Saturday, October 22, 2005

മഴപെയ്യുമ്പോൾ..

ബ്ലോഗ്‌ ചില്ലകളിൽ എന്റെ വക ഒരു ചെറുമഴ. എല്ലാവർക്കും ഇവിടേയ്ക്ക്‌ സ്വാഗതം. ഈ മഴതണുപ്പിൽ നമുക്കോരോ കട്ടൻ കാപ്പിയും കുടിച്ച്‌ അരിമുറുക്കും കടിച്ചിരിക്കാം. കൊച്ചുവർത്താനങ്ങൾ പറയാം. സൌഹൃദത്തിന്റെ ഒരു ചിരിയെങ്കിലും ചുണ്ടിൽ തിരുകിവയ്ക്കാം.

ഈ മഴ പെയ്യട്ടെ. പെയ്തൊഴിയട്ടെ.

എല്ലാവരും എത്തും എന്ന് പ്രതീക്ഷിക്കുന്നു. മലയാളത്തിലെ എനിക്കറിയാത്ത ഏതോ ആദിബ്ലോഗൻ മുതൽ ഇന്നലെ ഡും ഡും ഡും കൊട്ടി വന്ന ഇളമുറക്കാരൻ 'വർണമേഘങ്ങൾ' വരെ.

രണ്ടുകുത്തിന്റെ ഒരു കോളൻ ഒരു റൈറ്റ്‌ ബ്രാക്കറ്റ്‌. ഇത്രയെങ്കിലും മതി.

19 comments:

Visala Manaskan said...

അരിമുറുക്കും കട്ടൻ കാപ്പിയും മഴയുടെ തണുപ്പും... എന്നാ കോമ്പിനേഷൻ.... അടിപൊളി.

viswaprabha വിശ്വപ്രഭ said...

ഏറെ കാത്തിരുന്നതാണീ തുലാമഴ!

പെയ്യട്ടെ! തിമർത്തുപെയ്യട്ടേ!
കറുത്ത ചെട്ടിച്ചികൾ അവയുടെ സ്നേഹഗർഭങ്ങൾ മുഴുവനും നമുക്കു മേലേ പെയ്തൊഴിഞ്ഞുപോട്ടെ.


ഇലപൊഴിയും കാടുകളിൽ നീറിനീറിപ്പടരുന്ന വന്ധ്യാഗ്നികൾ ഈ മഴയുടെ കുളിരിൽ തലതല്ലിച്ചത്തുപോട്ടെ.
വേനലിന്റെ തളർച്ചയിൽ മണ്ണടിഞ്ഞുണങ്ങിച്ചുരുങ്ങിയ ശുഷ്കപത്രച്ചീളുകൾ ഇനി കോച്ചിവിറച്ച് ഗതകാലവിസ്മൃതിയിലാണ്ടുപോട്ടെ.

നമുക്കിനി പുതുമണ്ണിന്റെ മണം രുചിക്കാം.
നമ്മുടെ കളിപ്പന്തുകളും പേറി മഴയൊഴിയുന്ന വൈകുന്നേരങ്ങൾ കാത്തുകാത്തിരിക്കാം.
മലയാളത്തമ്മ വിളമ്പിത്തരുന്ന പാൽക്കഞ്ഞി ചുടുചുടാ കോരിക്കുടിക്കാൻ പ്ലാവിലയും കോർത്ത് വരിവരിയായിരിയ്ക്കാം.

Achinthya said...

ഓ...ഒന്നു ശ്വാസം പിടിച്ചു നോക്ക്യാ മതി,പരിചയള്ള ഒന്നു രണ്ടു കുഞ്ഞു മുഖങ്ങള്‍ ആ ഇല നീക്കി പുറത്റ്റൃേക്കു നോക്കും കുമാര്‍.ആ ഇലക്കുടടെ ഉള്ളില്‍ക്കും മഴ തുള്ളി വരും ന്നുള്ള ഒരു പ്രതീക്ഷ്യോടെ.
അറിയുൊ അവരെ? അതൊ മറന്നുൊ?

Kumar Neelakandan © (Kumar NM) said...

