Friday, February 29, 2008

ഡബ്ബാവാലകള്‍

നരിമാന്‍ പോയിന്റിനടുത്തുള്ള ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്റെ മുന്നില്‍ വച്ചാണ് ഞാന്‍ അവരെ ആദ്യമായി കാണുന്നത്. തലയില്‍ വെളുത്ത ഗാന്ധിത്തൊപ്പിവച്ച തനി ഗ്രാമീണര്‍‍. ഡബ്ബാവാലകള്‍.

ചില മാനേജ് മെന്റ് / മാര്‍ക്കറ്റിങ് വര്‍ക്ക് ഷോപ്പുകളിലും പ്രസന്റേഷനുകളിലും കേസ്‌സ്റ്റഡികളിലെ റെഫറന്‍സുകളിലും ഞാന്‍ ഈ ഡബ്ബാവാലാകളെ കുറിച്ച് കണ്ടിട്ടുണ്ട്. വിതരണ ശൃംഖലയെകുറിച്ചും ലോജിസ്റ്റിക്സ് പ്ലാന്‍ ചെയ്യുന്നതിന്റെ സൂക്ഷ്മതയെ കുറിച്ചും ഒക്കെ പറയുമ്പോളാണ് ഇവരെ കുറിച്ചുള്ള പരാമര്‍ശം കടന്നുവരുന്നത്. ഇവരെ കുറിച്ച് കൂടുതല്‍ അറിയാനുള്ള താല്പര്യം അങ്ങിനെ തുടങ്ങിയതാണ്.

മുംബൈ. ഇംഗ്ലീഷുകാര്‍ ഇന്ത്യഭരിച്ചിരുന്ന കാലം. കാലത്തെ കൃത്യമായി അളന്നുകുറിച്ച് പിന്നിലേക്ക് പോയാല്‍ 116 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്ന് അവിടെ മക്‌ഡോണള്‍ഡ്സും പിറ്റ്സാ ഹട്ടും കെ എഫ് സിയും എന്നു മാത്രമല്ല ഒരു ഫാസ്റ്റ്ഫുഡ് കടപോലും ഇല്ല. ഒരു പാര്‍സി ബാങ്കര്‍ തന്റെ പണിസ്ഥലത്തേക്ക് ഉച്ചഭക്ഷണം വീട്ടില്‍ നിന്നും കൊണ്ടുവരാന്‍ ഒരാളെ ഏര്‍പ്പാടാക്കി. ആ ആശയം അദ്ദേഹത്തിന്റെ പല സഹപ്രവര്‍ത്തകര്‍ക്കും ഇഷ്ടമായി. അവരും ആ വഴി പിന്‍ തുടര്‍ന്നു. ആ ആശയം വളര്‍ന്നാണ് ഇന്ന് ഇന്ത്യയും ലോക രാജ്യങ്ങളുമറിയുന്ന, പഠനവിഷയം ആക്കുന്ന കുറ്റമറ്റ വിതരണ / ലോജിസ്റ്റിക് സിസ്റ്റം ആയത്. ഇന്ന് മുംബൈയില്‍ ഫാസ്റ്റ് ഫുഡ് ചെയിനുകള്‍ എല്ലാമുണ്ട്. വിളിച്ചുപറഞ്ഞാല്‍ 30 മിനുട്ടിനുള്ളില്‍ ഡെലിവറി ചെയ്യുന്ന പിറ്റ്സാഹട്ടും ഡോമിനോസും ഉണ്ട്. ഇത്തരം ജങ്ക് ഫുഡ് മടുക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ ഒരു കൊതിയായി തെളിയുന്നതാണ് വീട്ടിലെ ആഹാരം. ഉച്ച സമയത്ത് ചൂടോടെ സ്വന്തം വീട്ടിലെ ആഹാരം കിട്ടിയാലോ?

