Wednesday, September 28, 2005

മൈലാഞ്ചി

കല്യാണിക്ക്‌ ഒരു നിർബന്ധം..
കൈനിറയെ മൈലാഞ്ചിയിടണം.
രാത്രിതന്നെ പോയി വാങ്ങി എന്റെ ഉള്ളിലെ സ്നേഹനിധിയായ പിതാവ്‌. അതിരാവിലെ എണിറ്റ്‌ ഒത്തിരി സമയമെടുത്ത്‌ ഒരുകൈ മുഴുവൻ പൂക്കളും വള്ളിയും വരച്ചു എന്നിലെ ആർട്ട്‌ ഡയറക്ടർ..
വൈകുന്നേരം തിരിച്ചുവീട്ടിൽ വന്നപ്പോൾ ഞാൻ തിരക്കി .
"ഫ്രെണ്ട്സ്‌ ഒക്കെ എന്തു പറഞ്ഞു മൈലാഞ്ചി കണ്ടിട്ട്‌?".
"എല്ലാവർക്കും ഇഷ്ടമായി" കല്യാണി പറഞ്ഞു, "ഞാൻ ടീച്ചറിനെ കാണിച്ചു. ടീച്ചറിനും ഭയങ്കര ഇഷ്ടമായി. അഛനു എന്തു ജോലിയാണെന്നു ടീച്ചർ ചോദിച്ചു. ഞാൻ പറഞ്ഞുകൊടുത്തു. അപ്പോൾ റ്റീച്ചർ പറഞ്ഞു, "അഛനെ എനിക്കൊന്നു കാണണം. അഛനോട്‌ ഒന്നു നാളെ വന്നു എന്നെ കാണാൻ പറയുമോ എന്ന്".
ഞാൻ കല്യാണിയോടു തിരക്കി,'എന്തിനാ?'.
"എനിക്കറിയില്ല" കല്യാണി കൈമലർത്തി. അവളുടെ കയ്യിലെ മൈലാഞ്ചി എന്നെനോക്കി പുഞ്ചിരിച്ചു..
സുമ പറഞ്ഞു "ചിലപ്പോൾ ടീച്ചറിനും മൈലാഞ്ചി ഇടാൻ ആയിരിക്കും".
"ചിലപ്പോൾ ആയിരിക്കും" കല്യാണി അമ്മയെ സപ്പോർട്ട്‌ ചെയ്തു..
.
പിറ്റേന്ന് രാവിലെ ഞാൻ തന്നെ കല്യാണിയെ സ്കൂളിൽ കൊണ്ടുപോയി. പോകുംമുൻപ്‌ ഷേവ്‌ ഒക്കെ ചെയ്തു സുന്ദരനാവാൻ ഞാൻ മറന്നില്ല. (സുമ ഒളികണ്ണിട്ട്‌ നോക്കിയിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല.).
സ്കൂളിൽ എത്തിയപ്പോൾ എന്റെ ഹൃദയമിടിപ്പു കൂടി..
കല്യാണി പറഞ്ഞു,"ഇതാണു ടീച്ചർ! ടീച്ചർ ഇതാണ്‌ എന്റെ അഛൻ" ഞാൻ ടീച്ചറെ നോക്കി. ടീച്ചർ എന്നെ നോക്കി. ടീച്ചർ ചിരിച്ചു. എന്നിട്ട്‌ ടീച്ചർ ഒരു പേപ്പർ എനിക്കു തന്നു. വിറയാർന്ന കൈകളാൽ ഞാൻ അതു വാങ്ങി..
തുറന്നു വായിച്ചു....
നെറ്റിചുട്ടി - 1.
ജിമിക്കി - 1.
മുല്ലപ്പൂവ്‌ - 1 മുഴം.
നെൿലേസ്‌ - 1.
ബ്ലാക്ക്‌ റിബൺ - 1 മീറ്റർ.
പാദസരം - വീതിയുള്ളത്‌ 1.
... ലിസ്റ്റ്‌ നീളുന്നു... നിശ്ചലനായ എന്നെനോക്കി ടീച്ചർ " 6-ന്‌ യൂക്കേജിക്കാരുടെ ഡാൻസ്‌ ഉണ്ട്‌ ഇത്രയും സാധനങ്ങൾ ഇവിടെ എത്തിക്കണം. costume details നേരത്തെ കൊടുത്തിട്ടുണ്ട്‌..
ടീച്ചർ ചിരിച്ചു..
കല്യാണി ചിരിച്ചു..
കല്യാണിയുടെ കയ്യിലെ മൈലാഞ്ചിയും ചിരിച്ചു..
കഥകേട്ടപ്പോൾ സുമയും ചിരിച്ചു.

