Monday, May 08, 2006

മിഗെലെ നാവ് വിന്നി! (എന്റെ പേര് വിന്നി)

സീസണ്‍ തീരുന്ന സമയമായതുകൊണ്ട്‌ വിദേശികളൊക്കെ തീരമൊഴിഞ്ഞുതുടങ്ങി. പ്രഭാതത്തിലെ കാറ്റിന്റെ തണുപ്പ് പത്തുമണിയായിട്ടും ഗോവന്‍ തീരം വിട്ടില്ല.
സഞ്ചാരികളില്‍ ചിലരൊക്കെ ബീച്ചില്‍ കാല്‍ ‍നനച്ചു നടക്കുന്നു, ചിലര്‍ ഷാക്കുകളില്‍ ഇരുന്നു തിരകണ്ട്‌ ബിയര്‍ വിഴുങ്ങുന്നു. ഏറെക്കുറേ ഒഴിഞ്ഞ പിന്റോയുടെ ഷാക്കിന്റെ ഇടതുമൂലയിലെ ടേബിളിനരികില്‍ ഞാനിരുന്നു. എന്റെ മുന്നിലായി ഒരു തണുത്ത കിങ്ങ്‌ഫിഷറും.

ആഡ്‌വര്‍ടൈസിംഗ്‌ ഫെസ്റ്റിവലിനുവന്നതാണെന്ന് എന്റെ ടീ ഷര്‍ട്ടില്‍ നിന്നും തിരിച്ചറിഞ്ഞപ്പോള്‍, ഒരു ബഹുമാനം പിന്റോയുടെ മുഖത്ത്‌ നിന്ന് ഞാനും തിരിച്ചറിഞ്ഞു. കാരണം രണ്ടുദിവസമായി മജോഡ ബീച്ചിലെ ആഡ്‌ വില്ലേജില്‍ ഒരു പീക്ക്‌ സീസണിന്റെ തിരക്ക്‌ ഇന്ത്യയിലെ ഈ ആഡ്‌ കൂട്ടം സൃഷ്ടിച്ചിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു സ്മിര്‍നോഫുമായി പിന്റോയും എന്റെ അടുത്തിരിന്നു. സുനാമി വന്നശേഷമുള്ള തിരക്കുകുറയലിനെക്കുറിച്ചാണ്‌ പിന്റോ പറഞ്ഞു തുടങ്ങിയത്‌. അയാള്‍ ഇടയ്ക്കിടെ അയാളുടെ ഗ്ലാസില്‍ അടിപറ്റിക്കിടന്ന നാരങ്ങാ കഷണത്തില്‍ നോക്കി ഗ്ലാസ്സ്‌ ചലിപ്പിച്ചുകൊണ്ടിരുന്നു. പിന്റോയുടെ വാക്കുകളില്‍ നിന്നും എനിക്കുമനസിലായി ഒരു വലിയകാര്യം, രാവിലെ മുതല്‍ ഉച്ചവരെ വെറുതെ കടലും നോക്കിയിരിന്നു ഒരു ബിയര്‍ മാത്രമടിക്കുന്ന വിദേശിയെക്കാളും അവര്‍ക്കിഷ്ടം അല്‍പ്പനേരം കൊണ്ട്‌ ഒരുപാട്‌ കുടിച്ച്‌ വയറുനിറയെ അഹാരവും തിന്നിറങ്ങിപ്പോകുന്ന സ്വദേശിയെയാണ്‌. സമയത്തിന്റെ വിലവയ്ക്കലില്‍ വിലയേറുന്ന സ്വദേശനാണ്യം.
കടലില്‍ നിന്നും കുളിച്ചുകയറി ഒരു വിദേശി നേരേ നടന്ന് ഷാക്കിലേക്ക്‌ കയറി വന്നു. പിന്റോ മെനുകാര്‍ഡുമായി ആ ടേബിളിലേക്ക്‌. എന്റെ കണ്ണുകള്‍ അധികം പൊങ്ങാതെ പരന്നുവരുന്ന തിരയിലേക്ക്‌. അതിന്റെ അരുകില്‍ നുരയുന്ന പതയിലേക്ക്‌.

"ഗുഡ്‌മോണിംഗ്‌ സര്‍" സായിപ്പിരുന്ന വശത്ത്‌ ഒരു പെണ്‍ ശബ്ദം. ഹാഫ്‌ സാരികള്‍ പോലുള്ള തുണികളും ചില ഷോര്‍ട്ട്‌ കുര്‍ത്തകളും കയ്യില്‍ വാരിച്ചുറ്റി ഒരു പെണ്‍കുട്ടി സായിപ്പിന്റെ അടുത്തായി നിലത്തിരിക്കുന്നു. കാണാപാഠം പടിച്ച പോലെ അവള്‍ ഇംഗ്ലീഷ്‌ പറയുന്നു.