മുംബൈയിലെ ജോലിക്കാര്‍ അധികവും പ്രാന്ത പ്രദേശങ്ങളില്‍ നിന്നും അതികാലത്ത് ഓഫീസുകളിലേക്ക് തിരിക്കുന്നവര്‍ ആണ്. ഉച്ചഭക്ഷണം കൂടി കൊണ്ടുപോവുക എന്നത് പലപ്പോഴും അവര്‍ക്ക് അസാദ്ധ്യമായൊരു രീതിയാണ്. ഇനി അഥവാ പാക്ക് ചെയ്ത് എടുത്താല്‍ തന്നെ ഒരാള്‍ക്ക് നേരേ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത ലോക്കല്‍ട്രെയിനില്‍ ഭക്ഷണ സഞ്ചി കൂടി ആകെ ബുദ്ധിമുട്ടുതന്നെ. അവിടെയാണ് ഡബ്ബാവാലകളുടെ പ്രസക്തി. അതിരാവിലെതന്നെ ഓഫീസുകളിലേക്കും ഫാക്ടറികളിലേയ്ക്കും സ്കൂള്‍ കോളേജുകളിലേക്കും പോകുന്നവരുടെ വീടുകളില്‍ നിന്ന് 10 മണിയോടെ ഭക്ഷണപാത്രങ്ങള്‍ ഇവര്‍ ഡബ്ബാവാലകള്‍ ശേഖരിക്കുന്നു. 12.30 നു അവരവരുടെ ഓഫീസില്‍ എത്തിക്കുന്നു. എന്നിട്ട് ഒഴിഞ്ഞ ഡബ്ബകള്‍ തിരികെ വീട്ടിലെത്തിക്കുന്നു. ഒരുദിവസം ഇങ്ങനെ 2 ലക്ഷം ഉച്ചഭക്ഷണ പാത്രങ്ങള്‍ 5000 പേര്‍ മുംബൈയിലെ 60 -70 കീലോമീറ്റര്‍ സഞ്ചരിച്ച് പല സ്ഥലത്തുനിന്നും ശേഖരിച്ച് പലസ്ഥലങ്ങളിലായി വിതരണം ചെയ്യുന്നു. അതുപോലെ ഒഴിഞ്ഞപാത്രവും തിരികെ വീട്ടില്‍ എത്തിക്കുന്നു. പേരോ മേല്‍‌വിലാസമോ ആലേഖനം ചെയ്യാത്ത പാത്രത്തില്‍ ഡബ്ബാവാലകള്‍ അവരുടെ ചില കോടുകള്‍ മാത്രം കോറിയിടുന്നു. ഒരു പാത്രം ഏകദേശം മൂന്നു ഡബ്ബാവാലകള്‍ പലസ്ഥലങ്ങളിലായി കൈമാറുന്നു. പക്ഷെ എത്ര കൈമാറിയാലും വഴിതെറ്റാതെ അതിന്റെ ഉടമസ്ഥന്റെ അടുത്തുമാത്രമെ ഡബ്ബ എത്തുകയുള്ളു. ഇതുവരെ ഉള്ള വിതരണ ശൃംഖലയില്‍ ഉണ്ടായ പിഴവിന്റെ അനുപാതം നമ്മളെ ഞെട്ടിക്കുന്നു. 16,000,000 ഡബ്ബകള്‍ വിതരണം ചെയ്യുമ്പോള്‍ ഒന്ന് എന്ന നിരക്കില്‍ ആണ് അതുണ്ടാകുന്നത്. അതായത് 99.999999 പെര്‍ഫെക്റ്റ്. ആ ഒരു മികവാണ് ഡബ്ബാവാലകള്‍ക്ക് സിക്സ് സിഗ്മ സര്‍ട്ടിഫിക്കേഷന്‍ നേടിക്കൊടുത്തത്. ഇന്ത്യയില്‍ സിക്സ് സിഗ്മ ഇതുവരെ കിട്ടിയത് ഡബ്ബാവാലകള്‍ക്ക് മാത്രമാണ്. ISO 9001 ഉം ഡബ്ബാവാലകള്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷെ ഒട്ടുമുക്കാല്‍ ഡബ്ബാവാലകള്‍ക്കും ഇപ്പോഴും അറിയില്ല എന്താണ് ISO, എന്താണ് 6Sigma എന്നൊക്കെ. ഒരുകാര്യം മാത്രം അവര്‍ക്കറിയാം. ഒരു കൈപ്പിഴവന്നാല്‍ അത് ഒരു ഭീകരാവസ്ഥയാണെന്ന്.

