Thursday, March 23, 2006

വീണ്ടും ഒരവധിക്കാലം.

കുളക്കരയിലുള്ള വാകയുടെ ചാഞ്ഞ കൊമ്പത്തു നിന്നും താഴെയുള്ള കുളിര്‍മ്മയിലേയ്ക്കു മത്സരിച്ചുള്ള കൂപ്പുകുത്തലുകളും, മരം കയറലും, തവളച്ചാട്ടവും, വൈക്കോല്‍ത്തുറുവിനുള്ളിലെ ഒളിച്ചുകളിയും, മാവിന്റെ ഉച്ചിയില്‍ കയറി ആകാശത്തിന്റെ തൊട്ടുതാഴെ നിന്നും പറിച്ചു തിന്നുന്ന പച്ചമാങ്ങയുടെ അഹങ്കാരം കലര്‍ന്ന പുളിപ്പും പഴങ്കഥകളായി ചുണ്ടു കോട്ടുന്ന പുതിയ ബാല്യം!

ഉച്ചവേനലുകള്‍ക്കു കുടപിടിച്ചിരുന്ന ഞാവല്‍മരങ്ങളിന്നില്ല. പകരം ഇതിന്റെയൊക്കെയിടയില്‍ സ്വന്തം സ്വത്വമേതെന്നറിയാതെ അമ്പരന്നു നില്‍ക്കുന്ന പ്രകൃതിയുടെ അങ്കലാപ്പ്‌ മാത്രം!

കമ്പ്യൂട്ടറും, റ്റീവിയും, ക്രിക്കറ്റ്‌ ബാറ്റുമില്ലെങ്കില്‍ ജീവിതം ശുദ്ധശൂന്യമായിപ്പോകുന്ന നമ്മുടെ മക്കള്‍ക്കിനിയെന്ത്‌?

(മെയിലിലൂടെ ഈ ചിത്രം കണ്ടിട്ട് മുകളില്‍ കാണുന്ന വാക്കുകളും ചിന്തകളും ഉരുക്കിയെടുത്ത എന്റെ പ്രിയ ചങ്ങാതിക്ക് ഒരു പാട് നന്ദി)

Sunday, March 05, 2006

റാണാഘട്ടില്‍..

...ഒരു കൂട്ടമാളുകള്‍ ധൃതിവെച്ചുപോകുന്നത്‌ കുഞ്ഞുണ്ണിയുടെ ശ്രദ്ധയില്‍ പെട്ടു. ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന പുതിയ കോളറക്കേയ്സുകളാണ്‌.

കുഞ്ഞുണ്ണിയും ആള്‍ക്കൂട്ടത്തില്‍ ചേര്‍ന്നു നടന്നു. ആശുപത്രിക്കൂടാരത്തില്‍ നിരനിരയായ മേശകള്‍ക്കുമേല്‍ അതിസാരം പിടിപെട്ട മെലിഞ്ഞ മനുഷ്യര്‍ കിടക്കുന്നു. കൂടാരത്തിന്റെ അറ്റത്ത്‌ ഒരു വെള്ളക്കാരി കിണഞ്ഞ്‌ പടമെടുക്കുന്നു. കുഞ്ഞുണ്ണി അവിടെ ചെന്നുനോക്കി. ഈരണ്ടുവയസ്സുചെന്ന രണ്ടുകുട്ടികള്‍ അടുത്തടുത്ത മേശകളില്‍ കിടക്കുന്നു. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ആണ്‍കുട്ടിയുടെ അച്ഛന്‍ മേശക്കരുകില്‍ നിന്നു, അയാള്‍ മുസല്‍മാനാണ്‌. പെണ്‍കുട്ടിക്ക്‌ ആരുമില്ല, അവളുടെ അച്ഛനും അമ്മയും അതിസാരത്തില്‍ മരിച്ചുപോയിരുന്നു. അവളെ എടുത്തുകൊണ്ടുവന്ന സന്നദ്ധസേവകന്മാര്‍ അവള്‍ ഹിന്ദുവാണെന്നു പറഞ്ഞു. മരുന്നിന്റെയും സലൈനിന്റെയും ദൌര്‍ലഭ്യം; ചെറുപ്പക്കാരിയായ ഒരു വൈദ്യവിദ്യാര്‍ത്ഥിനി പ്രത്യാശയില്ലാത്ത യുദ്ധത്തില്‍ മുഴുകി. വിശ്രമമില്ലാതെ പടമെടുത്ത വെള്ളക്കാരിയും ആ കുട്ടികളുടെ ജീവനുവേണ്ടി പൊരുതുകയാണെന്നു തോന്നി. ഈ റോളുകള്‍ പടമെടുത്തു തീരുമ്പോഴേക്കും അവയുടെ അവസാനതിലൊരു ചിത്രത്തില്‍ കുട്ടികള്‍ ചിരിച്ചുകളിച്ചുകൊണ്ട്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരുമെന്നു ശാഠ്യം പിടിക്കുക. കുഞ്ഞുണ്ണിക്ക്‌ അവിടെ നിന്ന് മാറാന്‍ കഴിഞ്ഞില്ല; ആ രണ്ടു ചെറിയ ഉടലുകള്‍ക്കകത്ത്‌ കോശവും വിഷകൃമിയും പോരാടുകയാണ്‌, ആ തമ്പിനു പുറത്തെ ചരിത്രസ്ഥൂലതകളിലെവിടെയോ നടക്കാനിരിക്കുന്ന ഒരു രാഷ്ട്രപ്പിറവിയ്ക്കുവേണ്ടി.

