Saturday, May 13, 2006

സായാഹ്നത്തിലെ ഒരു ഉച്ചനേരം..

ഉച്ചയൂണിരുന്നപ്പോള്‍ ജോസഫ്‌ ചേട്ടന്‍ ചിന്തിച്ചു, അമേരിക്കയിലിപ്പോ എത്ര സമയം ആയിട്ടുണ്ടാവും. അവിടെ അവര്‍ ഉറക്കമാവും. ഇവിടെ ഉച്ചയാകുമ്പോള്‍ അവിടെ അര്‍ദ്ധരാത്രി എന്നല്ലേ കുഞ്ഞുമോളുപറഞ്ഞെ. കുഞ്ഞുമോള്‍ റെജിയുടെ ഭാര്യയാണ്‌. റെജി, ജോസഫ്‌ ചേട്ടന്റെ മകനും.

ജോസഫ്‌ ചേട്ടന്‍ സംശയിച്ചു, അപ്പോള്‍ ഇന്നത്തെ പകല്‍ അവര്‍ക്കു നമ്മുടെ ഇന്നലെ രാത്രിയായിരുന്നോ അതോ നാളെ രാത്രിയാണോ? അതു അവനോട്‌ അന്നുവന്നപ്പൊ ചോദിക്കാന്‍ മറന്നുപോയി. ജോസഫേട്ടന്റെ ഓര്‍മ്മകള്‍ തിരിഞ്ഞുകറങ്ങിത്തുടങ്ങി. ജോസഫേട്ടന്റെ കയ്യിലിപ്പൊ വള്ളിക്കളസവും ഉടുപ്പും ഇട്ട റെജി പിടിച്ചിരിക്കുകയാണ്‌.

അവന്‍ പറയുന്നുണ്ട്‌ "അപ്പച്ചാ ഇന്നെങ്കിലും ജ്യോമട്രി ബോക്സ്‌ കൊണ്ടു ചെന്നില്ലേല്‍ മൂക്കന്‍ സാറ്‌ ക്ലാസില്‍ നിന്നും ഇറക്കിവിടും എന്നു പറഞ്ഞിരിക്കുവാ, ഉച്ചയ്ക്ക്‌ ശേഷം വരും മൂക്കും നീട്ടിപ്പിടിച്ച്‌ ആ പിശാച്‌."
"ടാ, അങ്ങനൊന്നും പറയാന്‍ പാടില്ല വാദ്യാന്മാരെക്കുറിച്ച്‌. അത്‌ മേടിക്കാഞ്ഞത്‌ നമ്മടെ കൊഴപ്പല്ലെ? അത്‌ തോമാസിന്റെ പെട്ടിക്കടേല്‍ ഉണ്ടാവുവോടാ? അവനാവുമ്പൊ പിന്നെ കാശുകൊടുത്താല്‍ മതി.
നീ പേടിക്കണ്ട അപ്പനെന്തെങ്കിലും വഴിയൊണ്ടാക്കാം. ഉച്ചയ്ക്കല്ലെ"

ഉച്ചക്കഞ്ഞികഴിഞ്ഞു ക്ലാസ്‌ തുടങ്ങുന്നതിനു തൊട്ടുമുന്‍പു ജോസഫുച്ചേട്ടനെത്തി. അയാള്‍ വിയര്‍ത്തിരുന്നു. തലയിലൊക്കെ ഉണക്കയിലയുടെ തുണ്ടുകള്‍ കുരുങ്ങിക്കിടന്നു. ജോസഫ്‌ ചേട്ടന്‍ ഇന്‍സ്ട്രമന്റ്‌ ബോക്സ്‌ റെജിക്കു നീട്ടി. അതു വാങ്ങുമ്പോള്‍ അപ്പന്റെ കയ്യില്‍ നീറുകടിച്ചപോലെയുപാടുകള്‍ റെജി ശ്രദ്ധിച്ചു വിരലിനിടയില്‍ ചത്തിരിക്കുന്ന നീറിനെയും.
"അപ്പനെന്തുപറ്റി? അപ്പനെവിടുന്നാ ഈ വരണേ?"

