Wednesday, May 02, 2007

തോന്ന്യാക്ഷരങ്ങളുടെ ചുവര്‍ചിത്രങ്ങള്‍ !

നമ്മുടെ പ്രകൃതിയില്‍ "എഴുതിവയ്പ്പിന്റെ" സംസ്കാരം പ്രാചീനമായിരുന്നോ? പണ്ട് ഗുഹയുടെ ചുവരുകളില്‍ കോറിയിട്ട വരകള്‍ ആയിരിക്കും ഇതിന്റെ തുടക്കം, കാരണം ഈ കലാവിദ്യ പലസ്ഥലങ്ങളിലും പ്രാകൃതമായ ഒരു സംസ്കാരം പോലെ ഇന്ന് പൊന്തി നില്‍ക്കുന്നു.
ഞാന്‍ ഇവിടെ വന്നതിനു ഒരു തെളിവ് എന്ന നിലയില്‍ ആണ് പലരും (വിനോദ സഞ്ചാരികള്‍) തങ്ങളുടെ നാമം കുറിച്ചിടുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പാറകളും മരങ്ങളും ഒക്കെ ഗസ്റ്റ് ബുക്കുകള്‍ ആയി നിലകൊള്ളുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്. താജ് മഹല്‍ ആയാലും മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലം ആയാലും. ഇത്തരക്കാരുടെ സര്‍ഗ്ഗാത്മകത ഇന്ന് വളരെ വിശാലവും ശക്തവും ആണ്.

ആങ്ങ് ദൂരെ അഗസ്ത്യകൂടത്തിന്റെ നെറുകയില്‍ പാറയുടെ വശങ്ങളില്‍ ഇത്തരം എഴുതി വയ്പ്പുകള്‍ ഒരുപാട് കണ്ടിട്ടുണ്ട്. അതില്‍ ഒരുപാട് "ലവന്‍ -ലൌ- ലവള്‍" ആണ്. ഒരിക്കല്‍ ഞങ്ങള്‍ കൂടം ഇറങ്ങി തിരികെവന്നത് അധികം ആരും അന്നു യാത്ര ചെയ്യാത്ത കോട്ടൂര്‍ മീന്മുട്ടി വഴി. കുറച്ചുപേര്‍ അഹാരം പാകം ചെയ്യുന്ന സമയത്ത് ഞങ്ങളില്‍ ചിലര്‍ പാറകളിലൂടെ അപ്പുറം കടന്നു. അധികം ആരും യാത്ര ചെയ്യാത്ത വഴി എന്നാണ് കരുതിയത്. കാരണം നടത്തമുറിക്കുന്ന വള്ളികളും കുറ്റിച്ചെടികളും. പാറയുടെ മറുചരുവില്‍ വലുതായി എഴുതി വച്ചിരിക്കുന്നു. Rajesh Love Sini. (ഈ സിനി വേറേ ചെക്കനോടൊപ്പം സുഖമായി ജീവിക്കുണ്ടാവും. പക്ഷെ പ്രണയത്തിന്റെ ശിലാലിഖിതം മാത്രം ബാക്കിയായി നിന്ന് വെയിലും മഴയും കൊള്ളും)

ഇതാണ് ലോകം മുഴുവന്‍ graffiti എന്ന ഓമനപേരില്‍ അറിയപ്പെടുന്ന സര്‍ഗ്ഗാത്മകത. പക്ഷെ ലോകം അറിഞ്ഞിരുന്ന മോഡേണ്‍ ഗ്രാഫിറ്റി പലസ്ഥലങ്ങളിലും നിയമവിരുദ്ധം ആയിരുന്നെങ്കിലും അതൊരു കലയായിരുന്നു. നമ്മുടെ നാട്ടില്‍ ചുവരുകളിലൊക്കെ കളര്‍ചോക്കുകള്‍ കൊണ്ട് കെ എസ് ആര്‍ ടി സി ബസും നടന്നു പോകുന്ന ഒരു പെണ്ണും തെങ്ങും ഒക്കെ വരച്ചിടുന്നതും ഗ്രാഫിറ്റി എന്ന കലാരൂപം തന്നെയാണ്.

