Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Thursday, December 07, 2006

സല്‍മാന്‍ഖാന്‍ ചരിതം ഒന്‍പതാം ദിവസം

“അതേയ് ഒന്ന് എണീക്കണുണ്ടോ?”
ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്.
“ആ സല്‍മാന്‍ ഖാന്‍ ഇതുവരെ വന്നിട്ടില്ല.“
“വരും”
തിരിഞ്ഞുകിടക്കുമ്പോള്‍ അയാള്‍ അലസമായിപ്പറഞ്ഞു. “അതൊരു പൂച്ചയല്ലെ, അതിനു കയ്യില്‍ വാച്ചുണ്ടാവില്ല”
“അതല്ല, ഇന്നുംനാളെയും കൂടി അത് ഒന്നു വന്നുകിട്ടിയാല്‍ രക്ഷപ്പെട്ടു. പക്ഷെ അത് ഇതുവരെ വന്നിട്ടില്ല”
ഭാര്യ അസ്വസ്തതയോടെ പറഞ്ഞു. പെട്ടന്നാണ് അയാളുടെ ഉറക്കത്തിനു മുകളിലൂടെ സ്വബോധത്തിന്റെ ഒരു മിന്നായം പാഞ്ഞുപോയത്. ബെഡ് ഷീറ്റ് മാറ്റി അയാള്‍ ചാടി എണീറ്റു. മുണ്ടുമുറുക്കി ഉടുത്ത് ചോദിച്ചു,
“നീ എല്ലായിടത്തും നോക്കിയോ? എന്നത്തേയും പോലെ ആഹാരം വച്ചുകൊടുത്തില്ലേ?”
“ഒക്കെയും ഞാന്‍ ചെയ്തു. പക്ഷെ അതിന്റെ പൊടിപോലുമില്ല.“
ഭാര്യയുടെ വാക്കുകളില്‍ ഒരു ഭീതി നിഴലിച്ചു.
“കണ്ണനെവിടെ?”
“അവന്‍ അപ്പുറത്തിരുന്നു കളിക്കുന്നു”
ഡ്രോയിങ്ങ് റൂമില്‍ ഇരുന്നു കളിക്കുന്ന ഒന്നരവയസുകാരന്‍ കണ്ണനെ അയാള്‍ ചേര്‍ത്തുപിടിച്ചു. അവന്റെ മുഖം അയാളുടെ മുഖത്തോട് ഒരു നിമിഷം ചേര്‍ത്തു. പിന്നെ അയാള്‍ വീടിന്റെ പിന്‍ വശത്തേക്ക് പോയി. തുണി നനയ്ക്കുന്ന കല്ലിന്റെ കീഴിലും പാത്രം കഴുകുന്ന ബേയ്സിനിന്റെ പരിസരത്തുമൊക്കെ അയാള്‍ ചുറ്റിനടന്നു.മതിലിനരുകില്‍ അടുക്കി വച്ചിരുന്ന ഇഷ്ടികകളുടെ ഇടയിലൊക്കെ അയാള്‍ തിരഞ്ഞു.മതിലിനുമുകളിലൂടെ അടുത്തവീട്ടിലേക്ക് വിളിച്ചു ചോദിച്ചു.
“അമ്മൂ, ഇവിടെയൊക്കെ കറങ്ങി നടക്കണ ഒരു കള്ളപൂച്ചയില്ലേ, വൈറ്റില്‍ ബ്രൌണ്‍ മാര്‍ക്കുള്ളത്. അതിനെ ഇന്നെങ്ങാനും കണ്ടോടാ?”
ചെറിയ സൈക്കിളില്‍ നിന്നും കാല്‍ നിലത്തുകുത്തിയിട്ട് അമ്മു പറഞ്ഞു “ഇല്ലങ്കിള്‍, കണ്ടില്ല. എന്തുപറ്റി അങ്കിള്‍?”
അയാള്‍ ഉത്തരം പറയാന്‍ നിന്നില്ല. ടൂത്ത് ബ്രഷില്‍ പേസ്റ്റ് വച്ചുകൊടുക്കുമ്പോള്‍ ഭാര്യ പറഞ്ഞു, “അതിനി എങ്ങാനും..?”
“നീ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?”
ദേഷ്യത്തില്‍ അയാള്‍ ബ്രഷ് വലിച്ചു പേസ്റ്റിന്റെ ബാക്കി ഒരു ചുവന്ന തുള്ളിയായി ചുവന്ന നേരിയ നൂലില്‍ തൂങ്ങി നിലത്തിറങ്ങി.

ബക്കറ്റില്‍ നിന്നും വെള്ളം എടുത്ത് ശരീരത്തിലേക്ക് ഒഴിക്കുമ്പോള്‍ അയാള്‍ സ്വയം പറഞ്ഞു, അതുവരും. പാവം എവിടെയോ ഉറക്കം തൂങ്ങിയിരിപ്പാവും. എങ്കിലും മനസില്‍ ഒരു രംഗം വെറുതെ പുകഞ്ഞുകൊണ്ടിരിക്കുന്നു. പേടിച്ചരണ്ട കണ്ണന്‍. വളഞ്ഞു കുത്തി പിന്നോക്കം നില്‍ക്കുന്ന പൂച്ച.

അന്ന് അതിന് സല്‍മാന്‍ ഖാന്‍ എന്ന പേരില്ല. കുറച്ചുദിവസം മുന്‍പാണ്, രാവിലെ പതിവുപോലെ വല്യമ്മായി മീന്‍ കഴുകുന്നു. കണ്ണന്‍ നടന്നു തുടങ്ങിയ പ്രായം. പൂച്ച അവന്റെ ദൌര്‍ബല്യമാണ്. കിണറിന്റെ അരികില്‍ അയാള്‍ പത്രം വായിച്ചിരിക്കുന്നു. പാരായണത്തിനിടയിലും ഒരു കണ്ണ് അവനിലേക്ക് അറിയാതെ നീളും. മീനിന്റെ വാലും പ്രതീക്ഷിച്ചിരിക്കുന്ന പൂച്ചയിലാണ് അവന്റെ ശ്രദ്ധ. കുഞ്ഞുചട്ടമ്പിയുടെ ഒരു കുഞ്ഞുവടിയും അവന്റെ കയ്യിലുണ്ട്. മീന്‍ വെട്ടി എണീറ്റ വല്യമ്മായി ശരീരം പിന്നോക്കം വളച്ചിട്ടു പറഞ്ഞു,
“എന്റെ പണി കഴിഞ്ഞു. മോനിവിടെ നില്‍ക്കുകയാണ്. ഒരു കണ്ണുവേണേ ഇവടെ..”
അതു കേട്ട അവന്‍ വടി ഉയര്‍ത്തി അഛനു സലാം പറഞ്ഞു. അയാള്‍ തിരിച്ചും.

