Wednesday, August 24, 2005

ഇനിയും നീളട്ടെ ഈ മുടിനാരുകൾ

അടുത്തിടെ ചെന്നൈയിലേക്കുള്ള യാത്രാമദ്ധ്യേ, എന്റെ അടുത്തിരുന്നയാളുടെ മുടി ഞാൻ ശ്രദ്ധിച്ചുപോയി.

എനിക്കറിയാം ഈ മുടി.

സ: പന്ന്യൻ രവീന്ദ്രൻ!

പുലിക്കോടൻ നാരായണന്റെ താക്കീതിനോടുള്ള പ്രധിക്ഷേധമായ്‌ തഴച്ചു വളർന്ന മുടി. ആ മുടി നാരുകൾക്കരുകിൽ ഇരുന്നപ്പോൾ എന്റെ ഉള്ളിലും അൽപ്പം വീര്യം ഉറകൊണ്ടു.ഒരു പ്രേരണയിലെന്നപോലെ ഞാൻ അങ്ങോട്ടുകയറി പരിചയപ്പെട്ടു.

ജാഢയും ഗാംഭീരവുമില്ലാതെ അദ്ദേഹം സംസാരിച്ചു. ശ്രീ കെ. വി. സുരേന്ദ്രനാഥിന്റെ ലളിതജീവിതത്തെക്കുറിച്ച്‌, ഉമ്മൻ ചാണ്ടിയുടെ പൊയ്മുഖങ്ങളെക്കുറിച്ച്‌, ബർലിൻ കുഞ്ഞനന്തൻ നായരുടെ മലക്കം മറിയലിനെക്കുറിച്ച്‌...

എവിടെയോ അടുത്തു പരിചയമുള്ള ഒരു വ്യക്തിയുടെ വാക്കുകൾ പോലെ ഞാൻ കേട്ടിരുന്നുപോയി. അതായിരിക്കാം അദ്ദേഹത്തിന്റെ ആകർഷകത്വം.

ചില ചെറിയ ചെറിയ തിരിച്ചറിവുകൾ സമ്മാനിച്ച സഖാവേ,

ലാൽ സലാം!!

Thursday, August 18, 2005

ആമക്കഥ

(ഇത്‌ കല്യാണിയുടെ ആദ്യത്തെ കഥയാണ്‌. കല്യാണി ഒരു യൂക്കേജിക്കാരിയാണ്‌. കഥ വെട്ടും തിരുത്തും ചിന്തയും ഒന്നും കടത്താതെ യൂണിക്കോടാക്കി പോസ്റ്റ്ചെയ്യുന്നു)

ഒരിക്കൽ ഒരു കാട്ടിൽ ഒരു ആമ ഉണ്ടായിരുന്നു. ആ ആമ വിശന്നു തളർന്ന് ഒരു കാട്ടിലെത്തി. അവിടെ കുറേ മൃഗങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ ഈ മൃഗങ്ങൾക്ക്‌ വിശന്നു തളർന്നിരിക്കുകയായിരുന്നു. അപ്പോൾ മൃഗങ്ങൾ ഈ ആമയെ കടിച്ചുതിന്നു. തോടു തിന്നില്ല. തോടു തിന്നാൻ പറ്റില്ലല്ലോ. അപ്പോൾ തോടുമാത്രം വീട്ടിൽപോയി.

കഥാകൃത്ത്

Tuesday, August 09, 2005

തലമുറ!

തലമുറകളുടെ യാത്ര

Saturday, August 06, 2005

ചരിതം തിരുത്തിയ കോശി..

ട്രിവാൻട്രം മെഡിക്കൽ കോളേജിലെ ലക്ചർ ഹാൾ, 2005 ലെ ഒരു ഉച്ചകഴിഞ്ഞുള്ള സമയം. ശ്രദ്ധയോടെ ഇരിക്കുന്ന വിദ്യാർത്ഥികൾ. അവരുടെ ഇടയിൽ നിന്നും പെട്ടന്ന് കോശിയെക്കാണാനില്ല. അഞ്ചു മിനുട്ടിനു മുൻപ്‌ കണ്ടതാണ്‌. പെട്ടന്ന് കോശി ഇല്ലാതായി...