എന്നാല്‍ ഏന്‍ഷ്യന്റ് ഗ്രാഫിറ്റി പലപ്പോഴും അപ്രതീക്ഷിതമായ പലവെളിപ്പെടുത്തലിനും കാരണമായി തീര്‍ന്നിട്ടുണ്ട്. ബി സി ഒന്നാം നൂറ്റാണ്ടുമുതല്‍ ഏ ഡി നാലാം നൂറ്റാണ്ടുവരെ വടക്കന്‍ അറേബ്യയില്‍ ഉപയോഗിക്കപ്പെട്ടിരുന്ന Safaitic എന്ന ഭാഷയെക്കുറിച്ച് ഇന്ന് നമുക്ക് ആകെ അറിയപ്പെടുന്നതെളിവ് ഗ്രാഫിറ്റിയില്‍ നിന്നാണ്. സിറിയയുടേയും ജോര്‍ദ്ദാന്റേയും സൌദി അറേബ്യയുടേയും ചില മരുപ്രദേശങ്ങളില്‍ കരിങ്കല്‍ കഷണങ്ങളില്‍ കണ്ടെടുത്തതാണ് ഈ പ്രാചീന ലിപികള്‍.

അടിച്ചമര്‍ത്തപ്പെട്ട ഒരു വര്‍ഗ്ഗത്തിന്റെ ആത്മപ്രകാശനമാര്‍ഗ്ഗം കൂടിയായിരുന്നു എന്നും ഈ കലാരൂപം. ഗ്രാഫിറ്റികള്‍ നിറഞ്ഞുകവിഞ്ഞ ബര്‍ലിന്‍ മതില്‍ സോവിയറ്റ് ഭരണകാലത്തെ ജര്‍മ്മന്‍ ജനതയുടെ ഉള്ളില്‍ നുരഞ്ഞു പൊന്തിയിരുന്ന അതൃപ്തിയുടെയും അമര്‍ഷത്തിന്റേയും ശക്തമായ ക്യാന്‍‌വാസായിരുന്നു.

പക്ഷെ ഗ്രാഫിറ്റിയുടെ തന്നെ മറ്റൊരു വികൃതമായ രൂപം ആണ് നമ്മുടെ ഇടയില്‍ കാണാനാകുന്ന ചില ആധുനിക ലിഖിതങ്ങള്‍. കെ എസ് ആര്‍ ടീ സി ബസുകളുടെ സീറ്റിനു പിന്നില്‍ മുഴുവന്‍ പ്രണയത്തിന്റെ വരകുറിയായിരുന്നു ഒരു കാലത്ത്. നഗരങ്ങളില്‍ ഇന്ന് അതിന്റെ അളവു കുറവാണ്.

പക്ഷെ വേണാട് എക്സ്പ്രസിന്റേയും വഞ്ചിനാടിന്റേയും ടോയ്‌ലറ്റുകളില്‍ എഴുതിവച്ചിട്ടുള്ളത് മുഴുവന്‍ വെറും അശ്ലീലങ്ങള്‍ ആണ്, രേഖാ ചിത്രങ്ങള്‍ അടക്കം. സ്വന്തം വീട്ടിനടുത്തുള്ള ചേച്ചിമാരുടെ ശരീരവര്‍ണ്ണനയും അവരുടെ പേരും അവിടെ എഴുതി വച്ചിട്ടുണ്ടാവും. അവരുടെ ഫോണ്‍ നമ്പര്‍ അറിയുന്ന ചില വിദ്വാന്മാര്‍ അതും എഴുതി വച്ചിട്ടുണ്ടാകും.
ബാത്ത് റൂമുകള്‍ ക്രിയേറ്റീവ് വര്‍ക്ക് ഷോപ്പുകള്‍ ആകുന്ന ഒരു രീതി പൊതുവേ ഉണ്ട്. ഐഡിയാസ് പലതും അവിടെ നിന്നാണ് വരുക. അതുപോലെ തന്നെ ഒരു ക്രിയേറ്റീവ് കളിയാണ് Latrinalia എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസം (ആഭാസം?).

രണ്ടുതരത്തിലുള്ള ബാത്ത്‌റൂം എഴുത്തുകാര്‍ ഉണ്ടെന്നാണ് ജര്‍മ്മന്‍ ഗ്രാഫിറ്റിയോളജിസ്റ്റ് Hugo Luedecke പറഞ്ഞിട്ടുള്ളത്. ഒന്ന്, മെസേജുകള്‍ കവിതപോലെ എഴുതുന്ന ഇന്റലക്ച്വത്സ്. രണ്ടാമത്തേത് വായില്‍ തോന്നുന്നതെന്തും വെറുതെ കുത്തിക്കുറിക്കുന്ന സാധാരണക്കാരന്‍‍. ഇവരണ്ടും തീവണ്ടിയുടെ കുളപ്പുരയില്‍ കാണാം. അവിടുത്തെ ദുര്‍ഗ്ഗന്ധം ആണ് അവരുടെ മനസിനെ അത്തരത്തില്‍ വാര്‍ക്കുന്നത് എന്നും ചില ശാസ്ത്രഞ്ജര്‍ പറയുന്നു. പക്ഷെ അടഞ്ഞുകിടക്കുന്ന വാതിലും എഴുതാനുള്ള ചുവരും നുരപതയുന്ന അരാജകത്വവും ആണ് ഇതിന്റെ പിന്നിലെന്നു നമുക്ക് മനസിലാക്കാന്‍ ഒരു ശാസ്ത്രത്തിന്റെ ആവശ്യം വരുന്നില്ല.

