ആംബിയന്റ് മീഡിയ (Ambient Media).
ഇത് ഒരു പുതിയ പരസ്യസങ്കേതം. മാധ്യമരംഗത്ത് ഇളമുറക്കാരനായ ഈ ഉണ്ണി കളി തുടങ്ങിയിട്ട് ഉദ്ദേശം അഞ്ചുവര്‍ഷമേ ആയിട്ടുണ്ടാവൂ. പക്ഷെ ജനശ്രദ്ധ, അങ്ങനെ തന്നെ പറയണം “ജനശ്രദ്ധ” പിടിച്ചുപറ്റിത്തുടങ്ങിയതു വളരെ വേഗത്തില്‍ ആയിരുന്നു. കാരണം ജനശ്രദ്ധ അതാതു ഉത്പന്നവുമായി വേഗത്തില്‍ രസകരമായി പിടിച്ചുപറ്റുക, അതായിരുന്നു ഈ സങ്കേതത്തിന്റെ പ്രധാന ആകര്‍ഷണം. പരസ്യ രംഗം കീഴടക്കിയിരുന്ന പരമ്പരാഗത മാധ്യമങ്ങളായ ടീവി, റേഡിയോ, പ്രിന്റ്, ഔട്ട് ഡോര്‍, ഓണ്‍ലൈന്‍ എന്നിവയ്ക്ക് ഒരു വെല്ലുവിളിപോലെയാണ് ആംബിയന്റ് മീഡിയ എന്ന നോണ്‍ ട്രടീഷണല്‍ / ഓള്‍ട്ടര്‍നേറ്റീവ് മീഡിയം രംഗത്ത് എത്തിയത്.
എന്നാല്‍ ഇതും ഔട്ട് ഡോര്‍ എന്ന സങ്കേതവും തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്. പക്ഷെ ആമ്പിയന്റ് മീഡിയ അത് പ്രതിനിധാനം ചെയ്യുന്ന മീഡിയവുമായി ഇഴുകി ചേര്‍ന്നു നില്ക്കുന്നു. അതായത് ഈ മീഡിയം പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലവും രീതിയും എല്ലാം അതാത് ഉത്പന്നവുമായി വളരെ സാമ്യം ഉള്ള രീതിയില്‍ ആയിരിക്കും.
ഷോപ്പിങ് മോളുകള്‍ പോലെ ജനം തിക്കി തിരക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന മാധ്യമം ആണ് ആംബിയന്റ് മീഡിയ. ഇവ ഉപഭോക്താവുമായി നേരിട്ട് സംവേദിക്കുന്നു. തിക്കിതിരക്കി ശ്വാസം കിട്ടാതെ ആള്ക്കാര് നില്ക്കുന്ന ബസിന്റെ ഉള്ളില്‍ “മടുത്തോ? ഇതാ കുറഞ്ഞവരുമാനക്കാര്‍ക്കും ടൂവീലര്‍ ലോണ്‍” എന്ന് ഒരു ബാങ്കുകാരന് പരസ്യം ചെയ്യുന്നതില്‍ തുടങ്ങി വലിയ വലിയ കപ്പലുകളില്‍, ബലൂണുകളില്‍, ഇന്റര്‍ നാഷണല്‍ ഹൈവേകളില്‍, സിനിമാതീയറ്ററിന്റെ മൂത്രപ്പുരയില്‍, ഹൈടെക് ഷോപ്പിങ് മോളുകളില്‍ പുകവലിക്കാരുടെ ചേംമ്പറുകളില്‍ ഒക്കെ ഇന്ന് തരംഗങ്ങള്‍ ഉണ്ടാക്കുന്നു, ഈ നൂതന മാധ്യമം.
ഉദാഹരണത്തിനു എന്തും തകര്‍ക്കുന്ന ശക്തിയുള്ളതാണ് ചെല്ലപ്പന് ആന്റ് കമ്പനിയുടെ “കൊട്ടുവടി“ എന്നു വയ്ക്കുക. ചെല്ലപ്പന്റെ പരസ്യം ചെയ്യുന്ന ഏജന്‍സിക്ക് ഉള്ള ടാസ്ക് ഇതാണ്, എന്തും തകര്‍ക്കാന്‍ നേരം ഓര്‍മ്മ വരണം ചെല്ലപ്പന്‍സ് കൊട്ടുവടി!
