Tuesday, June 05, 2007

ജനശ്രദ്ധയാകര്‍ഷിക്കുന്ന ആമ്പിയന്റ് മീഡിയ!

ആംബിയന്റ് മീഡിയ (Ambient Media). ഇത് ഒരു പുതിയ പരസ്യസങ്കേതം. മാധ്യമരംഗത്ത് ഇളമുറക്കാരനായ ഈ ഉണ്ണി കളി തുടങ്ങിയിട്ട് ഉദ്ദേശം അഞ്ചുവര്‍ഷമേ ആയിട്ടുണ്ടാവൂ. പക്ഷെ ജനശ്രദ്ധ, അങ്ങനെ തന്നെ പറയണം “ജനശ്രദ്ധ” പിടിച്ചുപറ്റിത്തുടങ്ങിയതു വളരെ വേഗത്തില്‍ ആയിരുന്നു. കാരണം ജനശ്രദ്ധ അതാതു ഉത്പന്നവുമായി വേഗത്തില്‍ രസകരമായി പിടിച്ചുപറ്റുക, അതായിരുന്നു ഈ സങ്കേതത്തിന്റെ പ്രധാന ആകര്‍ഷണം. പരസ്യ രംഗം കീഴടക്കിയിരുന്ന പരമ്പരാഗത മാധ്യമങ്ങളായ ടീവി, റേഡിയോ, പ്രിന്റ്, ഔട്ട് ഡോര്‍, ഓണ്‍ലൈന്‍ എന്നിവയ്ക്ക് ഒരു വെല്ലുവിളിപോലെയാണ് ആംബിയന്റ് മീഡിയ എന്ന നോണ്‍ ട്രടീഷണല്‍ / ഓള്‍ട്ടര്‍നേറ്റീവ് മീഡിയം രംഗത്ത് എത്തിയത്. എന്നാല്‍ ഇതും ഔട്ട് ഡോര്‍ എന്ന സങ്കേതവും തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്. പക്ഷെ ആമ്പിയന്റ് മീഡിയ അത് പ്രതിനിധാനം ചെയ്യുന്ന മീഡിയവുമായി ഇഴുകി ചേര്‍ന്നു നില്‍ക്കുന്നു. അതായത് ഈ മീഡിയം പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലവും രീതിയും എല്ലാം അതാത് ഉത്പന്നവുമായി വളരെ സാമ്യം ഉള്ള രീതിയില്‍ ആയിരിക്കും.

ഷോപ്പിങ് മോളുകള്‍ പോലെ ജനം തിക്കി തിരക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന മാധ്യമം ആണ് ആംബിയന്റ് മീഡിയ. ഇവ ഉപഭോക്താവുമായി നേരിട്ട് സംവേദിക്കുന്നു. തിക്കിതിരക്കി ശ്വാസം കിട്ടാതെ ആള്‍ക്കാര്‍ നില്‍ക്കുന്ന ബസിന്റെ ഉള്ളില്‍ “മടുത്തോ? ഇതാ കുറഞ്ഞവരുമാനക്കാര്‍ക്കും ടൂവീലര്‍ ലോണ്‍‍” എന്ന് ഒരു ബാങ്കുകാരന്‍ പരസ്യം ചെയ്യുന്നതില്‍ തുടങ്ങി വലിയ വലിയ കപ്പലുകളില്‍, ബലൂണുകളില്‍, ഇന്റര്‍ നാഷണല്‍ ഹൈവേകളില്‍, സിനിമാതീയറ്ററിന്റെ മൂത്രപ്പുരയില്‍, ഹൈടെക് ഷോപ്പിങ് മോളുകളില്‍ പുകവലിക്കാരുടെ ചേം‌മ്പറുകളില്‍ ഒക്കെ ഇന്ന് തരംഗങ്ങള്‍ ഉണ്ടാക്കുന്നു, ഈ നൂതന മാധ്യമം.