‘ഗാംഗുലി ദക്ഷിണാഫ്രിക്കയിലേക്ക് ‘ - പൊതുവേ ക്രിക്കറ്റിനോടും അതിലുപരി ഗാംഗുലിയോടുമുള്ള ഇഷ്ടം അയാളുടെ വായനയെ ആഴങ്ങളിലേക്ക് വലിക്കുന്ന വേളയിലാണ് കണ്ണന്റെ വിളി കേട്ടത്. അലക്കു കല്ലിന്റെ അടുത്തേക്ക് അയാള്‍ ഓടിയടുത്തപ്പോള്‍ പേടിച്ചു വിറച്ചു നില്‍ക്കുന്ന കണ്ണന്‍. അവന്റെ നോട്ടം കല്ലിന്റെ പിന്നിലാണ് അയാള്‍ അങ്ങോട്ട് നോക്കിയപ്പോള്‍ അതു പോലെ വിറച്ച് പിന്നോക്കം വളഞ്ഞു നില്‍ക്കുന്ന പൂച്ച.
അവനെ വാരിയെടുക്കുമ്പോള്‍ ഭാര്യയും ഓടിവന്നു. അയാള്‍ പറഞ്ഞു,
“പാവം പേടിച്ചുപോയതാ.. ഒന്നും സംഭവിച്ചില്ല. പൂച്ച ഒന്നും ചെയ്തില്ല”.
പക്ഷെ അവന്റെ കൈകള്‍ അപ്പോഴും വിറയ്ക്കുന്നു.
പൈപ്പിന്റെ ചുവട്ടില്‍ അവന്റെ കാലുകള്‍ കഴുകിക്കൊടുക്കുന്നതിനിടയി ഭാര്യ പറഞ്ഞു,
“അതേയ് ഇവന്റെ കാലില്‍ ചെറിയ ഒരു മാര്‍ക്ക്. മുള്ള് ഉരഞ്ഞ പോലെ”
അയാള്‍ നോക്കുമ്പോള്‍ അവന്റെ വെളുത്ത കുഞ്ഞുപാദത്തില്‍ വളരെ നേരിയ ചെറിയ രണ്ട് വരകള്‍. ഒന്ന് നന്നായിട്ട് തെളിഞ്ഞിട്ടുണ്ട്. അയാള്‍ അവന്റെ കാലിലേക്ക് കൂടുതല്‍ വെള്ളം ഒഴിച്ചു. അവന്‍ കാല്‍ വലിച്ചു. പക്ഷെ കരഞ്ഞില്ല.
“ഇതു മുള്ള് ആവണമെന്നില്ല. പൂച്ചയുടെ വിരലോ മറ്റോ? ഡാ കുഞ്ഞൂ... പൂച്ച മാന്തിയോടാ കണ്ണാ..?” അയാള്‍ അവന്റെ മൂക്കില്‍ ഉമ്മ വച്ചു ചോദിച്ചു. അവന്‍ ചിരിച്ചു. അവന്റെ നിറഞ്ഞുനിന്ന കണ്ണില്‍ നിന്നും ഒരു തുള്ളി പുറത്തേക്ക് തൂവി.
അപ്പുറത്തെ അമ്മുവിന്റെ അഛനാണ് പറഞ്ഞത്,
“ഡോക്ടറെ ഒന്നു കാണിക്കുന്നത് നല്ലതാ..“
“കൊതുകുകടിച്ചാല്‍ വരെ പനിവരുന്ന കാലമാ” വല്യമ്മായിയും ശരിവച്ചു.
പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഓഫീസില്‍ വിളിച്ച് ലീവ് പറഞ്ഞു.

****

ഡോക്ടര്‍ അവന്റെ കാലിലെ പോറല്‍ ശ്രദ്ധിച്ചു നോക്കി. എന്നിട്ടു പറഞ്ഞു
“ഇതിപ്പോള്‍ സംശയത്തിന്റെ പുറത്ത് റാബിസിന്റെ ഇഞ്ചക്ഷന്‍ എടുക്കേണ്ടതാണ്. കാരണം പൂച്ചയ്ക്ക് റാബീസിന്റെ അസുഖം ഉണ്ടെങ്കില്‍ പ്രശ്നം ആകും. പക്ഷെ പൂച്ചമാന്തിയതാണോ എന്നുപോലും ഒരു ഉറപ്പും ഇല്ലാതെ വെറുതേ ഈ കുഞ്ഞിന്റെ ശരീരത്തിലിട്ട് കുത്തുന്നത് ഓര്‍ക്കുമ്പോള്‍..”
ഡോക്ടര്‍ ഒന്നു നിര്‍ത്തി. അവന്റെ മുറിവ് ഒന്നുകൂടി നോക്കി. എന്നിട്ട് പറഞ്ഞു
“കഴുത്തിലോ മുഖത്തോ മറ്റോ ആയിരുന്നെങ്കില്‍ ഞാന്‍ എടുക്കാന്‍ തന്നെ പറഞ്ഞേനെ, കാലിലാകുമ്പോള്‍ അത്രമാത്രം ഞരമ്പുകള്‍ ഇല്ല. അതു പോട്ടെ ഈ പൂച്ച പതിവായി അവിടെ വരുന്നതാണോ?”
“അതെ“
എന്നു പറഞ്ഞിട്ട് ഒരു ഉറപ്പിനായി അയാള്‍ ഭാര്യയുടെ മുഖത്തുനോക്കി.
“അങ്ങനെയാണെങ്കില്‍ അതിനെ പത്തു ദിവസം വാച്ചു ചെയ്യൂ. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ നമുക്കു ഇഞ്ചക്ഷന്‍ എടുക്കാം”
അതും പറഞ്ഞ് ഡോക്ടര്‍ കുഞ്ഞിന്റെ കവിളില്‍ തൊട്ടു.

അന്നുമുതല്‍ അവരുടെ വീട്ടിലെ മുഖ്യാതിഥിയാണ് ആ മാര്‍ജ്ജാരന്‍. എന്നും അവന്‍ അവിടെ എത്താന്‍ വേണ്ടി ഭാര്യ നെയ്‌മീനിന്റെ കഷണങ്ങളൊക്കെ ആണ് വറുത്ത് കൊടുത്തിരുന്നത്. കൂടാതെ സെറിലാക്ക് ചേര്‍ത്ത പാലും ചോറും മുട്ടയും ഉണക്കമീനും ഒക്കെ അവനെ തേടി എത്തിയിരുന്നു. മൂന്നു നാലു ദിവസം കൊണ്ടുതന്നെ അവന്‍ അങ്ങു തടിച്ചുകൊഴുത്തു. എല്ലും തോലും ആയിരുന്ന പൂച്ചയ്ക്ക് മസിലൊക്കെ വന്നു. അയാള്‍ തന്നെ അതിനു ഒരു വിളിപ്പേരിട്ടു,
‘സല്‍മാന്‍ ഖാന്‍’
സല്‍മാന്‍ ഖാന്‍ ഒരു വി ഐ പി ആയിട്ട് അവിടെ പകല്‍ ജീവിച്ചു. അടുക്കളയിലും അവരുടെ ബെഡ്റൂമിലും ഒക്കെ അവന്‍ വാല്‍ ചുഴറ്റി നടന്നു. വീടിന്റെ പിവശത്ത് അവന്‍ പകുതിതിന്നു കളഞ്ഞിട്ടുപോയ ഉണക്കമീന്‍ കഷണങ്ങള്‍ വെയില്‍ കൊണ്ട് കിടന്നു.

ഇന്നലെ രാത്രിയിലും പൂച്ചയെ കണ്ടിരുന്നു. അപ്പോള്‍ അയാള്‍ പൂച്ചയോട് പറയുകയും ചെയ്തു,
“ഡാ സല്‍മാന്‍ ഖാനേ രണ്ടുദിവസംകൂടി മാത്രമേ ഉള്ളൂ നിന്റെ സുഖവാസം. അതുകഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഇന്ദ്രന്‍സ് ആക്കിത്തരാം. എന്റെ കണ്ണനേയും ഉപദ്രവിച്ചിട്ട് ഇവിടെ ഇങ്ങനെ സുഖവാസം നടത്തുന്നതു കാണുമ്പോള്‍ എനിക്ക് ശരിക്കും ചൊറിയുന്നുണ്ട്”

കുളികഴിഞ്ഞ് വരുമ്പോള്‍ ഭാര്യ ചോദിച്ചു
“എന്താ ഇപ്പോള്‍ ചെയ്യേണ്ടേ?“
“അറിയില്ല. ഇന്നിപ്പോള്‍ ഒന്‍പത് ദിവസം ആകുന്നതേയുള്ളു. അതിനു എന്തെങ്കിലും പറ്റിയോ?”
അയാള്‍ നിസ്സഹായനായി പറഞ്ഞു. ആ പൂച്ചയ്ക്ക് അസുഖമുള്ളതാണോ എന്നുള്ള സംശയ ചോദ്യം അയാള്‍ ഉള്ളിലൊതുക്കി.
“എന്തായാലും നീ കണ്ണനെ ഡ്രസ് ചെയ്യിക്കൂ, ഡോക്ടറുടെ അടുത്ത് പോകാം”
അയാള്‍ അവന്റെ മുഖത്തു നോക്കി അവനു ക്ഷീണം ഉണ്ടോ? അയാള്‍ അവന്റെ നെറ്റിയില്‍ കൈവച്ചു നോക്കി. സംശയം, അവനു പനിയുണ്ടോ?

