Thursday, July 24, 2008

ചരിത്രമായ ഒരു ചിത്രീകരണത്തിനു പിന്നില്‍.

ഇരുപതും മുപ്പതും നാല്‍പ്പതും ചിലതൊക്കെ ഒരുമിനുട്ടോളം വരെ മാത്രം നീളുന്ന പരസ്യ ചിത്രങ്ങള്‍. പക്ഷെ അവ നിര്‍മ്മിക്കുന്നതിനു പിന്നിലുള്ള പ്ലാനിങ്ങിന്റേയും ഷൂട്ട് ചെയ്യുന്നതിലെ ലോജിസ്റ്റിക് പ്ലാനിങ്ങിന്റേയും ഡെഡിക്കേഷന്റേയും ഉത്തമ ഉദാഹരണമാണ് സോണി ബ്രവിയ high definition LCD TV ടെ പരസ്യങ്ങള്‍.

നിറം എന്ന കേന്ദ്രബിന്ദുവിനെ ചുറ്റിപ്പറ്റി അവര്‍ ഒട്ടനവധി പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. കളര്‍ ബോള്‍സ് (250,000 നിറമുള്ള ബൌണ്‍സിങ് ബോളുകള്‍ സാന്‍ ഫ്രാന്‍സിസ്കോയിലെ തെരുവിലേക്ക് ഇറക്കിവിട്ട് ഷൂട്ട് ചെയ്തത്) പെയിന്റിന്റെ ഫയര്‍വര്‍ക്സ്, എന്നിങ്ങനെ ഒട്ടനവധി. അവയൊക്കെ കാനിലും മറ്റും ഒട്ടനവധി “മെറ്റലുകള്‍” വാരിക്കൂട്ടാറുണ്ട്, കൂടുതലും ടെക്നിക്കല്‍ അവാര്‍ഡ്‌സ്. ഈ വര്‍ഷത്തെ കാന്‍ നേടിയത് സോണിക്കു വേണ്ടി ഒരു നഗരം മുഴുവന്‍ പത വന്നു നിറയുന്ന കാഴ്ചയായ പരസ്യമാണ്. സോണിയുടെ ഡിജിറ്റല്‍ ക്യാമറകള്‍ക്ക് വേണ്ടിയായിരുന്നു ഈ വര്‍ഷത്തെ കമേര്‍സ്യല്‍.

സോണിയുടെ പരസ്യങ്ങളില്‍ എനിക്ക് ഏറെ രസകരവും ഒറിജിനലും ഡെഡിക്കേറ്റഡും ആയ ഒന്നായി തോന്നിയതാണ് പെയിന്റ് കമേര്‍സ്യല്‍ എന്ന ഓമനപേരില്‍ അന്തര്‍ദേശീയതലത്തില്‍ അറിയപ്പെട്ടിരുന്ന ഈ ‘മള്‍ട്ടി മില്യണപൌണ്ട്‘ കമേര്‍സ്യല്‍. 2007 ലെ കാന്‍ അവാര്‍ഡുകളുടെ ഒരു സീഡി കയ്യില്‍ കിട്ടിയപ്പോള്‍ മനസില്‍ കയറിയതാണ് ഈ സോണി പരസ്യം. പിന്നെ അതിനെ പിന്‍പറ്റിയുള്ള അന്വേഷണം തുടങ്ങി. ഒരു “മേക്കിങ് ഓഫ് ദ മൂവി ഫയല്‍ കൂടി കിട്ടിയപ്പോള്‍, കൂടുതല്‍ അറിയാന്‍ തോന്നി. ആ അറിവുകള്‍ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. നിങ്ങളില്‍ പലരും ആ പരസ്യചിത്രം കണ്ടിട്ടുണ്ടാകും എന്നാലും ആദ്യം നമുക്ക് ആ പരസ്യം ഒന്നുകൂടി കാണാം. എന്നിട്ട് അതിന്റെ ‘ബിഹൈന്റ് ദ് സീനി‘ലേക്ക് പോകാം. (കാണുന്നതിനു മുന്‍പ് ഒരു വാക്ക്, യൂ ട്യൂബില്‍ സ്ട്രീം ചെയ്തു വരാന്‍ അല്പം ടൈം എടുക്കുകയാണെങ്കില്‍ പോസ് ചെയ്തിട്ട് മുഴുവനും സ്ട്രീം ആയതിനുശേഷം മുറിഞ്ഞു പോകാതെ കാണുക. കാരണം രസചരട് പൊട്ടാതെ അതിന്റെ താളത്തില്‍ തന്നെ കാണേണ്ട കമേര്‍സ്യല്‍ ആണിത്. ശബ്ദം ഉണ്ട് എന്ന് ഉറപ്പുവരുത്തുക)ഇവിടെ കാണാനാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് യൂട്യൂബില്‍ നേരിട്ട് കാണുക

