
ഒരു പ്രശസ്തമായ ഷോപ്പിങ് ചെയിനിന്റെ കൊച്ചിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട കാഴ്ചയാണ്. കുട്ടികളുടെ പുസ്തകങ്ങളും കളര്‍പെന്‍സിലുകളുടേയും ഇടയില്‍ നിന്ന് ഈ ചൂരല്‍ വടികള്‍ കാട്ടിതന്നത് രണ്ടാം ക്ലാസുകാരിയായ എന്റെ മകളാണ്. ചെമ്പരത്തിയുടേയും കുറുവട്ടിയുടേയും വേലിപ്പത്തല് മര്യാദപടിപ്പിച്ച ആ കാലം പെട്ടന്ന് ഓര്‍ത്തുപോയി. മുട്ടിനുമുകളിലൂടെ ഒരു മിന്നായം പാഞ്ഞു*.
ഞാന്‍ അത് എടുത്തു നോക്കി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആറു രൂപയോ ഒന്‍പതുരൂപയോ ആയിരുന്നുവില. ബാര്‍കോഡ് വരെ അതില്‍ ഒട്ടിച്ചിട്ടുണ്ട്. നല്ല പോളീഷ് ഒക്കെ ചെയ്തതുപോലെ മിനുസമുള്ള വടി. തല്ലാനുള്ള വടി കാശുകൊടുത്തുവാങ്ങുന്നവന്റെ വീട്ടിലെ കുട്ടിക്ക് വടിയുടെ പരുക്കന്‍ സ്വഭാവം ഇഷ്ടമായില്ലെങ്കിലോ?
സര്‍ക്കാര്‍ സ്കൂളുകളില്‍ രണ്ടാഴ്ചയ്ക്കു മുന്‍പ് വടി-നിരോധനം വന്നു. (ഇമ്പോസിഷന്‍ എഴുതി കുട്ടികള്‍ തളരുന്നു. ഇതൊന്നു നിര്‍ത്തി ഞങ്ങളെ പോത്തിനെ എന്നപോലെ തല്ലിക്കോളൂ എന്നു പറയുന്ന അവസ്ഥയില്‍ ആണവര്). ആ നിരോധനത്തിന്റെ പ്രതിഫലനമാണോ ഈ വടികള്‍?
രണ്ടെണ്ണം പൊട്ടിക്കേണ്ട അവസ്ഥവരുമ്പോള്‍ കൈ നീട്ടിയാല്‍ ഒടിച്ചെടുക്കാന്‍ വടി പോയിട്ട് ഒരു ഇലപോലും ഇല്ലാതാകുന്ന പ്ലാറ്റ് ജീവിതങ്ങളില്‍ ഈ വടി വേഗം സ്ഥാനം പിടിച്ചേക്കും. ജീവിതത്തില്‍ ഒരിക്കലും കാണുമെന്നു കരുതിയിട്ടില്ലാത്ത ഈ ചിത്രവും കണ്ടു. ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു.
(എന്റെ സാധാരണ മൊബൈല്‍ ഫോണിലെ കുറഞ്ഞപിക്സല്‍ ക്യാമറയില്‍ എടുത്തതാണ് ഈ ചിത്രം.)
* എന്നിട്ടുമെന്താ നീ നന്നാവാത്തെ എന്നാണ് ചോദ്യമെങ്കില്‍ ഇതാ ഉത്തരം, “എന്നെ തല്ലണ്ട എന്നായിരുന്നു ഞാന്‍ വിളിച്ചു കരയുമായിരുന്നത്!“
16 comments:
കണ്‍സ്യൂമറിസത്തിന്റെ ചൂരല്‍ കഷായം
ആദ്യം തോന്നിയത് ശ്രീനിവാസന് സിനിമയിലെ തമാശയായിരിക്കും എന്നാണ്. കഷ്ടം! എന്തും വിറ്റു കാശാക്കുക തന്നെ!
മലയാളികള്‍ കണ്‍സ്യൂമറിസത്തിന്റെ ഇരകളായി മാറിക്കഴിഞ്ഞു . നല്ല ഓര്‍മ്മപ്പെടുത്തലായി ഈ പോസ്റ്റ് !
