Monday, May 12, 2008

കര്‍മ്മബന്ധങ്ങള്‍ ഇനി കുറുകുകയും ചെയ്യും.

തിരുവനന്തപുരത്തുനിന്നും കോവളത്തേക്കുപോകുന്ന വഴിയില്‍ തിരുവല്ലം എന്ന സ്ഥലമുണ്ട്. അവിടെ ഒരു പരശുരാമ ക്ഷേത്രമുണ്ട്. വളരെ അപൂര്‍വ്വമായാണ് പരശുരാമന് അമ്പലം. അതുപോലെതന്നെ അപൂര്‍വ്വമാണ് ‘ബ്രഹ്മാവ്’ തുടങ്ങി അവിടെയുള്ള മറ്റു പ്രതിഷ്ടകളും.
ഈ അമ്പലം ഒരു പരിധിവരെ പിതൃക്കള്‍ക്കുള്ളതാണ്. അതിനോട് ചേര്‍ന്നുള്ള, നിറയെ മാലിന്യമുള്ള പുഴയില്‍ ബലിയിട്ട് കുളിച്ച് കയറാനെത്തുന്നത് അനേകം പേരാണ്. പക്ഷെ ബലിച്ചോറ് ആ വൃത്തികെട്ട പുഴയിലേക്ക് വലിച്ചെറിയാന്‍ ഒരു ഉണ്ണിക്കും കഴിയില്ല എന്നത് സത്യം. ഒഴുക്കില്ലാത്ത വെള്ളത്തില്‍ അവ അലഞ്ഞുനടക്കും.
വിഷയം ഇതല്ല.

കര്‍മ്മം ചെയ്തു ശുദ്ധിവരുത്തിയ ആത്മാക്കളെ ഇവിടെ കുടിയിരുത്താറുണ്ട്. തകിടിലും കൂടിലും കയറ്റി സോപ്പുപെട്ടിക്കുള്ളിലാക്കി പേരെഴുതി കെട്ടിത്തൂക്കിയിട്ടിട്ടുണ്ട് അനേകായിരം പരേതാത്മാക്കളെ. അതിനു ചുറ്റും കണ്ണുനീറ്റിക്കരയിച്ച് പരക്കുന്ന തിലഹോമത്തിന്റെ എള്ളുകത്തിയ പുകമണവും. അതുപോലെതന്നെ മരണം കഴിഞ്ഞ് നാല്‍പ്പതാം ബലിഅര്‍പ്പിക്കാന്‍ ഇവിടെ വരാറുണ്ട് ഒരുപാടുപേര്‍. നീളത്തിലുള്ള അഴിവരാന്തയില്‍ കര്‍മ്മി പറയുന്ന വാക്യങ്ങളുടെ പിന്നണിയില്‍ ദര്‍ഭപ്പുറത്ത് മൂന്നുരുളചോറും അല്പം കണ്ണീരും ചേര്‍ത്ത് സമര്‍പ്പിക്കുന്ന ഒട്ടനവധിപേരെ കാണാം. അഞ്ചുവയസുള്ള കുട്ടികള്‍ മുതല്‍ അമ്പതുവയസുള്ളവര്‍ വരെ.

കര്‍മ്മശേഷം ആ ബലിച്ചോറ് പുറത്ത് നിരത്തിയിട്ടിട്ടുള്ള ബലിക്കല്ലുകളില്‍ പിതൃക്കളുടെ നോമിനികളായ കാക്കകള്‍ക്കായി വച്ചുകൊടുക്കണം. ബലിച്ചോറുപറ്റാന്‍ നനഞ്ഞ കൈതട്ടിവിളിച്ചുവരുത്തണം.

പക്ഷെ എണ്ണത്തില്‍ കുറവായ കാക്കകളെ പിന്നിലാക്കി പ്രാവുകള്‍ ഇവിടെ ബലിച്ചോറു തിന്നുന്നു. ഒരു മത്സരബുദ്ധിയോടെ. ഈ കളിയില്‍ കാക്കകള്‍ സൈഡ്‌ലൈന്‍ ചെയ്യപ്പെടുന്നു. ചിലപ്പോള്‍ പ്രാവുകളാകും പുതിയ തലമുറയിലെ നോമിനികള്‍ എന്നു തോന്നിപ്പോകുന്ന രീതിയില്‍.

എനിക്ക് ഈ പ്രാവുബഹളം ഓര്‍മ്മവന്നത് നെടുമങ്ങാട് എല്‍ പി എസ്സില്‍ തങ്കമണി ടീച്ചര്‍ ഒക്കെ ചേര്‍ന്ന് ഉപ്പുമാവു വിളമ്പുമ്പോള്‍ ജനാലയിലും ക്ലാസിനകത്തുമായി ചാടി നടക്കുന്ന പ്രാവുകളെയാണ്. കാക്കകള്‍ ഒരു കുട്ടിക്കാലത്തിന്റെ ചിറകിലേറ്റിയാണ് നമ്മളെ ഓര്‍മ്മകളിലൂടെ നടത്തുന്നത്, പിന്‍‌തിരിഞ്ഞ് നോക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രാവും ഇതാ എന്നെ അങ്ങനെ ഓര്‍മ്മിപ്പിക്കുന്നു. അപ്പോള്‍ പ്രാവിനും ബലിച്ചോറുണ്ണാം.

9 comments:

Kumar Neelakandan © (Kumar NM) said...

കുറുകാന്‍ തുടങ്ങുന്ന കര്‍മ്മ ബന്ധങ്ങള്‍

ഇട്ടിമാളു അഗ്നിമിത്ര said...