ഇഷ്ടമായോ? ഒന്നുകൂടി കാണാന്‍ തോന്നുന്നുണ്ടോ? തൃശ്ശൂര്‍പൂരത്തിനു പോയി നിന്നതുപോലെ? പെയിന്റുകളുടെ പൂരം. ഒരു ഡ്രം റോളില്‍ തുടങ്ങി ഒരു ബില്‍ഡിങ്ങിലൂടെ നീല പെയിന്റുകളുടെ വിസ്ഫോടനം ഒരു ചുവന്ന പൂത്തിരി അടുത്ത വലിയ ബില്‍ഡിങ്ങില്‍ ചെന്ന് ഇടിച്ച് അടുത്ത ലെവല്‍ തുടങ്ങുന്നു. രണ്ടു കെട്ടിടങ്ങിളിലായി വര്‍ണ്ണങ്ങളുടെ നിലാത്തിരികള്‍ പൊട്ടുന്നു. ഇടയില്‍ ഒരു ക്ലൌണ്‍ ഓടുന്നു. ഉയരം കൂടിയ കെട്ടിടത്തില്‍ നിറങ്ങളുടെ ഒരു സ്പെക്ട്രം തന്നെ പൊട്ടിയമരുന്നു. ഇടയ്ക്ക് ഉള്ളിലൂടെ പൊട്ടിത്തെറിച്ചു പായുന്ന നിറങ്ങള്‍. അതിനുശേഷം നിലത്തില്‍ നിന്നുയരുന്ന വമ്പന്‍ വര്‍ണ്ണപൂത്തിരികള്‍. പിന്നെ വലിയൊരു പൊട്ടലിനൊപ്പം സംഗീതവും നിലയ്ക്കുന്നു. പെയിന്റ് തുള്ളികള്‍ നിലത്തേക്ക് വീഴുന്ന ശബ്ദം മാത്രം.

ഇതെവിടെ എങ്ങനെ എപ്പോള്‍ ആരു ഷൂട്ട് ചെയ്തു എന്നതിലേക്ക് പോകും മുന്‍പ് ആദ്യം നമുക്ക് ഇതിന്റെ പിന്നിലെ വസ്തുതകളിലേക്ക് ഒരു ചെറുനോട്ടം എറിയാം. ചുരുക്കത്തില്‍ ഈ ചിത്ര നിര്‍മ്മാണത്തിനു വേണ്ടിയിരുന്നതില്‍ പ്രധാനമായവ;
70,000 ലിറ്റര്‍ പെയിന്റ്
358 സിംഗിള്‍ ബോട്ടില്‍ ബോംബുകള്‍
33 സെക്സ്ടപ്പിള്‍ എയര്‍ ക്ലസ്റ്റര്‍ ബോംബുകള്‍
22 ട്രിപ്പിള്‍ ഹങ് ക്ലസ്റ്റര്‍ ബോംബുകള്‍
268 ഡബ്ബകള്‍ (മോര്‍ട്ടെര്‍)
22 ഡബിള്‍ ഡബ്ബകള്‍
33 ട്രിപ്പിള്‍ ഡബ്ബകള്‍
358 മീറ്റര്‍ വെല്‍ഡ്
330 മീറ്റര്‍ സ്റ്റീല്‍ പൈപ്പ്
57 കിലോമീറ്റര്‍ കോപ്പര്‍ വയര്‍
10 ദിവസങ്ങള്‍
250 ആള്‍ക്കാര്‍
ഇതിനും ഒക്കെ ഉപരിയായി എണ്ണം പറയാനാവാത്ത ഡെഡിക്കേഷന്‍, കമിറ്റ്‌മെന്റ്, കൃത്യത, പ്രൊഫഷണലിസം, ക്രിയേറ്റീവ് പാഷന്‍.

