
ക്യാന്റോലിം ബീച്ച് (Candolim Beach) ഗോവ. പൊതുവേ തിരക്കുള്ള കലാന്‍ഗുട്ട് (Calangute) ബീച്ചിനും സിന്‍ക്വയറിം (Sinquerim Beach) ബീച്ചിനും ഇടയിലുള്ള തിരക്കു കുറഞ്ഞ തീരമാണ് ക്യാന്റോലിം. ഇടതുവശത്തേക്ക് നോക്കിയാല്‍ അഗ്വാഡ ഫോര്‍ട്ടിന്റെ നല്ലൊരു "വ്യൂ" ഈ ബീച്ചില്‍ നിന്നുമുണ്ട്. ടൂറിസം മാപ്പിലും സന്ദര്‍ശകരുടെ ചുണ്ടിലും "പീസ് ഫുള്‍" എന്ന പേരു കിട്ടിയ അപൂര്‍വ്വം ചില ഗോവന്‍ തിരങ്ങളില്‍ ഒന്ന്.
ക്യാന്റോലിമിലെ ഒരു ഷാക്കിലിരുന്ന് തണുക്കാത്ത ബിയറും ഗോവന്‍ സ്പെഷ്യല്‍ ബ്രഡഡ് അയില ഫ്രൈയും കഴിച്ചുകൊണ്ടിരുന്നപ്പോള്‍ കണ്ണുടക്കിയത് ഈ കാഴ്ചയിലാണ്. അതിനെ പിന്‍പറ്റി ക്യാമറയില്‍ ഉടക്കിയ ഈ ഈ ചിത്രത്തില്‍ എന്താണിത്ര എന്ന് അതിശയത്തോടെ നോക്കും മുന്‍പ് അറിയുക. ഇതൊരു പോര്‍ട്ട് അല്ല. വെസ്റ്റ് കോസ്റ്റ് ഏരിയായിലെ മര്‍മുഗോവയിലാണ് ഗോവയിലെ പോര്‍ട്ട്. കപ്പലുകള്‍ പുറം കടലില്‍ നങ്കൂരമിട്ടുകിടക്കുന്ന കാഴ്ചയും ഇവിടെ ഇരുന്നാലും നമുക്കു കാണാം. എന്നാല്‍ ഈ ചിത്രത്തില്‍ കരയോടു ചേര്‍ന്ന്, വളരെ അടുത്തു കിടക്കുന്നതും ഒരു കപ്പല്‍ തന്നെ. അതാണ് "എം വി (മര്‍ച്ചന്റ് വെസ്സല്‍) റിവര്‍ പ്രിണ്‍സസ്സ്". 240 മീറ്റര്‍ (787 അടി) നീളമുള്ള ലോഹമണ്ണ് (ore) ക്യാരിയറാണ് ഈ കപ്പല്‍. സാല്‍ഗോകര്‍ മൈനിങ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്. പൊതുവേ തീരത്തിനു ആഴം കുറവായ ഗോവയില്‍ നല്ല നീന്തല്‍കാര്‍ക്ക് 'വെള്ളത്തില്‍ നടന്ന് “ പോകാവുന്ന ദൂരത്തില്‍ "നങ്കൂരമിട്ട്" കിടക്കുന്ന ഈ റിവര്‍ പ്രിണ്‍സസ്സ് ഇന്നും ഗോവന്‍ സര്‍ക്കാരിനൊരു തലവേദനയാണ്.