"ലുക്ക്‌ ഹിയര്‍ സര്‍, ദിസ്‌ ഈസ്‌ റിയലി എ ഗുഡ്‌ പീസ്‌ സര്‍. ഗുഡ്‌ മാച്ച്‌ സര്‍."
സായിപ്പ്‌ ഒരു ചെറുചിരിയോടെ ആ കുര്‍ത്തയിലും സാരിതുണ്ടിലും നോക്കി. എന്നിട്ട്‌ വേണ്ട എന്നു പറഞ്ഞു. അതിനിടയില്‍ പിന്റോയും ഈ പെണ്‍കുട്ടിയും തമ്മില്‍ കൊങ്ക്‌ണിയില്‍ എന്തൊക്കെയോ കുശലം പറയുന്നു. സായിപ്പ്‌ കൈവിട്ട അവളുടെ നോട്ടം ഞാനാകുന്ന സ്വദേശിയിലേക്ക്‌ നീണ്ടു. തുണികളും വാരിപ്പിടിച്ച്‌ അവള്‍ എന്റെ ടേബിളിനരികിലെത്തി.
"ഗുഡ്‌മോണിംഗ്‌ സര്‍" "ഗുഡ് മോണിംഗ്"
ഞാന്‍ ചിരിച്ചു.
അവള്‍ പിന്റോയെനോക്കി. "ഹക്കാ കൊങ്ക്‍ണി എത്താ?" എനിക്ക്‌ കൊങ്ക്‍ണിയറിയാമോ എന്ന് അവള്‍ അവനോട് ചോദിച്ചു. പിന്റോ ചിരിച്ചതേയുള്ളു.
 "സര്‍ യുവര്‍ സ്റ്റേറ്റ്‌" എവിടെ എന്ന് അവള്‍ കൈകൊണ്ട്‌ ചോദിച്ചു. ഞാന്‍ അതിനും ചിരിച്ചു.
 "തുഗ്‌ലെ ഗാവ്‌ കാന്‍ഞ്ചെ?" ചിരികണ്ടിട്ടാവും അവള്‍ കൊങ്ക്‌ണിയില്‍ തന്നെ ചോദിച്ചു.
ഞാന്‍ അതിനും ചിരിച്ചു. പിന്നെ അവള്‍ എന്റെ ഊരുതിരക്കാന്‍ നിന്നില്ല. കുര്‍ത്ത എന്നെ അടിച്ചേല്‍പ്പിക്കാന്‍ അവള്‍ക്ക്‌ അറിയാവുന്ന ഇംഗ്ലീഷില്‍ അവള്‍ ശ്രമം തുടര്‍ന്നു. കുര്‍ത്തയ്ക്ക്‌ പിടികൊടുക്കാതിരിക്കാന്‍ ഞാനും ശ്രമിച്ചു. പതിനഞ്ചുവയസിനടുത്തു പ്രായം വരുന്ന അവളുടെ മാര്‍ക്കറ്റിംഗ്‌ സ്റ്റ്രാറ്റജിയില്‍ എന്നിലെ ആഡ്‌മാന്റെ കണ്ണുതള്ളി. അവള്‍ കുര്‍ത്ത വിട്ട്‌ ബാഗില്‍ നിന്നും കശുവണ്ടി പാക്കറ്റ്‌ കയ്യിലെടുത്തു.

