുമനസിലായി ഒരു വലിയകാര്യം, രാവിലെ മുതല്‍ ഉച്ചവരെ വെറുതെ കടലും നോക്കിയിരിന്നു ഒരു ബിയര്‍ മാത്രമടിക്കുന്ന വിദേശിയെക്കാളും അവര്‍ക്കിഷ്ടം അല്‍പ്പനേരം കൊണ്ട്‌ ഒരുപാട്‌ കുടിച്ച്‌ വയറുനിറയെ അഹാരവും തിന്നിറങ്ങിപ്പോകുന്ന സ്വദേശിയെയാണ്‌. സമയത്തിന്റെ വിലവയ്ക്കലില്‍ വിലയേറുന്ന സ്വദേശനാണ്യം.
കടലില്‍ നിന്നും കുളിച്ചുകയറി ഒരു വിദേശി നേരേ നടന്ന് ഷാക്കിലേക്ക്‌ കയറി വന്നു. പിന്റോ മെനുകാര്‍ഡുമായി ആ ടേബിളിലേക്ക്‌. എന്റെ കണ്ണുകള്‍ അധികം പൊങ്ങാതെ പരന്നുവരുന്ന തിരയിലേക്ക്‌. അതിന്റെ അരുകില്‍ നുരയുന്ന പതയിലേക്ക്‌.

"ഗുഡ്‌മോണിംഗ്‌ സര്‍" സായിപ്പിരുന്ന വശത്ത്‌ ഒരു പെണ്‍ ശബ്ദം. ഹാഫ്‌ സാരികള്‍ പോലുള്ള തുണികളും ചില ഷോര്‍ട്ട്‌ കുര്‍ത്തകളും കയ്യില്‍ വാരിച്ചുറ്റി ഒരു പെണ്‍കുട്ടി സായിപ്പിന്റെ അടുത്തായി നിലത്തിരിക്കുന്നു. കാണാപാഠം പടിച്ച പോലെ അവള്‍ ഇംഗ്ലീഷ്‌ പറയുന്നു.

"ലുക്ക്‌ ഹിയര്‍ സര്‍, ദിസ്‌ ഈസ്‌ റിയലി എ ഗുഡ്‌ പീസ്‌ സര്‍. ഗുഡ്‌ മാച്ച്‌ സര്‍."
സായിപ്പ്‌ ഒരു ചെറുചിരിയോടെ ആ കുര്‍ത്തയിലും സാരിതുണ്ടിലും നോക്കി. എന്നിട്ട്‌ വേണ്ട എന്നു പറഞ്ഞു. അതിനിടയില്‍ പിന്റോയും ഈ പെണ്‍കുട്ടിയും തമ്മില്‍ കൊങ്ക്‌ണിയില്‍ എന്തൊക്കെയോ കുശലം പറയുന്നു. സായിപ്പ്‌ കൈവിട്ട അവളുടെ നോട്ടം ഞാനാകുന്ന സ്വദേശിയിലേക്ക്‌ നീണ്ടു. തുണികളും വാരിപ്പിടിച്ച്‌ അവള്‍ എന്റെ ടേബിളിനരികിലെത്തി.
"ഗുഡ്‌മോണിംഗ്‌ സര്‍" "ഗുഡ് മോണിംഗ്"
ഞാന്‍ ചിരിച്ചു.
അവള്‍ പിന്റോയെനോക്കി. "ഹക്കാ കൊങ്ക്‍ണി എത്താ?" എനിക്ക്‌ കൊങ്ക്‍ണിയറിയാമോ എന്ന് അവള്‍ അവനോട് ചോദിച്ചു. പിന്റോ ചിരിച്ചതേയുള്ളു.
 "സര്‍ യുവര്‍ സ്റ്റേറ്റ്‌" എവിടെ എന്ന് അവള്‍ കൈകൊണ്ട്‌ ചോദിച്ചു. ഞാന്‍ അതിനും ചിരിച്ചു.
 "തുഗ്‌ലെ ഗാവ്‌ കാന്‍ഞ്ചെ?" ചിരികണ്ടിട്ടാവും അവള്‍ കൊങ്ക്‌ണിയില്‍ തന്നെ ചോദിച്ചു.
ഞാന്‍ അതിനും ചിരിച്ചു. പിന്നെ അവള്‍ എന്റെ ഊരുതിരക്കാന്‍ നിന്നില്ല. കുര്‍ത്ത എന്നെ അടിച്ചേല്‍പ്പിക്കാന്‍ അവള്‍ക്ക്‌ അറിയാവുന്ന ഇംഗ്ലീഷില്‍ അവള്‍ ശ്രമം തുടര്‍ന്നു. കുര്‍ത്തയ്ക്ക്‌ പിടികൊടുക്കാതിരിക്കാന്‍ ഞാനും ശ്രമിച്ചു. പതിനഞ്ചുവയസിനടുത്തു പ്രായം വരുന്ന അവളുടെ മാര്‍ക്കറ്റിംഗ്‌ സ്റ്റ്രാറ്റജിയില്‍ എന്നിലെ ആഡ്‌മാന്റെ കണ്ണുതള്ളി. അവള്‍ കുര്‍ത്ത വിട്ട്‌ ബാഗില്‍ നിന്നും കശുവണ്ടി പാക്കറ്റ്‌ കയ്യിലെടുത്തു.