കീശയുടെ അറയില്‍ നിന്നും ഒരു കുഞ്ഞുമാമ്പഴം എടുത്തുകൊടുത്തിട്ട്‌ ജോസഫ്‌ ചേട്ടന്‍ പറഞ്ഞു,
"നീയിതു ആരും കാണാതെ കൊണ്ടോയ്‌ തിന്നൊ. പുത്തന്‍വീട്ടുകാരുടെ പുരയിടത്തില്‍ മാങ്ങപൊട്ടിച്ചുകൊടുത്തപ്പൊ നിനക്കായ്‌ എടുത്തു വച്ചതാ. നിനക്ക്‌ ഇഷ്ടള്ള മാമ്പഴ പുളിശ്ശേരിക്കുള്ളത്‌ ഞാന്‍ അമ്മച്ചിയുടെ കയ്യില്‍ കൊടുത്തേക്കാം."

റെജിക്ക്‌ മാമ്പഴ പുളിശ്ശേരി ഉണ്ടെങ്കില്‍ ഉണുകഴിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. മുതിര്‍ന്നിട്ടും അവന്റെ ആ കൊതി മാറീട്ടില്ല. പണ്ടൊരിക്കല്‍ അവധിക്കു വന്നപ്പൊ അവന്റെ കൊതി പറച്ചില്‍ കേട്ടിട്ട്‌, കീഴെ പറമ്പിലെ തടിച്ചിമാവില്‍ ചാടിക്കയറിയതും ദേഹമാസകലം നീറുകടിച്ചതും ഒക്കെ ഓര്‍ത്തു ജോസഫ്‌ ചേട്ടന്‍.
"ഇപ്പളും ചെറുപ്പാന്നാ വിചാരം?". മാവില്‍ നിന്നിറങ്ങി നീറുകുടഞ്ഞിടുമ്പോള്‍ റാഹേലമ്മ അടുത്തെത്തി.
"എടി റാഹേലമ്മോ, ഞാന്‍ എത്ര മരം കേറിയതാടീ. അങ്ങനെ കേറീട്ടാ ഇന്നെന്റെ പിള്ളാര്‌ നല്ല നെലേ ഇരിക്കണെ. നീയിതു കൊണ്ടായ്‌ നല്ല തകര്‍പ്പന്‍ പുളിശ്ശേരിണ്ടാക്ക്‌ അവന്റെ ആ പഴയ കൊതിയന്‍ ചിരി ഞാനൊന്നു കാണട്ടെടീ"
"അല്ല പിന്നെ, തടിമാടന്‍ ചെക്കന്റെ കൊതിച്ചിരി കാണാനാ ഈ മാവേല്‍ വലിഞ്ഞുകേറിയെ? വയസ്സെത്രായെന്നാ വിചാരം?" അന്ന് റാഹേലമ്മ ഒരുപാട്‌ വഴക്കുപറഞ്ഞു. സ്നേഹ വഴക്ക്‌. ഇന്നിപ്പോള്‍ റാഹേലും ഇല്ല. സ്നേഹവഴക്കും ഇല്ല.

"താനെന്താടോ ചോറുകഴിക്കാഞ്ഞേ?" ഗോവിന്ദന്‍ നായരുടെ വാക്കുകള്‍ ഒരു വലിയ മണിപോലെ മുഴങ്ങി. അതിന്റെ തരംഗങ്ങള്‍ ജോസഫ്‌ ചേട്ടനെ ഓര്‍മ്മയില്‍ നിന്നും വിടുവിച്ച്‌ കൊണ്ടുവന്നു.
അടുത്തിരുന്നു ഗോവിന്ദന്‍ നായര്‍ ചോദിച്ചു. "മോനെക്കുറിച്ച്‌ ഓര്‍ക്കുകാണോ? താന്‍ പേടിക്കണ്ടടോ ജോസപ്പെ അവന്‍ അവന്റെ മോനേം കെട്ടിപ്പിടിച്ചിപ്പോ സുഖ ഉറക്കം ആയിരിക്കും. ഓര്‍ക്കാതിരിക്കുക. ഓര്‍ത്ത്‌ തുടങ്ങിയാ പിന്നെ നമുക്കു നിര്‍ത്താനാവില്ല. നമ്മളിനി ഇങ്ങനെയൊക്കെ അങ്ങുകഴിഞ്ഞാമതി. നമ്മളൊരുപാട് പേരില്ലേ? സമപ്രായക്കാരല്ലെ? ഇതു തന്നെ ഒരു ഭാഗ്യം. താന്‍ കഴിച്ചിട്ട്‌ എഴുന്നേല്ക്ക്‌. തമ്പിസാറിന്റെ വഴക്കു കേള്‍ക്കണ്ട."

