Wednesday, October 12, 2005

ഫോർട്ട് കൊച്ചിയിൽ

കടൽ കാമുകനും കായൽ കാമുകിയുമാണ്‌... കായൽ ഒഴുകി കടലിനോടു ചേരുന്നിടത്തുനിന്നപ്പോൾ അങ്ങനെതന്നെ തോന്നി. കടലിനോടുചെരുന്നിടത്തെ കായലിന്റെ നാണം, കടലിന്റെ മേധാവിത്തം ഇതൊക്കെ അത്തരത്തിലുള്ള ചിന്ത ഉണർത്തുന്നു.

ഇത്‌ കൊച്ചി.
കൊച്ചി എറണാകുളമല്ല. എറണാകുളം ജില്ലയിലെ ഒരു സ്ഥലമാണ്‌. കുറച്ചുകൂടി ഫോക്കസ്‌ ചെയ്തുനോക്കിയാൽ മനസിലാകും ഞങ്ങൾ ഇപ്പോൾ ഫോർട്ട്‌ കൊച്ചിയിൽ ആണ്‌. സൂര്യൻ അറബിക്കടലിന്റെ അതിരിലും. സൂര്യൻ അൽപസമയ്ത്തിനുള്ളിൽ കടലിലേക്ക്‌ വീണ്‌ അണയും. അണയട്ടെ, എന്നിട്ട്‌ എവിടെയെങ്കിലും തെളിയട്ടെ. ഞങ്ങൾക്ക്‌ നാളെ മതി ഇനി സൂര്യൻ.

ഫോർട്ട്‌ കൊച്ചിയിൽ ഒരുപാടു ചീനവലകളുണ്ട്‌. സന്ധ്യയോടടുക്കുമ്പോൾ ചീനവലകളും അതിനിപ്പുറത്തായി ഒരുപാട്‌ റെസ്റ്ററന്റുകളും ഉണരും.

പൊങ്ങിയ വലകളിൽ ഒന്നിൽ നിന്ന് ഒരു നെയ്‌മീനിനു വിലപറഞ്ഞൊതുക്കിയെടുത്ത്‌ അടുത്തുകണ്ട റെസ്റ്ററന്റിൽ കോടുത്തു. കുറച്ചു വറുക്കാനും കുറച്ചു ഗ്രിൽ ചെയ്യാനും പറഞ്ഞു.
സുര്യനെ വിഴുങ്ങിയ കടൽ അതു ഒന്നുകൂടി ഉറപ്പിച്ചപോലെ തിരകളിൽ കരവെട്ടത്തിന്റെ ഒരു മിന്നായം പാഞ്ഞു.

ചീനവലകളുടെ കാലുകളിൽ കുഞ്ഞോളങ്ങൾ ചുറ്റിയടിച്ചു. പിന്നെ അവ കരയോടു ചേർന്ന് കാലങ്ങളുടെ സൌഹാർദ്ദം പുതുക്കി.

നാലുകസേരകൾക്കിപ്പുറത്തായി 'ഗാമ'വന്നിരുന്നു. കുറച്ചപ്പുറത്തായി അയാളുടെ കുതിരവണ്ടി ഒതുക്കിയിട്ടിരിക്കുന്നു. ഞാൻ വസ്കോഡഗാമയെ നോക്കി. ഗാമയ്ക്കുമുന്നിലെ മേശയിൽ കൊളുത്തിവച്ച മെഴുകുതിരി കാറ്റത്തുലഞ്ഞു. അഴിമുഖത്തെവിടെയോ ഒരു പായ്ക്കപ്പൽ സൈറൻ മുഴക്കി. ജൂതതെരുവിൽ കുതിരവണ്ടികളുടെ കുളമ്പടി ഒച്ചകൾ. മട്ടാഞ്ചേരിയിലെ മലഞ്ചരക്കുശാലകൾമുകളിൽ ഇരുട്ടു വീണു പരന്നു. അതിനെ തടുക്കാൻ ശക്തിയില്ലാത്ത വിളക്കുകാലുകൾ തെരുവിന്റെ ഓരത്ത്‌ ഒറ്റപ്പെട്ടുനിന്നു. വൈപ്പിനിലെ ലൈറ്റ്‌ ഹൌസിൽ നിന്നുള്ള പ്രകാശം ഒന്നു ചുറ്റിപാഞ്ഞു.

വറുത്തമീനിന്റെ കൊതിപ്പിക്കുന്ന മണം. കല്യാണി ചോദിച്ചു "അഛൻ ഉറങ്ങുകയായിരുന്നോ?"
"ഇല്ല" ഞാൻ പറഞ്ഞു. "അഛൻ ഗാമയുടെ അടുത്തിരിക്കുകയായിരുന്നു"
"ഗാമയോ?" അവൾ ചോദിച്ചു. ഭാര്യയും ഒന്നും മനസിലാകാത്തപോലെ നോക്കി.
ഞാൻപറഞ്ഞു, " അതെ ഗാമ, വാസ്കോഡഗാമ, സഞ്ചാരിയായിരുന്നു. മോൾ വരുന്ന ക്ലാസുകളിൽ ഇനി പഠിക്കും"
"അപ്പോൾ ഗാമ പഠിക്കാനുള്ള സാധനമാണോ?"
ഞാൻ അതേയെന്നു തലയാട്ടി. ഒപ്പം 1524ലെ ക്രിസ്തുമസ്‌ സായഹ്നത്തിൽ ഇവിടെ നിന്നും തന്റെ സഞ്ചാരപഥം ഈ ലോകത്തിനുമപ്പുറത്തേയ്ക്ക്നീട്ടിയ പഥികനെ ഓർത്തു.

