Wednesday, June 22, 2005

രണ്ടു ജന്മസാഫല്യവും ഒരു ദഹനക്കേടും.

മുട്ടയ്ക്ക്‌ സൌര്യപൂര്‍വ്വം ഇരിക്കാന്‍ കോഴി തന്റെ ഒറ്റക്കാല്‍ ഒതുക്കി വച്ച്‌ കൊടുത്തു. ചുറ്റും കിടന്ന മഞ്ഞനിറമുള്ള ചോറിന്റെ രുക്ഷ ഗന്ധം കോഴിയെ മത്തുപിടിപ്പിച്ചു. കോഴി, മുട്ടയിലേക്ക്‌ നോക്കി. ഇത്‌ എന്റെ മുട്ടയല്ല. കാരണം തനിക്കു മുട്ടയിടാന്‍ അറിയില്ല. ശരിയായിപ്പറഞ്ഞാല്‍, താന്‍ മുട്ടയിടില്ല. ഇതു ഇട്ട കോഴിക്ക്‌ ഇതിന്റെ ഓണര്‍ഷിപ്പും ഇല്ല. പിന്നെ കോഴി ഓര്‍ത്തത്‌ നഷ്ടപ്പെട്ട തന്റെ ഇടതു കാലിനെക്കുറിച്ചായിരുന്നു. വലതു കാലിന്‌ ഇപ്പോള്‍ വേദനയില്ല. കോഴി ഓര്‍ത്തു, ഓര്‍മ്മ്ക്ക്‌ അധികം നീളമില്ല. നഷ്ടപ്പെടലിന്റെ വേദനയില്‍ കോഴി ആശിച്ചു, കണ്ടൈനറില്‍ കുറച്ചുകൂടി സ്ഥലം ഉണ്ടായിരുന്നെങ്കില്‍?............. ചൂടാറുന്നു, ഞാന്‍ പാത്രത്തിലേയ്ക്ക്‌ ബിരിയാണി കുടഞ്ഞിട്ടു. അതില്‍ ഒളിപ്പിച്ചു വച്ചിരുന്ന പുഴുങ്ങിയ മുട്ട ഉരുണ്ട്‌ ഒരു വശത്തേക്ക്‌ നീങ്ങി. ലഞ്ച്‌ ടൈം കഴിയാറാവുന്നു, വേഗം കഴിക്കണം. .............. കാലുകള്‍ എല്ലുകളായി മാറുമ്പോള്‍ കോഴി പറഞ്ഞു: "എന്റെ ജന്മം സഫലമാകുന്നു", മുട്ട പറഞ്ഞു: "ഇനിയും ജനിക്കാത്ത എന്റെയും"

11 comments:

സു | Su said...

ബിരിയാണി കഴിച്ച് കുമാറിന്റെ ജന്മം സഫലമായില്ല അല്ലേ. വേറെ ആരോ കൊണ്ടുവെച്ചതു കഴിച്ചിട്ടാ.

കെവിൻ & സിജി said...

പിരിയാണി തീറ്റിക്കാരാ, കൊറേശ്ശെ തിന്നു്, മനുഷ്യന്റെ ക്ഷമ പരീക്ഷിയ്ക്കല്ലേ!!

രാജ് said...

ബ്ലോഗിന്റെ നാമം കുമാരസംഭവം എന്നാക്കേണമായിരുന്നു. സത്യത്തില്‍ ഈ ബ്ലോഗൊരു സംഭവം തന്നെ!

ആശംസകള്‍!!!

Kalesh Kumar said...

:) നന്നായിട്ടുണ്ട്‌....

aneel kumar said...

ചില വ്യാഴാഴ്ച രാത്രികളിലും വെള്ളി ഉച്ചകളിലും ബിരിയാണി തിന്നോളാന്മേല എന്നു തോന്നും. എന്നിട്ട് തലയ്ക്കടിയും വയറ്റിനിടിയും കിട്ടിയപോലെ കഴിച്ചുകൂട്ടേണ്ടിവരുമെന്നത് പിന്നത്തെക്കാര്യം. പക്ഷേ കോഴികള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചോണ്ടിരിക്കുമ്പോഴാണല്ലോ നമ്മള്‍ കടിച്ചുവലിച്ചില്ലാണ്ടാക്കുന്നതെന്ന്‍ ചിന്തിച്ചപ്പോള്‍ ഒരു എസ്പിസിഏ ചിന്താഗതി. വെജിറ്റേറിയനിസത്തിന്റെ വക്താവായി മാറിയാലോന്ന്‍ ഒരു (റ്റെമ്പററി) ചിന്ത.