ആദ്യം പറഞ്ഞ പ്രേമലിഖിതങ്ങളും ഈ ആഭാസവും ചിലസ്ഥലങ്ങളിലൊക്കെ കൂട്ടിമുട്ടും. സഭ്യതയുടെ വേലിക്കെട്ടിനപ്പുറവും ഇപ്പുറവും നിന്നവര്‍ കുത്തിക്കുറിക്കും. കാല്‍കുത്തിയ സ്ഥലത്തെ പ്രകൃതിയില്‍ പേരുകുറിക്കുന്ന കളിമുതല്‍ കുളിമുറിവരെ എത്തുന്ന തോന്ന്യാസം. ഇതും ഗ്രാഫിറ്റിഎന്ന കല എന്നുകരുതി അവരെ ഒക്കെ ആശംസിക്കുകയല്ല, ചികിത്സയാണ് വേണ്ടത്.

57 comments:

Kumar Neelakandan © (Kumar NM) said...

graffitiയും വേണാട് എക്സ്പ്രസിന്റെ ടോയ്‌ലറ്റും

Inji Pennu said...

ഹൌ! കലക്കി കടുകുവറുത്തു കളഞ്ഞു കുമാരേട്ടാ. അടിപൊളി പോസ്റ്റ്. ഗ്രാഫിറ്റിയില്‍ മാത്രമല്ലല്ലൊ ആഭാസങ്ങള്‍. വിശ്വസാഹിത്യത്തിലും ഉണ്ടെന്നെ. അതോണ്ട് ക്ഷമിക്കാം.:) കറമ്പന്മാരുടെ ഗ്രാഫിറ്റിയെക്കുറിച്ച് വായിച്ചിട്ടുണ്ടൊ? Zoo York നെ കുറിച്ചു കൂടെ ഈ ലേഖനത്തില്‍ പറയണം...

കുറുമാന്‍ said...

കുമാര്‍ ഭായ് നല്ല ലേഖനം തന്നെ.....പക്ഷെ ടൂറിസ്റ്റുകളായി പോയിട്ട്, സാധാരണ മനുഷ്യര്‍ക്കു പറ്റാത്ത പാറമേലും, മരത്തേലും ഞാന്‍ എന്റെ പേരും കുറിച്ചു വച്ചിട്ടുണ്ട്.......അതിനി മായ്ക്കാന്‍ കഴിയുമോ.

Inji Pennu said...

ഓഫും കൂടി അടിക്കട്ടെ, അല്ലേല്‍ ആളോള്‍ എന്നെ പറ്റി എന്ത് വിചാരിക്കും. ആ ബിജുവും രാഖിയും കല്ല്യാണം കഴിച്ചോ ആവൊ? പാവം.
qw_er_ty

sreeni sreedharan said...

വാസ്തവം.
ഇതിനും നിയമം കൊണ്ട് വരേണ്ടി വരും. അല്ലാതെ സ്വയം ആലോചിച്ച് ഈ കാണിക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കാനുള്ള ആവത് ഇവറ്റകള്‍ക്കുണ്ടാവില്ല.

ദാ മറൈന്‍ഡ്രൈവില്‍ പ്രകൃതി ദൃശ്യം പകര്‍ത്താന്‍ പോയപ്പൊ കിട്ടിയ വികൃതി ദൃശ്യം

Kumar Neelakandan © (Kumar NM) said...

ഇഞ്ചീ, എന്തായീ zoo york? ഒരു തുമ്പെങ്കിലും തരൂ...

