Saturday, January 14, 2006

ലൂസിഫർ കുഞ്ഞുമീൻ!

ടിങ്കുചേട്ടനാണ്‌ അവൾക്ക്‌ അതു കൊടുത്തത്‌. ഒരു ഹോർളിക്സ്‌ കുപ്പിയിൽ നിറച്ച കുളത്തിലെ വെള്ളത്തിൽ, ഉരുളൻ കല്ലുകൾക്കു മുകളിൽ കുഞ്ഞു സസ്യങ്ങളുടെ ഇടയിൽ പകച്ചു നീന്തുന്ന ഒരു കുഞ്ഞു മീൻ. ജന്മഗൃഹം മേൽപ്പറഞ്ഞ ചേട്ടന്റെ വീടിനടുത്തുള്ള ഒരു വാൽക്കുളം. അതുകൊണ്ടുമാത്രം അതിന്‌ ഒരു പേരുപോലും സ്വന്തമായില്ലായിരുന്നു.
പക്ഷെ കല്യാണിക്ക്‌ ആ മീൻ സ്വന്തമായിരുന്നു, ഒരു കാഴ്ചയായിരുന്നു. അവളും അവളുടെ ഉണ്ണിച്ചേട്ടനും മീനുചേച്ചിയും ചേർന്ന് അതിനു കുപ്പിനിറയെ ആഹാരം കൊടുത്തു. കൊച്ചിയിൽ വരുമ്പോൾ അതിനെ എങ്ങനെ വളർത്തണം എന്നും അവൾ പ്ലാൻ ചെയ്ത്‌ അവതരിപ്പിച്ചു.

പിറ്റേ ദിവസം രാവിലെ വെള്ളത്തിൽ തളർന്നുതുടങ്ങിയ ചെടികളുടെ ഇടയിൽ അത്‌ തലതിരിഞ്ഞ്‌ കിടന്നു. താഴെ ഉരുളൻ കല്ലുകൾക്കിടയിൽ അതിനുള്ള ആഹാരം അനാഥമായ്‌ കിടന്നു.

കല്യാണി വിഷമിച്ചു. അവളുടെ മീൻ മരിച്ചുപോയി.
അവൾ പ്രഖ്യാപിച്ചു, " അഛാ ഞങ്ങൾ ഈ മീനിനെ പള്ളിയിൽ കൊണ്ടോയ്‌ അടക്കം ചെയ്യും" (അവളുടെ പ്രഖ്യാപനത്തിനു താങ്ങായ്‌ മീനുചേച്ചിയും ഉണ്ണിചേട്ടനും നിന്നു) ഞങ്ങൾ ചിരിച്ചു.
ഞാൻ ഓർത്തു കൊച്ചിയിൽ അടുത്തവീട്ടിലെ ഒരു അങ്കിൾ മരിച്ചപ്പോൾ ആ ബോഡി എന്തുചെയ്യും എന്നു അവൾക്ക്‌ ഞാൻ പറഞ്ഞുകൊടുത്തകാര്യം.

ടി. വി.യുടെ ആലസ്യം നിറഞ്ഞ മദ്ധ്യാഹ്നം.
മീനുവിന്റെ ഒച്ച " കുഞ്ഞ്വാമാ മീനിന്റെ അടക്കം ചെയ്തു. കാണണമെങ്കിൽ വാ"

ഞാൻ ചെന്നു. അതുപോലെ തിരികെ വന്നു. ക്യാമറയുമായി തിരികെ ചെന്നു, ചിത്രങ്ങൽ ഏടുക്കണം ഒരു ശവമടക്കാണ്‌.

ആ മീനിന്റെ മൺകൂനയ്ക്കുചുറ്റും ഈർക്കിൽ വേലി. മീനുവിന്റെ കയ്യക്ഷരത്തിൽ ഒരു പേപ്പർ ഫലകം അതിന്റെ തലക്കൽ.

അതിലിങ്ങനെ വരികൾ
"ലൂസിഫർ കുഞ്ഞുമീൻ"
ജനനം : ഞങ്ങൾക്ക്‌ അറിയില്ല.
മരണം : 1/1/2006

മൂവരും അതിനു ചുറ്റും കുനിഞ്ഞിരുന്ന് പ്രാർത്ഥിച്ചു. പൂവിട്ടു.

