
Friday, July 28, 2006
കടവില്‍.

Saturday, July 22, 2006
പൊന്നുരുക്ക് !

Friday, July 21, 2006
ചേർന്ന് നില്ക്കുമ്പോൾ
ചുണ്ടില്‍ നിന്നും വലിച്ചെടുത്ത ഗ്ലാസ്, ഇടതുകൈ താഴെ വയ്ക്കുമ്പോള്‍ മാത്തച്ചന്റെ വലതു കൈ വെന്തുലര്‍ന്ന പോത്തിന്റെ പാത്രത്തിലേക്ക് പോയി. അതിന്റെ മസാലയും എരിവും നാവില്‍ പൊട്ടി അലിയുമ്പോള്‍ അയാള്‍ പറഞ്ഞു,
"സ്മോള്‍ അടിക്കുവാണേല്‍ നമ്മുടെ നാടന്‍ പോത്തും കൂട്ടിത്തന്നെ അടിക്കണം അല്ലിയോടാ ജോസേ. അവിടെ കാനഡയില്‍ കിട്ടുന്നപോത്തിനൊന്നും ഇത്രേം ടേസ്റ്റില്ല."
ജോസ് തലയാട്ടി. ആദ്യപെഗ്ഗും കഴിഞ്ഞു മിണ്ടാതിരിക്കുന്ന പുന്നൂസിനെ നോക്കി മാത്തച്ചന് പറഞ്ഞു
"എന്നതാ അളിയാ ഒരെണ്ണം തെകച്ച് അകത്താവും മുന്‍പു തന്നെ അളിയനങ്ങു കൊഴഞ്ഞോ?"
"ഹൊ, ഇപ്പോ വലിയ അടിയില്ല മാത്തച്ചാ, ഗ്രേസിക്കതത്ര പോരാ, രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ പിന്നെ വാചകമടിയാണെന്നാ അവടെ കമ്പ്ലൈന്റ്."
"അളിനയിതും കൂടി അങ്ങുപിടിച്ചെ" ഒരു പെഗ്ഗുകൂടി ഒഴിച്ചുനീട്ടുമ്പോള്‍ മാത്തച്ചന് പറഞ്ഞു.
"എന്നാതാടാ കുഞ്ഞുമോനെ അറച്ചു നില്ക്കണെ? നീ ഒരെണ്ണം അങ്ങോട്ട് പൊട്ടിയ്ക്ക്." മേശമേല്‍ ചാരി നിന്ന കുഞ്ഞുമോനു മാത്തച്ചന് പ്രചോദനമേകി.
"നിങ്ങളൊരു റൗണ്ട് ആയിട്ട് അങ്ങു കൂടാമെന്നു കരുതി തൊട്ടുനക്കാനെന്തെങ്കിലും എടുക്കാനോ മറ്റൊ ഒരാള്‍ വേണമല്ലൊ!"
"അതിനു അടുക്കളേലോട്ടൊന്നു വിളിച്ചാല്‍ പോരെ?" മാത്തച്ചന് കസേരനീക്കിയിട്ട് പറഞ്ഞു
"നീ ഇങ്ങോട്ടിരിക്കെടാ ഫോര്‍മാലിറ്റിയൊന്നും വേണ്ടാ വല്ലപ്പോഴുമല്ലേടാ ഇങ്ങനൊരു ഒത്തുകൂടല്‍. പോര്‍ക്ക് എന്തായിട്ടുണ്ടാവുമോ ആവോ?" മാത്തച്ചന് ഉച്ഛത്തില്‍ നീട്ടിവിളിച്ചു
"എടീ റോസീയേ, പോര്‍ക്ക് വെന്തോടീ?.. ലേശം ഇങ്ങോട്ടെടുക്കാറായോടിയേ...."
