Monday, April 17, 2006

ടും ടും ടും... പീ പീ പീ...!

കണ്ണന്റെയും ചിന്നുവിന്റെയും വേനല്‍ക്കാലകളികളില്‍ ഇത്തവണ "അമ്മയും അച്ഛനും " ആയിരുന്നു പ്രധാനം. മറ്റു കൂട്ടുകാരെ സാക്ഷിയാക്കി കണ്ണന്‍ ചിന്നുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. കുഞ്ഞു സ്വരത്തിലെ ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ അവര്‍ പരസ്പരം മാലയിട്ടു. ചോറും കറിയും വെച്ചു, വലിയവരുടെ വാക്കുകള്‍ കടം വാങ്ങി ചെറിയ കാര്യങ്ങള്‍ക്കു വഴക്കു കൂടി.

ഉച്ചയായപ്പോള്‍ കുട്ടികളുടെ അമ്മമാര്‍ അവരുടെ പേരുകള്‍ നീട്ടി വിളിച്ചു. അവര്‍ വീണ്ടും കണ്ണനും ചിന്നുവും അമ്മുവും മീനുവുമായി അവരവരുടെ വീടുകളിലേയ്ക്ക് പോയി. പോക്കിന്റെ ധൃതിയില്‍ കഴുത്തിലെ മാലകള്‍ അവര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു. അവര്‍ പിരിഞ്ഞു; ഏറിന്റെ ഏതോ ചലനനിയമങ്ങളില്‍ കുരുങ്ങി ഞങ്ങള്‍, അവരുടെ കഴുത്തിലുണ്ടായിരുന്ന മാലകള്‍ ഒന്നിച്ചായി. ഇനി മണ്ണിലേയ്ക്ക്. വളമായി, വിത്തായി, ചെടിയായി, തണ്ടായി..
പുതിയൊരു കണ്ണനും ചിന്നുവിനും മറ്റൊരുവേനലില്‍ വരണമാലയാകാന്‍ വേണ്ടി.

വീണ്ടും ഒരവധിക്കാലം എന്നുള്ള പഴയ പോസ്റ്റിന്റെ ശ്രേണിയില്‍ വരുന്നതാണ് ഇതും. ഇത്തവണയും ഈ വരികള്‍ എന്റെ ചങ്ങാതിയില്‍ നിന്നും കിട്ടിയതാണ്. നന്ദി.

Sunday, April 16, 2006

ഇത് അച്ഛനുവേണ്ടി.

ലളിതമായജീവിതത്തിന്റെ ഓരം ചേര്‍ന്നാണ്‌ ഒരു വെള്ളിയാഴ്ച സന്ധ്യയില്‍ സൂര്യനൊപ്പം അച്ഛന്‍ ഇറങ്ങി പോയത്‌. പകര്‍ത്താനായില്ലെങ്കിലും, നന്മയുടെ ഒരു ജീവിതം കണ്ണുകുളിര്‍ക്കാന്‍ ഒരു കണിപോലെ മുന്നിലിട്ടു തന്നു. കണ്ണടയുമ്പോഴും ഒരു ചിരി ഞങ്ങള്‍ക്കായ്‌ അച്ഛന്‍ ചുണ്ടില്‍ സൂക്ഷിച്ചിരുന്നു.

ശരിയാണ്, ഞങ്ങളുടെ ഒരു ലോകത്തിന്റെ അവസാനമാണിത്‌, ഇനി അച്ഛനില്ല.
സ്നേഹം പഠിപ്പിച്ചുതന്ന അച്ഛന്‌ ആദരാഞ്ജലികള്‍.

ദുഃഖത്തില്‍ ഞങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്ന, ആദരാഞ്ജലികള്‍ അര്‍പ്പിച്ച, ഒരു കുടുംബത്തിലെന്നപോലെ വീട്ടില്‍ വരുകയും ഫോണില്‍ വിളിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി സ്നേഹം. കണ്ണുനിറച്ചു, ബ്ലോഗുകുടുംബത്തിന്റെ സ്നേഹം.

Wednesday, April 12, 2006

തനി തോന്ന്യാക്ഷരങ്ങള്‍!

അല്പം മുന്‍പ് ഏവൂരാന്റെ തനിമലയാളം ബ്ലോഗുകളില്‍ വന്ന പോസ്റ്റുകള്‍, വരവിന്റെ ഓര്‍ഡറില്‍ തന്നെ ഒരു ആധുനിക കവിതപോലെ തോന്നിച്ചു, എന്റെ വട്ടന്‍ തലയില്‍.
അതിനെ ഓര്‍ഡറില്‍ ഇങ്ങനെ വായിക്കാം.

മഴയെത്തും മുന്‍പേ / വെയില്‍ വീണുറങ്ങുമീ / ഓര്‍മ്മകള്‍..
കണികാണും നേരം / ഒക്കെ ഒരുപോലെയാണോ?
തുടക്കം / വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്‌!
മൂച്ച് പറയുമ്പോള്‍ / നിശ്ചലദൃശ്യങ്ങള്‍!

വട്ടുതന്നെ! സംശയമില്ലാതെ ഉറപ്പിക്കാം അല്ലേ?