ഉദാഹരണത്തിനു എന്തും തകര്‍ക്കുന്ന ശക്തിയുള്ളതാണ് ചെല്ലപ്പന്‍ ആന്റ് കമ്പനിയുടെ “കൊട്ടുവടി“ എന്നു വയ്ക്കുക. ചെല്ലപ്പന്റെ പരസ്യം ചെയ്യുന്ന ഏജന്‍സിക്ക് ഉള്ള ടാസ്ക് ഇതാണ്, എന്തും തകര്‍ക്കാന്‍ നേരം ഓര്‍മ്മ വരണം ചെല്ലപ്പന്‍സ് കൊട്ടുവടി! പണ്ട് ഇത് എഴുതി വയ്ക്കും അല്ലെങ്കില്‍ ‘തകര്‍ത്ത് ഇട്ടിരിക്കുന്ന‘ ഒരു മനോഹര ചിത്രം വച്ചിട്ട് പറയും എന്തും തകര്‍ക്കാന്‍ ചെല്ലപ്പന്‍സ് കൊട്ടുവടി എന്ന്. പക്ഷെ ഇന്ന് ഈ പുതിയ പരസ്യ സങ്കേതത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ചിന്തിച്ചാല്‍ റോഡരികില്‍ നില്‍ക്കുന്ന ഭീമാകാരനായ ബില്‍ബോര്‍ഡിനെ കാശുകൊടുത്തു വാങ്ങി അതിന്റെ ഫലകം തകര്‍ത്തിട്ട്, തകര്‍ക്കാതെ ബാക്കിവച്ചിരിക്കുന്ന മൂലയ്ക്ക് ചെല്ലപ്പന്റെ ലോഗോയും കൊടുത്ത് എഴുതിവയ്ക്കും, “ചെല്ലപ്പന്‍സ് കൊട്ടുവടി, എന്തും തകര്‍ക്കും നിമിഷ നേരങ്ങള്‍ക്കുള്ളില്‍“ എന്ന്. ആ കാഴ്ച ജനശ്രദ്ധ ആകര്‍ഷിക്കും. ഉത്പന്നത്തിനു “Top of the mind recall” സൃഷ്ടിക്കും. ഇങ്ങനെയുള്ള ഔട്ട് ഡോര്‍ കസര്‍ത്തുകള്‍ എക്സിക്യൂട്ട് ചെയ്യുന്ന ഒട്ടനവധി സ്പെഷ്യലിസ്റ്റുകളും സ്ഥാപനങ്ങളും ഇന്ന് ഇന്ത്യയിലും ഉണ്ട്.