(“ഇതൊന്നു നിര്‍ത്തി ഞങ്ങളെ പോത്തുപോലെ തല്ലിക്കോളൂ ” എന്നത് ഞങ്ങളെ പോത്തിനെപ്പോലെ തല്ലിക്കോളൂ എന്നോ മറ്റോ തിരുത്തുമല്ലോ )
പണ്ട് ക്ലാസ് മോണിട്ടര്മാര്ക്കായിരുന്നു വടി സൂക്ഷിക്കേണ്ട ചുമതല. നാട്ടിന്‍പുറത്തായതുകൊണ്ട് ചൂരലിനുപകരം ചൊക്കട്ട എന്ന വടിയായിരുന്നു പതിവ്. തൊലിപൊളിച്ചു കളഞ്ഞാല്‍ മിനുസമായ വളയുന്ന ചെറിയ വടി. അടിക്കുന്നവന് അടിച്ചെന്നും അടികിട്ടിയവന് കിട്ടിയെന്നും തോന്നിക്കുന്ന വടി. വടി സൂക്ഷിക്കുന്ന മോണിട്ടറിനും കിട്ടും തന്റെ വടി കൊണ്ടുള്ള അടി. ഇപ്പോള്‍ ചൊക്കട്ട ചെടി തന്നെ കാണാനില്ല. മറ്റു പലചെടികളേപോലെ ഇതും ഇല്ലാതായി എന്നു തോന്നുന്നു.
സൂപ്പര്‍മാര്‍ക്കറ്റില്‍ വടി വില്ക്കാന് വച്ചിരിക്കുന്നത് ദയനീയമായ കാഴ്ച്ച തന്നെ
ആഹാ ക്ലാസ്സില്‍ മാത്രോ?മാഷമ്മാരും റ്റീച്ചറമ്മാരും മാത്രോ? ഈ വടി പിടിച്ച് നോക്കി, വളച്ച് നോക്കി,വീശി നോക്കി വാങ്ങണ അച്ഛനമ്മമാരെ കണ്ട്ണ്ട് ഞാന്‍. പരിശോധനടെ സമയത്തുള്ള അവരടെ മുഖഭാവം കണ്ടാ അവനവന്റെ മക്കള്‍ക്കോ അതോ ശത്രൂന്റെ മക്കക്കോ അവരിത് വാങ്ങണേന്ന് തോന്നിപ്പോവും.അത് കഴിഞ്ഞ് വടീനെ അവര്‍ അപ്പ്രൂവ് ചെയ്യുമ്പോ ഞാന്‍ കുട്ട്യോള്ടെ മോത്തക്കാ നോക്കാറുള്ളേ. കിഡ്നാപ്പിംഗ് അത്ര മോശം പരിപാട്യല്ലാ ന്ന് ഇങ്ങനെള്ള സമയങ്ങളില്‍ തോന്നാറുണ്ട്.
നല്ലതലക്കെട്ടും പോസ്റ്റും...
ഞെട്ടി.
പണ്ട് സാറിനെ പ്രീതിപ്പെടുത്താന്‍ ചൂരല്‍ വെട്ടിക്കൊണ്ട് കൊടുക്കുന്നവനിട്ട് തന്നെ ആദ്യത്തെ പൊട്ടിയ്ക്കല് കൊടുക്കുന്ന കാര്യം ഓര്‍ത്തു.
ഉഗ്രന്‍ തലക്കെട്ടും പടവും ആശങ്കയും കുമാര്‍.
വളരെ നല്ല പോസ്റ്റ്.
