Sunday, December 25, 2005

പപ്പി ഹൌസ്

കൃസ്തുമസ്‌ ട്രീ വാങ്ങണം എന്നത്‌ കഴിഞ്ഞവർഷം മുതൽ കല്യാണിയുടെ ആവശ്യമായിരുന്നു. ഈ വർഷം അതു വാങ്ങി. അതിൽ കൊച്ചു നക്ഷത്രങ്ങളും മിന്നുന്ന ലൈറ്റുകളും ഇട്ടപ്പോൾ അവളുടെ മനസ്‌ നിറഞ്ഞ്‌ കണ്ണിലൂടെ വന്നു.

'അപ്പോൾ ഇനി നമ്മുടെ വീട്ടിലും കൃസ്തുമസ്‌ പപ്പാ വരുമോ? എനിക്ക്‌ സമ്മാനം കിട്ടുമോ?"
"കിട്ടും. മോൾ എന്താ വേണ്ടതെന്ന് ഒരു കാർഡിൽ എഴുതി ഈ മരത്തിൽ കൊരുത്തിട്ടാൽ മതി രാത്രി കൃസ്തുമസ്‌ പപ്പാ വരുമ്പോൾ അതു കാണും. മോൾക്ക്‌ സമ്മാനം വച്ചിട്ട്‌ പോകും"

കല്യാണിക്ക്‌ സന്തോഷമായി. ഒരു താരം അവളുടെ കണ്ണിലും മിന്നി.


രാവിലെ തിരക്കിൽ ഓഫീസിൽ പോകാനിറങ്ങിയപ്പോൾ കല്യാണി പറഞ്ഞു ' അഛാ ഞാൻ എന്താ വേണ്ടത്‌ എന്ന് എഴുതി മരത്തിൽ തൂക്കിയിട്ടിട്ടുണ്ട്‌. ഞാൻ ആ കാർഡിൽ നോക്കി. മുന്നിൽ പാപ്പായ്കുള്ള ഗ്രീറ്റിങ്ങ്‌സ്‌, അവളുടെ വരകളിലൂടെ. അതിനുള്ളിൽ അവൾക്കറിയാവുന്ന വരികളിലൂടെ ഒരു കത്ത്‌ “Dear paappa, a want a puppy house. with love kalyani.“
പപ്പി ഹൌസ്‌. പട്ടിക്കൂട്‌. കുഞ്ഞുങ്ങൾ കയറി ഇറങ്ങിക്കളിക്കുന്ന ഒരു വായുവീട്‌. ഞാനോർത്തു, ഇത്‌ ഞാൻ മുൻപ്‌ വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞതാണല്ലൊ! ഇന്ന് ഇതിപ്പൊ ഇനി എവിടെ കിട്ടും? ബ്രോഡ്‌വേയിൽ മുൻപുകണ്ടതാണ്‌. അത്‌ അവിടെ ഉണ്ടാവണേ എന്ന് പ്രാർത്ഥിച്ച്‌ ഇറങ്ങി.

പതിവുപോലെ ഒരു തിരക്കൻ ദിനം.

വൈകുമ്ന്നേരം, രാത്രി, അല്ല പാതിരാത്രി വീട്ടിൽ എത്തിയപ്പോൾ കൃസ്തുമസ്‌ ട്രീയിൽ മിന്നുന്ന ലൈറ്റുകൾ കണ്ടപ്പോൾ, അതിൽ തൂങ്ങുന്ന കാർഡ്‌ കണ്ടപ്പോൾ ഞാൻ അറിയാതെ തലയിൽ കൈവച്ചുപോയി. കയ്യിൽ ആകെയുള്ളത്‌ ഓഫീസിൽ നിന്നും സമ്മാനമായി കിട്ടിയ ഒരു കേക്ക്‌ ആണ്‌.

ഞാൻ അതു ആ പാക്കറ്റോടെ ട്രീയുടെ താഴെ വച്ചു.
കാര്യം പിടികിട്ടിയ ഭാര്യ പറഞ്ഞു, "പാവം, കൃസ്തുമസ്‌ പപ്പവരുമ്പോൾ ശബ്ദം കേട്ടാൽ അവളെയും വിളിക്കണേ എന്നു പറഞ്ഞിട്ടാണ്‌ ഉറങ്ങിയത്‌"

രാവിലെ അവൾ ഉണർന്ന് കിടന്നപ്പോൾ ഞാൻ ഓർത്തു ഇവളെന്താ എണീറ്റു പോയി നോക്കാത്തതു എന്ന്. അവൾ എന്നെ കുറേ നേരം നോക്കി കിടന്നു പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ കട്ടിലിൽ നിന്നും ചാടി ഇറങ്ങി ഓടി. ഞാനും എണീറ്റു.
മുൻവശത്തു നിന്നും വിളി " അഛാ പപ്പി ഹൌസ്‌ കിട്ടി"
അവൾ ആകെ ത്രിൽഡ്‌ ആണ്‌.
"കാറ്റുനിറച്ച്‌ വലുതാക്കുന്നതാണെന്നാ റിജുചേട്ടൻ പറഞ്ഞത്‌. അഛാ വേഗം തുറന്ന് ഊതിപെരുക്കഛാ.."

ഞാൻ ആ ബോക്സ്‌ തുറന്നു.
അവളുടെ മുഖത്തുണ്ടായിരുന്ന ആകാക്ഷയുടെ നക്ഷത്രം മങ്ങി.
"ഇതു കേക്കാ, പപ്പി ഹൌസ്‌ അല്ല" അവൾ പറഞ്ഞു.