ഷാജഹാൻ വലിയ മുറിയ്ക്ക്‌ കുറുകെയും നെടുകെയും നടക്കുകയാണ്‌. അദ്ദേഹത്തിന്റെ ബീവി പതിനാലാമത്തെ പേറിന്റെ അവസാന നിമിഷത്തിലാണ്‌. പ്രസവം സുഖകരമാവാൻ വഴിയില്ല, അതിന്റെ ആകുലതയും വ്യാകുലതയുമാണ്‌ ഷാജഹാന്റെ മുഖത്ത്‌. വയറ്റാട്ടിപ്പട തലങ്ങും വിലങ്ങും ഓടി നടക്കുന്നു. ഷാജഹാന്റെ കണ്ണുകൾ ഇടയ്ക്ക്‌ ബീവി കിടക്കുന്ന മുറിയിലേക്ക്‌ പാളിപ്പോകും. അതിരുകളില്ലാത്ത സ്നേഹമാണ്‌ ഷാജഹാന്‌ ബീവിയോട്‌. അവൾ ആഗ്രഹിച്ചതൊക്കെ അയാൾ കൊടുത്തിരുന്നു. ഷാജഹാന്‌ അതിനു കഴിയും കാരണം ഷാജഹാൻ ആഞ്ചാമത്തെ മുഗൾ ചക്രവർത്തിയാണ്‌.

കോശി ഷാജഹാൻ ചക്രവർത്തിയെ മുഖം കാണിക്കാൻ വന്നു നിന്നു. കുറച്ചു സമയം കോശി ഒന്നും മിണ്ടിയില്ല. ഷാജഹാൻ ചോദിച്ചു, 'ആരാ? എവിടെ നിന്നും വരുന്നു?' കോശി പറഞ്ഞു, 'ഞാൻ അലക്സ്‌ കോശി പൈനുംമൂട്ടിൽ. കോശി എന്നു വിളിക്കും, 2005ൽ നിന്നും വരുന്നു.' ആഗമന ഉദ്ദേശം കോശി പറഞ്ഞു. കോശിയെ അന്തപ്പുരത്തിലേക്ക്‌ ആനയിക്കപ്പെട്ടു. ഷാജഹാൻ വീണ്ടും ഉലാത്തി, നെടുകെയും കുറുകെയും.

എതാനും സമയത്തിനുശേഷം കോശി വാതിൽ തുറന്ന് ഇറങ്ങി വന്നു. വെളുത്ത തൂവാലയിൽ കൈ തുടച്ചു കോശി ഷാജഹാനോടു പറഞ്ഞു, "സുഖപ്രസവം. മുംതാസ്‌ ബീഗവും കുഞ്ഞും സുഖമായിരിക്കുന്നു, കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞിട്ട്‌ അകത്തുകയറി കണ്ടോളൂ." പരസ്പരം ഒന്നും പറയാതെ അവർ രണ്ടാളും കുറച്ചുനേരം നിന്നു. പിന്നെ കോശി പടി ഇറങ്ങി. ഇറങ്ങുമ്പോൾ കോശി ഓർമ്മിപ്പിച്ചു ‘ഇന്ന് 1631, ജൂൺ 17 ആണ്, നല്ലദിവസമാണോ എന്ന് ഒന്ന് നോക്കിക്കോളു.’

കോട്ടയുടെ മുന്നിലെത്തിയപ്പോൾ, കോശി ഉറക്കെ വിളിച്ചു പറഞ്ഞു, "ഞാൻ ചരിത്രം തിരുത്തി" "ഞാൻ ചരിത്രം തിരുത്തി എഴുതി" "ഞാൻ താജ്‌ മഹലിന്റെ വരവിനെ തടഞ്ഞു." "ലക്ഷക്കണക്കിന്‌ അടിമകളെ ഞാൻ കഷ്ടപ്പെടലിൽ നിന്നും മോചിപ്പിച്ചു." "ലോകാത്ഭുതങ്ങളുടെ എണ്ണം കുറച്ചു." "ആഗ്രയെ വെറും യമുനാതീരമാക്കി." "ഞാൻ ചരിത്രം തിരുത്തി"

അതുകേട്ട്‌ ചുറ്റും കൂടി നിന്നവർ ആരവം ഉയർത്തി. കോശി കണ്ണുതുറന്നു. ചുറ്റും സഹപാഠികൾ നിരന്നു നിൽക്കുന്നു. നിശബ്ദമാണ്‌ ലക്ചർ ഹാൾ. എല്ലാവരുടെ മുഖത്തും അതിശയം. കോശിയുടെ മുഖത്തുമാത്രം ചരിത്രം തിരുത്തിയ പുഞ്ചിരി.

Wednesday, August 03, 2005

അയാൾ ബ്ലോഗെഴുതുകയാണ്‌

വിഷയ ദാരിദ്ര്യത്തിന്റെ വിഭ്രാന്തിയിൽ അയാൾ തൊടി മുഴുവൻ അലഞ്ഞു. തെങ്ങും കവുങ്ങും പിടിച്ചുകുലുക്കി. പയ്ക്കളെ കയറൂരിവിട്ടു. നാട്ടുമാവിന്റെ പൂങ്കുലകളെ തല്ലിത്തകർത്തു. അതിശയത്തിന്റെ പടവുകൾ ഇറങ്ങിവന്ന പ്രിയ സഹയാത്രികക്കും കൊടുത്തു കൈവീശി ഒന്ന്......

