Wednesday, June 29, 2005

ഉണ്ണിമൂത്രം പുണ്യാഹം??

അവസാനം വടക്കും നാഥന്റെ വളപ്പിലും, ഉണ്ണി മൂത്രം ഒഴിച്ചു. പ്രതിവിധിയായി പുണ്യാഹം വേണം.
ഉണ്ണിമൂത്രം വാര്‍ത്തയായി. പുണ്യാഹ ചെലവു വഹിക്കാമെന്ന് വകുപ്പു മന്ത്രി. പറ്റില്ല എന്ന് ദേവസ്വം. അവസാനം തീരുമാനമെന്തായി എന്ന് അറിയില്ല. മാദ്ധ്യമങ്ങള്‍ പറഞ്ഞില്ല. അല്ലെങ്കില്‍ ഞാന്‍ കണ്ടില്ല. ഗുരുവായൂരിലും ഉണ്ണിമൂത്രം കുറച്ചുനാള്‍ മുന്‍പ്‌ പ്രശ്നം സൃഷ്ടിച്ചിരുന്നു.

തീരുമാനം എന്തായാലും ഒരു കാര്യം വ്യക്തമായി, ഉണ്ണിമൂത്രം പുണ്യാഹമല്ല! ഇനി ആ പഴമൊഴി മറക്കാം.
അമ്പലതെരുവുകളില്‍ മഞ്ഞക്കോടിയ്ക്കും കുഞ്ഞിതോര്‍ത്തിനും ഒപ്പം ഡയപ്പറുകളും വില്‍ക്കുന്നതിനെക്കുറിച്ച്‌ ഇനി നമുക്കു ചിന്തിക്കാം. വേണമെങ്കില്‍ 'സ്നഗ്ഗി' പോലുള്ള പ്രോഡക്ടുകള്‍ക്ക്‌ ഈ പൌരബോധത്തിന്റെ സ്പോണ്‍സര്‍ഷിപ്പും വില്‍ക്കാം.

Monday, June 27, 2005

ഒറ്റപ്പെടല്‍

ഇന്നലെ.
പ.
പാത.
പാതയോരം.
പാതയോരത്തെ മരം.
പാതയോരത്തെ മരത്തിന്റെ തണല്‍.

ഇന്ന്
പാതയോരത്തെ മരത്തിനു തണലില്ല.
പാതയോരത്തു മരമില്ല.
പാതയ്ക്ക്‌ ഓരമില്ല.
പാത തന്നെ ഇല്ല.

'പ' ഒറ്റയ്ക്കായി.
'ഫ' യും 'ബ' യും 'ഭ' യും 'മ' യും കാരുണ്യത്തോടെ 'പ'യെ നോക്കി.