മഴയുടെ താളം മുറുകുന്നതനുസരിച്ച്, ഓരോരുത്തരായി എത്തിത്തുടങ്ങി. സന്തോഷം.

ആദ്യമെത്തിയത് എവിടെയ്മെന്നപോലെ വിശാലൻ. അദ്ദേഹം അരിമുറുക്ക് നുണയുമ്പോളെത്തി വിശ്വപ്രഭ. കുറേ നാളുകൾക്ക് ശേഷം ഈ വഴി വന്നതാണ്. ഈ വരവിന്റെ ആദ്യ ഇരിപ്പ് എന്റെ കോലായയിൽ ആയതിൽ ഞാൻ സന്തോഷിക്കുന്നു.

പിന്നെയെത്തി അചിന്ത്യ.
അചിന്ത്യാ ഇലക്കുടയുടെ മറവിൽ ഇരിക്കുന്നവരെ എനിക്കറിയാമായിരിക്കും പക്ഷേ ഞാനവരെ മറന്നു പോയി. അവരെക്കുറിച്ചറിയാൻ വലിയ തിടുക്കം ഉണ്ട്. ചെറിയ തുള്ളികൾ തന്നാൽ മതി ഞാൻ ഊഹിച്ചോളാം. പഴയതുപോലെ ഒന്നും ശ്വാസം പിടിക്കാൻ വയ്യ അചിന്ത്യ.
എന്തായാലും പെരുത്തു നന്ദി വന്നതിന്.

സു | Su said...

കുമാറേ,
മഴയൊക്കെ കഴിഞ്ഞ് ഇലയൊക്കെ വാടുമ്പോൾ എനിക്കു തരണേ. ബ്ലോഗിലെ ചീഞ്ഞ തക്കാളിപ്പോസ്റ്റുകൾ പൊതിഞ്ഞു വെക്കാനാ. നിങ്ങളുടെ ഒക്കെ മനോഹരമായ ബ്ലോഗ് കാണാൻ വരുന്നവർക്ക് അസ്കിത ഉണ്ടാകരുതല്ലോ.

aneel kumar said...

മഴയത്ത് ആ പഴയ ‘കുടകൾ’ തന്നെ നനഞ്ഞൊലിച്ചു നിൽക്കുന്നതുകാണാനൊരു ചേലുണ്ട്.
ഇവിടൊക്കെ മഞ്ഞപ്പച്ച വാഴയിലകളാണ്.

keralafarmer said...

മഴ പെയ്യുന്നതിന്‌ മുൻപ്‌ കടയിൽ പോകാനിറങ്ങിയ ഞാൻ പെയ്ത മഴ നനയാതെ ഒരു കട വരാന്തയിൽ കയറി ഒരു മണിക്കൂറോളം നിന്നു. ഓടയിലൂടെ തപ്പിയും തടഞ്ഞും ചെറുത്തു നിറുത്തിയും ഒഴുകുന്ന കുറെ പ്ലാസ്റ്റിക്‌ കവറുകൾ. കണ്ടപ്പോൾ ദുഖം തോന്നി. ചെന്നുവീഴുന്ന കരമനയാറിന്റെ വിധി - നാട്ടുകാരുടെ വക.

aneel kumar said...

അനിൽ :‌Anil said...
മഴയത്ത് ആ പഴയ ‘കുടകൾ’ തന്നെ നനഞ്ഞൊലിച്ചു നിൽക്കുന്നതുകാണാനൊരു ചേലുണ്ട്.
ഇവിടൊക്കെ മഞ്ഞപ്പച്ച വാഴയിലകളാണ്.

7:10 AM, October 22, 2005


Keralafarmer said...
മഴ പെയ്യുന്നതിന്‌ മുൻപ്‌ കടയിൽ പോകാനിറങ്ങിയ ഞാൻ പെയ്ത മഴ നനയാതെ ഒരു കട വരാന്തയിൽ കയറി ഒരു മണിക്കൂറോളം നിന്നു. ഓടയിലൂടെ തപ്പിയും തടഞ്ഞും ചെറുത്തു നിറുത്തിയും ഒഴുകുന്ന കുറെ പ്ലാസ്റ്റിക്‌ കവറുകൾ. കണ്ടപ്പോൾ ദുഖം തോന്നി. ചെന്നുവീഴുന്ന കരമനയാറിന്റെ വിധി - നാട്ടുകാരുടെ വക.