പണ്ട് ഇത് എഴുതി വയ്ക്കും അല്ലെങ്കില്‍ ‘തകര്‍ത്ത് ഇട്ടിരിക്കുന്ന‘ ഒരു മനോഹര ചിത്രം വച്ചിട്ട് പറയും എന്തും തകര്‍ക്കാന്‍ ചെല്ലപ്പന്‍സ് കൊട്ടുവടി എന്ന്. പക്ഷെ ഇന്ന് ഈ പുതിയ പരസ്യ സങ്കേതത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ചിന്തിച്ചാല്‍ റോഡരികില്‍ നില്ക്കുന്ന ഭീമാകാരനായ ബില്‍ബോര്‍ഡിനെ കാശുകൊടുത്തു വാങ്ങി അതിന്റെ ഫലകം തകര്‍ത്തിട്ട്, തകര്‍ക്കാതെ ബാക്കിവച്ചിരിക്കുന്ന മൂലയ്ക്ക് ചെല്ലപ്പന്റെ ലോഗോയും കൊടുത്ത് എഴുതിവയ്ക്കും, “ചെല്ലപ്പന്‍സ് കൊട്ടുവടി, എന്തും തകര്‍ക്കും നിമിഷ നേരങ്ങള്‍ക്കുള്ളില്‍“ എന്ന്. ആ കാഴ്ച ജനശ്രദ്ധ ആകര്‍ഷിക്കും. ഉത്പന്നത്തിനു “Top of the mind recall” സൃഷ്ടിക്കും. ഇങ്ങനെയുള്ള ഔട്ട് ഡോര്‍ കസര്‍ത്തുകള്‍ എക്സിക്യൂട്ട് ചെയ്യുന്ന ഒട്ടനവധി സ്പെഷ്യലിസ്റ്റുകളും സ്ഥാപനങ്ങളും ഇന്ന് ഇന്ത്യയിലും ഉണ്ട്.
ഇനി അതിന്റെ ശരിക്കുള്ള ചില ഉദാഹരണങ്ങളിലേക്ക് പോവുകയാണെങ്കില്‍ സാച്ചി & സാച്ചി ദുബായില്‍ റോഡ് സൈഡില്‍ സ്ഥാപിച്ച ഏരിയലിന്റെ ഹോര്‍ഡിങ് ആണ് എന്റെ മനസില്‍ ആദ്യമെത്തുക. സൂപ്പര്‍ സോഫ്റ്റ് ആണ് പുതിയ ഏരിയല്‍.
നിങ്ങളുടെ വസ്ത്രം വളരെ സോഫ്റ്റ് ആകും എന്നു ആ ഹോര്‍ഡിങ് കാണുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യം വരുന്നില്ല.
ജക്കാര്‍ത്തയിലെ പ്ലേ ഗ്രൂപ്പ് എന്ന പരസ്യ സ്ഥാപനം അവരുടെ ക്ലൈന്റായ air asia യ്ക്കു വേണ്ടി ചെയ്ത ആംബിയന്റ് മീഡിയ എക്സര്‍സൈസ് വളരെ രസകരമായിരുന്നു. ബഡ്ജറ്റ് എയര്‍ലൈന്‍ എന്ന ഒരു ഇമേജ് ഉണ്ടാക്കി തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തിരക്കുള്ള എയര്‍പോര്‍ട്ടില്‍ അവര്‍ ഒരു ദിവസം ഒരുപാട് സ്ഥലങ്ങളിലായി അവരുടെ ക്രിയേറ്റിവിറ്റി പ്രകടിപ്പിച്ചു. അത് ഇങ്ങനെയായിരുന്നു
ഒറ്റദിവസം കൊണ്ടുതന്നീ ഇതു ജനശ്രദ്ധയാകര്‍ഷിച്ചു, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു അനേകായിരം ചുണ്ടുകളിലൂടേ ഏറ്റവും വലിയ പബ്ലിസിറ്റിയായ മൌത്ത് പബ്ലിസിറ്റി നേടി.