കോഡിംഗ്.
ചിത്രത്തില്‍ കാണുന്നതുപോലെയാവും ഡബ്ബകളുടെ മുകളിലെ കോഡിങ്. വീട്ടില്‍ നിന്നും കൊടുത്തുവിടുന്ന ലഞ്ചു ബോക്സിന്റെ പുറത്തുള്ള ഡബ്ബാവാലകളുടെ കണ്ടൈനറില്‍ ആവും ഇവ അടയാളപ്പെടുത്തിയിട്ടുള്ളത്. തുടക്കത്തില്‍ വിവിധ നിറങ്ങളില്‍ ഉള്ള ത്രെഡുകളായിരുന്നു അവര്‍ കോഡിംഗിനായി ഉപയോഗിച്ചിരുന്നത്. പിന്നെ അത് തയ്യല്‍ക്കാര്‍ കളയുന്ന പല നിറമുള്ള തുണ്ടുതുണികളായി. ഇപ്പോള്‍ കളര്‍ മാര്‍ക്കറുകള്‍ ഉപയോഗിക്കുന്നു. അക്ഷരങ്ങളും അവയുടെ നിറങ്ങളുമാണ് ഡബ്ബകളെ വഴിതെറ്റിക്കാതെ അതാതു വയറുകളുടെ മുന്നില്‍ എത്തിക്കുന്നത്. ചിത്രത്തില്‍ കാണുന്ന ഈ കോഡിംഗ് അനുസരിച്ച്,
E എന്നാല്‍ ഓരോ റസിഡന്‍ഷ്യല്‍ ഏരിയയിലേക്കുമുള്ള ഡബ്ബാവാലകള്‍ക്കു വേണ്ടിയുള്ള കോഡാണ്.
VLP എന്നാല്‍ Vile Parle മുംബൈ നഗരത്തിനു പുറത്തുള്ള ഒരു റസിഡന്‍ഷ്യന്‍ ഏരിയ.
നടുവിലുള്ളത് ഡബ്ബ എത്തിക്കാനുള്ള (Destination area) ഏരിയയുടെ കോഡ്. ഉദാഹരണത്തിനു 3 എന്നാല്‍ ചര്‍ച്ച് ഗേറ്റ്.
9 എന്നത് ഡെസ്റ്റിനേഷന്‍ ഏരിയയിലെ ഡബ്ബാവാലകള്‍ക്കുള്ള കോഡ്. EX എന്നാല്‍ എക്സ്പ്രസ് ടവര്‍. അതായത് ബില്‍ഡിങ് കോഡ്.
12 ആ ബില്‍ഡിങില്‍ ഡബ്ബ എത്തിക്കേണ്ട ഫ്ലോര്‍/കമ്പനി/ഓഫീസ് നമ്പര്‍.
ഇത്രവും വളരെ ലളിതമായ കോഡിങ് സിസ്റ്റം വഴിയാണ് അവര്‍ ഒരു തെറ്റുപോലും കൂടാതെ 2 ലക്ഷം പേര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കുന്നത്.