7:49 AM, October 22, 2005

aneel kumar said...

കുറേ നേരം മുമ്പ് ഞാനിവിടൊരു കമന്റ് വച്ചിരുന്നു.
ഒരു മണിക്കൂറോളം അത് വെളിച്ചത്തു വന്നില്ലായിരുന്നു. ഈ പോസ്റ്റ് കമന്റ് പേജിൽ മാത്രമായി എന്റെയും ചന്ദ്രേട്ടന്റെയും കമന്റുകൾ ഒളിച്ചു കിടന്നിരുന്നു. രണ്ടിനെയും ഒന്നുകൂടിയെടുത്തിട്ടപ്പോഴേയ്ക്കും എല്ലാം ചേർന്നൊത്തുവന്നു. ബ്ലോഗ്ഗറുടെ ഓരോ ലീലാവിലാസങ്ങൾ!

aneel kumar said...

കരമനയാറിന്റെ ഗതികേട് കഴിഞ്ഞയാഴ്ച ജഗതി ഒരു പ്രസംഗത്തിൽ നാടൻ രൂപത്തിൽ തുറന്നടിച്ചിരുന്നു.
വെനീസിൽ ജലപാതകൾക്കിരുവശവും എങ്ങനെ ഉപയോഗിച്ചിരിക്കുന്നുവെന്നും നമ്മൾ ജലപാതകളെയും കൊച്ചു നദികളെയും എന്തിനാണുപയോഗിക്കുന്നതെന്നും.

Kumar Neelakandan © (Kumar NM) said...

സൂ എന്തിനു മഴകഴിഞ്ഞു ഇല വാടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കണം? തൽക്കാലം മഴ കഴിയട്ടെ. എല്ലാവരും ഈ മഴ നനയുകയല്ലെ. ഇതുകഴിഞ്ഞു വെയിൽ വന്നു ഇലവാടുന്നതുവരെ എന്തിനു കാക്കണം? ഈ മഴത്തുതന്നെ ഇലവെട്ടിക്കോളൂ, അങ്ങനെ തോന്നുന്നെങ്കിൽ... ഞാൻ ആരെയും വിളിച്ചത് എന്റെ വാഴതോട്ടത്തിലെ ഇലവെട്ടാനല്ല. ഒപ്പമിരുന്നു നനയാനാണ്. എന്റേതൊക്കെ നനഞ്ഞ ബ്ലോഗുകളാണ് സൂ. മനോഹാരിത കുറയും. വരാൻ തോന്നിയാൽ ഒപ്പം നനയാം.

അനിചേട്ടൻ, ഇവിടെ ഇപ്പോഴും പച്ചഇലകൾ തന്നെ. നനയുമ്പോൾ അത് കൂടുതൽ സുന്ദരിയാകും.

ചന്ദ്രേട്ടൻ. നമ്മുടെ സദ്യകളെപ്പോലും പ്ലാസ്റ്റിക് പേപ്പറുകൾ വിലയ്ക്ക് എടുക്കുകയല്ലെ. ഓടകൾ ഇനിയും നിറയും. ജീവിതമാകെ പ്ലാസ്റ്റിക് ആകും. നിങ്ങൾക്കൊക്കെ മാത്രമേ ഉണ്ടാകൂ ചന്ദ്രേട്ടാ ഇനി ഇവിടെ നന്മയുടെ ഇളം തളിർ നിറം.

Kumar Neelakandan © (Kumar NM) said...

ജഗതിയുടെ പ്രസംഗം ഞാനും കണ്ടു ഒരു ചാനലിൽ. ഉള്ളുകൊണ്ടു കയ്യടിച്ചുപോയി.
ജഗതി പറഞ്ഞതൊക്കെ ശരിയല്ലെ. വലിയ കുറേ ശരികൾ.