കുറുമാനെ ഇതിനൊക്കെ മുകളില്‍ ചെല്ലുമ്പോള്‍ ശിക്ഷയുണ്ട്. പഴുപ്പിച്ച ഇരുമ്പുവച്ച് വാരിയില്‍ പേരെഴുതും

പച്ചാളമേ പടം കൊള്ളാം. മഴവില്‍ പാലത്തിന്റെ അടിയില്‍ പ്രണയത്തിന്റെ ചുവരെഴുത്ത് ഒരുപാടുണ്ട്. അവിടെ തൂങ്ങി നിന്നെ ഇതെഴുതുന്നവന്മാരെ സമ്മതിക്കണം. SSLC പരീക്ഷ ഇത്ര കഷ്ടപ്പെട്ട് എഴുതിയിട്ടുണ്ടാവില്ല.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബാംഗ്ലൂരില്‍ ഇങ്ങനെ കാണുന്നതില്‍ കൂടുതലും “ഒഴിവു സമയത്ത് കൂടുതല്‍ പണം സമ്പാദിക്കൂ”എന്നും പിന്നെ ഒരു മൊബൈല്‍ നമ്പറും ആയിരിക്കും.

sandoz said...

കുമാറേട്ടാ...ചില മനുഷ്യന്‍ കേറാ സ്ഥലങ്ങള്‍ കണ്ടെത്താറുണ്ട്‌.....വരച്ചിടാനല്ലാ....സ്വസ്ഥം ആയിട്ടിരുന്ന് രണ്ടെണ്ണം വീശാന്‍.......കൈ വിറ മാറ്റീട്ട്‌ വേണ്ടേ വരച്ചിടാന്‍....

പച്ചു എന്ത്‌ പകര്‍ത്താന്‍ പോയീന്നാ പറഞ്ഞത്‌ മറൈന്‍ ഡ്രൈവില്‍.....എനിക്കങ്ങോട്ട്‌ പുരിഞ്ഞില്ലാ....

ഡാലി said...

നല്ല കിണം കാച്ചി ലേഖനം. കുറേകാലം മുന്നേ ഇതിനെകുറിച്ചെവിടെയോ വായിച്ചിരുന്നു. അതിലാ‍ണോ എന്റെ മനസ്സിലാണൊ ഒരു ചോദ്യം ഉണ്ടാ‍യീരുന്നു.

ഈ ടോയലറ്റ് കല പെണുങ്ങള്ളുടെ ടോ‍യ്ലറ്റില്‍ അപൂര്‍വമാണ്. അതിന് കാരണം ഒരുപാട് പറയാം. പക്ഷേ കാ‍ര്യം സത്യമാ‍ണ്. ഞാന്‍ ആദ്യമായി ഒരു ഗ്രാഫിറ്റി കാണുന്നത് (അഥവാ ശ്രദ്ധിക്കുന്നത് ) ഞാന്‍ പഠിച്ച പ്രൈമറി സ്കൂളിന്റെ ആണ്‍കുട്ടികളുടെ ടോ‍യ്ലറ്റിലാ. (രണ്ടാം ക്ലാസുകാരനായ അനിയന്‍ പറ്റിച്ച പണിയുടെ ശിക്ഷ കിട്ടിയത് മൂന്നാം ക്ലാസ്സുക്കാരീയായ ചേച്ചിയ്ക്ക്.) ആ കല കണ്ട് ഞാന്‍ ഞെട്ടി. അതുവരെ പെണ്‍കുട്ടോ‍ളുടെ ടോയ്ലറ്റില്‍ ഞാന്‍ അതു കണ്ടീട്ടില്ലായിരുന്നു.

ഇതിന്റെ വേറൊരു വശം ഈയടുത്ത്ത് വായിച്ചതാ. ഒരു കൊടുമുടി തുഞ്ചത്ത് ഞാന്‍ ഒറ്റയ്ക്കെന്ന ബോധ്യ്യവുമായി തളര്‍ന്ന് നില്‍ക്കുമ്പോള്‍ ആരോ എഴുതിയിട്ടിരി‍ക്ക്കുന്ന ഒരു പേര് തരുന്ന അളവില്ലാത്ത ആശ്വാ‍സം , ഒറ്റയ്ക്കല്ലെന്ന തോന്നല്‍.

Inji Pennu said...