ഇനി അതിന്റെ ശരിക്കുള്ള ചില ഉദാഹരണങ്ങളിലേക്ക് പോവുകയാണെങ്കില്‍ സാച്ചി & സാച്ചി ദുബായില്‍ റോഡ് സൈഡില്‍ സ്ഥാപിച്ച ഏരിയലിന്റെ ഹോര്‍ഡിങ് ആണ് എന്റെ മനസില്‍ ആദ്യമെത്തുക. സൂപ്പര്‍ സോഫ്റ്റ് ആണ് പുതിയ ഏരിയല്‍. നിങ്ങളുടെ വസ്ത്രം വളരെ സോഫ്റ്റ് ആകും എന്നു ആ ഹോര്‍ഡിങ് കാണുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യം വരുന്നില്ല. ജക്കാര്‍ത്തയിലെ പ്ലേ ഗ്രൂപ്പ് എന്ന പരസ്യ സ്ഥാപനം അവരുടെ ക്ലൈന്റായ air asia യ്ക്കു വേണ്ടി ചെയ്ത ആംബിയന്റ് മീഡിയ എക്സര്‍സൈസ് വളരെ രസകരമായിരുന്നു. ബഡ്ജറ്റ് എയര്‍ലൈന്‍ എന്ന ഒരു ഇമേജ് ഉണ്ടാക്കി തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തിരക്കുള്ള എയര്‍പോര്‍ട്ടില്‍ അവര്‍ ഒരു ദിവസം ഒരുപാട് സ്ഥലങ്ങളിലായി അവരുടെ ക്രിയേറ്റിവിറ്റി പ്രകടിപ്പിച്ചു. അത് ഇങ്ങനെയായിരുന്നു ഒറ്റദിവസം കൊണ്ടുതന്നീ ഇതു ജനശ്രദ്ധയാകര്‍ഷിച്ചു, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു അനേകായിരം ചുണ്ടുകളിലൂടേ ഏറ്റവും വലിയ പബ്ലിസിറ്റിയായ മൌത്ത് പബ്ലിസിറ്റി നേടി. ഇന്ത്യയിലെ Cancer Patients Aid Association പുകവലിക്കാര്‍ക്കിടയില്‍ പുകവലിയുടെ ഭീകരത കാണിച്ചുകൊടുത്തത് വലിക്കാരുടെ ശവക്കുഴി തോണ്ടിയിട്ടാണ്. ഓഫീസുകളുടേയും സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും സ്മോക്കേര്‍സ് ചേമ്പറുകളുടെ മച്ചില്‍ അവര്‍ ഒരു ചിത്രം ഒട്ടിച്ചു. അത് ഇങ്ങനെയായിരുന്നു. (ഇടതുവശത്തുകാണുന്നത് പുകവലിക്കാരുടെ ചേം‌മ്പറിന്റെ പടം. വലതുവശത്ത് കാണുന്നത് അതിന്റെ മുകളില്‍ ഒട്ടിച്ചിട്ടുള്ള വാള്‍പേപ്പറിന്റെ ചിത്രം. ക്ലിക്ക് ചെയ്താല്‍ വലിയ ചിത്രം കാണാം) ഈ ഐഡിയ ക്രിയേറ്റ് ചെയ്തത് എവറസ്റ്റ് ബ്രാന്റ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ സ്ഥാപനം ആയിരുന്നു. ഓസ്റ്റ്ട്രേലിയയിലെ ഏറ്റവും വലിയ ‘മോട്ടോര്‍ വേ റെസ്റ്റോറന്റ് ശൃഖല അവരുടെ മാധ്യമത്തിനു കണ്ട സ്ഥലം ഹൈവേയിലുള്ള ഒരു ടണലിന്റെ പ്രവേശന കവാടം ആയിരുന്നു. വിയന്നയിലെ ഡി എം ആന്റ് ബി എന്ന പരസ്യക്കമ്പനി ചെയ്തത് ഇങ്ങനെയായിരുന്നു. IWC എന്ന ഡച്ച് കമ്പനി അവരുടെ വാച്ചുകള്‍ പബ്ലിക്കിനു ധരിക്കാന്‍ ഒരു ട്രയല്‍ തന്നെ നടത്തി, ശരിക്കുള്ള വാച്ചുകള്‍ ഇല്ലാത. ആ ട്രയലിന്റെ പ്രത്യേകത എന്തെന്നാല്‍ ചില സ്ഥലങ്ങളില്‍ നമുക്ക് നിര്‍ബന്ധപൂര്‍വ്വം പലര്‍ക്കും ധരിക്കേണ്ടിവരും. കയ്യില്‍ വാച്ച് കിടക്കുന്ന ആ ഭംഗി അപ്പോള്‍ നമ്മള്‍ രസിക്കും. അത് കാണാന്‍ ഇവിടെ ക്ലീക്ക് ചെയ്യുക. പരസ്യ രംഗത്തെകുറിച്ച് പറയുമ്പോള്‍ ഞാന്‍ മുദ്രയെ കുറിച്ച് പറയാതെ പോയാല്‍ അത് എനിക്ക് കുറച്ചില്‍ അല്ലേ?ദാ പിടിച്ചോളൂ മുദ്രയുടെ ശ്രമങ്ങളില്‍ ഒന്ന്. നോണ്‍സ്റ്റിക്ക് കുക്ക് വെയറുകളെ കുറിച്ച് പറയുമ്പോള്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഉള്ള പരാതി അതിന്റെ കൈപിടിയെ കുറിച്ചാണ്. അതു വേഗം ഒടിഞ്ഞു പോകുന്നു നശിച്ചു പോകുന്നു എന്നൊക്കെ. പ്രസ്റ്റീജ് എന്ന ഞങ്ങളുടെ ക്ലൈന്റിനു വേണ്ടി മുദ്ര ബാംഗളൂര്‍ ചെയ്ത ഹോര്‍ഡിങ് ശരിക്കും ജനശ്രദ്ധയാകര്‍ഷിച്ചുകൊണ്ടാണ് തെരുവോരത്ത് നിന്നത്. അതു കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Mondo Pasta എന്ന നൂഡില്‍‌സ് ജനഹൃദയത്തില്‍ സ്ഥിരപ്രതിഷ്ട നടത്താന്‍ അവരുടെ പരസ്യ ഏജന്‍സി നടത്തിയ ശ്രമം വളരെ രസകരമായിരുന്നു. ഹാം‌ബര്‍ഗ്ഗിലെ തിരക്കു പിടിച്ചൊരു ഹാര്‍ബര്‍ ആണ് അവര്‍ ലക്ഷ്യമിട്ടത്. അവിടെ വരുന്ന ഷിപ്പുകളിലും ബോട്ടുകളിലും ഒട്ടിക്കാനായി അവര്‍ തുറന്നു പിടിച്ച വായയുള്ള കുറേ മനുഷ്യമുഖങ്ങളുടെ സ്റ്റിക്കര്‍ ഉണ്ടാക്കി. അത് ഒട്ടിച്ച സ്ഥലം ആണ് ഏറ്റവും രസകരമായത്. അത് നിങ്ങള്‍ക്ക് ഇവിടെ കാണാം. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ഒരുപാട് ആംബിയന്റ് മീഡിയകള്‍ ജനസ്രദ്ധയാകര്‍ഷിച്ചു, അതില്‍ അവാര്‍ഡ് വാങ്ങുകയും ജനം ഉറ്റുനോക്കുകയും ചെയ്തതില്‍ പ്രമുഖമായ ഒന്നാണ് ബാങ്ക് ഓഫ് ബറോഡയ്ക്ക് വേണ്ടി മുംബൈയിലെ Euro RSCG ചെയ്ത ശ്രമം. ഹോം എക്സ്റ്റന്‍ഷന്‍ ലോണ് ആണ് ഈ ഹോര്‍ഡിങ്ങിലൂടെ പ്രമോട്ട് ചെയ്തത്. ഹോര്‍ഡിങ്ങുകള്‍ എല്ലാം ഓരോരൊ വീടുകളുടെ മുകളിലായിരുന്നു. ഇനി ഞാന്‍ ഒന്നും പറയണ്ട, ഈ ചിത്രം ബാക്കി പറയും. ശരിക്കും ഉള്ള ഹോം എക്സ്റ്റന്‍ഷന്‍! ചിലസ്ഥലങ്ങളില്‍ അതിന്റെ ചുറ്റുപാടിനെ തന്നെ രസകരമായി ഉപയോഗിക്കാന്‍ ഈ മാധ്യമത്തിനു കഴിഞ്ഞിട്ടുണ്ട്. അതില്‍ ചിലത്, 1. സോണി സൈബര്‍ഷോട്ട് തിന്‍ ക്യാമറ , 2. ഹിപ് ഹോപ് ബ്ലാക്ക് മ്യൂസിക് പരസ്യങ്ങള്‍ ഒരു വിനോദമാര്‍ഗ്ഗംകൂടിയാകുന്ന ഒരു വഴിത്തിരിവാണിത്. സംവേദനത്തിന്റെ രീതി ലോകം മുഴുവന്‍ മാറുന്നു. എന്തിലും ഏതിലും പര‍സ്യം ഉയരുന്നു. നാലാള്‍കാണെകെ ഒഴിഞ്ഞൊരിടം കിടന്നാലവിടം കാശുണ്ടാക്കാനുള്ള ഒരു ഉപാധിയായി മാറുന്നു. കാനിലും ന്യൂയോര്‍ക്ക് ഫെസ്റ്റിവലിലും, ആബിയിലുമൊക്കെ അവാര്‍ഡ് ഉരുപ്പടികള്‍ വാങ്ങാനാണ് പലരും ഈ മാധ്യമത്തെ കൂടുതലും ഉപയോഗിക്കുന്നത്. പക്ഷെ വരും കാലത്ത് ഇത് ഒരു ശക്തമായ മാധ്യമം ആയി ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ വളരും എന്നതില്‍ സംശയമില്ല.

