Thursday, January 26, 2006

ഇനി പടിഞ്ഞാറ് ചേക്കേറാം..

കിഴക്ക് തുടങ്ങി പടിഞ്ഞാറ് എത്തുന്ന യാത്ര.
ഇവിടെ ചേക്കേറുമ്പോൾ നമ്മൾ ഒരുമിച്ചാണ്.
ആദ്യമെത്തുന്നവർക്ക് ആദ്യം. ഒരുമിച്ചു കരയാം. ഒരുപാട് സ്വപനങ്ങൾ കാണാം.
വെളുക്കും മുൻപു ഉണരാം. മലയാളിയെ ശുദ്ധീകരിക്കാം.
കുഞ്ഞിക്കയ്യിൽ നിന്ന് വീഴുന്ന നെയ്യപ്പത്തിനായ് കാത്തിരിക്കാം.
രാഗവും രസവും വൃത്തവുമില്ലാതെ കരയാം.

വീണ്ടും ഇവിടെ വരാം ചേക്കേറാം..

Tuesday, January 24, 2006

കിഴക്കും പടിഞ്ഞാറും.

മൂകാംബികയിൽ നിന്നുമടങ്ങും വഴിയിൽ മംഗലാപുരത്തിനടുത്ത് കണ്ട ഉദയം.
ഒരു പാലത്തിനുഇടതുഭാഗത്തു കണ്ട കാഴചയാണിത്.

താഴെക്കാണുന്ന ചിത്രം അപ്പോൾതന്നെ പാലത്തിന്റെ വലതുഭാഗത്തുകണ്ട കാഴ്ചയും.
സൂര്യന്റെ വെളിച്ചം പാലത്തിനിപ്പുറം വച്ച് നിന്നുപോകുന്നു എന്നു തോന്നിപ്പിക്കുന്ന കാഴ്ച.
ഉദയസൂര്യന്റെ മഞ്ഞ, ലെൻസിലേക്ക് പകർന്നതാണ് കിഴക്കൻ കാഴ്ച.
ഇരുട്ട് മാറി നാട്ടുവെളിച്ചം പരക്കുന്ന ജലരാശി, പടിഞ്ഞാറൻ കാഴ്ചയും.
ഈ കാഴ്ചയ്ക്ക് ഫിൽട്ടറുകൾ ഇല്ല. യാത്രയിൽ ഉടനീളം തോന്നിയിരുന്നു, ഈ കർണാടക പ്രകൃതി കേരളത്തിനെക്കാൾ മികച്ചതാണോ എന്ന്.
രണ്ടറ്റവും അശോകസ്തംഭം നിർത്തിയ ഒട്ടനേകം പാലങ്ങൾ. അതിനുമുകളിലെത്തുമ്പോൾ കുട്ടനാടിലെന്നപോലെ രൂക്ഷഗന്ധമില്ല. റ്റോൾപിരിക്കാൻ നിൽക്കുന്നവന്റെ ധാർഷ്ട്യമില്ല.
പുഴകൾക്ക്‌ ഇരുവശവും കേരളത്തെക്കാളും തിങ്ങിയ നിരക്കിൽ കേരവൃക്ഷങ്ങൾ. കണ്ടൽക്കാടുകൾ. കണ്ണുനിറക്കുന്ന കർണാടക കാഴ്ച.

Wednesday, January 18, 2006

അമ്മയ്ക്കുപിന്നിൽ..

...ഒളിച്ചിരിന്ന് സ്വപ്നം കാണാം. പ്രായമാകുമ്പോൾ അരക്കൊഴുക്കിക്കരഞ്ഞ്‌ എരിശ്ശേരിയും അവിയലുമാകാം. അതുമല്ലെങ്കിൽ എണ്ണയിൽ പൊരിഞ്ഞ്‌ പൊന്തി ഒരു പ്രവാസിക്കൊപ്പം കൺവയർ ബെൽറ്റിലൂടെ നീങ്ങി, പറന്ന് കടൽകടന്ന് മറ്റൊരു പ്രവാസിയാകാം.

ഈ ചക്ക ജന്മം സഫലം.

Saturday, January 14, 2006

ലൂസിഫർ കുഞ്ഞുമീൻ!