ജോസഫ്‌ ചേട്ടന്‍എഴുന്നേറ്റു.
"വിശപ്പില്ല, വയറ്റിലെന്തോ പെരുപ്പ്‌. തമ്പിസാറിന്ന് എന്നെ ഇത്തിരി വഴക്കു പറഞ്ഞോട്ടെ”. അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

19 comments:

സു | Su said...

പലരുടേയും ജീവിതത്തില്‍ വരാന്‍ പോകുന്ന സായാഹ്നം.

കുറുമാന്‍ said...

പാവം ജോസപ്പേട്ടന്‍. റെജിക്കിതു വല്ലതും ഓര്‍മ്മയുണ്ടോ ആവോ? അവനെന്തോര്‍ക്കാന്‍? ഡാള്ളറുകള് വാരികൂട്ടണേന്റെടേലെന്ത് പൂട്ടുകച്ചവടം (യേത് ജ്യോമട്രി ബാക്സ്, എന്ത് പുളിശ്ശേരി)?

എന്തായാലും ഗോവിന്നായ്യരും, തമ്പിസാറുമെങ്കിലും ജോസപ്പേട്ടനു കൂട്ടുള്ളത് ഒരു ആശ്വാസം.

നന്നായി.

ശനിയന്‍ \OvO/ Shaniyan said...

കുമാര്‍ജീ..

പറയാതെ പറയുന്നത് പറയുന്നയാളുടെ കഴിവാണ്! തലവാചകം മുതല്‍ അവസാന വാചകം വരെ...

എപ്പോഴും തമാശയായി തോന്നാറുള്ള ഒരു കാര്യം.. മറ്റ് ജീവികള്‍ സ്വയം നോക്കാ‍റാ‍യ കുഞ്ഞുങ്ങളെ ഓടിക്കുമ്പോള്‍, മനുഷ്യന്‍ മാത്രം വിപരീത ദിശയില്‍ ചിന്തിക്കുന്നു. അച്ഛനും അമ്മയും സ്വന്തം ചോര നീരാക്കി കഴിയുന്നതിനുമപ്പുറത്തുള്ളത് കുഞ്ഞിന് കൊടുക്കുമ്പോള്‍,അവസാനം ആ കുഞ്ഞ് തിരിച്ചു കൊടുക്കുന്നതെന്താണ്?

വളരെ നന്നായി കുമാര്‍ജീ..

(ഇന്നു ബ്ലോഗില്‍ പെരുമഴയാണ്.. ഇപ്പൊ തുടങ്ങിയാല്‍ എപ്പൊ വട്ടമെത്തും എന്റെ ബ്ലോഗരേ?)

Anonymous said...

കുമാറെ, ടി.വി കൊച്ചുബാവയുടെ “വൃദ്ധസദനം”
വായിച്ചിട്ടില്ലേ?(മാതൃഭൂമിയില്‍ വന്നിരുന്നു)-സു-

Vempally|വെമ്പള്ളി said...

കുമാറെ, ഇതൊരു നീറ്റലാണ് - പല പ്രവാസികള്‍ക്കും. അപ്പനുമമ്മക്കും കൊടുത്തതിനെപ്പറ്റി ചിന്തിക്കുമ്പോഴും മക്കളില്‍നിന്നും കിട്ടാനുള്ളതിനെപ്പറ്റി ചിന്തിക്കുമ്പോഴും.
ഈ അവസ്ഥ ഒന്നിനൊന്നിനു കൂടിക്കൊണ്ടേയിരിക്കുന്നു.

നന്നായി എഴുതിയിരിക്കുന്നു..

Anonymous said...

ഇനി ഇവടെ സെന്‍റി പോസ്റ്റിട്ടാ അടി കൊള്ളും . സപ്തവര്‍ണ്ണങ്ങളും ഇവടെ വിരിയട്ടെ. അതിന്‍റെ ഇടയ്ക്ക് പുരോഗമനത്തിന്‍റെ ലോകത്ത് നമ്മളറിയാണ്ടെ ഉയരണ വൃദ്ധസദനങ്ങളും, ചൈല്‍ഡ് കെയര്‍ സെന്‍ററുകളും ,അനാഥാലയങ്ങളും നമ്മക്ക് കാണാണ്ടിരിക്കാം.