കുമാരേട്ടാ,
ഇവിടുത്തെ പല കറമ്പന്മാരുടേയും ഗ്രാഫിറ്റി ഇവിടെ അവര്‍ക്കെതിരെയുള്ള പല അധികാര കൈകടത്തുലകള്‍ക്കെതിരെയൊക്കെ ആയിരുന്നു. ഗ്രാഫിറ്റി നമ്മുടെയൊക്കെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. സൂ യോര്‍ക്കിനെക്കുറിച്ചൊക്കെ പണ്ടെപ്പോഴൊ ഒക്കെ അവിടെന്നും ഇവിടെന്നും വായിച്ചതാണ്. ലിങ്കില്ലാത്തകാലങ്ങളില്‍..ഹിഹി..ദേ ഒരെണ്ണാം വിക്കിയില്‍...ഉണ്ട്
വിക്കിയിലെ ലിങ്ക്. അമേരിക്കയില്‍ അങ്ങോളിമിങ്ങോളം എല്ലാ കറമ്പന്‍ മേഘലങ്ങളിലെല്ലാം ഈ ഗ്രാഫിറ്റി കാണാം. ശരിക്കും ഒരു മ്യൂറല്‍ പോലെയുള്ള ഗംഭീര ആര്‍ട്ട് വര്‍ക്കാണത്.ചിലതൊക്കെ സൂക്ഷിച്ച് സ്റ്റഡി ചെയ്താല്‍ ഭയങ്കര വയലന്‍സാണ് തീം. അവരുടെ ഒരു വേ ഓഫ് എക്സ്രപ്ഷനാണത് ഒരോ ഗാംങ്ങിനും ഒരോ തരം ഗ്രാഫിറ്റിയാണ്. ഒരു ഗ്രാഫിറ്റി കാണുമ്പോള്‍ ഇന്ന തരം ഗാംഗാണ് എന്നൊക്കെ മനസ്സിലാവും അങ്ങിനെയൊക്കെ.

സായിപ്പ് ചുമരിലൊന്നും എഴുതില്ല, പകരം ആ സ്ഥലങ്ങളെല്ലാം അവന്‍ വില കൊടുത്ത് വാങ്ങും അല്ലെങ്കില്‍ കൈയ്യേറും അവിടെയുള്ളവരെ അടിമകളാക്കും :) :)

Affordability of an Ideology യെക്കുറിച്ച് എന്നെങ്കിലും ഞാന്‍ രണ്ട് വാക്ക് എഴുതി ഇവിടെയാകെ ബൂകമ്പം ഉണ്ടാക്കും! ഹിഹിഹി

Inji Pennu said...

ദേ വേറൊരു കോമ്പ്രിഹെന്‍സീവ് ലിങ്ക് പക്ഷെ ഇതിലൊന്നും മൊത്തമായിട്ടൊന്നും ഇല്ലാട്ടൊ. കുറേയുണ്ട് ഇതിനേക്കുറിച്ച്. ഇത് ടിപ്പ് ഓഫ് ഐസ് കട്ട.

അത് വായിച്ച് നോക്കൂ, മൂവി ലിസ്റ്റിങ്ങ് ഒക്കെയുണ്ട്. എനിക്ക് പണ്ട് കുറച്ച് താല്ല്‍പ്പര്യം തോന്നിയിരുന്ന കാര്യമാണിത്.

ഒന്നൂട്ടെ, ഈ ലേഖനം എനിക്കങ്ങ് ഭയങ്കരായി ഇഷ്ടായി. ദേഹത്തുള്ള ഗ്രാഫിറ്റിയാണ് ടാറ്റൂ വര്‍ക്ക്. (പ്ലീസ് മൈലാഞ്ചി ടാറ്റുവല്ല. അത് ഡെക്കറേഷന്‍ ആണ്. അത് ആരെങ്കിലും പറഞ്ഞോണ്ട് വരുന്നതിനു മുന്‍പ്)

myexperimentsandme said...

കുമാര്‍ജീ, നല്ല ലേഖനം. സാല്‍‌വാര്‍ ഡാലി പറഞ്ഞതുപോലെ ഏക തന്തതയുടെ അപാര തീരത്ത് വട്ടായി നില്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഇത്തരം ജിറാഫിറ്റികള്‍ നാം രണ്ട് നമുക്ക് രണ്ട് ഫീലിംഗ്‌സും തരുമായിരിക്കും.

ഇഞ്ചീ, തീവണ്ടിയിലെ ജിറാഫിറ്റിയെപ്പറ്റി പണ്ട് നടന്ന പരാമര്‍ശങ്ങള്‍ ദോ ഇവിടെ നാപ്പത്താറിലും അമ്പത്തിരണ്ടിലും (ഈ ലിങ്കില്‍ ക്ലിക്കുമ്പോള്‍ കറക്റ്റ് നാപ്പത്താറാം നമ്പര്‍ കമന്റിന്റെ അവിടെ പേജ് തുറക്കുന്ന ടെക്‍നോളജി എങ്ങിനെയാ?) (കച്ചവടം തകര്‍ന്ന് തരിപ്പണമായവര്‍ക്ക് ഡയറക്ട് മാര്‍ക്കറ്റിംഗ് നടത്താമെന്നാണല്ലോ).

ദേവന്‍ said...

