Tuesday, February 20, 2007

കാറ്റഗറികളെ പിടിച്ചുതിന്നുന്ന ബ്രാന്റുകള്‍.

ഉപഭോക്ത സംസ്കാരത്തിന്റേയും ബ്രാന്റിങിന്റെയും രസകരമായ ഒരു വസ്തുതയാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പല ബ്രാന്റുകളും ഉപഭോക്തക്കളുടെ മുന്നില്‍ ആ ബ്രാന്റ് ഉള്‍പ്പെടുന്ന കാറ്റഗറി തന്നെ സ്വന്തമാക്കാറുണ്ട്. അതിനെ കുത്തക (monopoly) ബ്രാന്റുകള്‍ എന്നു പറയാറുണ്ട്.

മുന്‍പ് മലയാളിയുടെ മുന്നില്‍ കവര്‍പാല്‍ എന്ന കാറ്റഗറി ‘മില്‍മ‘ എന്ന ബ്രാന്റ് സ്വന്തം ആക്കിയതുപോലെ. പക്ഷെ മിലയുറ്റെ കാര്യത്തില്‍ ഗ്രാമങ്ങളിലാണ് ഇതു കൂടുതലും സംഭവിച്ചത്. അന്ന് അവിടെ തുണി കഴുകുന്ന സോപ്പ് അല്ലാത്ത പൊടികള്‍ എല്ലാം ‘സര്‍ഫ്‘ ആയിരുന്നു. തുണികള്‍ക്ക് നിറം കൊടുക്കുന്നത് ‘ഉജാല‘യും. ലിക്വഡ് ബ്ലൂ എന്ന വളര്‍ന്നുകൊണ്ടിരുന്ന കാറ്റഗറി ഉജാലയുടേയും അതിനു മുന്‍പ് റോബിന്‍ ബ്ലൂവിന്റേയും റാണിപാലിന്റേയും ഒക്കെ മുന്നില്‍ ഒന്നും അല്ലായിരുന്നു. അവിടെ ഒക്കെ ബ്രാന്റുകള്‍ പ്രോഡക്റ്റ് കാറ്റഗറിയെ പിടിച്ചുതിന്ന് അവരുടെ കുത്തക ഉറപ്പിച്ചു.

കുറച്ചുകൂടി ഉറച്ച ബ്രാന്റുകളിലേക്ക് പോവുകയാണെങ്കില് കാര്യങ്ങള്‍ കുറച്ചുകൂടി രസകരം., ‘സെറോക്സ്‘ഒരു ബ്രാന്റിന്റ്റെ പേരായിരുന്നു. ഭൂരിഭാഗം ഫോട്ടോ കോപ്പിയെ സെറോക്സ് എന്നു പറഞ്ഞ്തുടങ്ങി. ബാംഗ്ലൂര്‍ പോലെ ഒരു നഗരം ഇന്നും സെറോക്സ് എന്നു മാത്രം പറയുന്നതില്‍ ഒരു ഫോക്കസ്ഡ് ബ്രാന്റ് ചിന്ത കാണിക്കുന്നു. (കാനന്‍ മെഷീനില്‍ എടുത്ത സെറോക്സ് കോപ്പി!)

മറ്റൊന്ന് ഫ്രൂട്ടി; ടെറ്റ്രാ പാക്കുകളുടെ കാറ്റഗറി മുഴുവന്‍ ഫ്രൂട്ടി എന്ന് ഇവിടെ അറിയപ്പെട്ടു. (ഓര്‍മ്മയില്‍ ഒരു ട്രെയിന്‍ യാത്ര. “ചേട്ടാ ഫ്രൂട്ടിയുണ്ടോ?” “ഉണ്ട് ജമ്പിന്റെ (jumpin) ഫ്രൂട്ടി. ദാ പിടിച്ചൊ”!).

മണ്ണിടിക്കുന്നത് ജെ സി ബി. (ജെസിബി ഒരു ബ്രാന്റ് ആണ്.) മണ്ണിടിക്കുന്ന ആവസ്തുവിന്റെ പേര്‍ എര്‍ത്ത് മൂവര്‍ (അല്ലെങ്കില്‍ Excavators) എന്ന് ആണ്. കാരണം ഹിറ്റാചിക്കും എര്‍ത്ത് മൂവര്‍ ഉണ്ട്. അതിനേയും ആള്‍ക്കാര്‍ പറയുന്നത് ജെ സി ബി എന്നു തന്നെ ആണ്. (ഹിറ്റാച്ചിയുടെ ജെ സി ബി!)

വിരലില്‍ പുരട്ടുന്നതൊക്കെ ക്യൂട്ടക്സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ക്യൂട്ടക്സ് ഒരു പഴയ ബ്രാന്റ് ആയിരുന്നു. ഒരു ഇന്റര്‍നാഷണല്‍ ബ്രാന്റ്. നെയില്‍ പോളീഷ് എന്നായിരുന്നു ആ പ്രോഡ്കറ്റിന്റെ കാറ്റഗറി നാമം.

ഏറ്റവും കൂടുതല്‍ പറയപ്പെടുന്ന ഫ്രിഡ്ജ് ഒരു പഴയ ബ്രാന്റ് നെയിം ആണ്. റെഫ്രിജറേറ്റര്‍ ആണ് ആ പ്രോഡക്റ്റ് ഉള്‍പ്പെടുന്ന കാറ്റഗറിയുടെ നാമം.

ഏ. സി വച്ച, മുന്നില്‍ ചെവിപോലെ റിയര്‍വ്യൂ മിറര്‍ ഉള്ള വലിയ ബസുകള്‍ എല്ലാം വോള്‍വോ ആണ് നാട്ടില്‍. അതിന്റെ മാനുഫാക്ച്വറര്‍ പ്രകാ‍ശ് എന്ന കമ്പനിയാണെങ്കിലും.

ഇന്‍സ്റ്റന്റ് ഡെയ്‌റിവൈറ്റ്നര്‍ എന്ന മില്‍ക്ക് പൌഡറിനു മുഴുവന്‍ ജനം പറഞ്ഞു, അനിക്സ്പ്രേ എന്ന്. ഒരു വിഭാഗം അമുല്‍ എന്നും.

ഏറ്റവും രസകരം നമ്മള്‍ ചെവിയില്‍ തിരുകി നടക്കുന്ന പാട്ടുപെട്ടി ആയിരുന്നു. അതിനു നമ്മള്‍ പറഞ്ഞ ഓമനപേര്‍ 'വോക് മാന്‍' എന്ന്. പക്ഷെ വാക്ക് മാന്‍ എന്നത് സോണി ഇറക്കിയ ഒരു പ്രോഡക്റ്റിന്റെ പേരാണ്. ഫിലിപ്സിന്റെ ബ്രാന്റ് ആയാലും നമ്മള്‍ അതിനെ വോക്ക്മാന്‍ എന്നു തന്നെ പറഞ്ഞു. ശരിക്കും ആ പ്രോഡക്റ്റ് കാറ്റഗറിയുടെ പേര് പോര്‍ട്ടബിള്‍ മ്യൂസിക് സിസ്റ്റം എന്നോ മറ്റോ ആണ്.

താന്‍ കിടക്കുന്ന കാറ്റഗറിയെ മുഴുവന്‍ പിടിച്ചു തിന്ന് വിലസുന്ന ഒരുപാട് ബ്രാന്റുകള്‍ നമ്മുടെ ചുറ്റുലും ഉണ്ട്. ഒന്ന് ഓര്‍ത്താല്‍ നിങ്ങളുടെ മനസിലും പാഞ്ഞെത്തും ഒന്ന്. ശരിയല്ലേ?