മരണശേഷം നാമകരണം നടന്ന ആദ്യ സംഭവം.
ഒരു കുഞ്ഞു മീനിനു ലൂസിഫർ എന്ന ചെകുത്താന്റെ (?) പേരും.

ലൂസിഫർ കുഞ്ഞുമീൻ!
അവനും ഇരുന്നോട്ടെ ഈ തോന്ന്യാക്ഷരചരിത്രത്തിൽ. (ഇവൻ ചരിത്രപുരുഷൻ ആകും എന്നറിഞ്ഞിരുന്നെങ്കിൽ മരണത്തിനുമുൻപു തന്നെ ഒരു ചിത്രം എടുത്തുവയ്ക്കാമായിരുന്നു)

11 comments:

Reshma said...

:) ഈ പേരിടാൻ‍ മൂവർ സംഘത്തിന് എന്തേലും ലോജിക് ഉണ്ടോ?

സു | Su said...

ലൂസിഫറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

സ്വാര്‍ത്ഥന്‍ said...

ഈ ശിശുക്കളുടെ 'ക്രിയേറ്റിവിറ്റി'ക്ക്‌ മുന്നില്‍ നമ്മളൊക്കെ വെറും അശു!

ദേവന്‍ said...

ജനിക്കാനോ ജീവിക്കാനോ പ്രത്യേകിച്ച് ആരുമാവണമെന്നില്ലാ, അന്തസ്സായി മരിക്കണമെൻകിൽ പേരും നാളും ബന്ധുക്കളും വേണം. നമ്മൾ കുത്തിയിരുന്നാലോചിച്ച് ഉത്തരം കണ്ടെത്തുന്നു കുട്ടികൾക്ക് അത് ദിവ്യജ്ഞാനമായി കൂടെത്തന്നെയുണ്ട്..

കേരളഫാർമർ/keralafarmer said...

വെള്ളത്തിൽ അലിഞ്ഞുചേരാത്ത ബ്രോമാഡിയോലോൺ അല്ല എന്ന്‌ ഉറപ്പാക്കാം അല്ലെ. കൃഷിഭവനുകൾ മുഖാന്തിരം ഇപ്പോഴല്ലെ കിട്ടിത്തുടങ്ങിയത്‌. ശവമടക്കിയത്‌ വെറും മണ്ണിലാകയാൽ ജൈവാംസമായി ലയിച്ചുചേരും.

കലേഷ്‌ കുമാര്‍ said...

വിത്തുഗുണം പത്തുഗുണം!
കല്യാണി അച്ഛന്റെ മോൾ തന്നെ!!
സ്വാർത്ഥൻ പറഞ്ഞത് സത്യം!
നന്നായിട്ടുണ്ട് കുമാർ. നന്നായി അത് അവതരിപ്പിച്ചിരിക്കുന്നു!

വിശാല മനസ്കന്‍ said...

പ്രിയ കുമാർ. നൈസ്‌ പോസ്റ്റിങ്ങ്‌.

:) എന്റെ അച്ഛന്റെ കയ്യിൽ ക്യാമറയില്ല്യാണ്ടായിപ്പോയി. അല്ലെങ്കിൽ, പണ്ട്‌ വസന്ത പിടിച്ച്‌ ചത്ത കോഴികളെ ഞങ്ങൾ കുഴിച്ചിടുമ്പോൾ.....

വക്കാരിമഷ്‌ടാ said...

നന്നായിട്ടുണ്ട്... സ്വാർത്ഥൻ പറഞ്ഞതുപോലെ കല്ല്യാണി ഗ്രൂപ്പിന്റെ ക്രിയേറ്റിവിറ്റി അപാരം.. ജീവനുള്ള ലൂസിഫർ കുഞ്ഞുമീന്റെ പടം വേണ്ടതായിരുന്നു...

kumar © said...

രേഷ്മാ, അതു ഞാൻ അന്നേ ചോദിച്ചറിഞ്ഞു. ലൂസിഫർ എന്നു പേരിടാൻ ഒരു ലോജിക്കും പിന്നിലില്ല. അവർക്ക് അതു രസമായി തോന്നി അത്രേ! അതു ഒരു ചെകുത്താനാണ് എന്നു ഞാൻ പറഞ്ഞപ്പോൾ അവർ മാറ്റാനൊരുങ്ങിയതാണ്, ഞാൻ സമ്മതിച്ചില്ല.