നമ്മളൊരക്ഷരം വായിക്കുമ്പോള്‍ എന്തെങ്കിലും ഒന്ന് കിട്ടിയതുപോലെ തോന്നണം. ഗ്രാഫിറ്റിയില്‍ അത്‌ കിട്ടാറില്ല. എന്തോ പോയതുപോലെയാണു തോന്നാറ്‌. വഞ്ചിനാട്‌ എക്സ്പ്രസ്സിന്റെ കക്കൂസില്‍ കയറുമ്പോള്‍ മുന്നില്‍ ".... ഒരു വേശ്യയാണ്‌ ഈ നംബറില്‍ വിളിക്കൂ " എന്നതിന്റെ പ്രാകൃതമായ ഒരെക്സ്പ്രഷന്‍. ഒന്നും കിട്ടിയില്ല, പകരം മനസ്സില്‍ നിന്നെന്തോ അടര്‍ന്നു പോയതുപോലെ.

ഈ നഷ്ടമാണ്‌ എനിക്കു ഗ്രാഫിറ്റി ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം. അനോണിയുടെ തെറിക്കമന്റ്‌ പോലെ അത്‌ നേരിട്ട്‌ ഇടപെടാന്‍ ധൈര്യമില്ലാതെ പിന്നില്‍ നിന്നും ചെളിവാരിയെറിയുന്നു. ഇവനെല്ലാം സ്വപ്നത്തില്‍ കാണാത്ത ക്ലാസ്സിക്ക്‌ തെറികള്‍ പറഞ്ഞിട്ടുണ്ട്‌, പാടിയിട്ടുണ്ട്‌ ഞാനും, പക്ഷേ അത്‌ തെറിസദ്ദസ്സില്‍. അതു കാണാന്‍, കേള്‍ക്കാന്‍ ആഗ്രഹമില്ലാതെയിരിക്കുമ്പോള്‍ എന്നെയെന്തിനു അത്‌ കേള്‍പ്പിക്കുന്നു?

രാജേഷ്‌ സിനിയെ പ്രേമിച്ചാലും ഡെങ്കിപ്പനി വന്ന് രാജേഷിന്റെ കുടുംബം ചത്താലും എനിക്കൊന്നുമില്ല. എന്തിനവന്‍ എന്നെ അത്‌ വായിപ്പിക്കുന്നു? എന്റെ ബ്ലാക്കിയെ വഴിയില്‍ നിന്നും വന്ന ഒരു തെരുവു പട്ടി പ്രണയിക്കുന്നു എന്നതിന്റെ അത്രപോലും എനിക്ക്‌ താല്‍പ്പര്യമില്ലാത്ത കാര്യം എന്നെ വായിപ്പിക്കാന്‍ രാജേഷാരാ?

മൈല്‍ക്കുട്ടി കണ്ടാല്‍ പട്ടി മൂത്രമൊഴിച്ച്‌ അടയാളമിടും, ഗ്രാഫിറ്റിയും അതുപോലെ.

myexperimentsandme said...

അത് ഗ്രാഫിറ്റി വായിക്കുന്ന ഒരാളുടെ ആംഗിളില്‍ നോക്കുമ്പോള്‍. പക്ഷേ ഗ്രാഫിറ്റി എഴുതുന്ന ആളുടെ ആംഗിളിലോ ദേവേട്ടാ‍? (തെറി ഗ്രാഫിറ്റിയല്ല, അല്ലാതുള്ളവ).

ധൈര്യക്കുറവ് മാത്രമാണോ നേരിട്ട് ഇടപെടുന്നതില്‍ നിന്നും ആള്‍ക്കാരെ പിന്തിരിപ്പിക്കുന്നത്?

കൊല്ലങ്ങളോളം കലാപങ്ങള്‍ നടന്ന ഒരു പ്രദേശത്ത് അതിന്റെ ബാക്കി പത്രമായ ഗ്രാഫിറ്റികള്‍ കാണുമ്പോള്‍, അവര്‍ എഴുതിവെച്ചിരിക്കുന്നതും വരച്ചു വെച്ചിരിക്കുന്നതും ഒക്കെ കാണുമ്പോള്‍ എന്തൊക്കെയോ രീതിയില്‍ ആ ജനതയുടെ വികാരം മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.

ദേവന്‍ said...