2000 ജൂണിലാണ് കാന്റോലിം ബീച്ചില്‍ സിന്‍ക്വയറിം ബീച്ചിനോട് ചേര്‍ന്ന് റിവര്‍ പ്രിണ്‍സ് "നിര്‍ബന്ധിത" നങ്കൂരമിട്ടത്. അതിനിപ്പുറത്തേക്ക് കരയില്‍ കയറി നങ്കൂരം ഉറപ്പിക്കാന്‍ തീരത്തെ മണല്‍ അനുവദിച്ചില്ല എന്നതുകൊണ്ട് അവള് അവിടെ "സ്റ്റക്ക്" ആയി നിന്നു. 2000 ജൂണിലെ ഒരു മഴക്കാല രാത്രിയില്‍ തീരത്തടിച്ച അതി ഭയങ്കര കാറ്റിലാണ് പുറം കടലില്‍ കിടന്ന അവള് തീരത്തേക്ക് നീങ്ങിയതും മണലില്‍ കാല് കുരുങ്ങി പോയതും.
കഴിഞ്ഞ 8 വര്‍ഷമായി ഗോവന്‍ സര്‍ക്കാരും ലോക്കല്‍ അതോറിറ്റീസും തീരത്തു തലകുത്തി മറിഞ്ഞ് ശ്രമിക്കുന്നു, മണലില്‍ പൂണ്ടുപോയ ഇതിനെ മുറിക്കാതെ "ഊരിയെടുക്കാന്‍". പക്ഷെ ശ്രമങ്ങള്‍ എല്ലാം റിവര്‍ പ്രിണ്‍സസ്സിനൊപ്പം തുരുമ്പുപിടിക്കുന്ന കാഴ്ചയാണ് ഗോവന്‍ തീരം കണ്ടത്. നീന്തലുകാര്‍ക്കും തീരത്തിനും ഭീഷണിമാത്രമല്ല ഉപേക്ഷിക്കപ്പെട്ട ഈ പാവം കപ്പല്‍ ഉയര്‍ത്തുന്നത്. ഇതിനെ ചുറ്റിപ്പറ്റിയുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ ഒരുപാടാണ്. കഴിഞ്ഞ 7 വര്‍ഷത്തോളമായി ഈ നൌക ഇവിടെ കിടന്നു തുരുമ്പിക്കുന്നു. തുരുമ്പിച്ച ഇരുമ്പു തീരത്തടിയുന്നു. അതിന്റെ കൂര്‍ത്ത മുനകള്‍ മണ്ണില്‍ ചേര്‍ന്നു കിടക്കുന്നു. ഇതിന്റെ കിടപ്പ് കാലാകാലമായി തീരത്തിന്റെ ടോപ്പോഗ്രഫി തന്നെ മാറ്റുന്നു. ഈ നൌകയ്ക്കു ചുറ്റുമുള്ള തിരയുടെ നീക്കങ്ങള്‍ തീരത്തെ മാത്രമല്ല കടല്‍ വെള്ളത്തിന്റെ ഒഴുക്കിനേയും ബാധിക്കുന്നു. കടല്‍ സ്വയം ചെയ്യുന്ന മാലിന്യ നിര്‍മാര്‍ജ്ജനത്തെ ഈ നൌകയ്ക്കു ചുറ്റും അടിഞ്ഞുകൂടിയ മണല്‍ തടയുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു, സിങ്ക്വയറിം - ക്യാന്റൊലിം ബീച്ചുകളുടെ തകര്‍ച്ചയിലേക്കാണ് ഇത് നയിക്കുന്നത് എന്ന്.
ഇത് ഇവിടെ ഇനിയും കുരുങ്ങിക്കിടന്നാല്‍ ഉണ്ടാകുന്ന ഇക്കോ-ടോക്സിക്കോളജിക്കല്‍എഫക്ട്സിനെ കുറിച്ച് ആശങ്കകളും ചര്‍ച്ചകളും പലഫോറമുകളിലും നടക്കുന്നു. കപ്പല്‍ തീരത്തുനിന്നും മാറ്റിയില്ലെങ്കില്‍ അത് ഈ തീരത്തിന്റെ മോര്‍ഫോളജിയെ ബാധിക്കും എന്നും അങ്ങനെ ഉണ്ടായാല്‍ ലോക്കല്‍ ഫിഷിങ്ങിനെ അതു ബാധിക്കും എന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ സൈറ്റില്‍, Environment International, vol.32 നെ ഉദ്ദരിച്ച് പറയുന്നു. ടൂറിസവും മത്സ്യബന്ധനവും കൊണ്ടു ജീവിക്കുന്ന തീരദേശവാസികള്‍ക്ക് ഈ കപ്പലും ഇതുണ്ടാക്കുന്ന ഭീകരാവസ്ഥയും ഒരു പേടിസ്വപ്നമാണ്.
