Tuesday, December 13, 2005

നോൺ വെജ് ചിന്തകൾ.

"കിലോ എങ്ങനാ വില?"

"37 രൂപ. ഇന്ന് വില അൽപ്പം കുറവാ സാർ"
അയാൾ എന്നെ സന്തോഷിപ്പിക്കാൻ പറഞ്ഞു.

"ശരി രണ്ടുകിലോ തികച്ചുവരുന്ന ഒന്നിനെ എടുത്തോളൂ."

അയാളുടെ നീളമുള്ള വിരലുകൾ കോഴികളുടെ ഇടയിലേക്ക്‌ ഇറങ്ങിചെന്നു.
കൂട്ടത്തിലൊന്നിന്റെ ചിറകിൽ പിടിച്ച്‌ അയാൾ ഉയർത്തി. മങ്ങിയ കണ്ണുകളിലൂടെ അത്‌ കാലനെ എന്നപോലെ എന്നെ നോക്കി. എന്റെ അരുകിലായി വല്ല പോത്തുമുണ്ടോ എന്ന് ഞാനറിയാതെ നോക്കിപോയി. മറ്റുള്ള കോഴികൾ ആശ്വാസത്തിന്റെ ഒരു നീണ്ട കൊക്കരക്കോ മുഴക്കി.

ചിറകിനടിയിലൂടെ ഒരു പ്ലാസ്റ്റിക്‌ ചരട്‌ ചുറ്റി അയാൾ അതിനെ തുലാസിൽ കൊരുത്തിട്ടു. രണ്ടാതട്ടിൽ ഇരുമ്പുകട്ടികൾ മറിഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിനുമുൻപ്‌ ഭാരം അളന്ന് ഉറപ്പുവരുത്തുന്ന ചടങ്ങ്‌. മരണം ഉറപ്പാക്കി തൂക്കുമരത്തിലെന്നപോലെ കോഴി കിടന്നു.

"രണ്ടുകിലോ തികച്ചില്ല. ഒന്ന് എണ്ണൂറേയുള്ളു" അയാൾ എന്നെ നോക്കി.
ഞാൻ ആ കോഴിയേയും മറ്റുള്ളവയേയും നോക്കി.

"മതി എടുത്തോളൂ"
അയാൾ കോഴിയെ തുലാസിൽനിന്നിറക്കുമ്പോൾ ഞാൻ മനസിൽ പറഞ്ഞു "200ഗ്രാമിനുവേണ്ടി ഞാനായിട്ട്‌ വിധി മാറ്റി എഴുതുന്നില്ല"

(വൈകുന്നേരം ചിക്കൻ ഉലർത്തിയത്‌ ഉള്ളിലേക്ക്‌ പോയപ്പോൾ അതിന്റെ മസാലരുചിയിൽ, എരിവിൽ ഈ വിധിനടപ്പാക്കൽ ഒന്നും മനസിൽ വന്നില്ല.
പക്ഷേ ഇപ്പോൾ, നിലച്ചിരിക്കുന്ന എന്റെ ബ്ലോഗിങ്ങിനെക്കുറിച്ച്‌ ഓർത്തപ്പോൾ മനസിൽ തെളിഞ്ഞുവന്നു ഈ വിഷയം)

ഇത്‌ ഇരതേടലിന്റെ കാട്ടാളത്വമാണോ? ആശയദാരിദ്ര്യത്തിന്റെ അസ്വസ്തതയാണോ?

16 comments:

aneel kumar said...

ഹേയ്, അതു രണ്ടുമല്ല.
ഇത് കോഴിയെറച്ചി തിന്നാനുള്ള കൊതി. :)
(വാര്‍ത്ത: ഇന്ത്യയില്‍ പക്ഷിപ്പനി ഇതുവരെ കണ്‍ഫേം ചെയ്യാത്തകാരണം (?) ഇന്ത്യന്‍ കോഴി(യിറച്ചി) ഇറക്കുമതി ചെയ്യാന്‍ ജപ്പാന്‍ തീരുമാനിച്ചു. വക്കാരിയുടെ ഒക്കെ ഒരു ടൈം!)

ദേവന്‍ said...

കോഴി തിന്നൽ അപ്പാടെ നിറുത്തിപ്പോകും കെന്റക്കി ചിക്കനെക്കുറിച്ച് പമീല ആണ്ഡേർസൻ (അടുത്ത ണ്ഡ ഞാൻ ഇവിടെ പാകിയിട്ടുണ്ട് അതുല്യേ) ഇറക്കിയ വീഡിയോ ഒന്നു കണ്ടാൽ. ആരുടെയും ആർത്തിയോ വയറ്റുപിഴപ്പോ മുട്ടിക്കേണ്ടെന്നു കരുതി ലിൻക് ഇടുന്നില്ല.

