Monday, November 28, 2005

വീണ്ടും സാനിയ മിർസ (സാനിയ മിർസ)

പ്രിയമുള്ള സാനിയ മിർസ, നീ കാരണം ഞാൻ എത്ര ചീത്തവിളി കേട്ടു.

പുതിയ പോസ്റ്റുകൾ ഇല്ലാതിരുന്നിട്ടും എന്റെ ബ്ലോഗിൽ സന്ദർശകരുടെ എണ്ണം കുറയുന്നില്ല. ഇവരൊക്കെ ആരാ, എവിടുന്നു വരുന്നു എന്ന് അറിയാനുള്ള ഒരു ആഗ്രഹത്തിൽ ഞാൻ എന്റെ സൈറ്റ്‌ മീറ്ററിലെ Recent Visitors by Referrals ടാഗിൽ ഒന്നമർത്തി.

അവിടെ തെളിഞ്ഞു ഇവരൊക്കെ വന്ന വഴി. കൂടുതലും google, MSN, Rediff തുടങ്ങിയവയുടെ സെർച്ച്‌ എഞ്ചിനുകളിൽ നിന്ന്.

എന്റെ പേജിന്റെ ട്രാഫിക്ക്‌ കൂട്ടിയ ഇവരെ ഒക്കെ വഴിതെളിച്ചു വന്നതോ ഇന്ത്യൻ യുവത്വത്തിന്റെ ഞരമ്പുകളിൽ ട്രാഫിക്ക്‌ കൂട്ടുന്ന സാനിയ മിർസയും.

സാനിയ മിർസയെ മാധ്യമങ്ങൾ അവരുടെ താളുകളിൽ വിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ്‌ മുൻപ്‌ ഞാൻ എഴുതിയിരുന്നു. അതിൽ ടൈറ്റിലിൽ ബ്രാക്കറ്റിൽ ഇംഗ്ലീഷിലും ഞാൻ saniya mirza എന്ന് എഴുതിയിരുന്നു. ആ പുന്നാരവാക്കാണ്‌, ഇവരെ ഒക്കെ എന്റെ പോസ്റ്റിൽ പറഞ്ഞുവിട്ടത്‌. ഗൂഗിളിൽ saniya mirza എന്നു ടൈപ്പുചെയ്താൽ വരുന്ന ലിസ്റ്റിൽ ആദ്യ മൂന്നിൽ തന്നെ എന്റെ പോസ്റ്റ്‌ ഉണ്ടാകും.

പാഞ്ഞുവന്ന എത്രയോ സാനിയാ പ്രേമികൾ എന്റെ പേജിൽ വന്നു നിരാശരായി എന്നെ മുഴുത്ത ചീത്ത വിളിച്ചിട്ടു പോയിട്ടുണ്ടാവണം..

പാവം ഞാൻ. പാവം എന്റെ പോസ്റ്റ്‌.

Monday, November 21, 2005

കറുപ്പും വെളുപ്പും

ജോൺ മാത്യുവിന്റെ ചിത്രം.

ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർ ഈ സൈറ്റിൽ ഒന്നു പോകാൻ ശ്രമിക്കുക.

ഇവിടെ എന്റെ പ്രിയ സുഹൃത്തുക്കളായ ജോണിന്റെയും ദീപ്തിയുടെയും ചിത്രങ്ങളുണ്ട്, പിന്നെ ജോണിന്റെ ചില poems.

ഈ ഭാര്യാഭർത്താക്കന്മാർ ഫോട്ടോഗ്രഫിയെ ഉപാസിക്കുന്നവരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ചിത്രങ്ങൾ ‘കണ്ടെത്തുന്നുന്നതിലാണ്‘ ഇവരുടെ മിടുക്ക് എന്നും.

ഇവരുടെ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ എടുത്ത് പറയേണ്ടവ തന്നെയാണ്.

Thursday, November 10, 2005

ഒഴുക്കിനൊപ്പം. ഒഴിക്കാനൊപ്പം.

റമ്മിന്റെ രൂക്ഷഗന്ധം മനംപിരട്ടലുണ്ടാക്കുന്നു. കണ്ണ്‌ പുകയുന്നു. എങ്കിലും ഞാൻ റമ്മിനൊപ്പം ആ ഗ്ലാസിൽ ചുറ്റിതിരിഞ്ഞു. ജീവിതധാരയിലെ മറ്റൊരു തിരിവിലാണ്‌ ഞാനിപ്പോൾ.

ഏതോ ഒരു മലഞ്ചരുവിൽ പൊട്ടിയ ഉറവയായിരുന്നു ഞാൻ. മലയിടുക്കിലൂടെ ഒലിച്ചിറങ്ങി, കാട്ടരുവിയിലൂടെ ചിലച്ചൊഴുകി മീൻകുഞ്ഞുങ്ങളോടു കളിച്ചൊഴുകി ഒഴുകി ഒഴുകി ഞാനങ്ങനെ.....