*(ഇമേജുകള്‍ക്കുള്ള കടപ്പാട് : ആഡ്സ് ഓഫ് ദ വേള്‍ഡ്)

45 comments:

Kumar Neelakandan © (Kumar NM) said...

ജനശ്രദ്ധ പിടിച്ചുപറ്റുന്ന പുതിയ മാധ്യമം, ആമ്പിയന്റ് മീഡിയ!. അതിലൂടെ ഒരു ചെറിയ യാത്ര!

സുല്‍ |Sul said...

ഇത്തരം പരസ്യങ്ങള്‍ വഴിയരികില്‍ കാണാറുണ്ടെങ്കിലും കൂടുതല്‍ അന്വേഷിക്കാറില്ല. പുതിയ കാര്യങ്ങള്‍ പറഞ്ഞു തന്നതിനു നന്ദി.
കിടക്കട്ടെ ഒരു തേങ്ങ “ഠേ........”

-സുല്‍

Anonymous said...

ഓഹോ ഇങ്ങനേം ണ്ടോ?
ഇവടെ അങ്ങനെ ഒന്നും അധികാം കാണാത്തതെന്താ? നമ്മടെ നാട്ടുകാര്‍ ഉടനെ അതിനെ കട പുഴക്കി എറിയും ന്ന് കരുതീട്ടാവൂം ല്ല്ലെ.സ്മോകേഴ്സ് ചേംബറിന്‍റെ സീലിങ് ഉഗ്രന്‍.
കലെഷ് ഒരിക്കല്‍ ഇങ്ങനാത്തെ കുറെ പടങ്ങള്‍ അയച്ചു തന്ന ഒരോര്‍മ്മ.

സൂഫി said...

കുമാറേട്ടാ
അത് തകര്‍ത്തു. വളരെ ഇന്‍ഫറ്മേറ്റീവാണീ വിവരങ്ങള്‍. ഈ സൂത്രപ്പണികളൊക്കെ ചെയ്യുന്ന വമ്പന്മാരുടെ ക്രിയേറ്റിവിറ്റി എന്നും അത്ഭുതപ്പെടുത്തിയിരുന്നു.
അപ്പോള്‍ ഇതൊരു മീഡിയ തന്നെയാണല്ലേ...
കൂണു പോലെ മുളച്ചു പൊന്തുന്ന സ്കൂളുകളും കോളേജുകളും പോലും,
പരസ്യങ്ങളിറക്കുമ്പോള്‍ ഇനി ആമ്പിയന്‍റ് മീഡിയയെ ആശ്രയിക്കുമോ.
സ്കൂള്‍ ബാഗുമായി പോകുന്ന വല്ല കുട്ടിയെയും ഹോര്‍ഡിങില്‍ കെട്ടി തൂക്കിയിട്ടാകും അവരതാഘോഷിക്കുക:)

Kalesh Kumar said...

kumar bhai, super super post!
it should be an article in malayalam wiki!

(sorry for typing in english)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

നല്ലപോസ്റ്റ്..

ഓടോ: ലിങ്ക് ക്ലിക്കി ക്ലിക്കി ഒരു വഴിക്കായി.. ഒരു ആല്‍ബം അതിലു അടിക്കുറിപ്പും ഇട്ട് ഒറ്റലിങ്കായിരുന്നേല്‍--

Unknown said...

കുമാറേട്ടാ,
നന്ദി.
ഇതൊക്കെയാണ് വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ എന്നു പറയേണ്ടവ.