ഇന്ത്യയിലെ Cancer Patients Aid Association പുകവലിക്കാര്‍ക്കിടയില്‍ പുകവലിയുടെ ഭീകരത കാണിച്ചുകൊടുത്തത് വലിക്കാരുടെ ശവക്കുഴി തോണ്ടിയിട്ടാണ്. ഓഫീസുകളുടേയും സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും സ്മോക്കേര്സ് ചേമ്പറുകളുടെ മച്ചില്‍ അവര്‍ ഒരു ചിത്രം ഒട്ടിച്ചു. അത് ഇങ്ങനെയായിരുന്നു.
(ഇടതുവശത്തുകാണുന്നത് പുകവലിക്കാരുടെ ചേംമ്പറിന്റെ പടം. വലതുവശത്ത് കാണുന്നത് അതിന്റെ മുകളില്‍ ഒട്ടിച്ചിട്ടുള്ള വാള്‍പേപ്പറിന്റെ ചിത്രം. ക്ലിക്ക് ചെയ്താല്‍ വലിയ ചിത്രം കാണാം)
ഈ ഐഡിയ ക്രിയേറ്റ് ചെയ്തത് എവറസ്റ്റ് ബ്രാന്റ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ സ്ഥാപനം ആയിരുന്നു.
ഓസ്റ്റ്ട്രേലിയയിലെ ഏറ്റവും വലിയ ‘മോട്ടോര്‍ വേ റെസ്റ്റോറന്റ് ശൃഖല അവരുടെ മാധ്യമത്തിനു കണ്ട സ്ഥലം ഹൈവേയിലുള്ള ഒരു ടണലിന്റെ പ്രവേശന കവാടം ആയിരുന്നു. വിയന്നയിലെ ഡി എം ആന്റ് ബി എന്ന പരസ്യക്കമ്പനി ചെയ്തത് ഇങ്ങനെയായിരുന്നു.
IWC എന്ന ഡച്ച് കമ്പനി അവരുടെ വാച്ചുകള്‍ പബ്ലിക്കിനു ധരിക്കാന്‍ ഒരു ട്രയല്‍ തന്നെ നടത്തി, ശരിക്കുള്ള വാച്ചുകള്‍ ഇല്ലാത. ആ ട്രയലിന്റെ പ്രത്യേകത എന്തെന്നാല്‍ ചില സ്ഥലങ്ങളില്‍ നമുക്ക് നിര്‍ബന്ധപൂര്‍വ്വം പലര്‍ക്കും ധരിക്കേണ്ടിവരും. കയ്യില്‍ വാച്ച് കിടക്കുന്ന ആ ഭംഗി അപ്പോള്‍ നമ്മള് രസിക്കും. അത് കാണാന്‍ ഇവിടെ ക്ലീക്ക് ചെയ്യുക.
പരസ്യ രംഗത്തെകുറിച്ച് പറയുമ്പോള്‍ ഞാന്‍ മുദ്രയെ കുറിച്ച് പറയാതെ പോയാല്‍ അത് എനിക്ക് കുറച്ചില് അല്ലേ?ദാ പിടിച്ചോളൂ മുദ്രയുടെ ശ്രമങ്ങളില്‍ ഒന്ന്. നോണ്‍സ്റ്റിക്ക് കുക്ക് വെയറുകളെ കുറിച്ച് പറയുമ്പോള്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഉള്ള പരാതി അതിന്റെ കൈപിടിയെ കുറിച്ചാണ്. അതു വേഗം ഒടിഞ്ഞു പോകുന്നു നശിച്ചു പോകുന്നു എന്നൊക്കെ. പ്രസ്റ്റീജ് എന്ന ഞങ്ങളുടെ ക്ലൈന്റിനു വേണ്ടി മുദ്ര ബാംഗളൂര്‍ ചെയ്ത ഹോര്‍ഡിങ് ശരിക്കും ജനശ്രദ്ധയാകര്‍ഷിച്ചുകൊണ്ടാണ് തെരുവോരത്ത് നിന്നത്. അതു കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Mondo Pasta എന്ന നൂഡില്‍സ് ജനഹൃദയത്തില്‍ സ്ഥിരപ്രതിഷ്ട നടത്താന്‍ അവരുടെ പരസ്യ ഏജന്‍സി നടത്തിയ ശ്രമം വളരെ രസകരമായിരുന്നു. ഹാംബര്‍ഗ്ഗിലെ തിരക്കു പിടിച്ചൊരു ഹാര്‍ബര്‍ ആണ് അവര്‍ ലക്ഷ്യമിട്ടത്. അവിടെ വരുന്ന ഷിപ്പുകളിലും ബോട്ടുകളിലും ഒട്ടിക്കാനായി അവര്‍ തുറന്നു പിടിച്ച വായയുള്ള കുറേ മനുഷ്യമുഖങ്ങളുടെ സ്റ്റിക്കര്‍ ഉണ്ടാക്കി. അത് ഒട്ടിച്ച സ്ഥലം ആണ് ഏറ്റവും രസകരമായത്. അത് നിങ്ങള്‍ക്ക് ഇവിടെ കാണാം.
കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ഒരുപാട് ആംബിയന്റ് മീഡിയകള്‍ ജനസ്രദ്ധയാകര്‍ഷിച്ചു, അതില്‍ അവാര്‍ഡ് വാങ്ങുകയും ജനം ഉറ്റുനോക്കുകയും ചെയ്തതില്‍ പ്രമുഖമായ ഒന്നാണ് ബാങ്ക് ഓഫ് ബറോഡയ്ക്ക് വേണ്ടി മുംബൈയിലെ Euro RSCG ചെയ്ത ശ്രമം. ഹോം എക്സ്റ്റന്‍ഷന്‍ ലോണ്‍ ആണ് ഈ ഹോര്‍ഡിങ്ങിലൂടെ പ്രമോട്ട് ചെയ്തത്. ഹോര്‍ഡിങ്ങുകള്‍ എല്ലാം ഓരോരൊ വീടുകളുടെ മുകളിലായിരുന്നു. ഇനി ഞാന്‍ ഒന്നും പറയണ്ട, ഈ ചിത്രം ബാക്കി പറയും. ശരിക്കും ഉള്ള ഹോം എക്സ്റ്റന്‍ഷന്‍!
ചിലസ്ഥലങ്ങളില്‍ അതിന്റെ ചുറ്റുപാടിനെ തന്നെ രസകരമായി ഉപയോഗിക്കാന്‍ ഈ മാധ്യമത്തിനു കഴിഞ്ഞിട്ടുണ്ട്. അതില്‍ ചിലത്, 1. സോണി സൈബര്‍ഷോട്ട് തിന് ക്യാമറ , 2. ഹിപ് ഹോപ് ബ്ലാക്ക് മ്യൂസിക്
പരസ്യങ്ങള്‍ ഒരു വിനോദമാര്‍ഗ്ഗംകൂടിയാകുന്ന ഒരു വഴിത്തിരിവാണിത്. സംവേദനത്തിന്റെ രീതി ലോകം മുഴുവന്‍ മാറുന്നു. എന്തിലും ഏതിലും പരസ്യം ഉയരുന്നു. നാലാള്‍കാണെകെ ഒഴിഞ്ഞൊരിടം കിടന്നാലവിടം കാശുണ്ടാക്കാനുള്ള ഒരു ഉപാധിയായി മാറുന്നു.
കാനിലും ന്യൂയോര്‍ക്ക് ഫെസ്റ്റിവലിലും, ആബിയിലുമൊക്കെ അവാര്‍ഡ് ഉരുപ്പടികള്‍ വാങ്ങാനാണ് പലരും ഈ മാധ്യമത്തെ കൂടുതലും ഉപയോഗിക്കുന്നത്. പക്ഷെ വരും കാലത്ത് ഇത് ഒരു ശക്തമായ മാധ്യമം ആയി ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ വളരും എന്നതില്‍ സംശയമില്ല.
*(ഇമേജുകള്‍ക്കുള്ള കടപ്പാട് : ആഡ്സ് ഓഫ് ദ വേള്‍ഡ്)