ചിത്രത്തേക്കാള്‍ ഞാന്‍ രസിച്ചത് ഇതിന്റെ മേക്കിംഗ് ഓഫ് ദ ഫിലിം (ബഹൈന്റ് ദ സീന്‍) എന്ന വീഡിയോയാണ്. 5 മിനുട്ടും 18 സെക്കന്റും ഉള്ള ഈ വീഡിയോ കാണുക. ഇതില്‍ ഓരോഷോട്ടും ചിത്രീകരിച്ചിരിക്കുന്ന രീതി. ബോംബുകള്‍ പൊട്ടിച്ച് പൂത്തിരി വിരിയിക്കുന്ന രീതി ഒക്കെ കാണാം (ഇതും പഴയതുപോലെ തുറന്നു മിനിമൈസ് ചെയ്ത് മുറിഞ്ഞുപോകാതെ കാണാനായല്‍ രസകരമാകും. ഫിലിം ക്രൂവിലെ പ്രമുഖരുടെ വാക്കുകളും ഇവിടെ കേള്‍ക്കാം. ഇവിടെ കാണാനാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് യൂ ട്യൂബില്‍ നേരിട്ട് കാണുക

സ്കോട്ട്‌ലന്റിലെ ഗ്ലാസ്‌ഗോയില്‍ ഉള്ള ടോറിഗ്ലെന്‍ എസ്റ്റേറ്റിലായിരുന്നു ഇതു ചിത്രീകരിച്ചത്. അല്പം പഴയതും, മുന്നില്‍ അല്പം സ്ഥലവും കുറച്ചു ഹരിതാഭമായ ചുറ്റുപാടും ഒക്കെയുള്ള ഒരു കെട്ടിടസമുച്ചയം തപ്പി നടന്ന് ഇതിന്റെ ക്രൂ എത്തിയത് ഗ്ലാസ്‌ഗോയില്‍ ആയിരുന്നു. ഗ്ലാസ്‌ഗോയിലെ ഹൌസിങ് അസോസിയേഷനും കൌണ്‍സിലും വളരെ സഹായകരമായ നിലപാടായിരുന്നു ഫിലിം ക്രൂവിനോട് കാണിച്ചത്. ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പെയിന്റ് വീഴാതിരിക്കാന്‍ വലിയ ടാര്‍പോളിനുകള്‍ വച്ച് മറച്ചിരുന്നു. ആ ഹൌസിങ് കോളനിയിലെ താമസക്കാരും ചുറ്റുപാടും ഉള്ളവരും ഫിലിം ക്രൂവിനെ കുറിച്ച് ഷൂട്ടിങ് കഴിഞ്ഞിട്ടും നല്ലതുമാത്രമെ പറഞ്ഞുള്ളു. ഇതിങ്ങനെ ഞാന്‍ എടുത്തുപറയാനുള്ള കാരണം; ഒരു ഷൂട്ടിങ് ക്രൂവിനെ കുറിച്ചും ഷൂട്ടിങ് കഴിഞ്ഞശേഷം നാട്ടുകാര്‍ നല്ലതുപറയാറില്ല എന്നതു തന്നെ. കാരണം പലപ്പോഴും ‘പാലം കടക്കുവോളം നാരായണ’ എന്നതാണ് ഷൂട്ടിങ്. പാലം കടന്നുകഴിഞ്ഞാല്‍ പിന്നെ ക്ലീനിങ്, എല്ലാം പഴയതുപൊലെ തിരികെ വയ്ക്കല്‍ അങ്ങനെ ഒന്നും നടക്കാറില്ല. പക്ഷെ അടുത്തുള്ളവരൊക്കെ സന്തോഷത്തോടെ ഓര്‍ക്കുന്നു, തങ്ങളുടെ വീടുകളും ഷോപ്പുകളും ഒക്കെ പെയിന്റ് വീഴാതെ മറച്ച് സംരക്ഷിച്ചതും ക്രൂവിന്റെ നല്ല പെരുമാറ്റവും ഒക്കെ. ഫിലിം കമ്പനി ആ ദിവസങ്ങളില്‍ കുട്ടികള്‍ക്ക് മാറി നിന്നു കളിക്കാന്‍ ക്ലബ്ബുകളും മറ്റും തയ്യാറാക്കിയിരുന്നതും ചെറുതായി ഇടഞ്ഞുനിന്നവരെ ഒതുക്കാന്‍ അകലെ കടല്‍തീരത്ത് ഒരു വലിയ ഡിസ്കോ തയ്യാറാക്കി അവരെ അങ്ങോട്ട് മാറ്റിയതും ഒക്കെ നാട്ടുകാര്‍ ഓര്‍ക്കുന്നത് വളരെ സന്തോഷമായിട്ടാണ്.

