
Thursday, May 25, 2006
Monday, May 15, 2006
നിറങ്ങള്‍ തന് നൃത്തം 02





നിറങ്ങള്‍ തന് നൃത്തം. #01





Saturday, May 13, 2006
സായാഹ്നത്തിലെ ഒരു ഉച്ചനേരം..
ഉച്ചയൂണിരുന്നപ്പോള്‍ ജോസഫ് ചേട്ടന് ചിന്തിച്ചു, അമേരിക്കയിലിപ്പോ എത്ര സമയം ആയിട്ടുണ്ടാവും. അവിടെ അവര്‍ ഉറക്കമാവും. ഇവിടെ ഉച്ചയാകുമ്പോള്‍ അവിടെ അര്‍ദ്ധരാത്രി എന്നല്ലേ കുഞ്ഞുമോളുപറഞ്ഞെ. കുഞ്ഞുമോള്‍ റെജിയുടെ ഭാര്യയാണ്. റെജി, ജോസഫ് ചേട്ടന്റെ മകനും.
ജോസഫ് ചേട്ടന് സംശയിച്ചു, അപ്പോള്‍ ഇന്നത്തെ പകല്‍ അവര്‍ക്കു നമ്മുടെ ഇന്നലെ രാത്രിയായിരുന്നോ അതോ നാളെ രാത്രിയാണോ? അതു അവനോട് അന്നുവന്നപ്പൊ ചോദിക്കാന്‍ മറന്നുപോയി. ജോസഫേട്ടന്റെ ഓര്‍മ്മകള്‍ തിരിഞ്ഞുകറങ്ങിത്തുടങ്ങി. ജോസഫേട്ടന്റെ കയ്യിലിപ്പൊ വള്ളിക്കളസവും ഉടുപ്പും ഇട്ട റെജി പിടിച്ചിരിക്കുകയാണ്.
അവന് പറയുന്നുണ്ട് "അപ്പച്ചാ ഇന്നെങ്കിലും ജ്യോമട്രി ബോക്സ് കൊണ്ടു ചെന്നില്ലേല് മൂക്കന് സാറ് ക്ലാസില്‍ നിന്നും ഇറക്കിവിടും എന്നു പറഞ്ഞിരിക്കുവാ, ഉച്ചയ്ക്ക് ശേഷം വരും മൂക്കും നീട്ടിപ്പിടിച്ച് ആ പിശാച്."
"ടാ, അങ്ങനൊന്നും പറയാന്‍ പാടില്ല വാദ്യാന്മാരെക്കുറിച്ച്. അത് മേടിക്കാഞ്ഞത് നമ്മടെ കൊഴപ്പല്ലെ? അത് തോമാസിന്റെ പെട്ടിക്കടേല്‍ ഉണ്ടാവുവോടാ? അവനാവുമ്പൊ പിന്നെ കാശുകൊടുത്താല്‍ മതി.
നീ പേടിക്കണ്ട അപ്പനെന്തെങ്കിലും വഴിയൊണ്ടാക്കാം. ഉച്ചയ്ക്കല്ലെ"
ഉച്ചക്കഞ്ഞികഴിഞ്ഞു ക്ലാസ് തുടങ്ങുന്നതിനു തൊട്ടുമുന്‍പു ജോസഫുച്ചേട്ടനെത്തി. അയാള്‍ വിയര്‍ത്തിരുന്നു. തലയിലൊക്കെ ഉണക്കയിലയുടെ തുണ്ടുകള്‍ കുരുങ്ങിക്കിടന്നു. ജോസഫ് ചേട്ടന് ഇന്‍സ്ട്രമന്റ് ബോക്സ് റെജിക്കു നീട്ടി. അതു വാങ്ങുമ്പോള്‍ അപ്പന്റെ കയ്യില്‍ നീറുകടിച്ചപോലെയുപാടുകള്‍ റെജി ശ്രദ്ധിച്ചു വിരലിനിടയില്‍ ചത്തിരിക്കുന്ന നീറിനെയും.
"അപ്പനെന്തുപറ്റി? അപ്പനെവിടുന്നാ ഈ വരണേ?"
കീശയുടെ അറയില്‍ നിന്നും ഒരു കുഞ്ഞുമാമ്പഴം എടുത്തുകൊടുത്തിട്ട് ജോസഫ് ചേട്ടന് പറഞ്ഞു,
"നീയിതു ആരും കാണാതെ കൊണ്ടോയ് തിന്നൊ. പുത്തന്‍വീട്ടുകാരുടെ പുരയിടത്തില്‍ മാങ്ങപൊട്ടിച്ചുകൊടുത്തപ്പൊ നിനക്കായ് എടുത്തു വച്ചതാ. നിനക്ക് ഇഷ്ടള്ള മാമ്പഴ പുളിശ്ശേരിക്കുള്ളത് ഞാന്‍ അമ്മച്ചിയുടെ കയ്യില്‍ കൊടുത്തേക്കാം."