"ഇതൊരു കുരിശായല്ലൊ!" ഞാന്‍ അറിയാതെ പറഞ്ഞുപോയി. അവള്‍ ഒരു നിമിഷം എന്റെ മുഖത്ത്‌ നോക്കി. അവള്‍ തുണിയൊക്കെ ബാഗിലേക്ക്‌ തിരിച്ചു വയ്ക്കുമ്പോള്‍ ചോദിച്ചു.
"സാറ്‌ മലയാളിയാണല്ലേ?. കുരിശല്ല സര്‍. ഇത്‌ ജീവിക്കാന്‍ വേണ്ടിയാണ്‌ സര്‍." വാടിയ മുഖം. അവള്‍ എല്ലാം വാരിയെടുത്ത്‌ പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുന്നു.
"അപ്പോ, ഞാന്‍ നിന്റെ കയ്യില്‍ നിന്നും ഒന്നും വാങ്ങണ്ടേ?" വീണ്ടും തിളങ്ങുന്ന മുഖം.
"ഈ ബ്ലാക്ക്‌ കുര്‍ത്ത എടുക്കട്ടെ സര്‍?. സാറിനിതു നന്നായിട്ട്‌ ചേരും. എനിക്കു നേരത്തെ തോന്നിയിരുന്നു, സാര്‍ മലയാളിയാണെന്ന്"
"പിന്നെന്താ നീ ചോദിക്കാത്തെ?"
"പേടിച്ചിട്ടാ സാര്‍. മലയാളീന്ന് കേള്‍ക്കുമ്പോ പേട്യാ"
"അതെന്തിനാ?"
"ഒന്നുമില്ല സര്‍! ബ്ലാക്ക്‌ തന്നെയെടുക്കട്ടെ സര്‍?" അവള്‍ വിഷയം മാറാനുള്ള ശ്രമത്തില്‍.
"എന്താ നിന്റെ പേര്‌?
"വിന്നി!" "എന്താ ശരിക്കുള്ള പേര്‌?"
"അതന്നെ"
"അതല്ല!. ശരിക്കുള്ള പേരുപറയു."
"അതു ഞാന്‍ മറന്നുപോയി. 'മിഗെലെ നാവ് വിന്നി' എന്നു പറഞ്ഞ് ശീലിച്ചുപോയി"
 "ഓര്‍ത്തുപറയു"
"മാലിനി" ഓര്‍ക്കാതെ തന്നെ അവള്‍ പറഞ്ഞു.
തൊടിയില്‍ പൂപറിക്കാനിറങ്ങിയ ഇള്ളക്കുട്ടിയെ ഒരമ്മ ആ പേരില്‍ നീട്ടിവിളിച്ചു. എന്റെ മനസ്‌ വടക്കന്‍ കേരളത്തിലെ തെങ്ങും കവുങ്ങും നിറഞ്ഞ ഒരു തൊടിയില്‍ ഒരുനിമിഷം ചുറ്റി. ഒരുപാട് തിരകള്‍ തീരം നക്കി തിരിച്ചുപോയി. അവള്‍ ഒരിടത്തും തൊടാതെ അവളുടെ "വിന്നിയാകലിന്റെ കഥ" സൂചനകളിലൂടെ തന്നു. സംസാരത്തിന്റെ ഒരു തിരിവില്‍ അവള്‍ ബ്ലാക്ക്‌ കുര്‍ത്തയോടൊപ്പം ഒരു പാക്കറ്റ്‌ കശുവണ്ടിയും എടുത്തുവച്ചു. എന്നിട്ട്‌ മുഖത്ത്‌ നോക്കാതെ പറഞ്ഞു.
 "മതി സര്‍. ഇനി അധികം ഒന്നും ചോദിക്കരുത്‌." ഉയര്‍ന്നുവന്ന അടുത്ത ചോദ്യം തെങ്ങും കവുങ്ങും നിറഞ്ഞ തൊടിയിലേക്ക്‌ തിരിച്ചുപോയി. പിന്നെ ഞാനൊന്നും ചോദിച്ചില്ല. അവളോട്‌ രണ്ട്‌ പാക്കറ്റ്‌ കശുവണ്ടിമാത്രം വാങ്ങി. കുര്‍ത്തയുടെ സൈസ്‌ ശരിയാവാത്തതില്‍ അവള്‍ സ്വയം ശപിച്ചിട്ടുണ്ടാവണം. അവള്‍ അടുത്ത ഷാക്കിലേക്ക്‌ നീങ്ങി, ചുണ്ടില്‍ മറ്റൊരു ഗുഡ്‌ മോര്‍ണിങ്ങുമായി. അടുത്ത ഒരു ബിയറിനു ഞാന്‍ പിന്റോയോടു പറഞ്ഞു.

കടലില്‍, തിരയില്‍ നോക്കിയിരുന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു. ഇത് കഥയാണ്, ജീവിതമല്ല.

23 comments:

ശനിയന്‍ \OvO/ Shaniyan said...

അനുഭവങ്ങള്‍..
ഇങ്ങനെ എത്രയെത്ര വിന്നിമാര്‍..

ഹാ പുഷ്പമേ....

കുമാര്‍ജീ.. എന്തു ഞാന്‍ ചൊല്ലേണ്ടൂ?

കുറുമാന്‍ said...

വിന്നിമാരെ നാട്ടിലും, കാട്ടിലും കാണാം അല്ലെ കുമാര്‍ജീ,
കാലം മാറുന്നു, കഥകള്‍ മാറുന്നു, പല പല മാലിനിമാര്‍, വിന്നിമാരായി മാറുന്നു അല്ലെങ്കില്‍, മാറ്റപെടുന്നു.

വിശാല മനസ്കന്‍ said...

അതെ എത്രയെത്ര വിന്നിമാര്‍.

കുമാര്‍ നല്ല അടക്കത്തോടെ ഒതുക്കത്തോടെ സുന്ദരമായി വിവരിച്ചിരിക്കുന്നു. ഏസ് യൂഷ്വല്‍.

അതുല്യ said...

