Thursday, March 23, 2006

വീണ്ടും ഒരവധിക്കാലം.

കുളക്കരയിലുള്ള വാകയുടെ ചാഞ്ഞ കൊമ്പത്തു നിന്നും താഴെയുള്ള കുളിര്‍മ്മയിലേയ്ക്കു മത്സരിച്ചുള്ള കൂപ്പുകുത്തലുകളും, മരം കയറലും, തവളച്ചാട്ടവും, വൈക്കോല്‍ത്തുറുവിനുള്ളിലെ ഒളിച്ചുകളിയും, മാവിന്റെ ഉച്ചിയില്‍ കയറി ആകാശത്തിന്റെ തൊട്ടുതാഴെ നിന്നും പറിച്ചു തിന്നുന്ന പച്ചമാങ്ങയുടെ അഹങ്കാരം കലര്‍ന്ന പുളിപ്പും പഴങ്കഥകളായി ചുണ്ടു കോട്ടുന്ന പുതിയ ബാല്യം!

ഉച്ചവേനലുകള്‍ക്കു കുടപിടിച്ചിരുന്ന ഞാവല്‍മരങ്ങളിന്നില്ല. പകരം ഇതിന്റെയൊക്കെയിടയില്‍ സ്വന്തം സ്വത്വമേതെന്നറിയാതെ അമ്പരന്നു നില്‍ക്കുന്ന പ്രകൃതിയുടെ അങ്കലാപ്പ്‌ മാത്രം!

കമ്പ്യൂട്ടറും, റ്റീവിയും, ക്രിക്കറ്റ്‌ ബാറ്റുമില്ലെങ്കില്‍ ജീവിതം ശുദ്ധശൂന്യമായിപ്പോകുന്ന നമ്മുടെ മക്കള്‍ക്കിനിയെന്ത്‌?

(മെയിലിലൂടെ ഈ ചിത്രം കണ്ടിട്ട് മുകളില്‍ കാണുന്ന വാക്കുകളും ചിന്തകളും ഉരുക്കിയെടുത്ത എന്റെ പ്രിയ ചങ്ങാതിക്ക് ഒരു പാട് നന്ദി)

Sunday, March 05, 2006

റാണാഘട്ടില്‍..

...ഒരു കൂട്ടമാളുകള്‍ ധൃതിവെച്ചുപോകുന്നത്‌ കുഞ്ഞുണ്ണിയുടെ ശ്രദ്ധയില്‍ പെട്ടു. ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന പുതിയ കോളറക്കേയ്സുകളാണ്‌.

കുഞ്ഞുണ്ണിയും ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു നടന്നു. ആശുപത്രിക്കൂടാരത്തില്‍ നിരനിരയായ മേശകള്‍ക്കുമേല്‍ അതിസാരം പിടിപെട്ട മെലിഞ്ഞ മനുഷ്യര്‍ കിടക്കുന്നു. കൂടാരത്തിന്റെ അറ്റത്ത്‌ ഒരു വെള്ളക്കാരി കിണഞ്ഞ്‌ പടമെടുക്കുന്നു. കുഞ്ഞുണ്ണി അവിടെ ചെന്നുനോക്കി. ഈരണ്ടുവയസ്സുചെന്ന രണ്ടുകുട്ടികള്‍ അടുത്തടുത്ത മേശകളില്‍ കിടക്കുന്നു. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ആണ്‍കുട്ടിയുടെ അച്ഛന്‍ മേശക്കരുകില്‍ നിന്നു, അയാള്‍ മുസല്‍മാനാണ്‌. പെണ്‍കുട്ടിക്ക്‌ ആരുമില്ല, അവളുടെ അച്ഛനും അമ്മയും അതിസാരത്തില്‍ മരിച്ചുപോയിരുന്നു. അവളെ എടുത്തുകൊണ്ടുവന്ന സന്നദ്ധസേവകന്മാര്‍ അവള്‍ ഹിന്ദുവാണെന്നു പറഞ്ഞു. മരുന്നിന്റെയും സലൈനിന്റെയും ദൌര്‍ലഭ്യം; ചെറുപ്പക്കാരിയായ ഒരു വൈദ്യവിദ്യാര്‍ത്ഥിനി പ്രത്യാശയില്ലാത്ത യുദ്ധത്തില്‍ മുഴുകി. വിശ്രമമില്ലാതെ പടമെടുത്ത വെള്ളക്കാരിയും ആ കുട്ടികളുടെ ജീവനുവേണ്ടി പൊരുതുകയാണെന്നു തോന്നി. ഈ റോളുകള്‍ പടമെടുത്തു തീരുമ്പോഴേക്കും അവയുടെ അവസാനതിലൊരു ചിത്രത്തില്‍ കുട്ടികള്‍ ചിരിച്ചുകളിച്ചുകൊണ്ട്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരുമെന്നു ശാഠ്യം പിടിക്കുക. കുഞ്ഞുണ്ണിക്ക്‌ അവിടെ നിന്ന് മാറാന്‍ കഴിഞ്ഞില്ല; ആ രണ്ടു ചെറിയ ഉടലുകള്‍ക്കകത്ത്‌ കോശവും വിഷകൃമിയും പോരാടുകയാണ്‌, ആ തമ്പിനു പുറത്തെ ചരിത്രസ്ഥൂലതകളിലെവിടെയോ നടക്കാനിരിക്കുന്ന ഒരു രാഷ്ട്രപ്പിറവിയ്ക്കുവേണ്ടി.