ഷൂട്ടിങ്ങ് കഴിഞ്ഞ മാസങ്ങള്‍ക്കു ശേഷം ക്വീന്‍സ് കോര്‍ട്ടിലെ ഈ ബില്‍ഡിങ് (ടവര്‍ ബ്ലോക്ക്) അതിന്റെ പഴക്കം കണക്കാക്കി ഇടിച്ചുകളഞ്ഞു, ആ പരസ്യം ടിവിയില്‍ എത്തുന്നതിനു മുന്‍പുതന്നെ ആ കെട്ടിടം നിലം പൊത്തി. ആ കാഴ്ച ഇവിടെ കാണാം.

ചിത്രത്തിലെ ഹീറോയായ പെയിന്റിനെ കുറിച്ച്: അവിടെ പൊട്ടിച്ചിതറിയ പെയിന്റുനുമുണ്ട് ചരിത്രത്തില്‍ സ്ഥാനം. 70,000 ലിറ്റര്‍ പെയിന്റ്! ഒരു ടണ്ണിന്റെ ട്രക്കുകളില്‍ കൊണ്ടുവന്ന് 20 പേര്‍ ചേര്‍ന്ന് ലോക്കേഷനില്‍ വച്ചുതന്നെ മിക്സ് ചെയ്തു. സുരക്ഷയെ മുന്‍ നിര്‍ത്തി ഒരു പ്രത്യേകതരം നോണ്‍-ടോക്സിക് പെയിന്റ് ആണ് ഉപയോഗിച്ചത്. അതില്‍ ഉപയോഗിച്ച തിക്ക്നര്‍ പോലും സോപ്പുകളൊലൊക്കെ ഉപയോഗിക്കുന്നപോലെയുള്ള ഉപദ്രവകാരിയല്ലാത്തതായിരുന്നു. സ്കിന്‍ പ്രോബ്ലംസ് ഉണ്ടാക്കുന്നവയായിരുന്നില്ല എന്നു ചുരുക്കം. പെയിന്റിന്റെ പൂരം കഴിഞ്ഞപ്പോള്‍ ക്ലീന്‍ ചെയ്യല്‍ ആയിരുന്നു ഒരു സുപ്രധാന ‘ഓപറെഷന്‍‘. എളുപ്പത്തില്‍ ക്ലീന്‍ ചെയ്യാവുന്ന വാട്ടര്‍ ബെയ്സിഡ് പെയിന്റ് ആയിട്ടുപോലും 60പേരുടെ 5 ദിവസത്തെ അദ്ധ്വാനം വേണ്ടിവന്നു.

ലണ്ടനിലെ ഫാളോണ്‍ ആണ് ഈ പരസ്യം ചെയ്ത ഏജന്‍സി. 2006 ജുലൈയില്‍ ആണ് ഇത് ചിത്രീകരിച്ചത്. ജുവാന്‍ കബ്രാള്‍ ആണ് ഇതിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. അക്കാഡമി ഫിലിംസിനുവേണ്ടി ഈ പരസ്യം ഡയറക്ട് ചെയ്തത് പരസ്യചിത്രീകരണ രംഗത്തെ കൊടികെട്ടിയ സംവിധായകനായ ജൊനാതന്‍ ഗ്ലേസര്‍ ആണ്.