കലേഷേട്ടന്‍ പറഞ്ഞതു പോലെ ഇതു വിക്കിയില്‍ വരേണ്ടതു തന്നെ.

Haree said...

ഇങ്ങിനെ കുറേയധികം പരസ്യങ്ങള്‍ മെയില്‍ ഫോര്‍‌വേഡുകളായി കിട്ടിയിരുന്നു... :) ബസിലും ലോറികളിലും മറ്റും ഒട്ടിക്കുന്ന ത്രിമാന ചിത്രങ്ങളായിരുന്നു അധികവും. അതായത് പെപ്സി കൊണ്ടുപോവുന്ന ലോറിയുടെ ഒരു ഭാഗത്തെ ചിത്രം കണ്ടാല്‍ ആ ഭാഗത്ത് മൂടിയില്ലെന്നും, ക്യാനുകള്‍ അടുക്കിവെച്ചിരിക്കുന്നുവെന്നും തോന്നും.

ഏതായാലും സംഗതിയുടെ പേരിതാണെന്ന് ഇപ്പോഴാണ് മനസിലായത്... വളരെ നല്ല ലേഖനം... ശരിക്കും രസിച്ചു വായിച്ചു.
--

ശാലിനി said...

വളരെ നല്ല പോസ്റ്റ്.

പരസ്യങ്ങള്‍ കാണാന്‍ എനിക്കിഷ്ടമാണ്. ഇവിടേയുമുണ്ട് ഇതുപോലെയുള്ള പരസ്യങ്ങള്‍. ഇനി വഴിയിലുള്ള പരസ്യങ്ങളൊക്കെ കാണുമ്പോള്‍ ഇത് ആമ്പിയന്റ് ആണോ എന്നാവും നോക്കുന്നത്.

സിദ്ധാര്‍ത്ഥന്‍ said...

ഉഗ്രന്‍!
കാര്യങ്ങള്‍ അതാതിന്റെ ആളുകളാല്‍ പറയപ്പെടുന്ന ഒരു സുന്ദരസ്വപ്നം എന്നെ അലട്ടാന്‍ തുടങ്ങിയിട്ടു് നാളേറെയായി.

പിന്‍പറ്റാനാ‍ണെങ്കില്‍, ബൂലോകരെ, ശ്രേഷ്ഠമായ ഒരു വഴക്കം ഇതാകുന്നു.

ശാലിനി said...

പുകവലിക്കാരുടെ ചേം‌മ്പറില്‍ ഒട്ടിച്ചിരിക്കുന്നതാണ് എറ്റവും ഇഷ്ടപ്പെട്ടത്.

Unknown said...

ലേഖനം നന്നായിട്ടുണ്ട് കുമാറേട്ടാ. ഇത് മെയിലുകളില്‍ സ്ഥിരം കാണാറുണ്ട്. ഒന്ന് തേച്ച് മിനുക്കിയാല്‍ ലേഖനം വിക്കിയില്‍ ഇടാവുന്നതല്ലേയുള്ളൂ?

Santhosh said...

വിജ്ഞാനപ്രദമായ ലേഖനം.

ഉപാധി എന്നെഴുതിയതില്‍ തെറ്റുണ്ട് കുമാറേ (അവസാന പാരഗ്രാഫ്).

Siju | സിജു said...

അടുത്തിടെ ജെറ്റ് എയര്‍വേയ്സ് ജീവനക്കാരുടെ യൂണിഫോം മാറ്റിയതിനോടനുബന്ധിച്ച് മുംബൈയില്‍ വെച്ച പരസ്യത്തിനടുത്ത് തന്നെ കിംഗ് ഫിഷറും സ്പൈസ് ജെറ്റും പരസ്യങ്ങള്‍ വെച്ചത് ഫോര്‍വേഡായി കണ്ടിരുന്നു. അത്തരം മത്സരങ്ങളും ആമ്പിയന്റ് മീഡിയയുടെ മറ്റൊരു മുഖം.
അതു പോലെ ചെന്നൈയിലെ കൊക്ക കോളയുടെ ഓഫീസില്‍ കൊക്ക കോള, സെക്കന്റ് ഫ്ലോര്‍ എന്നെഴുതിയതിനടുത്ത് പെപ്സി എവ്‌രി വെയര്‍ എന്നെഴുതിയ പരസ്യം വെച്ചിരുന്നു.

നല്ല പോസ്റ്റ്. പരസ്യരംഗം താല്പര്യമുള്ള ഒന്നാണ്

സാജന്‍| SAJAN said...

കുമാറേട്ടാ ശരിക്കും രസിച്ചു വായിച്ചു..:):)
ഈ വിധം കുറേ ഈമെയിലില്‍ കിട്ടിയിട്ടുണ്ട് പക്ഷേ ഹരി എഴുതിയത് പോലെ ഇതിന്റെ പേര് ഇപ്പോഴാ മനസ്സിലായത്:):)

Rasheed Chalil said...

കുമാറേട്ടാ നല്ല ലേഖനം... തികച്ചും വിജ്ഞാനപ്രദം.