എല്ലാം കഴിഞ്ഞപ്പോൾ, കലിയടങ്ങിയപ്പോൾ അയാൾ ബ്ലോഗെഴുതാനിരുന്നു.

അയാൾ എഴുതി.

"ഓടി നടന്ന പയ്ക്കളും
ഒടുവിലായ്‌ നീയും
നിന്റെ ഓർമ്മകളും
ഒരുമിച്ചു നാം കണ്ട സ്വപ്നങ്ങളും
ഒരോന്നായ്‌ പടിയിറങ്ങിപ്പോയ്‌.
തൊടിയിൽ ഞാൻ മാത്രമായ്‌"

സന്തോഷത്തോടെ പോസ്റ്റ്ചെയ്ത ശേഷം, പിന്മൊഴികളുണ്ടോ എന്ന് ചില നിമിഷങ്ങൾ കാത്തു. പിന്നെ ലോഗോഫ്‌ ചെയ്ത്‌ കംപ്യൂട്ടർ ഷട്ട്‌ഡൌൺ ചെയ്ത്‌ അയാൾ ഉറങ്ങാൻ കിടന്നു. വിഷയദാരിദ്ര്യത്തെ തോൽപ്പിച്ച സംതൃപ്തി അയാളുടെ മുഖത്ത്‌ ഒരു ചിരിയായ്‌ വറ്റി നിന്നു.

Monday, August 01, 2005

കണ്ണും നട്ട്‌ കാത്തിരുന്നിട്ടും.....

ഗിരീഷ്‌ പുത്തഞ്ചേരി എഴുതി എം ജയചന്ദ്രൻ ഈണമിട്ട, വിദ്യാധരൻ മാഷും ജയചന്ദ്രനും 'ചേർന്നുപാടിയ' ഒരു ഗാനം. കഥാവശേഷനിലെ ഈ ഗാനം എന്തുകൊണ്ടു മലയാളി ചർച്ചയ്ക്ക്‌ എടുത്തില്ല. ഒരു സദസ്സുകളിലും ഒരു റിപ്പോർട്ടുകളിലും ഇത്‌ ശ്രദ്ധിക്കപ്പെട്ടില്ല, ഒടുവിൽ അതിശയംപോലെ അവാർഡ്‌ കമ്മിറ്റി മാത്രം ഈ ഗാനത്തിന്റെ മഹത്വം കണ്ടു. വിശ്വസിക്കൂ, ഇന്ദ്രൻസ്‌ ഈ രംഗം ശരിക്കും അവിസ്മരണീയമാക്കി. ആലാപന ശൈലിയുടെ ഒരു പുതിയ വഴിയിലൂടെ വിദ്യാധരൻ മാഷ്‌ നമ്മളെ കൊണ്ടുപോകുന്നു, ജയചന്ദ്രൻ അദ്ദേഹത്തെ അനുഗമിക്കുന്നു.

ഗാനമിങ്ങനെ. ശബ്ദത്തിൽ വേണ്ടവർ ഇവിടെ നിന്നും എടുക്കുക.

കണ്ണും നട്ട്‌ കാത്തിരുന്നിട്ടും
എന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്‌.
പൊന്നുകൊണ്ടു വേലി കെട്ടീട്ടും
എന്റെ കൽക്കണ്ടക്കിനാവുപാടം കൊയ്തെടുത്തതാരാണ്‌.

കുമ്പിളിൽ വിളമ്പിയ പയ്‌മ്പാലെന്നോർത്തു ഞാൻ
അമ്പിളി കിണ്ണത്തെ കൊതിച്ചിരുന്നു
അന്നത്തെ അന്തിയിൽ അത്താഴപാത്രത്തിൽ
അമ്മതൻ കണ്ണീരോ തിളച്ചിരുന്നു,
അങ്ങനെ ഞാനന്നും കരഞ്ഞിരുന്നു.

കണ്ണും നട്ട്‌ കാത്തിരുന്നിട്ടുംഎന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്‌..

കിളിച്ചുണ്ടൻ മാവിൽ കണ്ണെറിഞ്ഞന്നുഞ്ഞാൻ
കനിയൊന്നു വീഴ്തീ ഒളിച്ചുവച്ചു.
നീയതുകാണാതെ കാറ്റിന്റെ മറവിലൂടക്കരക്കെങ്ങോ തുഴഞ്ഞുപോയി
കടവത്തു ഞാൻ മാത്രമായി.

കണ്ണും നട്ട്‌ കാത്തിരുന്നിട്ടുംഎന്റെ കരളിന്റെ കരിമ്പുതോട്ടം കട്ടെടുത്തതാരാണ്‌..