ഉച്ചതിരിഞ്ഞപ്പോള്‍ കുട്ടികള്‍ ശാന്തരായി. അവര്‍ കണ്ണുതുറന്നു ചിരിച്ചു. നനുത്ത ശബ്ദത്തില്‍ എന്തോ പറഞ്ഞു. ആണ്‍കുട്ടി തന്റെ ചെറിയ കൈ നീട്ടി പെണ്‍കുട്ടിയുടെ കൈയ്ക്കു പിടിച്ചു. പാണീഗ്രഹണം, സ്വയംവരം. കൈകോര്‍ത്തു പിടിച്ചുകൊണ്ടവര്‍ മേശകളില്‍ ശാന്തരായി മരിച്ചു.

ഇത്തിരിക്കഴിഞ്ഞ്‌ ശവങ്ങളെ അടക്കം ചെയ്യാന്‍ നേരമായപ്പോള്‍ മുഹമ്മദീയനായ അച്ഛന്‍ പറഞ്ഞു, "അവള്‍ എന്റെ കുട്ടിയുടെ കൂടെ കിടക്കട്ടെ."

ശവക്കുഴിയുടെ ചുറ്റും നിന്ന നാലഞ്ചുപേരില്‍ കുഞ്ഞുണ്ണിയും ഛായാഗ്രാഹികയായ മദാമ്മയും നിന്നു. മണ്ണു വീണു തൂരുമ്പോള്‍ മദാമ്മ കരയുകയായിരുന്നു. മാനം നിറഞ്ഞുനിന്ന വിരക്തിയുടെ സ്ഫടികമണ്ഡലത്തിലൂടെ അപ്പോഴും പക്ഷികള്‍ ഭാഗീരഥിയുടെ തടങ്ങളിലേക്ക്‌ പറന്നുപോയി.

തിരിച്ചു പോകാനൊരുങ്ങുമ്പോള്‍ മദാമ്മ കുഞ്ഞുണ്ണിയോടു പറഞ്ഞു, "ദൈവം എന്റെ ഈ പാപം പൊറുക്കട്ടെ, കൈ കോര്‍ത്തുപിടിച്ചു മരിച്ച ഈ കുട്ടികളുടെ ചിത്രം എന്റെ പത്രങ്ങളില്‍ അച്ചടിച്ചുവരും. ബര്‍ലിനിലും ഫ്രാങ്‌ക്‍ഫര്‍ട്ടിലും പ്രാതല്‍ കഴിക്കുന്ന വീട്ടമ്മമാര്‍ അതിലൂടെ അലസമായി കണ്ണോടിച്ചു പോകും. ദൈവമേ, ദൈവമേ!"