വിന്നിമാരെ തേടി കൊച്ചീന്ന് ഗോവയ്കെന്തിനാ പോണേ കുമാറേ? വില്ല്.ഐലെന്‍ഡിലെ പല ബാറുകളിലും ഒരുപാടു തോപ്പുപ്പടിയിലെ തന്നെ മാലിനിമാരു വിന്നിമാരയിട്ടുണ്ട്‌. വിന്നി ആ പറഞ്ഞത്‌ കാര്യം, ഒരു വിന്നിയും മലായാളിയ്ക്‌ വിളമ്പിലാ, കാരണം ഒരു വിന്നി പണ്ട്‌ എന്നോട്‌ പറഞ്ഞു, എല്ലാം കഴിഞ്ഞപ്പോ കഴുത്തിലെ 4 പവന്റെ മാല കടിച്ചെടുത്ത്‌ വായിലൊതുക്കി കടന്ന് കളഞ്ഞുപോലും.

ഒരുപാട്‌ സത്യങ്ങള്‍ ഒരുപാട്‌ ജീവിതങ്ങള്‍ നമുക്ക്‌ ചുറ്റും, സുരക്ഷിതത്വത്തോടേ, ഉടമത്വത്തോടെ, ബുദ്ധിശൂന്യത കാട്ടാതെ, മറ്റൊരെ വിന്നിയാക്കാതെ, ദൈവം ഇവിടം വരെ എന്നേ പോലെ ഒരുപാട്‌ പേരെ എത്തിച്ചതില്‍ എന്നും ഒരുപാട്‌ കടപ്പാട്‌ ഞങ്ങള്‍ക്ക്‌ ദൈവത്തിനോട്‌ ഉണ്ട്‌. ചിലരുടെ നേര്‍ക്ക്‌ മാത്രം ദൈവത്തിന്റെ സഹായ ഹസ്തങ്ങള്‍ എത്താതെ പോകുന്നു. ഉത്തരമില്ലാതെ അങ്ങനെയും ഒരുപാട്‌ ചോദ്യങ്ങള്‍ ഇനിയും ബാക്കി.

I feel sad and I need to cry hearing this kumar.

കുറുമാന്‍ said...

അയ്യോ, ഓടിവായോ, നാട്ടാരേ, ബൂലോകരേ, നിങ്ങള്‍ കേള്‍ക്കുന്നില്ലേ??? കര്‍ണ്ണകഠോരമായ ഈ ദീനരോധനം!!

അതുല്യേച്ചി കരയുന്നേ......
അയ്യോ ചേച്ചീ കരയല്ലേ,
അയ്യോ ചേച്ചീ കരയല്ലേ..

ശ്രീജിത്ത്‌ കെ said...

നന്നായി എഴുതിയിരിക്കുന്നു. അസ്സലായി കുമാറേട്ടാ. വിന്നി വായിച്ച് കഴിഞ്ഞ് നേരമേറെ കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന മായുന്നില്ല.

അതുല്യ said...

അല്ലാ കുറുമാനേ, വീട്ടിലു ഭാര്യ കരയുമ്പോഴും ഇങ്ങനെ ആളെ വിളിച്ചു കുട്ടാറുണ്ടോ? അല്ലാ എന്നോടുള്ള സ്പെഷല്‍ സ്നേഹം കൊണ്ടാണോ? വീട്ടിലുള്ള സ്ത്രീ ജനങ്ങളെ ആരെങ്കിലും കൈ വെയ്കുമ്പോഴോ, ഏതെങ്കിലും ദുരന്തം എത്തിനോക്കുമ്പോഴോ ഒക്കെ കുറുമാന്‍ സിനിമാലയോ ഫൈവ്‌ സ്റ്റാര്‍ തട്ടു കടയോ ഒക്കെ കണ്ട്‌ തമാശ പറയാറുണ്ടോ? സംശയം ചോദിച്ചതാണേ.

അതുല്യ said...

അല്ലാ കുറുമാനേ, വീട്ടിലു ഭാര്യ കരയുമ്പോഴും ഇങ്ങനെ ആളെ വിളിച്ചു കുട്ടാറുണ്ടോ? അല്ലാ എന്നോടുള്ള സ്പെഷല്‍ സ്നേഹം കൊണ്ടാണോ? വീട്ടിലുള്ള സ്ത്രീ ജനങ്ങളെ ആരെങ്കിലും കൈ വെയ്കുമ്പോഴോ, ഏതെങ്കിലും ദുരന്തം എത്തിനോക്കുമ്പോഴോ ഒക്കെ കുറുമാന്‍ സിനിമാലയോ ഫൈവ്‌ സ്റ്റാര്‍ തട്ടു കടയോ ഒക്കെ കണ്ട്‌ തമാശ പറയാറുണ്ടോ? സംശയം ചോദിച്ചതാണേ.

കുറുമാന്‍ said...

അതുല്യേച്ച്യേ.....വീട്ടില് ഭാര്യ കരയുമ്പോള്‍, ഞാന്‍ ആള്‍ക്കാരെ വിളിച്ചുകുട്ടാറില്ല, അവള്‍ തന്നത്താന്‍ തന്നെ അതു ചെയ്യാറുണ്ട് (അയ്യോ, ഓടിവായോ, എന്നെ കൊല്ലുന്നേ എന്ന ശൈലിയില്‍).

