Tuesday, August 08, 2006

കടലിനും കരയ്ക്കും വേണ്ടാതെ.

ആകലെ, അങ്ങകലെ എനിക്കു കേള്‍ക്കാം ആഴക്കടലിന്റെ ഇരമ്പം.

ഇങ്ങു ദൂരെ കരയുടെ ഒടുങ്ങാത്ത ക്രൂരതയുടെ കൊടുംചൂടില്‍ ചുട്ടുപൊള്ളിക്കിടക്കുന്ന എന്റെ ചങ്കില്‍ ഞാനറിയുന്നു നിന്റെ ഉള്ളില്‍ ഞാന്‍ ഊളിയിട്ടെത്തിപ്പിടിച്ചിരുന്നിരുന്ന തണുപ്പിന്റെ സ്നേഹത്തെ. അതിന്റെ നീലിച്ച വിശാലതയെ.

എവിടെയോ അടര്‍ന്നു പോയ എന്റെ കണ്ണുകള്‍ ഇപ്പോള്‍ തിരയുന്നത്‌ എന്റെ കണ്‍കുഴികളെയല്ല, മറിച്ച്‌ നിന്റെ നുരകളേയും അതില്‍ തുള്ളിച്ചാടിക്കളിക്കുന്ന എന്റെ കൂട്ടാളരേയുമാണ്‌.

ശൂന്യമായ എന്റെ കണ്‍കുഴികളില്‍ എനിക്കിപ്പോഴും കാണാം , ഞാനുരുമ്മി നിന്നിരുന്ന നിന്റെ പവിഴപ്പുറ്റുകളെ, എന്നെ മാറോട്‌ ചേര്‍ത്ത്‌ പിടിച്ചിരുന്ന നിന്റെ അലക്കൈകളെ, ഒരു വലയ്ക്കും വിട്ടു കൊടുക്കാതെ എന്നെ കാക്കാന്‍ നീ എന്റെ മേല്‍ പുതച്ച നീലിച്ച സ്നേഹക്കമ്പിളിയെ.

മസ്തിഷ്കത്തില്‍ ഇരുട്ടു കയറുന്നു, എങ്കിലും ഞാനറിയുന്നു, നിന്റെ ഉപ്പ്‌ ഇടയ്ക്കിടെ എന്നെ വന്നു തൊട്ടു തലോടുന്നത്‌.

(ചതിയുടെ വലയില്‍ അല്ലാതെ വീണു ചത്താല്‍ മീനുകളെ കരയ്ക്കും കടലിനും വേണ്ട. ഗോവയില്‍ ഒരു കടല്‍ തീരത്തു കണ്ട കാഴ്ച)

14 comments:

ബിന്ദു said...

പാവം! സ്വര്‍ണ്ണപൂഴിയിലാണെങ്കിലും.... മരണം മരണം തന്നെയല്ലെ;)(ബന്ധുര കാഞ്ചന ... )

സു | Su said...

പാവം ഒരു ജന്മം പൂഴിയില്‍.

Sreejith K. said...

ചിത്രം കണ്ടാല്‍ മൂക്കുപൊത്തിക്കൊണ്ടെടുത്തതാണെന്ന് തോന്നുകയേ ഇല്ല. നല്ല ചിത്രം കുമാറേട്ടാ. ചത്ത മീനിന്റെ ഫോട്ടോ എടുക്കുന്നത് കണ്ടാ ആളുകള്‍ വട്ടാണെന്ന് വിചാരിച്ചുകാണും ;)

Unknown said...

മൂക്കൊന്നും പൊത്തിയിട്ടുണ്ടാവില്ല.ശ്രീജിത്തിന്റെ വരെ ഫോട്ടോ എടുത്ത ആളാ കുമാറേട്ടന്‍. പിന്നെയാണീ നാറുന്ന ചത്ത മീന്‍. :-)

(ഓടോ:ഈ ഫോട്ടോയുടെ ഗ്ലാമര്‍ കണ്ടപ്പോള്‍ മനസ്സിലായി ഗുണം ക്യാമറയുടേതാണെന്ന്. ശ്രീജ്യേ പൂയ്....)

Sreejith K. said...

ദില്‍ബൂ, താങ്കള്‍ ഇനി എന്നാണ് നാട്ടില്‍ വരുന്നത്. വരുമ്പോള്‍ പറയണേ.

രാജേഷ് പയനിങ്ങൽ said...

ഇത് തോന്ന്യാക്ഷരങ്ങളല്ല...മനസ്സിന്‍റെ ആഴങ്ങളീലെങ്ങോ വന്നു തറക്കുന്ന വിവരണം..ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് സമം..പക്ഷെ ഈ വാക്കുകള്‍ ഇല്ലാതെ ചിത്രം പൂര്‍ണ്ണാമാകുന്നില്ല.
കുമാറേട്ടാ.. ഉഗ്രന്‍...