റെജിക്ക് മാമ്പഴ പുളിശ്ശേരി ഉണ്ടെങ്കില്‍ ഉണുകഴിക്കാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. മുതിര്‍ന്നിട്ടും അവന്റെ ആ കൊതി മാറീട്ടില്ല. പണ്ടൊരിക്കല്‍ അവധിക്കു വന്നപ്പൊ അവന്റെ കൊതി പറച്ചില് കേട്ടിട്ട്, കീഴെ പറമ്പിലെ തടിച്ചിമാവില്‍ ചാടിക്കയറിയതും ദേഹമാസകലം നീറുകടിച്ചതും ഒക്കെ ഓര്‍ത്തു ജോസഫ് ചേട്ടന്.
"ഇപ്പളും ചെറുപ്പാന്നാ വിചാരം?". മാവില്‍ നിന്നിറങ്ങി നീറുകുടഞ്ഞിടുമ്പോള്‍ റാഹേലമ്മ അടുത്തെത്തി.
"എടി റാഹേലമ്മോ, ഞാന്‍ എത്ര മരം കേറിയതാടീ. അങ്ങനെ കേറീട്ടാ ഇന്നെന്റെ പിള്ളാര് നല്ല നെലേ ഇരിക്കണെ. നീയിതു കൊണ്ടായ് നല്ല തകര്‍പ്പന്‍ പുളിശ്ശേരിണ്ടാക്ക് അവന്റെ ആ പഴയ കൊതിയന്‍ ചിരി ഞാനൊന്നു കാണട്ടെടീ"
"അല്ല പിന്നെ, തടിമാടന്‍ ചെക്കന്റെ കൊതിച്ചിരി കാണാനാ ഈ മാവേല് വലിഞ്ഞുകേറിയെ? വയസ്സെത്രായെന്നാ വിചാരം?" അന്ന് റാഹേലമ്മ ഒരുപാട് വഴക്കുപറഞ്ഞു. സ്നേഹ വഴക്ക്. ഇന്നിപ്പോള്‍ റാഹേലും ഇല്ല. സ്നേഹവഴക്കും ഇല്ല.
"താനെന്താടോ ചോറുകഴിക്കാഞ്ഞേ?" ഗോവിന്ദന് നായരുടെ വാക്കുകള്‍ ഒരു വലിയ മണിപോലെ മുഴങ്ങി. അതിന്റെ തരംഗങ്ങള്‍ ജോസഫ് ചേട്ടനെ ഓര്‍മ്മയില്‍ നിന്നും വിടുവിച്ച് കൊണ്ടുവന്നു.
അടുത്തിരുന്നു ഗോവിന്ദന് നായര്‍ ചോദിച്ചു. "മോനെക്കുറിച്ച് ഓര്‍ക്കുകാണോ? താന്‍ പേടിക്കണ്ടടോ ജോസപ്പെ അവന് അവന്റെ മോനേം കെട്ടിപ്പിടിച്ചിപ്പോ സുഖ ഉറക്കം ആയിരിക്കും. ഓര്‍ക്കാതിരിക്കുക. ഓര്‍ത്ത് തുടങ്ങിയാ പിന്നെ നമുക്കു നിര്‍ത്താനാവില്ല. നമ്മളിനി ഇങ്ങനെയൊക്കെ അങ്ങുകഴിഞ്ഞാമതി. നമ്മളൊരുപാട് പേരില്ലേ? സമപ്രായക്കാരല്ലെ? ഇതു തന്നെ ഒരു ഭാഗ്യം. താന്‍ കഴിച്ചിട്ട് എഴുന്നേല്‍ക്ക്. തമ്പിസാറിന്റെ വഴക്കു കേള്‍ക്കണ്ട."
ജോസഫ് ചേട്ടന്‍എഴുന്നേറ്റു.
"വിശപ്പില്ല, വയറ്റിലെന്തോ പെരുപ്പ്. തമ്പിസാറിന്ന് എന്നെ ഇത്തിരി വഴക്കു പറഞ്ഞോട്ടെ”. അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു.
