Wednesday, August 30, 2006

..നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍...

"നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ..

വിരഹനൊമ്പര ത്തിരിയില്‍ പൂവുപോല്‍ വിടര്‍ന്നൊരുനാളം എരിഞ്ഞു നില്‍ക്കുന്നു

ഋതുക്കളോരോന്നും കടന്നു പോവതിന്‍ പദസ്വനം കാതില്‍ പതിഞ്ഞുകേള്‍ക്കവേ വെറുമൊരോര്‍മ്മതന്‍ കിളുന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണ് ഞാന്‍..

നിമിഷ പാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നു അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമാം പവിഴദ്വീപില്‍ നാം ഇരിപ്പതെന്തിനോ..."

ഗാനത്തിനും വരികള്‍ക്കും കടപ്പാട് : ജാനകി / ഓ എന്‍ വി / എം ബി ശ്രീനിവാസ്

നിറങ്ങള്‍ തന്‍ നൃത്തം എന്ന സീരീസ് അവസാനിക്കുന്ന ഈ പോസ്റ്റ് “നിറങ്ങള്‍ തന്‍ നൃത്തം ഒഴിഞ്ഞൊരീമണ്ണില്‍..“ എന്ന മനോഹര ഗാനത്തിനു സമര്‍പ്പിക്കുകയാണ്, എന്റെ കാഴ്ചകള്‍ കൊണ്ട്.

എന്റെ അപേക്ഷ പരിഗണിച്ച് നമ്മുടെ ബിരിയാണിയനിയത്തിക്കുട്ടി ആ ഗാനം തന്റെ മനോഹര ശബ്ദത്തില്‍ ഈ പോസ്റ്റിനുവേണ്ടി ആലപിച്ചിട്ടുണ്ട്. അത് കേള്‍ക്കാന്‍ ബിരിയാണിയുടെ പോസ്റ്റിലേക്ക് പോകാന്‍ ഇവിടെ ഞെക്കുക.

ഈ സീരിസിലെ മറ്റു ചിത്രങ്ങള്‍ / പച്ച / ചുവപ്പ് / നീല / മഞ്ഞ /

Tuesday, August 29, 2006

നിറങ്ങള്‍ തന്‍ നൃത്തം # 04 “പീതം“.

പച്ചയില്‍ ആയിരുന്നു തുടക്കം. അതു പിന്നെ ചുവപ്പിലേക്കും, നീലയിലേക്കും പടര്‍ന്നു. ആര്‍. ജി. ബി. ത്രയം അതോടെ പൂര്‍ണ്ണം.

ഇനി ഒരു നിറം വേണം. അപ്പോള്‍ മനസില്‍ മറ്റുനിറങ്ങളെ മായ്ച്ചുകൊണ്ട് തെളിഞ്ഞു, മഞ്ഞ!

(കണിക്കൊന്നയുടേയും, അസ്തമയസൂര്യന്റേയും പതിവു കാഴ്ചകളില്‍ നിന്നും ചുവടുമാറാനുള്ള ഒരു ശ്രമം കൂടി)

Saturday, August 26, 2006

..നിറങ്ങള്‍ തന്‍ നൃത്തം # 03 “നീലിമ”.

ചുവപ്പില്‍ തുടങ്ങി പച്ചയിലേക്ക്. ആ പച്ച ഇനി നീലയിലേക്ക് ലയിക്കുന്നു.

ഭൂതത്താന്‍‌കെട്ടില്‍ പെരിയാറിന്റെ ഒഴുക്ക് തടഞ്ഞിടുമ്പോള്‍ ഇങ്ങുമുകളില്‍ തട്ടേക്കാടിലും പെരിയാര്‍ നിശ്ചലമാകും.

കാറ്റുപിടിച്ചുനില്‍ക്കുന്ന നീലിമ. ഗോവയില്‍ കണ്ടത്.