അങ്ങനത്തെ ഗ്രാഫിറ്റി ഞാന്‍ കണ്ടിട്ടില്ല വക്കായി, ലോകപരിചയക്കുറവായിരിക്കും. പക്ഷേ, പാതിരാത്രി ഒളിച്ചു വന്ന് “സിംഹളരെല്ലാം ചെറ്റകളാണ്” എന്നെഴുതിയിട്ടു പോകുന്ന തമിഴു പുലിയെ ഞാന്‍ എലിയായി പോലും അംഗീകരിക്കില്ല. അവന്‍ ഒരു മീറ്റിങ് വിളിച്ചു കൂട്ടി അത് പറയണമായിരുന്നു, അല്ലെങ്കില്‍ പത്രത്തില്‍ അതെഴുതണമായിരുന്നു. അവന്‍ ആയി പറയാത്ത കാര്യങ്ങളൊന്നും അവനു പറയാന്‍ അര്‍ഹതയില്ല. എനിക്ക് അചുതാനന്ദനെതിരെ ഊമക്കത്തയക്കാന്‍ കഴിയും, അത് ഭീരുത്വം, അചുതാന്ദനെതിരേ ഒരു ലേഖനം എഴുതണം, അല്ലെങില്‍ ഞാന്‍ എന്ന ഐഡന്റിറ്റി ഉള്ള എന്തെങ്കിലും, പ്രംസംഗം ആയാല്‍ മതി, നാലു പേരെ ബാര്‍ബര്‍ഷാപ്പില്‍ വിളിച്ചു കൂട്ടി പറഞ്ഞാല്‍ മതി. പകരം പാതിരാത്രി പതുങി ഇറങി അയലോക്കത്തെ വക്കച്ചന്റെ വീട്ടിന്റെ മതിലേല്‍ “അചുമാമന്‍ ദ്രോഹി” എന്നെഴുതിയിട്ടു പോകുന്നവന്റെ വാക്കിനു ഞാന്‍ പട്ടീടെ മീശയുടെ പ്രാദ്ധാന്യവും കൊടുക്കില്ല. അവനു അത്ര പുളയ്ക്കുന്നെങ്കില്‍ അത് അവനായി തന്നെ പറയട്ടെ.

myexperimentsandme said...

സൈദ്ധാന്തികമായി ശരിയായിരിക്കാം, പക്ഷേ പ്രായോഗികമായി നോക്കിയാല്‍ സിംഹളരെല്ലാം ചെറ്റകളാണ് എന്ന് സിംഹളനാട്ടില്‍ ഒരു തമിഴന്‍ പത്രസമ്മേളനം നടത്തി വിളിച്ച് പറഞ്ഞാല്‍ അവന് വേണമെങ്കില്‍ ധീരതയ്ക്കുള്ള മരണാനന്തര അവാര്‍ഡ് കിട്ടുമായിരിക്കും. പക്ഷേ ചെറ്റത്തരം കാണിച്ച സിംഹളരോടുള്ള അവന്റെ പ്രതിഷേധമായോ അല്ലെങ്കില്‍ ഒരു മൂവ്‌മെന്റിന്റെ തുടക്കമായോ അതിനെ കാണാന്‍ പറ്റില്ലേ. നേര്‍ക്കുനേര്‍ വന്ന് എതിരിടുന്നത് തന്നെ ഏറ്റവും ഉദാത്തമായ സ്ഥിതിവിശേഷം. പക്ഷേ ഒളിപ്പോരാളികളും വീരനായകരായിട്ടുണ്ടല്ലോ ലോകത്ത്.

(എന്നുവെച്ച് നാട്ടിലെ ആള്‍ക്കാരുടെ വീട്ടുകാര്യവും കുടുംബക്കാര്യവും മതിലില്‍ എഴുതിവെച്ച് ആത്‌മനിര്‍വൃതിയടയുന്ന ആ അസുഖത്തെ ന്യായീകരിക്കുകയല്ല-അത് കുമാര്‍ജി പറഞ്ഞതുപോലെ ചികിത്സ വേണ്ട രോഗം).

എല്ലാ ഗ്രാഫിറ്റിയെയും ഒരേ രീതിയില്‍ കാണാമോ എന്നുള്ളതും ഗ്രാഫിറ്റികളെല്ലാം ഭീരുത്വമാണ് എന്ന് കരുതാവോ എന്നുള്ളതുമാണ് സംശയം.

Inji Pennu said...