"ഇതൊരു കുരിശായല്ലൊ!" ഞാന്‍ അറിയാതെ പറഞ്ഞുപോയി. അവള്‍ ഒരു നിമിഷം എന്റെ മുഖത്ത്‌ നോക്കി. അവള്‍ തുണിയൊക്കെ ബാഗിലേക്ക്‌ തിരിച്ചു വയ്ക്കുമ്പോള്‍ ചോദിച്ചു.
"സാറ്‌ മലയാളിയാണല്ലേ?. കുരിശല്ല സര്‍. ഇത്‌ ജീവിക്കാന്‍ വേണ്ടിയാണ്‌ സര്‍." വാടിയ മുഖം. അവള്‍ എല്ലാം വാരിയെടുത്ത്‌ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുന്നു.
"അപ്പോ, ഞാന്‍ നിന്റെ കയ്യില്‍ നിന്നും ഒന്നും വാങ്ങണ്ടേ?" വീണ്ടും തിളങ്ങുന്ന മുഖം.
"ഈ ബ്ലാക്ക്‌ കുര്‍ത്ത എടുക്കട്ടെ സര്‍?. സാറിനിതു നന്നായിട്ട്‌ ചേരും. എനിക്കു നേരത്തെ തോന്നിയിരുന്നു, സാര്‍ മലയാളിയാണെന്ന്"
"പിന്നെന്താ നീ ചോദിക്കാത്തെ?"
"പേടിച്ചിട്ടാ സാര്‍. മലയാളീന്ന് കേള്‍ക്കുമ്പോ പേട്യാ"
"അതെന്തിനാ?"
"ഒന്നുമില്ല സര്‍! ബ്ലാക്ക്‌ തന്നെയെടുക്കട്ടെ സര്‍?" അവള്‍ വിഷയം മാറാനുള്ള ശ്രമത്തില്‍.
"എന്താ നിന്റെ പേര്‌?
"വിന്നി!" "എന്താ ശരിക്കുള്ള പേര്‌?"
"അതന്നെ"
"അതല്ല!. ശരിക്കുള്ള പേരുപറയു."
"അതു ഞാന്‍ മറന്നുപോയി. 'മിഗെലെ നാവ് വിന്നി' എന്നു പറഞ്ഞ് ശീലിച്ചുപോയി"
 "ഓര്‍ത്തുപറയു"
"മാലിനി" ഓര്‍ക്കാതെ തന്നെ അവള്‍ പറഞ്ഞു.
തൊടിയില്‍ പൂപറിക്കാനിറങ്ങിയ ഇള്ളക്കുട്ടിയെ ഒരമ്മ ആ പേരില്‍ നീട്ടിവിളിച്ചു. എന്റെ മനസ്‌ വടക്കന്‍ കേരളത്തിലെ തെങ്ങും കവുങ്ങും നിറഞ്ഞ ഒരു തൊടിയില്‍ ഒരുനിമിഷം ചുറ്റി. ഒരുപാട് തിരകള്‍ തീരം നക്കി തിരിച്ചുപോയി. അവള്‍ ഒരിടത്തും തൊടാതെ അവളുടെ "വിന്നിയാകലിന്റെ കഥ" സൂചനകളിലൂടെ തന്നു. സംസാരത്തിന്റെ ഒരു തിരിവില്‍ അവള്‍ ബ്ലാക്ക്‌ കുര്‍ത്തയോടൊപ്പം ഒരു പാക്കറ്റ്‌ കശുവണ്ടിയും എടുത്തുവച്ചു. എന്നിട്ട്‌ മുഖത്ത്‌ നോക്കാതെ പറഞ്ഞു.
 "മതി സര്‍. ഇനി അധികം ഒന്നും ചോദിക്കരുത്‌." ഉയര്‍ന്നുവന്ന അടുത്ത ചോദ്യം തെങ്ങും കവുങ്ങും നിറഞ്ഞ തൊടിയിലേക്ക്‌ തിരിച്ചുപോയി. പിന്നെ ഞാനൊന്നും ചോദിച്ചില്ല. അവളോട്‌ രണ്ട്‌ പാക്കറ്റ്‌ കശുവണ്ടിമാത്രം വാങ്ങി. കുര്‍ത്തയുടെ സൈസ്‌ ശരിയാവാത്തതില്‍ അവള്‍ സ്വയം ശപിച്ചിട്ടുണ്ടാവണം. അവള്‍ അടുത്ത ഷാക്കിലേക്ക്‌ നീങ്ങി, ചുണ്ടില്‍ മറ്റൊരു ഗുഡ്‌ മോര്‍ണിങ്ങുമായി. അടുത്ത ഒരു ബിയറിനു ഞാന്‍ പിന്റോയോടു പറഞ്ഞു.