പിന്നെ എന്റെ രസമുകുളങ്ങളിൽ നെയ്‌മീനിന്റെ രുചിയലിഞ്ഞുതുടങ്ങിയപ്പോൾ ഞാനും ഗാമയെമറന്നു.

6 comments:

പാപ്പാന്‍‌/mahout said...

എറണാകുളം ജില്ലയ്ക്കകത്തൊരു കൊച്ചി കോർപ്പറേഷൻ. ആ കൊച്ചി കോർപ്പറേഷനകത്തൊരു എറണാകുളം നഗരം. ആകപ്പാടെ കൺഫ്യൂഷൻ...

Thulasi said...

ഒരു ചീനവല ഫോട്ടോ,അതുകൂടിയാകാമായിരുന്നു

പെരിങ്ങോടന്‍ said...

അവിടുന്നു നോക്കിയാൽ പോഞ്ഞിക്കരയും ലന്തൻ ബത്തേരിയുമെല്ലാം കാണാനൊക്കുമോ? ഞാനിതുവരെ വന്നിട്ടില്ല ആ വഴിയ്ക്കൊന്നും.

ഗാമ കൊച്ചിയിൽ വന്നത് കോഴിക്കോട്ടുനിന്ന് പിടിച്ചെടുത്ത 8 നായർ പടയാളികളെ കൊണ്ടാണെന്നും, പിന്നെ കൊച്ചി രാജാവു് നിയോഗിച്ച ചിലരെയും കൊണ്ട് പോർച്ചുഗൽ രാജാവിനുള്ള സമ്മാനങ്ങളുമായി യൂറോപ്പിലേക്ക് തിരിച്ചുവെന്നും ഈയടുത്ത് ഏതോ ചരിത്രരേഖയിൽ വായിക്കയുണ്ടായി. അതിലേതോ ഒരാളുടെ പേര് പെരിങ്ങോടൻ എന്നായിരുന്നുവത്രെ! നാരായണപ്പിള്ളസാറു് പറയുന്ന പോലെ ഒരു ആദിമ പെരിങ്ങോടൻ :=)

വിശാല മനസ്കന്‍ said...

തുളസി പറഞ്ഞപോലെ, ഒരു പടം കൂടെയുണ്ടായിരുന്നെങ്കിൽ... എന്നാഗ്രഹിച്ചുപോകുന്നൂ.

'ഓരോ ദുശ്ശീലങ്ങൾ പഠിപ്പിച്ചാലുള്ള പ്രശ്നങ്ങളേയ്‌...!'

kumar © said...

കൊച്ചു കൊച്ചു കൺഫ്യൂഷനുകളും ഒരു രസമല്ലേ പാപ്പാൻ.
തുളസി വിശാ. മന., കൊച്ചിയുടെ ഒരു ക്ലീഷേയ്‌ഡ് വിഷ്വൽ അല്ലേ ചീനവല.
എല്ലാവരും അതുതന്നെ കാണിക്കുമ്പോൾ ഞാനെങ്കിലും അതു ഒഴിവാക്കിക്കൊള്ളട്ടെ.

പെരിങ്ങോഡ ഗാമ. നിങ്ങൾക്കും കൊച്ചിയിലേക്ക് സ്വാഗതം. പോഞ്ഞിക്കരയും ലന്തൻ ബത്തേരിയും (ബോൽഗാട്ടി പാലസ് ഇരിക്കുന്നിടം) അടങ്ങുന്ന മുളവുകാട് ദ്വീപും, വല്ലാർപാടം ദ്വീപും, കടലിനോടുചേർന്ന വൈപ്പിൻ ദ്വീപും
ഫോർട്ട് കൊച്ചിയിൽ നിന്നു നോക്കിയാൽ കായലൊഴുക്കിനപ്പറം കാണാം. ഇവ മൂന്നിനെയും കൂട്ടിക്കെട്ടി ഉയർന്നുതാഴുന്ന ഗോശ്രീപാലവും കാണാം. ഇവയ്ക്കിടയിൽ പാമ്പുംകൾ മാത്രം വസിക്കുന്ന വിമല വനവും കാണാം. അപൂർവ്വമാണ് ഈ ക്യാന്വാസ്.

കലേഷ്‌ കുമാര്‍ said...

കുമാർ, നന്നായിട്ടുണ്ട് (പതിവുപോലെ)!

ഫോർട്ട് കൊച്ചി കാഴ്ച്ചകൾ വല്ലതും സ്റ്റോക്കുണ്ടോ? ഉണ്ടെങ്കിൽ ദയവാ‍യി പോസ്റ്റ് ചെയ്യാമോ?