മടക്കയാത്രയില്‍ മദാമ്മയുടെ സങ്കീര്‍ത്തനം കുഞ്ഞുണ്ണി മനസില്‍ ആവര്‍ത്തിച്ചു: ദൈവമേ, ദൈവമേ!

ഗുരുസാഗരം
ഓ. വി. വിജയന്‍

Friday, February 24, 2006

അവള്‍ വീണു പോയി

അമ്മയ്ക്കു പിന്നില്‍ മറഞ്ഞുനിന്ന അവളെ വിശാലമനസ്കനും, കലേഷും, സ്വാര്‍ത്ഥനും, വക്കാരിയുമെല്ലാം കണ്ണുവച്ചു. റോക്സി അവളെനോക്കി വെള്ളമിറക്കി. സൂ അടുത്തവീട്ടിലെ പെണ്ണിനെ എന്നപോലെ അവളെ നോക്കി ഒന്നു ചിരിച്ചു. നളന്‍ ഒരു അപകട സൂചനയും തന്നു. എന്നിട്ടും ആരും അവള്‍ക്കൊരു ജീവിതം കൊടുത്തില്ല.

കഴിഞ്ഞയാഴ്ചയില്‍ അവള്‍ വളര്‍ന്ന് പുരനിറഞ്ഞു (അതോ മരം നിറഞ്ഞോ).
ഒടുവില്‍ അവള്‍ക്കൊരാള്‍ വന്നു. പക്ഷേ അയാള്‍ വന്നണഞ്ഞപ്പോഴേക്കും അവള്‍ മൂത്ത് പഴുത്ത് നിലത്തേയ്ക്കു വീണു.

കാമുകിയെ വയറുനിറയെ കൊത്തിത്തിന്ന് മടുത്തപ്പോള്‍ അയാള്‍ പറന്നകന്നു.
ഈച്ചയാര്‍ക്കുന്ന ശരീരം രണ്ടുനാള്‍ അവിടെ കിടന്നു, മരണാനന്തരകര്‍മ്മങ്ങളില്ലാതെ.

മുകളില്‍ അമ്മയുടെ തടിയില്‍ വീണ്ടും മറ്റൊരുത്തി മുളപൊട്ടി. അവള്‍ അമ്മയ്ക്കു പിന്നില്‍ സ്വപ്നം കണ്ടു വളരട്ടെ.
ചക്കക്കഥ തുടരട്ടെ, കൊതിനോട്ടവും. അവളുടെ ഭൌതിക ശരീരത്തിനരുകില്‍ കാമുകന്‍ . photo : AFP
(അമ്മയ്ക്കു പിന്നില്‍ എന്ന പഴയ ഒരു പോസ്റ്റിനെ പിന്‍പറ്റിയുള്ളതാണീ പോസ്റ്റ്.)

മൌസ് ട്രാപ്പ്

എലിക്കൂട്ടം പൊറുക്കുന്ന പഴം തട്ടും പുറമല്ല. എലിശല്യം മൂത്ത ഒരു ടേബിള്‍ പുറമാണിത്.

Tuesday, February 14, 2006

മിസ്സിസ്. പൂവന്‍!

നിഴല്‍ചന്തം നോക്കിനില്‍ക്കുകയല്ല ഞാന്‍. എനിക്കും ചിലതു പറയാനുണ്ട്.
എനിക്ക് പറയാനുള്ളത് ദേ ഇവിടെ!

Thursday, January 26, 2006

ഇനി പടിഞ്ഞാറ് ചേക്കേറാം..

കിഴക്ക് തുടങ്ങി പടിഞ്ഞാറ് എത്തുന്ന യാത്ര.
ഇവിടെ ചേക്കേറുമ്പോൾ നമ്മൾ ഒരുമിച്ചാണ്.
ആദ്യമെത്തുന്നവർക്ക് ആദ്യം. ഒരുമിച്ചു കരയാം. ഒരുപാട് സ്വപനങ്ങൾ കാണാം.
വെളുക്കും മുൻപു ഉണരാം. മലയാളിയെ ശുദ്ധീകരിക്കാം.
കുഞ്ഞിക്കയ്യിൽ നിന്ന് വീഴുന്ന നെയ്യപ്പത്തിനായ് കാത്തിരിക്കാം.
രാഗവും രസവും വൃത്തവുമില്ലാതെ കരയാം.