Monday, May 08, 2006
മിഗെലെ നാവ് വിന്നി! (എന്റെ പേര് വിന്നി)
സഞ്ചാരികളില്‍ ചിലരൊക്കെ ബീച്ചില്‍ കാല് നനച്ചു നടക്കുന്നു, ചിലര്‍ ഷാക്കുകളില്‍ ഇരുന്നു തിരകണ്ട് ബിയര്‍ വിഴുങ്ങുന്നു. ഏറെക്കുറേ ഒഴിഞ്ഞ പിന്റോയുടെ ഷാക്കിന്റെ ഇടതുമൂലയിലെ ടേബിളിനരികില്‍ ഞാനിരുന്നു. എന്റെ മുന്നിലായി ഒരു തണുത്ത കിങ്ങ്ഫിഷറും.
ആഡ്വര്‍ടൈസിംഗ് ഫെസ്റ്റിവലിനുവന്നതാണെന്ന് എന്റെ ടീ ഷര്‍ട്ടില്‍ നിന്നും തിരിച്ചറിഞ്ഞപ്പോള്‍, ഒരു ബഹുമാനം പിന്റോയുടെ മുഖത്ത് നിന്ന് ഞാനും തിരിച്ചറിഞ്ഞു. കാരണം രണ്ടുദിവസമായി മജോഡ ബീച്ചിലെ ആഡ് വില്ലേജില്‍ ഒരു പീക്ക് സീസണിന്റെ തിരക്ക് ഇന്ത്യയിലെ ഈ ആഡ് കൂട്ടം സൃഷ്ടിച്ചിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു സ്മിര്‍നോഫുമായി പിന്റോയും എന്റെ അടുത്തിരിന്നു. സുനാമി വന്നശേഷമുള്ള തിരക്കുകുറയലിനെക്കുറിച്ചാണ് പിന്റോ പറഞ്ഞു തുടങ്ങിയത്. അയാള്‍ ഇടയ്ക്കിടെ അയാളുടെ ഗ്ലാസില്‍ അടിപറ്റിക്കിടന്ന നാരങ്ങാ കഷണത്തില്‍ നോക്കി ഗ്ലാസ്സ് ചലിപ്പിച്ചുകൊണ്ടിരുന്നു. പിന്റോയുടെ വാക്കുകളില്‍ നിന്നും എനിക്കുമനസിലായി ഒരു വലിയകാര്യം, രാവിലെ മുതല്‍ ഉച്ചവരെ വെറുതെ കടലും നോക്കിയിരിന്നു ഒരു ബിയര്‍ മാത്രമടിക്കുന്ന വിദേശിയെക്കാളും അവര്‍ക്കിഷ്ടം അല്‍പ്പനേരം കൊണ്ട് ഒരുപാട് കുടിച്ച് വയറുനിറയെ അഹാരവും തിന്നിറങ്ങിപ്പോകുന്ന സ്വദേശിയെയാണ്. സമയത്തിന്റെ വിലവയ്ക്കലില്‍ വിലയേറുന്ന സ്വദേശനാണ്യം.
കടലില്‍ നിന്നും കുളിച്ചുകയറി ഒരു വിദേശി നേരേ നടന്ന് ഷാക്കിലേക്ക് കയറി വന്നു. പിന്റോ മെനുകാര്‍ഡുമായി ആ ടേബിളിലേക്ക്. എന്റെ കണ്ണുകള്‍ അധികം പൊങ്ങാതെ പരന്നുവരുന്ന തിരയിലേക്ക്. അതിന്റെ അരുകില്‍ നുരയുന്ന പതയിലേക്ക്.
"ഗുഡ്മോണിംഗ് സര്" സായിപ്പിരുന്ന വശത്ത് ഒരു പെണ് ശബ്ദം. ഹാഫ് സാരികള്‍ പോലുള്ള തുണികളും ചില ഷോര്‍ട്ട് കുര്‍ത്തകളും കയ്യില്‍ വാരിച്ചുറ്റി ഒരു പെണ്‍കുട്ടി സായിപ്പിന്റെ അടുത്തായി നിലത്തിരിക്കുന്നു. കാണാപാഠം പടിച്ച പോലെ അവള് ഇംഗ്ലീഷ് പറയുന്നു.
"ലുക്ക് ഹിയര്‍ സര്, ദിസ് ഈസ് റിയലി എ ഗുഡ് പീസ് സര്. ഗുഡ് മാച്ച് സര്."