ഇതിപ്പോ, ബൂലോകരെ വിളിച്ചുകൂട്ടിയത്, രാവിലെ തൊട്ട്,ചിരിച്ചും, കളിച്ചും, ബ്ലോഗിയും, സമയം കൊന്നിരുന്നയാളിപ്പോ, വിട്ട്യേ പോവാന്‍ നേരം കരയാന്‍ തുടങ്ങ്യാ ത്പ്പോ ന്താ ചെയ്യാ..ഒന്നുല്ലേലും, വീട്ട്യേ ചെന്നാ ശര്‍മ്മാജിക്കും, അപ്പൂനും, മെഴുക്കുപുരട്ടിയും, അവിയലും, ചോറും വെച്ചു വിളമ്പേണ്ടതല്ലെ?

ദുരന്തങ്ങള്‍ നടക്കുന്ന സമയത്തുണ്ടാകുന്ന ഭീകരത കുറഞ്ഞ്, കുറഞ്ഞ്, ക്രമേണ ഭീകരതയേ ഇല്ലാതാകുന്ന സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ ആ ദുരന്ദങ്ങളേ കുറിച്ച് തമാശയായും, പലരും പറയാറില്ലെ? ഉദാഹരണത്തിന്, ഇതിപ്പോ, സുനാമി വന്നപോലെ എന്നൊക്കെ? യേത്?

എന്തായാലും, ഞാന്‍ വേല്യേ കെടക്കണ പാമ്പിനെയെടുത്ത്, തോളേലിട്ടെന്നു മാത്രമല്ല, കഴുത്തേലൂടൊരു ചുറ്റും ചുറ്റി.

.::Anil അനില്‍::. said...

വിന്നിമാര്‍ നമുക്കു കുരിശായിത്തോന്നും...
അവര്‍ ചുമക്കുന്ന കുരിശ് നമ്മളെപ്പോലുള്ളവര്‍ തന്നെ കൊടുത്തതാണെന്നറിയാതെ.

സിദ്ധാര്‍ത്ഥന്‍ said...

"ഓര്‍ത്തുപറയു"
"മാലിനി"
ഓര്‍ക്കാതെ തന്നെ അവള്‍ പറഞ്ഞു.

തൊടിയില്‍ പൂപറിക്കാനിറങ്ങിയ ഇള്ളക്കുട്ടിയെ ഒരമ്മ ആ പേരില്‍ നീട്ടിവിളിച്ചു. എന്റെ മനസ്‌ വടക്കന്‍ കേരളത്തിലെ തെങ്ങും കവുങ്ങും നിറഞ്ഞ ഒരു തൊടിയില്‍ ഒരുനിമിഷം ചുറ്റി.

----------

കഥ വായിക്കുമ്പോ വിഷ്വലൈസ്‌ ചെയ്യുക എന്നതെന്റെ ഒരു വീക്ക്നെസ്സാണു്‌ കുമാറേ. ഓര്‍ക്കാതെ പറഞ്ഞ പേരിനു ശേഷം, സീന്‍ കട്ടുചെയ്തു്‌ തെങ്ങുകള്‍ക്കും കവുങ്ങുകള്‍ക്കും വലം വച്ച ക്യാമറ അതുകൊണ്ടു ഞാന്‍ കണ്ടു. അവിടെയൊക്കെ അലയടിക്കുന്ന "മാലിനീീെ..." എന്ന വിളിയും. ഈ പ്രയോഗങ്ങള്‍ എന്നെ ആകര്‍ഷിക്കുന്നു. ഹൈ റസൊല്യൂഷന്‍ പടങ്ങളും. ezhuthupetti2002@yahoo.co.in ;-)

ദേവന്‍ said...

വിന്നിയെകണ്ടപ്പോള്‍ ഞാന്‍ കോവളത്തുകാരായ ആന്റണിയേയും രാജേഷിനേയും കുറിച്ച്‌ എഴുതാന്‍ തുടങ്ങിയതാ..പറ്റുന്നില്ല. എഴുത്തും ഇനി ഔട്ട്സോര്ഴ്സ്‌ ചെയ്യാം. ഞങ്ങള്‍ക്കൊക്കെ വേണ്ടി കുമാര്‍ എഴുതു..

achinthya said...

പാതി വിടര്‍ന്ന മല്ലികകള്‍ വിടരും മുന്‍പേ വിന്നികളായി ഏതോ ഇരുണ്ട ഇടനാഴിയില്‍ കൊഴിയുണു.
താരയുടെ ഛായ എനിക്കും തോന്നി.അതോ പെരിങ്ങോടന്‍ പറഞ്ഞ പോലെ ഈ കുട്ടികള്‍ സ്വന്തം മുഖം പോലും ഓര്‍ക്കത്തക്കതായി ബാക്കി വെക്കാത്തോരാണോ?

