Sunday, December 25, 2005

പപ്പി ഹൌസ്

കൃസ്തുമസ്‌ ട്രീ വാങ്ങണം എന്നത്‌ കഴിഞ്ഞവർഷം മുതൽ കല്യാണിയുടെ ആവശ്യമായിരുന്നു. ഈ വർഷം അതു വാങ്ങി. അതിൽ കൊച്ചു നക്ഷത്രങ്ങളും മിന്നുന്ന ലൈറ്റുകളും ഇട്ടപ്പോൾ അവളുടെ മനസ്‌ നിറഞ്ഞ്‌ കണ്ണിലൂടെ വന്നു.

'അപ്പോൾ ഇനി നമ്മുടെ വീട്ടിലും കൃസ്തുമസ്‌ പപ്പാ വരുമോ? എനിക്ക്‌ സമ്മാനം കിട്ടുമോ?"
"കിട്ടും. മോൾ എന്താ വേണ്ടതെന്ന് ഒരു കാർഡിൽ എഴുതി ഈ മരത്തിൽ കൊരുത്തിട്ടാൽ മതി രാത്രി കൃസ്തുമസ്‌ പപ്പാ വരുമ്പോൾ അതു കാണും. മോൾക്ക്‌ സമ്മാനം വച്ചിട്ട്‌ പോകും"

കല്യാണിക്ക്‌ സന്തോഷമായി. ഒരു താരം അവളുടെ കണ്ണിലും മിന്നി.


രാവിലെ തിരക്കിൽ ഓഫീസിൽ പോകാനിറങ്ങിയപ്പോൾ കല്യാണി പറഞ്ഞു ' അഛാ ഞാൻ എന്താ വേണ്ടത്‌ എന്ന് എഴുതി മരത്തിൽ തൂക്കിയിട്ടിട്ടുണ്ട്‌. ഞാൻ ആ കാർഡിൽ നോക്കി. മുന്നിൽ പാപ്പായ്കുള്ള ഗ്രീറ്റിങ്ങ്‌സ്‌, അവളുടെ വരകളിലൂടെ. അതിനുള്ളിൽ അവൾക്കറിയാവുന്ന വരികളിലൂടെ ഒരു കത്ത്‌ “Dear paappa, a want a puppy house. with love kalyani.“
പപ്പി ഹൌസ്‌. പട്ടിക്കൂട്‌. കുഞ്ഞുങ്ങൾ കയറി ഇറങ്ങിക്കളിക്കുന്ന ഒരു വായുവീട്‌. ഞാനോർത്തു, ഇത്‌ ഞാൻ മുൻപ്‌ വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞതാണല്ലൊ! ഇന്ന് ഇതിപ്പൊ ഇനി എവിടെ കിട്ടും? ബ്രോഡ്‌വേയിൽ മുൻപുകണ്ടതാണ്‌. അത്‌ അവിടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ച്‌ ഇറങ്ങി.

പതിവുപോലെ ഒരു തിരക്കൻ ദിനം.

വൈകുമ്ന്നേരം, രാത്രി, അല്ല പാതിരാത്രി വീട്ടിൽ എത്തിയപ്പോൾ കൃസ്തുമസ്‌ ട്രീയിൽ മിന്നുന്ന ലൈറ്റുകൾ കണ്ടപ്പോൾ, അതിൽ തൂങ്ങുന്ന കാർഡ്‌ കണ്ടപ്പോൾ ഞാൻ അറിയാതെ തലയിൽ കൈവച്ചുപോയി. കയ്യിൽ ആകെയുള്ളത്‌ ഓഫീസിൽ നിന്നും സമ്മാനമായി കിട്ടിയ ഒരു കേക്ക്‌ ആണ്‌.

ഞാൻ അതു ആ പാക്കറ്റോടെ ട്രീയുടെ താഴെ വച്ചു.
കാര്യം പിടികിട്ടിയ ഭാര്യ പറഞ്ഞു, "പാവം, കൃസ്തുമസ്‌ പപ്പവരുമ്പോൾ ശബ്ദം കേട്ടാൽ അവളെയും വിളിക്കണേ എന്നു പറഞ്ഞിട്ടാണ്‌ ഉറങ്ങിയത്‌"

രാവിലെ അവൾ ഉണർന്ന് കിടന്നപ്പോൾ ഞാൻ ഓർത്തു ഇവളെന്താ എണീറ്റു പോയി നോക്കാത്തതു എന്ന്. അവൾ എന്നെ കുറേ നേരം നോക്കി കിടന്നു പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ കട്ടിലിൽ നിന്നും ചാടി ഇറങ്ങി ഓടി. ഞാനും എണീറ്റു.
മുൻവശത്തു നിന്നും വിളി " അഛാ പപ്പി ഹൌസ്‌ കിട്ടി"
അവൾ ആകെ ത്രിൽഡ്‌ ആണ്‌.
"കാറ്റുനിറച്ച്‌ വലുതാക്കുന്നതാണെന്നാ റിജുചേട്ടൻ പറഞ്ഞത്‌. അഛാ വേഗം തുറന്ന് ഊതിപെരുക്കഛാ.."