സായിപ്പ് ഒരു ചെറുചിരിയോടെ ആ കുര്‍ത്തയിലും സാരിതുണ്ടിലും നോക്കി. എന്നിട്ട് വേണ്ട എന്നു പറഞ്ഞു. അതിനിടയില്‍ പിന്റോയും ഈ പെണ്‍കുട്ടിയും തമ്മില്‍ കൊങ്ക്ണിയില്‍ എന്തൊക്കെയോ കുശലം പറയുന്നു. സായിപ്പ് കൈവിട്ട അവളുടെ നോട്ടം ഞാനാകുന്ന സ്വദേശിയിലേക്ക് നീണ്ടു. തുണികളും വാരിപ്പിടിച്ച് അവള് എന്റെ ടേബിളിനരികിലെത്തി.
"ഗുഡ്മോണിംഗ് സര്" "ഗുഡ് മോണിംഗ്"
ഞാന്‍ ചിരിച്ചു.
അവള് പിന്റോയെനോക്കി. "ഹക്കാ കൊങ്ക്‍ണി എത്താ?" എനിക്ക് കൊങ്ക്‍ണിയറിയാമോ എന്ന് അവള് അവനോട് ചോദിച്ചു. പിന്റോ ചിരിച്ചതേയുള്ളു.
"സര് യുവര്‍ സ്റ്റേറ്റ്" എവിടെ എന്ന് അവള് കൈകൊണ്ട് ചോദിച്ചു. ഞാന്‍ അതിനും ചിരിച്ചു.
"തുഗ്ലെ ഗാവ് കാന്‍ഞ്ചെ?" ചിരികണ്ടിട്ടാവും അവള് കൊങ്ക്ണിയില്‍ തന്നെ ചോദിച്ചു.
ഞാന്‍ അതിനും ചിരിച്ചു. പിന്നെ അവള് എന്റെ ഊരുതിരക്കാന്‍ നിന്നില്ല. കുര്‍ത്ത എന്നെ അടിച്ചേല്‍പ്പിക്കാന്‍ അവള്‍ക്ക് അറിയാവുന്ന ഇംഗ്ലീഷില്‍ അവള് ശ്രമം തുടര്‍ന്നു. കുര്‍ത്തയ്ക്ക് പിടികൊടുക്കാതിരിക്കാന്‍ ഞാനും ശ്രമിച്ചു. പതിനഞ്ചുവയസിനടുത്തു പ്രായം വരുന്ന അവളുടെ മാര്‍ക്കറ്റിംഗ് സ്റ്റ്രാറ്റജിയില്‍ എന്നിലെ ആഡ്മാന്റെ കണ്ണുതള്ളി. അവള് കുര്‍ത്ത വിട്ട് ബാഗില്‍ നിന്നും കശുവണ്ടി പാക്കറ്റ് കയ്യിലെടുത്തു.
"ഇതൊരു കുരിശായല്ലൊ!" ഞാന്‍ അറിയാതെ പറഞ്ഞുപോയി. അവള് ഒരു നിമിഷം എന്റെ മുഖത്ത് നോക്കി. അവള് തുണിയൊക്കെ ബാഗിലേക്ക് തിരിച്ചു വയ്ക്കുമ്പോള്‍ ചോദിച്ചു.
"സാറ് മലയാളിയാണല്ലേ?. കുരിശല്ല സര്. ഇത് ജീവിക്കാന്‍ വേണ്ടിയാണ് സര്." വാടിയ മുഖം. അവള് എല്ലാം വാരിയെടുത്ത് പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുന്നു.
"അപ്പോ, ഞാന്‍ നിന്റെ കയ്യില്‍ നിന്നും ഒന്നും വാങ്ങണ്ടേ?" വീണ്ടും തിളങ്ങുന്ന മുഖം.
"ഈ ബ്ലാക്ക് കുര്‍ത്ത എടുക്കട്ടെ സര്?. സാറിനിതു നന്നായിട്ട് ചേരും. എനിക്കു നേരത്തെ തോന്നിയിരുന്നു, സാര്‍ മലയാളിയാണെന്ന്"
"പിന്നെന്താ നീ ചോദിക്കാത്തെ?"
"പേടിച്ചിട്ടാ സാര്‍. മലയാളീന്ന് കേള്‍ക്കുമ്പോ പേട്യാ"
"അതെന്തിനാ?"
"ഒന്നുമില്ല സര്! ബ്ലാക്ക് തന്നെയെടുക്കട്ടെ സര്?" അവള് വിഷയം മാറാനുള്ള ശ്രമത്തില്‍.
"എന്താ നിന്റെ പേര്?
"വിന്നി!" "എന്താ ശരിക്കുള്ള പേര്?"
"അതന്നെ"
"അതല്ല!. ശരിക്കുള്ള പേരുപറയു."