സൂ, :) അവിടെ പിന്നെ ഒരു മഴപെയ്തു. അതുകൊണ്ട് ഇപ്പോൾ ലൂസിഫറിന്റെ ആത്മാവും ശരീരവും ഒക്കെ ഒഴുക്കിലായിട്ടുണ്ടാവും.

സ്വാർത്ഥൻ, കലേഷ്, അവരിൽ നിന്നാണ് നമ്മൾ പഠിക്കേണ്ടത് ഇനി ക്രിയേറ്റിവിറ്റി. അവരുടെ കയ്യിൽ ഫ്രെഷ് സ്റ്റോക്ക് ഉണ്ടാകും. അത് ഒന്ന് ഉണർത്തിയെടുത്താൽ നമ്മൾ രക്ഷപ്പെട്ടു. അതു തന്നെയാണ് ദേവൻ പറഞ്ഞപൊരുളും.

ചന്ദ്രേട്ടന്റെ കൺസേൺ എനിക്കു മനസിലാവുന്നു. പക്ഷേ കുഞ്ഞുങ്ങളോട് ‘ബ്രൊമാഡിയോൺ’ എന്നു പറഞ്ഞാൽ അവർ നാളെ മറ്റൊരു മീനിനു അങ്ങനെ ഒരു പേരിടും.

വിശാലാ, താങ്ങളുടെ അഛന്റെ കയ്യിൽ അന്നു ക്യാമറ ഇല്ലാത്തതുകൊണ്ട് നിങ്ങൾ ഇന്നും അതൊക്കെ വ്യക്തമായി ഓർക്കുന്നു. മനസിൽ പതിഞ്ഞതിനും അപ്പുറം ഒന്നും നിൽക്കില്ല ‘സിൽ‌വർ ജലാറ്റിനു‘കളിൽ.
നിങ്ങളുടെ വസന്തക്കോഴി നിങ്ങളുടെ മനസിൽ തന്നെ മരിച്ചുകിടക്കട്ടെ, ചീഞ്ഞുപോകാതെ.

വക്കാരി :) ഞാനും അറിഞ്ഞില്ല അവൻ ‘ചത്തു‘പോകും എന്ന്. അല്ലെങ്കിൽ ഈ താളിൽ അവന്റെ ചിത്രം ഒരു തിരികത്തിച്ചു ഞാൻ പോസ്റ്റുമായിരുന്നു. അവൻ എന്നെയും പറ്റിച്ചുകളഞ്ഞു.

(ബ്ലോഗ്‌സ്പോട്ടിലെ ബ്ലോഗർ അല്ലാത്ത ബ്ലോഗറുടെ അമർഷം ഞാൻ മനസിലാക്കുന്നു.

D പണ്ട് ഞാനൊരു കൊളവി (വാസ്പ്) -ക്ക് ഘോഷയാത്രയും ശവമടക്കും ഒക്കെ കൊടുത്തത് ഓര്‍മ്മ വരുന്നു.

posted to kumar @ http://kumarnm.blogspot.com
[open to bloggers at blogspot only. അമര്‍ഷം]


നിങ്ങൾക്ക് വേണ്ടി ഞാൻ എന്റെ പൂട്ടു ഞാൻ തുറന്നു വയ്ക്കുന്നു ഇനി അടുത്ത അനോണിചേട്ടൻ കുത്തിമറിക്കും വരെ)

കണ്ണൂസ്‌ said...

ഈശ്വരാ, കോണ്‍ക്രീറ്റ്‌ കാടുകളില്‍ വളരുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്തൊക്കെയാണ്‌ നഷ്ടമാവുന്നത്‌?

സാക്ഷി said...

നിങ്ങളുടെ കുഞ്ഞുങ്ങളെ ഒരിക്കലും നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കരുത്‌. നിങ്ങള്‍ അവരെപ്പോലെയാകാന്‍ ശ്രമിക്കുക. എന്തെന്നാല്‍ അവര്‍ വസിക്കുന്നത്‌ നാളെകളുടെ ഭവനങ്ങളിലത്രെ. നിങ്ങളോ ഇന്നെലെകളിലും. - ഖലീല്‍ ജിബ്രാന്‍