Unknown said...

വളരെ കൌതുകമുള്ള ലേഖനം കുമാറേട്ടാ. ഇത്തരം പരസ്യങ്ങള്‍ കണ്ടീട്ടുണ്ടെങ്കിലും അതിനു സ്പെഷല്‍ പേരുണ്ടെന്നോ ഒരു പുതിയ പരസ്യ സങ്കേതമാണെന്നോ അറിയില്ലാര്‍ന്നു. ആ വിര്‍ച്യുല്‍ വാച്ചിന്റെ ഐഡിയ അടിപ്പൊളി. അതുപോലെ തന്നെ പോസ്റ്റില്‍ ബാനറായി ഉപയോഗിച്ചതും സിഗററ്റ് വലിയ്ക്കെതിരെ ഉള്ളതും ഉഗ്രന്‍ സാമ്പിള്‍സ്.അതേ അതേ മുദ്രക്കാരും മോശക്കരല്ല.
ഈയിടെ കുട്ടികള്‍ പരസ്യത്തില്‍ വല്ലാതെ ആകൃഷ്ടരാകുന്നു എന്നൊരു പരാതിയുണ്ട്. എങ്ങനെ ആവാതിരിക്കും. ഈ അതിവേഗ ഗമനത്തിന്റെ കാലഘട്ടത്തില്‍ 2 മിനിട്ടിലൂടെ, ഒരു സ്നാപിലൂടെ, ആമ്പിയന്റ് മീഡിയ അവതരിപ്പിക്കുന്ന ഒറ്റ നോട്ടത്തിലൂടെ കാര്യങ്ങളെല്ലാം ഒറ്റയടിയ്ക്ക് സംവേദിക്കുന്ന പരസ്യങ്ങള്‍ ഒരു കലയായി വളര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അതന്നെ “പരസ്യങ്ങള്‍ ഒരു വിനോദമാര്‍ഗ്ഗംകൂടിയാകുന്ന ഒരു വഴിത്തിരിവ്“ തന്നെയാണിത്.

അഭയാര്‍ത്ഥി said...

പുതിയ അറിവ്‌.
നന്നായിരിക്കുന്നു.
വേറിട്ട ചിന്തകള്‍ പുതിയ തലമുറ അതിവേഗം ബഹുദൂരമെത്തിക്കുന്നു

കണ്ണൂസ്‌ said...

നല്ല പോസ്റ്റ്‌ കുമാറേ. എല്ലാം പുതിയ വിവരങ്ങള്‍.

അജി said...

അടിപൊളിയാശാനെ... ചില ഐഡിയ മണ്ടയില്‍ ക്ലിക്ക് ചെയ്തു, ഈ പടങ്ങളും കണ്ടപ്പോഴും, വിവരണങ്ങള്‍ വായിച്ചപ്പോഴും... താങ്ക്സേ....

chithrakaran ചിത്രകാരന്‍ said...

കുമാര്‍,
ഉഗ്രന്‍ പോസ്റ്റ്‌ !! വിജ്ഞാനപ്രഥമായ ഈ പോസ്റ്റ്‌ വായിക്കാനിടയായതില്‍ അത്യന്തം സന്തോഷിക്കുന്നു.
ടോക്കിയോയില്‍ അഡിഡസിനുവേണ്ടി അവരുടെ ഏജന്‍സി ഉയരമുള്ള ഒരു കെട്ടിടത്തിന്റെ ചുവരില്‍ തൂങ്ങിനിന്നു പന്തുകളിക്കുന്ന രണ്ടു ജീവനുള്ള കളിക്കാരെ അടക്കം ഉള്‍പ്പെടുത്തി ഒരു പരസ്യം നടത്തിയത്‌ ജനുവരിയില്‍ തെക്കടിയില്‍ വച്ചുനടന്ന "കെത്രിയെ" പഠനക്യാംബില്‍ വച്ചു കണ്ടിരുന്നു. അത്‌ ആംബിയന്റ്‌ മീഡിയയില്‍ പെടുമോ എന്നറിയില്ല.

Kumar Neelakandan © (Kumar NM) said...

ചിത്രകാരാ.. അതും ആമ്പിയന്റ് മീഡിയ തന്നെയാണ്. തേക്കടിയില്‍ നടന്ന ആഡ്‌ഫ്സെസ്റ്റ് ആയിരുന്നോ ചിത്രകാരന്‍ ഉദ്ദേശിച്ചത്? അതിനോടൊപ്പം പഠന ക്യാമ്പും ഉണ്ടായിരുന്നോ?

ഞാന്‍ പങ്കെടുത്തിരുന്നില്ല.

ഒരുപാട് ആഡ് പുലികള്‍ വടക്കുനിന്നും വന്നു എന്നറിഞ്ഞു.

ചിത്രകാരന്‍ അഡ്വര്‍ടൈസിങ് ഫീല്‍ഡില്‍ ആണെന്നു ഞാന്‍ അങ്ങു കരുതുന്നു.

Inji Pennu said...