Friday, June 24, 2005

കൊളാറ്ററല്‍ ഡാമേജ്‌

എന്റെ ഓഫീസില്‍ നിന്നു നോക്കിയാല്‍ കാണാം, വേമ്പനാടുകായലും അപ്പുറത്ത്‌ അറബിക്കടലും. വലതു വശത്തായി ബോള്‍ഗാട്ടി (ലന്തന്‍ ബത്തേരി)യും അതിനു പിന്നില്‍ അതുപൊലെ ഒത്തിരി ദ്വീപുകളും. കൂറച്ചുകൂടി സൂക്ഷിച്ചുനോക്കിയാല്‍ കാണാം ഇവ എല്ലാറ്റിനേയും കൂട്ടി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം. ദ്വീപു നിവാസികളുടെ സ്വപ്നസാക്ഷാത്കാരം, എറണാകുളത്തേക്ക്‌ അവസാന ബോട്ടും പോയിക്കഴിയുമ്പോള്‍ തുടങ്ങൂന്ന ഒറ്റപ്പെടലിന്റെയും ഭീതിയുടെയും അവസാനം. ഹൈക്കോര്‍ട്ടിന്റെ അല്‍പ്പം പിന്നില്‍ നിന്നു പൊന്തി, ബോള്‍ഗാട്ടിയില്‍ (മുളവുകാട്‌/പോഞ്ഞിക്കര) താണു അവിടെ കുറച്ചുദൂരം ഓടി, അവിടെ നിന്നു പൊന്തി വല്ലാര്‍പ്പാടത്ത്‌ ലാന്റു ചെയ്തു, അവിടന്നു അടുത്ത പൊങ്ങല്‍ വൈപ്പിനിലേക്ക്‌. അവിടെ നിന്നും പിന്നെ പൊങ്ങിയില്ല, കാരണം പിന്നെ താഴാന്‍ അറബിക്കടല്‍ മാത്രമെയുള്ളു. പാലം അവര്‍ക്ക്‌ ഒരു അനുഗ്രഹം തന്നെ. നമുക്കൊക്കെ സമ്മതിക്കാം. പക്ഷേ പാലം വിഷമാകുന്ന കുറച്ചുപേരുണ്ട്‌. കൂറച്ചുപെരേയുള്ളു. കുഞ്ഞുങ്ങളാണിവര്‍. ഓടിച്ചാടി നടക്കുന്ന കുഞ്ഞുങ്ങള്‍. പെട്ടൊന്നോരു ദിവസം അവരുടെ ഓടിച്ചാടി ജീവിതത്തില്‍ ഒരു വാഹന സമൂഹം കടന്നു വരുന്നു. പറവൂരിലേക്കും മറ്റും പോകുന്നവര്‍ നഗരത്തിലെ ട്രാഫിക്‌ കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ ഇതൊരു എളുപ്പവഴിയായി കരുതി. വീട്ടില്‍ നിന്നും പഴയതുപൊലെ വഴികളിലേക്ക്‌ ചാടിയിറങ്ങി ഓടിയ കുഞ്ഞുങ്ങള്‍ വാഹനങ്ങള്‍ക്ക്‌ മുന്നില്‍ പകച്ചു നിന്നു. ദ്വീപിലെ കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍, സ്വപ്നത്തില്‍, വളവുകളിലെ ലോറികള്‍ കണ്ട്‌ ഞെട്ടുന്നു. അവര്‍ക്ക്‌ ഈ തിരക്ക്‌ ഒരു ദു:സ്വപ്നമാണ്‌. ഇത്‌ വികസനത്തിന്റെ വേറൊരു മുഖമാണ്‌. ഒരുതരം കൊളാറ്ററല്‍ ഡാമേജ്‌.ഞാന്‍ ഒരു വികസന പിന്തിരിപ്പന്‍ ആണോ? ഒരുവേള അവര്‍ക്കുവേണ്ടി അവരുടെ കുഞ്ഞുസ്വപ്നങ്ങള്‍ക്കുവേണ്ടി അങ്ങനെ ചിന്തിക്കുന്നതില്‍ ഞാന്‍ ഒരു രസം കാണുന്നു.

ഫയര്‍വാളിനപ്പുറം നില്‍ക്കുന്നവര്‍ക്ക്‌.

ഫയര്‍വാളിനപ്പുറം നില്‍ക്കുന്ന എന്റെ നാട്ടുകാര്‍ക്ക്‌ പിടിച്ചുപോകാന്‍ ഒരു ചങ്ങല. http://www.morguefile.com/archive/?display=111633740195

Wednesday, June 22, 2005

രണ്ടു ജന്മസാഫല്യവും ഒരു ദഹനക്കേടും.

മുട്ടയ്ക്ക്‌ സൌര്യപൂര്‍വ്വം ഇരിക്കാന്‍ കോഴി തന്റെ ഒറ്റക്കാല്‍ ഒതുക്കി വച്ച്‌ കൊടുത്തു. ചുറ്റും കിടന്ന മഞ്ഞനിറമുള്ള ചോറിന്റെ രുക്ഷ ഗന്ധം കോഴിയെ മത്തുപിടിപ്പിച്ചു. കോഴി, മുട്ടയിലേക്ക്‌ നോക്കി. ഇത്‌ എന്റെ മുട്ടയല്ല. കാരണം തനിക്കു മുട്ടയിടാന്‍ അറിയില്ല. ശരിയായിപ്പറഞ്ഞാല്‍, താന്‍ മുട്ടയിടില്ല. ഇതു ഇട്ട കോഴിക്ക്‌ ഇതിന്റെ ഓണര്‍ഷിപ്പും ഇല്ല. പിന്നെ കോഴി ഓര്‍ത്തത്‌ നഷ്ടപ്പെട്ട തന്റെ ഇടതു കാലിനെക്കുറിച്ചായിരുന്നു. വലതു കാലിന്‌ ഇപ്പോള്‍ വേദനയില്ല. കോഴി ഓര്‍ത്തു, ഓര്‍മ്മ്ക്ക്‌ അധികം നീളമില്ല. നഷ്ടപ്പെടലിന്റെ വേദനയില്‍ കോഴി ആശിച്ചു, കണ്ടൈനറില്‍ കുറച്ചുകൂടി സ്ഥലം ഉണ്ടായിരുന്നെങ്കില്‍?............. ചൂടാറുന്നു, ഞാന്‍ പാത്രത്തിലേയ്ക്ക്‌ ബിരിയാണി കുടഞ്ഞിട്ടു. അതില്‍ ഒളിപ്പിച്ചു വച്ചിരുന്ന പുഴുങ്ങിയ മുട്ട ഉരുണ്ട്‌ ഒരു വശത്തേക്ക്‌ നീങ്ങി. ലഞ്ച്‌ ടൈം കഴിയാറാവുന്നു, വേഗം കഴിക്കണം. .............. കാലുകള്‍ എല്ലുകളായി മാറുമ്പോള്‍ കോഴി പറഞ്ഞു: "എന്റെ ജന്മം സഫലമാകുന്നു", മുട്ട പറഞ്ഞു: "ഇനിയും ജനിക്കാത്ത എന്റെയും"