ആ നീട്ടിവിളി ലക്ഷ്യസ്ഥാനമായ അടുക്കളയിലേക്ക് നീങ്ങി. ആ വിളിയുടെ ഒരു ചെറുതുണ്ട് ആ വലിയവീട്ടിനുള്ളില്‍ വഴിതെറ്റി പോയ ഒരു കുട്ടിയെ പോലെ പതുങ്ങി പതുങ്ങി വരാന്തയിലേക്കും വന്നു. അവിടെ ചാരുകസേരയില്‍ ചാഞ്ഞിരുന്ന ഔസേപ്പ് ചേട്ടന്റെ ചുളുവുവീണ ചെവിയില്‍ അതു വന്നു തൊട്ടു.
അയാള്‍ ഓര്‍ത്തു. പണ്ട് ഇതുപോലെ നീട്ടിവിളിച്ചിരുന്നത്. ആ വിളികേട്ട് അടുക്കളയില്‍ നിന്നും സ്റ്റീല്‍പാത്രത്തില്‍ ആവിപറക്കുന്ന പോര്‍ക്കുമായി ത്രേസ്യക്കൊച്ച് വേഗത്തില്‍ വന്നിരുന്നത്.
ഔസേപ്പ് ചേട്ടന് പുറത്തേക്ക് നോക്കിയിരുന്നു.
അടുക്കളയില്‍ നിന്നും മസാലയുടെ വറവുമണത്തിനൊപ്പം ഗ്രേസിയുടേയും അന്നയുടേയും വര്‍ത്തമാനം ഉയര്‍ന്നു പരന്നു. ഇന്നിപ്പോള്‍ ഇവിടെ ഇല്ലാത്ത സൂസന്നയെക്കുറിച്ചാണത്.
"റോസിയേ, നിനക്കറിയാവോടീ, പളപളാന്നിരിക്കണ ആ ഇന്‍ഡിക്കാ കൊടുത്തിട്ട് അവളിപ്പം ആക്സന്റ് വാങ്ങാനുള്ള കാരണമെന്നതാന്നാ? ഇച്ചായന് ഒരെണ്ണം വാങ്ങീലായോ, അതു തന്നെ. അസൂയ. അവളുടെ അങ്ങേരൊരു മണകൊണാഞ്ചന്‍. ഇവളാ അയാള്‍ക്കെട കെട്ടിയോന്." ആവി പറക്കുന്ന പോര്‍ക്ക് കഷണങ്ങള്‍ പാത്രത്തിലേക്ക് കോരിയിടുമ്പോള്‍ ഗ്രേസി പറഞ്ഞു.
അതിലൊരു കഷണമെടുത്ത് വായിലിട്ട് അതിന്റെ ചൂടോടെ റോസി അടുത്ത വിഷയത്തിനു തീവച്ചു,
"ചേച്ചിക്കവടെ കഴുത്തിക്കെടക്കണ ലോങ്ങ് ചെയിനിന്റെ കഥയറിയില്ലേ? ഇതു കൊണ്ടേക്കൊടുത്തിട്ടുവാ, എന്നിട്ടു പറയാം. അവിടെ തൊട്ടുനക്കല്‍ മൊടങ്ങണ്ട."
പോര്‍ക്ക് ടേബിളില്‍ വച്ച് ഒഴിഞ്ഞ പാത്രവുമായി ഗ്രേസി വരുമ്പോള്‍, വരാന്തയില്‍ പുറത്തേക്ക് നോക്കിയിരിക്കുന്ന അപ്പച്ചനെ കണ്ട് അങ്ങോട്ട് ചെന്നു.
"അപ്പച്ചനെന്നതാ ഓര്‍ക്കണേ? കഴിക്കാറായി. ആഹാരം എടുക്കട്ടെ?"
ഓര്‍മ്മയില്‍ നിന്നും വിടുവിച്ചെടുത്ത മുഖം ഗ്രേസിയുടെ നേരേ തിരിഞ്ഞു.
"അപ്പച്ചനെന്താ ഓര്‍ത്തിരിക്കണേ?" ഗ്രേസി തുടര്‍ന്നു, "മാത്തച്ചായനോട് ഒരെണ്ണം ഇങ്ങെടുക്കാന്‍ പറയട്ടെ?"
ഔസേപ്പ് ചേട്ടന് കൈ എടുത്ത് വിലക്കി. എന്നിട്ട് പറഞ്ഞു.