അസൈലം മോഡല്‍‌സ് ആന്റ് എഫക്ട്സ് എന്ന കമ്പനിയാണ് ഇതിന്റെ പെയിന്റ് പണികള്‍ സെറ്റ് ചെയ്തത്. പെയിന്റിന്റെ കാഠിന്യവും എഫക്ട്സും തിരിച്ചറിയാനായി ഏകദേശം നാലുമാസത്തോളം ഇവര്‍ ‘ഗ്രൌണ്ട് വര്‍ക്സ്’ ചെയ്തു. 10 ദിവസത്തെ ഷൂട്ടിങ്ങ് ആയിരുന്നു എങ്കിലും ഒരു ഷോട്ടുപോലും ഒരു റീ-ടേക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത ഒരു പ്രോജക്ട് ആയതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവന്നത് എന്ന് അവര്‍ പറയുന്നു.

ഇംഗ്ലണ്ടിലെ പൈന്‍‌വുഡ് സ്റ്റുഡിയോസിലെ സ്പെഷല്‍ എഫക്ട്സ് യൂ കെ എന്ന കമ്പനിയാണ് ഇതിന്റെ സ്പെഷല്‍ എഫക്ട്സ് / എക്സ്പ്ലോസീവ് വിഭാഗം കൈകാര്യം ചെയ്തത്. ചിത്രീകരണങ്ങള്‍ക്കുവേണ്ടി മഴയും കാറ്റും മഞ്ഞും ഒക്കെ ഒരുക്കുന്നതില്‍ കഴിവു ഒരുപാട് തെളിയിച്ചിട്ടുള്ളവരാണിവര്‍.

ഫിനിക്സ് ഫയര്‍വര്‍ക്സ് എന്ന കമ്പനിയാണ് ഇതിന്റെ ഫയര്‍വര്‍ക്സ് ചെയ്തത്. കൃത്യസമയത്തുതന്നെ ഓരോ ലെവലും ഫയര്‍ ചെയ്ത് ഈ പരസ്യചിത്രത്തിലൂടെ അവര്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. ഒരു റീ‌ടേക്ക് നടക്കില്ല എന്ന തിരിച്ചറിവാണ് ഇവിടേയും വിജയിച്ചത്. പ്രസ്തുത പ്രോജക്ടിന്റെ കമ്പ്യൂട്ടര്‍ ഫയറിങ്ങിന്റെ തലവന്‍ അലക്സ് സെല്‍ബി പറയുന്നു, “ജീവിതത്തിന്റെ സുപ്രധാന ഭാഗം ഞങ്ങള്‍ ചിലവിടുന്നത് നിമിഷങ്ങള്‍ക്കകം കത്തിതീരുന്ന കരിമരുന്നു പ്രയോഗങ്ങളുടെ പ്ലാനിങ്ങിഉവേണ്ടിയാണ്. ഒന്നിനും രണ്ടാമതൊരു അവസരം ഇല്ല എന്നതാണ് ഇത്രയും നീണ്ട പ്ലാനിങ്ങിനു പ്രേരിപ്പിക്കുന്ന ഘടകം. പുതുവത്സര പിറവിയില്‍ പൊട്ടിയമരുന്ന ഫയര്‍വര്‍ക്സ് ചീറ്റിപോയാല്‍ പിന്നെ ഒരവസരം കൂടി കിട്ടില്ലല്ലോ.. അത്തരത്തില്‍ ഉള്ള മുന്‍പരിചയങ്ങളാണ് ഞങ്ങളെ ഈ ഷൂട്ടിങ്ങില്‍ സഹായിച്ചതും അഭിമാനം ഉണ്ടാക്കി തന്നതും”