ദേവന്‍ പറഞ്ഞപോലെ ഗോവയിലും കോവളത്തും വിന്നിയേയും അവള്‍ടെ നിഴലുകളേം
ധാരാളായി കാണാം.മുന്‍പൊരിക്കല്‍ ഇതിവടെ ആരട്യോ ബ്ലോഗില്‍ ചര്‍ച്ച ചെയ്തൂന്ന് ഒരോര്‍മ്മ, ല്ലേ ദേവാ?

കുമാര്‍,ഇവളെ അറിയില്ല്യാന്ന് നടിച്ച്‌ ഒറങ്ങണ ഞങ്ങളെ ഇങ്ങനെ ക്രൂരമായി ചവിട്ടി ഉണര്‍ത്തണതില്‍ എന്തു ന്യായം?

ഗുഡ്നൈറ്റ്‌

കണ്ണൂസ്‌ said...

മനസ്സില്‍ ആര്‍ദ്രത സൂക്ഷിക്കാതിരുന്നാല്‍ വിന്നിമാരേയും മാലിനിമാരേയും പറ്റി ഓര്‍ത്ത്‌ വിഷമിക്കാതിരിക്കാം. എന്തിനാ വെറുതെ മറ്റുള്ളവരെ ഓര്‍ത്ത്‌ സങ്കടപ്പെടണേ? അവനവന്‌ സങ്കടങ്ങള്‍ ഇല്ലാഞ്ഞിട്ടോ?

8.30 ആയി. ഇന്ന് Stock market എങ്ങനെ ഓപ്പന്‍ ചെയ്തു എന്ന് നോക്കട്ടെ. വിന്നി പോയി കുര്‍ത്ത വില്‍ക്കട്ടെ.

(അയ്യോ... അയ്യോ... ഞാന്‍ എന്തിനാ ഈ പോസ്റ്റ്‌ വായിച്ചേ?)

സാക്ഷി said...

കുമാര്‍ ഭായി,
നിങ്ങള്‍ വാക്കുകള്‍ കൊണ്ട് സൃഷ്ടിക്കുന്ന ചിത്രങ്ങളും ക്യാമറ കൊണ്ട് സൃഷ്ടിക്കുന്ന ചിത്രങ്ങളും ഒരുപോലെ മനോഹരങ്ങളാണ്. വാക്കുകള്‍ നല്കുന്ന കാഴ്ച ചിലപ്പോള്‍ അല്പം നൊമ്പരപ്പെടുത്തുന്നുവെന്നു മാത്രം.

നേരില്‍ കണ്ട് പോലെ കണ്ടു, ഞാനും മാലിനിയെ.
നന്ദി കുമാര്‍ ഭായ്.

സു | Su said...

കുമാറേ,

ഇനി ഗോവയിപ്പോയാല്‍ ഇതൊന്നും കാണരുത്. ബീച്ചില്‍പ്പോയി ഉള്ളിലും പുറത്തും വെള്ളമായി പൊങ്ങുതടിപോലെ കിടക്കണം. എന്നിട്ട് നമ്മുടെയൊക്കെ ഭാഗ്യത്തെപ്പറ്റി അഹങ്കരിക്കണം. ഒരാളോ രണ്ടാളോ മൂന്നാളോ മുന്നൂറാളോ ഒന്നും വിചാരിച്ചാല്‍ ഈ ലോകം നന്നാവില്ല. ഈ ലോകത്തെ ഓരോ ആള്‍ക്കാരും വിചാരിക്കണം. അല്ലെങ്കില്‍ ഓരോ മിനുട്ടിലും വിന്നിമാരും ചിന്നിമാരും, ശാലിനിയും മാലിനിയും ഒക്കെ ആയി മാറും, മാറ്റപ്പെടും.

കണ്ണൂസേ വീട്ടിലെ ബാക്കി ഇവിടെ കരഞ്ഞതാണോ? ഹിഹി.

kumar © said...

വിന്നി ഒരു കഥയല്ല. കഥയില്ലായ്മയാണ്‌. ഗോവന്‍ തീരത്ത്‌ വെയിലുകൊണ്ട്‌ കറുക്കുന്ന ചതിക്കപ്പെട്ട യൌവ്വനമാണ്‌.
ഏതു മാലിനിക്കും വിന്നിയാവുക ഏളുപ്പമാണ്‌. തിരിച്ച്‌ മാലിനിയാവുക ആയാസകരമായ കാര്യവും.