"വിശപ്പില്ല. ഞാന്‍ സാധാരണ ഉച്ചയ്ക്കൊന്നും കഴിക്കാറില്ല. ആ പെണ്ണ് വന്ന് രാവിലെ വച്ചിട്ട് പോകുന്ന ആഹാരം അവള് തന്നെയാണ് പിറ്റേന്ന് എടുത്ത് കളയാറ്. നിങ്ങളൊക്കെ കഴിച്ചൊളൂ".
ഔസേപ്പ് ചേട്ടന് മുറ്റത്തേക്ക് ഇറങ്ങി നടന്നു. അതിന്റെ ഒരു കോണില്‍ ത്രേസ്യയുടെ കുഴിമാടത്തിനരുകില്‍ ചെന്നു നിന്നു.
അയാള്‍ പറഞ്ഞു 'ത്രേസ്യക്കൊച്ചേ, ഇന്ന് നിന്റെ ഓര്‍മ്മദിനം ആണ്. എനിക്കെന്നും അതാണ്. നമ്മുടെ മക്കളൊക്കെ വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം നിന്നെ ഓര്‍ക്കാന്‍, ഒത്തൊരുമിക്കാന്‍. എനിക്ക് ഒന്ന് നിന്നോട് ചേര്‍ന്നിരിക്കണമെന്നു തോന്നി. അതാ ഞാന്‍ ഇറങ്ങി നടന്നത്.'
ഔസേപ്പ് ചേട്ടന് ഒര്‍ല്‍പ്പംകൂടി ചേര്‍ന്നു നിന്നു. ഔസേപ്പു ചേട്ടന്റെ കാലുകള്‍ കുഴിമാടത്തില്‍ പൊതിഞ്ഞിരുന്ന മാര്‍ബിളില്‍ തൊട്ടു.
അതിനകത്തുനിന്നും ത്രേസ്യക്കൊച്ച് വിളിച്ചു ചോദിച്ചു,
"അതേയ് എന്ത് ഓര്‍ത്താ നില്ക്കണേ? ഊണുകഴിക്കേണ്ടേ? വരൂ.. "
ഔസേപ്പ് ചേട്ടന്റെ കാലുകള്‍ വീണ്ടും മാര്‍ബിളില്‍ ഉരഞ്ഞു. അദ്ദേഹം തിരിച്ചറിഞ്ഞു, ചേര്‍ന്ന് നില്‍ക്കലിന്റെ സുഖം.
അതിന്റെ തണുപ്പ്.
Tuesday, July 04, 2006
നിരതെറ്റി വീഴുന്ന വാകപ്പൂക്കള്‍.
പടിഞ്ഞാറു നിന്നും വന്ന വെയില് പിന്നിലൂടെ അവന്റെ കവിളിന്റെ വന്നു തട്ടി. അപ്പോഴാണ് ദിയ ശ്രദ്ധിച്ചത് അവന്റെ കവിളുകള്‍ വീര്‍ത്തതാണെന്ന്. പുതിയ ഒരു കാര്യം കണ്ടുപിടിച്ച സന്തോഷത്തില്‍ അവള് വിളിച്ചു, "ഓയ് ചബ്ബീ ചീക്സ്" അവള് പറഞ്ഞു, "ഗിരി, നിന്റെ കവിളുകള്‍ നന്നായിട്ട് വീര്‍ത്തിട്ടാ". അവന് അവന്റെ കവിളില്‍ കൈവച്ചു അമര്‍ത്തിനോക്കി. അങ്ങനെ അല്ല എന്ന് ഉറപ്പ് വരുത്തി. ആ ഉറപ്പ് ഒരു ചിരിയായി അവന്റെ മുഖത്ത് തെളിഞ്ഞു. അവനോര്‍ത്തു എത്രപെട്ടന്നാണ് ഇവള് അടുത്ത ഒരു സുഹൃത്തായി