Thursday, July 28, 2005

കർമ്മപരമ്പരയുടെ മറ്റൊരു താഴ്വരയിൽ.

പണ്ട്‌ പണ്ട്‌ ഓന്തുകൾക്കും മുൻപ്‌ ദിനോസറുകൾക്കും മുൻപ്‌ ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിൽ ആറാടിനിന്ന ഒരു താഴ്വരയിൽ എത്തി.

'ഇതിന്റെ അപ്പുറം കാണണ്ടേ?' ചെറിയബിന്ദു വലിയതിനോടുചോദിച്ചു.

'പച്ചപിടിച്ച താഴ്വര' ഏടത്തി പറഞ്ഞു 'ഞാനിവിടെത്തന്നെ നിൽക്കട്ടെ'

'എനിക്ക്‌ പോകണമെന്നുണ്ട്‌' അനിയത്തി പറഞ്ഞു 'പക്ഷേ ഏടത്തിയെ ഒറ്റയ്ക്കാക്കിയിട്ട്‌ പോയാൽ ഞാൻ ഏടത്തിയെ മറക്കും'.

ഏടത്തി ഒന്നും പറഞ്ഞില്ല.

അനിയത്തി അവളുടെ മുന്നിൽ കിടന്ന അനന്തപഥങ്ങളിലേക്ക്‌ ഒന്നുകൂടി നോക്കി. എന്നിട്ടു ഏടത്തിയോട്‌ ചേർന്നു നിന്നു. അസ്തമയത്തിന്റെ താഴ്വരയിൽ അവർ തനിച്ചു ഒരുമിച്ചു നിന്നു.

ഇതിഹാസകാരൻ പറഞ്ഞപോലെ ഇതു കർമ്മബന്ധത്തിന്റെ സ്നേഹരഹിതമായ കഥയല്ല. ഇതിൽ അകൽച്ചയില്ല, ദു:ഖം മാത്രമേയുള്ളു.

(ഇതിഹാസത്തിലെ ആകർഷകമായ വരികളെ ഒരു ചിത്രത്തിനുവേണ്ടി തിരിച്ചുവിട്ട ഈ തെറ്റ്‌ മേഘങ്ങൾക്കിടയിലെ ഇതിഹാസകാരനും, വായനക്കാരും ഖസാക്കുകാരും ഒക്കെ പൊറുക്കും എന്നു കരുതുന്നു.)

Saturday, July 16, 2005

കാക്ക പറഞ്ഞത്‌

ബ്ലോഗിലെന്നപോലെ, ജനലിനുപുറത്തും മഴനിന്നു, പിന്നെ സാഹിത്യത്തിലെന്നപോലെ മരം പെയ്തു. ഇരിക്കനൊരിടം തേടി പറന്നു വന്ന കാക്ക നനഞ്ഞ വാഴയിലയില്‍ ഇരുന്നു. കാക്ക കരഞ്ഞു.. ഇല ഒന്ന് ആടി. തുള്ളികള്‍ ഇറ്റുവീണു. കാക്ക തന്റെ കാക്കക്കണ്ണുകള്‍ ചുറ്റുപാടും പായിച്ചു. ജനലിനരുകില്‍ നിന്ന കുട്ടിയെ കാക്ക കണ്ടു, കാക്ക ചിരിച്ചു. കുട്ടിയും ചിരിച്ചു. കാക്ക ചോദിച്ചു കുഞ്ഞേ, നീ വേഴാമ്പലിനെ കണ്ടിട്ടുണ്ടോ?

കുട്ടി പറഞ്ഞു, ഇല്ല. കണ്ടിട്ടില്ല.

കാക്ക തുടര്‍ന്നു നിങ്ങള്‍ മനുഷ്യര്‍ എന്താ ഞങ്ങളെ അവഗണിക്കുന്നത്‌? നിങ്ങളുടെ അടുക്കളയ്ക്ക്‌ ചുറ്റുമുള്ള വര്‍ജ്യവസ്തുക്കള്‍ എല്ലാം ഞങ്ങള്‍ നീക്കം ചെയ്യുന്നില്ലേ? മാമുണ്ണാന്‍ മടിക്കുന്ന കുഞ്ഞന്മാര്‍ക്ക്‌ മാമുണ്ണാന്‍ ഞങ്ങള്‍ ഒരു കാഴ്ചവസ്തുവായിരുന്നു കൊടുക്കാറില്ലേ? പിതൃക്കള്‍ക്കുള്ള അന്നം പോലും ഞങ്ങളിലൂടെയല്ലേ? എവിടെത്തിരിഞ്ഞാലും കണ്ണെത്താദൂരത്ത്‌ ഞങ്ങളില്ലേ?. പക്ഷേ എന്ത്കൊണ്ട്‌ നിങ്ങള്‍ ഞങ്ങളെ അംഗീകരിക്കുന്നില്ല? എന്തുകൊണ്ട്‌ ഞങ്ങള്‍ 'കേരളത്തിന്റെ ദേശീയ പക്ഷികള്‍' ആയില്ല.? പറയൂ, നീ ഇതുവരെ കണ്ടിട്ടില്ലാത്ത വേഴാമ്പല്‍ എങ്ങനെ നിന്റെ ദേശീയപക്ഷിയായി?