നമുക്ക്‌ തിരിച്ചറിയാം നമ്മുടെ തൊടിയിലും മോഹിപ്പിക്കലിന്റെ കനി കുഴിച്ചിട്ടവര്‍ കാത്തിരിക്കും മാലിനിക്കുവേണ്ടി. നമ്മുടെ തെങ്ങിലും കവുങ്ങിലും ചതിവിന്റെ കുരു സ്നേഹത്തില്‍ പൊതിഞ്ഞു തൂക്കിയിട്ട്‌ അവരിരിക്കും. നമുക്ക്‌ കാതോര്‍ത്ത്‌ കണ്ണടയ്ക്കാതിരിക്കാം. നമ്മുടെ മാലിനിമാരെങ്കിലും വിന്നിമാരാകാതെ കാത്തുകൊള്ളം.

അല്ലെങ്കില്‍ ഇതുപോലെ, ഞാനും കണ്ടിട്ടുണ്ട്‌, എനിക്കുമറിയാം വിന്നിമാരെ, എന്തൊരു കഷ്ടമാണ്‌ അവരുടെ വിധി, ഇതൊന്നും കാണരുത്‌, ശ്രദ്ധിക്കരുത്‌ എന്നൊക്കെ പറഞ്ഞ്‌ ഇവര്‍ക്കൊക്കെ നേരേ കണ്ണടച്ച്‌ ഗുഡ്നൈറ്റ്‌ പറഞ്ഞു നമുക്കും ഉറങ്ങാം. രാത്രിയില്‍ സ്വപ്നത്തിന്റെ തൊടിയില്‍ ചതിവിന്റെ കരിയിലയനക്കം കേട്ട്‌ ഉറക്കം ഞെട്ടാം.

ഒന്നുറപ്പാണ്, നമ്മുടെ അശ്രദ്ധയുടെ മുകളിലാണ് മാലിനി വിന്നിയായി ചിറകുവിരിക്കുന്നത്(ഇത് ചര്‍ച്ചചെയ്യപ്പെടെണ്ട വിഷയമാണോ?)

മാലിനിയുടെ "കഥ" അറിഞ്ഞവര്‍ക്കൊക്കെ നന്ദി. അറിയാത്തവര്‍ക്കും നന്ദി.

സിദ്ധാര്‍ത്ഥാ, വിഷ്വല്‍ മീഡിയയുടെ അമിതമായ സ്വാദീനമാണ്‌ ഇത്തരം എഡിറ്റുകള്‍ എഴുത്തിനിടയില്‍ തെളിയുന്നതിനു കാരണം. എല്ലാം ഒരു തിരക്കഥപോലെ കണ്ടുശീലിച്ചു രസിച്ചു ഇഷ്ടപ്പെട്ടുപോയി.

ജീവിതത്തില്‍ പലതും തിരക്കഥയ്ക്ക്‌ അനുസരിച്ച്‌ എഡിറ്റ്‌ ചെയ്യാനാവില്ല എന്ന തിരിച്ചറിവും ഉള്ളിലുണ്ട്‌.

Achinthya said...

ചര്‍ച്ച വേണോ കുമാരന്‍ കുട്ട്യേ?

ആവാല്ലോ..ണമ്മടെ നാട്ടില്‍ ഒരു ക്ഷാമോം ഇല്ല്യാത്തതല്ലേ ചര്‍ച്ച ?
പിന്നെ, ഇരുട്ടാക്കാന്‍ പറ്റണോടത്തല്ലേ കണ്ണടയ്ക്കാന്‍ പറ്റൂ ന്ന് വെച്ചിട്ട്‌ മിണ്ടാണ്ടിരിക്ക്യാ ന്ന് മാത്രം.

എന്താ ചര്‍ച്ച ചെയ്യണ്ടേ? നമ്മടെ ലോകത്തിലെ ബാലവേശ്യാവൃത്തി എന്ന ആരും കാണാതെ കാണുന്ന സാമൂഹിക അനീതിയെപ്പറ്റ്യോ? അതോ ഇതിന്റെ ശരിക്കുള്ള, കൂടുതല്‍ സാധാരണോം, നമ്മളില്‍ പലരടേം വീടുകളിലെ പ്രോവേര്‍ബിയല്‍ കാര്‍പെറ്റിന്റെ അടിയിലും അലമാരക്കകത്തും അടച്ചു മൂറ്റി വെയ്ക്കപ്പെടന പീഡോഫീലിയ എന്ന സത്യത്തിനെപ്പറ്റ്യോ?