ഉച്ചതിരിഞ്ഞപ്പോള്‍ കുട്ടികള്‍ ശാന്തരായി. അവര്‍ കണ്ണുതുറന്നു ചിരിച്ചു. നനുത്ത ശബ്ദത്തില്‍ എന്തോ പറഞ്ഞു. ആണ്‍കുട്ടി തന്റെ ചെറിയ കൈ നീട്ടി പെണ്‍കുട്ടിയുടെ കൈയ്ക്കു പിടിച്ചു. പാണീഗ്രഹണം, സ്വയംവരം. കൈകോര്‍ത്തു പിടിച്ചുകൊണ്ടവര്‍ മേശകളില്‍ ശാന്തരായി മരിച്ചു.

ഇത്തിരിക്കഴിഞ്ഞ്‌ ശവങ്ങളെ അടക്കം ചെയ്യാന്‍ നേരമായപ്പോള്‍ മുഹമ്മദീയനായ അച്ഛന്‍ പറഞ്ഞു, "അവള്‍ എന്റെ കുട്ടിയുടെ കൂടെ കിടക്കട്ടെ."

ശവക്കുഴിയുടെ ചുറ്റും നിന്ന നാലഞ്ചുപേരില്‍ കുഞ്ഞുണ്ണിയും ഛായാഗ്രാഹികയായ മദാമ്മയും നിന്നു. മണ്ണു വീണു തൂരുമ്പോള്‍ മദാമ്മ കരയുകയായിരുന്നു. മാനം നിറഞ്ഞുനിന്ന വിരക്തിയുടെ സ്ഫടികമണ്ഡലത്തിലൂടെ അപ്പോഴും പക്ഷികള്‍ ഭാഗീരഥിയുടെ തടങ്ങളിലേക്ക്‌ പറന്നുപോയി.

തിരിച്ചു പോകാനൊരുങ്ങുമ്പോള്‍ മദാമ്മ കുഞ്ഞുണ്ണിയോടു പറഞ്ഞു, "ദൈവം എന്റെ ഈ പാപം പൊറുക്കട്ടെ, കൈ കോര്‍ത്തുപിടിച്ചു മരിച്ച ഈ കുട്ടികളുടെ ചിത്രം എന്റെ പത്രങ്ങളില്‍ അച്ചടിച്ചുവരും. ബര്‍ലിനിലും ഫ്രാങ്‌ക്‍ഫര്‍ട്ടിലും പ്രാതല്‍ കഴിക്കുന്ന വീട്ടമ്മമാര്‍ അതിലൂടെ അലസമായി കണ്ണോടിച്ചു പോകും. ദൈവമേ, ദൈവമേ!"

മടക്കയാത്രയില്‍ മദാമ്മയുടെ സങ്കീര്‍ത്തനം കുഞ്ഞുണ്ണി മനസില്‍ ആവര്‍ത്തിച്ചു: ദൈവമേ, ദൈവമേ!

ഗുരുസാഗരം
ഓ. വി. വിജയന്‍