മാറിയത്. അവള് മനസില്‍ ഒരു സന്തോഷമായ് ചേക്കേറിയത്. കാറ്റില്‍ വഴിപിണഞ്ഞു വന്ന ഒരു ഇലപോലെ. "നീ ചിരിക്കുമ്പോഴാ അതു കൂടുതല്‍ വീര്‍ക്കുന്നത്" അതു പറഞ്ഞിട്ട് അവള് അവന്റെ കവിളില്‍ പിടിച്ചു വലിച്ചു. ഗിരീഷ് ഒരു നിമിഷം നിശബ്ദനായി. പരിസരബോധത്തിന്റെ പിന്‍വലിയില്‍ അവന് ചുറ്റും നോക്കി, ഒരു ഷിഫ്റ്റ് കഴിഞ്ഞ് അടുത്ത ഷിഫ്റ്റിനുള്ളവരെ കാത്തുകിടക്കുന്ന കസേരകളും കമ്പ്യൂട്ടറുകളും മാത്രം. അവന് അറിയാതെ മുഖം കുനിച്ച് ചിരിച്ചു പോയി. പിന്നെ അവള് സ്നേഹം കൂടുമ്പോള്‍ സന്തോഷം നിറയുമ്പോഴെല്ലാം അവന്റെ കവിളില്‍ പിടിച്ചുവലിക്കുമായിരുന്നു. അവനും അറിയാതെ അതു പലപ്പോഴും പ്രതീക്ഷിച്ചു തുടങ്ങി. സ്പര്‍ശനത്തിന്റെ കാന്തിക ശക്തി.
മറ്റൊരു സന്ധ്യയില്‍ കോഫീഷോപ്പിന്റെ തണുത്ത ക്യാബിനില്‍ വച്ച് അവള് ചോദിച്ചു, "ഞാന്‍ നിന്റെ കവിളില്‍ പിടിച്ച് വലിക്കുന്നത് ഗിരി നീ നിന്റെ ഗേള്‍ഫ്രണ്ടിനോട്, സോറി നിന്റെ വുഡ്ബിയോട് പറഞ്ഞിട്ടുണ്ടോ?" ഇല്ല എന്ന് അവന് തലയാട്ടി. എന്നിട്ട് കുറേ നേരം ചില്ലു വാതിലൂടെ പുറത്തേക്ക് നോക്കി. പൂവിട്ട് നില്ക്കുന്ന വാകമരത്തില്‍ നിന്നും ഇടയ്ക്കിടെ ചുവന്നപൂക്കള്‍ വീണുകൊണ്ടിരിക്കുന്നു. അവന് പറഞ്ഞു, "എന്തുമാത്രം പൂക്കളാ അല്ലേ ഒരുദിവസം വാക നിലത്തുവിരിക്കുന്നത്." അവള് ശ്രദ്ധിച്ചില്ല അവള് അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു, ഒരു ഉത്തരത്തിനായി അവന് പറഞ്ഞു, "ദിയാ, നീ എന്റെ കുഞ്ഞനിയത്തി എന്ന് എനിക്ക് മാത്രമല്ലെ അറിയൂ. പറയാന്‍ മടിച്ചിട്ടല്ല കഴിഞ്ഞില്ല. അതാണ് സത്യം." "ശരിയാ ഞാന്‍ നിന്റെ കുഞ്ഞനിയത്തി എന്ന് നിനക്ക് മാത്രമേ അറിയു. നിനക്കുമാത്രം!" ദിയ എഴുന്നേറ്റു. ചില്ലുവാതിലിനരികില്‍ പോയി നിന്നിട്ട് അവനെ വിളിച്ചു "വാകപ്പൂ വീഴുന്നത് കാണിച്ചുതരാം. ഇവിടെ വാ.." അവനും ചില്ലിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ കമ്പിയില്‍ പിടിച്ചുനിന്നു. വാകപ്പൂക്കള്‍ ഒന്നും വീണില്ല. അവള് ഒന്നു പിന്തിരിഞ്ഞു നോക്കി. എന്നിട്ട് ഗിരിയുടെ കവിളില്‍ ഒരു ഉമ്മ വച്ചു. ഗിരിഷ് അവളെനോക്കി. അവള് ഉറക്കെ തലകുലുക്കി ചിരിച്ചു. അവന് പുറത്തേക്ക് നോക്കി. ഒരു വാകപൂവുകൂടി വീണിരിക്കുന്നു. സ്നേഹത്തിന്റെ കാന്തം ഉരഞ്ഞുപോയ കവിളില്‍ അവന് കൈ ഉയര്‍ത്തി തൊട്ടു. അവന് ചിരിച്ചുപോയി. അവള് ചോദിച്ചു, "നീ നിന്റെ ഗേള്‍ഫ്രണ്ടിനെ ചുംബിച്ചിട്ടുണ്ടോ?" "ഇല്ല." "എന്തേ?" "കഴിഞ്ഞില്ല" ഗിരി പറഞ്ഞുനിര്‍ത്തി. പിന്നെ അവളോട് ചോദിച്ചു. "നീയോ? നിന്നെയോ?" അവള് ചിരിച്ചു. "ഞാനല്ല. എന്നെ. മുതിര്‍ന്നതിനു ശേഷം ഒരാള്‍. ഒരിക്കല്‍. എന്റെ ചെറിയച്ചന്." നീണ്ട ഒരു നിശബ്ദതയില്‍ അവളുടെ ചിരി നിന്നു. അസ്തമയസൂര്യന്റെ ചുവപ്പ് വാകയില്‍ തട്ടി. ഇളംകാറ്റില്‍ അതിന്റെ ഇലകള്‍ പോലും അനങ്ങിയില്ല. അവള് തിരികെ വന്ന് ടേബിളില്‍ ഇരുന്ന കോഫി എടുത്ത് അവന്റെ അരികിലേക്ക് വന്നു. എന്നിട്ട് ചോദിച്ചു, "നിനക്ക് ശരിക്കും വട്ടാകുന്നുണ്ട് അല്ലേ ഗിരീ?“ അവന് സൌമ്യമായി ചിരിച്ചു. അവളും ചിരിച്ചു. ചിരിയുടെ ഒടുവില്‍ അവള് കവിള് ചരിച്ച് വച്ച് ഒരുകാത്തിരിപ്പ് പ്രകടമാക്കി. അവന്റെ ചുണ്ടുകള്‍ അവളുടെ കവിളില്‍ തൊട്ടു. ആകര്‍ഷണത്തിന്റെ കാന്തം ഉരഞ്ഞു ഒരു ചെറിയ സ്നേഹകാറ്റ് പോലെ. പുറത്ത് വാകപ്പൂക്കള്‍ വീണു. സന്ധ്യയുടെ ഇളം മഞ്ഞയില്‍ വാകപ്പൂക്കള്‍ കൂടുതല്‍ ചുവന്നു. തിരികെ പോകുമ്പോള്‍ ബൈക്കില്‍ പിന്നിലിരുന്നു ദിയ പറഞ്ഞു, "ഞാനൊരു കാര്യം സജസ്റ്റ് ചെയ്യട്ടേ?" ബൈക്കിന്റെ വേഗത കുറഞ്ഞു. "നമുക്ക് ബൈക്ക് ഇവിടെ വച്ചിട്ട് നടന്നു പോയാലോ“? അവന് ഒന്നും മിണ്ടിയില്ല. ബൈക്ക് റോഡിന്റെ സൈഡിലേക്ക്.