കാലവും ഉപ്പും കാറ്റും കടല്‍ ക്ഷോഭവും ഒക്കെ ചേര്‍ന്ന് റിവര്‍ പ്രിണ്‍സസ്സിന്റെ അവസ്ഥ ഇന്ന് വളരെ ദയനീയമാക്കിയിരിക്കുകയാണ്. കപ്പലിന്റെ "റീ ഫ്ലോട്ടിങ് & റ്റോവിങ്" എന്നത് ഒരു നടക്കാസ്വപ്നമായി മാറുകയാണ്. ഒട്ടനവധി രക്ഷാ പ്രവര്‍ത്തകര്‍ "ദേ ഇപ്പ ശരിയാക്കിത്തരാം..!" എന്നു പറഞ്ഞു പണിതു തുടങ്ങി എങ്കിലും ഒന്നും ഫലവത്തായില്ല. കപ്പലിന്റെ അവസ്ഥയെ കൂടുതല്‍ ബോറാക്കാനല്ലാതെ ഒരു രക്ഷാപ്രവര്‍ത്തനവും നടന്നില്ല. ഇതിനു മുന്‍പ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ആരും തന്നെ ഇങ്ങനെ ഒരു മിഷന് ഇതിനു മുന്‍പ് വിജയകരമായി ചെയ്തിട്ടില്ല എന്ന സത്യം അവരെ ഈ പണി ഏല്പിച്ച അധികാര ഭരണവര്‍ഗ്ഗത്തിനു നേരെ സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നു.
2009 ലെ മഴക്കാലത്തിനു മുന്‍പ്, അതായത് കടല്‍ കടുപ്പമുള്ളതാവുന്നതിനു മുന്‍പ് കപ്പലിനെ രക്ഷിച്ചില്ല എങ്കില്‍ കപ്പല്‍ അവിടെ തന്നെ തകര്‍ന്നു വീഴും എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ മാധ്യമങ്ങളിലൂടെ പറയുന്നു. ഗോവ കേന്ദ്രമായിട്ടുള്ള സാല്‍വേഷന്‍ എക്സ്പര്‍ട്ട് ഗ്രൂപ്പായ മഡ്ഗാവ്കര്‍ സാല്‍വേജിന്റെ (Madgavkar Salvage) പാര്‍ട്ട്നര്‍ ആയ അനില്‍ മഡ്ഗാവ്കര്‍ പറയുന്നു, "മണ്ണില്‍ ഉറച്ചുപോയ ഈ കപ്പല്‍ നീക്കം ചെയ്യുക എന്നത് മുങ്ങിപ്പോയ ഒരു നാലുനില കെട്ടിടം പൊക്കി എടുക്കും പോലെ ആയാസമായ പണിയാണ്." കാരണം ഇത്രയും വര്‍ഷം കൊണ്ട് എട്ടുമുതല്‍ പത്തുമീറ്റര്‍ വരെ (26മുതല്‍ 33 അടിവരെ) ഈ കപ്പല്‍ സീബെഡിലേക്ക് ഉറച്ചുപോയി എന്നതു തന്നെ. കപ്പലിനെ റീഫ്ലോട്ട് ചെയ്യിക്കാന്‍ 30,000 മുതല്‍ 40,000 മെട്രിക് ടണ്‍ മണല്‍ നീക്കം ചെയ്യേണ്ടിവരും.