ടിങ്കുചേട്ടനാണ്‌ അവൾക്ക്‌ അതു കൊടുത്തത്‌. ഒരു ഹോർളിക്സ്‌ കുപ്പിയിൽ നിറച്ച കുളത്തിലെ വെള്ളത്തിൽ, ഉരുളൻ കല്ലുകൾക്കു മുകളിൽ കുഞ്ഞു സസ്യങ്ങളുടെ ഇടയിൽ പകച്ചു നീന്തുന്ന ഒരു കുഞ്ഞു മീൻ. ജന്മഗൃഹം മേൽപ്പറഞ്ഞ ചേട്ടന്റെ വീടിനടുത്തുള്ള ഒരു വാൽക്കുളം. അതുകൊണ്ടുമാത്രം അതിന്‌ ഒരു പേരുപോലും സ്വന്തമായില്ലായിരുന്നു.
പക്ഷെ കല്യാണിക്ക്‌ ആ മീൻ സ്വന്തമായിരുന്നു, ഒരു കാഴ്ചയായിരുന്നു. അവളും അവളുടെ ഉണ്ണിച്ചേട്ടനും മീനുചേച്ചിയും ചേർന്ന് അതിനു കുപ്പിനിറയെ ആഹാരം കൊടുത്തു. കൊച്ചിയിൽ വരുമ്പോൾ അതിനെ എങ്ങനെ വളർത്തണം എന്നും അവൾ പ്ലാൻ ചെയ്ത്‌ അവതരിപ്പിച്ചു.

പിറ്റേ ദിവസം രാവിലെ വെള്ളത്തിൽ തളർന്നുതുടങ്ങിയ ചെടികളുടെ ഇടയിൽ അത്‌ തലതിരിഞ്ഞ്‌ കിടന്നു. താഴെ ഉരുളൻ കല്ലുകൾക്കിടയിൽ അതിനുള്ള ആഹാരം അനാഥമായ്‌ കിടന്നു.

കല്യാണി വിഷമിച്ചു. അവളുടെ മീൻ മരിച്ചുപോയി.
അവൾ പ്രഖ്യാപിച്ചു, " അഛാ ഞങ്ങൾ ഈ മീനിനെ പള്ളിയിൽ കൊണ്ടോയ്‌ അടക്കം ചെയ്യും" (അവളുടെ പ്രഖ്യാപനത്തിനു താങ്ങായ്‌ മീനുചേച്ചിയും ഉണ്ണിചേട്ടനും നിന്നു) ഞങ്ങൾ ചിരിച്ചു.
ഞാൻ ഓർത്തു കൊച്ചിയിൽ അടുത്തവീട്ടിലെ ഒരു അങ്കിൾ മരിച്ചപ്പോൾ ആ ബോഡി എന്തുചെയ്യും എന്നു അവൾക്ക്‌ ഞാൻ പറഞ്ഞുകൊടുത്തകാര്യം.

ടി. വി.യുടെ ആലസ്യം നിറഞ്ഞ മദ്ധ്യാഹ്നം.
മീനുവിന്റെ ഒച്ച " കുഞ്ഞ്വാമാ മീനിന്റെ അടക്കം ചെയ്തു. കാണണമെങ്കിൽ വാ"

ഞാൻ ചെന്നു. അതുപോലെ തിരികെ വന്നു. ക്യാമറയുമായി തിരികെ ചെന്നു, ചിത്രങ്ങൽ ഏടുക്കണം ഒരു ശവമടക്കാണ്‌.

ആ മീനിന്റെ മൺകൂനയ്ക്കുചുറ്റും ഈർക്കിൽ വേലി. മീനുവിന്റെ കയ്യക്ഷരത്തിൽ ഒരു പേപ്പർ ഫലകം അതിന്റെ തലക്കൽ.

അതിലിങ്ങനെ വരികൾ
"ലൂസിഫർ കുഞ്ഞുമീൻ"
ജനനം : ഞങ്ങൾക്ക്‌ അറിയില്ല.
മരണം : 1/1/2006

മൂവരും അതിനു ചുറ്റും കുനിഞ്ഞിരുന്ന് പ്രാർത്ഥിച്ചു. പൂവിട്ടു.

മരണശേഷം നാമകരണം നടന്ന ആദ്യ സംഭവം.
ഒരു കുഞ്ഞു മീനിനു ലൂസിഫർ എന്ന ചെകുത്താന്റെ (?) പേരും.

ലൂസിഫർ കുഞ്ഞുമീൻ!
അവനും ഇരുന്നോട്ടെ ഈ തോന്ന്യാക്ഷരചരിത്രത്തിൽ. (ഇവൻ ചരിത്രപുരുഷൻ ആകും എന്നറിഞ്ഞിരുന്നെങ്കിൽ മരണത്തിനുമുൻപു തന്നെ ഒരു ചിത്രം എടുത്തുവയ്ക്കാമായിരുന്നു)