Thursday, January 31, 2008

കണ്‍സ്യൂമറിസത്തിന്റെ ചൂരല്‍ കഷായം.


ഒരു പ്രശസ്തമായ ഷോപ്പിങ് ചെയിനിന്റെ കൊച്ചിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട കാഴ്ചയാണ്. കുട്ടികളുടെ പുസ്തകങ്ങളും കളര്‍പെന്‍സിലുകളുടേയും ഇടയില്‍ നിന്ന് ഈ ചൂരല്‍ വടികള്‍ കാട്ടിതന്നത് രണ്ടാം ക്ലാസുകാരിയായ എന്റെ മകളാണ്. ചെമ്പരത്തിയുടേയും കുറുവട്ടിയുടേയും വേലിപ്പത്തല്‍ മര്യാദപടിപ്പിച്ച ആ കാലം പെട്ടന്ന് ഓര്‍ത്തുപോയി. മുട്ടിനുമുകളിലൂടെ ഒരു മിന്നായം പാഞ്ഞു*.

ഞാന്‍ അത് എടുത്തു നോക്കി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആറു രൂപയോ ഒന്‍പതുരൂപയോ ആയിരുന്നുവില. ബാര്‍കോഡ് വരെ അതില്‍ ഒട്ടിച്ചിട്ടുണ്ട്. നല്ല പോളീഷ് ഒക്കെ ചെയ്തതുപോലെ മിനുസമുള്ള വടി. തല്ലാനുള്ള വടി കാശുകൊടുത്തുവാങ്ങുന്നവന്റെ വീട്ടിലെ കുട്ടിക്ക് വടിയുടെ പരുക്കന്‍ സ്വഭാവം ഇഷ്ടമായില്ലെങ്കിലോ?
സര്‍ക്കാര്‍ സ്കൂളുകളില്‍ രണ്ടാഴ്ചയ്ക്കു മുന്‍പ് വടി-നിരോധനം വന്നു. (ഇമ്പോസിഷന്‍ എഴുതി കുട്ടികള്‍ തളരുന്നു. ഇതൊന്നു നിര്‍ത്തി ഞങ്ങളെ പോത്തിനെ എന്നപോലെ തല്ലിക്കോളൂ എന്നു പറയുന്ന അവസ്ഥയില്‍ ആണവര്‍). ആ നിരോധനത്തിന്റെ പ്രതിഫലനമാണോ ഈ വടികള്‍?

രണ്ടെണ്ണം പൊട്ടിക്കേണ്ട അവസ്ഥവരുമ്പോള്‍ കൈ നീട്ടിയാല്‍ ഒടിച്ചെടുക്കാന്‍ വടി പോയിട്ട് ഒരു ഇലപോലും ഇല്ലാതാകുന്ന പ്ലാറ്റ് ജീവിതങ്ങളില്‍ ഈ വടി വേഗം സ്ഥാനം പിടിച്ചേക്കും. ജീവിതത്തില്‍ ഒരിക്കലും കാണുമെന്നു കരുതിയിട്ടില്ലാത്ത ഈ ചിത്രവും കണ്ടു. ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു.

(എന്റെ സാധാരണ മൊബൈല്‍ ഫോണിലെ കുറഞ്ഞപിക്സല്‍ ക്യാമറയില്‍ എടുത്തതാണ് ഈ ചിത്രം.)

* എന്നിട്ടുമെന്താ നീ നന്നാവാത്തെ എന്നാണ് ചോദ്യമെങ്കില്‍ ഇതാ ഉത്തരം, “എന്നെ തല്ലണ്ട എന്നായിരുന്നു ഞാന്‍ വിളിച്ചു കരയുമായിരുന്നത്!“

Wednesday, January 30, 2008

തന്നാലായത്.

അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ ഒരുപാടുള്ള ബൂലോകത്ത് ഇതിനെ ഒരു പരീക്ഷണമായി മാത്രം കണ്ടാല്‍ മതി. മറ്റു പരീക്ഷണങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കാണാം.

Friday, January 25, 2008

നിഷേധിക്കപ്പെടുമ്പോള്‍.

മേശമേലിരുന്നിവന്റെ മുഖം കണ്ടെനിക്കുമടുത്തു
ഞാന്‍ അവന്റെ മടിയിലേക്ക് നോക്കി
അവിടെയിരിക്കാനാണെനിക്കിഷ്ടം
പക്ഷെ ഒരുദിവസം പോലും ഇവന്‍ എന്നെ
ആ മടിത്തട്ടിലിരുത്തിയിട്ടില്ല.
എനിക്കിവനെ മടുത്തു.
ഇവന്റെ വിരലുകള്‍ എന്നെ തൊട്ടുണര്‍ത്തുമ്പോള്‍ എനിക്ക്
ഇപ്പോ‍ള്‍ ഇക്കിളിയല്ല, അറപ്പാണ് തോന്നുക.
ഞാന്‍ മനസില്‍ പറഞ്ഞു ദുഷ്ടന്‍ ഇവനൊരു
ഡസ്‌ക്‍ടോപ്പ് വാങ്ങിയാല്‍ മതിയായിരുന്നു.