പടിഞ്ഞാറ് അസ്തമിക്കുമ്പോള്‍ എറണാകുളത്തിനു മുകളിലൂടെ കിഴക്ക് കാണുന്നത് ഇങ്ങനെയാണ്. മേഘങ്ങളില്‍ തട്ടുന്ന ചെറുമഞ്ഞ അസ്തമയസൂര്യന്റെയാണ്.

ഗോവയിലെ മറ്റൊരു തീരം. (anjuna ബീച്ച് ആണെന്ന് ഓര്‍മ്മ)

Thursday, August 24, 2006

പകരക്കാരന്‍

മനുഷ്യനിര്‍മ്മിതമായ രാത്രി ദീപത്തിനു പിന്നില്‍ പ്രകൃതിയുടെ പകല്‍തിരി താഴുന്നു. അല്പനേരം കൂടികഴിയുമ്പോള്‍ ഈ രാത്രിദീപം തെളിയും. പ്രകൃതി ഉറങ്ങാന്‍ തുടങ്ങും, മനുഷ്യന്റെ മനസില്‍ കാമനകള്‍ ഉണരാനും. സൂര്യന്‍ മനുഷ്യന്റെ മനസറിഞ്ഞ് വിഷമത്തോടെ വേദി ഒഴിയുന്നതു പോലെയാണ് ഓരോ സന്ധ്യകളും.

“മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന സുസ്നേഹമൂര്‍ത്തിയാം സൂര്യ! സ്വസ്തി ഹേ സൂര്യ! തേ സ്വസ്തിഃ“ -സൂര്യഗീതം, ഓ എന്‍ വി.

(മറ്റു ചില സൂര്യചിത്രങ്ങള്‍.) 1.പൊന്നുരുക്ക് 2.കടവില്‍ 3.താഴേക്ക് നോക്കുന്ന സൂര്യന്‍ 4.കിഴക്കും പടിഞ്ഞാറും.

Monday, August 21, 2006

ഉടക്ക്.

“നിനക്കെന്താ കാര്യം പറയുമ്പോള്‍ അത് ശരിയായ അര്‍ത്ഥത്തില്‍ മനസിലാകാത്തേ?”

“എനിക്കു മനസിലാകില്ല. അത്ര തന്നെ!”

“പക്ഷെ നിന്നെ നിന്റെ ഓഫീസില്‍ കാണുമ്പോള്‍ ഇങ്ങനെ അല്ലലോ! എല്ലാവരേയും ഓരോന്നും പറഞ്ഞു മനസിലാക്കുന്നതു കാണുമ്പോള്‍, ഉപദേശിക്കുന്നതു കാണുമ്പോള്‍ എനിക്കു തന്നെ അതിശയം തോന്നാറുണ്ട്. എന്നിട്ടിപ്പോള്‍ നീ എന്താ ഇങ്ങനെ? എന്നോട് മാത്രം കൊച്ചുകുട്ടികളെപോലെ”

“...........”

“നിന്നോടാ ഈ ചോദിക്കണേ!“

“ഞാന്‍ അതു പറയണോ?”

“ഹാ.. പറയണം!“

“ഞാന്‍ നിന്റെ പെണ്ണായതുകൊണ്ട്!“

Sunday, August 13, 2006

യാത്രക്കാരുടെ മരം (എല്‍ ജിയ്ക്ക്!)

ഇതാണ് ട്രാവലേര്‍സ് ട്രീ. ഇതിന്റെ പള്ളനിറയെ വെള്ളമാണ്. ചൂടുപ്രദേശങ്ങളിലെ യാത്രക്കാര്‍ ദാഹജലത്തിനായി ഇതിന്റെ പള്ളകുത്തിക്കീറി വെള്ളം എടുക്കാറുണ്ട് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. മുന്‍പു താമസിച്ച് ഒരു അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ എതിരേയുള്ള വീട്ടില്‍ കാണുമായിരുന്ന ‘ചെടി’ (കല്യാണിയുടെ ഭാഷയില്‍). എല്‍ ജി ഇങ്ങനെ ഒരു മരത്തെക്കുറിച്ച് കേട്ടിട്ടില്ല എന്നു എന്റെ കഴിഞ്ഞ പോസ്റ്റിലെ കമന്റില്‍ പറഞ്ഞതു കൊണ്ട് ഇവിടെ ഈ പോസ്റ്റര്‍ ഒട്ടിക്കുന്നു.