ഒരു കൊച്ചുവളവിൽ വച്ച്‌ എന്നെ ചിലർ ഒളിഞ്ഞിരുന്നു പിടിച്ചു, ഒരു വലിയ അറയിലിട്ട്‌ ശുദ്ധീകരിച്ചു, പിന്നെ കുപ്പിയിലാക്കി. (ഹ... ഹ ഹ.. ചിരിക്കാതിരിക്കുന്നത്‌ എങ്ങനെ? ചില രാസപദാർത്ഥങ്ങളിട്ടാണ്‌ അവർ എന്നെ ശുദ്ധീകരിച്ചത്‌)

പിന്നെ കുറേനാൾ അവിടെ എന്നെ അടുക്കിവച്ചു. ഞാൻ അടങ്ങിയിരുന്നു. ഒഴുകാൻ മറന്നുപോയി ഞാൻ. പിന്നൊരുനാൾ യാത്രതുടങ്ങി. ഒഴുകാതെയുള്ളയാത്ര.

എന്റെ യാത്ര അവസാനിച്ചത്‌ മോഹനൻ ചേട്ടന്റെ കടയിലാണ്‌. അവിടെ പുറത്ത്‌ നോക്കി ഇരിക്കുവാൻ എന്തു രസമായിരുന്നു. സ്കൂളിനടുത്തുള്ള കടയാണ്‌. രാവിലെയും വൈകുന്നേരവും കുഞ്ഞുങ്ങളെ കണ്ടിരിക്കാം. ഇടയ്ക്കൊക്കെ മോഹനേട്ടൻ എന്റെ പുറം പൊടിതുടച്ചും വയ്ക്കും. അദ്ദേഹത്തിന്റെ മാർദ്ദവമുള്ള തുണിചൂൽ എന്റെ ദേഹത്ത്‌ ഉരസുമ്പോൾ എനിക്ക്‌ ഇക്കിളിപ്പെടുമായിരുന്നു.

ഇന്ന് വൈകുന്നേരം ഈ മഹാൻ എന്നെ വിലക്ക്‌ വാങ്ങുന്നത്‌ വരെ എന്റെ വാസം അവിടെത്തന്നെയായിരുന്നു. ഒന്നുകൂടിപ്പറയാൻ മറന്നു, ഇന്ന് എന്റെ പേര്‌ എനിക്കുമനസിലായി, 'ബിസ്‌ലേരി'!
ഇയാൾ അങ്ങനെയാണ്‌ ചോദിച്ചത്‌.

ഞാനിപ്പോൾ ഈ മേശപ്പുറത്തിരിക്കുന്ന ഗ്ലാസിനുള്ളിലാണ്‌. നിറമില്ലാതിരുന്ന എനിക്ക്‌ ഇപ്പോൾ നിറം കിട്ടി. ഒരു കടുത്ത ചുവപ്പു നിറം. എന്റെ തലപെരുക്കുന്നു...
ഇനി അധികം സമയമില്ല...
എന്റെ അവകാശിയുടെ ഇടത്‌ കൈ എന്റെ അടുത്തേക്ക്‌ വരുന്നു. വലതുകൈ അപ്പുറത്തിരിക്കുന്ന അച്ചാർ പാത്രത്തിലേക്കും......

യാത്ര ഇവിടെ തീരുന്നില്ല...

Saturday, November 05, 2005

നാഗത്തറ.

സന്ധ്യ.

വേലിപ്പടർപ്പ്‌.

ഞാന്നുവീഴുന്ന വള്ളിച്ചെടികൾ.

കരിമഷിപുരണ്ട കൽവിളക്ക്‌.

മഞ്ഞയും ചുവപ്പും കലരുന്ന നാഗ ഗന്ധം.

മനസുപതറിപ്പോകുന്നു, കരിയിലകളിൽ നഗത്താന്മാർ ഇഴയുന്നുണ്ടോ കണ്ണുകൾ തിരഞ്ഞുപോകുന്നു.

ചെറുബാല്യത്തിലെ ഓർമ്മകളിൽ ഇപ്പോഴും മഞ്ഞൾ പുരണ്ടുകിടക്കും, നൂറും പാലും കുടിച്ചിരിക്കുന്ന നാഗരൂപികൾ...

Saturday, October 22, 2005

മഴപെയ്യുമ്പോൾ..