മകനേയും കൊണ്ട് ഭാര്യ കാറിലേക്ക് കയറുമ്പോഴും അയാല്‍ അവന്റെ നെറ്റിയില്‍ വെറുതെ കൈവച്ചുനോക്കി. ഹേയ് അവനു പനിയൊന്നും ഇല്ല. എനിക്കു വെറുതെ തോന്നുന്നതാവും. അയാള്‍ സ്വയം പറഞ്ഞു.
പിന്നെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ റിവേര്‍ഴ്സ് ഗിയര്‍ ഇട്ടു. വണ്ടി പിന്നിലേക്ക് നീങ്ങി.
“മ്യാവൂ.............” പൂച്ച കരഞ്ഞു, പക്ഷെ ഒരു ദീന രോദനം.
അയാള്‍ ബ്രേക്ക് ചെയ്തു. വീണ്ടും പൂച്ച ഒന്നുകൂടി കരഞ്ഞു. പക്ഷെ അതു പതിവുള്ള മ്യാവൂ അല്ല. പുറത്തിറങ്ങി നോക്കുമ്പോള്‍ പിന്നിലെ ടയറിനോട് ചേര്‍ന്ന് പകുതി ചതഞ്ഞ ശരീരവുമായ് ആ പൂച്ച. സല്‍മാന്‍ ഖാന്‍.
അതു അയാളെ ഒന്നുനോക്കി. അതുപിന്നെ വിളിച്ചില്ല.

കണ്ണുമാത്രം തുറന്ന് പുറത്തേക്ക് തള്ളിയിരുന്നു.

Friday, July 21, 2006

ചേർന്ന് നില്‍ക്കുമ്പോൾ

ചുണ്ടില്‍ നിന്നും വലിച്ചെടുത്ത ഗ്ലാസ്‌, ഇടതുകൈ താഴെ വയ്ക്കുമ്പോള്‍ മാത്തച്ചന്റെ വലതു കൈ വെന്തുലര്‍ന്ന പോത്തിന്റെ പാത്രത്തിലേക്ക്‌ പോയി. അതിന്റെ മസാലയും എരിവും നാവില്‍ പൊട്ടി അലിയുമ്പോള്‍ അയാള്‍ പറഞ്ഞു,
"സ്മോള്‍ അടിക്കുവാണേല്‍ നമ്മുടെ നാടന്‍ പോത്തും കൂട്ടിത്തന്നെ അടിക്കണം അല്ലിയോടാ ജോസേ. അവിടെ കാനഡയില്‍ കിട്ടുന്നപോത്തിനൊന്നും ഇത്രേം ടേസ്റ്റില്ല."
ജോസ്‌ തലയാട്ടി. ആദ്യപെഗ്ഗും കഴിഞ്ഞു മിണ്ടാതിരിക്കുന്ന പുന്നൂസിനെ നോക്കി മാത്തച്ചന്‍ പറഞ്ഞു
"എന്നതാ അളിയാ ഒരെണ്ണം തെകച്ച്‌ അകത്താവും മുന്‍പു തന്നെ അളിയനങ്ങു കൊഴഞ്ഞോ?"
"ഹൊ, ഇപ്പോ വലിയ അടിയില്ല മാത്തച്ചാ, ഗ്രേസിക്കതത്ര പോരാ, രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ പിന്നെ വാചകമടിയാണെന്നാ അവടെ കമ്പ്ലൈന്റ്‌."
"അളിനയിതും കൂടി അങ്ങുപിടിച്ചെ" ഒരു പെഗ്ഗുകൂടി ഒഴിച്ചുനീട്ടുമ്പോള്‍ മാത്തച്ചന്‍ പറഞ്ഞു.
"എന്നാതാടാ കുഞ്ഞുമോനെ അറച്ചു നില്‍ക്കണെ? നീ ഒരെണ്ണം അങ്ങോട്ട്‌ പൊട്ടിയ്ക്ക്‌." മേശമേല്‍ ചാരി നിന്ന കുഞ്ഞുമോനു മാത്തച്ചന്‍ പ്രചോദനമേകി.
"നിങ്ങളൊരു റൗണ്ട്‌ ആയിട്ട്‌ അങ്ങു കൂടാമെന്നു കരുതി തൊട്ടുനക്കാനെന്തെങ്കിലും എടുക്കാനോ മറ്റൊ ഒരാള്‍ വേണമല്ലൊ!"
"അതിനു അടുക്കളേലോട്ടൊന്നു വിളിച്ചാല്‍ പോരെ?" മാത്തച്ചന്‍ കസേരനീക്കിയിട്ട്‌ പറഞ്ഞു
"നീ ഇങ്ങോട്ടിരിക്കെടാ ഫോര്‍മാലിറ്റിയൊന്നും വേണ്ടാ വല്ലപ്പോഴുമല്ലേടാ ഇങ്ങനൊരു ഒത്തുകൂടല്‍. പോര്‍ക്ക്‌ എന്തായിട്ടുണ്ടാവുമോ ആവോ?" മാത്തച്ചന്‍ ഉച്ഛത്തില്‍ നീട്ടിവിളിച്ചു
"എടീ റോസീയേ, പോര്‍ക്ക്‌ വെന്തോടീ?.. ലേശം ഇങ്ങോട്ടെടുക്കാറായോടിയേ...."
ആ നീട്ടിവിളി ലക്ഷ്യസ്ഥാനമായ അടുക്കളയിലേക്ക്‌ നീങ്ങി. ആ വിളിയുടെ ഒരു ചെറുതുണ്ട്‌ ആ വലിയവീട്ടിനുള്ളില്‍ വഴിതെറ്റി പോയ ഒരു കുട്ടിയെ പോലെ പതുങ്ങി പതുങ്ങി വരാന്തയിലേക്കും വന്നു. അവിടെ ചാരുകസേരയില്‍ ചാഞ്ഞിരുന്ന ഔസേപ്പ്‌ ചേട്ടന്റെ ചുളുവുവീണ ചെവിയില്‍ അതു വന്നു തൊട്ടു.