സഹബ്ലോഗറന്മാരേ, സഹായിക്കൂ.. ഇതിന്റെ നാടന്‍ പ്യാര് എന്തര്? എന്തരാ വാഴകള് എന്നല്ലീ?

Saturday, August 12, 2006

ആനക്കാര്യം.

അതിരാവിലെ കല്യാണിയെ സ്കൂളില്‍ വിട്ടിട്ട്‌ പത്രവും വായിച്ചിരുന്നപ്പോള്‍ താഴെ റോഡില്‍ ഇടതു വശത്തുള്ള വളവില്‍ പതിവില്ലാത്ത ഒച്ചകളും ചങ്ങല കിലുക്കവും കേട്ടു. മടി മനസിനോട്‌ പറഞ്ഞു, തിരിഞ്ഞുനോക്കണ്ട, അതിങ്ങുവരും അപ്പോള്‍ നോക്കാം. ഒരു അനുസരണയുള്ള കുട്ടിയെപോലെ ഞാന്‍ ആ ഇരുപ്പിനെ കാത്തിരിപ്പാക്കി.

ശബ്ദം അടുത്തെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. ഞാന്‍ ഞെട്ടി. ഒഴുക്കിലെന്നപോലെ വരുന്ന ഒരു ആനക്കാരന്‍. അയാളുടെ കാലുകള്‍ക്കിടയില്‍ ഒരു ആന. ഞാന്‍ ഓടി. ക്യാമറാബാഗിന്റെ സിബ്‌ കീറി ക്യാമറ പുറത്തെടുത്ത്‌ വീണ്ടും ബാല്‍ക്കണിയിലേക്ക്‌. ഒന്നു ക്ലിക്കി. എന്റെ ആക്രാന്തം കണ്ടിട്ടാവണം ആനക്കാരന്‍ ബ്രേക്ക്‌ ചവിട്ടി. ഒരു റോഡ്‌ റോളര്‍ പോലെ ആന നിന്നു. ഞാന്‍ ക്യാമറ ആനയെ വെടിവയ്ക്കാന്‍ ഒരു തോക്ക്‌ എന്ന പോലെ ലോഡ്‌ ചെയ്തു നിര്‍ത്തി.

ആനക്കാരന്‍ ചെറുതായി വളച്ച് റിവേഴ്സ്‌ എടുത്തു. പിന്നെ ക്ലച്ച്‌ ചവിട്ടി ലെഫ്റ്റിലേക്ക്‌ തിരിച്ചു. എന്നിട്ട്‌ ഇന്നാ എടുത്തോ എന്ന മട്ടില്‍ നിര്‍ത്തി. തുമ്പിക്കയ്യില്‍ പിടിച്ചിരുന്ന പച്ചയോലകള്‍ ആന നിലത്തിട്ടു. ക്യാമറ എന്റെ കണ്ണുമറച്ചു. അതിനുള്ളിലൂടെ ഞാന്‍ കണ്ടു, ആനക്കാരന്‍ അരയില്‍ കൈവച്ച്‌ ഒരു പോസ്‌ സൃഷ്ടിക്കുന്നത്‌. ഒരു ഉത്സവത്തിന്റെ ക്ഷീണം ആനയുടെ കണ്ണില്‍.