ബ്ലോഗ്‌ ചില്ലകളിൽ എന്റെ വക ഒരു ചെറുമഴ. എല്ലാവർക്കും ഇവിടേയ്ക്ക്‌ സ്വാഗതം. ഈ മഴതണുപ്പിൽ നമുക്കോരോ കട്ടൻ കാപ്പിയും കുടിച്ച്‌ അരിമുറുക്കും കടിച്ചിരിക്കാം. കൊച്ചുവർത്താനങ്ങൾ പറയാം. സൌഹൃദത്തിന്റെ ഒരു ചിരിയെങ്കിലും ചുണ്ടിൽ തിരുകിവയ്ക്കാം.

ഈ മഴ പെയ്യട്ടെ. പെയ്തൊഴിയട്ടെ.

എല്ലാവരും എത്തും എന്ന് പ്രതീക്ഷിക്കുന്നു. മലയാളത്തിലെ എനിക്കറിയാത്ത ഏതോ ആദിബ്ലോഗൻ മുതൽ ഇന്നലെ ഡും ഡും ഡും കൊട്ടി വന്ന ഇളമുറക്കാരൻ 'വർണമേഘങ്ങൾ' വരെ.

രണ്ടുകുത്തിന്റെ ഒരു കോളൻ ഒരു റൈറ്റ്‌ ബ്രാക്കറ്റ്‌. ഇത്രയെങ്കിലും മതി.

Thursday, October 20, 2005

പെരിയാറിന്റെ ഉറവയിൽ...

പെരിയാർ വനത്തിനുമുകളിൽ ഞങ്ങൾക്കായി ഈ ദിവസം തുടങ്ങുന്നു.

പെരിയാർ വനത്തിനുള്ളിൽ ചിലച്ചൊഴുകുന്ന ഒരു ചെറുചാൽ. ഈ വനം മുഴുവൻ ഇത്തരത്തിലുള്ള ചെരു സ്രോതസുകളാണ്. ഇത്തരത്തിലുള്ള ചെറുഉറവകളാണ് പെരിയാറായും പിന്നെ മുല്ലപ്പെരിയാറായും പിന്നെ മലയാളിയും തമിഴനും തമ്മിൽ വഴക്കുകൂടാനുള്ള വഴികളുമായിമാറുന്നത്. പാവം ഈ ഉറവ അറിയുന്നില്ല അതിന്റെപേരിൽ ഒരു തർക്കം നഗരങ്ങളിൽ ഇരമ്പുന്നത്.

തേക്കടിയിൽ ഒരു തടാകമായ് പെരിയാർ ഒന്നു വിശ്രമിക്കുന്നു... പിന്നെയും ഒഴുക്കുതുടരുന്നു... മുല്ലപ്പെരിയാറിൽ ഒന്നു ചുറ്റി വർദ്ധിച്ച ശക്തിയോടെ പിന്നെ താഴേയ്ക്ക്...

Thursday, October 13, 2005

ലന്തൻ ബത്തേരി - ചില ദൂരക്കാഴ്ചകൾ.

വലതുവശത്തായി കാണുന്ന ദ്വീപാണ് മുളവുകാട്. അതിൽ ഈ കാണുന്ന മുനയാണ് ലന്തൻ ബത്തേരി എന്ന ബോൾഗാട്ടി. ഇതു ഞങ്ങളുടെ ഓഫീസിൽ നിന്നും ബോൾഗാട്ടിയിലേക്ക് നോക്കുമ്പോഴുള്ള കാഴ്ച. പലദിവസങ്ങളിലായി ഒരേ ഫ്രൈമിങിൽ എടുത്ത ചിത്രങ്ങൾ ഇവിടെ എന്നും അസ്തമയം വ്യത്യസ്തങ്ങളാണ്. അവസാനചിത്രം മഴക്കാലത്തെ ഒരു പതിവു ചിത്രമാണ്.

Wednesday, October 12, 2005

ഫോർട്ട് കൊച്ചിയിൽ

കടൽ കാമുകനും കായൽ കാമുകിയുമാണ്‌... കായൽ ഒഴുകി കടലിനോടു ചേരുന്നിടത്തുനിന്നപ്പോൾ അങ്ങനെതന്നെ തോന്നി. കടലിനോടുചെരുന്നിടത്തെ കായലിന്റെ നാണം, കടലിന്റെ മേധാവിത്തം ഇതൊക്കെ അത്തരത്തിലുള്ള ചിന്ത ഉണർത്തുന്നു.

ഇത്‌ കൊച്ചി.
കൊച്ചി എറണാകുളമല്ല. എറണാകുളം ജില്ലയിലെ ഒരു സ്ഥലമാണ്‌. കുറച്ചുകൂടി ഫോക്കസ്‌ ചെയ്തുനോക്കിയാൽ മനസിലാകും ഞങ്ങൾ ഇപ്പോൾ ഫോർട്ട്‌ കൊച്ചിയിൽ ആണ്‌. സൂര്യൻ അറബിക്കടലിന്റെ അതിരിലും. സൂര്യൻ അൽപസമയ്ത്തിനുള്ളിൽ കടലിലേക്ക്‌ വീണ്‌ അണയും. അണയട്ടെ, എന്നിട്ട്‌ എവിടെയെങ്കിലും തെളിയട്ടെ. ഞങ്ങൾക്ക്‌ നാളെ മതി ഇനി സൂര്യൻ.

