Saturday, October 22, 2005

മഴപെയ്യുമ്പോൾ..

ബ്ലോഗ്‌ ചില്ലകളിൽ എന്റെ വക ഒരു ചെറുമഴ. എല്ലാവർക്കും ഇവിടേയ്ക്ക്‌ സ്വാഗതം. ഈ മഴതണുപ്പിൽ നമുക്കോരോ കട്ടൻ കാപ്പിയും കുടിച്ച്‌ അരിമുറുക്കും കടിച്ചിരിക്കാം. കൊച്ചുവർത്താനങ്ങൾ പറയാം. സൌഹൃദത്തിന്റെ ഒരു ചിരിയെങ്കിലും ചുണ്ടിൽ തിരുകിവയ്ക്കാം.

ഈ മഴ പെയ്യട്ടെ. പെയ്തൊഴിയട്ടെ.

എല്ലാവരും എത്തും എന്ന് പ്രതീക്ഷിക്കുന്നു. മലയാളത്തിലെ എനിക്കറിയാത്ത ഏതോ ആദിബ്ലോഗൻ മുതൽ ഇന്നലെ ഡും ഡും ഡും കൊട്ടി വന്ന ഇളമുറക്കാരൻ 'വർണമേഘങ്ങൾ' വരെ.

രണ്ടുകുത്തിന്റെ ഒരു കോളൻ ഒരു റൈറ്റ്‌ ബ്രാക്കറ്റ്‌. ഇത്രയെങ്കിലും മതി.

Thursday, October 20, 2005

പെരിയാറിന്റെ ഉറവയിൽ...

പെരിയാർ വനത്തിനുമുകളിൽ ഞങ്ങൾക്കായി ഈ ദിവസം തുടങ്ങുന്നു.

പെരിയാർ വനത്തിനുള്ളിൽ ചിലച്ചൊഴുകുന്ന ഒരു ചെറുചാൽ. ഈ വനം മുഴുവൻ ഇത്തരത്തിലുള്ള ചെരു സ്രോതസുകളാണ്. ഇത്തരത്തിലുള്ള ചെറുഉറവകളാണ് പെരിയാറായും പിന്നെ മുല്ലപ്പെരിയാറായും പിന്നെ മലയാളിയും തമിഴനും തമ്മിൽ വഴക്കുകൂടാനുള്ള വഴികളുമായിമാറുന്നത്. പാവം ഈ ഉറവ അറിയുന്നില്ല അതിന്റെപേരിൽ ഒരു തർക്കം നഗരങ്ങളിൽ ഇരമ്പുന്നത്.

തേക്കടിയിൽ ഒരു തടാകമായ് പെരിയാർ ഒന്നു വിശ്രമിക്കുന്നു... പിന്നെയും ഒഴുക്കുതുടരുന്നു... മുല്ലപ്പെരിയാറിൽ ഒന്നു ചുറ്റി വർദ്ധിച്ച ശക്തിയോടെ പിന്നെ താഴേയ്ക്ക്...

Thursday, October 13, 2005

ലന്തൻ ബത്തേരി - ചില ദൂരക്കാഴ്ചകൾ.

വലതുവശത്തായി കാണുന്ന ദ്വീപാണ് മുളവുകാട്. അതിൽ ഈ കാണുന്ന മുനയാണ് ലന്തൻ ബത്തേരി എന്ന ബോൾഗാട്ടി. ഇതു ഞങ്ങളുടെ ഓഫീസിൽ നിന്നും ബോൾഗാട്ടിയിലേക്ക് നോക്കുമ്പോഴുള്ള കാഴ്ച. പലദിവസങ്ങളിലായി ഒരേ ഫ്രൈമിങിൽ എടുത്ത ചിത്രങ്ങൾ ഇവിടെ എന്നും അസ്തമയം വ്യത്യസ്തങ്ങളാണ്. അവസാനചിത്രം മഴക്കാലത്തെ ഒരു പതിവു ചിത്രമാണ്.

Wednesday, October 12, 2005

ഫോർട്ട് കൊച്ചിയിൽ

കടൽ കാമുകനും കായൽ കാമുകിയുമാണ്‌... കായൽ ഒഴുകി കടലിനോടു ചേരുന്നിടത്തുനിന്നപ്പോൾ അങ്ങനെതന്നെ തോന്നി. കടലിനോടുചെരുന്നിടത്തെ കായലിന്റെ നാണം, കടലിന്റെ മേധാവിത്തം ഇതൊക്കെ അത്തരത്തിലുള്ള ചിന്ത ഉണർത്തുന്നു.

ഇത്‌ കൊച്ചി.
കൊച്ചി എറണാകുളമല്ല. എറണാകുളം ജില്ലയിലെ ഒരു സ്ഥലമാണ്‌. കുറച്ചുകൂടി ഫോക്കസ്‌ ചെയ്തുനോക്കിയാൽ മനസിലാകും ഞങ്ങൾ ഇപ്പോൾ ഫോർട്ട്‌ കൊച്ചിയിൽ ആണ്‌. സൂര്യൻ അറബിക്കടലിന്റെ അതിരിലും. സൂര്യൻ അൽപസമയ്ത്തിനുള്ളിൽ കടലിലേക്ക്‌ വീണ്‌ അണയും. അണയട്ടെ, എന്നിട്ട്‌ എവിടെയെങ്കിലും തെളിയട്ടെ. ഞങ്ങൾക്ക്‌ നാളെ മതി ഇനി സൂര്യൻ.