ഇതെല്ലാരും ചര്‍ച്ച ചെയ്യണതാ അപ്പു. നമ്മടെ സാഹിത്യകൃതികളിലും സിനിമകളിലും കൂടി ഇതു കാണാന്‍ ണ്ട്‌.
Right from ur latino LLosa's Uranita to the Afghani Hanif Khureisi's Amir and Sohrab...Mohana Varma's Kalika to Radhakrishnan's Rathi of SamanathaaLam (though I feel that unlike Uranita who could be hailed a survivor, Kalika and Rati were typical victims who never rose to the status of a survivor).
കുട്ടിക്കാലത്തേ വേശ്യാവൃത്തി തൊഴിലായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാ നമ്മടെ നാട്ടിലെ മിക്ക വേശ്യകളും. പക്ഷേ അടുത്തിടെ വയനാട്‌ പരിസരങ്ങളില്‍ ചില സുഹൃത്തുക്കള്‍ നറ്റത്തിയ സര്‍വ്വേയില്‍ കണ്ടത്‌ ഇവരടെ കസ്റ്റമേഴ്സില്‍ ഒരു വലിയ ശതമാനോം ബാല്യത്തില്‍ നിന്ന് കൌമാരത്തിലേയ്ക്കെത്തി നിക്കണ ആണ്‍കുട്ട്യോളാ ന്നാ.അവരാടെയാവട്ടെ ആദ്യാനുഭവല്ല .They were all initiated into sex by older women or men .

ഒന്നും ചെയ്യാനില്യ. മക്കളെ നന്നായി നോക്ക അതന്നെ.കണ്ണനും ഉണ്ണീം കല്ലൂം, സ്നേഹസാന്ദ്രമാരും,ആച്ചീം , അപ്പൂം, ഇളേം, നിളേം,ഗൌരീം,ഹന്നയും പിന്നെ ള്ള എല്ലാ മക്കളും സ്വന്തം നിഴലിനെപ്പോലും ഭയക്കണവരായി വളരരുത്‌. സ്വന്തം അച്ഛന്റെ മടിയില്‍ കയറി ഇരിക്കന്‍ പോലും പേടിക്കണവരാവരുത്‌. നല്ല ഡോക്റ്റര്‍ മാരും , എഞ്ജിനീയര്‍ മാരും, ശാസ്ത്രജ്ഞന്‍മാരും ഒക്കെ ഇവടെ ധാരാളം. പക്ഷെ നല്ല രക്ഷിതാക്കള്‍ ദുര്‍ല്ലഭം.ഇവടെ ചര്‍ച്ചയല്ലപ്പു ആവശ്യം.

By the way, my "goodnight" yesterday wwas more a wishful thinking than a wish directed at you.

Love and peace

kumar © said...

അചിന്ത്യ പറഞ്ഞതു ശരിയാണ് ഇവടെ ചര്‍ച്ചയല്ല ആവശ്യം. അല്ലെങ്കില്‍ത്തന്നെ, ഇതെല്ലാവരും ചര്‍ച്ചചെയ്തു മടുത്തതാ...
കോട്ടണ്‍ സാരി മുറിച്ചകഷണങ്ങളും കശുവണ്ടിയും വില്‍ക്കുന്ന വിന്നി അവിടെ വെയില്‍ കൊള്ളട്ടെ. പുതിയ മാലിനിമാര്‍ ഗുഡ്‌മോണിങ്ങുകള്‍ പറഞ്ഞുപടിക്കട്ടെ. തൊടിയില്‍ കാക്കയ്ക്കും കൂമനും ഒപ്പം ചതിവിന്റെ ചിരിയും കൂടുവച്ചിരിക്കട്ടെ. നമുക്ക് തമാശകളൊക്കെ പറഞ്ഞ് ആ കാഴ്ചകളുടെ നേര്‍ക്ക് കണ്ണടച്ചുപിടിക്കാം.
അവരുടെ വിധി.
ഹൊ! വാക്കുകള്‍ എത്ര എളുപ്പത്തില്‍ നമുക്കു വഴങ്ങുന്നു.

Anonymous said...

sariyaanu ithu charchacheythaal theerunna vishayamalla. sradha cheythaal theerunnathaanu. nammude kudumbathil ninnum oru malini vinniyaakilla ennu nammal thanne urappuvaruthanam. nannaayittu ezhuthiyittundu kumar

veendum varaam
=indran=

Nileenam said...

വിന്നി ഒരു കൊച്ചു നോവു ബാക്കിയിട്ടു പോയി എന്റെയുള്ളില്‍

വേണു venu said...

തൊടിയില്‍ പൂപറിക്കാനിറങ്ങിയ ഇള്ളക്കുട്ടിയെ ഒരമ്മ ആ പേരില്‍ നീട്ടിവിളിച്ചു

മാലിനീ..... തൊടിയില്‍ സ്വപ്നം കണ്ടിരുന്ന മാലിനീ.. തൂവര്‍ണ തുമ്പികളില്‍ സ്വപ്നം കാണുന്ന , മഞ്ഞാടി ക്കുരുവിന്റെ മനോഹരമായ നിറങ്ങളില്‍ വര്‍ണങ്ങള്‍ നെയ്തു കൂട്ടിയ മാലിനീ..... നിന്നെ...ഓര്‍ത്തു പോകുന്നു.
venu.

കലേഷ്‌ കുമാര്‍ said...

കണ്ണുനനഞ്ഞു.
:(