സംഗതി പുതിയകാര്യമൊന്നും അല്ലല്ലോ കുമാറേട്ടാ. എനിക്ക് 4 വയസ്സിളയ കസിന്‍സ് അന്നത്തെ പ്രീമിയര്‍ സ്റ്റേഷനറി സ്റ്റോറില്‍ നിന്ന് കാശുകൊടുത്ത് അമ്മാവന് വാങ്ങിയ ചൂരല്‍ കൊണ്ട് തല്ലുവാങ്ങിച്ചിട്ടുണ്ട്. (ഒരു തോട്ടത്തിനപ്പുറത്ത് നമ്മുടെ മാതാജി ചില്ലിക്കമ്പൊടിക്കാന് വൈകിപ്പോകാറുള്ളതുകൊണ്ടാണ് ഈയുള്ളവന് ഈ പരുവം:)) അന്നത്തെ ഉദ്ഘാടനത്തല്ല് പ്രമാദമായ സംഭവമായിരുന്നതുകൊണ്ടും അന്നത്തെ ഇര ഇപ്പോള്‍ അതിഘോരനായ മലയാളം വാധ്യാര്
ആയതുകൊണ്ടും അതിഭയങ്കരമായ ഓര്മ.
വീട്ടില്‍ ഒരുവടി വാങ്ങി വച്ചിട്ടുണ്ട്, അടിക്കാനല്ല, പേടിപ്പിക്കാന്‍. എവിടെ, ഇതുകണ്ടാലൊന്നും ഞങ്ങള്‍ നന്നാവില്ലമ്മേ..
ഇവിടെ ആയിരുന്നെങ്കില്‍ എപ്പോള്‍ 911 വിളിച്ചു എന്നു ചോദിച്ചാല്‍ മതി :)
നല്ല പോസ്റ്റ് കുമാര്‍. നോവോള്ജിക്. (കട്: ദേവന്)
ഞാനെന്റെ മോളെ ഇടക്കൊക്കെ നല്ല പൂശ കൊടുക്കും. പ്രധാനമായും ഭക്ഷണം കഴിക്കാത്തതിന്റെ പേരിലാണ്. നമ്മളൊന്നും ഭക്ഷണം കഴിക്കാത്തേന്റെ പേരില്‍ ‘ഒരിക്കല്‍’ പൊലും മാതാപിതാക്കളെ വിഷമിപ്പിച്ചിട്ടില്ല!
കുമാറേട്ടാ..
ഞെട്ടി... ഞെട്ടി!!
പോളിഷ് ചെയ്ത ബാര്‍കോഡ് ഒട്ടിച്ച ചൂരല്‍ മാര്‍ക്കറ്റില്‍ - എന്ന് കണ്ട് ശരിക്കും ഞെട്ടി.
എന്തായാലും ഒരുനിമിഷം ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക് പാഞ്ഞു. എന്നെ അടിക്കാനുള്ള വടി ഞാന്‍ തന്നെ പുറത്തുപോയി പൊട്ടിച്ചുകൊണ്ടുകൊടുത്ത് ഗീതടിച്ചറുടെ അടുത്ത് നിന്ന് വാങ്ങിയ അടിയുടെ സംഗീതം ഇപ്പഴും കാതുകളില്‍...!
യേയ്..ഒന്നൂല്ല റീസണ്‍.. ക്ലാസില്‍ ഫസ്റ്റ് ബഞ്ചില്‍ കാലുനീട്ടിയിരുന്നപ്പോള് (നന്നായി പഠിക്കുന്ന കുട്ടികള്‍ ഫസ്റ്റ് ബഞ്ചിലാ ഇരിക്കാറ് എന്ന് പ്രത്യേകം പറയേണ്ടല്ലോ..) ടീച്ചര്‍ അറിയാതെ എന്നെ ചവിട്ടിപ്പോയി. പാവം ടീച്ചര്‍, എല്ലാകുട്ടികളും നോക്കിനില്‍ക്കേ എന്നെ ‘തൊട്ട് തലയില്‍’ വച്ചു. അത് കണ്ട് പിള്ളേരെ ചിരിപ്പിക്കാന്‍ (സ്പെഷലി പെണ്പിള്ളേരെ.. എസ്പെഷലി ഇന്ദൂനേം, ഗായത്രിയേം.. അതായിരുന്നല്ലോ എന്റെ മൈയിന് ഹോബി..) ഞാന്‍ ടീച്ചറോട് ക്ലാസ് റൂം കുലുങ്ങുമാറ് പറഞ്ഞു :
“ആയുഷ്മതീ ഭവഃ പുത്രീ!! ദീര്‍ഘസുമംഗലീഭവഃ!!”