"അതു ഞാന്‍ മറന്നുപോയി. 'മിഗെലെ നാവ് വിന്നി' എന്നു പറഞ്ഞ് ശീലിച്ചുപോയി"
"ഓര്‍ത്തുപറയു"
"മാലിനി" ഓര്‍ക്കാതെ തന്നെ അവള് പറഞ്ഞു.
തൊടിയില്‍ പൂപറിക്കാനിറങ്ങിയ ഇള്ളക്കുട്ടിയെ ഒരമ്മ ആ പേരില്‍ നീട്ടിവിളിച്ചു. എന്റെ മനസ് വടക്കന്‍ കേരളത്തിലെ തെങ്ങും കവുങ്ങും നിറഞ്ഞ ഒരു തൊടിയില്‍ ഒരുനിമിഷം ചുറ്റി. ഒരുപാട് തിരകള്‍ തീരം നക്കി തിരിച്ചുപോയി. അവള് ഒരിടത്തും തൊടാതെ അവളുടെ "വിന്നിയാകലിന്റെ കഥ" സൂചനകളിലൂടെ തന്നു. സംസാരത്തിന്റെ ഒരു തിരിവില്‍ അവള് ബ്ലാക്ക് കുര്‍ത്തയോടൊപ്പം ഒരു പാക്കറ്റ് കശുവണ്ടിയും എടുത്തുവച്ചു. എന്നിട്ട് മുഖത്ത് നോക്കാതെ പറഞ്ഞു.
"മതി സര്. ഇനി അധികം ഒന്നും ചോദിക്കരുത്." ഉയര്‍ന്നുവന്ന അടുത്ത ചോദ്യം തെങ്ങും കവുങ്ങും നിറഞ്ഞ തൊടിയിലേക്ക് തിരിച്ചുപോയി. പിന്നെ ഞാനൊന്നും ചോദിച്ചില്ല. അവളോട് രണ്ട് പാക്കറ്റ് കശുവണ്ടിമാത്രം വാങ്ങി. കുര്‍ത്തയുടെ സൈസ് ശരിയാവാത്തതില്‍ അവള് സ്വയം ശപിച്ചിട്ടുണ്ടാവണം. അവള് അടുത്ത ഷാക്കിലേക്ക് നീങ്ങി, ചുണ്ടില്‍ മറ്റൊരു ഗുഡ് മോര്‍ണിങ്ങുമായി. അടുത്ത ഒരു ബിയറിനു ഞാന്‍ പിന്റോയോടു പറഞ്ഞു.
കടലില്‍, തിരയില്‍ നോക്കിയിരുന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു. ഇത് കഥയാണ്, ജീവിതമല്ല.
Friday, May 05, 2006
തിരവരുന്നതും കാത്ത്.

പണ്ട്, കമ്മ്യൂണിസത്തിനും, കള്ളുകച്ചവടക്കാരനും മുന്‍പേ ഓളങ്ങളില്‍ ഉലഞ്ഞ് തീരമണഞ്ഞ ഇവന് കരയില്‍ ഒരു പിടിച്ചടക്കലിന്റെ വേരിറക്കി വളര്‍ന്നു.
ഒരു നാടിന്റെ നാമത്തിനുവരെ കാരണക്കാരനായി, നമുക്കുമുകളില്‍ പച്ചക്കുടചൂടി ഇവനും കൂട്ടരും നിന്നു.
ഇവരുടെ ശരീരത്തില്‍ ഇവരില്‍ നിന്നുണ്ടാക്കിയ കയര്‍ചുറ്റിക്കെട്ടി ഉണ്ണികള്‍ ഊഞ്ഞാലാടി.
പാപത്തിന്റെ മൂര്‍ത്തിയായ് ദൈവസന്നിധിയില്‍ ഇവന് നമുക്കുവേണ്ടി ഉരുണ്ടു പൊട്ടിത്തകര്‍ന്നു. നമ്മുടെ ഭക്ഷണ സങ്കല്പം തന്നെ ഇവനുമായി ഇടകലര്‍ന്ന് കിടക്കുന്നു.
ഒരു ചിതകെട്ടടങ്ങുമ്പോള്‍ നനഞ്ഞമണ്ണില് അവശേഷിപ്പിന്റെ എല്ലിന് കഷണങ്ങള്‍ക്കിടയിലൂടെ ഇവര്‍ വേരിറക്കി വളരും. ചാരം വലിച്ചെടുത്ത് തിടം വയ്ക്കും.
ജനിമൃതികളിലൂടെ എവിടെയെക്കെയോ കുരുങ്ങിക്കിടക്കുന്ന അടുപ്പം.