അയാള്‍ ഓര്‍ത്തു. പണ്ട്‌ ഇതുപോലെ നീട്ടിവിളിച്ചിരുന്നത്‌. ആ വിളികേട്ട്‌ അടുക്കളയില്‍ നിന്നും സ്റ്റീല്‍പാത്രത്തില്‍ ആവിപറക്കുന്ന പോര്‍ക്കുമായി ത്രേസ്യക്കൊച്ച്‌ വേഗത്തില്‍ വന്നിരുന്നത്‌.
ഔസേപ്പ്‌ ചേട്ടന്‍ പുറത്തേക്ക്‌ നോക്കിയിരുന്നു.
അടുക്കളയില്‍ നിന്നും മസാലയുടെ വറവുമണത്തിനൊപ്പം ഗ്രേസിയുടേയും അന്നയുടേയും വര്‍ത്തമാനം ഉയര്‍ന്നു പരന്നു. ഇന്നിപ്പോള്‍ ഇവിടെ ഇല്ലാത്ത സൂസന്നയെക്കുറിച്ചാണത്‌.
"റോസിയേ, നിനക്കറിയാവോടീ, പളപളാന്നിരിക്കണ ആ ഇന്‍ഡിക്കാ കൊടുത്തിട്ട്‌ അവളിപ്പം ആക്സന്റ്‌ വാങ്ങാനുള്ള കാരണമെന്നതാന്നാ? ഇച്ചായന്‍ ഒരെണ്ണം വാങ്ങീലായോ, അതു തന്നെ. അസൂയ. അവളുടെ അങ്ങേരൊരു മണകൊണാഞ്ചന്‍. ഇവളാ അയാള്‍ക്കെട കെട്ടിയോന്‍." ആവി പറക്കുന്ന പോര്‍ക്ക്‌ കഷണങ്ങള്‍ പാത്രത്തിലേക്ക്‌ കോരിയിടുമ്പോള്‍ ഗ്രേസി പറഞ്ഞു.
അതിലൊരു കഷണമെടുത്ത്‌ വായിലിട്ട്‌ അതിന്റെ ചൂടോടെ റോസി അടുത്ത വിഷയത്തിനു തീവച്ചു, "ചേച്ചിക്കവടെ കഴുത്തിക്കെടക്കണ ലോങ്ങ്‌ ചെയിനിന്റെ കഥയറിയില്ലേ? ഇതു കൊണ്ടേക്കൊടുത്തിട്ടുവാ, എന്നിട്ടു പറയാം. അവിടെ തൊട്ടുനക്കല്‍ മൊടങ്ങണ്ട."

പോര്‍ക്ക്‌ ടേബിളില്‍ വച്ച്‌ ഒഴിഞ്ഞ പാത്രവുമായി ഗ്രേസി വരുമ്പോള്‍, വരാന്തയില്‍ പുറത്തേക്ക്‌ നോക്കിയിരിക്കുന്ന അപ്പച്ചനെ കണ്ട്‌ അങ്ങോട്ട്‌ ചെന്നു.
"അപ്പച്ചനെന്നതാ ഓര്‍ക്കണേ? കഴിക്കാറായി. ആഹാരം എടുക്കട്ടെ?"
ഓര്‍മ്മയില്‍ നിന്നും വിടുവിച്ചെടുത്ത മുഖം ഗ്രേസിയുടെ നേരേ തിരിഞ്ഞു.
"അപ്പച്ചനെന്താ ഓര്‍ത്തിരിക്കണേ?" ഗ്രേസി തുടര്‍ന്നു, "മാത്തച്ചായനോട്‌ ഒരെണ്ണം ഇങ്ങെടുക്കാന്‍ പറയട്ടെ?"
ഔസേപ്പ്‌ ചേട്ടന്‍ കൈ എടുത്ത്‌ വിലക്കി. എന്നിട്ട്‌ പറഞ്ഞു. "വിശപ്പില്ല. ഞാന്‍ സാധാരണ ഉച്ചയ്ക്കൊന്നും കഴിക്കാറില്ല. ആ പെണ്ണ്‍ വന്ന് രാവിലെ വച്ചിട്ട്‌ പോകുന്ന ആഹാരം അവള്‍ തന്നെയാണ്‌ പിറ്റേന്ന് എടുത്ത്‌ കളയാറ്‌. നിങ്ങളൊക്കെ കഴിച്ചൊളൂ".

ഔസേപ്പ്‌ ചേട്ടന്‍ മുറ്റത്തേക്ക്‌ ഇറങ്ങി നടന്നു. അതിന്റെ ഒരു കോണില്‍ ത്രേസ്യയുടെ കുഴിമാടത്തിനരുകില്‍ ചെന്നു നിന്നു.
അയാള്‍ പറഞ്ഞു 'ത്രേസ്യക്കൊച്ചേ, ഇന്ന് നിന്റെ ഓര്‍മ്മദിനം ആണ്‌. എനിക്കെന്നും അതാണ്‌. നമ്മുടെ മക്കളൊക്കെ വന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം നിന്നെ ഓര്‍ക്കാന്‍, ഒത്തൊരുമിക്കാന്‍. എനിക്ക്‌ ഒന്ന് നിന്നോട്‌ ചേര്‍ന്നിരിക്കണമെന്നു തോന്നി. അതാ ഞാന്‍ ഇറങ്ങി നടന്നത്‌.'
ഔസേപ്പ്‌ ചേട്ടന്‍ ഒര്‍ല്‍പ്പംകൂടി ചേര്‍ന്നു നിന്നു. ഔസേപ്പു ചേട്ടന്റെ കാലുകള്‍ കുഴിമാടത്തില്‍ പൊതിഞ്ഞിരുന്ന മാര്‍ബിളില്‍ തൊട്ടു.
അതിനകത്തുനിന്നും ത്രേസ്യക്കൊച്ച്‌ വിളിച്ചു ചോദിച്ചു,
"അതേയ്‌ എന്ത്‌ ഓര്‍ത്താ നില്‍ക്കണേ? ഊണുകഴിക്കേണ്ടേ? വരൂ.. "
ഔസേപ്പ്‌ ചേട്ടന്റെ കാലുകള്‍ വീണ്ടും മാര്‍ബിളില്‍ ഉരഞ്ഞു. അദ്ദേഹം തിരിച്ചറിഞ്ഞു, ചേര്‍ന്ന് നില്‍ക്കലിന്റെ സുഖം. അതിന്റെ തണുപ്പ്‌.

Tuesday, July 04, 2006

നിരതെറ്റി വീഴുന്ന വാകപ്പൂക്കള്‍.

പടിഞ്ഞാറു നിന്നും വന്ന വെയില്‍ പിന്നിലൂടെ അവന്റെ കവിളിന്റെ വന്നു തട്ടി. അപ്പോഴാണ്‌ ദിയ ശ്രദ്ധിച്ചത്‌ അവന്റെ കവിളുകള്‍ വീര്‍ത്തതാണെന്ന്. പുതിയ ഒരു കാര്യം കണ്ടുപിടിച്ച സന്തോഷത്തില്‍ അവള്‍ വിളിച്ചു, "ഓയ്‌ ചബ്ബീ ചീക്സ്‌" അവള്‍ പറഞ്ഞു, "ഗിരി, നിന്റെ കവിളുകള്‍ നന്നായിട്ട്‌ വീര്‍ത്തിട്ടാ". അവന്‍ അവന്റെ കവിളില്‍ കൈവച്ചു അമര്‍ത്തിനോക്കി. അങ്ങനെ അല്ല എന്ന് ഉറപ്പ്‌ വരുത്തി. ആ ഉറപ്പ്‌ ഒരു ചിരിയായി അവന്റെ മുഖത്ത്‌ തെളിഞ്ഞു. അവനോര്‍ത്തു എത്രപെട്ടന്നാണ്‌ ഇവള്‍ അടുത്ത ഒരു സുഹൃത്തായി മാറിയത്‌. അവള്‍ മനസില്‍ ഒരു സന്തോഷമായ് ചേക്കേറിയത്. കാറ്റില്‍ വഴിപിണഞ്ഞു വന്ന ഒരു ഇലപോലെ. "നീ ചിരിക്കുമ്പോഴാ അതു കൂടുതല്‍ വീര്‍ക്കുന്നത്‌" അതു പറഞ്ഞിട്ട്‌ അവള്‍ അവന്റെ കവിളില്‍ പിടിച്ചു വലിച്ചു. ഗിരീഷ്‌ ഒരു നിമിഷം നിശബ്ദനായി. പരിസരബോധത്തിന്റെ പിന്‍വലിയില്‍ അവന്‍ ചുറ്റും നോക്കി, ഒരു ഷിഫ്റ്റ് കഴിഞ്ഞ് അടുത്ത ഷിഫ്റ്റിനുള്ളവരെ കാത്തുകിടക്കുന്ന കസേരകളും കമ്പ്യൂട്ടറുകളും മാത്രം. അവന്‍ അറിയാതെ മുഖം കുനിച്ച്‌ ചിരിച്ചു പോയി. പിന്നെ അവള്‍ സ്നേഹം കൂടുമ്പോള്‍ സന്തോഷം നിറയുമ്പോഴെല്ലാം അവന്റെ കവിളില്‍ പിടിച്ചുവലിക്കുമായിരുന്നു. അവനും അറിയാതെ അതു പലപ്പോഴും പ്രതീക്ഷിച്ചു തുടങ്ങി. സ്പര്‍ശനത്തിന്റെ കാന്തിക ശക്തി.