ഞാൻ ആ ബോക്സ്‌ തുറന്നു.
അവളുടെ മുഖത്തുണ്ടായിരുന്ന ആകാക്ഷയുടെ നക്ഷത്രം മങ്ങി.
"ഇതു കേക്കാ, പപ്പി ഹൌസ്‌ അല്ല" അവൾ പറഞ്ഞു.

ഞാൻ പറഞ്ഞു, " അതേ മോളൂ, എല്ലാവർക്കും സമ്മാനം കൊടുക്കണ്ടേ പാപ്പായ്ക്ക്‌? മോളൂനു വീടുണ്ടല്ലൊ, വീടില്ലാത്ത കുഞ്ഞുങ്ങളെ വഴി അരുകിൽ നമ്മൾ കണാറില്ലേ, മോളൂന്റെ പപ്പി ഹൌസുമായി വന്നപ്പോൾ ഇതുപോലുള്ള ഏതെങ്കിലും കുട്ടിയെ കണ്ടിട്ടുണ്ടാകും പാവം പാപ്പാ ആ കുട്ടിയ്ക്ക്‌ അത്‌ കൊടുത്തിട്ടുണ്ടാകും. അതുകൊണ്ടാ"

അവൾ അതു മുഴുവനായും വിശ്വസിച്ചില്ല എന്നു തോന്നുന്നു.
"അപ്പോൾ ആ കുട്ടിയ്ക്ക്‌ ഇനി ആ വീട്ടിൽ കിടന്നുറങ്ങാം അല്ലെ?
"ഉം"
"അപ്പോൾ ഇനി എന്നാ കൃസ്തുമസ്‌ വരുന്നത്‌?"
"അടുത്ത വർഷം"
"അടുത്ത വർഷം എന്തായാലും എനിക്കു തന്നെ തരും അല്ലേ?"
"ചിലപ്പോൾ അതിനു മുൻപും തരും." ഞാൻ പറഞ്ഞു.

ഞാൻ ആ കേക്കിലേക്ക്‌ നോക്കി, പിന്നെ ചിന്തിച്ചു; പാപ്പാ ബെസ്റ്റ്‌ ബേക്കേർസീന്നാണോ കേക്ക്‌ വാങ്ങിയതെന്ന ചോദ്യം ഉടൻ വരും. അതിനു എന്തു ഉത്തരം പറയും?

സാരമില്ല, മറവിക്കാർക്ക്‌ എല്ലാത്തിനും ഇതുപോലുള്ള ഉത്തരം കിട്ടും.

Thursday, December 22, 2005

ഉറക്കം.

ഉറക്കം. സുഖകരമായ കൊച്ചുസ്വപ്നങ്ങളിൽ ഒരു ‘ഇരുന്നുറക്കം‘.

Thursday, December 15, 2005

അപ്പു എന്നാണ്‌ അവന്റെ പേര്‌.

അപ്പു എന്നാണോ അവന്റെ പേര്‌?

അപ്പു എന്നല്ല അവന്റെ പേര്‌!
അപ്പു എന്നാണ്‌ അവനെ ചേച്ചി സ്നേഹത്തോടെ വിളിച്ചിരുന്നത്‌.

അപ്പോൾ ഇപ്പോ വിളിക്കാറില്ലേ?

ഇല്ല അവന്റെ ചേച്ചി മാഞ്ഞുപോയി.

മാഞ്ഞുപോവുകേ?

അതെ. അവന്റെ ചേച്ചി ഒരു കിനാവായിരുന്നു.

അപ്പോൾ ഈ അപ്പു?

അപ്പുവും ഒരു കിനാവായിരുന്നു. പടുകിനാവ്‌.