സ്നേഹം

അതുല്യ said...

വൃദ്ധ പറഞ്ഞു, നീയും, ഒരോ നിമിഷവും എന്റേ അടുത്തേയ്ക്‌ തന്നെ നടന്ന് അടുത്തു കൊണ്ടിരിയ്കുന്നു.

കാലം മാറിയെന്നത്‌ മറക്കാന്‍ ആവാത്ത സത്യം. എല്ലാം മാറും. മാറിയേ തീരു. മക്കളെ റിട്ടേണ്‍ ഉള്ള ഒരു ഇന്‍-വെസ്റ്റ്മെന്റായി കാണാതിരിയ്കുക നമ്മള്‍. പ്രശ്നം തീരും അതോടെ. മുട്ട വിരിഞ്ഞു കഴിഞ്ഞാല്‍ അവ പറന്ന് പോകും മറ്റൊറിടത്തെയ്ക്‌, പറമ്പില്‍ നിന്നിരുന്ന രബ്ബറും, തെങ്ങും, നെല്ലും ഒന്നും ഇപ്പോഴവിടില്ലല്ലോ അല്ലേ? അപ്പോ അന്നത്തിനു വേറെ വഴി തന്നെ തേടേണ്ടി വരുന്നു. ഇത്‌ ഒരെൊറ്റപ്പട്ട സംഭവം കുമാര്‍ വിവരിച്ചൂന്ന് കണക്കാക്കണ്ട. ഈ ലോകമാനം നാളെ തമ്പികളേയും, തോമാച്ചനേയും, നളിനിയമ്മയേയും ഒക്കെയാവാന്‍ കാത്തിരിയ്കുന്നു. തനികു താനും പെരെയ്ക്‌ തൂണും.

മുല്ലപ്പൂ said...

നന്നായി എഴുതിയിരിക്കുന്നു..

സ്നേഹം പുഴ പോലെ ആണു.
അതു എന്നും താഴേക്കെ ഒഴുകൂ, അച്ഛനമ്മമാരില്‍ നിന്നും മക്കളിലേക്കു..

ഇതു എന്റെ അമ്മ പറഞ്ഞുകേട്ടിട്ടുള്ളാതാണ്‌

Anonymous said...

മുല്ലപ്പൂ പറഞത്‌ ഇഷ്ടപ്പെട്ടു.
പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കും എന്ന്‌ അമ്മയും പറയാറുണ്ട്‌.-സു-

അഭയാര്‍ത്ഥി said...
This comment has been removed by a blog administrator.
അഭയാര്‍ത്ഥി said...

മക്കള്‍ മുജ്ജമ്മ ശത്റുക്കള്‍. അവറ്‍ നമുക്കു വേദനകള്‍ സമ്മാനിക്കനുള്ളവറ്‍. എങ്കിലും മറഞ്ഞിരുന്നു അവരുടെ ഉയറ്‍ച്ചയില്‍ നമുക്കു ആനന്ദിക്കാനാകണം വ്റുദ്ധ സദനങ്ങളിലിരുന്നു. സുനില്‍ പറഞ്ഞ വ്റുദ്ധസദനത്തിലെ വ്റുദ്ധന്‍മാരുടെ പലരുടേയും(എപ്പോഴും മുറ്റം വ്റുതിയാക്കാന്‍ പുല്ലു പറിക്കുന്ന , ഏതു സാധനവും സൂക്ഷിച്ചു വക്കുന്ന ഇയ്യാക്കുവില്‍ തുടങ്ങി) സ്വഭാവ പ്റത്യ്യേകതകളുടെ ത്റെഡ്‌ ഗന്ധറ്‍വ പിതാവാണു. ഗന്ധറ്‍വന്റെ അടുത്ത സുഹുറ്‍ത്തായിരുന്ന ബാവ അച്ചന്റേയും ഇഷ്ടക്കാരനായിരുന്നു. അച്ചന്‍ വ്റുദ്ധസദനത്തിലല്ല കേട്ടോ. ഗന്ധറ്‍വനെ നല്ലൊരു ജോലിക്കയി ൨൦ രൂപയും തന്നു പറഞ്ഞു വിടുമ്പ്പോള്‍ ജീവിതത്തില്‍ ആദ്യമായി ആ കണ്ണുകള്‍ ഈറനണിഞ്ഞു. പത്താം നാള്‍ മരിച്ചു. ഗന്ധറ്‍വന്‍ അന്നത്തെ നിസ്സംഗതയെ കൂറിച്ചെഴുതിയിരുന്നു. രണ്ടു പേരും ഇന്നില്ല. കുമാറേ , സുനിലേ ഞാന്‍ കരയുകയാണു- ശരിക്കും.