മറ്റൊരു സന്ധ്യയില്‍ കോഫീഷോപ്പിന്റെ തണുത്ത ക്യാബിനില്‍ വച്ച്‌ അവള്‍ ചോദിച്ചു, "ഞാന്‍ നിന്റെ കവിളില്‍ പിടിച്ച്‌ വലിക്കുന്നത്‌ ഗിരി നീ നിന്റെ ഗേള്‍ഫ്രണ്ടിനോട്‌, സോറി നിന്റെ വുഡ്‌ബിയോട്‌ പറഞ്ഞിട്ടുണ്ടോ?" ഇല്ല എന്ന് അവന്‍ തലയാട്ടി. എന്നിട്ട്‌ കുറേ നേരം ചില്ലു വാതിലൂടെ പുറത്തേക്ക്‌ നോക്കി. പൂവിട്ട്‌ നില്‍ക്കുന്ന വാകമരത്തില്‍ നിന്നും ഇടയ്ക്കിടെ ചുവന്നപൂക്കള്‍ വീണുകൊണ്ടിരിക്കുന്നു. അവന്‍ പറഞ്ഞു, "എന്തുമാത്രം പൂക്കളാ അല്ലേ ഒരുദിവസം വാക നിലത്തുവിരിക്കുന്നത്." അവള്‍ ശ്രദ്ധിച്ചില്ല അവള്‍ അവന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു, ഒരു ഉത്തരത്തിനായി അവന്‍ പറഞ്ഞു, "ദിയാ, നീ എന്റെ കുഞ്ഞനിയത്തി എന്ന് എനിക്ക്‌ മാത്രമല്ലെ അറിയൂ. പറയാന്‍ മടിച്ചിട്ടല്ല കഴിഞ്ഞില്ല. അതാണ്‌ സത്യം." "ശരിയാ ഞാന്‍ നിന്റെ കുഞ്ഞനിയത്തി എന്ന് നിനക്ക്‌ മാത്രമേ അറിയു. നിനക്കുമാത്രം!" ദിയ എഴുന്നേറ്റു. ചില്ലുവാതിലിനരികില്‍ പോയി നിന്നിട്ട്‌ അവനെ വിളിച്ചു "വാകപ്പൂ വീഴുന്നത്‌ കാണിച്ചുതരാം. ഇവിടെ വാ.." അവനും ചില്ലിനോട്‌ ചേര്‍ന്നുള്ള സ്റ്റീല്‍ കമ്പിയില്‍ പിടിച്ചുനിന്നു. വാകപ്പൂക്കള്‍ ഒന്നും വീണില്ല. അവള്‍ ഒന്നു പിന്‍തിരിഞ്ഞു നോക്കി. എന്നിട്ട്‌ ഗിരിയുടെ കവിളില്‍ ഒരു ഉമ്മ വച്ചു. ഗിരിഷ് അവളെനോക്കി. അവള്‍ ഉറക്കെ തലകുലുക്കി ചിരിച്ചു. അവന്‍ പുറത്തേക്ക്‌ നോക്കി. ഒരു വാകപൂവുകൂടി വീണിരിക്കുന്നു. സ്നേഹത്തിന്റെ കാന്തം ഉരഞ്ഞുപോയ കവിളില്‍ അവന്‍ കൈ ഉയര്‍ത്തി തൊട്ടു. അവന്‍ ചിരിച്ചുപോയി. അവള്‍ ചോദിച്ചു, "നീ നിന്റെ ഗേള്‍ഫ്രണ്ടിനെ ചുംബിച്ചിട്ടുണ്ടോ?" "ഇല്ല." "എന്തേ?" "കഴിഞ്ഞില്ല" ഗിരി പറഞ്ഞുനിര്‍ത്തി. പിന്നെ അവളോട്‌ ചോദിച്ചു. "നീയോ? നിന്നെയോ?" അവള്‍ ചിരിച്ചു. "ഞാനല്ല. എന്നെ. മുതിര്‍ന്നതിനു ശേഷം ഒരാള്‍. ഒരിക്കല്‍. എന്റെ ചെറിയച്ചന്‍." നീണ്ട ഒരു നിശബ്ദതയില്‍ അവളുടെ ചിരി നിന്നു. അസ്തമയസൂര്യന്റെ ചുവപ്പ്‌ വാകയില്‍ തട്ടി. ഇളംകാറ്റില്‍ അതിന്റെ ഇലകള്‍ പോലും അനങ്ങിയില്ല. അവള്‍ തിരികെ വന്ന് ടേബിളില്‍ ഇരുന്ന കോഫി എടുത്ത്‌ അവന്റെ അരികിലേക്ക്‌ വന്നു. എന്നിട്ട്‌ ചോദിച്ചു, "നിനക്ക്‌ ശരിക്കും വട്ടാകുന്നുണ്ട്‌ അല്ലേ ഗിരീ?“ അവന്‍ സൌമ്യമായി ചിരിച്ചു. അവളും ചിരിച്ചു. ചിരിയുടെ ഒടുവില്‍ അവള്‍ കവിള്‍ ചരിച്ച്‌ വച്ച്‌ ഒരുകാത്തിരിപ്പ്‌ പ്രകടമാക്കി. അവന്റെ ചുണ്ടുകള്‍ അവളുടെ കവിളില്‍ തൊട്ടു. ആകര്‍ഷണത്തിന്റെ കാന്തം ഉരഞ്ഞു ഒരു ചെറിയ സ്നേഹകാറ്റ്‌ പോലെ. പുറത്ത്‌ വാകപ്പൂക്കള്‍ വീണു. സന്ധ്യയുടെ ഇളം മഞ്ഞയില്‍ വാകപ്പൂക്കള്‍ കൂടുതല്‍ ചുവന്നു. തിരികെ പോകുമ്പോള്‍ ബൈക്കില്‍ പിന്നിലിരുന്നു ദിയ പറഞ്ഞു, "ഞാനൊരു കാര്യം സജസ്റ്റ്‌ ചെയ്യട്ടേ?" ബൈക്കിന്റെ വേഗത കുറഞ്ഞു. "നമുക്ക്‌ ബൈക്ക്‌ ഇവിടെ വച്ചിട്ട്‌ നടന്നു പോയാലോ“? അവന്‍ ഒന്നും മിണ്ടിയില്ല. ബൈക്ക്‌ റോഡിന്റെ സൈഡിലേക്ക്‌.