ഡബ്ബാവാലകള്‍ക്കും അവരുടെ വിലപ്പെട്ട സമയത്തിനും ഒപ്പം ഒരു ദിവസം.
സമയം : 09.30 - 10.30. നമ്മളിപ്പോള്‍ അവര്‍ക്കൊപ്പം അന്ധേരിയില്‍ ആണ്. ഈ സമയത്തിന്റെ ഉള്ളില്‍ അന്ധേരിയിലെ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും മെസ്സുകളില്‍ നിന്നുമൊക്കെ (വീടുകളില്‍ നിന്നുമാത്രമല്ല നമ്മള്‍ ഏര്‍പ്പെടുത്തുന്ന സ്ഥലങ്ങളില്‍ നിന്നൊക്കെ ഭക്ഷണം എത്തിക്കും. നമ്മള്‍ സോഴ്സ് ഏര്‍പ്പെടുത്തിയില്ലെ എങ്കില്‍ നല്ല ഹോമ്‌ലി ഫുഡ് അവര്‍ തന്നെ ഏര്‍പ്പാടാക്കി കൊണ്ടുതരും) ഡബ്ബകള്‍ കളക്ട് ചെയ്യുന്നു. അവയൊക്കെ അന്ധേരി സ്റ്റേഷനിലേക്ക്. അവിടെ വച്ച് അവയൊക്കെ ഡെസ്റ്റിനേഷന്‍ ഏരിയ അനുസരിച്ച് സോര്‍ട്ട് ചെയ്യുന്നു.
സമയം : 10:30 - 11.20 ഈ സമയം പ്രധായമായും യാത്രാ സമയം ആണ്. തടികൊണ്ടുണ്ടാക്കിയ റാക്കുകളില്‍ ഡബ്ബകളും അടുക്കിവച്ച് ലഗേജ് / ഗുഡ്സ് കമ്പാര്‍ട്ടുമെന്റിലും ജനറല്‍ കമ്പാര്‍ട്ടുമെന്റിലുമായി ഡബ്ബാവാലകള്‍ നീങ്ങുന്നു. തിരക്കുപിടിച്ച ട്രെയിനില്‍ ഒരുപാടു പ്രശ്നങ്ങള്‍ താണ്ടിയാണ് അവര്‍ അന്നമെത്തിക്കുന്നത്.
സമയം : 11:20 - 12.30 ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍. മറ്റു പല ഏരിയ കളില്‍ നിന്നുമായി വന്ന ഡബ്ബകള്‍ ഒക്കെ ചേര്‍ത്ത് ഡെസ്റ്റിനേഷന്‍ ഏരിയ അനുസരിച്ച് ഇവിടെ തരം തിരിക്കുന്നു. ഇതേ സമയം ഗ്രാന്റ് റോഡിലും ലോവര്‍ പരേലിലും ഇത് പോലെ സംഭവിക്കുന്നു. പക്ഷെ സിംഹഭാഗവും ചര്‍ച്ച് ഗേറ്റിലെ സ്റ്റേഷനിലാണ് തരം തിരിയുക. ഇവിടെ നിന്നും സൈക്കിളിലും തടി റാക്കുകളില്‍ തലചുമടായും കൈവണ്ടികളിലുമായി അതാതു നിരത്തിലെ ബില്‍ഡിങുകളിലേക്ക്.
കഴിഞ്ഞില്ല. പാത്രം തിരികെ വീട്ടില്‍ എത്തിക്കണം.
12.30 മുതല്‍ 1.00വരെ ഡബ്ബാവാലകളുടെ ഉച്ച ഭക്ഷണം. വീട്ടില്‍ നിന്നും കയ്യില്‍ കരുതിയിരുന്നു ഭക്ഷണം അവര്‍ ഒരുമിച്ച് കഴിക്കുന്നു.
1.30 മുതല്‍ 2.30 വരെ കഴിച്ചുകഴിഞ്ഞ ഡബ്ബകള്‍ കളക്ട് ചെയ്യുന്നുന്ന പ്രക്രിയ. (ഓര്‍ക്കുക, താമസിച്ചുകഴിക്കുന്നവര്‍ 2 ഡബ്ബകള്‍ കരുതിയാല്‍ മതി).
2.45 മുതല്‍ 3.30 വരെ തിരികെ ട്രെയിനില്‍. അപ്പോഴാണ് അവര്‍ ശ്വാസം വിടുന്നത്. പാട്ടുപാടിയും ചിരിച്ചും കളിച്ചും അവര്‍ തുടങ്ങിയിടത്തേക്ക് തിരികെ പോകുന്നു.
3.30 - 4.00 ഒഴിഞ്ഞ ഡബ്ബകള്‍ അതാതു വീടുകളിലേക്ക്. വീടിന്റെ കോഡ് ഡബ്ബയില്‍ ഇല്ല. ഡബ്ബാവാലയുടെ മനസിലാണ് എന്നതാണ് രസകരമായ കാര്യം. ടെലഫോണും മറ്റുമൊക്കെ വരുന്നതിനു മുന്‍പുള്ള കാലത്ത് ഗൃഹനാഥനു വീട്ടിലേക്ക് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഒരു സന്ദേശം ആ ഒഴിഞ്ഞ ഡബ്ബകളില്‍ എഴുതി കൊടുത്തു വിടുമായിരുന്നു. അതുപോലെ തന്നെ രാവിലെ വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതും ഡബ്ബയ്ക്കൊപ്പം യാത്രചെയ്ത് ഡെസ്റ്റിനേഷനില്‍ എത്തുന്നു.

“a day with Dabbawala" എന്ന ഒരു സംവിധാനം അവര്‍ ഒരുക്കിയിട്ടുണ്ട്. നമുക്ക് അല്ലെങ്കില്‍ ചെറിയ ഒരു ഗ്രൂപ്പിനു അവര്‍ക്കൊപ്പം ഒരുദിവസം യാത്ര ചെയ്യാം. ചെറിയ ഒരു ഫീസ്/ഡൊണേഷന്‍ മതി. ഇംഗ്ലീഷ് ഭാഷയും കൈകാര്യം ചെയ്യുന്ന ഒരു ദ്വിഭാഷിയെ അവര്‍ തന്നെ ഏര്‍പ്പാടാക്കി തരും. പക്ഷെ അവരുടെ വെള്ളത്തൊപ്പിയും ഒക്കെ വച്ച അവര്‍ക്കൊപ്പം “പറന്നു” നീങ്ങണം. അങ്ങനെ ചിലവഴിക്കാന്‍ ഒരുപാടുപേര്‍ സ്വദേശികളും വിദേശികളുകായി എത്താറുണ്ട്.

