Saturday, August 12, 2006

ആനക്കാര്യം.

അതിരാവിലെ കല്യാണിയെ സ്കൂളില്‍ വിട്ടിട്ട്‌ പത്രവും വായിച്ചിരുന്നപ്പോള്‍ താഴെ റോഡില്‍ ഇടതു വശത്തുള്ള വളവില്‍ പതിവില്ലാത്ത ഒച്ചകളും ചങ്ങല കിലുക്കവും കേട്ടു. മടി മനസിനോട്‌ പറഞ്ഞു, തിരിഞ്ഞുനോക്കണ്ട, അതിങ്ങുവരും അപ്പോള്‍ നോക്കാം. ഒരു അനുസരണയുള്ള കുട്ടിയെപോലെ ഞാന്‍ ആ ഇരുപ്പിനെ കാത്തിരിപ്പാക്കി.

ശബ്ദം അടുത്തെത്തിയപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. ഞാന്‍ ഞെട്ടി. ഒഴുക്കിലെന്നപോലെ വരുന്ന ഒരു ആനക്കാരന്‍. അയാളുടെ കാലുകള്‍ക്കിടയില്‍ ഒരു ആന. ഞാന്‍ ഓടി. ക്യാമറാബാഗിന്റെ സിബ്‌ കീറി ക്യാമറ പുറത്തെടുത്ത്‌ വീണ്ടും ബാല്‍ക്കണിയിലേക്ക്‌. ഒന്നു ക്ലിക്കി. എന്റെ ആക്രാന്തം കണ്ടിട്ടാവണം ആനക്കാരന്‍ ബ്രേക്ക്‌ ചവിട്ടി. ഒരു റോഡ്‌ റോളര്‍ പോലെ ആന നിന്നു. ഞാന്‍ ക്യാമറ ആനയെ വെടിവയ്ക്കാന്‍ ഒരു തോക്ക്‌ എന്ന പോലെ ലോഡ്‌ ചെയ്തു നിര്‍ത്തി.

ആനക്കാരന്‍ ചെറുതായി വളച്ച് റിവേഴ്സ്‌ എടുത്തു. പിന്നെ ക്ലച്ച്‌ ചവിട്ടി ലെഫ്റ്റിലേക്ക്‌ തിരിച്ചു. എന്നിട്ട്‌ ഇന്നാ എടുത്തോ എന്ന മട്ടില്‍ നിര്‍ത്തി. തുമ്പിക്കയ്യില്‍ പിടിച്ചിരുന്ന പച്ചയോലകള്‍ ആന നിലത്തിട്ടു. ക്യാമറ എന്റെ കണ്ണുമറച്ചു. അതിനുള്ളിലൂടെ ഞാന്‍ കണ്ടു, ആനക്കാരന്‍ അരയില്‍ കൈവച്ച്‌ ഒരു പോസ്‌ സൃഷ്ടിക്കുന്നത്‌. ഒരു ഉത്സവത്തിന്റെ ക്ഷീണം ആനയുടെ കണ്ണില്‍.

ഔട്ട്‌ ആയാലോ? ഷേക്ക്‌ ആയാലോ? ലൈറ്റ്‌ പോരെങ്കിലോ? ആ നില്‍പ്പില്‍ തന്നെ ഞാന്‍ മൂന്നു വെടി പൊട്ടിച്ചു. ക്യാമറ താണു. ആന അതിന്റെ ബ്രേക്ക്‌ ഫാസ്റ്റ്‌ തുമ്പിയില്‍ ചുരുട്ടി എടുത്തു. ഞാന്‍ ഓര്‍ത്തു, സ്വന്തം ആഹാരം ഇങ്ങനെ ഒപ്പം കൊണ്ടു നടക്കുന്ന ജീവി വേറേ എതുണ്ട്‌? ലഞ്ച്‌ ബോക്സ്‌ ചുമക്കുന്ന മനുഷ്യനല്ലാത.

ആനക്കാരനു ഞാന്‍ നന്ദി പുരട്ടിയ ചിരി താഴേക്ക്‌ എറിഞ്ഞുകൊടുത്തു. അയാള്‍ എനിക്ക്‌ തിരിച്ച്‌ അതുപോലൊന്ന് മുകളിലേക്കും.

വളവു കഴിഞ്ഞു ആന അപ്രത്യക്ഷമായി. കുറേ കഴിഞ്ഞപ്പോള്‍ അതിന്റെ ചങ്ങലകിലുക്കവും. ഞാന്‍ വീണ്ടും പത്രത്തിലേക്ക്.

22 comments:

asdfasdf asfdasdf said...

ആനപ്പാപ്പാനു സ്തുതി. ഇത് ഏതാ ആ‍ന. ?

Visala Manaskan said...

'ആനക്കാരനു ഞാന്‍ നന്ദി പുരട്ടിയ ചിരി താഴേക്ക്‌ എറിഞ്ഞുകൊടുത്തു. അയാള്‍ എനിക്ക്‌ തിരിച്ച്‌ അതുപോലൊന്ന് മുകളിലേക്കും'

വെരി നൈസ്.