Tuesday, June 14, 2005

ബ്ലോഗുണ്ടായാല്‍ മാത്രം പോര....

അങ്ങനെ എനിക്കും കിട്ടി ഒരു ബ്ലോഗ്‌. ഞാനും സ്വന്തമാക്കി ഒരു ബ്ലോഗ്‌. (ഇനി ഞാനായിട്ട്‌ എന്തിന്‌ കുറയ്ക്കണം) പക്ഷെ ബ്ലോഗുണ്ടായാല്‍ മാത്രം പോര, ബ്ലോഗണം. ഞാന്‍ എന്ത്‌ എടുത്തുവച്ചു ബ്ലോഗാന്‍? സിനിമ? സാഹിത്യം? കല? മാധ്യമം? ആനുകാലികം? രാഷ്ട്രീയം? തമാശ? (രണ്ടും രണ്ടാണോ?) പക്ഷേ എന്റെ മനസിലും ചിന്തകളിലും ഒന്നുമില്ല. ആശയ ദാരിദ്ര്യം! അതാണ്‌ പ്രശ്നം. ആശയ ദരിദ്ര്യം തന്നെ ആക്കിയാലോ എന്റെ ഇത്തവണത്തെ വിഷയം? അതെ, അതു തന്നെയാകട്ടെ ........................................................ ................................................................................................ ................................................................................................. ............................... മതി. ഇത്രയും മതി ദാരിദ്ര്യ രേഖ. ഞാനിപ്പോള്‍ ദാരിദ്ര്യ രേഖയ്ക്ക്‌ ഒത്തിരി താഴെയായി. ഇനിയും നീണ്ടാല്‍ ഞാന്‍ "ആശയ പിച്ചക്കാരന്‍" ആയിപ്പോകും.

Monday, June 13, 2005

അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!...