സ്നേഹിതന്‍ said...

അനാഥമായ്, എന്തിനോ ഭക്ഷണമാകാന്‍ കാത്തുകിടപ്പു.

ചിതരവും വരികളും നന്നായിരിയ്ക്കുന്നു.

സഞ്ചാരി said...

ഒരിടത്തു ജനനം ഗോവ കടപ്പുറത്തു മരണം.
മരിച്ച മീനിന്റെ അത്മഗതം... ഏതെങ്കിലും ഒരു കക്ക വന്നിരുന്നുവെങ്കില്‍ നിന്നെകൊണ്ട ഞാന്‍ ഫോട്ടോ എടുപ്പിക്കുമായിരുന്നില്ല.
നന്നായിട്ടുണ്ട്.

Adithyan said...

ചിത്രം കൊള്ളാം... എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് അടിക്കുറിപ്പാ‍യുള്ള വാചകങ്ങളാണ്.

ബിന്ദൂട്ടിയേച്ചി എന്തു കണ്ടാലും സ്വര്‍ണ്ണവുമായി കണക്റ്റ് ചെയ്യുമല്ലോ ;)

മുസാഫിര്‍ said...

കുമാര്‍ജി,

നല്ല പടം,വരികളും.
കാക്കകള്‍ കാണുന്നതിനു മുന്‍പു ഛായാഗൃഹകന്റെ കണ്ണു എത്തി അല്ലെ !

Kalesh Kumar said...

ക്രിയേറ്റിവിറ്റി!
മനോഹരം!

അഭയാര്‍ത്ഥി said...

കരയില്‌ പിടിച്ചിട്ട മീന്‍ പോലെ കടക്കണ്ണ്‌ തുടിക്കണതെന്താണ്‌?.

കടാപ്പുറത്ത്‌ ഈ മീന്‍ കെടക്കണ കാണുമ്പോ ചങ്കിലു കുത്തണ വേദനയാണ്‌ കേട്ട.
വലയും വള്ളവും വിട്ട്‌ വല്ല പുറക്കാട്ട നാട്ടികേലാ പോയി വേദവയാസ ഗുരുക്കളേ ധ്യാനിച്ച്‌ കിടക്കാര്‍ന്ന്‌.
പിന്ന മാളോര്‍ടെ കാര്യോര്‍ത്തിട്ട. അവക്കടെ പട്ടിണ്യാവൂലെ.
നേരം വെളുക്കുമ്പം അതു തേട്ടി വരാണ്‌. അപ്പ നമ്മ എന്താക്കാന.
പൂവന്നെ.
മീനായ മീനൊക്കെ നമ്മളോട്‌ പൊറുക്ക്‌. കടലമ്മ കള്ള്യന്നെ. പെറ്റു കൂട്ടല്ലെ പിന്നേം പിന്നേം. മീനില്ല്യാണ്ടായ പിന്ന പുടിക്കണ്ടല്ലന്നോര്‍ത്ത നടക്കണ്ടെ.

മുദ്രേലെ ചേട്ടന്റെ പടം കണ്ട്‌` നമ്മ കരഞ്ഞ്‌. ഇന്നാലും പിന്നേം ഇന്നു മീഞ്ചാറും ച്വോറ്റും തന്നെ കുടീല്‌.

മുല്ലപ്പൂ said...

കുമാറെ,
പടം കണ്ടു. എഴുത്തും.
ചിത്രം ഇഷ്ടമായില്ല. എന്താണെന്നല്ലേ.
രണ്ടാം ക്ലാസ്സുകാരന്റെ കരച്ചില്‍ ഓര്‍മ്മ വന്നു, അവന്റെ അക്വേറിയത്തിലെ സ്വര്‍ണ്ണമത്സ്യത്തിന്റെ കണ്ണൂകള്‍ കൊത്തിപ്പറിക്കുന്ന സഹജീവികളേയും.
ജീവനുള്ള ആരോഗ്യം കുറഞ്ഞ സ്വര്‍ണ്ണമത്സ്യം, സഹജീവികള്‍ ആക്രമിക്കാന്‍ വരുന്നതു കാണാനാവാതെ നിസ്സഹായതയോടെ അങ്ങനെ...:(

(അതിനെ വേറെ ഒരു പാത്രത്തില്‍ ആക്കി, അക്വേറിയംകാരനു തിരികെ കൊടുത്തിട്ടേ സമാധാനമായുള്ളൂ)
ഓഫ് ടൊപിക് ആയൊ എന്നറിയില്ല. ക്ഷമിക്കൂ...

Anonymous said...

കര്‍ത്താവെ! ഈ പോസ്റ്റിലെ വരികള്‍ വായിച്ചാല്‍ പിന്നെ മനുഷ്യന് ഇച്ചിരെ മീന്‍ കൂട്ടണമെങ്കില്‍ കുറ്റബോധം തോന്നിതുടങ്ങുമല്ലൊ?