ഫുഡ്‌പാത്തിലൂടെ നടക്കുമ്പോള്‍, അവള്‍ അവളുടെ കൊച്ചു ബാഗ്‌ അവന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട്‌ കൈകള്‍ വീശി നടന്നു. "നിന്റെ കല്യാണം എന്നത്തേയ്ക്കാ ഫിക്സ്‌ ചെയ്തിരിക്കുന്നത്‌?" അവളുടെ ചോദ്യങ്ങള്‍ എല്ലാം അപ്രതീക്ഷിതങ്ങളാണ്‌. നിരതെറ്റി വീഴുന്ന വാകപ്പൂക്കള്‍ പോലെ. "ഡേറ്റ്‌ ഫിക്സ്‌ ചെയ്തിട്ടില്ല. സന്ധ്യയുടെ എം ഫില്‍ കഴിയണം. മോസ്റ്റ്‌ പ്രോബബ്ലി നെക്സ്റ്റ്‌ ഇയര്‍"

"എനിക്ക്‌ നടന്നു മടുത്തു. നമുക്കിനി ഓട്ടോയില്‍ പോകാം. എന്നെ ഹോസ്റ്റലില്‍ ഇറക്കിയിട്ട്‌ തിരിച്ച്‌ ആ ഓട്ടോയില്‍ തന്നെ വന്ന് നിനക്ക്‌ ബൈക്ക്‌ എടുക്കാമല്ലൊ." മറുപടിക്ക്‌ കാത്ത്‌ നില്ക്കാതെ അവള്‍ തന്നെ ഓട്ടോയ്ക്ക്‌ കൈ കാണിച്ചു. ഓട്ടോയില്‍ അവനോട്‌ ചേര്‍ന്ന് അവള്‍ ഇരുന്നു. ഉള്ളില്‍ അപ്പോള്‍ നിറയുന്നത്‌ അടുപ്പമാണോ അസ്വസ്തതയാണോ എന്നൊരു തിരിച്ചറിവിലേക്ക്‌ ഗിരിഷ് മനസിനെ തിരിച്ചില്ല. ദിയ അവന്റെ കൈ എടുത്ത്‌ അവളുടെ തോളിലൂടെ ഇട്ടു. സംരക്ഷണത്തിന്റെ ഒളിത്താവളത്തില്‍ എന്ന പോലെ അവള്‍ ഇരുന്നു. അവന്റെ കവിളില്‍ വാകപ്പൂക്കള്‍ അടര്‍ന്നു വീണു. തിരിച്ചൊന്നു കൊടുക്കുമ്പോള്‍ അവന്‍ അറിഞ്ഞു അവളുടെ കവിളില്‍ നനവ്‌, ഉപ്പിന്റെ നനവ്‌. ശബ്ദം വളരെ താഴ്ത്തി അവള്‍ പറഞ്ഞു, "ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ?" അവന്‍ ഒന്നും മിണ്ടിയില്ല. അവന്റെ ചുണ്ടില്‍ ഉപ്പിന്റെ നനവായിരുന്നു. ചെവിയോട്‌ ചേര്‍ന്ന് വീണ്ടും അവളുടെ ശബ്ദത്തിന്റെ തുടര്‍ന്നു, "അതേ ഞാന്‍ ഈ കൈക്കുള്ളില്‍ ഭയങ്കര സേഫ്‌ ആണ്‌. ഞാന്‍ നിന്നോടൊപ്പം കൂടിക്കോട്ടെ?" അവന്റെ കൈ അയഞ്ഞു. അവള്‍ ചിരിച്ചു "ഞാന്‍ വലിയ മണ്ടത്തരം ആണ്‌ പറയുന്നത്‌ എന്ന് എനിക്കറിയാം. പക്ഷെ അന്ന് ചോദിച്ചിരുന്നെങ്കില്‍ കിട്ടിയിരുന്നനെ എന്ന് പിന്നെ തോന്നാതിരിക്കാന്‍വേണ്ടിയാണ്‌. ഇപ്പോള്‍ നിനക്ക്‌ ഒന്നും തോന്നരുത്‌ ഗിരീ, ഒരു ഗതികേട് കൊണ്ട് ചോദിച്ചുപോയതാ" ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ അവള്‍ ഒന്നും പറയാന്‍ നിന്നില്ല.

പിറ്റേന്ന് രാവിലെ ഓഫീസില്‍ അവളുടെ കസേര ഒഴിഞ്ഞുകിടന്നു. പ്രൊബേഷണറി ടൈമില്‍ വിട്ടുപോകാന്‍ നോട്ടീസ്‌ പിരീഡിന്റെ ആവശ്യമില്ല. ആരൊക്കെയോ പറയുന്നതു കേട്ടു. ഗിരിഷ് പിന്നൊന്നും കേള്‍ക്കാന്‍ നിന്നില്ല. അവന്‍ അവന്റെ സിറ്റിലേക്ക് നടന്നു. ദൂരെ എവിടെയോ വീശിയ കാറ്റില്‍ വാടിയവാകപൂക്കള്‍ നിലത്തുരഞ്ഞു നീങ്ങി.

Monday, May 08, 2006

മിഗെലെ നാവ് വിന്നി! (എന്റെ പേര് വിന്നി)

സീസണ്‍ തീരുന്ന സമയമായതുകൊണ്ട്‌ വിദേശികളൊക്കെ തീരമൊഴിഞ്ഞുതുടങ്ങി. പ്രഭാതത്തിലെ കാറ്റിന്റെ തണുപ്പ് പത്തുമണിയായിട്ടും ഗോവന്‍ തീരം വിട്ടില്ല.
സഞ്ചാരികളില്‍ ചിലരൊക്കെ ബീച്ചില്‍ കാല്‍ ‍നനച്ചു നടക്കുന്നു, ചിലര്‍ ഷാക്കുകളില്‍ ഇരുന്നു തിരകണ്ട്‌ ബിയര്‍ വിഴുങ്ങുന്നു. ഏറെക്കുറേ ഒഴിഞ്ഞ പിന്റോയുടെ ഷാക്കിന്റെ ഇടതുമൂലയിലെ ടേബിളിനരികില്‍ ഞാനിരുന്നു. എന്റെ മുന്നിലായി ഒരു തണുത്ത കിങ്ങ്‌ഫിഷറും.

ആഡ്‌വര്‍ടൈസിംഗ്‌ ഫെസ്റ്റിവലിനുവന്നതാണെന്ന് എന്റെ ടീ ഷര്‍ട്ടില്‍ നിന്നും തിരിച്ചറിഞ്ഞപ്പോള്‍, ഒരു ബഹുമാനം പിന്റോയുടെ മുഖത്ത്‌ നിന്ന് ഞാനും തിരിച്ചറിഞ്ഞു. കാരണം രണ്ടുദിവസമായി മജോഡ ബീച്ചിലെ ആഡ്‌ വില്ലേജില്‍ ഒരു പീക്ക്‌ സീസണിന്റെ തിരക്ക്‌ ഇന്ത്യയിലെ ഈ ആഡ്‌ കൂട്ടം സൃഷ്ടിച്ചിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു സ്മിര്‍നോഫുമായി പിന്റോയും എന്റെ അടുത്തിരിന്നു. സുനാമി വന്നശേഷമുള്ള തിരക്കുകുറയലിനെക്കുറിച്ചാണ്‌ പിന്റോ പറഞ്ഞു തുടങ്ങിയത്‌. അയാള്‍ ഇടയ്ക്കിടെ അയാളുടെ ഗ്ലാസില്‍ അടിപറ്റിക്കിടന്ന നാരങ്ങാ കഷണത്തില്‍ നോക്കി ഗ്ലാസ്സ്‌ ചലിപ്പിച്ചുകൊണ്ടിരുന്നു. പിന്റോയുടെ വാക്കുകളില്‍ നിന്നും എനിക്കുമനസിലായി ഒരു വലിയകാര്യം, രാവിലെ മുതല്‍ ഉച്ചവരെ വെറുതെ കടലും നോക്കിയിരിന്നു ഒരു ബിയര്‍ മാത്രമടിക്കുന്ന വിദേശിയെക്കാളും അവര്‍ക്കിഷ്ടം അല്‍പ്പനേരം കൊണ്ട്‌ ഒരുപാട്‌ കുടിച്ച്‌ വയറുനിറയെ അഹാരവും തിന്നിറങ്ങിപ്പോകുന്ന സ്വദേശിയെയാണ്‌. സമയത്തിന്റെ വിലവയ്ക്കലില്‍ വിലയേറുന്ന സ്വദേശനാണ്യം.
കടലില്‍ നിന്നും കുളിച്ചുകയറി ഒരു വിദേശി നേരേ നടന്ന് ഷാക്കിലേക്ക്‌ കയറി വന്നു. പിന്റോ മെനുകാര്‍ഡുമായി ആ ടേബിളിലേക്ക്‌. എന്റെ കണ്ണുകള്‍ അധികം പൊങ്ങാതെ പരന്നുവരുന്ന തിരയിലേക്ക്‌. അതിന്റെ അരുകില്‍ നുരയുന്ന പതയിലേക്ക്‌.