നല്ല രസികന്‍ പോസ്റ്റ്! കലക്കി!

ഉവ്വ സ്മോകേര്‍സിന്റെ കാര്യത്തില്‍ മാത്രം അവര്‍ ആ പടവും നോക്കി നിന്ന് അതിനെക്കുറിച്ച് വിശകലനം ചെയ്ത് പുക ആഞ്ഞാഞ്ഞ് വലിക്കും.

ഗുപ്തന്‍ said...

കുമാറേട്ടാ മികച്ച പോസ്റ്റ്....

കണ്ടുശീലിച്ച കുറേകാര്യങ്ങള്‍ ആദ്യമായി മനസ്സിലാകുന്നതിന്റെ ഒരു സുഖം... നന്ദി.

Kaithamullu said...

കുമാര്‍,
-കലക്കി.
വളരെ ഇഷ്ടായി!

Siju | സിജു said...

ചെന്നൈയിലെ തെയ്നാമ്പേട്ടില്‍ ഹച്ചിന്റെ ജെയിംസ് ബോണ്ട് റിംഗ് ടോണുകളുടെ പരസ്യത്തിനായി വെച്ച ഹോര്‍ഡിംഗില്‍ ശരിക്കുള്ള ഒരു കാര്‍ ഹോര്‍ഡിംഗ് തുളച്ചു പുറത്തേക്ക് വരുന്നതായിരുന്നു..

അതു പോലെ ഏതോ ഒരു സ്റ്റീല്‍ കമ്പിയുടെ പരസ്യം കണ്ടു. ഹോര്‍ഡിംഗില്‍ കമ്പി പുറത്തേക്ക് നീണ്ടു നില്‍ക്കുന്നു. നമുക്കാവശ്യമുള്ള നീളത്തില്‍ കമ്പികള്‍ ലഭിക്കുമെന്നും..

sreeni sreedharan said...

സ്വയമ്പന്‍ പോസ്റ്റ്
(പിന്നേ, ഇതൊക്കെ എനിക്കറിയാന്നുള്ള സംഭവങ്ങളാ)

മെലോഡിയസ് said...

വളരെ ഇന്‍ഫോര്‍മേറ്റിവ് ആയ ലേഖനം. ഇതിന്റെ പേരും ഇതണെന്ന് ഇത് വായിച്ചപ്പോള്‍ ആണ് മനസിലായത്. പിന്നെ ആ പുകവലിക്കരുടെ ചേംബറിന്റെ പടവും ആ നൂഡില്‍‌സിന്റെ പരസ്യവും ഒത്തിരി ഇഷ്ട്ടായി.

myexperimentsandme said...

പുതിയ അറിവുകള്‍.

വളരെ നല്ല വിവരണം.

പ്രിയംവദ-priyamvada said...

ചിലതു കണ്ടിട്ടുണ്ടു ..എങ്കിലും മറ്റൊന്നും അറിയില്ലായിരുന്നു..
നല്ല effort എടുത്തു എഴുതിയതിനും അഭിനന്ദനങ്ങള്‍.. നന്ദി

qw_er_ty

ആഷ | Asha said...

കുമാറേട്ടാ,
രസകരം
വിജ്ഞാനപ്രദം :)

കുടുംബംകലക്കി said...

കാക്കപ്പൊന്നുകള്‍ക്കിടയിലൊരു 916.

Kiranz..!! said...

ഇതാണ് വേണ്ടത്,മീഡിയ രംഗത്തെ പുലികളൊക്കെ ഇങ്ങനെയുള്ള ന്യൂമീഡിയ ഒക്കെ പരിചയപ്പെടുത്തണം..തകര്‍പ്പന്‍ വിവരണം സര്‍.ശരിക്കും ഇഷ്ടമായി..!ഗ്രേറ്റ് വര്‍ക്ക്..!

മുസ്തഫ|musthapha said...

കുമാര്‍, വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്!



പുകവലിയുടെ ഭീകരത ചിത്രീകരിക്കുന്ന ആ പരസ്യം അപാരം! ഒന്നു മോളിലോട്ട് നോക്കിയാല്‍ ഒരുമാതിരിപ്പെട്ട വലിക്കാരെല്ലാം ഒന്ന് ഞെട്ടും.

Anonymous said...

Really Good

Vish..| ആലപ്പുഴക്കാരന്‍ said...

http://www.adverblog.com/archives/cat_ambient_marketing.htm

മാവേലി കേരളം said...

കുമാറേ

ലേഖനം വളരെ അറിവു തരൂന്നു. അതില്‍ സംശയമില്ല.

പക്ഷെ ലേഖനത്തില്‍ ചിന്താവിഷയമായ ‘പരസ്യങ്ങള്‍ ഒരു വിനോദമാര്‍ഗ്ഗംകൂടിയാകുന്ന വഴിത്തിരിവ് ശരിയ്ക്കും ആസ്വദിയ്ക്കുമ്പോള്‍‍, ഒരു ഉപഭോക്താവിന്റെ നിലയിലേക്കും മന‍സു കടന്നു ചെല്ലുന്നു.