ഫുഡ്പാത്തിലൂടെ നടക്കുമ്പോള്‍, അവള് അവളുടെ കൊച്ചു ബാഗ് അവന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട് കൈകള്‍ വീശി നടന്നു. "നിന്റെ കല്യാണം എന്നത്തേയ്ക്കാ ഫിക്സ് ചെയ്തിരിക്കുന്നത്?" അവളുടെ ചോദ്യങ്ങള്‍ എല്ലാം അപ്രതീക്ഷിതങ്ങളാണ്. നിരതെറ്റി വീഴുന്ന വാകപ്പൂക്കള്‍ പോലെ. "ഡേറ്റ് ഫിക്സ് ചെയ്തിട്ടില്ല. സന്ധ്യയുടെ എം ഫില്‍ കഴിയണം. മോസ്റ്റ് പ്രോബബ്ലി നെക്സ്റ്റ് ഇയര്‍"
"എനിക്ക് നടന്നു മടുത്തു. നമുക്കിനി ഓട്ടോയില്‍ പോകാം. എന്നെ ഹോസ്റ്റലില്‍ ഇറക്കിയിട്ട് തിരിച്ച് ആ ഓട്ടോയില്‍ തന്നെ വന്ന് നിനക്ക് ബൈക്ക് എടുക്കാമല്ലൊ." മറുപടിക്ക് കാത്ത് നില്‍ക്കാതെ അവള് തന്നെ ഓട്ടോയ്ക്ക് കൈ കാണിച്ചു. ഓട്ടോയില്‍ അവനോട് ചേര്‍ന്ന് അവള് ഇരുന്നു. ഉള്ളില്‍ അപ്പോള്‍ നിറയുന്നത് അടുപ്പമാണോ അസ്വസ്തതയാണോ എന്നൊരു തിരിച്ചറിവിലേക്ക് ഗിരിഷ് മനസിനെ തിരിച്ചില്ല. ദിയ അവന്റെ കൈ എടുത്ത് അവളുടെ തോളിലൂടെ ഇട്ടു. സംരക്ഷണത്തിന്റെ ഒളിത്താവളത്തില്‍ എന്ന പോലെ അവള് ഇരുന്നു. അവന്റെ കവിളില്‍ വാകപ്പൂക്കള്‍ അടര്‍ന്നു വീണു. തിരിച്ചൊന്നു കൊടുക്കുമ്പോള്‍ അവന് അറിഞ്ഞു അവളുടെ കവിളില്‍ നനവ്, ഉപ്പിന്റെ നനവ്. ശബ്ദം വളരെ താഴ്ത്തി അവള് പറഞ്ഞു, "ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ?" അവന് ഒന്നും മിണ്ടിയില്ല. അവന്റെ ചുണ്ടില്‍ ഉപ്പിന്റെ നനവായിരുന്നു. ചെവിയോട് ചേര്‍ന്ന് വീണ്ടും അവളുടെ ശബ്ദത്തിന്റെ തുടര്‍ന്നു, "അതേ ഞാന്‍ ഈ കൈക്കുള്ളില്‍ ഭയങ്കര സേഫ് ആണ്. ഞാന്‍ നിന്നോടൊപ്പം കൂടിക്കോട്ടെ?" അവന്റെ കൈ അയഞ്ഞു. അവള് ചിരിച്ചു "ഞാന്‍ വലിയ മണ്ടത്തരം ആണ് പറയുന്നത് എന്ന് എനിക്കറിയാം. പക്ഷെ അന്ന് ചോദിച്ചിരുന്നെങ്കില്‍ കിട്ടിയിരുന്നനെ എന്ന് പിന്നെ തോന്നാതിരിക്കാന്‍വേണ്ടിയാണ്. ഇപ്പോള്‍ നിനക്ക് ഒന്നും തോന്നരുത് ഗിരീ, ഒരു ഗതികേട് കൊണ്ട് ചോദിച്ചുപോയതാ" ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ അവള് ഒന്നും പറയാന്‍ നിന്നില്ല.
പിറ്റേന്ന് രാവിലെ ഓഫീസില്‍ അവളുടെ കസേര ഒഴിഞ്ഞുകിടന്നു. പ്രൊബേഷണറി ടൈമില്‍ വിട്ടുപോകാന്‍ നോട്ടീസ് പിരീഡിന്റെ ആവശ്യമില്ല. ആരൊക്കെയോ പറയുന്നതു കേട്ടു. ഗിരിഷ് പിന്നൊന്നും കേള്‍ക്കാന്‍ നിന്നില്ല. അവന് അവന്റെ സിറ്റിലേക്ക് നടന്നു. ദൂരെ എവിടെയോ വീശിയ കാറ്റില്‍ വാടിയവാകപൂക്കള്‍ നിലത്തുരഞ്ഞു നീങ്ങി.