ഓഫീസിനുമുന്‍പിലുള്ള റോഡിലൂടെ ഒരാന ഇങ്ങിനെ പോയെങ്കിലെന്ന് ഞാന്‍ വെറുതെ ഒന്ന് മോഹിച്ചു. ഫോട്ടോ എടുക്കാനല്ല, ആ കിലുക്കം ഒന്ന് കേക്കാന്‍.

Rasheed Chalil said...

കുമാര്‍ജീ അസ്സലായി..

RR said...

നന്നായിട്ടുണ്ട്‌. ആ രണ്ടാമത്തെ പടത്തിലെ ആനക്കാരന്റെ പോസ്‌ ഗംഭീരം :)

Anonymous said...

സ്വന്തം ആഹാരം ഇങ്ങനെ ഒപ്പം കൊണ്ടു നടക്കുന്ന ജീവി വേറേ എതുണ്ട്‌? ലഞ്ച്‌ ബോക്സ്‌ ചുമക്കുന്ന മനുഷ്യനല്ലാത.

Anonymous said...

സോറി quote ചെയ്തിട്ട് നന്നായിട്ടുണ്ട് എന്ന് പറയും മുന്‍പ് save ചെയ്തു

-B- said...

സിമന്റ് കൂട്ടി പട്ടയടിക്കാനാണോ ആനവണ്ടി അവിടെ നിര്‍ത്തിയത്‌? :)

Kalesh Kumar said...

ആനവിശേഷം കൊള്ളാം!
കല്യാണിക്കുട്ടി വെളുപ്പിനെയാണോ പഠിക്കാന്‍ പോണത്?

Mubarak Merchant said...

കുമാരഗുരു, പാപ്പാനെ പോസ് ചെയ്യിക്കാന്‍ ചിരിയല്ലാതെ എന്തു കൊടുത്തു?

myexperimentsandme said...

ഒന്നാം പടത്തിലെ പാപ്പാന്റെ ഇരിപ്പാണ് ഇരിപ്പ്. റിവോള്‍വിംഗ് ചെയറില്‍ റിലാക്‍സ് ചെയ്ത് ചാരിയിരിക്കുന്നത് കണ്ടില്ലേ. ചെയര്‍ ഇന്‍‌വിസിബിളാണെന്നേ ഉള്ളൂ.

ലഞ്ച് ബോക്സ് കൂടെക്കൊണ്ടുപോകുന്ന ജീവികള്‍ ആനയും പാപ്പാനും മാത്രമേ ഉള്ളെങ്കില്‍ രണ്ട് കാലുകള്‍ക്കിടയില്‍ ഒരു ജീവിയെ മേയ്‌ച്ചോണ്ടു പോകുന്ന ഏക ജീവി മനുഷ്യനാണെന്നാണ് തോന്നുന്നത് :)

Girish Kumar K G said...

nice story
a new blogger
i dont know how to type in malayalam

Girish Kumar K G said...

ആനപ്പാപ്പാനു സ്തുതി. ഇത് ഏതാ ആ‍ന. ?

ബിന്ദു said...

കുമാറേ.. എനിക്കു കുറച്ചു സംശയങ്ങള്‍. 1)ഇടതുവശത്തുകൂടി ആന വരുന്നു എന്നു പറഞ്ഞിട്ട് എന്റെ വലതു വശത്താണ്.:)
പിന്നെ, 2)ഇതില്‍ ഏതാണ് കുമാറിന്റെ വീട്? ;)

3)ഞാന്‍ ഓടണോ?

Kumar Neelakandan © (Kumar NM) said...

1)എന്റെ പരീക്ഷണത്തില്‍ ബിന്ദു വിജയിച്ചു. ഞാന്‍ മനപൂര്‍വ്വം ദിക്കുമാറ്റി എഴുതി നോക്കിയതാ ആരെങ്കിലും കണ്ടു പിടിക്കുമോ എന്നറിയാന്‍. ഹോ ഈ ബിന്ദുവിന്റെ ഒരു പുത്തി. ബിന്ദുവിനു ഒരു ഒന്നൊന്നര മാര്‍ക്ക്.
2) ഇത്തവണ ബിന്ദു തോറ്റു തൊപ്പിയിട്ടു. എന്റെ വീട്ടില്‍ നിന്നും എടുക്കുന്ന ചിത്രത്തില്‍ എങ്ങനെ എന്റെ വീടിന്റെ ചിത്രം കാണും?
ഇനി മുതല്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മന്ദബുദ്ധിക്കുള്ള പരീക്ഷ എഴുതുകാണെന്നുള്ള ധാരണ ഒഴിവാക്കുക.

ബിന്ദുവേ എന്നാലും നന്ദി. ഇനി തിരുത്തണില്ല.

Adithyan said...