ഈ കപ്പലിനെ മുറിച്ചുമാറ്റി കൂടുതല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്താതിരിക്കാന്‍ ഇതിനെ "റീ-ഫ്ലോട്ട്" ചെയ്യിച്ച് നീക്കം ചെയ്യുക എന്ന ദൌത്യമാണ് വേണ്ടത്. അതിനുവേണ്ടി 2008 ന്റെ തുടക്കത്തില്‍ 5.5 കോടി മുടക്കാന്‍ ഗവണ്മെന്റ് തീരുമാനമായിട്ടുണ്ട്. അതിനായി Jaisu shipping company യെ ചുമതലപ്പെടുത്തുകയും ചെയ്തു. തീരത്തു നിന്നും 12 നോട്ടിക്കല്‍ മയിലിലേക്ക് ഈ "റാണിയെ" നീക്കണം എന്നാണ് അതിനോടനുബന്ധിച്ചുണ്ടായ എഗ്രിമെന്റ്. പക്ഷെ ഫലം കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. കാരണം ഇതിനുമുന്പുള്ള കോണ്‍ട്രാക്ട് കൊടുത്തിരുന്നത് യൂ കെ ആസ്ഥാനമായ ക്രോസ്ചെം ഇന്റര്‍നാഷണല്‍ (Crosschem International) എന്ന കമ്പനിക്കാണ്. പക്ഷെ അവര്‍ അധികകാലമെത്താതെ തിരിച്ചറിഞ്ഞു, എഗ്രിമെന്റില്‍ പറഞ്ഞിട്ടുള്ള 110 ദിവസങ്ങള്‍ക്കുള്ളില്‍ ഈ കപ്പലിനെ റീഫ്ലോട്ട് ചെയ്യിക്കാനാവില്ല എന്ന്. പിന്നാലെ പിന്മാറി ആ എഗ്രിമെന്റ് ക്യാന്‍സല്‍ ആവുകയാണ് ഉണ്ടായത്.
കടല്‍തീരത്ത് കുത്തി നിര്‍ത്തിയ ഒരു ചോദ്യചിഹ്നമാണ് ഇപ്പോള്‍ ആ നൌക. ഓരോ മഴക്കാലത്തേയും പ്രശ്നങ്ങളിലൂടെ കൂടുതല്‍ മോശമായികൊണ്ടിരിക്കുന്ന അവസ്ഥയിലാണ് വര്‍ഷങ്ങളായി ഈ കപ്പല്‍. മഴക്കാലത്തും മഴ കഴിയുമ്പോഴും ഇതിനെ കുറിച്ചുള്ള ആശങ്ക ഉണര്‍ത്തല്‍ അല്ലാതെ മഴയ്ക്കു മുന്‍പോ മഴ കഴിയുമ്പോഴോ ലോക്കല്‍ ബോഡീസ് ഇതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോഴും തീരുമാനങ്ങള്‍ നൂലാമാലകളിലും കോടതികളിലും സ്ഥാപിത താല്പര്യങ്ങളിലുമായി ചുരുണ്ടുകിടക്കുന്നു. ഇന്ത്യന്‍ മറിടൈം നിയമം പലതിനും വിലങ്ങു തടിയാവുന്നു. ഇതിന്റെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്പിക്കാനും ഇതിനെ ഉപേക്ഷിച്ച അവസ്ഥയില്‍ തള്ളാനും ഇതിന്റെ ഉടമകള്‍ക്ക് നിയമപരമായി കഴിയും. കപ്പല്‍ ചാനലുകളില്‍ തകര്‍ന്ന കപ്പലുകള്‍ നീക്കം ചെയ്യാന്‍ മാത്രമേ ഇന്ത്യന്‍ മറിടൈം നിയമം അനുവധിക്കുന്നുള്ളു. പക്ഷെ ഈ ഒരു "കപ്പല്‍ഛേദം" കരയിലായിപോയി എന്നതാണ് നൂലമാലകളെ സജീവമാക്കുന്നതും.