"ഗുഡ്‌മോണിംഗ്‌ സര്‍" സായിപ്പിരുന്ന വശത്ത്‌ ഒരു പെണ്‍ ശബ്ദം. ഹാഫ്‌ സാരികള്‍ പോലുള്ള തുണികളും ചില ഷോര്‍ട്ട്‌ കുര്‍ത്തകളും കയ്യില്‍ വാരിച്ചുറ്റി ഒരു പെണ്‍കുട്ടി സായിപ്പിന്റെ അടുത്തായി നിലത്തിരിക്കുന്നു. കാണാപാഠം പടിച്ച പോലെ അവള്‍ ഇംഗ്ലീഷ്‌ പറയുന്നു.

"ലുക്ക്‌ ഹിയര്‍ സര്‍, ദിസ്‌ ഈസ്‌ റിയലി എ ഗുഡ്‌ പീസ്‌ സര്‍. ഗുഡ്‌ മാച്ച്‌ സര്‍."
സായിപ്പ്‌ ഒരു ചെറുചിരിയോടെ ആ കുര്‍ത്തയിലും സാരിതുണ്ടിലും നോക്കി. എന്നിട്ട്‌ വേണ്ട എന്നു പറഞ്ഞു. അതിനിടയില്‍ പിന്റോയും ഈ പെണ്‍കുട്ടിയും തമ്മില്‍ കൊങ്ക്‌ണിയില്‍ എന്തൊക്കെയോ കുശലം പറയുന്നു. സായിപ്പ്‌ കൈവിട്ട അവളുടെ നോട്ടം ഞാനാകുന്ന സ്വദേശിയിലേക്ക്‌ നീണ്ടു. തുണികളും വാരിപ്പിടിച്ച്‌ അവള്‍ എന്റെ ടേബിളിനരികിലെത്തി.
"ഗുഡ്‌മോണിംഗ്‌ സര്‍" "ഗുഡ് മോണിംഗ്"
ഞാന്‍ ചിരിച്ചു.
അവള്‍ പിന്റോയെനോക്കി. "ഹക്കാ കൊങ്ക്‍ണി എത്താ?" എനിക്ക്‌ കൊങ്ക്‍ണിയറിയാമോ എന്ന് അവള്‍ അവനോട് ചോദിച്ചു. പിന്റോ ചിരിച്ചതേയുള്ളു.
 "സര്‍ യുവര്‍ സ്റ്റേറ്റ്‌" എവിടെ എന്ന് അവള്‍ കൈകൊണ്ട്‌ ചോദിച്ചു. ഞാന്‍ അതിനും ചിരിച്ചു.
 "തുഗ്‌ലെ ഗാവ്‌ കാന്‍ഞ്ചെ?" ചിരികണ്ടിട്ടാവും അവള്‍ കൊങ്ക്‌ണിയില്‍ തന്നെ ചോദിച്ചു.
ഞാന്‍ അതിനും ചിരിച്ചു. പിന്നെ അവള്‍ എന്റെ ഊരുതിരക്കാന്‍ നിന്നില്ല. കുര്‍ത്ത എന്നെ അടിച്ചേല്‍പ്പിക്കാന്‍ അവള്‍ക്ക്‌ അറിയാവുന്ന ഇംഗ്ലീഷില്‍ അവള്‍ ശ്രമം തുടര്‍ന്നു. കുര്‍ത്തയ്ക്ക്‌ പിടികൊടുക്കാതിരിക്കാന്‍ ഞാനും ശ്രമിച്ചു. പതിനഞ്ചുവയസിനടുത്തു പ്രായം വരുന്ന അവളുടെ മാര്‍ക്കറ്റിംഗ്‌ സ്റ്റ്രാറ്റജിയില്‍ എന്നിലെ ആഡ്‌മാന്റെ കണ്ണുതള്ളി. അവള്‍ കുര്‍ത്ത വിട്ട്‌ ബാഗില്‍ നിന്നും കശുവണ്ടി പാക്കറ്റ്‌ കയ്യിലെടുത്തു.

"ഇതൊരു കുരിശായല്ലൊ!" ഞാന്‍ അറിയാതെ പറഞ്ഞുപോയി. അവള്‍ ഒരു നിമിഷം എന്റെ മുഖത്ത്‌ നോക്കി. അവള്‍ തുണിയൊക്കെ ബാഗിലേക്ക്‌ തിരിച്ചു വയ്ക്കുമ്പോള്‍ ചോദിച്ചു.
"സാറ്‌ മലയാളിയാണല്ലേ?. കുരിശല്ല സര്‍. ഇത്‌ ജീവിക്കാന്‍ വേണ്ടിയാണ്‌ സര്‍." വാടിയ മുഖം. അവള്‍ എല്ലാം വാരിയെടുത്ത്‌ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുന്നു.
"അപ്പോ, ഞാന്‍ നിന്റെ കയ്യില്‍ നിന്നും ഒന്നും വാങ്ങണ്ടേ?" വീണ്ടും തിളങ്ങുന്ന മുഖം.
"ഈ ബ്ലാക്ക്‌ കുര്‍ത്ത എടുക്കട്ടെ സര്‍?. സാറിനിതു നന്നായിട്ട്‌ ചേരും. എനിക്കു നേരത്തെ തോന്നിയിരുന്നു, സാര്‍ മലയാളിയാണെന്ന്"
"പിന്നെന്താ നീ ചോദിക്കാത്തെ?"
"പേടിച്ചിട്ടാ സാര്‍. മലയാളീന്ന് കേള്‍ക്കുമ്പോ പേട്യാ"
"അതെന്തിനാ?"
"ഒന്നുമില്ല സര്‍! ബ്ലാക്ക്‌ തന്നെയെടുക്കട്ടെ സര്‍?" അവള്‍ വിഷയം മാറാനുള്ള ശ്രമത്തില്‍.
"എന്താ നിന്റെ പേര്‌?
"വിന്നി!" "എന്താ ശരിക്കുള്ള പേര്‌?"
"അതന്നെ"
"അതല്ല!. ശരിക്കുള്ള പേരുപറയു."
"അതു ഞാന്‍ മറന്നുപോയി. 'മിഗെലെ നാവ് വിന്നി' എന്നു പറഞ്ഞ് ശീലിച്ചുപോയി"
 "ഓര്‍ത്തുപറയു"
"മാലിനി" ഓര്‍ക്കാതെ തന്നെ അവള്‍ പറഞ്ഞു.
തൊടിയില്‍ പൂപറിക്കാനിറങ്ങിയ ഇള്ളക്കുട്ടിയെ ഒരമ്മ ആ പേരില്‍ നീട്ടിവിളിച്ചു. എന്റെ മനസ്‌ വടക്കന്‍ കേരളത്തിലെ തെങ്ങും കവുങ്ങും നിറഞ്ഞ ഒരു തൊടിയില്‍ ഒരുനിമിഷം ചുറ്റി. ഒരുപാട് തിരകള്‍ തീരം നക്കി തിരിച്ചുപോയി. അവള്‍ ഒരിടത്തും തൊടാതെ അവളുടെ "വിന്നിയാകലിന്റെ കഥ" സൂചനകളിലൂടെ തന്നു. സംസാരത്തിന്റെ ഒരു തിരിവില്‍ അവള്‍ ബ്ലാക്ക്‌ കുര്‍ത്തയോടൊപ്പം ഒരു പാക്കറ്റ്‌ കശുവണ്ടിയും എടുത്തുവച്ചു. എന്നിട്ട്‌ മുഖത്ത്‌ നോക്കാതെ പറഞ്ഞു.
 "മതി സര്‍. ഇനി അധികം ഒന്നും ചോദിക്കരുത്‌." ഉയര്‍ന്നുവന്ന അടുത്ത ചോദ്യം തെങ്ങും കവുങ്ങും നിറഞ്ഞ തൊടിയിലേക്ക്‌ തിരിച്ചുപോയി. പിന്നെ ഞാനൊന്നും ചോദിച്ചില്ല. അവളോട്‌ രണ്ട്‌ പാക്കറ്റ്‌ കശുവണ്ടിമാത്രം വാങ്ങി. കുര്‍ത്തയുടെ സൈസ്‌ ശരിയാവാത്തതില്‍ അവള്‍ സ്വയം ശപിച്ചിട്ടുണ്ടാവണം. അവള്‍ അടുത്ത ഷാക്കിലേക്ക്‌ നീങ്ങി, ചുണ്ടില്‍ മറ്റൊരു ഗുഡ്‌ മോര്‍ണിങ്ങുമായി. അടുത്ത ഒരു ബിയറിനു ഞാന്‍ പിന്റോയോടു പറഞ്ഞു.