കടലില്‍, തിരയില്‍ നോക്കിയിരുന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു. ഇത് കഥയാണ്, ജീവിതമല്ല.

Friday, May 05, 2006

തിരവരുന്നതും കാത്ത്.

ഓളങ്ങളിലൂടെ നീങ്ങി മറ്റൊരു തീരമണയാന്‍ തിരകാത്ത് നില്‍ക്കുകയാണിവന്‍.

പണ്ട്, കമ്മ്യൂണിസത്തിനും, കള്ളുകച്ചവടക്കാരനും മുന്‍പേ ഓളങ്ങളില്‍ ഉലഞ്ഞ് തീരമണഞ്ഞ ഇവന്‍ കരയില്‍ ഒരു പിടിച്ചടക്കലിന്റെ വേരിറക്കി വളര്‍ന്നു.
ഒരു നാടിന്റെ നാമത്തിനുവരെ കാരണക്കാരനായി, നമുക്കുമുകളില്‍ പച്ചക്കുടചൂടി ഇവനും കൂട്ടരും നിന്നു‍.
ഇവരുടെ ശരീരത്തില്‍ ഇവരില്‍ നിന്നുണ്ടാക്കിയ കയര്‍ചുറ്റിക്കെട്ടി ഉണ്ണികള്‍ ഊഞ്ഞാലാടി.
പാപത്തിന്റെ മൂര്‍ത്തിയായ് ദൈവസന്നിധിയില്‍ ഇവന്‍ നമുക്കുവേണ്ടി ഉരുണ്ടു പൊട്ടിത്തകര്‍ന്നു. നമ്മുടെ ഭക്ഷണ സങ്കല്പം തന്നെ ഇവനുമായി ഇടകലര്‍ന്ന് കിടക്കുന്നു.
ഒരു ചിതകെട്ടടങ്ങുമ്പോള്‍ നനഞ്ഞമണ്ണില്‍ ‍ അവശേഷിപ്പിന്റെ എല്ലിന്‍ കഷണങ്ങള്‍ക്കിടയിലൂടെ ഇവര്‍ വേരിറക്കി വളരും. ചാരം വലിച്ചെടുത്ത് തിടം വയ്ക്കും.
ജനിമൃതികളിലൂടെ എവിടെയെക്കെയോ കുരുങ്ങിക്കിടക്കുന്ന അടുപ്പം. (ഗോവയിലെ മജോഡ ബീച്ചില്‍ കണ്ട കാഴ്ചകള്‍)

Monday, April 17, 2006

ടും ടും ടും... പീ പീ പീ...!