കുട്ടി നിശംബ്ദയായി... ഒരു നിമിഷം ആലോചിച്ചു പിന്നെ പറഞ്ഞു, 'നീ മോഷ്ടിക്കും. കുഞ്ഞിക്കൈകളില്‍ നിന്നും നീ നെയ്യപ്പം മോഷ്ടിക്കും. ഒരുപക്ഷേ വേഴാമ്പല്‍ മോഷ്ടിക്കില്ലായിരിക്കും.'

Thursday, July 14, 2005

കപ്പയും മീനും കള്ളുഷാപ്പും

ഇബ്രുവിന്റെ ഓര്‍മ്മകളെ ഞാന്‍ ഒന്നുകൂടി നൊമ്പരപ്പെടുത്തട്ടെ... picture courtesy : Anilkumar (advertising photographer), KINFRA & Mudra

മൂന്നാറില്‍ നിന്നുളള ഒരു തിരിച്ചുവരവില്‍ നേര്യമംഗലത്ത്‌ കണ്ട ഒരു ഷാപ്പ്‌ കാഴ്ച. ഇതിന്റെ മുന്നില്‍ ഒരു കൊതിയൂറുന്ന ബോര്‍ഡുണ്ടായിരുന്നു.... കപ്പ.... മീന്‍ കറി... നാടന്‍ കോഴി... താറാവ്‌... പോത്ത്‌... കരിമീന്‍.... പുഴമീന്‍... (നാവില്‍ വെള്ളമൂറുന്നുണ്ടെങ്കില്‍ മാപ്പ്‌)

Thursday, July 07, 2005

ചില നാടന്‍ കാഴ്ചകള്‍

പുട്ടിന്റെ ഇടയില്‍ തേങ്ങപോലെ ഇടക്ക്‌ ചില ചിത്രങ്ങള്‍ പോസ്റ്റുചെയ്തോട്ടെ? (വിഷയദാരിദ്ദ്ര്യമാണ്‌ പരമമായ സത്യം)

Monday, July 04, 2005

ഉത്സവം.

നാളെ, നാട്ടില്‍ ബാക്കിയുള്ള ഞങ്ങള്‍ മലയാളികള്‍ക്ക്‌ ഒരു ഉത്സവമാണ്‌. ഹര്‍ത്താല്‍ ഉത്സവം. കാരണം എന്താണെന്നുചോദിക്കരുത്‌, വലിച്ചുനീട്ടിപ്പറയാന്‍ അറിയില്ല. മുന്‍പെന്നപോലെ '....കേന്ദ്ര നയങ്ങള്‍ക്ക്‌ എതിരെ....'
ബന്ദ്‌ നിരോധിച്ചെങ്കിലും ഹര്‍ത്താലുകളും ഫലത്തില്‍ ബന്ദ്‌ തന്നെ.നാളെ മലയാളി ആഘോഷിക്കും... ഇന്നുതന്നെ കള്ളുവാങ്ങി സ്റ്റോക്ക്‌ ചെയ്തും സുഹൃത്തുക്കളെ വിളിച്ചറിയിച്ചും എല്ലാം ഇന്നേ ഉറപ്പിക്കുന്നു. മഴയുടെ തണുപ്പില്‍ ചീട്ടുകളിച്ചും കട്ടനടിച്ചും കള്ളുകുടിച്ചും രസിക്കാം.
'ഹര്‍ത്താല്‍ ദിന പ്രത്യേക ചലചിത്രം' എന്നൊരു സ്ലോട്ടിനെക്കുറിച്ച്‌ ഇനി ചാനലുകള്‍ക്ക്‌ ചിന്തികാവുന്നതാണ്‌. സധാരണ ഞായറുകളെക്കാള്‍ വ്യൂവര്‍ഷിപ്പും കിട്ടും. കാരണം വേറേ ഓപ്ഷന്‍സ്‌ ഒന്നുമില്ലല്ലൊ.
മറുനാടന്‍ മലയാളികളെ, നിങ്ങള്‍ക്ക്‌ ഒരു ഉത്സവം കൂടി നഷ്ടപ്പെടുന്നു

Saturday, July 02, 2005

പുഴയോടൊപ്പം #03

പെരിയാര്‍ കുട്ടന്‍പുഴയില്‍ (തട്ടേക്കാട്‌ പക്ഷിസങ്കേതത്തിനടുത്ത്‌)

പുഴയോടൊപ്പം #02

ചെമ്മീന്‍ കെട്ട്‌. കോതാട്‌.

പുഴയോടൊപ്പം #01

പെരിയാര്‍. തട്ടേക്കാട്‌ വനത്തിനരുകില്‍ (എറുമാടത്തില്‍ നിന്നുള്ള ദൃശ്യം)

Friday, July 01, 2005

ബ്ലോഗുകള്‍ക്ക്‌ പനിപിടിക്കുമോ?

മലയാളം ബ്ലോഗുകള്‍ ആകെ മഴനനഞ്ഞുകിടക്കുകയാണ്‌.
മഴവെള്ളത്തില്‍ ചവിട്ടാതെ, ചെളിതെറിപ്പിക്കാതെ, സൂക്ഷിച്ചുവേണം യാത്ര.
ചില സ്ഥലങ്ങളില്‍ മഴയോടൊപ്പം ആലിപ്പഴം പോലെ ഗൃഹാതുരത്വം വീഴുന്നു. ചില ബ്ലോഗുകളില്‍ നിന്നും നനുത്ത കാറ്റും വീശുന്നുണ്ട്‌...

....എത്രകാലമുണ്ടാകും ഈ ഇടവപ്പാതി?