ജെയിംസ് ബ്രൈറ്റ് said...

Your blog is amazing.
My best wishes.

പാപ്പാന്‍‌/mahout said...

ഒരു പഴയ മഴക്കവിത:

....... വരുന്നി-
ണ്ടിടവപ്പതിക്കാർമേഘം
കറുകറെയെന്നു വിളിച്ചെതിരേൽപ്പൂ
തവളകളതിനെസ്സാമോദം
അതുകേൾക്കുമ്പോൾ കർഷകനുടെ
തൂമിഴികളിലെന്തെന്താനന്ദം.

ആദ്യവാക്കുകളോർമ്മയില്ല, എഴുതിയ വരികൾ തന്നെ ശരിയാണോ എന്നുമറിയില്ല. അറിയാവുന്നവർ പൂരിപ്പിക്കുക, തിരുത്തുക.

Kalesh Kumar said...

കുമാർ,
ഞാനീ പടം ഇപ്പഴാ കണ്ടത്!
ഉഗ്രൻ പടം കുമാർ!

ഇവിടെ യു.ഏ.ഈയിൽ തണുപ്പുകാലം തുടങ്ങുന്നതേയുള്ളു. നാട്ടിൽ നല്ല മഴയുണ്ടല്ലേ?

nalan::നളന്‍ said...

നനഞ്ഞു, കുതിര്‍ന്നു, കുളിര്‍ന്നു..
കട്ടനും നുണഞ്ഞു, മുറിബീടിയും പുകച്ചു.
നന്നായീ..

അഭയാര്‍ത്ഥി said...

Ullil thee aalikkunna, thullikoru kudam pemaari.

Chorunnidathokke paathram vachu, eeranadichu,sahodharangale eruke punarnnu, muzhinja viriyudeyuum,
enna manakunna thalayinayudeyum,
nostalgia pakarunnu ee mazha.

Aksharangalum mazhayum thonniyidathokke peyyatte. athinu chitta vattangalilla.
Gandharvan mazhakothiyan

അതുല്യ said...

ബ്ലോഗു പൂട്ടി ഡെൽഹിക്കു റ്റിക്കറ്റും പാസ്പോർട്ടും തപ്പുന്ന തിരക്കില്ലാ ഞാനീ പടം കണ്ടതു. വൈകി. മഴ മനസ്സിൽ മാത്രമാണിപ്പോൾ.., എന്നാലും പടം കണ്ടപ്പോ തണുക്കുന്നു,
ഇനിയിപ്പോ മഴ തോരുമ്പോ, നാളെത്തെ ഊണിനു ഇല തുടയ്കാതെ കഴിഞ്ഞു! പക്ഷെ, കാറ്റടിച്ചപ്പോ, ഇലക്കു നുഴി വന്നോ ആവോ?

Jo said...

നല്ല ചിത്രം. ഒരു പാട്‌ ഓർമകളെ കൊണ്ടു വരുന്നു... മഴ നോക്കി ഇറയത്തിരിക്കുമ്പോ പശ്ചാത്തല സംഗീതമൊരുക്കാൻ മേൽപുരയിലെ ഓടുകൾക്കിടയിലൂടെ ചോർന്നൊലിച്ച്‌ താഴെ വച്ചിരിക്കുന്ന പാത്രത്തിൽ വീഴുന്ന വെള്ളത്തുള്ളികളുണ്ടായിരുന്നു.

മഴയെ പറ്റി കവിത കുറിക്കുമ്പോഴും, ഒന്നു കിടക്കാൻ നിലത്തു വിരിക്കുന്ന പായയിൽ പോലും വന്നു ശല്യം ചെയ്യുന്ന ഈ വെള്ളത്തുള്ളികളേയും ഒപ്പം മഴയേയും ശപിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

അപ്പോഴും മഴ അതിന്റെ രൌദ്രത കലർന്ന കാൽപനികതയോടെ, കുളിരു പെയ്യുന്ന പ്രണയാർദ്രതയോടെ പെയ്യാറുണ്ടായിരുന്നു...