കണ്ണന്റെയും ചിന്നുവിന്റെയും വേനല്‍ക്കാലകളികളില്‍ ഇത്തവണ "അമ്മയും അച്ഛനും " ആയിരുന്നു പ്രധാനം. മറ്റു കൂട്ടുകാരെ സാക്ഷിയാക്കി കണ്ണന്‍ ചിന്നുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. കുഞ്ഞു സ്വരത്തിലെ ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ അവര്‍ പരസ്പരം മാലയിട്ടു. ചോറും കറിയും വെച്ചു, വലിയവരുടെ വാക്കുകള്‍ കടം വാങ്ങി ചെറിയ കാര്യങ്ങള്‍ക്കു വഴക്കു കൂടി.

ഉച്ചയായപ്പോള്‍ കുട്ടികളുടെ അമ്മമാര്‍ അവരുടെ പേരുകള്‍ നീട്ടി വിളിച്ചു. അവര്‍ വീണ്ടും കണ്ണനും ചിന്നുവും അമ്മുവും മീനുവുമായി അവരവരുടെ വീടുകളിലേയ്ക്ക് പോയി. പോക്കിന്റെ ധൃതിയില്‍ കഴുത്തിലെ മാലകള്‍ അവര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു. അവര്‍ പിരിഞ്ഞു; ഏറിന്റെ ഏതോ ചലനനിയമങ്ങളില്‍ കുരുങ്ങി ഞങ്ങള്‍, അവരുടെ കഴുത്തിലുണ്ടായിരുന്ന മാലകള്‍ ഒന്നിച്ചായി. ഇനി മണ്ണിലേയ്ക്ക്. വളമായി, വിത്തായി, ചെടിയായി, തണ്ടായി..
പുതിയൊരു കണ്ണനും ചിന്നുവിനും മറ്റൊരുവേനലില്‍ വരണമാലയാകാന്‍ വേണ്ടി.

വീണ്ടും ഒരവധിക്കാലം എന്നുള്ള പഴയ പോസ്റ്റിന്റെ ശ്രേണിയില്‍ വരുന്നതാണ് ഇതും. ഇത്തവണയും ഈ വരികള്‍ എന്റെ ചങ്ങാതിയില്‍ നിന്നും കിട്ടിയതാണ്. നന്ദി.

Sunday, April 16, 2006

ഇത് അച്ഛനുവേണ്ടി.

ലളിതമായജീവിതത്തിന്റെ ഓരം ചേര്‍ന്നാണ്‌ ഒരു വെള്ളിയാഴ്ച സന്ധ്യയില്‍ സൂര്യനൊപ്പം അച്ഛന്‍ ഇറങ്ങി പോയത്‌. പകര്‍ത്താനായില്ലെങ്കിലും, നന്മയുടെ ഒരു ജീവിതം കണ്ണുകുളിര്‍ക്കാന്‍ ഒരു കണിപോലെ മുന്നിലിട്ടു തന്നു. കണ്ണടയുമ്പോഴും ഒരു ചിരി ഞങ്ങള്‍ക്കായ്‌ അച്ഛന്‍ ചുണ്ടില്‍ സൂക്ഷിച്ചിരുന്നു.

ശരിയാണ്, ഞങ്ങളുടെ ഒരു ലോകത്തിന്റെ അവസാനമാണിത്‌, ഇനി അച്ഛനില്ല.
സ്നേഹം പഠിപ്പിച്ചുതന്ന അച്ഛന്‌ ആദരാഞ്ജലികള്‍.

ദുഃഖത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന, ആദരാഞ്ജലികള്‍ അര്‍പ്പിച്ച, ഒരു കുടുംബത്തിലെന്നപോലെ വീട്ടില്‍ വരുകയും ഫോണില്‍ വിളിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി സ്നേഹം. കണ്ണുനിറച്ചു, ബ്ലോഗുകുടുംബത്തിന്റെ സ്നേഹം.

Wednesday, April 12, 2006

തനി തോന്ന്യാക്ഷരങ്ങള്‍!

അല്പം മുന്‍പ് ഏവൂരാന്റെ തനിമലയാളം ബ്ലോഗുകളില്‍ വന്ന പോസ്റ്റുകള്‍, വരവിന്റെ ഓര്‍ഡറില്‍ തന്നെ ഒരു ആധുനിക കവിതപോലെ തോന്നിച്ചു, എന്റെ വട്ടന്‍ തലയില്‍.
അതിനെ ഓര്‍ഡറില്‍ ഇങ്ങനെ വായിക്കാം.