കഴിഞ്ഞ എട്ടൊന്‍പതു വര്‍ഷമായിട്ട് ഈ "റിവര്‍ രാജകുമാരി" അവളുടെ കാലുകള്‍ മണിലിനും മണലില്‍ പൊടിഞ്ഞുചേര്‍ന്ന മീന്‍ വര്‍ഗ്ഗത്തിന്റെ അസ്ഥികള്‍ക്കും ഇടയിലൂടെ തന്റെ "നിര്‍ബന്ധിത നങ്കൂരം" ഉറപ്പിച്ച് കിടന്നു. കരയില്‍ നടക്കുന്ന ആട്ടവും പാട്ടും കാന്റില്‍ലിറ്റ് ഡിന്നറും കണ്ട് തന്റെ ഭൂതകാലം അയവിറക്കി അവള് കിടക്കുന്നു. തീരമെത്തും മുന്‍പു തിരകള്‍ അവളുടെ തുരുമ്പിന്റെ മണം അവാഹിച്ചു മത്തുപിടിക്കുന്നു. കാന്റൊലിമില്‍ എത്തുന്ന കാഴ്ചക്കാര്‍ ഇത് ക്യാമറയിലും മനസിന്റെ ദുരൂഹത ചുറ്റുന്ന ചുഴികളിലും കയറ്റി കടന്നു പോകുന്നു.
ചില ചിത്രങ്ങള്‍ കൂടി
1. JPG മാഗസിനില്‍ വന്ന Karen Ribeiro എടുത്ത ഒരു ക്ലോസപ്പ് ചിത്രം
2. ഫ്ലിക്കറില്‍ കണ്ട Xiol എടുത്ത സൈഡ് വ്യൂ ചിത്രം
3. Jonathan Hodd എടുത്ത “തുരുമ്പുചിത്രവും“, ഒരു വൈഡ് ആംഗിള്‍ ഷോട്ടും
(ഓഫ് : കാന്റോലിം ബീച്ചിലെ ഒരു ഷാക്കിന്റെ ഉടമ പറഞ്ഞ അടിസ്ഥാനവിവരങ്ങള്‍ക്കും അപ്പുറം നെറ്റില്‍ അതിനെ കുറിച്ച് തപ്പി നടന്നപ്പോഴും പലതും സംശയമായി തന്നെ അവശേഷിക്കുന്നു. അതിന്റെ ഒക്കെ ഉത്തരങ്ങളോ ഈ "അപരിചിത നങ്കൂരത്തെ" കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ അറിയുന്നവര്‍ ദയവായി പങ്കുവയ്ക്കുക)
വിവരങ്ങള്‍ക്ക് കടപ്പാട് : ടൈംസ് ഓഫ് ഇന്‍ഡ്യ, www.merinews.com, DNA
18 comments:
ഗോവയില്‍ കിടന്നു തുരുമ്പുപിടിക്കുന്ന ഒരു കപ്പലിനെ കുറിച്ച്.
നല്ല ലേഖനം കുമാര്‍ ഭായ്. ഇതുപോലെ തന്നെ ഒരു ഡ്രെഡ്ജര്‍ നമ്മുടെ മട്ടാഞ്ചേരിയിലും മറിഞ്ഞുകിടക്കുന്നില്ലെ? അതിന്റെ എന്തെങ്കിലും വിവരം?
കുമാറേട്ടാ..
നല്ല ലേഖനം.
പുതിയ അറിവാണു. അതുകൊണ്ട് ഇതിനെപറ്റി കൂടുതല്‍ പറയാന്‍ അറിയില്ല. എന്നാല്‍ സമാനമായ മറ്റൊരു “അപരിചിത നങ്കൂരത്തെ” പറ്റി പറയാം.