ഫോർട്ട്‌ കൊച്ചിയിൽ ഒരുപാടു ചീനവലകളുണ്ട്‌. സന്ധ്യയോടടുക്കുമ്പോൾ ചീനവലകളും അതിനിപ്പുറത്തായി ഒരുപാട്‌ റെസ്റ്ററന്റുകളും ഉണരും.

പൊങ്ങിയ വലകളിൽ ഒന്നിൽ നിന്ന് ഒരു നെയ്‌മീനിനു വിലപറഞ്ഞൊതുക്കിയെടുത്ത്‌ അടുത്തുകണ്ട റെസ്റ്ററന്റിൽ കോടുത്തു. കുറച്ചു വറുക്കാനും കുറച്ചു ഗ്രിൽ ചെയ്യാനും പറഞ്ഞു.
സുര്യനെ വിഴുങ്ങിയ കടൽ അതു ഒന്നുകൂടി ഉറപ്പിച്ചപോലെ തിരകളിൽ കരവെട്ടത്തിന്റെ ഒരു മിന്നായം പാഞ്ഞു.

ചീനവലകളുടെ കാലുകളിൽ കുഞ്ഞോളങ്ങൾ ചുറ്റിയടിച്ചു. പിന്നെ അവ കരയോടു ചേർന്ന് കാലങ്ങളുടെ സൌഹാർദ്ദം പുതുക്കി.

നാലുകസേരകൾക്കിപ്പുറത്തായി 'ഗാമ'വന്നിരുന്നു. കുറച്ചപ്പുറത്തായി അയാളുടെ കുതിരവണ്ടി ഒതുക്കിയിട്ടിരിക്കുന്നു. ഞാൻ വസ്കോഡഗാമയെ നോക്കി. ഗാമയ്ക്കുമുന്നിലെ മേശയിൽ കൊളുത്തിവച്ച മെഴുകുതിരി കാറ്റത്തുലഞ്ഞു. അഴിമുഖത്തെവിടെയോ ഒരു പായ്ക്കപ്പൽ സൈറൻ മുഴക്കി. ജൂതതെരുവിൽ കുതിരവണ്ടികളുടെ കുളമ്പടി ഒച്ചകൾ. മട്ടാഞ്ചേരിയിലെ മലഞ്ചരക്കുശാലകൾമുകളിൽ ഇരുട്ടു വീണു പരന്നു. അതിനെ തടുക്കാൻ ശക്തിയില്ലാത്ത വിളക്കുകാലുകൾ തെരുവിന്റെ ഓരത്ത്‌ ഒറ്റപ്പെട്ടുനിന്നു. വൈപ്പിനിലെ ലൈറ്റ്‌ ഹൌസിൽ നിന്നുള്ള പ്രകാശം ഒന്നു ചുറ്റിപാഞ്ഞു.

വറുത്തമീനിന്റെ കൊതിപ്പിക്കുന്ന മണം. കല്യാണി ചോദിച്ചു "അഛൻ ഉറങ്ങുകയായിരുന്നോ?"
"ഇല്ല" ഞാൻ പറഞ്ഞു. "അഛൻ ഗാമയുടെ അടുത്തിരിക്കുകയായിരുന്നു"
"ഗാമയോ?" അവൾ ചോദിച്ചു. ഭാര്യയും ഒന്നും മനസിലാകാത്തപോലെ നോക്കി.
ഞാൻപറഞ്ഞു, " അതെ ഗാമ, വാസ്കോഡഗാമ, സഞ്ചാരിയായിരുന്നു. മോൾ വരുന്ന ക്ലാസുകളിൽ ഇനി പഠിക്കും"
"അപ്പോൾ ഗാമ പഠിക്കാനുള്ള സാധനമാണോ?"
ഞാൻ അതേയെന്നു തലയാട്ടി. ഒപ്പം 1524ലെ ക്രിസ്തുമസ്‌ സായഹ്നത്തിൽ ഇവിടെ നിന്നും തന്റെ സഞ്ചാരപഥം ഈ ലോകത്തിനുമപ്പുറത്തേയ്ക്ക്നീട്ടിയ പഥികനെ ഓർത്തു.

പിന്നെ എന്റെ രസമുകുളങ്ങളിൽ നെയ്‌മീനിന്റെ രുചിയലിഞ്ഞുതുടങ്ങിയപ്പോൾ ഞാനും ഗാമയെമറന്നു.