എം പി സി എന്ന ചുരുക്കനാമത്തില്‍ അറിയപ്പെടുന്ന മൂവിങ് പിക്ചര്‍ കമ്പനിയാണ് ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷനും സി ജി (കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്)യും ചെയ്തത്. ചുവരുകള്‍ വൃത്തിയാക്കിയതും നിറത്തിന്റെ മനോഹരമായ ബാലന്‍സിങ്ങും ഒഴുക്കും ഇവരുടെ ക്രെഡിറ്റില്‍ ആ‍ണ്. കൂടാതെ ബാരലുകള്‍, റിഗുകള്‍, ക്രെയിനുകള്‍ ടാര്‍പോളിനുകള്‍ എന്നിവയൊക്കെ നീക്കം ചെയ്തു. ചിത്രീകരണത്തിനു മുന്‍പു തന്നെ പോസ്റ്റ് പ്രൊഡക്ഷന്റെ ഭാഗമായ പ്ലാനിങ്ങിനോട് ചേര്‍ന്ന് ഇവര്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലൂടെ ഇതിന്റെ ഒരു പ്രീ-വിഷ്വലൈസേഷന്‍ നടത്തി. ഗ്ലാസ്ഗോയിലെ ടോറിഗ്ലന്‍ എസ്റ്റേറ്റിന്റെ ഒരു സ്കെയില്‍ മോഡല്‍ തന്നെ ഉണ്ടാക്കി. അതില്‍ ക്യാമറ പൊസിഷനുകളും ബോംബുകളുടെ സ്ഥാനവും ഒക്കെ ഫിക്സ് ചെയ്തു. ത്രിമാന വിഷ്വല്‍ എഫക്ട്സിന്റെ സൂപ്പര്‍വൈസര്‍ ജിം റാഡ്ഫോര്‍ഡിന്റെ വാക്കുകള്‍ അനുസരിച്ച് ഈ പ്രീ വിഷ്വലൈസേഷന്‍ എന്നു പറയുന്നത് ചിത്രത്തിന്റെ ഒരു ബ്ലൂപ്രിന്റ് പോലെ അവരെ സഹായിച്ചു. അതുപോലെ തന്നെ ഏതുതരം ഫയര്‍വര്‍ക്സാണു ഓരോ സ്ഥലത്തും വേണ്ടത് എന്ന ഒരു തീരുമാനത്തില്‍ എത്താനും ഇതു സഹായകമായി.

പ്രശസ്ത ഇറ്റാലിയന്‍ കമ്പോസര്‍ ആയ അന്റോണിയോ റോസിനി (Gioachino Antonio Rossini) യുടെ “Thieving Magpie” എന്ന ആല്‍ബത്തിലെ ഒരു മ്യൂസിക് പീസ് അനുസരിച്ചാണ് ഈ പരസ്യചിത്രത്തിലെ ഷോട്ടുകള്‍ താളാത്മകമായി കണ്‍സീവ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ചലനത്തിനും പൊട്ടലിനും താളത്തിന്റെ ഒരു മു‌വിധി ഇതിനുണ്ടാകണം. ഒരു പൊട്ടല്‍ എങ്കിലും താളം തെറ്റിയിരുന്നെങ്കില്‍ ഇതാകെ തകര്‍ന്നേനെ. അതിന്റെ മേന്മയാണ് ഈ ചിത്രവും ഇതിന്റെ നിര്‍മ്മാണവും പ്ലാനിങ്ങും മഹത്തരം ആകുന്നതും.

ഈ ചിത്രം 2007 കാന്‍ അഡ്‌വര്‍ടൈസിങ് ഫെസ്റ്റിവലില്‍ ഗോള്‍ഡ് നേടി. ബ്രിട്ടീഷ് ടെലിവിഷന്‍ അഡ്വര്‍ടൈസിങ് അവാര്‍ഡ് ഫെസ്റ്റിവലില്‍ ബെസ്റ്റ് കമേര്‍സ്യല്‍ പുര്‍സ്കാരം ഉള്‍പ്പടെ ഒട്ടനവധി പുര്‍സ്കാരങ്ങള്‍ ഈ പരസ്യം നേടി.

ഇവിടെ പലവര്‍ണ്ണത്തില്‍ പൊട്ടിവിരിഞ്ഞത് വിജയിച്ചത് കൂട്ടായ്മയും ആത്മാര്‍ത്ഥതയും ഒത്തൊരുമയുമാണ്.

കടപ്പാടുകളില്‍ പ്രധാനമായും : ഒരുപാടുവഴികളിലേക്ക് ലിങ്കുകള്‍ തുറന്നിട്ട ഗൂഗിള്‍, വിക്കി, http://www.bravia-advert.com, http://www.moving-picture.com, http://www.phoenixfireworks.co.uk/, http://www.specialeffectsuk.com/, http://asylum.pre-loaded.com.. അങ്ങനെ അങ്ങനെ കുറെ..