വീക്കേയെൻ തമാശ: ട്രിവാൻഡ്രം ചിക്കൻ കോർണറിന്റെ കൂറ്റൻ കോഴിയുടെ കട്ടൌട്ട് വച്ച ബോർഡ് കണ്ട ഹാജിയാർ
“നാലു ചക്രമുള്ളത് വെൽറ്റിന്റെ കീശയിൽ കെടക്കാൻ സമ്മതിക്കില്ലന്നും പഹന്മാർ“

അതുല്യ said...

രണ്ടു തുള്ളി ചോരയോ? അതോ ഇറ്റു വീണ കണ്ണീരോ ? ആദ്യം വീണത്‌ ?
വേണ്ട കുമാറെ, നമുക്കു കൊല വേണ്ട, വയർ ഒരു ശവപറമ്പാക്കണോ?

ദേവാ, ഈ “ ണ്ഡ “ പോരാ, എന്റെ “മണ്ഡ“ ചൂണ്ഡ“ ആവാൻ.

Kalesh Kumar said...

നന്നായിട്ടുണ്ട് കുമാർ!
കുമാറിന് ആശയദാരിദ്ര്യമോ?
(ബ്രഹ്മാവിനും ആയുസിന് പഞ്ഞമോ?)
നമ്മൂടെ കുട്ടിമോഡൽ എന്തിയേ??? സുഖമായിരിക്കുന്നോ?

ദേവന്‍ said...

പ്രൊഫൈലിൽ ഓലപ്പടക്കം മാറ്റി ഉടുമുണ്ടില്ലാത്തൊരു കോഴിയെ സ്ഥാപിച്ചതുമായി ഈ പൌൾട്രി ഫാം സന്ദർശനതിനെന്തെൻകിലും ബന്ധം?
(അതുല്യ കോഴിത്തീറ്റയില്ലാത്ത ആളാണല്ലേ?)

myexperimentsandme said...

കുമാറേ ചിക്കൻ ഉലർത്തിയതിന്റെ മിച്ചം വെല്ലതും കാണുമോ? പ്രൊഫൈലിലെ ഫോട്ടോ കണ്ട് ചിരിച്ച് മണ്ണുകപ്പി. ഷേവൊക്കെ ചെയ്ത്, സുന്ദരക്കുട്ടപ്പനായി, യാതൊരു ചമ്മലുമില്ലാതെ തുണിയില്ലാതിങ്ങിനെ നിൽക്കുന്നു, വിശാലന്റെ യോഹന്നാൻ ചേട്ടനെപ്പോലെ, കെന്റക്കിയുടെ ചിക്കനൊക്കെ ഈ തരമാണെന്നു പറയുന്നത് നേരാണോ ആവോ.

അപ്പോ നാട്ടിലെ കോഴിയൊക്കെ ഇവിടെ വരുമല്ലേ. പണ്ട് കല്ലെടുത്തെറിഞ്ഞവരുമൊക്കെ കാണുമോ. പ്ലേറ്റിന്റെ മുമ്പിലിരിക്കുമ്പോൾ, അച്ഛാ, ദോ നമ്മേ ഓടിച്ച ചേട്ടൻ എന്ന് കൊച്ചു ചിക്കൻ പറയുകയും, നീയൊക്കെ ഞങ്ങളെ ദ്രോഹിച്ചതിന്റെ കഥയൊന്നും ഞാൻ മറന്നിട്ടില്ലഡാ എന്ന് അച്ഛൻ ചിക്കൻ ആക്രോശിക്കുകയും ചെയ്താൽ തിന്നാനുള്ള മൂഡ് പോകും.

അതുല്യ പറഞ്ഞതുപോലെ, വയറൊരു ശവപ്പറമ്പാക്കണ്ടാ അല്ലേ..... പാവം കോഴികള്

(ഒരു വെരിഫിക്കെഷൻ കൂടി..പ്ലീസ്: ക്ക്ഷക്ര്ര്)

രാജീവ് സാക്ഷി | Rajeev Sakshi said...