മഴയെത്തും മുന്‍പേ / വെയില്‍ വീണുറങ്ങുമീ / ഓര്‍മ്മകള്‍..
കണികാണും നേരം / ഒക്കെ ഒരുപോലെയാണോ?
തുടക്കം / വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്‌!
മൂച്ച് പറയുമ്പോള്‍ / നിശ്ചലദൃശ്യങ്ങള്‍!

വട്ടുതന്നെ! സംശയമില്ലാതെ ഉറപ്പിക്കാം അല്ലേ?

Thursday, March 23, 2006

വീണ്ടും ഒരവധിക്കാലം.

കുളക്കരയിലുള്ള വാകയുടെ ചാഞ്ഞ കൊമ്പത്തു നിന്നും താഴെയുള്ള കുളിര്‍മ്മയിലേയ്ക്കു മത്സരിച്ചുള്ള കൂപ്പുകുത്തലുകളും, മരം കയറലും, തവളച്ചാട്ടവും, വൈക്കോല്‍ത്തുറുവിനുള്ളിലെ ഒളിച്ചുകളിയും, മാവിന്റെ ഉച്ചിയില്‍ കയറി ആകാശത്തിന്റെ തൊട്ടുതാഴെ നിന്നും പറിച്ചു തിന്നുന്ന പച്ചമാങ്ങയുടെ അഹങ്കാരം കലര്‍ന്ന പുളിപ്പും പഴങ്കഥകളായി ചുണ്ടു കോട്ടുന്ന പുതിയ ബാല്യം!

ഉച്ചവേനലുകള്‍ക്കു കുടപിടിച്ചിരുന്ന ഞാവല്‍മരങ്ങളിന്നില്ല. പകരം ഇതിന്റെയൊക്കെയിടയില്‍ സ്വന്തം സ്വത്വമേതെന്നറിയാതെ അമ്പരന്നു നില്‍ക്കുന്ന പ്രകൃതിയുടെ അങ്കലാപ്പ്‌ മാത്രം!

കമ്പ്യൂട്ടറും, റ്റീവിയും, ക്രിക്കറ്റ്‌ ബാറ്റുമില്ലെങ്കില്‍ ജീവിതം ശുദ്ധശൂന്യമായിപ്പോകുന്ന നമ്മുടെ മക്കള്‍ക്കിനിയെന്ത്‌?

(മെയിലിലൂടെ ഈ ചിത്രം കണ്ടിട്ട് മുകളില്‍ കാണുന്ന വാക്കുകളും ചിന്തകളും ഉരുക്കിയെടുത്ത എന്റെ പ്രിയ ചങ്ങാതിക്ക് ഒരു പാട് നന്ദി)

Sunday, March 05, 2006

റാണാഘട്ടില്‍..

...ഒരു കൂട്ടമാളുകള്‍ ധൃതിവെച്ചുപോകുന്നത്‌ കുഞ്ഞുണ്ണിയുടെ ശ്രദ്ധയില്‍ പെട്ടു. ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന പുതിയ കോളറക്കേയ്സുകളാണ്‌.

