ട്രിവാൻട്രം മെഡിക്കൽ കോളേജിലെ ലക്ചർ ഹാൾ, 2005 ലെ ഒരു ഉച്ചകഴിഞ്ഞുള്ള സമയം. ശ്രദ്ധയോടെ ഇരിക്കുന്ന വിദ്യാർത്ഥികൾ. അവരുടെ ഇടയിൽ നിന്നും പെട്ടന്ന് കോശിയെക്കാണാനില്ല. അഞ്ചു മിനുട്ടിനു മുൻപ് കണ്ടതാണ്. പെട്ടന്ന് കോശി ഇല്ലാതായി...
ഷാജഹാൻ വലിയ മുറിയ്ക്ക് കുറുകെയും നെടുകെയും നടക്കുകയാണ്. അദ്ദേഹത്തിന്റെ ബീവി പതിനാലാമത്തെ പേറിന്റെ അവസാന നിമിഷത്തിലാണ്. പ്രസവം സുഖകരമാവാൻ വഴിയില്ല, അതിന്റെ ആകുലതയും വ്യാകുലതയുമാണ് ഷാജഹാന്റെ മുഖത്ത്. വയറ്റാട്ടിപ്പട തലങ്ങും വിലങ്ങും ഓടി നടക്കുന്നു. ഷാജഹാന്റെ കണ്ണുകൾ ഇടയ്ക്ക് ബീവി കിടക്കുന്ന മുറിയിലേക്ക് പാളിപ്പോകും. അതിരുകളില്ലാത്ത സ്നേഹമാണ് ഷാജഹാന് ബീവിയോട്. അവൾ ആഗ്രഹിച്ചതൊക്കെ അയാൾ കൊടുത്തിരുന്നു. ഷാജഹാന് അതിനു കഴിയും കാരണം ഷാജഹാൻ ആഞ്ചാമത്തെ മുഗൾ ചക്രവർത്തിയാണ്.
കോശി ഷാജഹാൻ ചക്രവർത്തിയെ മുഖം കാണിക്കാൻ വന്നു നിന്നു. കുറച്ചു സമയം കോശി ഒന്നും മിണ്ടിയില്ല. ഷാജഹാൻ ചോദിച്ചു, 'ആരാ? എവിടെ നിന്നും വരുന്നു?' കോശി പറഞ്ഞു, 'ഞാൻ അലക്സ് കോശി പൈനുംമൂട്ടിൽ. കോശി എന്നു വിളിക്കും, 2005ൽ നിന്നും വരുന്നു.' ആഗമന ഉദ്ദേശം കോശി പറഞ്ഞു. കോശിയെ അന്തപ്പുരത്തിലേക്ക് ആനയിക്കപ്പെട്ടു. ഷാജഹാൻ വീണ്ടും ഉലാത്തി, നെടുകെയും കുറുകെയും.
എതാനും സമയത്തിനുശേഷം കോശി വാതിൽ തുറന്ന് ഇറങ്ങി വന്നു. വെളുത്ത തൂവാലയിൽ കൈ തുടച്ചു കോശി ഷാജഹാനോടു പറഞ്ഞു, "സുഖപ്രസവം. മുംതാസ് ബീഗവും കുഞ്ഞും സുഖമായിരിക്കുന്നു, കുഞ്ഞിനെ കുളിപ്പിച്ചു കഴിഞ്ഞിട്ട് അകത്തുകയറി കണ്ടോളൂ." പരസ്പരം ഒന്നും പറയാതെ അവർ രണ്ടാളും കുറച്ചുനേരം നിന്നു. പിന്നെ കോശി പടി ഇറങ്ങി. ഇറങ്ങുമ്പോൾ കോശി ഓർമ്മിപ്പിച്ചു ‘ഇന്ന് 1631, ജൂൺ 17 ആണ്, നല്ലദിവസമാണോ എന്ന് ഒന്ന് നോക്കിക്കോളു.’
കോട്ടയുടെ മുന്നിലെത്തിയപ്പോൾ, കോശി ഉറക്കെ വിളിച്ചു പറഞ്ഞു, "ഞാൻ ചരിത്രം തിരുത്തി" "ഞാൻ ചരിത്രം തിരുത്തി എഴുതി" "ഞാൻ താജ് മഹലിന്റെ വരവിനെ തടഞ്ഞു." "ലക്ഷക്കണക്കിന് അടിമകളെ ഞാൻ കഷ്ടപ്പെടലിൽ നിന്നും മോചിപ്പിച്ചു." "ലോകാത്ഭുതങ്ങളുടെ എണ്ണം കുറച്ചു." "ആഗ്രയെ വെറും യമുനാതീരമാക്കി." "ഞാൻ ചരിത്രം തിരുത്തി"
അതുകേട്ട് ചുറ്റും കൂടി നിന്നവർ ആരവം ഉയർത്തി. കോശി കണ്ണുതുറന്നു. ചുറ്റും സഹപാഠികൾ നിരന്നു നിൽക്കുന്നു. നിശബ്ദമാണ് ലക്ചർ ഹാൾ. എല്ലാവരുടെ മുഖത്തും അതിശയം. കോശിയുടെ മുഖത്തുമാത്രം ചരിത്രം തിരുത്തിയ പുഞ്ചിരി.
10 comments:
പുതിയ തർക്കങ്ങൾ കാണുമ്പോൾ (വഖ്ഫ് ബോർഡ് തുടങ്ങിയവരുടെ) കോശിയുടെ സ്വപ്നം നടന്നാൽ മതിയായിരുന്നു എന്നേ ആശിക്കനാവൂ.
ആനന്ദാക്ഷരങൾക്ക് ഭാവുകങൾ.