10 comments:

സു | Su said...

ഛെ! കുമാർ. ഇങ്ങനേയും ഉണ്ടോ ടീച്ചർമാർ. ഞാൻ വിചാരിച്ചു മൈലാഞ്ചി ഇട്ടു തരുമോന്ന് ചോദിക്കാൻ ആയിരിക്കുമെന്ന്. പാവം കുമാർ. ഇതിനു സുമയെ വിട്ടാൽ പോരായിരുന്നോ. ഹിഹിഹി. എനിക്കു തലകുത്തി നിന്നു ചിരിക്കാൻ തോന്നുന്നു.

aneel kumar said...

അപ്പോ കാള പെറ്റു അല്ലേ?

Kalesh Kumar said...

:)നന്നായിട്ടുണ്ട് കുമാർ!

പാപ്പാന്‍‌/mahout said...

അച്ഛന്റെ ജോലി art director ന്നതിനു പകരം dance director ന്നാണോ ആവോ കല്യാണി പറഞ്ഞുകൊടുത്തത് :)
[ps: ‘കല്യാണി’ നല്ല പേര്. എന്റെ favorite പേരുകളിലൊന്ന്]

Kumar Neelakandan © (Kumar NM) said...

സൂ ഞാനും അങ്ങനെ വിചാരിച്ചോ?
കാള പെറ്റില്ല. പക്ഷേ കയർ എടുത്തു എന്നത് സത്യം.
തുളസി അപ്പോൾ എന്റെ മോൾ ഭാഗ്യവതിയാണ് അല്ലേ!
കലേഷ് :) പക്ഷേ, നന്നായെങ്കിൽ സന്തോഷിക്കാൻ ഇതൊരു ‘ഉണ്ടാക്കി കഥ’യല്ല. ഇന്നു രാവിലെ സംഭവിച്ചതാണ്.

പാപ്പാൻ, അവൾ എന്റെ ജാതകം വരെ വിളം‌മ്പുന്നവളാണ്. അതുകൊണ്ട് അതിൽ തെറ്റുവരാൻ വഴിയില്ല.
കല്യാണി നാമത്തെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ സന്തോഷം.

Achinthya said...

Kalyaneede achan teachere nokki orupaadu chirikkanda.ukg kaaride ee list verum oru thudakkam maathram.More to come.
ini kuttiye paripaadikku kondu poval, thirichu kondu vara, judge inte colarinu keri pidikkal thudangiya vividha kalaparipaadikalil achanum panku cheraam

Kumar Neelakandan © (Kumar NM) said...

അചിന്ത്യ, ഇവിടേയ്ക്ക് സ്വാഗതം.
കമന്റുകേട്ടിട്ട് ഒരു പരിചയ സം‌മ്പന്നമായ കമന്റുപോലെ തോന്നുന്നു. ഇങ്ങനെയൊക്കെ ആണോ ഒരു പെൺ സ്കൂൾ ജീവിതം?

Achinthya said...

Swaagatham orithiri belated aayippoyi. Oru pakshe pinvashathe vEli polichu akathu kayariyathOndaavum kaanaanje.

PeNschoolil padhikkana molilya. avadathe teacherualla. pakshe ee 2 ganangalilum petta kure aalkkaare ariyam.athrye ullu.

Achinthya said...

ooops swagathathinu nandi parayaan vittu.nandri kooRikkolkiREn

Visala Manaskan said...

മൈലാഞ്ചി ഡിസൈൻ കണ്ട്‌ ആളെത്തിരിച്ചറിഞ്ഞായിരിക്കും ടീച്ചർ വിളിപ്പിച്ചതെന്നായിരുന്നു ഞാൻ വിചാരിച്ചേ... !

കുറച്ചുകൂടെ വല്ല്യൊരു ക്ലൈമാക്സിനായിരുന്നു ഞാൻ ചിന്തിച്ചുമോഹിച്ചിരുന്നതെങ്കിലും, ഉഷാറായിട്ടുണ്‌ കുമാറേ.