Friday, September 30, 2005

ഗൌളി ശാസ്ത്രം.

ആ മച്ചിലിരുന്നു കണ്ണു ചിമ്മുന്നത്‌ എന്റെ തലയാണ്‌. ആ തലയ്ക്കു പിന്നിൽ കാണുന്നത്‌ എന്റെ ഉടലാണ്‌. അതിനിരുവശവും കാണുന്നത്‌ എന്റെ കയ്‌കാലുകളാണ്‌. ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ അത്‌ എന്നെ കൈവിട്ടതാണ്‌. അതിന്റെ വാലായിരുന്നു ഞാൻ. വിടപറയുമ്പോൾ പിടയാൻ എനിക്ക്‌ ഒരൽപ്പം ജീവനും അതു തന്നു. ഇനി എതാനും നിമിഷങ്ങൾക്കകം ഞാൻ മരിക്കും. എന്റെ ബാക്കിയുടലുമായി അതു ഇനിയും മച്ചുതാങ്ങി ജീവിക്കും. കുറച്ചുനാൾക്കകം അതിനു പുതിയ 'ഞാൻ' വരും. ഇതൊരു നിയമമാണ്‌. ഒഴിവാക്കലിന്റെ വേദനിപ്പിക്കുന്ന നിയമം.

Wednesday, September 28, 2005

മൈലാഞ്ചി

കല്യാണിക്ക്‌ ഒരു നിർബന്ധം..
കൈനിറയെ മൈലാഞ്ചിയിടണം.
രാത്രിതന്നെ പോയി വാങ്ങി എന്റെ ഉള്ളിലെ സ്നേഹനിധിയായ പിതാവ്‌. അതിരാവിലെ എണിറ്റ്‌ ഒത്തിരി സമയമെടുത്ത്‌ ഒരുകൈ മുഴുവൻ പൂക്കളും വള്ളിയും വരച്ചു എന്നിലെ ആർട്ട്‌ ഡയറക്ടർ..
വൈകുന്നേരം തിരിച്ചുവീട്ടിൽ വന്നപ്പോൾ ഞാൻ തിരക്കി .
"ഫ്രെണ്ട്സ്‌ ഒക്കെ എന്തു പറഞ്ഞു മൈലാഞ്ചി കണ്ടിട്ട്‌?".
"എല്ലാവർക്കും ഇഷ്ടമായി" കല്യാണി പറഞ്ഞു, "ഞാൻ ടീച്ചറിനെ കാണിച്ചു. ടീച്ചറിനും ഭയങ്കര ഇഷ്ടമായി. അഛനു എന്തു ജോലിയാണെന്നു ടീച്ചർ ചോദിച്ചു. ഞാൻ പറഞ്ഞുകൊടുത്തു. അപ്പോൾ റ്റീച്ചർ പറഞ്ഞു, "അഛനെ എനിക്കൊന്നു കാണണം. അഛനോട്‌ ഒന്നു നാളെ വന്നു എന്നെ കാണാൻ പറയുമോ എന്ന്".
ഞാൻ കല്യാണിയോടു തിരക്കി,'എന്തിനാ?'.
"എനിക്കറിയില്ല" കല്യാണി കൈമലർത്തി. അവളുടെ കയ്യിലെ മൈലാഞ്ചി എന്നെനോക്കി പുഞ്ചിരിച്ചു..
സുമ പറഞ്ഞു "ചിലപ്പോൾ ടീച്ചറിനും മൈലാഞ്ചി ഇടാൻ ആയിരിക്കും".
"ചിലപ്പോൾ ആയിരിക്കും" കല്യാണി അമ്മയെ സപ്പോർട്ട്‌ ചെയ്തു..
.
പിറ്റേന്ന് രാവിലെ ഞാൻ തന്നെ കല്യാണിയെ സ്കൂളിൽ കൊണ്ടുപോയി. പോകുംമുൻപ്‌ ഷേവ്‌ ഒക്കെ ചെയ്തു സുന്ദരനാവാൻ ഞാൻ മറന്നില്ല. (സുമ ഒളികണ്ണിട്ട്‌ നോക്കിയിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല.).
സ്കൂളിൽ എത്തിയപ്പോൾ എന്റെ ഹൃദയമിടിപ്പു കൂടി..
കല്യാണി പറഞ്ഞു,"ഇതാണു ടീച്ചർ! ടീച്ചർ ഇതാണ്‌ എന്റെ അഛൻ" ഞാൻ ടീച്ചറെ നോക്കി. ടീച്ചർ എന്നെ നോക്കി. ടീച്ചർ ചിരിച്ചു. എന്നിട്ട്‌ ടീച്ചർ ഒരു പേപ്പർ എനിക്കു തന്നു. വിറയാർന്ന കൈകളാൽ ഞാൻ അതു വാങ്ങി..
തുറന്നു വായിച്ചു....
നെറ്റിചുട്ടി - 1.
ജിമിക്കി - 1.
മുല്ലപ്പൂവ്‌ - 1 മുഴം.
നെൿലേസ്‌ - 1.
ബ്ലാക്ക്‌ റിബൺ - 1 മീറ്റർ.
പാദസരം - വീതിയുള്ളത്‌ 1.
... ലിസ്റ്റ്‌ നീളുന്നു... നിശ്ചലനായ എന്നെനോക്കി ടീച്ചർ " 6-ന്‌ യൂക്കേജിക്കാരുടെ ഡാൻസ്‌ ഉണ്ട്‌ ഇത്രയും സാധനങ്ങൾ ഇവിടെ എത്തിക്കണം. costume details നേരത്തെ കൊടുത്തിട്ടുണ്ട്‌..
ടീച്ചർ ചിരിച്ചു..
കല്യാണി ചിരിച്ചു..
കല്യാണിയുടെ കയ്യിലെ മൈലാഞ്ചിയും ചിരിച്ചു..
കഥകേട്ടപ്പോൾ സുമയും ചിരിച്ചു.

Tuesday, September 27, 2005

സാനിയ മിർസ (saniya mirza)

സാനിയ മിർസ. ഇന്ത്യൻ ടെന്നീസിന്റെ പുതിയ മുഖം.
ഇന്ന്‌ അവരുടെ പ്രകടനത്തിന്റെ മികവുകളേക്കാൾ ഏറെ അവരുടെ വസ്ത്രരീതി ചർച്ചചെയ്യപ്പെടുന്നു. അവരുടെ "skimpy attire" ഇന്ത്യമുഴുവൻ ചർച്ച ചെയ്യപ്പെടുന്നു. മതസംഘടനകൾ അവർക്കെതിരെ ഉപരോധവുമായി നിരത്തുകളിൽ ഇറങ്ങിതുടങ്ങി.
ഈ ഒരു വേളയിൽ ഒരു സത്യം നമുക്കു മനസിലാക്കാം. ഇതിനു പിന്നിലുള്ള മാധ്യമ രാജാക്കന്മാർക്കു പറഞ്ഞുകൊടുക്കാം.
സാനിയയുടെ പ്രകടനത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വരുന്നതിന്റെ ഒരു പ്രത്യേകത നമുക്ക്‌ ആദ്യം ശ്രദ്ധിക്കാം. എപ്പോഴാണോ അവരുടെ വസ്ത്രത്തിന്റെ വരമ്പുകൾ ഉയരുന്നത്‌ അപ്പോൾ മാത്രമേ മാധ്യമ കണ്ണുകൾ അതു പകർത്തുന്നുള്ളു. ഇതിൽ ഏറ്റവും കൂടുതൽ നഗ്നത വെളിവാക്കുന്നതു മാത്രമേ മഷിപുരണ്ട്‌ വരുന്നുള്ളു. ഇത്‌ ഒരു പരസ്യമായ ഗൂഢാലോചനയാണ്‌. കളിയുടെ ഏതോ split second ൽ വന്നുപോകുന്ന ഈ വ്യതിയാനമാണ്‌ മാധ്യമങ്ങൾ ആഘോഷമാക്കുന്നത്‌. കളിയുടെ സ്പിരിറ്റിൽ കാണുന്നവരിൽ തോന്നാതിരിക്കുന്ന നഗ്നത പിറ്റേന്ന് രാവിലെ മുതൽ നമ്മുടെ സ്വീകരണമുറിയിൽ മഷിപുരണ്ടുകിടക്കും. ഇതാണ്‌ ശരിക്കും ഉപരോധിക്കേണ്ടത്‌. സെപ്റ്റംപർ 17ന്റെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഫ്രണ്ടുപേജിൽ വന്ന റിപ്പോർട്ടും ചിത്രവുമാണ്‌ ഈ പോസ്റ്റിനു ആധാരം. റിപ്പോർട്ട്‌ അവരുടെ പ്രകടനത്തെക്കുറിച്ചല്ല. ഈ വിവാദത്തെക്കുറിച്ചാണ്‌ പക്ഷേ ആ ചിത്രം വിവാദങ്ങൾക്ക്‌ മൂർച്ചകൂട്ടുന്നതായിരുന്നു. ഈ പ്രദർശനത്തിന്റെ കാര്യത്തിൽ ഇവിടെ കേരളത്തിലെ പത്രമുത്തശ്ശിയും രണ്ടാമനും ഒന്നും ഒട്ടും പിന്നിലല്ല. എന്തൊക്കെയായാലും സാനിയ മിർസയുടെ മുന്നേറ്റം തുടരട്ടെ. ഇന്ത്യയെ അവർ എവിടെയെങ്കിലുമൊക്കെ എത്തിക്കട്ടെ, വരട്ടുന്യായം പറയുന്നവരുടെ വായടയ്ക്കാൻ വേണ്ടിയെങ്കിലും...