നന്നായിട്ടുണ്ട് കുമാർ! ഉഗ്രൻ! :)
"ബാക്ക് ടു ദ ഫ്യൂച്ചർ" സീരീസ് സിനിമകൾ കണ്ടിട്ടുണ്ടോ? 3 പടങ്ങൾ ഉണ്ട്. അതിൽ ഒരെണ്ണത്തിൽ നായകൻ പിന്നോട്ട് പോയി അച്ഛനെയും അമ്മയേയും ലൈനാക്കുന്ന കഥയൊക്കെയുള്ള സിനിമയാ! ഇത് വായിച്ചപ്പം പെട്ടന്ന് മനസ്സിലോട്ട് ഓടി വന്നത് അതാ! കുമാർ അത് കണ്ടിട്ടില്ലേൽ കാണണം. തമാശപ്പടമാണ്, പക്ഷേ, ഉഗ്രൻ പടം. 1885 തൊട്ട് 2015 വരെയുള്ള കാലഘട്ടങ്ങളിലാണ് കഥ നടക്കുന്നത്.
എനിക്കൊന്നും മനസ്സിലായില്ല :(
ദൈവമേ, ചരിത്രം ഇങ്ങനെ മാറ്റിയെഴുതാൻ കഴിഞ്ഞെങ്കിൽ..............
കുമാര്‍ സാബ്,
ഒരു വിശദീകരണ കുറിപ്പ് എഴുതുവാന്‍ ദയവുണ്ടാകണം..
-ഇബ്രു-
കലേഷ്, ബാക് റ്റു ദ ഫ്യൂചർ സിരീസിലെ മൂന്നു ചിത്രങ്ങളും കാണാനുള്ള
ഭാഗ്യമുണ്ടായി. പക്ഷേ ഇന്നത്തെ പ്രചോദനം ആദിത്യൻ ആണ്. മുകുന്ദന്റെ ആതിത്യനും രാധയും
മറ്റുചിലരും എന്ന നോവലിലെ ആദിത്യൻ. കലേഷ് ഈ നോവൽ വായിച്ചിട്ടുണ്ടാവും എന്നു
കരുതുന്നു. ഒരു രസകരമായ അനുഭവമാണ് ഈ നോവൽ.
ഇബ്രൂ, സൂ, വിശദീകരണം കലേഷ് എഴുതിയ കമന്റിൽ തന്നെയുണ്ട്.
എങ്കിലും ഞാൻ ഒരു തമാശയ്ക്ക് എഴുതാം (ഒരു വിശദീകരണം എഴുതേണ്ടി വരുന്നു എന്നതിന്റെ അ
ർത്ഥം ഞാൻ എഴുതിയത് മണ്ടത്തരം ആണെന്നുള്ളതാണ്)
1631 ജൂൺ 17നാണ് തന്റെ പതിനാലാമത്തെ പേറിലാണ് മുംതാസ് മരണമടഞ്ഞത്. അവരുടെ
ഓർമ്മയ്ക്കാണ് ഷാജഹാൻ ആ ലോകാത്ഭുതം പണിതത്. (ഈ കഥ പറഞ്ഞുകേട്ടിട്ടുണ്ടാവും എന്ന്
കരുതുന്നു.) നേരായ വൈദ്യസഹായം കിട്ടിയിരുന്നെങ്കിൽ മുംതാസ് മരിക്കില്ലായിരുന്നു എന്നാണ് മെഡിക്കൽ സ്റ്റുഡന്റായ കോശി ചിന്തിച്ചത്, മേൽ പറഞ്ഞ സിനിമകളിലെപോലെ ഒരു തിരിച്ചുപോക്കാവും കോശി ചെയ്തത്, അല്ലെങ്കിൽ ഈ നടന്നത് ഒരു ‘കോശി സ്വപ്നം’ ആയിരിക്കാം... എന്തായാലും എന്റെ ഇബ്രു ഒന്ന് ക്ഷമിക്കൂ... പാവം കോശി സ്വപ്നം കണ്ടോട്ടെ.
DEAR K U M A R
'(ഒരു വിശദീകരണം എഴുതേണ്ടി വരുന്നു എന്നതിന്റെ അ
ർത്ഥം ഞാൻ എഴുതിയത് മണ്ടത്തരം ആണെന്നുള്ളതാണ്)'
മുകളില്‍ എഴുതിയിരിക്കുന്ന വാക്കുകള്‍ വേണ്ടായിരുന്നു..
എനിക്ക് മുഗള്‍ സാമ്രാജ്യത്തെ കുറിച്ചെന്തറിയാം?.. താജ് മഹല്‍ പണി കഴിപ്പിച്ചതും അടങ്ങാത്ത ഭ്രമം അവസാനിക്കാതെ നാടു നീളെ നടന്ന് വേറേതോ ഒരു മുഗളന്‍ കല്യാണം കഴിച്ചതും അല്ലാതെ..
വിശദീകരണ കുറിപ്പ് ആവശ്യപ്പെടുന്നത് വായനക്കാരന് വേണ്ടത്ര ബുദ്ധി വികാസം പ്രാപിക്കാത്തത് കൊണ്ടുമാണ്.പിന്നെ കഥയില്‍ പറയാതെ പോകുന്ന സൂചനകള്‍ അറിയാതെ പോകരുതെന്ന ദുശ്ശ്യാഠ്യവും ഉണ്ടെന്ന് കൂട്ടിക്കോളൂ..
ഇബ്രു-
ഇബ്രൂ :)
ഇബ്രൂ :(
ഇബ്രൂ നന്ദി
ഇബ്രു ക്ഷമിക്കൂ
വളരെ വ്യത്യസ്ഥമായ ഒരു നല്ല വായനാനുഭവം തന്ന കഥ :)
Post a Comment