വിര്‍ജിന്‍ എയര്‍വേയ്സില്‍ എത്തിയ ഡബ്ബകള്‍
ഒരുപാട് പ്രശസ്തവ്യക്തികള്‍ ഇവര്‍ക്കൊപ്പം വിതരണത്തിന്റെ രസവേഗം അറിയാന്‍ എത്തിയിട്ടുണ്ട്. അവരില്‍ പ്രധാനിയാണ് “സര്‍. റിച്ചാര്‍ഡ് ബ്രാന്‍‌സണ്‍” വിര്‍ജിന്‍ അറ്റ്ലാന്റിസിന്റെ ചെയര്‍മാന്‍. ചാള്‍സ് രാജകുമാരന്റെ വിവാഹ വാര്‍ത്തയില്‍ ഡബ്ബാവാലകളെ കുറിച്ചുള്ള പരാമര്‍ശം വായിച്ച് പ്രചോദനമുള്‍ക്കൊണ്ടാണ് അദ്ദേഹം ഇവര്‍ക്കൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ എത്തിയത്. അദ്ദേഹം വെള്ളത്തൊപ്പിയും വച്ച് ഇവര്‍ക്കൊപ്പം ജനറന്‍ കമ്പാര്‍ട്ടുമെന്റില്‍ ഇരുന്ന് ദാദര്‍ മുതല്‍ ചര്‍ച്ച് ഗേറ്റുവരെ യാത്ര ചെയ്തു. യാത്രയില്‍ അവരോട് സംസാരിച്ച് ഓരോന്നും മനസിലാക്കി, അവര്‍ക്കൊപ്പം ചിരിച്ച് രസിച്ച് യാത്ര ചെയ്തു. എന്നിട്ട് ചര്‍ച്ച് ഗേറ്റിനടുത്തെ വിര്‍ജിന്‍ എയര്‍വേയ്സിന്റെ ഓഫീസിലെ സ്റ്റാഫുകള്‍ക്കുള്ള ഡബ്ബകള്‍ റിച്ചാര്‍ഡ് ബ്രാന്‍‌സണ്‍ തന്നെ വിതരണവും ചെയ്തു.
റിച്ചാര്‍ഡ് ബ്രാന്‍‌സണും ഡബ്ബാവാലകളും

ചാള്‍സ് രാജകുമാരനും ഡബ്ബാവാലകളും
ഇന്ത്യയിലെ ഡബ്ബാവാലകളെ കുറിച്ച് കേട്ടിരുന്ന ചാള്‍സ് രാജകുമാരന്‍ 2003ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡബ്ബാവാലകളെ കണ്ടിരുന്നു. അവരുമായി 20 മിനിട്ട് അദ്ദേഹം ചിലവിട്ടു. (ചര്‍ച്ച് ഗേറ്റിനടുത്തുവച്ച് അവരുടെ അരമണിക്കൂര്‍ ഉച്ചഭക്ഷണസമയത്തിലെ 20 മിനിട്ട് ആണ് ഡബ്ബാവാലകള്‍ ചാള്‍സിനെ കാ‍ണാനായി ചിലവിട്ടത്. ഈ ഒരു കാരണം കൊണ്ട് ഡബകള്‍ വഴിയാധാരാമാകുന്ന, കസ്റ്റമേര്‍സ് വിശന്നിരിക്കുന്ന അവസ്ഥ അവര്‍ക്ക് ഊഹിക്കാന്‍ പോലും ആകില്ല) യാതൊരു ടെക്നോളജിയും ഇല്ലാതെ ഇത്തരത്തില്‍ ഒരു ലോജിസ്റ്റിക് സിസ്റ്റം കുറ്റമറ്റതായി കൊണ്ടുപോകുന്ന ഡബ്ബാവാലകളെ കുറിച്ച് അദ്ദേഹത്തിനു അതിശയമായിരുന്നു. 2005 ഏപ്രിലില്‍ അദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തിനു അതിഥികളായായി ഡബ്ബാവാലകളുടെ പ്രതിനിധിയായി രണ്ടു ഡബ്ബാവാലകളെ ഇംഗ്ലണ്ടിലേക്ക് ക്ഷണിച്ചിരുന്നു. അങ്ങനെ ഡബ്ബാവാലകള്‍ ഇംഗ്ലണ്ടിലും എത്തി. കാമില പാ‍ര്‍കര്‍ രാജ്ഞിക്കുവേണ്ടി ഡബ്ബാവാലക്കള്‍ പട്ടുസാരി, കോലാപ്പുരി ചെരുപ്പ് തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ പ്രതിനിധികള്‍ വഴി കൊടുത്തുവിട്ടിരുന്നു. പക്ഷെ വിവാഹത്തിന്റെ അന്ന് പോപ് മരിച്ചതു കാരണം വിവാഹം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

തളര്‍ന്നുപോയ ബി ബി സി.
ഡബ്ബാവാലകളെ കുറിച്ചൊരു ഡോക്ക്യുമെന്ററി തയ്യാറാക്കാന്‍ ബീ ബീ സി വന്നു. പക്ഷെ ആ സംഘത്തിനു ഡബ്ബാവാലകളെ പിന്തുടര്‍ന്ന് ഒറ്റദിവസംകൊണ്ട് അവരുടെ ചിത്രം പൂര്‍ണ്ണമാക്കാനായില്ല. കാരണം പലസ്റ്റേഷനിലും അവര്‍ക്കൊപ്പം നീങ്ങാന്‍ ബീ ബീ സി ക്രൂവിനായില്ല.