എല്ലാവരും ചിരിച്ചു. അല്പം ബാസ് കൂട്ടിത്തന്നെ. അത് സഹിക്കാന്‍ പറ്റാത്ത ടീച്ചര്‍ “നിനക്ക് അല്പം കൂടുന്നുണ്ട് കളി“ എന്നും പറഞ്ഞ് കൈകൊണ്ട് എനിക്കൊരടിതന്നു. ഞാന്‍ അടുത്ത അമിട്ട് പൊട്ടിച്ചു.
“ഠാങ്ക്യൂ ടീച്ചര്‍.. അവിടെ അല്പം ചൊറിയുന്നുണ്ടായിരുന്നു. ഇപ്പോ അതു പോയി!”
ചിരി അല്പം ടോപ്പ് ഗിയറിലായപ്പോ..ടീച്ചര്‍ക്ക് സഹികെട്ടു, .. പോയി നല്ല വടിപൊട്ടിച്ചുകൊണ്ടുവന്നാലേ ക്ലാസ് കണ്ടിന്യൂ ചെയ്യൂ എന്ന് പറഞ്ഞു. പോട്ടിച്ചു കൊണ്ടു കൊടുത്തു. എനിക്കും നന്നായി പൊട്ടിച്ചുതന്നു ടീച്ചര്‍.
എന്റെ നാട്ടുകാരിയായ ഗീതടീച്ചറെ, എന്റെ അമ്മട്ടീച്ചറുടെ ബെസ്റ്റ് ഫ്രന്റായ ഗീതടീച്ചറെ ഒരോതവണ ലീവില്‍ പോകുമ്പോഴും അമ്മയെ കൂടെക്കൂട്ടി കാണാന്‍ പോകാറുണ്ട്.. വരുമ്പോള്‍ കാലുതൊട്ട് വന്ദിക്കാറുണ്ട്.. അപ്പോള്‍ ടീച്ചറുടെ കണ്ണ് അല്പം നിറയാറുമുണ്ട്...
സ്ക്കൂളില്‍ ചൂരല്‍ കൊണ്ടല്ല ടീച്ചര്‍ അടിച്ചിരുന്നത് എങ്കിലും നല്ല വേദനയുണ്ടാവാറുള്ള ആ അടിക്ക് സ്നേഹത്തിന്റെ സ്പര്‍ശവും നൊമ്പരവും ഉണ്ടായിരുന്നു.
ഈ പോസ്റ്റില്ലൂടെ എന്നെ അല്പനേരത്തേക്ക് എന്റെ നാട്ടിലെത്തിച്ച കുമാറേട്ടന് നന്ദി ..
സസ്നേഹം,
ഷാര്‍ജ്ജയില്‍ നിന്നും
അഭിലാഷ്
ഒന്ന് നുള്ളി പോലും നോവിക്കില്ല മക്കളെ എന്നൊക്കെ ശപഥം എടുത്തിരുന്നു പണ്ട് (മോളുണ്ടാവുന്നതിനും മുമ്പ്)...
കനം കുറഞ്ഞ ഒരു സ്കെയില്‍ വാങ്ങി വെച്ചിട്ടുണ്ട്... നിയന്ത്രണം വിടുമ്പോള്‍ അതെന്റെ പരുക്കന്‍ കൈപ്പത്തികൊണ്ടാവതിരിക്കാന് വേണ്ടി... ഒരു പക്ഷെ, എന്റെ ദേഷ്യം പിടിച്ച മുഖത്തേക്കാള്‍ അവളിഷ്ടപ്പെടുന്നുണ്ടാവുക സ്കെയില്‍ കൊണ്ടുള്ള അടിയായിരിക്കും.
നല്ല പോസ്റ്റ് കുമാര്‍...
ഓര്മകളോടിക്കളിക്കുവാനെത്തുന്നു മനസ്സിന്റെ മുറ്റത്ത്...!!
Post a Comment