ടിങ്കുചേട്ടനാണ് അവൾക്ക് അതു കൊടുത്തത്. ഒരു ഹോർളിക്സ് കുപ്പിയിൽ നിറച്ച കുളത്തിലെ വെള്ളത്തിൽ, ഉരുളൻ കല്ലുകൾക്കു മുകളിൽ കുഞ്ഞു സസ്യങ്ങളുടെ ഇടയിൽ പകച്ചു നീന്തുന്ന ഒരു കുഞ്ഞു മീൻ. ജന്മഗൃഹം മേൽപ്പറഞ്ഞ ചേട്ടന്റെ വീടിനടുത്തുള്ള ഒരു വാൽക്കുളം. അതുകൊണ്ടുമാത്രം അതിന് ഒരു പേരുപോലും സ്വന്തമായില്ലായിരുന്നു.
പക്ഷെ കല്യാണിക്ക് ആ മീൻ സ്വന്തമായിരുന്നു, ഒരു കാഴ്ചയായിരുന്നു. അവളും അവളുടെ ഉണ്ണിച്ചേട്ടനും മീനുചേച്ചിയും ചേർന്ന് അതിനു കുപ്പിനിറയെ ആഹാരം കൊടുത്തു. കൊച്ചിയിൽ വരുമ്പോൾ അതിനെ എങ്ങനെ വളർത്തണം എന്നും അവൾ പ്ലാൻ ചെയ്ത് അവതരിപ്പിച്ചു.
പിറ്റേ ദിവസം രാവിലെ വെള്ളത്തിൽ തളർന്നുതുടങ്ങിയ ചെടികളുടെ ഇടയിൽ അത് തലതിരിഞ്ഞ് കിടന്നു. താഴെ ഉരുളൻ കല്ലുകൾക്കിടയിൽ അതിനുള്ള ആഹാരം അനാഥമായ് കിടന്നു.
കല്യാണി വിഷമിച്ചു. അവളുടെ മീൻ മരിച്ചുപോയി.
അവൾ പ്രഖ്യാപിച്ചു, " അഛാ ഞങ്ങൾ ഈ മീനിനെ പള്ളിയിൽ കൊണ്ടോയ് അടക്കം ചെയ്യും" (അവളുടെ പ്രഖ്യാപനത്തിനു താങ്ങായ് മീനുചേച്ചിയും ഉണ്ണിചേട്ടനും നിന്നു) ഞങ്ങൾ ചിരിച്ചു.
ഞാൻ ഓർത്തു കൊച്ചിയിൽ അടുത്തവീട്ടിലെ ഒരു അങ്കിൾ മരിച്ചപ്പോൾ ആ ബോഡി എന്തുചെയ്യും എന്നു അവൾക്ക് ഞാൻ പറഞ്ഞുകൊടുത്തകാര്യം.
ടി. വി.യുടെ ആലസ്യം നിറഞ്ഞ മദ്ധ്യാഹ്നം.
മീനുവിന്റെ ഒച്ച " കുഞ്ഞ്വാമാ മീനിന്റെ അടക്കം ചെയ്തു. കാണണമെങ്കിൽ വാ"
ഞാൻ ചെന്നു. അതുപോലെ തിരികെ വന്നു. ക്യാമറയുമായി തിരികെ ചെന്നു, ചിത്രങ്ങൽ ഏടുക്കണം ഒരു ശവമടക്കാണ്.
ആ മീനിന്റെ മൺകൂനയ്ക്കുചുറ്റും ഈർക്കിൽ വേലി. മീനുവിന്റെ കയ്യക്ഷരത്തിൽ ഒരു പേപ്പർ ഫലകം അതിന്റെ തലക്കൽ.
അതിലിങ്ങനെ വരികൾ
"ലൂസിഫർ കുഞ്ഞുമീൻ"
ജനനം : ഞങ്ങൾക്ക് അറിയില്ല.
മരണം : 1/1/2006
മൂവരും അതിനു ചുറ്റും കുനിഞ്ഞിരുന്ന് പ്രാർത്ഥിച്ചു. പൂവിട്ടു.
മരണശേഷം നാമകരണം നടന്ന ആദ്യ സംഭവം.
ഒരു കുഞ്ഞു മീനിനു ലൂസിഫർ എന്ന ചെകുത്താന്റെ (?) പേരും.
ലൂസിഫർ കുഞ്ഞുമീൻ!
അവനും ഇരുന്നോട്ടെ ഈ തോന്ന്യാക്ഷരചരിത്രത്തിൽ. (ഇവൻ ചരിത്രപുരുഷൻ ആകും എന്നറിഞ്ഞിരുന്നെങ്കിൽ മരണത്തിനുമുൻപു തന്നെ ഒരു ചിത്രം എടുത്തുവയ്ക്കാമായിരുന്നു)