വീണ്ടും ഇവിടെ വരാം ചേക്കേറാം..

Tuesday, January 24, 2006

കിഴക്കും പടിഞ്ഞാറും.

മൂകാംബികയിൽ നിന്നുമടങ്ങും വഴിയിൽ മംഗലാപുരത്തിനടുത്ത് കണ്ട ഉദയം.
ഒരു പാലത്തിനുഇടതുഭാഗത്തു കണ്ട കാഴചയാണിത്.

താഴെക്കാണുന്ന ചിത്രം അപ്പോൾതന്നെ പാലത്തിന്റെ വലതുഭാഗത്തുകണ്ട കാഴ്ചയും.
സൂര്യന്റെ വെളിച്ചം പാലത്തിനിപ്പുറം വച്ച് നിന്നുപോകുന്നു എന്നു തോന്നിപ്പിക്കുന്ന കാഴ്ച.
ഉദയസൂര്യന്റെ മഞ്ഞ, ലെൻസിലേക്ക് പകർന്നതാണ് കിഴക്കൻ കാഴ്ച.
ഇരുട്ട് മാറി നാട്ടുവെളിച്ചം പരക്കുന്ന ജലരാശി, പടിഞ്ഞാറൻ കാഴ്ചയും.
ഈ കാഴ്ചയ്ക്ക് ഫിൽട്ടറുകൾ ഇല്ല. യാത്രയിൽ ഉടനീളം തോന്നിയിരുന്നു, ഈ കർണാടക പ്രകൃതി കേരളത്തിനെക്കാൾ മികച്ചതാണോ എന്ന്.
രണ്ടറ്റവും അശോകസ്തംഭം നിർത്തിയ ഒട്ടനേകം പാലങ്ങൾ. അതിനുമുകളിലെത്തുമ്പോൾ കുട്ടനാടിലെന്നപോലെ രൂക്ഷഗന്ധമില്ല. റ്റോൾപിരിക്കാൻ നിൽക്കുന്നവന്റെ ധാർഷ്ട്യമില്ല.
പുഴകൾക്ക്‌ ഇരുവശവും കേരളത്തെക്കാളും തിങ്ങിയ നിരക്കിൽ കേരവൃക്ഷങ്ങൾ. കണ്ടൽക്കാടുകൾ. കണ്ണുനിറക്കുന്ന കർണാടക കാഴ്ച.

Wednesday, January 18, 2006

അമ്മയ്ക്കുപിന്നിൽ..

...ഒളിച്ചിരിന്ന് സ്വപ്നം കാണാം. പ്രായമാകുമ്പോൾ അരക്കൊഴുക്കിക്കരഞ്ഞ്‌ എരിശ്ശേരിയും അവിയലുമാകാം. അതുമല്ലെങ്കിൽ എണ്ണയിൽ പൊരിഞ്ഞ്‌ പൊന്തി ഒരു പ്രവാസിക്കൊപ്പം കൺവയർ ബെൽറ്റിലൂടെ നീങ്ങി, പറന്ന് കടൽകടന്ന് മറ്റൊരു പ്രവാസിയാകാം.

ഈ ചക്ക ജന്മം സഫലം.

Saturday, January 14, 2006

ലൂസിഫർ കുഞ്ഞുമീൻ!

ടിങ്കുചേട്ടനാണ്‌ അവൾക്ക്‌ അതു കൊടുത്തത്‌. ഒരു ഹോർളിക്സ്‌ കുപ്പിയിൽ നിറച്ച കുളത്തിലെ വെള്ളത്തിൽ, ഉരുളൻ കല്ലുകൾക്കു മുകളിൽ കുഞ്ഞു സസ്യങ്ങളുടെ ഇടയിൽ പകച്ചു നീന്തുന്ന ഒരു കുഞ്ഞു മീൻ. ജന്മഗൃഹം മേൽപ്പറഞ്ഞ ചേട്ടന്റെ വീടിനടുത്തുള്ള ഒരു വാൽക്കുളം. അതുകൊണ്ടുമാത്രം അതിന്‌ ഒരു പേരുപോലും സ്വന്തമായില്ലായിരുന്നു.
പക്ഷെ കല്യാണിക്ക്‌ ആ മീൻ സ്വന്തമായിരുന്നു, ഒരു കാഴ്ചയായിരുന്നു. അവളും അവളുടെ ഉണ്ണിച്ചേട്ടനും മീനുചേച്ചിയും ചേർന്ന് അതിനു കുപ്പിനിറയെ ആഹാരം കൊടുത്തു. കൊച്ചിയിൽ വരുമ്പോൾ അതിനെ എങ്ങനെ വളർത്തണം എന്നും അവൾ പ്ലാൻ ചെയ്ത്‌ അവതരിപ്പിച്ചു.