ഔട്ട്‌ ആയാലോ? ഷേക്ക്‌ ആയാലോ? ലൈറ്റ്‌ പോരെങ്കിലോ? ആ നില്‍പ്പില്‍ തന്നെ ഞാന്‍ മൂന്നു വെടി പൊട്ടിച്ചു. ക്യാമറ താണു. ആന അതിന്റെ ബ്രേക്ക്‌ ഫാസ്റ്റ്‌ തുമ്പിയില്‍ ചുരുട്ടി എടുത്തു. ഞാന്‍ ഓര്‍ത്തു, സ്വന്തം ആഹാരം ഇങ്ങനെ ഒപ്പം കൊണ്ടു നടക്കുന്ന ജീവി വേറേ എതുണ്ട്‌? ലഞ്ച്‌ ബോക്സ്‌ ചുമക്കുന്ന മനുഷ്യനല്ലാത.

ആനക്കാരനു ഞാന്‍ നന്ദി പുരട്ടിയ ചിരി താഴേക്ക്‌ എറിഞ്ഞുകൊടുത്തു. അയാള്‍ എനിക്ക്‌ തിരിച്ച്‌ അതുപോലൊന്ന് മുകളിലേക്കും.

വളവു കഴിഞ്ഞു ആന അപ്രത്യക്ഷമായി. കുറേ കഴിഞ്ഞപ്പോള്‍ അതിന്റെ ചങ്ങലകിലുക്കവും. ഞാന്‍ വീണ്ടും പത്രത്തിലേക്ക്.

Tuesday, August 08, 2006

കടലിനും കരയ്ക്കും വേണ്ടാതെ.

ആകലെ, അങ്ങകലെ എനിക്കു കേള്‍ക്കാം ആഴക്കടലിന്റെ ഇരമ്പം.

ഇങ്ങു ദൂരെ കരയുടെ ഒടുങ്ങാത്ത ക്രൂരതയുടെ കൊടുംചൂടില്‍ ചുട്ടുപൊള്ളിക്കിടക്കുന്ന എന്റെ ചങ്കില്‍ ഞാനറിയുന്നു നിന്റെ ഉള്ളില്‍ ഞാന്‍ ഊളിയിട്ടെത്തിപ്പിടിച്ചിരുന്നിരുന്ന തണുപ്പിന്റെ സ്നേഹത്തെ. അതിന്റെ നീലിച്ച വിശാലതയെ.

എവിടെയോ അടര്‍ന്നു പോയ എന്റെ കണ്ണുകള്‍ ഇപ്പോള്‍ തിരയുന്നത്‌ എന്റെ കണ്‍കുഴികളെയല്ല, മറിച്ച്‌ നിന്റെ നുരകളേയും അതില്‍ തുള്ളിച്ചാടിക്കളിക്കുന്ന എന്റെ കൂട്ടാളരേയുമാണ്‌.

ശൂന്യമായ എന്റെ കണ്‍കുഴികളില്‍ എനിക്കിപ്പോഴും കാണാം , ഞാനുരുമ്മി നിന്നിരുന്ന നിന്റെ പവിഴപ്പുറ്റുകളെ, എന്നെ മാറോട്‌ ചേര്‍ത്ത്‌ പിടിച്ചിരുന്ന നിന്റെ അലക്കൈകളെ, ഒരു വലയ്ക്കും വിട്ടു കൊടുക്കാതെ എന്നെ കാക്കാന്‍ നീ എന്റെ മേല്‍ പുതച്ച നീലിച്ച സ്നേഹക്കമ്പിളിയെ.

മസ്തിഷ്കത്തില്‍ ഇരുട്ടു കയറുന്നു, എങ്കിലും ഞാനറിയുന്നു, നിന്റെ ഉപ്പ്‌ ഇടയ്ക്കിടെ എന്നെ വന്നു തൊട്ടു തലോടുന്നത്‌.

(ചതിയുടെ വലയില്‍ അല്ലാതെ വീണു ചത്താല്‍ മീനുകളെ കരയ്ക്കും കടലിനും വേണ്ട. ഗോവയില്‍ ഒരു കടല്‍ തീരത്തു കണ്ട കാഴ്ച)