ഇതു തോന്ന്യാക്ഷരക്കഥയാണ്‌. തോന്ന്യാക്ഷരങ്ങളുടെ കഥയാണ്‌. ആകാശത്തിനുകുറുകെ (49 ഡിഗ്രിയില്‍) ഒരു നക്ഷത്രം മിന്നിമാഞ്ഞു, അത്‌ മറ്റു നക്ഷത്രങ്ങളില്‍ തട്ടാതെ മുട്ടാതെ കടന്നു പോയി. അതിന്റെ ദ്രുതചലനത്തില്‍ ആകാശം ഒന്നാകെ വിറച്ചു. സൌരയൂഥത്തിലും അതിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടായി. അപ്രതീക്ഷിതമായ നിമിത്തങ്ങള്‍ കണ്ടു വിരണ്ട ബുധന്‍ അസ്വസ്തതയോടെ ശുക്രനെ നോക്കി. ശുക്രന്‍ ശനിയേയും, ശനി എന്നെയും നോക്കി. ഞാന്‍ ഒന്നും അറിയാത്തതുപോലെ കമ്പ്യൂട്ടറില്‍ നോക്കിയിരുന്നു. വരമൊഴിയുടെ കൊച്ചു ജാലകങ്ങളിലൂടെ അക്ഷരങ്ങള്‍ ആകാശം നോക്കി നിന്നു. ആകാശത്ത്‌ ദേവന്മാര്‍ നിരന്നു. അവര്‍ പുഷ്പങ്ങള്‍ ഭൂമിയിലേക്ക്‌ വര്‍ഷിച്ചു (ഈ ഷോട്ടിനുള്ളകടപ്പാട്‌: ശ്രീ. രാമാനന്ദ സാഗര്‍, ഹോള്‍സെയില്‍ ഡീലര്‍, പുരാണ സീരിയലുകള്‍. വര്‍ഷിക്കാനുള്ള പൂവ്‌ സംഭാവന ചെയ്തിരിക്കുന്നതു ഫ്ലവര്‍ മര്‍ച്ചന്റ്സ്‌ അസ്സോസിയേഷന്‍, ചാല, തിരുവന്തരം.) ഭൂമിയിലും അതിന്റെ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങി. മഴ. നിര്‍ത്താതെയുള്ള മഴ. മഴവെള്ളത്തില്‍ ഭൂമീദേവി കാലിട്ടിളക്കി (ഭൂമിദേവിക്കു കാലുണ്ടോ ആവോ, കഥയില്‍ കാലുകളാകാം സാരമില്ല). അവളുടെ ആയിരം പാദസരങ്ങള്‍ കിലുങ്ങി, പൊട്ടിത്തര്‍ന്നു. ആലുവാ പുഴ പിന്നെ ഒഴുകിയില്ല, അതു രണ്ടായി പിരിഞ്ഞു. ആരും കാണാതെ ഓളവും തീരവും സുനാമിയുടെ പേരില്‍ പരസ്പരം പഴിപറഞ്ഞു വഴക്കായി. പേടിച്ചരണ്ട ശനി എന്നോടു ചേര്‍ന്നു നിന്നു. അതിന്റെ അരപ്പാവാടയില്‍ തിമിര്‍ക്കുന്ന അഗ്നിശകലങ്ങള്‍ എന്റെ ശരീരത്തില്‍ ഉരസി. ആകാശം കൂടുതല്‍ വളഞ്ഞു! ആകാശം നിലവിളിച്ചു. (ആകാശം നിലവിളിച്ചു! എന്തൊരു സങ്കല്‍പ്പം!, പ്രിയ എഴുത്തുകാരേ ഇതിന്റെ പകര്‍പ്പവകാശം എനിക്കാണ്‌) പിന്നെ ആകാശം കീറി. (വെള്ളകീറിയതല്ല!) ഈ കീറല്‍ സൃഷ്ടിയുടെ അനിവാര്യതയാണ്‌. ആ വിള്ളലിലൂടെ അക്ഷരങ്ങള്‍ തള്ളിവന്നു... "ത... ന... ക... ഷ... ര.... ങ... ള...." അക്ഷരങ്ങള്‍ ഒഴുകി... അക്ഷരങ്ങള്‍ പരന്നു.... അക്ഷരങ്ങള്‍ ചിരിച്ചു..... അക്ഷരങ്ങള്‍ കരഞ്ഞു... അവ ചില്ലുകളും ദീര്‍ഘങ്ങളുമായി ഇണചേര്‍ന്നു. എല്ലാം കണ്ട പ്രപഞ്ച സൃഷ്ടാവ്‌ പറഞ്ഞു, അല്ല പ്രഖ്യാപിച്ചു... "ഇനി തോന്ന്യാക്ഷരങ്ങള്‍ ഉണ്ടാകട്ടെ!" അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!... ടിഷ്യൂം ടിഷ്യൂം... (ഇതു തോന്ന്യാക്ഷരങ്ങളല്ല സ്പെഷ്യന്‍ ഇഫക്ട്സ്‌ ആണ്‌) ഒടുവില്‍ സഹികെട്ട ശനി എന്നെ നോക്കി ചോദിച്ചു, നീ എന്തുവാ ഈ എഴുതിക്കൂട്ടിയിരിക്കുന്നേ? ഞാന്‍ ശനിയെ നോക്കി, ശനിയുടെ അഗ്നിഗന്ധം ശ്രവിച്ചു പറഞ്ഞു, "ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഇതു തോന്ന്യാക്ഷരവേദിയാണെന്ന്." ശനി പറഞ്ഞു, "തോന്ന്യാക്ഷരങ്ങളൊക്കെ ആയിക്കോ പക്ഷേ തോന്ന്യാസം ആവരുത്‌!"