Kumar Neelakandan © (Kumar NM) said...

....പക്ഷേ പ്രിയ 'മറുവാക്കുകാരെ' ഞാന്‍ പറയട്ടെ, ഇതു ചിന്തിക്കുമ്പോള്‍ ഞാന്‍ കഴിച്ചതു സത്യമായിട്ടും ചിക്കന്‍ ബിരിയാണി അല്ല. "ചിക്കന്‍ ഫ്രൈ ആണ്‌" നിങ്ങള്‍ ഒക്കെ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചു.

പാവം ഞാന്‍.

aneel kumar said...

ചിക്കന്‍ ഫ്രൈയും മഞ്ഞച്ചോറുമാണോ കൊച്ചീലെ കാമ്പിനേഷന്‍?

Kumar Neelakandan © (Kumar NM) said...

തോന്ന്യാക്ഷരങ്ങളാകുമ്പോള്‍, ചിക്കന്‍ ഫ്രൈയോടൊപ്പം മഞ്ഞച്ചോറാകാം. വേണമെങ്കില്‍ ചിക്കന്‍ ഫ്രൈയും തൈരുസാദവും ആകാം, ചിക്കന്‍ ഫ്രൈയും പഴം പൊരിയും ആകാം (പ്രശസ്തമായ അലുവയും മീന്‍ കറിയും പോലെ). "തോന്ന്യാക്ഷരങ്ങള്‍" എന്ന മുന്‍ കൂര്‍ ജാമ്യത്തില്‍ അതിനുള്ള ഉപാധികള്‍ വച്ചിട്ടുണ്ട്‌.

സു | Su said...

ആ കോഴികളെ മുട്ടയിടാനും,പുലര്‍കാലത്ത്
മടിയന്‍മാരെ കൊക്കരക്കോ കൂവിയുണര്‍ത്താനും
പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് നടക്കാനും വിടാതെ വിശപ്പ് തീര്‍ക്കാന്‍ ഉപയോഗിക്കുന്ന ദുഷ്ടന്‍മാരേ നിങ്ങളെ ചെകുത്താന്റെ തിളച്ച എണ്ണ കാത്തിരിക്കുന്നു എന്നത് ഓര്‍മ്മയുണ്ടായാല്‍ നന്ന്.ഹി ഹി.

Kumar Neelakandan © (Kumar NM) said...

മുട്ടയിടാനും, കൂകി ഉണര്‍ത്താനും, ചിക്കി ചിനയാനും മാത്രമല്ല സൂ, കുറുക്കനു കൊടുക്കനും നമ്മുക്കു കോഴികള്‍ വേണം. പാവം കുറുക്കന്മാര്‍. അവര്‍ക്ക്‌ വംശനാശം സഭവിക്കുന്നു, ആഹാരം കിട്ടാതെ. (നമ്മള്‍ കൂറുക്കന്മാരും കുറുക്കികളും ആകുമ്പോള്‍ ഇതും ഇതിലധികവും സഭവിക്കും)
ഒന്നുകൂടി, ചെകുത്താന്‍ എണ്ണ തിളപ്പിക്കുന്നത്‌ ചിക്കന്‍ വറുക്കാന്‍ ആണോ? വല്ല ഐഡിയയും ഉണ്ടോ?

സു | Su said...

കുറുക്കന്‍മാര്‍ കോളിഫ്ലവര്‍ തിന്നാലും ജീവിക്കും. ചെകുത്താന്‍ എണ്ണ ചൂടാക്കുന്നത് ദുഷ്ടന്‍മാരെ വറുക്കാനാ. ഇങ്ങനെ, ഉള്ള മൃഗങ്ങളേയും പക്ഷികളേയും തിന്നു കൂട്ടിയാല്‍ കുമാറിനെ ചെകുത്താന്‍ മഞ്ചൂരിയന്‍ ആക്കും .