
ഒരു മഴകൂടി കഴിഞ്ഞു.
ഇനി ആരും വരാനുണ്ടാവില്ല, ഇവിടെ കാഴ്ചക്കാരായി. മഴ ഒഴിഞ്ഞവേളകളില്‍ ഇവിടെ സഞ്ചാരികള്‍ വന്നിരിക്കും. പരസ്പരം മനസുകള്‍ പങ്കുവയ്ക്കും. ഒത്തുചേര്‍ന്ന് നിന്ന് ചിത്രങ്ങളെടുക്കും. ഓര്‍മ്മകള്‍ ചികയും. ചിരിക്കും. ചിലരൊക്കെ കരയും.
അവിചാരിതമായ മഴയില്‍ അവരൊക്കെ ഓടിപോകുമ്പോള്‍ അവര്‍ ബാക്കിവച്ചുപോയ ചുടുനിശ്വാസങ്ങളൊക്കെ മഴവെള്ളത്തോടൊപ്പം ജലാശയത്തിലേക്ക് അലിഞ്ഞുചേരും.
എല്ലാറ്റിനും മൂകസാക്ഷികളായി തകര്‍ന്നു തുടങ്ങിയ ഈ ഇരിപ്പിടങ്ങള്‍ മാത്രം.
മഴ ഒരു നിമിത്തമാണ്. ഒരു അനുഗ്രഹമാണ്. ഒരു തലോടലാണ്.
മഴ ഒരു കനിവാണ്.