ഇത്രേം വെല്ലി ആ‍നെ ഒന്നു മുഴുവനായി ഒരു ഫ്രെയിമില്‍ എത്തിക്കാന്‍ പറ്റിയില്ല അല്ലെ? :)

ഞാന്‍ പഠിച്ചിട്ടു പറഞ്ഞു തരാം... ;)

Anonymous said...

കുമാറേട്ടാ, അപ്പൊ ഒട്ടകമോ

‘സ്വന്തം ആഹാരം ഇങ്ങനെ ഒപ്പം കൊണ്ടു നടക്കുന്ന ജീവി വേറേ എതുണ്ട്‌?‘

ഹിഹിഹി....

Kumar Neelakandan © (Kumar NM) said...

ഒട്ടകം അതിന്റെ ആഹാരം ഒരു ലഞ്ച് ബോക്സ് പോലെ കൊണ്ടു നടക്കാറുണ്ടോ? അതു വെള്ളം മാത്രമല്ലേ കൊണ്ടു പോകുന്നുള്ളു.

ഒട്ടകത്തിനെ പോലെ വെള്ളം സ്റ്റോര്‍ ചെയ്യുന്ന ഒരു മരമുണ്ട്. നമ്മുടെ നാട്ടില്‍ അതു ഒരുപാടുണ്ട്. ‘ട്രാവലേര്‍സ് ട്രീ’ എന്നണ് നാമം. ഒരു പ്രത്യേക പാറ്റേണീലുള്ള വാഴ.
അതിന്റെ ഉള്ളില്‍ മുഴുവന്‍ വെള്ളമാണ് ദാഹിച്ചു വലഞ്ഞുവരുന്ന യാത്രക്കാരന്‍ അതിനെ പള്ളകുത്തി വെള്ളം കുടിക്കാറുണ്ട്. അതുകൊണ്ടാണത്രെ അതിനിങ്ങനെ പേര്‍.

Anonymous said...

ഓ. അതു ശരിയാണ്..വാട്ടര്‍ ബോട്ടില്‍ ആണ്

ഏയ്..ഞാനിങ്ങിനെ ഒരു മരം കണ്ടിട്ടേ ഇല്ല. മലയാളത്തിലും ട്രാവലേര്‍സ് ട്രീ എന്നാണോ പറയാ?

Kumar Neelakandan © (Kumar NM) said...

എല്‍ ജി, ട്രാവലേര്‍സ് ട്രീയുടെ ഒരു വലിയ ചിത്രം ഇവിടെ ഒരു പോസ്റ്റ് ആയിട്ട് വച്ചിട്ടുണ്ട് .

ആ മരത്തിന്റെ നാട്ടുപേരും വീട്ടുപേരും അറിയണം എന്നുണ്ട്. പ്രിയപ്പെട്ടവരെ സുഹൃത്തുക്കളേ, സഹായിക്കൂ.

മുല്ലപ്പൂ said...

ശ്രീജിത്തിന്റെ പടവും അതിന്റെ പ്രതികരണവും കണ്ടു കുമാര്‍ പറഞ്ഞിരുന്നു, ഇനി “ബ്ലോഗ്ഗര്‍ സീരീസ് “ തുടങ്ങാന്‍ പോവുകയാണ് എന്ന്. പക്ഷേ ഇത്രക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല.

ഇതിപ്പോള്‍, വക്കാരീം,പാപ്പാനും,ഉമേശന്‍ മാഷും എല്ലാരുടെം കൂടി ഒന്നിച്ചാണല്ലൊ..
ഇനി “ഹൂ ഈസ് ഹൂ “ വും കൂടി ഒന്നു പറഞ്ഞു തന്നാ‍ല്‍...

Sreejith K. said...

കുമാറേട്ടാ‍, ചിത്രം എനിക്കിഷ്ടമായില്ല. പാപ്പാന്റെ ഭംഗി മാത്രമേ കുമാറേട്ടന്‍ പകര്‍ത്തിയുള്ളൂ. ആനയുടെ ചന്തം മൂന്ന് ഫോട്ടോയിലും ഇല്ല. മുകളില്‍ നിന്നെടുത്താല്‍ ആനയുടെ ചിത്രം നന്നാവില്ല എന്നാണ് എന്റെ ഒരു ഊഹം.

എഴുത്ത് നന്നായി. നല്ല നര്‍മ്മരസം. പക്ഷെ ക്ലച്ച്‌ ചവിട്ടി ലെഫ്റ്റിലേക്ക്‌ തിരിക്കുന്ന വിദ്യ ഇതു വരെ ഞാന്‍ കാറിലോ ബൈക്കിലോ കണ്ടിട്ടില്ല. അത് ആനയ്ക്ക് മാത്രം ബാധകമാണോ?

[ എന്നെ തല്ലണ്ട. ഞാന്‍ നന്നാവില്ല ]

തറവാടി said...

ഒരു അനുസരണയുള്ള കുട്ടിയെപോലെ ഞാന്‍ ആ ഇരുപ്പിനെ കാത്തിരിപ്പാക്കി.


ഒത്തിരിഷ്ടായിട്ടോ.......