Wednesday, August 03, 2005

അയാൾ ബ്ലോഗെഴുതുകയാണ്‌

വിഷയ ദാരിദ്ര്യത്തിന്റെ വിഭ്രാന്തിയിൽ അയാൾ തൊടി മുഴുവൻ അലഞ്ഞു. തെങ്ങും കവുങ്ങും പിടിച്ചുകുലുക്കി. പയ്ക്കളെ കയറൂരിവിട്ടു. നാട്ടുമാവിന്റെ പൂങ്കുലകളെ തല്ലിത്തകർത്തു. അതിശയത്തിന്റെ പടവുകൾ ഇറങ്ങിവന്ന പ്രിയ സഹയാത്രികക്കും കൊടുത്തു കൈവീശി ഒന്ന്......

എല്ലാം കഴിഞ്ഞപ്പോൾ, കലിയടങ്ങിയപ്പോൾ അയാൾ ബ്ലോഗെഴുതാനിരുന്നു.

അയാൾ എഴുതി.

"ഓടി നടന്ന പയ്ക്കളും
ഒടുവിലായ്‌ നീയും
നിന്റെ ഓർമ്മകളും
ഒരുമിച്ചു നാം കണ്ട സ്വപ്നങ്ങളും
ഒരോന്നായ്‌ പടിയിറങ്ങിപ്പോയ്‌.
തൊടിയിൽ ഞാൻ മാത്രമായ്‌"

സന്തോഷത്തോടെ പോസ്റ്റ്ചെയ്ത ശേഷം, പിന്മൊഴികളുണ്ടോ എന്ന് ചില നിമിഷങ്ങൾ കാത്തു. പിന്നെ ലോഗോഫ്‌ ചെയ്ത്‌ കംപ്യൂട്ടർ ഷട്ട്‌ഡൌൺ ചെയ്ത്‌ അയാൾ ഉറങ്ങാൻ കിടന്നു. വിഷയദാരിദ്ര്യത്തെ തോൽപ്പിച്ച സംതൃപ്തി അയാളുടെ മുഖത്ത്‌ ഒരു ചിരിയായ്‌ വറ്റി നിന്നു.

8 comments:

Kalesh Kumar said...

ഈ ലോകത്ത്‌ വിഷയദാരിദ്ര്യമോ കുമാർ? :)

രാജ് said...

വിഷയദാരിദ്രം തന്നെ വിഷയമാക്കുവാനുള്ള ശ്രമത്തിലാണോ കുമാർ?

സു | Su said...

തൊടിയിൽ ഞാൻ മാത്രമായ്‌"
ഇങ്ങനെ ദേഷ്യം വരുമ്പോൾ കൈവീശി ഓരോന്ന് കൊടുക്കാൻ തുടങ്ങിയാൽ തൊടിയിൽ മാത്രമല്ല ജീവിതത്തിലും ഒറ്റയ്ക്കായി പോകും കേട്ടോ. പിന്നെ വിഷയ ദാരിദ്ര്യം ഉണ്ടാവുകയേഇല്ല. എവിടെ വേണമെങ്കിലും അലയാമല്ലോ.

Kumar Neelakandan © (Kumar NM) said...

തൊടിയിലിട്ട് ഒരു പെണ്ണിനൊന്നുകൊടുത്തപ്പോൾ മറ്റൊരു പെൺ‌മനസ് നൊന്തു. സ്വന്തം ഭാര്യയെ ഒന്നു തല്ലിതലോലിക്കാൻ പോലും ഉള്ള സ്വാതന്ത്ര്യം നമുക്കില്ലേ?

സൂ, :( കലേഷ് :) പെങ്ങോടൻ :)

സു | Su said...

ഭാര്യ ഭർത്താവിനെ തല്ലിയാൽ അത് അഹങ്കാരം. ഭർത്താവ് ഭാര്യയെ തല്ലിയാൽ അത് തലോടൽ. ഇതെന്താ വെള്ളരിക്കാപ്പട്ടണം ആണോ?

aneel kumar said...

അതു സൂ, ഭാര്യമാർ ഒത്തിരി സഹിച്ച ശേഷം അറ്റകൈയ്ക്കേ കൈവയ്ക്കൂ. അത് ‘ഒരുമ്പോക്കു’മായിരിക്കും. അതാ അങ്ങനെ.
ഭാര്യമാരാണെങ്കിൽ നിത്യേന ‘എന്നെ തല്ലുന്നില്ലേ’ എന്ന തരം പ്രകടനമല്ലേ? അതു കൊണ്ട് അത് തലോടൽ കാറ്റഗറിയിലേ വരൂ.

സു | Su said...

പാവം സുധച്ചേച്ചി :(

aneel kumar said...

സുധച്ചേച്ചിയെ തലോടിയാൽ പിള്ളാരെന്നെ തട്ടും.