ചോറല്ലെ.. പ്രാവായാലെന്ത്, കാക്കയായാലെന്ത്.. അവര്‍ കഴിക്കട്ടെ..

നോമിനികള്‍..ഇതു കൊള്ളാം..:)

മലബാറി said...

ബലിച്ചോറുണ്ട് കാക്കകള്‍ക്ക് മടുത്തുകാണും.ബലിച്ചോറായാലും അത്ര നാളാ കഴിക്കുക.ഇനി അല്പം പ്രാവുകള്‍ കൂടി കഴിക്കട്ടെ.

പട്ടേരി l Patteri said...

പണ്ട് തെളിനീരുള്ള പുഴയെ ഇന്നത്തെ ഒഴുക്കില്ലാത്ത പുഴയാക്കിയതില്‍ ഇന്നത്തെ പിതൃക്കള്‍ക്കള്‍ക്കും പങ്കുണ്ടായിരുന്നിരിക്കാം ... കര്‍മ്മഫലം !!!
നാളെയുടെ പിതൃക്കള്‍ക്കായി അവിടെ പുഴ തന്നെ ഉണ്ടാകുമോ?

(ഇപ്പൊഴത്തെ കാക്കകള്‍ക്കു പാരമ്പര്യം കാക്കാന്‍ എവിടെ സമയം ...!!!)

Kumar Neelakandan © (Kumar NM) said...

പട്ടേരി പറഞ്ഞതാണ് സത്യം. മാലിന്യങ്ങള്‍ ഒഴുക്കിവിടുമ്പോള്‍ നമുക്കും ഓര്‍ക്കാം ഒരുദിവസം അതിന്റെ ഇടയില്‍ നമ്മളേയും ഒഴുക്കും എന്ന്.

ഏറനാടന്‍ said...

കുമാര്‍ജി, പുരാണൈതിഹ്യങ്ങളെ മറന്ന് ആധുനികതയുടെ പര്യായമായിട്ട് പ്രാവുകളും ബലിച്ചോറെങ്കില്‍ ബലിച്ചോറ് കഴിക്കാന്‍ കാക്കകളുമായി മത്സരിച്ച് സ്ഥാനങ്ങള്‍ കൈയ്യേറാന്‍ തുടങ്ങിയെന്നുവേണം കരുതാന്‍, അല്ലേ?

rathisukam said...

തിരുവനന്തപുരത്തുനിന്നും കോവളത്തേക്കുപോകുന്ന വഴിയില്‍ തിരുവല്ലം എന്ന സ്ഥലമുണ്ട്. അവിടെ ഒരു പരശുരാമ ക്ഷേത്രമുണ്ട്. വളരെ അപൂര്‍വ്വമായാണ് പരശുരാമന് അമ്പലം. അതുപോലെതന്നെ അപൂര്‍വ്വമാണ് ‘ബ്രഹ്മാവ്’ തുടങ്ങി അവിടെയുള്ള മറ്റു പ്രതിഷ്ടകളും.
ഈ അമ്പലം ഒരു പരിധിവരെ പിതൃക്കള്‍ക്കുള്ളതാണ്. അതിനോട് ചേര്‍ന്നുള്ള, നിറയെ മാലിന്യമുള്ള പുഴയില്‍ ബലിയിട്ട് കുളിച്ച് കയറാനെത്തുന്നത് അനേകം പേരാണ്. പക്ഷെ ബലിച്ചോറ് ആ വൃത്തികെട്ട പുഴയിലേക്ക് വലിച്ചെറിയാന്‍ ഒരു ഉണ്ണിക്കും കഴിയില്ല എന്നത് സത്യം. ഒഴുക്കില്ലാത്ത വെള്ളത്തില്‍ അവ അലഞ്ഞുനടക്കും.
വിഷയം ഇതല്ല.

കര്‍മ്മം ചെയ്തു ശുദ്ധിവരുത്തിയ ആത്മാക്കളെ ഇവിടെ കുടിയിരുത്താറുണ്ട്. തകിടിലും കൂടിലും കയറ്റി സോപ്പുപെട്ടിക്കുള്ളിലാക്കി പേരെഴുതി കെട്ടിത്തൂക്കിയിട്ടിട്ടുണ്ട് അനേകായിരം പരേതാത്മാക്കളെ. അതിനു ചുറ്റും കണ്ണുനീറ്റിക്കരയിച്ച് പരക്കുന്ന തിലഹോമത്തിന്റെ എള്ളുകത്തിയ പുകമണവും. അതുപോലെതന്നെ മരണം കഴിഞ്ഞ് നാല്‍പ്പതാം ബലിഅര്‍പ്പിക്കാന്‍ ഇവിടെ വരാറുണ്ട് ഒരുപാടുപേര്‍. നീളത്തിലുള്ള അഴിവരാന്തയില്‍ കര്‍മ്മി പറയുന്ന വാക്യങ്ങളുടെ പിന്നണിയില്‍ ദര്‍ഭപ്പുറത്ത് മൂന്നുരുളചോറും അല്പം കണ്ണീരും ചേര്‍ത്ത് സമര്‍പ്പിക്കുന്ന ഒട്ടനവധിപേരെ കാണാം. അഞ്ചുവയസുള്ള കുട്ടികള്‍ മുതല്‍ അമ്പതുവയസുള്ളവര്‍ വരെ.

മൂര്‍ത്തി said...

തലക്കെട്ടും ഉഗ്രന്‍...

കാക്ക വന്നില്ലെങ്കില്‍ കാ കാ എന്നു വിളിക്കാമായിരുന്നു. ഇനിയെന്ത് ചെയ്യും?

Rammohan Paliyath said...

Off: can you please give me a miscall or email. something to be conveyed. paliyath@gmail.com
94964-28458