Saturday, September 24, 2005

മാർജ്ജാരം

മുൻപ് ഒരിക്കൽ 'മൂഷികം'പറഞ്ഞപ്പോൾ മനസിൽ വന്നതായിരുന്നു 'മാർജ്ജാരവും' 'ശുനകവും'. പാവം ശുനകൻ മാത്രം ഇനിയും കാത്തിരിക്കുന്നു.

Tuesday, September 13, 2005

ഓണാശംസകൾ.

കൂടുതൽ ഒന്നുമില്ല. ഓണാശംസകൾ, അത്രയുള്ളു. അല്ലെങ്കിൽ ഇതുകൂടി ഇരുന്നോട്ടെ, പൊന്നോണാശംസകൾ!

Saturday, September 03, 2005

കീചകവധം.

ഇത്‌ പകർന്നുകിട്ടിയ സംഭവകഥയാണ്‌. പകർച്ചയുടെ ഓരോ വഴിത്തിരിവിലും ഓരോരുത്തരും ചേർക്കുന്നപോലെ അൽപ്പം പൊടിപ്പും തൊങ്ങലും ഞാനും ചേർക്കുന്നു. ഈ സംഭവം ഇതിനു മുൻപു കേട്ടവർ കേൾക്കാത്തവർക്കുവേണ്ടി ദയവായി ഒരു വശത്തേക്ക്‌ മാറിക്കൊടുക്കുക.

മദ്ധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ഒരു സ്ഥലത്തെ റെസിഡന്റ്സ്‌ അസ്സോസിയേഷൻ അവരുടെ വാർഷികപരിപാടികൾ പ്ലാൻ ചെയ്തപ്പോൾ ദേശത്തെ സീനിയർ സിറ്റിസൺ ഗ്യാങ്ങ്‌ ഒരു നിബന്ധന വച്ചു. കഥകളി വേണം, അതും കീചകവധം കഥതന്നെ കളിക്കണം. അസോസിയേഷൻ പ്രസിഡന്റ്‌ ഉമ്മച്ചൻ ആകെ ധർമ്മ സങ്കടത്തിലായി.. കഥകളി ഇനി എവിടെ നിന്നും ഒപ്പിക്കും? അതിനുള്ള ബഡ്ജറ്റും ഇല്ല. പ്രായമായവരുടെ ഗ്യാങ്ങ്‌ അവിടെ വലിയ സ്ദ്രോംഗ് ആണ്‌. അവരെ പിണക്കാനും വയ്യ. എന്തായാലും ശ്രമിച്ചുനോക്കം.

തൊട്ടടുത്ത ഞായറാഴ്ചതന്നെ ഉമ്മച്ചൻ കമ്മിറ്റിയംഗങ്ങളായ പുരുഷോത്തമൻ, ഇട്ടിച്ചെറിയാൻ, വാസുദേവൻ എന്നിവരൊപ്പം കഥകളി ബുക്കു ചെയ്യാനായി കളിയോഗത്തിലെത്തി.
പറഞ്ഞ തീയതിക്കുതന്നെ കളിക്കാൻ അവർ തയാർ പക്ഷേ തുകയിൽ ഒരു അഡ്ജസ്റ്റ്മെന്റും നടക്കില്ല എന്നു പറഞ്ഞു കളിയോഗം സെക്രട്ടറി. ഉമ്മച്ചനും സംഘവും തങ്ങളുടെ കാശില്ലായ്മ പറഞ്ഞു. സെക്രട്ടറി വീണ്ടും കൈ മലർത്തി. ഉമ്മച്ചൻ കാലു പിടിക്കുന്ന അവസ്ഥ എത്തിയപ്പോൾ സെക്രട്ടറി ഒരു ഉപായം വച്ചു, 'ഇതിലെ കളിക്കാരോടു നിങ്ങളുടെ അവസ്ഥ പറയൂ അവർ അവരുടെ കാശു കുറച്ചാൽ ഞങ്ങൾക്ക്‌ വിരോധമില്ല.' ഉമ്മച്ചനും സംഘവും ആദ്യമായി കീചകവേഷം കെട്ടുന്ന ഭാർഗ്ഗവനാശാൻ ചേട്ടനോടു സംസാരിച്ചു. പുള്ളി പകുതികാശിനു കളിക്കാം സമ്മതിച്ചു. അതിന്റെ സന്തോഷത്തോടെ അവർ ഭീമന്റെ വേഷം കെട്ടുന്ന വാസുദേവനാശാനെ കണ്ടു. പക്ഷേ പുള്ളി അമ്പിലും വില്ലിലും അടുക്കുന്നില്ല.