പിറ്റേ ദിവസം രാവിലെ വെള്ളത്തിൽ തളർന്നുതുടങ്ങിയ ചെടികളുടെ ഇടയിൽ അത്‌ തലതിരിഞ്ഞ്‌ കിടന്നു. താഴെ ഉരുളൻ കല്ലുകൾക്കിടയിൽ അതിനുള്ള ആഹാരം അനാഥമായ്‌ കിടന്നു.

കല്യാണി വിഷമിച്ചു. അവളുടെ മീൻ മരിച്ചുപോയി.
അവൾ പ്രഖ്യാപിച്ചു, " അഛാ ഞങ്ങൾ ഈ മീനിനെ പള്ളിയിൽ കൊണ്ടോയ്‌ അടക്കം ചെയ്യും" (അവളുടെ പ്രഖ്യാപനത്തിനു താങ്ങായ്‌ മീനുചേച്ചിയും ഉണ്ണിചേട്ടനും നിന്നു) ഞങ്ങൾ ചിരിച്ചു.
ഞാൻ ഓർത്തു കൊച്ചിയിൽ അടുത്തവീട്ടിലെ ഒരു അങ്കിൾ മരിച്ചപ്പോൾ ആ ബോഡി എന്തുചെയ്യും എന്നു അവൾക്ക്‌ ഞാൻ പറഞ്ഞുകൊടുത്തകാര്യം.

ടി. വി.യുടെ ആലസ്യം നിറഞ്ഞ മദ്ധ്യാഹ്നം.
മീനുവിന്റെ ഒച്ച " കുഞ്ഞ്വാമാ മീനിന്റെ അടക്കം ചെയ്തു. കാണണമെങ്കിൽ വാ"

ഞാൻ ചെന്നു. അതുപോലെ തിരികെ വന്നു. ക്യാമറയുമായി തിരികെ ചെന്നു, ചിത്രങ്ങൽ ഏടുക്കണം ഒരു ശവമടക്കാണ്‌.

ആ മീനിന്റെ മൺകൂനയ്ക്കുചുറ്റും ഈർക്കിൽ വേലി. മീനുവിന്റെ കയ്യക്ഷരത്തിൽ ഒരു പേപ്പർ ഫലകം അതിന്റെ തലക്കൽ.

അതിലിങ്ങനെ വരികൾ
"ലൂസിഫർ കുഞ്ഞുമീൻ"
ജനനം : ഞങ്ങൾക്ക്‌ അറിയില്ല.
മരണം : 1/1/2006

മൂവരും അതിനു ചുറ്റും കുനിഞ്ഞിരുന്ന് പ്രാർത്ഥിച്ചു. പൂവിട്ടു.

മരണശേഷം നാമകരണം നടന്ന ആദ്യ സംഭവം.
ഒരു കുഞ്ഞു മീനിനു ലൂസിഫർ എന്ന ചെകുത്താന്റെ (?) പേരും.

ലൂസിഫർ കുഞ്ഞുമീൻ!
അവനും ഇരുന്നോട്ടെ ഈ തോന്ന്യാക്ഷരചരിത്രത്തിൽ. (ഇവൻ ചരിത്രപുരുഷൻ ആകും എന്നറിഞ്ഞിരുന്നെങ്കിൽ മരണത്തിനുമുൻപു തന്നെ ഒരു ചിത്രം എടുത്തുവയ്ക്കാമായിരുന്നു)