എല്ലാ'ചേച്ചി'മനസുകളിലും 'അപ്പു'മാർ ഉണ്ടാകുന്നു. അപ്പുമനസുകളിൽ ചേച്ചിമാരും. അസ്വസ്തമാകുന്ന മനസുകളിൽ ഇവർ ഉടലെടുക്കുന്നു.

സൌഹൃദത്തിന്റെ യഥാർത്ഥ സ്നേഹം.
വർണ്ണചരടിന്റെ ഒരു രാഖിയിലോ ഗ ർഭപാത്രത്തിന്റെ വാടകക്കാർ എന്ന ബന്ധത്തിലോ തട്ടി നിന്നുപോകാത്ത സ്നേഹം.
ഒടുവിൽ ഒന്നിലും തട്ടാതെ തട്ടി ഒരു സന്ധ്യയിൽ മാഞ്ഞുപോയേക്കാവുന്ന സ്നേഹം.

ഒന്നു ചെവിയോർത്താൽ, ഒന്ന് സൂക്ഷിച്ചുനോക്കിയാൽ നമുക്കിടയിൽ ഒത്തിരി അപ്പുമാരെയും ചേച്ചിമാരെയും കാണാം.

Tuesday, December 13, 2005

നോൺ വെജ് ചിന്തകൾ.

"കിലോ എങ്ങനാ വില?"

"37 രൂപ. ഇന്ന് വില അൽപ്പം കുറവാ സാർ"
അയാൾ എന്നെ സന്തോഷിപ്പിക്കാൻ പറഞ്ഞു.

"ശരി രണ്ടുകിലോ തികച്ചുവരുന്ന ഒന്നിനെ എടുത്തോളൂ."

അയാളുടെ നീളമുള്ള വിരലുകൾ കോഴികളുടെ ഇടയിലേക്ക്‌ ഇറങ്ങിചെന്നു.
കൂട്ടത്തിലൊന്നിന്റെ ചിറകിൽ പിടിച്ച്‌ അയാൾ ഉയർത്തി. മങ്ങിയ കണ്ണുകളിലൂടെ അത്‌ കാലനെ എന്നപോലെ എന്നെ നോക്കി. എന്റെ അരുകിലായി വല്ല പോത്തുമുണ്ടോ എന്ന് ഞാനറിയാതെ നോക്കിപോയി. മറ്റുള്ള കോഴികൾ ആശ്വാസത്തിന്റെ ഒരു നീണ്ട കൊക്കരക്കോ മുഴക്കി.

ചിറകിനടിയിലൂടെ ഒരു പ്ലാസ്റ്റിക്‌ ചരട്‌ ചുറ്റി അയാൾ അതിനെ തുലാസിൽ കൊരുത്തിട്ടു. രണ്ടാതട്ടിൽ ഇരുമ്പുകട്ടികൾ മറിഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിനുമുൻപ്‌ ഭാരം അളന്ന് ഉറപ്പുവരുത്തുന്ന ചടങ്ങ്‌. മരണം ഉറപ്പാക്കി തൂക്കുമരത്തിലെന്നപോലെ കോഴി കിടന്നു.

"രണ്ടുകിലോ തികച്ചില്ല. ഒന്ന് എണ്ണൂറേയുള്ളു" അയാൾ എന്നെ നോക്കി.
ഞാൻ ആ കോഴിയേയും മറ്റുള്ളവയേയും നോക്കി.

"മതി എടുത്തോളൂ"
അയാൾ കോഴിയെ തുലാസിൽനിന്നിറക്കുമ്പോൾ ഞാൻ മനസിൽ പറഞ്ഞു "200ഗ്രാമിനുവേണ്ടി ഞാനായിട്ട്‌ വിധി മാറ്റി എഴുതുന്നില്ല"

(വൈകുന്നേരം ചിക്കൻ ഉലർത്തിയത്‌ ഉള്ളിലേക്ക്‌ പോയപ്പോൾ അതിന്റെ മസാലരുചിയിൽ, എരിവിൽ ഈ വിധിനടപ്പാക്കൽ ഒന്നും മനസിൽ വന്നില്ല.
പക്ഷേ ഇപ്പോൾ, നിലച്ചിരിക്കുന്ന എന്റെ ബ്ലോഗിങ്ങിനെക്കുറിച്ച്‌ ഓർത്തപ്പോൾ മനസിൽ തെളിഞ്ഞുവന്നു ഈ വിഷയം)

ഇത്‌ ഇരതേടലിന്റെ കാട്ടാളത്വമാണോ? ആശയദാരിദ്ര്യത്തിന്റെ അസ്വസ്തതയാണോ?