കുഞ്ഞുണ്ണിയും ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു നടന്നു. ആശുപത്രിക്കൂടാരത്തില്‍ നിരനിരയായ മേശകള്‍ക്കുമേല്‍ അതിസാരം പിടിപെട്ട മെലിഞ്ഞ മനുഷ്യര്‍ കിടക്കുന്നു. കൂടാരത്തിന്റെ അറ്റത്ത്‌ ഒരു വെള്ളക്കാരി കിണഞ്ഞ്‌ പടമെടുക്കുന്നു. കുഞ്ഞുണ്ണി അവിടെ ചെന്നുനോക്കി. ഈരണ്ടുവയസ്സുചെന്ന രണ്ടുകുട്ടികള്‍ അടുത്തടുത്ത മേശകളില്‍ കിടക്കുന്നു. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ആണ്‍കുട്ടിയുടെ അച്ഛന്‍ മേശക്കരുകില്‍ നിന്നു, അയാള്‍ മുസല്‍മാനാണ്‌. പെണ്‍കുട്ടിക്ക്‌ ആരുമില്ല, അവളുടെ അച്ഛനും അമ്മയും അതിസാരത്തില്‍ മരിച്ചുപോയിരുന്നു. അവളെ എടുത്തുകൊണ്ടുവന്ന സന്നദ്ധസേവകന്മാര്‍ അവള്‍ ഹിന്ദുവാണെന്നു പറഞ്ഞു. മരുന്നിന്റെയും സലൈനിന്റെയും ദൌര്‍ലഭ്യം; ചെറുപ്പക്കാരിയായ ഒരു വൈദ്യവിദ്യാര്‍ത്ഥിനി പ്രത്യാശയില്ലാത്ത യുദ്ധത്തില്‍ മുഴുകി. വിശ്രമമില്ലാതെ പടമെടുത്ത വെള്ളക്കാരിയും ആ കുട്ടികളുടെ ജീവനുവേണ്ടി പൊരുതുകയാണെന്നു തോന്നി. ഈ റോളുകള്‍ പടമെടുത്തു തീരുമ്പോഴേക്കും അവയുടെ അവസാനതിലൊരു ചിത്രത്തില്‍ കുട്ടികള്‍ ചിരിച്ചുകളിച്ചുകൊണ്ട്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരുമെന്നു ശാഠ്യം പിടിക്കുക. കുഞ്ഞുണ്ണിക്ക്‌ അവിടെ നിന്ന് മാറാന്‍ കഴിഞ്ഞില്ല; ആ രണ്ടു ചെറിയ ഉടലുകള്‍ക്കകത്ത്‌ കോശവും വിഷകൃമിയും പോരാടുകയാണ്‌, ആ തമ്പിനു പുറത്തെ ചരിത്രസ്ഥൂലതകളിലെവിടെയോ നടക്കാനിരിക്കുന്ന ഒരു രാഷ്ട്രപ്പിറവിയ്ക്കുവേണ്ടി.

ഉച്ചതിരിഞ്ഞപ്പോള്‍ കുട്ടികള്‍ ശാന്തരായി. അവര്‍ കണ്ണുതുറന്നു ചിരിച്ചു. നനുത്ത ശബ്ദത്തില്‍ എന്തോ പറഞ്ഞു. ആണ്‍കുട്ടി തന്റെ ചെറിയ കൈ നീട്ടി പെണ്‍കുട്ടിയുടെ കൈയ്ക്കു പിടിച്ചു. പാണീഗ്രഹണം, സ്വയംവരം. കൈകോര്‍ത്തു പിടിച്ചുകൊണ്ടവര്‍ മേശകളില്‍ ശാന്തരായി മരിച്ചു.

ഇത്തിരിക്കഴിഞ്ഞ്‌ ശവങ്ങളെ അടക്കം ചെയ്യാന്‍ നേരമായപ്പോള്‍ മുഹമ്മദീയനായ അച്ഛന്‍ പറഞ്ഞു, "അവള്‍ എന്റെ കുട്ടിയുടെ കൂടെ കിടക്കട്ടെ."

ശവക്കുഴിയുടെ ചുറ്റും നിന്ന നാലഞ്ചുപേരില്‍ കുഞ്ഞുണ്ണിയും ഛായാഗ്രാഹികയായ മദാമ്മയും നിന്നു. മണ്ണു വീണു തൂരുമ്പോള്‍ മദാമ്മ കരയുകയായിരുന്നു. മാനം നിറഞ്ഞുനിന്ന വിരക്തിയുടെ സ്ഫടികമണ്ഡലത്തിലൂടെ അപ്പോഴും പക്ഷികള്‍ ഭാഗീരഥിയുടെ തടങ്ങളിലേക്ക്‌ പറന്നുപോയി.

തിരിച്ചു പോകാനൊരുങ്ങുമ്പോള്‍ മദാമ്മ കുഞ്ഞുണ്ണിയോടു പറഞ്ഞു, "ദൈവം എന്റെ ഈ പാപം പൊറുക്കട്ടെ, കൈ കോര്‍ത്തുപിടിച്ചു മരിച്ച ഈ കുട്ടികളുടെ ചിത്രം എന്റെ പത്രങ്ങളില്‍ അച്ചടിച്ചുവരും. ബര്‍ലിനിലും ഫ്രാങ്‌ക്‍ഫര്‍ട്ടിലും പ്രാതല്‍ കഴിക്കുന്ന വീട്ടമ്മമാര്‍ അതിലൂടെ അലസമായി കണ്ണോടിച്ചു പോകും. ദൈവമേ, ദൈവമേ!"