മുല്ലപ്പൂ said...

:(
:(
:( അരുതേ

Anonymous said...

അപ്പോള്‍ ഗന്ധര്‍വനാണോ കെ. രേഖയുടെ സഹോദരന്‍?? ഒരിക്കല്‍ രേഖയും കൊച്ചുബാവയെപറ്റി എഴുതിയതു വായിച്ചിട്ടുണ്ട്‌.

കുമാര്‍, നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

ബിന്ദു

അതുല്യ said...

അച്ഛനാകുന്നു,
പിന്നെ മകനുണ്ടാകുന്നു,
പിന്നെ മകന്‍ അച്ഛനാകുന്നു,
മകന്റെ അച്ഛന്‍ മുത്തച്ചനാകുന്നു,
മകന്റെ മകന്‍ അച്ഛനാകുമ്പോ,
ആ മകനും മുത്തശ്ശനാകുന്നു,
എല്ലാരും എത്തിചേരുന്നത്‌ നരയിലേയ്കു തന്നെ....

അനായസേന മരണം
വിനാ ദൈന്യേന ജീവിതം
ദേഹി മാം ക്രപയാ ശംഭോ
ത്വയി ഭക്തിരചഞ്ചലാ...

ഉമേഷേ.. ഇങ്ങനെ തന്നെയല്ലേ ഇത്‌... നര എന്റെ തലയ്കും പതിയെ...

Anonymous said...

അപ്പൊ ഗന്ധര്‍വ്വന്‍, മോഹന്‍ലാലിന്റെ അളിയനാണോ? കെ. രേഖയെ കല്യാണം കഴിച്ചിരിക്കുന്നത് മോഹന്‍‌ലാലല്ലേ? (നടന്‍ ലാലല്ല, മനോരമയിലെ മോഹന്‍‌ലാല്‍‌)

Anonymous said...

കുമാര ഗന്ധര്‍വരേ
കരച്ചില്‍ വന്നാല്‍ കരയണം.
അപ്പോളാണ് എനിക്കുതോന്നുന്നത്‌ ഗന്ധര്‍വ്വന്റെ ദുഃഖം എന്റെ ദുഃഖംകൂടെ ആണെന്ന്‌.
വൃദ്ധസദനം നല്ല വായനാസുഖം തരുന്നതാണ്. അതുകൊണ്ടുതന്നെ ചിന്തിപ്പിക്കുന്നതും! നാളത്തെ കേരളം ഇങനെയൊക്കെ തന്നെ. വൃദ്ധസദനവും വിന്നിമാരും കൊണ്ട് നിറയുമോ കുമാരാ? -സു-

Anonymous said...