ഈ പരസ്യങ്ങളുടെ ചിലവുകള്‍ അതിന്റെ ഉല്പാദന്‍ കമ്പനി ഉപ്ഭോക്താവിലല്ലേ അടിച്ചേല്‍പ്പിയ്ക്കുന്നത്.

പരസ്യത്തിന്റെ സാഹചര്യങ്ങളുടെ സ്നോബു വില ഉപഭോക്താവിനെ വഴിതെറ്റിയ്ക്കുന്നില്ലേ എന്നൊന്നു കൂടി ഈ തരുണത്തില്‍ ചിന്തിയ്ക്കുന്നു.

പരാജിതന്‍ said...

കുമാര്‍, ഒന്നാന്തരം ലേഖനമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ലളിതവും രസകരവുമായ വിവരണത്തിനും ചിത്രങ്ങള്‍ക്കും ഏറെ നന്ദി!

ഒരു കാര്യത്തില്‍ ചെറിയൊരു സംശയമുണ്ട്‌. തൊണ്ണൂറുകളില്‍ തന്നെ ഈ തരംഗം തുടങ്ങിയിരുന്നുവെന്നാണ്‌ തോന്നല്‍. 95-ലെയോ മറ്റോ ആഡി ബുക്കില്‍ കെ.എഫ്‌.സി. ക്രിസ്പി ചിക്കന്റെ പുറംവാതില്‍ പരസ്യത്തില്‍ ഹോഡിങ്ങിന്റെ നടുഭാഗം ചിക്കന്‍ ലെഗ്‌ പീസിന്റെ ആകൃതിയില്‍ തുളച്ച്‌, അരികുകള്‍ കരിച്ച ശേഷം Better order the drink first എന്ന ഹെഡ്‌ലൈനോട്‌ കൂടിയുള്ള ചിത്രം കണ്ട ഓര്‍മ്മയുണ്ട്‌. (പുസ്തകം ഓഫീസില്‍ തേടി നോക്കിയിട്ടു കിട്ടിയില്ല. ആരോ അടിച്ചുമാറ്റിയെന്നു തോന്നുന്നു! :)) അതേ പോലെ ജീപ്പിന്റെയോ മറ്റോ പുറംവാതില്‍ പരസ്യങ്ങളിലും ഇത്തരം പുതുമകള്‍ കണ്ടിട്ടുള്ള ഓര്‍മ്മ.

ഡിസ്കവറി ചാനലില്‍ മമ്മികളെക്കുറിച്ചുള്ള പരിപാടിയെപ്പറ്റി വിളംബരം ചെയ്യുവാന്‍ പാര്‍ക്കിംഗ്‌ ഇടങ്ങളില്‍ പഴയ കൈനറ്റിക്‌ ഹോണ്ട, പ്രിമിയര്‍ പത്മിനി തുടങ്ങിയ വാഹനങ്ങള്‍ പഴക്കം തോന്നിക്കുന്ന തുണിക്കഷണങ്ങള്‍ കൊണ്ട്‌ വരിഞ്ഞുചുറ്റി പ്രദര്‍ശിപ്പിച്ചിരുന്നത്‌ കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. ഇത്തരം വര്‍ക്കുകള്‍ പലതും ഇന്‍സ്റ്റലേഷന്‍ എന്ന കലാരൂപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നു വേണം കരുതുവാന്‍. ചിത്രകല, ചലച്ചിത്രകല, സംഗീതം, ഫോട്ടോഗ്രാഫി, ഗ്രാഫിക്‍സ്‌ എന്നിവയുടെയൊക്കെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ വിജയം വരിച്ച പരസ്യസൃഷ്ടാക്കള്‍ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിന്റെ സാധ്യതകള്‍ ഉപയോഗിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.

Cibu C J (സിബു) said...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

മൂര്‍ത്തി said...

കുമാറേ..ആമ്പിയന്റ് മീഡിയയുടെ വിപരീതം..തെറ്റായ സ്ഥലത്ത് വന്നുപെട്ടുപോയ ഹതഭാ‍ഗ്യരായ 15 പരസ്യങ്ങള്‍....:)

ഇവിടെ ലിങ്ക്...
http://www.oddee.com/item_87332.aspx

Anonymous said...

http://naranathbranthan.blogspot.com

പ്രിയ said...

excellent media.
nice description.

thanks :)

Anonymous said...

തകര്‍പ്പ ലേഖനം കാണാന്‍ താമസിച്ചതില്‍ ശരിക്കും വിഷമം ഉണ്ട്

un said...

ഇപ്പഴാ കണ്ടത്. നല്ല പോസ്റ്റ്

nishad said...

കാണാന്‍ താമസിച്ച് പോയി...എന്നാലും ഇതും പുതിയ അറിവായി..... മീഡിയ രംഗത്ത് എന്തെക്കിലും ആകണമെന്നുള്ള എന്റെ ആഗ്രഹത്തിന് ഇതും ഒരു പുതിയ അറിവ് തന്നെ.......