ഡബ്ബാവാലകള്‍ ഒരു ശക്തമായ വിതരണ ശൃംഖലയാണെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയ പലരും അവരെ ഉപയോഗിച്ച് തങ്ങളുടെ മാര്‍ക്കറ്റിംഗു കൂടി അവര്‍ വഴിയാക്കി. ഉദാഹരണത്തിനു സ്റ്റാര്‍ ടി വിയിലെ “കോന്‍ ബനേഗാ ക്രോര്‍പതി”യുടെ 2 ലക്ഷം പാംഫ്‌ലറ്റുകള്‍ 4 ദിവസം കൊണ്ട് ഇവര്‍ വീടുകളില്‍ എത്തിച്ചു. മഹാരാഷ്ട്രാ ഗവണ്‍മെന്റ് HIV അവയര്‍നെസ്സ് ക്യാമ്പയിന്‍ നടത്താനായി കണ്ട വഴിയും ഡബ്ബാവാലകളിലൂടെയായിരുന്നു. എയര്‍ടെല്‍ അവരുടെ പ്രീ പെയ്ഡ് കാര്‍ഡ് ഇവരിലൂടെ മുംബൈയിലെ വീടുകളിലേക്ക് വളരെ വേഗത്തിലും ചിലവു കുറച്ചും എത്തിച്ചു. പക്ഷെ ഈ കണ്ണിലൂടെ FMCG പ്രോഡക്ടുകളും വീടുകളില്‍ എത്തിക്കാനുള്ള ചിലരുടെ ശ്രമം പാളി പോയി. ഡബ്ബാവാലകള്‍ ഇപ്പോള്‍ ഡബ്ബകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പണിയെടുക്കുന്നു. ഒരുപാട് വിതരണം ചെയ്തു പാളിപ്പോകുന്നതിലും എത്രയോ നല്ലതാണ് ഒരു സാധനം നന്നായി വിതരണം ചെയ്യുക എന്നത്. എങ്കിലും ചില പബ്ലിസിറ്റി മെറ്റീരിയലുകള്‍ ഇവര്‍ വഴി വീടുകളിലെത്താറുണ്ട് ഇപ്പോഴും.

തുടക്കം
ഡബ്ബാവാലകള്‍ എന്ന സിസ്റ്റം തുടങ്ങുന്നത് 1890 ല്‍ Mahadu Havaji Bache എന്ന മനുഷ്യനാണ്. അദ്ദേഹത്തിനെ വിദ്യാഭ്യാസ യോഗ്യത വെറും രണ്ടാം ക്ലാസും. തുടക്കത്തില്‍ ഉണ്ടായിരുന്നത് വെറും 35 ഡബ്ബാവാലകള്‍ ആയിരുന്നു.

ഓര്‍ഗനൈസേഷണല്‍ സ്ട്രക്ചര്‍
NMTBSA എന്നാണ് ഇവരുടെ അസോസിയേഷന്‍ /കമ്പനിയുടെ പേര്‍. അതായത് Nutan Mumbai Tiffin Box Supplier’s Association. ഇതില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, 9 ഡയറക്ടേര്‍സ്, ഉള്‍പ്പെടെ 5000 മെംബേര്‍സാണ് ഉള്ളത്. എല്ലാവരും ഷെയര്‍ ഹോള്‍ഡേര്‍സും ആണ്. പ്രസിഡന്റുമുതല്‍ സാധാരണ മെംബര്‍ വരെ ഉള്ളവര്‍ ദിവസവും ഡബ്ബാവിതരണത്തിനിറങ്ങുന്നു. 25 മുതല്‍ 30 വരെ ഉള്ള ഗ്രൂപ്പായാണ് ഇവര്‍ രംഗത്ത് ഇറങ്ങുന്നത്. അതിനൊരു ലീഡര്‍ ഉണ്ടാകും. തീരുമാനങ്ങള്‍ അപ്പോള്‍ തന്നെ എടുക്കുന്നു. തീരുമാനത്തിനായി താമസിച്ചാല്‍ ആയിരക്കണക്കിനു ഭക്ഷണപൊതികള്‍ വഴിയിലാവും. പക്ഷെ ഒരിക്കലും തീരുമാനങ്ങള്‍ തെറ്റി എടുത്തിരുന്നില്ല എന്ന അവര്‍ക്ക് ലഭിച്ച് സിക്സ് സിഗ്മ വ്യക്തമാക്കുന്നു.