ഞാന്‍ ഒന്നു പറയട്ടെ. നാട്ടില്‍ ഇരുന്നു അച്ചഛനേം അമ്മേം നോക്കികൊണ്ടു ഇരുന്നാല്‍ നാലു ദിവസം കഴിയുംബോള്‍ അവര്‍ തന്നെ നമ്മളെ വഴക്കു പറയില്ലെ? “ഏടാ ,തെക്കേലെ വറീതിന്റെ മൊന്‍ ദുബായ്ക്കു പൊയി”, “ആ നീര്‍ക്കൊലി പൊലെ ഇരുന്ന എപ്പോഴും തോറ്റു തൊപ്പി എട്ടിരുന്ന ചെക്കന്‍ ഇന്നലെ അമേരിക്കക്കു പോയി”...ദേ ഇവിടെ ഒരുത്തന്‍ ഉണ്ടു. അവരെക്കാളും പടിപ്പു ഇല്ലെ,വിവരം ഇല്ലേ എന്നു പറഞ്ഞു അവരു തന്നെ തുടങ്ങില്ലേ?
മക്കള്‍ വെലിയിലേക്കൊന്നും പൊവണ്ടാ.ഉള്ളതു കൊണ്ടു ത്രിപ്തിപ്പെടാ‍ം എന്നു വിചാരിക്കുന്ന അപ്പനും അമ്മക്കു മക്കള്‍ എപ്പോഴും അടുത്തു തന്നെ കാണും.എത്ര പേര്‍ അമേരിക്കക്കും മറ്റും വിസ കിട്ടിയിട്ടും പൊവാതെ ഇരിക്കുന്നു,സൊ,
ഇതില്‍ കുറച്ചൊക്കെ അപ്പന്റേയും അമ്മേടെയും കയ്യില്‍ ഇരിപ്പും ഉണ്ടു. എത്ര അപ്പനമ്മ‍മാര്‍ ഇപ്പൊ മക്കള്‍ ദുബായ്ക്കൊ അമേരിക്കക്കൊ വന്നു കൂടെ സ്ഥിരമായി താമസിക്കും? അവര്‍ക്കു അവരുടെ വീടു വിട്ടു വരാന്‍ പറ്റൂല്ലാ.അതിപ്പൊ മക്കള്‍ താമസിക്കുന്നതു 10 കി.മ ദൂരെ ജോലിയുടെ അടുത്തു ആണെങ്കിലും ശെരി.

പിന്നെ ഈ രാറ്റ്-റേസില്‍ മക്കള്‍ എന്തു ചെയ്യും?
അപ്പന്‍ അമ്മമാരെ മറന്നു പോവുന്ന് മക്കള്‍ ഉണ്ടു.അല്ല എന്നല്ല.എന്നാ‍ാലും.

Kuttyedathi said...

എല്‍ജി പറഞ്ഞതിനോടു കുറച്ചൊക്കെ ഞാനും യോജിക്കുന്നു. നാട്ടില്‍ ജനിച്ചു പഠിച്ചു വലുതാകുന്ന എല്ലാവര്‍ക്കും മാന്യമായി ജീവിക്കാന്‍ പറ്റിയ തൊഴില്‍ നല്‍കാന്‍ മാത്രം തൊഴിലവസരങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടോ ? ഇല്ലേയില്ല... അപ്പോള്‍ പിന്നെ അതു കിട്ടുന്നിടത്തേക്കു പറന്നു പോവുകയല്ലാതെ വേറെ എന്താണു വഴി ?

പിന്നെ റെജിയും കൊച്ചുമോളും ജോസഫ്‌ ചേട്ടനെ മറന്നു എന്നു പറയുന്നത്‌ ശരിയാണോ ? ജോസഫ്‌ ചേട്ടനോടു റജിയുടെ കൂടെ വന്നമേരിക്കയില്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ ജോസഫ്‌ ചേട്ടന്‍ ചെയ്യില്ലെങ്കില്‍ പിന്നെ, ആരോരും നോക്കാനില്ലാതെ, ഒരു തുള്ളി വെള്ളം തൊട്ടു കൊടുക്കാനാരുമില്ലാതെ വീട്ടില്‍ കെടന്നൊറ്റക്കു മരിക്കുന്നതിലും ഭേദമല്ലേ ഇത്‌ ?

കുമാര്‍, എത്ര മനോഹരമായി, എത്ര കുറഞ്ഞ വാക്കുകളില്‍ ആണു താങ്കള്‍ ജോസഫ്‌ ചേട്ടന്റെ സങ്കടങ്ങള്‍ കോറിയിട്ടത്‌ ? താങ്കളുടെ ചിത്രങ്ങള്‍ക്കാണോ എഴുത്തിനാണോ കൂടുതല്‍ മാര്‍ക്കിടേണ്ടതെന്ന്....

:: niKk | നിക്ക് :: said...

വളരെ നന്നായിട്ടുണ്ട്‌ ... വാര്‍ദ്ധക്യം രണ്ടാം ശൈശവം എന്നാണെല്ലോ... പക്ഷേ...

കുമാരേട്ടാ, ഈ ബൂലോഗ ക്ലബ്ബിലേക്കു വന്നു പെടാന്‍ ഞാന്‍ എന്തേ ഇത്ര താമസിച്ചു ???

I missed lot of stuffs here :)