ഒരിക്കല്‍ ഇറാന്റെ ഭാഗമായുള്ള “പേള്‍ ഓഫ് പേര്‍ഷ്യന്‍ ഗള്‍ഫ്” എന്നരിയപ്പെടുന്ന “കിഷ് ഐലന്റില്‍“ പോയിരുന്നു. വിസ ചേഞ്ചിനു. അപ്പോള്‍ അവിടെ ഒരു ഐലന്റ് ടൂര്‍ പോകുന്ന ബസ്സില്‍ കയറിപ്പറ്റി. ആദ്യ ടൂറിസ്റ്റ് സ്പോട്ട് തന്നെ അതിമനോഹരമായ കാഴ്ചയായിരുന്നു. 42 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഈ ദ്വീപില്‍ കുടുങ്ങിയ ഒരു “ഗ്രീക്ക് ഷിപ്പ്”! അത് എങ്ങിനെ അവിടെ കുടുങ്ങി എന്നത് ഇന്നും അജ്ഞാതമാണു. അവിടെ 2 ലൈറ്റ് ഹൌസ് ഉണ്ട്, പോര്‍ട്ട് ഇല്ല. ഒരുപക്ഷെ ലൈറ്റ് ഹൌസ് മൂലം വന്ന് പെട്ടതാവം. ഏതായാലും, 1966 ല്‍ അവിടെ കുടുങ്ങിയ ആ 136 മീറ്റര്‍ നീളമുള്ള ആ കൂറ്റന്‍ കപ്പല്‍, ഇന്ന് ഒരു നല്ല ടൂറിസ്റ്റ് സ്പോട്ട് ആണു. 42 വര്‍ഷമായതു കൊണ്ട് അതിന്റെ സ്ഥിതി ഇപ്പോ എങ്ങിനെയാണു എന്ന് പറയേണ്ടല്ലോ? പക്ഷെ, ആളുകള്‍ അവിടെ പോകുന്നത്, ആ കപ്പലിനെ പശ്ചാത്തലത്തില്‍ വച്ചുകൊണ്ട് സൂര്യാസ്തമയം ക്യാമറയില്‍ ഒപ്പിയെടുക്കാനാണ്. ഞാനും എടുത്തിരുന്നു എന്റെ ഒണക്ക കേമറയില്‍ ചില ഫോട്ടോസ്...
കുമാറേട്ടന്റെ ഈ ലേഖനം വായിച്ചപ്പോ, ആ ഗ്രീക്ക് ഷിപ്പിനെയാണു ആദ്യം ഓര്‍മ്മ വന്നതു.
ഓഫ് : ഗൂഗിളമ്മാവന്റെ വീട്ടില്‍ പോയി ‘ഇമേജസ് ‘ എന്ന റൂമില്‍ കയറി “greek ship kish“ എന്ന് വിളിച്ചുകൂവിയാല്‍ മനോഹരമായ ഒരുപാട് ചിത്രങ്ങള്‍ സൂര്യാസ്തമയ സമയത്തുള്ളത് കപ്പലിന്റെ പശ്ചാത്തലത്തില്‍ കാണാവുന്നതാണു.
:)
നല്ല ലേഖനം...നന്ദി!
ഒരു കപ്പലിന് ഇത്രയും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കാനാവുമെന്നും അതിനെ നീക്കം ചെയ്യാനുള്ള നൂലാമാലകള്‍ ഇത്രയും വലിയ ഒരു കീറാമുട്ടി ആണേന്നും ഒക്കെ അറിയുന്നത് ഇപ്പോഴാണ്..
അതിനു നന്ദി!!
വളരെ നല്ല ലെഖനം.കാഴ്ച്ചക്ക് നല്ല ഭംഗി തോന്നിക്കുന്ന ആ കപ്പൽ ഇങ്ങിനെ കിടക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ഭയാനകം ആണ്.ഇതിനെ നീക്കം ചെയ്യാൻ പ്രായോഗികമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നത് സങ്കടകരം തന്നെ.
