Wednesday, May 02, 2007

തോന്ന്യാക്ഷരങ്ങളുടെ ചുവര്‍ചിത്രങ്ങള്‍ !

നമ്മുടെ പ്രകൃതിയില്‍ "എഴുതിവയ്പ്പിന്റെ" സംസ്കാരം പ്രാചീനമായിരുന്നോ? പണ്ട് ഗുഹയുടെ ചുവരുകളില്‍ കോറിയിട്ട വരകള്‍ ആയിരിക്കും ഇതിന്റെ തുടക്കം, കാരണം ഈ കലാവിദ്യ പലസ്ഥലങ്ങളിലും പ്രാകൃതമായ ഒരു സംസ്കാരം പോലെ ഇന്ന് പൊന്തി നില്‍ക്കുന്നു.
ഞാന്‍ ഇവിടെ വന്നതിനു ഒരു തെളിവ് എന്ന നിലയില്‍ ആണ് പലരും (വിനോദ സഞ്ചാരികള്‍) തങ്ങളുടെ നാമം കുറിച്ചിടുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പാറകളും മരങ്ങളും ഒക്കെ ഗസ്റ്റ് ബുക്കുകള്‍ ആയി നിലകൊള്ളുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്. താജ് മഹല്‍ ആയാലും മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലം ആയാലും. ഇത്തരക്കാരുടെ സര്‍ഗ്ഗാത്മകത ഇന്ന് വളരെ വിശാലവും ശക്തവും ആണ്.

ആങ്ങ് ദൂരെ അഗസ്ത്യകൂടത്തിന്റെ നെറുകയില്‍ പാറയുടെ വശങ്ങളില്‍ ഇത്തരം എഴുതി വയ്പ്പുകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. അതില്‍ ഒരുപാട് "ലവന്‍ -ലൌ- ലവള്‍" ആണ്. ഒരിക്കല്‍ ഞങ്ങള്‍ കൂടം ഇറങ്ങി തിരികെവന്നത് അധികം ആരും അന്നു യാത്ര ചെയ്യാത്ത കോട്ടൂര്‍ മീന്മുട്ടി വഴി. കുറച്ചുപേര്‍ അഹാരം പാകം ചെയ്യുന്ന സമയത്ത് ഞങ്ങളില്‍ ചിലര്‍ പാറകളിലൂടെ അപ്പുറം കടന്നു. അധികം ആരും യാത്ര ചെയ്യാത്ത വഴി എന്നാണ് കരുതിയത്. കാരണം നടത്തമുറിക്കുന്ന വള്ളികളും കുറ്റിച്ചെടികളും. പാറയുടെ മറുചരുവില്‍ വലുതായി എഴുതി വച്ചിരിക്കുന്നു. Rajesh Love Sini. (ഈ സിനി വേറേ ചെക്കനോടൊപ്പം സുഖമായി ജീവിക്കുണ്ടാവും. പക്ഷെ പ്രണയത്തിന്റെ ശിലാലിഖിതം മാത്രം ബാക്കിയായി നിന്ന് വെയിലും മഴയും കൊള്ളും)

ഇതാണ് ലോകം മുഴുവന്‍ graffiti എന്ന ഓമനപേരില്‍ അറിയപ്പെടുന്ന സര്‍ഗ്ഗാത്മകത. പക്ഷെ ലോകം അറിഞ്ഞിരുന്ന മോഡേണ്‍ ഗ്രാഫിറ്റി പലസ്ഥലങ്ങളിലും നിയമവിരുദ്ധം ആയിരുന്നെങ്കിലും അതൊരു കലയായിരുന്നു. നമ്മുടെ നാട്ടില്‍ ചുവരുകളിലൊക്കെ കളര്‍ചോക്കുകള്‍ കൊണ്ട് കെ എസ് ആര്‍ ടി സി ബസും നടന്നു പോകുന്ന ഒരു പെണ്ണും തെങ്ങും ഒക്കെ വരച്ചിടുന്നതും ഗ്രാഫിറ്റി എന്ന കലാരൂപം തന്നെയാണ്.

എന്നാല്‍ ഏന്‍ഷ്യന്റ് ഗ്രാഫിറ്റി പലപ്പോഴും അപ്രതീക്ഷിതമായ പലവെളിപ്പെടുത്തലിനും കാരണമായി തീര്‍ന്നിട്ടുണ്ട്. ബി സി ഒന്നാം നൂറ്റാണ്ടുമുതല്‍ ഏ ഡി നാലാം നൂറ്റാണ്ടുവരെ വടക്കന്‍ അറേബ്യയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന Safaitic എന്ന ഭാഷയെക്കുറിച്ച് ഇന്ന് നമുക്ക് ആകെ അറിയപ്പെടുന്നതെളിവ് ഗ്രാഫിറ്റിയില്‍ നിന്നാണ്. സിറിയയുടേയും ജോര്‍ദ്ദാന്റേയും സൌദി അറേബ്യയുടേയും ചില മരുപ്രദേശങ്ങളില്‍ കരിങ്കല്‍ കഷണങ്ങളില്‍ കണ്ടെടുത്തതാണ് ഈ പ്രാചീന ലിപികള്‍.

അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഗ്ഗത്തിന്റെ ആത്മപ്രകാശനമാര്‍ഗ്ഗം കൂടിയായിരുന്നു എന്നും ഈ കലാരൂപം. ഗ്രാഫിറ്റികള്‍ നിറഞ്ഞുകവിഞ്ഞ ബര്‍ലിന്‍ മതില്‍ സോവിയറ്റ് ഭരണകാലത്തെ ജര്‍മ്മന്‍ ജനതയുടെ ഉള്ളില്‍ നുരഞ്ഞു പൊന്തിയിരുന്ന അതൃപ്തിയുടെയും അമര്‍ഷത്തിന്റേയും ശക്തമായ ക്യാന്‍‌വാസായിരുന്നു.

പക്ഷെ ഗ്രാഫിറ്റിയുടെ തന്നെ മറ്റൊരു വികൃതമായ രൂപം ആണ് നമ്മുടെ ഇടയില്‍ കാണാനാകുന്ന ചില ആധുനിക ലിഖിതങ്ങള്‍. കെ എസ് ആര്‍ ടീ സി ബസുകളുടെ സീറ്റിനു പിന്നില്‍ മുഴുവന്‍ പ്രണയത്തിന്റെ വരകുറിയായിരുന്നു ഒരു കാലത്ത്. നഗരങ്ങളില്‍ ഇന്ന് അതിന്റെ അളവു കുറവാണ്.

പക്ഷെ വേണാട് എക്സ്പ്രസിന്റേയും വഞ്ചിനാടിന്റേയും ടോയ്‌ലറ്റുകളില്‍ എഴുതിവച്ചിട്ടുള്ളത് മുഴുവന്‍ വെറും അശ്ലീലങ്ങള്‍ ആണ്, രേഖാ ചിത്രങ്ങള്‍ അടക്കം. സ്വന്തം വീട്ടിനടുത്തുള്ള ചേച്ചിമാരുടെ ശരീരവര്‍ണ്ണനയും അവരുടെ പേരും അവിടെ എഴുതി വച്ചിട്ടുണ്ടാവും. അവരുടെ ഫോണ്‍ നമ്പര്‍ അറിയുന്ന ചില വിദ്വാന്മാര്‍ അതും എഴുതി വച്ചിട്ടുണ്ടാകും.
ബാത്ത് റൂമുകള്‍ ക്രിയേറ്റീവ് വര്‍ക്ക് ഷോപ്പുകള്‍ ആകുന്ന ഒരു രീതി പൊതുവേ ഉണ്ട്. ഐഡിയാസ് പലതും അവിടെ നിന്നാണ് വരുക. അതുപോലെ തന്നെ ഒരു ക്രിയേറ്റീവ് കളിയാണ് Latrinalia എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം (ആഭാസം?).

രണ്ടുതരത്തിലുള്ള ബാത്ത്‌റൂം എഴുത്തുകാര്‍ ഉണ്ടെന്നാണ് ജര്‍മ്മന്‍ ഗ്രാഫിറ്റിയോളജിസ്റ്റ് Hugo Luedecke പറഞ്ഞിട്ടുള്ളത്. ഒന്ന്, മെസേജുകള്‍ കവിതപോലെ എഴുതുന്ന ഇന്റലക്ച്വത്സ്. രണ്ടാമത്തേത് വായില്‍ തോന്നുന്നതെന്തും വെറുതെ കുത്തിക്കുറിക്കുന്ന സാധാരണക്കാരന്‍‍. ഇവരണ്ടും തീവണ്ടിയുടെ കുളപ്പുരയില്‍ കാണാം. അവിടുത്തെ ദുര്‍ഗ്ഗന്ധം ആണ് അവരുടെ മനസിനെ അത്തരത്തില്‍ വാര്‍ക്കുന്നത് എന്നും ചില ശാസ്ത്രഞ്ജര്‍ പറയുന്നു. പക്ഷെ അടഞ്ഞുകിടക്കുന്ന വാതിലും എഴുതാനുള്ള ചുവരും നുരപതയുന്ന അരാജകത്വവും ആണ് ഇതിന്റെ പിന്നിലെന്നു നമുക്ക് മനസിലാക്കാന്‍ ഒരു ശാസ്ത്രത്തിന്റെ ആവശ്യം വരുന്നില്ല.

ആദ്യം പറഞ്ഞ പ്രേമലിഖിതങ്ങളും ഈ ആഭാസവും ചിലസ്ഥലങ്ങളിലൊക്കെ കൂട്ടിമുട്ടും. സഭ്യതയുടെ വേലിക്കെട്ടിനപ്പുറവും ഇപ്പുറവും നിന്നവര്‍ കുത്തിക്കുറിക്കും. കാല്‍കുത്തിയ സ്ഥലത്തെ പ്രകൃതിയില്‍ പേരുകുറിക്കുന്ന കളിമുതല്‍ കുളിമുറിവരെ എത്തുന്ന തോന്ന്യാസം. ഇതും ഗ്രാഫിറ്റിഎന്ന കല എന്നുകരുതി അവരെ ഒക്കെ ആശംസിക്കുകയല്ല, ചികിത്സയാണ് വേണ്ടത്.