കടലില്‍, തിരയില്‍ നോക്കിയിരുന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു. ഇത് കഥയാണ്, ജീവിതമല്ല.

Saturday, August 06, 2005

ചരിതം തിരുത്തിയ കോശി..

ട്രിവാൻട്രം മെഡിക്കൽ കോളേജിലെ ലക്ചർ ഹാൾ, 2005 ലെ ഒരു ഉച്ചകഴിഞ്ഞുള്ള സമയം. ശ്രദ്ധയോടെ ഇരിക്കുന്ന വിദ്യാർത്ഥികൾ. അവരുടെ ഇടയിൽ നിന്നും പെട്ടന്ന് കോശിയെക്കാണാനില്ല. അഞ്ചു മിനുട്ടിനു മുൻപ്‌ കണ്ടതാണ്‌. പെട്ടന്ന് കോശി ഇല്ലാതായി...

ഷാജഹാൻ വലിയ മുറിയ്ക്ക്‌ കുറുകെയും നെടുകെയും നടക്കുകയാണ്‌. അദ്ദേഹത്തിന്റെ ബീവി പതിനാലാമത്തെ പേറിന്റെ അവസാന നിമിഷത്തിലാണ്‌. പ്രസവം സുഖകരമാവാൻ വഴിയില്ല, അതിന്റെ ആകുലതയും വ്യാകുലതയുമാണ്‌ ഷാജഹാന്റെ മുഖത്ത്‌. വയറ്റാട്ടിപ്പട തലങ്ങും വിലങ്ങും ഓടി നടക്കുന്നു. ഷാജഹാന്റെ കണ്ണുകൾ ഇടയ്ക്ക്‌ ബീവി കിടക്കുന്ന മുറിയിലേക്ക്‌ പാളിപ്പോകും. അതിരുകളില്ലാത്ത സ്നേഹമാണ്‌ ഷാജഹാന്‌ ബീവിയോട്‌. അവൾ ആഗ്രഹിച്ചതൊക്കെ അയാൾ കൊടുത്തിരുന്നു. ഷാജഹാന്‌ അതിനു കഴിയും കാരണം ഷാജഹാൻ ആഞ്ചാമത്തെ മുഗൾ ചക്രവർത്തിയാണ്‌.

കോശി ഷാജഹാൻ ചക്രവർത്തിയെ മുഖം കാണിക്കാൻ വന്നു നിന്നു. കുറച്ചു സമയം കോശി ഒന്നും മിണ്ടിയില്ല. ഷാജഹാൻ ചോദിച്ചു, 'ആരാ? എവിടെ നിന്നും വരുന്നു?' കോശി പറഞ്ഞു, 'ഞാൻ അലക്സ്‌ കോശി പൈനുംമൂട്ടിൽ. കോശി എന്നു വിളിക്കും, 2005ൽ നിന്നും വരുന്നു.' ആഗമന ഉദ്ദേശം കോശി പറഞ്ഞു. കോശിയെ അന്തപ്പുരത്തിലേക്ക്‌ ആനയിക്കപ്പെട്ടു. ഷാജഹാൻ വീണ്ടും ഉലാത്തി, നെടുകെയും കുറുകെയും.

എതാനും സമയത്തിനുശേഷം കോശി വാതിൽ തുറന്ന് ഇറങ്ങി വന്നു. വെളുത്ത തൂവാലയിൽ കൈ തുടച്ചു കോശി ഷാജഹാനോടു പറഞ്ഞു, "സുഖപ്രസവം. മുംതാസ്‌ ബീഗവും കുഞ്ഞും സുഖമായിരിക്കുന്നു, കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞിട്ട്‌ അകത്തുകയറി കണ്ടോളൂ." പരസ്പരം ഒന്നും പറയാതെ അവർ രണ്ടാളും കുറച്ചുനേരം നിന്നു. പിന്നെ കോശി പടി ഇറങ്ങി. ഇറങ്ങുമ്പോൾ കോശി ഓർമ്മിപ്പിച്ചു ‘ഇന്ന് 1631, ജൂൺ 17 ആണ്, നല്ലദിവസമാണോ എന്ന് ഒന്ന് നോക്കിക്കോളു.’

കോട്ടയുടെ മുന്നിലെത്തിയപ്പോൾ, കോശി ഉറക്കെ വിളിച്ചു പറഞ്ഞു, "ഞാൻ ചരിത്രം തിരുത്തി" "ഞാൻ ചരിത്രം തിരുത്തി എഴുതി" "ഞാൻ താജ്‌ മഹലിന്റെ വരവിനെ തടഞ്ഞു." "ലക്ഷക്കണക്കിന്‌ അടിമകളെ ഞാൻ കഷ്ടപ്പെടലിൽ നിന്നും മോചിപ്പിച്ചു." "ലോകാത്ഭുതങ്ങളുടെ എണ്ണം കുറച്ചു." "ആഗ്രയെ വെറും യമുനാതീരമാക്കി." "ഞാൻ ചരിത്രം തിരുത്തി"

അതുകേട്ട്‌ ചുറ്റും കൂടി നിന്നവർ ആരവം ഉയർത്തി. കോശി കണ്ണുതുറന്നു. ചുറ്റും സഹപാഠികൾ നിരന്നു നിൽക്കുന്നു. നിശബ്ദമാണ്‌ ലക്ചർ ഹാൾ. എല്ലാവരുടെ മുഖത്തും അതിശയം. കോശിയുടെ മുഖത്തുമാത്രം ചരിത്രം തിരുത്തിയ പുഞ്ചിരി.