ഫോർട്ട്‌ കൊച്ചിയിൽ ഒരുപാടു ചീനവലകളുണ്ട്‌. സന്ധ്യയോടടുക്കുമ്പോൾ ചീനവലകളും അതിനിപ്പുറത്തായി ഒരുപാട്‌ റെസ്റ്ററന്റുകളും ഉണരും.

പൊങ്ങിയ വലകളിൽ ഒന്നിൽ നിന്ന് ഒരു നെയ്‌മീനിനു വിലപറഞ്ഞൊതുക്കിയെടുത്ത്‌ അടുത്തുകണ്ട റെസ്റ്ററന്റിൽ കോടുത്തു. കുറച്ചു വറുക്കാനും കുറച്ചു ഗ്രിൽ ചെയ്യാനും പറഞ്ഞു.
സുര്യനെ വിഴുങ്ങിയ കടൽ അതു ഒന്നുകൂടി ഉറപ്പിച്ചപോലെ തിരകളിൽ കരവെട്ടത്തിന്റെ ഒരു മിന്നായം പാഞ്ഞു.

ചീനവലകളുടെ കാലുകളിൽ കുഞ്ഞോളങ്ങൾ ചുറ്റിയടിച്ചു. പിന്നെ അവ കരയോടു ചേർന്ന് കാലങ്ങളുടെ സൌഹാർദ്ദം പുതുക്കി.

നാലുകസേരകൾക്കിപ്പുറത്തായി 'ഗാമ'വന്നിരുന്നു. കുറച്ചപ്പുറത്തായി അയാളുടെ കുതിരവണ്ടി ഒതുക്കിയിട്ടിരിക്കുന്നു. ഞാൻ വസ്കോഡഗാമയെ നോക്കി. ഗാമയ്ക്കുമുന്നിലെ മേശയിൽ കൊളുത്തിവച്ച മെഴുകുതിരി കാറ്റത്തുലഞ്ഞു. അഴിമുഖത്തെവിടെയോ ഒരു പായ്ക്കപ്പൽ സൈറൻ മുഴക്കി. ജൂതതെരുവിൽ കുതിരവണ്ടികളുടെ കുളമ്പടി ഒച്ചകൾ. മട്ടാഞ്ചേരിയിലെ മലഞ്ചരക്കുശാലകൾമുകളിൽ ഇരുട്ടു വീണു പരന്നു. അതിനെ തടുക്കാൻ ശക്തിയില്ലാത്ത വിളക്കുകാലുകൾ തെരുവിന്റെ ഓരത്ത്‌ ഒറ്റപ്പെട്ടുനിന്നു. വൈപ്പിനിലെ ലൈറ്റ്‌ ഹൌസിൽ നിന്നുള്ള പ്രകാശം ഒന്നു ചുറ്റിപാഞ്ഞു.

വറുത്തമീനിന്റെ കൊതിപ്പിക്കുന്ന മണം. കല്യാണി ചോദിച്ചു "അഛൻ ഉറങ്ങുകയായിരുന്നോ?"
"ഇല്ല" ഞാൻ പറഞ്ഞു. "അഛൻ ഗാമയുടെ അടുത്തിരിക്കുകയായിരുന്നു"
"ഗാമയോ?" അവൾ ചോദിച്ചു. ഭാര്യയും ഒന്നും മനസിലാകാത്തപോലെ നോക്കി.
ഞാൻപറഞ്ഞു, " അതെ ഗാമ, വാസ്കോഡഗാമ, സഞ്ചാരിയായിരുന്നു. മോൾ വരുന്ന ക്ലാസുകളിൽ ഇനി പഠിക്കും"
"അപ്പോൾ ഗാമ പഠിക്കാനുള്ള സാധനമാണോ?"
ഞാൻ അതേയെന്നു തലയാട്ടി. ഒപ്പം 1524ലെ ക്രിസ്തുമസ്‌ സായഹ്നത്തിൽ ഇവിടെ നിന്നും തന്റെ സഞ്ചാരപഥം ഈ ലോകത്തിനുമപ്പുറത്തേയ്ക്ക്നീട്ടിയ പഥികനെ ഓർത്തു.

പിന്നെ എന്റെ രസമുകുളങ്ങളിൽ നെയ്‌മീനിന്റെ രുചിയലിഞ്ഞുതുടങ്ങിയപ്പോൾ ഞാനും ഗാമയെമറന്നു.

Thursday, October 06, 2005

തീയാട്ടം.. (Fire Dance)

ഗോവയിൽ ബാഗാ ബീച്ചിൽ ഒരു മുളവടിയിൽ രണ്ടറ്റം വലിച്ചുകെട്ടിയ ഞാണിൽ ജീവന്റെ അങ്ങറ്റവും ഇങ്ങറ്റവും ഒപ്പം വലിച്ചുകെട്ടി തലയിൽ തീയാളുന്ന ഒരു നെരിപ്പോടുമായ്‌ ഒരു ഒരു നാടൻ പെൺകുട്ടി. അവൾക്ക്‌ സഹായത്തിനു കയ്യിൽ ഒരു വടിയും താഴെ മണലിൽ തപ്പുകൊട്ടുന്ന കുഞ്ഞനിയനും. ആരും അവരെ ശ്രദ്ധിക്കുന്നില്ല.

പക്ഷേ അൽപ്പം മാറി ടിറ്റോയുടെ പ്രശസ്തമായ ഷാക്കിൽ ഒരു വടക്കേ ഇന്ത്യൻ സംഘത്തിന്റെ നൃത്തം കാണാൻ തിക്കും തിരക്കും...

... ഇവിടെയും നഗരം നാടിനെത്തന്നെ കീഴടക്കുന്നു.

Saturday, October 01, 2005