ഞാൻ പറഞ്ഞു, " അതേ മോളൂ, എല്ലാവർക്കും സമ്മാനം കൊടുക്കണ്ടേ പാപ്പായ്ക്ക്‌? മോളൂനു വീടുണ്ടല്ലൊ, വീടില്ലാത്ത കുഞ്ഞുങ്ങളെ വഴി അരുകിൽ നമ്മൾ കണാറില്ലേ, മോളൂന്റെ പപ്പി ഹൌസുമായി വന്നപ്പോൾ ഇതുപോലുള്ള ഏതെങ്കിലും കുട്ടിയെ കണ്ടിട്ടുണ്ടാകും പാവം പാപ്പാ ആ കുട്ടിയ്ക്ക്‌ അത്‌ കൊടുത്തിട്ടുണ്ടാകും. അതുകൊണ്ടാ"

അവൾ അതു മുഴുവനായും വിശ്വസിച്ചില്ല എന്നു തോന്നുന്നു.
"അപ്പോൾ ആ കുട്ടിയ്ക്ക്‌ ഇനി ആ വീട്ടിൽ കിടന്നുറങ്ങാം അല്ലെ?
"ഉം"
"അപ്പോൾ ഇനി എന്നാ കൃസ്തുമസ്‌ വരുന്നത്‌?"
"അടുത്ത വർഷം"
"അടുത്ത വർഷം എന്തായാലും എനിക്കു തന്നെ തരും അല്ലേ?"
"ചിലപ്പോൾ അതിനു മുൻപും തരും." ഞാൻ പറഞ്ഞു.

ഞാൻ ആ കേക്കിലേക്ക്‌ നോക്കി, പിന്നെ ചിന്തിച്ചു; പാപ്പാ ബെസ്റ്റ്‌ ബേക്കേർസീന്നാണോ കേക്ക്‌ വാങ്ങിയതെന്ന ചോദ്യം ഉടൻ വരും. അതിനു എന്തു ഉത്തരം പറയും?

സാരമില്ല, മറവിക്കാർക്ക്‌ എല്ലാത്തിനും ഇതുപോലുള്ള ഉത്തരം കിട്ടും.

15 comments:

keralafarmer said...

:)

ദേവന്‍ said...

അടുത്ത വർഷം
Dear pappa, i want puppy house, winnie pooh, cake or anything you can get me എന്നു കണ്ടാൽ അത്ഭുതപ്പെടേണ്ടാ. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കുട്ടികൾക്ക് അസാമാന്യ ശക്തിയുണ്ട്.

Dennis (during bedtime prayers):Dear God, I want a bicycle, a bicycle, A BICYCLE..BICYCLE

Mrs. Mitchell : Thats enough Dennis, God isn't deaf!

Dennis : Yeah, but Grandma is.

Kiranz..!! said...

A cute n' simple post..!! keep'up the good work Kumar..!!

രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട് കുമാര്‍. പപ്പി ഹൌസില്‍ കല്യാണി ഉറങ്ങുന്ന ഒരു ഫോട്ടോയ്ക്കു വേണ്ടി കാത്തിരിക്കുന്നു.

myexperimentsandme said...

നന്നായിരിക്കുന്നു.... ദേവൻ പറഞ്ഞതുപോലെ, പണ്ടത്തെ കുട്ടികളുടെയത്രയും പിടിവാശി ഈ കാര്യങ്ങളിലൊക്കെ പുതുതലമുറയ്ക്കുണ്ടോ എന്നൊരു സംശയം.....

പോസ്റ്റ് പോസ്റ്റ് വെച്ച് പ്രോഫൈൽ പടവും മാറുന്നു. ഇപ്രാവശ്യത്തേത് വളരെ കളർഫുൾ

Visala Manaskan said...

very nice :)

Cibu C J (സിബു) said...

വളരെ ഇഷ്ടമായി... :)

സു | Su said...

കുമാർ,
കല്ലുവിനെ പറഞ്ഞു പറ്റിക്കാതെ പപ്പി ഹൌസ് വാങ്ങിക്കൊടുത്താട്ടെ. ക്രിസ്മസിനു പറ്റിയില്ലെങ്കിൽ സാരമില്ല, ന്യൂ ഇയർ വരുന്നുണ്ടല്ലോ. ക്രിസ്മസ് പപ്പ എല്ലാർക്കും സമ്മാനം കൊടുത്ത് കൊടുത്ത് വീട്ടിലെത്താൻ വൈകിയതാണെന്ന് പറഞ്ഞാൽ മതി.

വര്‍ണ്ണമേഘങ്ങള്‍ said...

സന്തോഷം നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു..!

myexperimentsandme said...

കാണാനില്ലല്ലോ, കുമാറേ, കുറേ പ്രകാശവർഷങ്ങളായി...

എല്ലാവർക്കും സുഖമെന്നു വിശ്വസിക്കുന്നു.

പുതുവത്സരാശംസകൾ

Kalesh Kumar said...

പ്രിയ കുമാർ, ഞാനിതിപ്പഴാ കാണുന്നത്!
നന്നായിട്ടുണ്ട്! ആ‍ശംസകൾ!

Kumar Neelakandan © (Kumar NM) said...

ടെസ്റ്റ്. 4 from Kumar

Kumar Neelakandan © (Kumar NM) said...

ടെസ്റ്റ്. 4 from Kumar

Anonymous said...

പരീക്ഷിച്ചു പരിക്ഷീണനായ പരീക്ഷിത്തു പിന്നേം പരീക്ഷിക്കാന്‍ വന്നപ്പൊ പരീതിക്ക പറഞ്ഞു പരീക്ഷണം വേണ്ടെന്ന്. പരീക്ഷിക്കാതിരുന്നാല്‍ പരീക്ഷണം നടക്കുമോ?

Dinkan-ഡിങ്കന്‍ said...

Good one :)