ഡബ്ബാവാലാ ലെക്ചറര്‍മാര്‍
മുംബൈ, ഖൊരക്‍പൂര്‍, ഡല്‍ഹി തുടങ്ങി മിക്കവാറും എല്ലാ IIT കളിലും ലോജിസ്റ്റിക്സ് പ്ലാന്‍ ചെയ്യുന്നതിനെ കുറിച്ച്, ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കിനെ കുറിച്ചും എറര്‍ ഫ്രീ സര്‍വീസിനെ കുറിച്ചും ഡബ്ബാവാലകള്‍ ലെക്ചര്‍ നടത്താറുണ്ട്. ഈ സ്ഥാപനങ്ങള്‍ കൂടാതെ, വിവിധ IIM കള്‍, Confederation of Indian Industries (CII), Stanford University delegation to India, University Of Nebraska, Symbiosys Management School, Stanfort University delegation to India, Bharat Petroleum, National Stock Exchange - Mumbai, Reserve Bank Of India, Indian School Of Business (ISB), Microsoft - Gurgoan, Genpact - Hyderabad, Community of cooked food - Itly. Accenture - Mumbai, SAP India എന്നിവയിലും ഡബ്ബാവാലകള്‍ ക്ലാസുകള്‍ എടുത്തിട്ടുണ്ട്.

ഡബ്ബാവാലകളുടെ പ്രസിഡന്റായ Raghunath Dondhiba Medge, സെക്രട്ടറിയായ Gangaram Laxman Taleker എന്നിവരാണ് “The magic of Dabbawala Unfold" എന്ന വിഷയത്തില്‍ ക്ലാസുകള്‍ എടുക്കുന്നത്. ഇവര്‍ക്കു രണ്ടുപേര്‍ക്കും ഹിന്ദിയും മറാത്തിയും മാത്രമേ അറിയു. ഹിന്ദിയിലായിരിക്കും ഇവരുടെ ക്ലാസുകള്‍. പക്ഷെ പ്രസിഡന്റിന്റെ മകനായ ഡബ്ബാവാല അത്യാവശ്യം ഇംഗ്ലീഷു പഠിച്ച ആളാണ്. അദ്ദേഹം “Management Learnings from Dabbawala" എന്ന വിഷയത്തില്‍ കൂടി ക്ലാസെടുക്കും. ഇവരാരും ലെകചറിങ്ങിനെ കുറിച്ച് ഫോര്‍മലായി ഒന്നും അറിയുന്നവര്‍ അല്ല. അതുകൊണ്ടുതന്നെ അവര്‍ അവരുടെ ഭാഷയിലും രീതിയിലും തന്നെ സംസാരിക്കുന്നു. പലപ്പോഴും മൊഴിമാറ്റി പറയാന്‍ ഒരാള്‍ ഉണ്ടാകാറുണ്ട്.