ഓടാനാഞ്ഞപ്പോഴേക്കും പിടിമുറുകിക്കഴിഞ്ഞിരുന്നു. എത്രയോ പ്രാവശ്യം ആ കയ്യില്‍ നിന്ന് വഴുതി മാറിയിരിക്കുന്നു. പക്ഷേ ഇന്ന്.. തലവര തൂത്താല്‍ പോവില്ലല്ലോ. പുറകിലാരൊക്കെയോ മാറിലടിച്ചു കരയുന്നുണ്ട്. കണ്ണുനീരിനിടയിലൂടെ തന്‍റെ കാലനായ് വന്നിരിക്കുന്നയാളെ വെറുതെയൊന്നു നോക്കി. അയാളൊന്നു പരുങ്ങിയോ? അല്ലെങ്കില്‍ അയാളെന്തു പിഴച്ചു. അയാളെല്ലെങ്കില്‍ മറ്റൊരാള്‍. എത്ര നാള്‍ ഒഴിഞ്ഞു മറാന്‍ പറ്റും. ഇറച്ചിക്കോഴികളല്ലേ ഞങ്ങള്‍. അല്പ്പായുസുകള്‍. ചിറകിനിടയില്‍ കയര്‍ വീണപ്പോള്‍ ഒന്നു തിരിഞ്ഞു നോക്കണമെന്നു തോന്നി. കഴിഞ്ഞില്ല. "രണ്ടുകിലോ തികച്ചില്ല. ഒന്ന് എണ്ണൂറേയുള്ളു" മനസ്സൊന്നു പിടഞ്ഞുണര്‍ന്നു. ഈശ്വരാ.. ഒരു ദിവസം.. വേണ്ട് ഒരു മണിക്കൂര്‍..ഒന്നു യാത്ര പറയാനായിട്ടെങ്കിലും. അയാളുടെ കണ്ണുകള്‍ എന്നെത്തേടി വരുന്നതു ഞാന്‍ കണ്ടു. "മതി എടുത്തോളൂ" വിധി വന്നു. കണ്ണില്‍ ഇരുട്ടുകയറി. ഇനി യത്രയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍...വേണ്ട എന്തിനിങ്ങനെയൊരു ജന്മം!!

myexperimentsandme said...

സാക്ഷീ, അതടിപൊളി....... പാവം കുമാർ

reshma said...

കുമാർ ഒറ്റക്കല്ല - വഴിയേ പോണ അണ്ണാനും പൂച്ചക്കും തിന്നാനും കുടിക്കാനും ഒക്കെ കൊടുത്തിട്ട്, പാട്ടും പാടി ഞാൻ‍ ഫ്രീസറിന്നു ഇറച്ചിയും മീനും എടുത്ത് മസാല തേച്ച് ..അങ്ങനെ അങ്ങനെ.

വര്‍ണ്ണമേഘങ്ങള്‍ said...

"മങ്ങിയ കണ്ണുകളിലൂടെ അത്‌ കാലനെ എന്നപോലെ എന്നെ നോക്കി"

നാട്ടിലിറങ്ങിയാൽ നാനാവിധത്തിലുള്ള കാലന്മാരുണ്ടാകുമെന്ന്‌ കരുതി കൂട്ടിലൊതുങ്ങിയതായിരുന്നു..
ഒരു നാൾ കഴുത്തൊടിഞ്ഞ്‌ വീഴുമെന്നുമറിയാമായിരുന്നു..!
ഓരോ തവണയും കൂടെയുള്ളവന്റെ നിലവിളി കേട്ടും,നിരാലംബത കണ്ടും ഉള്ള്‌ പിടച്ച്പ്പോഴും പിടിച്ച്‌ നിന്നു..
ഒടുവിൽ നീയെത്തിയല്ലോ..
ജീവിതം നിഷേധിയ്ക്കാൻ..!

എന്നാകാം ആ നോട്ടത്തിന്റെ പൊരുൾ..!

Kumar Neelakandan © (Kumar NM) said...

വന്നോളൂ വക്കാരി വയറുനിറച്ചു ചിക്കൻ ഉലർത്ത് തരാം (ഭാര്യയുടെ സ്പെഷൽ ഡിഷ് ആണത്)

സാക്ഷി, താങ്കളുടെ മറുമൊഴിക്കഥ വളരെ നന്നായി.
കലേഷ്, കുട്ടി ഇവിടെ സാന്റയെ വരവേൽക്കാനായി കത്തിരിക്കുന്നു.

കമന്റുകളടിച്ച എല്ലാവർക്കും നന്ദി.

myexperimentsandme said...

കുമാറേ, നന്ദി.... പക്ഷേ ക്ഷണാവിവേകം ചിലപ്പോൾ അപകടമാകാനും ഒരു സാധ്യത. ഒരു ദിവസം രാവിലെ കതകിലെ മുട്ടുകേട്ട് ഉറക്കച്ചടവോടെ കതകുതുറക്കുമ്പോൾ, “കുമാറേ ഞാനെത്തി, ചിക്കൻ ഉലർത്തിയതെടുത്തോ” എന്നു പറയുന്ന വക്കാരിയെക്കാണുന്ന കുമാറിനുണ്ടാകുന്ന വികാരത്തെ വിശേഷിപ്പിക്കാൻ മലയാളത്തിൽ പുതിയ അലങ്കാരങ്ങപദങ്ങളുണ്ടാക്കേണ്ടിവരും...

Kumar Neelakandan © (Kumar NM) said...

ടെസ്റ്റ്. 1 from Kumar

Kumar Neelakandan © (Kumar NM) said...

ടെസ്റ്റ്. 1 from Kumar

Kumar Neelakandan © (Kumar NM) said...

ടെസ്റ്റ്. 10 from Kumar

Kumar Neelakandan © (Kumar NM) said...

ടെസ്റ്റ്. 11 from Kumar