മടക്കയാത്രയില്‍ മദാമ്മയുടെ സങ്കീര്‍ത്തനം കുഞ്ഞുണ്ണി മനസില്‍ ആവര്‍ത്തിച്ചു: ദൈവമേ, ദൈവമേ!

ഗുരുസാഗരം
ഓ. വി. വിജയന്‍

Friday, February 24, 2006

അവള്‍ വീണു പോയി

അമ്മയ്ക്കു പിന്നില്‍ മറഞ്ഞുനിന്ന അവളെ വിശാലമനസ്കനും, കലേഷും, സ്വാര്‍ത്ഥനും, വക്കാരിയുമെല്ലാം കണ്ണുവച്ചു. റോക്സി അവളെനോക്കി വെള്ളമിറക്കി. സൂ അടുത്തവീട്ടിലെ പെണ്ണിനെ എന്നപോലെ അവളെ നോക്കി ഒന്നു ചിരിച്ചു. നളന്‍ ഒരു അപകട സൂചനയും തന്നു. എന്നിട്ടും ആരും അവള്‍ക്കൊരു ജീവിതം കൊടുത്തില്ല.

കഴിഞ്ഞയാഴ്ചയില്‍ അവള്‍ വളര്‍ന്ന് പുരനിറഞ്ഞു (അതോ മരം നിറഞ്ഞോ).
ഒടുവില്‍ അവള്‍ക്കൊരാള്‍ വന്നു. പക്ഷേ അയാള്‍ വന്നണഞ്ഞപ്പോഴേക്കും അവള്‍ മൂത്ത് പഴുത്ത് നിലത്തേയ്ക്കു വീണു.

കാമുകിയെ വയറുനിറയെ കൊത്തിത്തിന്ന് മടുത്തപ്പോള്‍ അയാള്‍ പറന്നകന്നു.
ഈച്ചയാര്‍ക്കുന്ന ശരീരം രണ്ടുനാള്‍ അവിടെ കിടന്നു, മരണാനന്തരകര്‍മ്മങ്ങളില്ലാതെ.

മുകളില്‍ അമ്മയുടെ തടിയില്‍ വീണ്ടും മറ്റൊരുത്തി മുളപൊട്ടി. അവള്‍ അമ്മയ്ക്കു പിന്നില്‍ സ്വപ്നം കണ്ടു വളരട്ടെ.
ചക്കക്കഥ തുടരട്ടെ, കൊതിനോട്ടവും. അവളുടെ ഭൌതിക ശരീരത്തിനരുകില്‍ കാമുകന്‍ . photo : AFP
(അമ്മയ്ക്കു പിന്നില്‍ എന്ന പഴയ ഒരു പോസ്റ്റിനെ പിന്‍പറ്റിയുള്ളതാണീ പോസ്റ്റ്.)

മൌസ് ട്രാപ്പ്

എലിക്കൂട്ടം പൊറുക്കുന്ന പഴം തട്ടും പുറമല്ല. എലിശല്യം മൂത്ത ഒരു ടേബിള്‍ പുറമാണിത്.

Tuesday, February 14, 2006

മിസ്സിസ്. പൂവന്‍!

നിഴല്‍ചന്തം നോക്കിനില്‍ക്കുകയല്ല ഞാന്‍. എനിക്കും ചിലതു പറയാനുണ്ട്.
എനിക്ക് പറയാനുള്ളത് ദേ ഇവിടെ!

Thursday, January 26, 2006

ഇനി പടിഞ്ഞാറ് ചേക്കേറാം..

കിഴക്ക് തുടങ്ങി പടിഞ്ഞാറ് എത്തുന്ന യാത്ര.
ഇവിടെ ചേക്കേറുമ്പോൾ നമ്മൾ ഒരുമിച്ചാണ്.
ആദ്യമെത്തുന്നവർക്ക് ആദ്യം. ഒരുമിച്ചു കരയാം. ഒരുപാട് സ്വപനങ്ങൾ കാണാം.
വെളുക്കും മുൻപു ഉണരാം. മലയാളിയെ ശുദ്ധീകരിക്കാം.
കുഞ്ഞിക്കയ്യിൽ നിന്ന് വീഴുന്ന നെയ്യപ്പത്തിനായ് കാത്തിരിക്കാം.
രാഗവും രസവും വൃത്തവുമില്ലാതെ കരയാം.

വീണ്ടും ഇവിടെ വരാം ചേക്കേറാം..