ആശാൻ പറഞ്ഞു "കീചക വധത്തിലെ പ്രധാന വേഷം ഞാൻ കെട്ടുന്ന ഭീമനാണ്‌. അതു കെട്ടണമെങ്കിൽ എനിക്കു അയ്യായിരം രൂപയും തരണം." പരസ്പരം നോക്കുന്ന കമ്മിറ്റി അംഗങ്ങൾ. അവർ ആശാനെ അനുനയിപ്പിക്കാൻ ശ്രമിച്ചു, നടന്നില്ല.

ശല്യം ഒഴിയില്ല എന്നു കണ്ടപ്പോൾ വാസുദേവനാശാൻ തീർത്തു പറഞ്ഞു "നിങ്ങൾക്ക്‌ അറിയാവുന്നതല്ലെ കീചകവധത്തിലെ പ്രധാനഭാഗം കീചകനെ കൊല്ലുന്നതാണെന്ന്. ഭീമനാണ്‌ കൊല്ലുന്നത്‌. അതിന്റെ അർത്ഥം ഭീമനാണ്‌ ഇതിലെ പ്രധാന കഥാപാത്രം. ഭീമനെക്കൊല്ലുന്ന ആ റോൾ ഞാൻ അഭിനയിക്കണമെങ്കിൽ എനിക്ക്‌ അയ്യായിരം രൂപ തികച്ചുകിട്ടണം. അതില്ലാതെ നിങ്ങൾ ഇവിടെ കിടന്നു കറങ്ങിയിട്ട്‌ കാര്യമില്ല" അദ്ദേഹം വ്യക്തമായി പറഞ്ഞു നിർത്തി.

ഒടുവിൽ ഉമ്മച്ചൻ ഒരു വഴി കണ്ടെത്തി. അദ്ദേഹം ആശാനോടു പറഞ്ഞു " അയ്യായിരമൊന്നും തരാൻപറ്റില്ല. ഒരു മൂവായിരം രൂപ തരും. കൊല്ലണ്ട. ഒന്നു വിരട്ടിവിട്ടാൽ മതി"!

Thursday, September 01, 2005

ഖസാക്കിലേക്ക്...

ഇതുവഴി http://khazak.blogspot.com

(നെടുമങ്ങാടും തിരുവനന്തപുരവും വയനാടും വർക്കലയും തത്തമംഗലവും വേളാവൂരും തുടങ്ങി വിലാസങ്ങൾ ഓരോന്നു ഒരോരുത്തരായി കയ്യടക്കിയപ്പോൾ പാവം ഖസാക്കു(തസ്രാക്ക്‌) മാത്രം ആർക്കുംവേണ്ടാതെ അവിടെ കിടന്നു. അതുകൊണ്ടുതോന്നിയതാണ്‌ ഇങ്ങനെ ഒരു വിലാസം)

നുണ!!

ഒരു നുണ. മാരകമായ ഒരു ബോം‌ബിനെക്കാൾ എത്രയോ അപകടകാരി.

ഇമാം‌മുസ അൽ ഖാദിമിന്റെ സ്മരണ പുതുക്കാൻ പള്ളിയിലേക്ക് പ്രവഹിച്ച ലക്ഷങ്ങളിൽ ആയിരങ്ങളെ കൊന്നൊടുക്കാൻ തീവ്രമായ ഒരു ബോം‌ബിന്റെയോ ഒരു ഏറുപടക്കത്തിന്റെയോ പോലും ആവശ്യം വന്നില്ല. വെറുമൊരു നുണ! ചാവേറുകൾ ഉണ്ടെന്ന സംശയം! ഒരു വാർത്ത!. കഴിഞ്ഞു ആയിരങ്ങൾ തിക്കിലും തിരക്കിൽ‌പ്പെട്ടു മരിച്ചു. ഒരു ചെലവും ഇല്ലാതെയുള്ള കൂട്ടക്കൊല.

അണുബോം‌ബിനേക്കാളും മാരകമാ‍ണ് ഒരു കൊച്ചു നുണ. ഈ ആയിരങ്ങൾ ഇന്നലെ പഠിപ്പിച്ചത് അതാണ്.

കൂടുതൽ വായനയ്ക്ക്