ഡബ്ബാവാലകളെ ഒരു വൈഡ് ആംഗിള്‍ ഷോട്ടിലൂടെ കാണുമ്പോള്‍
- 5000 ഡബ്ബാവാലകള്‍. ഒരേ ഭാഷ (മറാഠി) സംസാരിക്കുന്നവര്‍, ഒരേ സംസ്കൃതി കാത്തു സൂക്ഷിക്കുന്നവര്‍
- 85% ഡബ്ബാവാലകളും വിദ്യാഭ്യാസം‍ ഇല്ലാത്തവര്‍. 15 ശതമാനം എട്ടാം ക്ലാസ്.
- ഒരു ദിവസം 2 ലക്ഷം ഭക്ഷണപാത്രങ്ങള്‍.
- 4 ലക്ഷം ഇടപാടുകള്‍
- പിഴവുപറ്റുന്നത് : 16 മില്യണ്‍ ഡബ്ബകള്‍ വിതരണം ചെയ്യുമ്പോള്‍ ഒന്നില്‍ മാത്രം. അതായത് 99.999999 എറര്‍ ഫ്രീ.
- ഇതിനായി എടുക്കുന്ന സമയം : വെറും മൂന്നു മണിക്കൂര്‍.
- കവര്‍ ചെയ്യുന്ന ഏരിയ : 60 മുതല്‍ 70 കിലോമീറ്റര്‍വരെ.
- 20 ഡബ്ബാവാലകള്‍ക്ക് ഒരു ഡബ്ബാവാല എക്സ്ട്രാ (ക്രിക്കറ്റില്‍ എന്ന പോലെ)
- ലക്ഷ്യം : സമയത്തിനെതിരെ ഒരു പോരാട്ടം. അതിലെ വിജയം. അതു നല്‍കുന്ന ജീവിതം.
പക്ഷെ വാതില്‍ക്കല്‍ മുട്ടുമ്പോള്‍ ഡബ്ബറഡിയായിരിക്കണം. അല്ലെങ്കില്‍ ഒരാളുടെ ഡബ്ബ കാരണം ഒരുപാടു വയറുകള്‍ വിശന്നിരിക്കേണ്ടിവരും. അതു ഡബ്ബാവാലകള്‍ എന്റര്‍ടൈന്‍ ചെയ്യാറില്ല. മോശം കസ്റ്റമേര്‍സ് ലാഭവിഹിതം കുറയ്ക്കും കയ്യിലുള്ള നല്ല കസ്റ്റമേര്‍സിനെ നഷ്ടപ്പെടുത്തും എന്ന മാനേജ്മെന്റ് പാഠം മനസില്‍ നിന്നും അവര്‍ പ്രായോഗികമാക്കുന്നു.
- 5000 ഡബ്ബാവാലകള്‍ ചേര്‍ന്ന് 2 ലക്ഷം കസ്റ്റമേര്‍സിന്റെ വിലാസം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
- എല്ലാവരും ഷെയര്‍ ഹോള്‍ഡേഴ്സ്. പണിക്കിടയില്‍ “മുതലാളി“ എന്നൊരു പേടി സ്വപ്നം ഇല്ല. ലാഭവിഹിതം തുല്യമായി വീതിക്കുന്നു.
- വരുമാനം : പ്രതിമാസം നാലായിരം മുതല്‍ അയ്യായിരം വരെ. ദീപാവലിക്ക് ഒരു മാസത്തെ ശംമ്പളം ബോണസായിട്ടും.
ടെക്നോളജി : ഒന്നുമില്ല
- പിഴ? : ഗാന്ധിത്തൊപ്പി ധരിക്കാത്തവര്‍ക്കും കസ്റ്റമേര്‍സിനോട് മോശമായി പെരുമാറിയാലും. പക്ഷെ അങ്ങനെ അധികം ആര്‍ക്കും പിഴ കൊടുക്കേണ്ടിവന്നിട്ടില്ല.
- മൂലധനം : കഠിനാധ്വാനം, സത്യസന്ധത, കൃത്യനിഷ്ഠ എന്നിവയല്ലാതെ തുടക്കത്തിലെ ചില ചെറിയ ചിലവുകള്‍ മാത്രം (തടിയിലെ റാക്ക്, ഗാന്ധി തൊപ്പി, യൂണി ഫോം, പറ്റിയാല്‍ ഒരു സൈക്കിള്‍ എന്നിവ).
ചുരുക്കി പറഞ്ഞാല്‍ പെട്രോള്‍ ചിലവുപോലും ഇല്ല. ആകെ ഉള്ളത് പണി ചെയ്യാനുള്ള ഡെഡിക്കേറ്റഡ് ആയ മനസുമാത്രം. അതുകൊണ്ടുതന്നെ ഇന്നേവരെ ഡബ്ബാവാലകള്‍ സമരം ചെയ്തിട്ടില്ല. അതു തന്നെയാവും ഇവരുടെ വിജയവും. മുംബൈവെള്ളത്തില്‍ മുങ്ങിക്കിടന്ന സംയത്തുപോലും ഡബ്ബാവാലകള്‍ ഭക്ഷണപാത്രങ്ങളുമായി പാഞ്ഞു നടന്നു. ഇപ്പോഴും ചൂടാറാത്ത പാത്രത്തില്‍ അന്ന്യന്റെ അന്നവുമായി തിക്കിലും തിരക്കിലും ചൂടിലും പൊടിയിലും അവര്‍ പിഴവില്ലാതെ പാഞ്ഞു നടക്കുന്നു.

നന്ദിയും കടപ്പാടും -
1.“Management Learnings from Dabbawala“ പ്രസന്റേഷന്‍
2. “The magic of Dabbawala Unfold" പ്രസന്റേഷന്‍
3. www.mydabbawala.com
(ചിത്രങ്ങള്‍ക്ക് )