ഇങ്ങനയും ചില അസ്ഥികൂടങ്ങള്‍ .. അല്ലെ?
ആ തുരുമ്പു ഒഴിവാക്കാന്‍ അവിടെ വച്ച് അതിനെ മെയ്ന്റ്റനന്സ് ചെയ്യാന്‍ പോലും ആകില്ലായിരിക്കുമല്ലേ?
നന്ദി. ഒരു അനങ്ങാന്‍ പറ്റാതായ കപ്പലിനെ പറ്റി ഇത്രേം പറഞ്ഞു തന്നതിന്.
( ഈ ക്വീന്‍ എലിസബത്ത് II കപ്പല്‍ ദുബൈയില്‍ ഹോട്ടല്‍ ആക്കുമ്പോ ഇതുപോലെ പ്രശ്നം ഉണ്ടാവില്ലേ? )
നല്ല ലേഖനം കുമാര്‍ സാബ്..
ഈ ലേഖനത്തിനു നന്ദി കുമാർഭായ്.
കുറെ നല്ല അറിവുകള്‍.....
എനിക്കീ ലേഖനത്തില്‍ ഏറ്റവും ഭംഗിയായി തോന്നുന്ന കാര്യം, കുമാര്‍ജിയുടെ കാഴ്ചയില്തെളിയുന്ന പരിസ്ഥിതിബോധത്തിന്റെ ജാഗ്രതയാണ്.
നല്ല ലേഖനം. തോന്ന്യക്ഷരങ്ങള്‍ എന്ന പേരുമാത്രമേയുള്ളൂ അല്ലേ :), എഴുതുന്നതൊക്കെ വളരെ വിലപ്പെട്ടതും, ഇന്‍ഫര്‍മേറ്റിവ് ആയതും
മംഗലാപുരത്ത് Taneerbavi തീരത്ത് ഇതുപോലെ കുരുങ്ങി 30 ഡിഗ്രിയോളം ചരിഞ്ഞുപോയ ഒരു ചൈനീസ് കപ്പലായ V Chang Lemin, 2007 ല്‍ രക്ഷപ്പെടുത്തി നാലു നോട്ടിക്കല്‍ മൈല്‍ ദൂരെയുള്ള ന്യൂ മംഗളൂര് പോര്‍ട്ടില്‍ എത്തിച്ച കഥ
വെബ് ദുനിയായില്‍ വായിച്ചു (http://news.webindia123.com/news/ar_showdetails.asp?id=709130380&cat=&n_date=20070913) അപ്പോള്‍ നൂലാമാലകളില്ലാതെ വിചാരിച്ചാല്‍ കാര്യം നടക്കും ?
തീര്‍ന്നിട്ടും ഞാന്‍ സ്വല്പസമയം കൂടി പോയ ഡബ്ബാവാല സ്മൃതികളീല് നങ്കൂരമിട്ടു കിടന്നു.
അസ്സല് !
കഷ്ടം തോന്നുന്നു... പാവത്തിനെ ഉന്തി എളക്കാന്‍ എന്താ ഒരു വഴി ?
nice article.
മാഷേ ഇത്തരം ഒരു സംഭവം ആദ്യമായാണ് വായിക്കുന്നത്. ഈ സചിത്രലേഖനം നന്നായിരിക്കുന്നു. പോരാത്തതിന് കൂടുതല്‍ ചിത്രങ്ങളുടെ ലിങ്കുകളും. അഭിനന്ദനങ്ങള്‍.
കിഷിലെ ഗ്രീക്ക് കപ്പല്‍ ഓര്‍മ്മ വരുന്നു...
സൂപ്പര്‍ ലേഖനം ....
പുതുവത്സരാശംസകള്‍
Post a Comment