ദേവേട്ടന്‍ പറയുന്നത് വാന്റലിസം ആയിട്ട് വരും. തിന്‍ ലൈനാണ് രണ്ടിനേയും സെപറേറ്റ് ചെയ്യുന്നത്. എല്ലാ സാഹിത്യത്തിനും പാരഡിയും പോണും ഉണ്ടാവുന്ന പോലെ.
പിന്നെ മറ്റൊരു വാന്റലിസം ഉണ്ട്. ന്യൂയോര്‍ക്ക് ടൈംസ് പോലും ഇടക്കീ വാന്റലിസം ചെയ്യാറുണ്ട്, പറയേണ്ട കാര്യങ്ങള്‍ പറയാണ്ട് ചെയ്യുന്ന നിശബ്ദതയുടെ വാന്റലിസം. ഡൌണ്‍ ടൌണില്‍ കിടക്കുന്ന കറമ്പന് ചിലപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ ഇതൊക്കെ ചെയ്തേണ്ടി വരും. അയ്യൊ. ഒരു മനുഷ്യന്‍ ഉണ്ടായിരുന്നല്ലൊ ഇംഗ്ലണ്ടില്‍ ആളുടെ പേരു ഞാന്‍ മറന്നുപോയി. നല്ല ഒന്നാന്തരം സോഷ്യല്‍ സറ്റയര്‍ ആയിരുന്നു പുള്ളീന്റെ ഗ്രാഫിറ്റി...ശ്ശൊ..
ഒന്ന് തപ്പട്ടെ ആളെ..

Inji Pennu said...

>>അവന്‍ ഒരു മീറ്റിങ് വിളിച്ചു കൂട്ടി അത് >>പറയണമായിരുന്നു

hahaha.ദേവേട്ടാ ബെസ്റ്റ്! ഹഹാഹ്. എനിക്ക് ചിരി നിറുത്താന്‍ പറ്റണില്ല. എന്നാലും ശരിയാണ്, തെറി വിളിക്കാന്‍ വേണ്ടി മാത്രം അനോണിയാവുന്നതിനോട് താല്‍പ്പര്യമില്ലെങ്കിലും ഇതിന്റെ ഇടയിലെ ഒക്കെ ലൈന്‍ തേടലാണ് ഇപ്പൊ എന്റെ വിനോദം....ആ ലൈന്‍ എവിടെ മക്കളേ? :)

Inji Pennu said...

കിട്ടി. കിട്ടി. ചുമ്മാ ഇംഗ്ലീഷ് ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റ് എന്ന് സേര്‍ച്ചിയാല്‍ ആദ്യം തന്നെ ലിങ്ക് ഗൂഗിളമ്മ തരും.
ബെന്‍സ്കി

ദേവേട്ടാ, അനോണിമസ് ആവുന്നത് ചിലരു മാത്രമല്ല. സി.ഐ.എ പോലും അനോണിമസ് അല്ലേ? അല്ലാണ്ട്, ദേ ഞാന്‍ സി.ഐ.എ - എനിക്ക് നിന്റെ രാജ്യ കുട്ടിച്ചോറാക്കണം എന്നല്ലലൊ പറയാ. അത് പറയുന്ന ഏക ആള്‍ ബോണ്ടന്നണ്ണനല്ലെ - സ്റ്റുപിഡസ്റ്റ് സ്പൈ ഓണ്‍ എര്‍ത്ത് :)

Santhosh said...

നല്ല ലേഖനം. പ്രാപ്രയുടെ കൈവശം കുറേ പടങ്ങളുണ്ടായിരുന്നു. ഒരെണ്ണം ഇവിടെ കാണാം.

Pramod.KM said...

കുമാറേട്ടന്റെ ലേഖനം കേമമായി.
മതിലുകളും,ബാത് റൂമുകളും,തീവണ്ടികളും പോട്ടെ.
എസ്.എന്‍.കോളെജില്‍ പഠിക്കുന്ന സമയത്ത് ഒരു എ.ബി.വി.പി കാരന്റെ പുറത്ത് ഭരണിപ്പാട്ടിലെ ഒരു വാചകം,ബ്ലേഡ് കൊണ്ട് ചാപ്പ കുത്തിയ, ചില എസ്.എഫ്.ഐ.യെ പറയിപ്പിക്കാന്‍ നടക്കുന്ന വിരുതന്മാരുടെ ഗ്രാഫിറ്റി കണ്ട് കുന്തം വിഴുങ്ങിയിട്ടുണ്ട്,.!!!

മൂര്‍ത്തി said...

ദേവന്‍ തമിഴനെക്കുറിച്ച് പറഞ്ഞതില്‍ ഒരു ചെറിയ എതിരഭിപ്രായമുണ്ട്. ഒരു വലിയ വ്യവസ്ഥക്കെതിരെ പോരാടുന്നവന് രഹസ്യപ്രവര്‍ത്തനം നടത്തേണ്ടി വന്നേക്കാം.. അത് ഭീരുത്വമല്ല. അടിയന്തിരാവസ്ഥക്കാലം ഓര്‍ക്കുക. അന്ന് ഒന്നും മിണ്ടാതെ വീട്ടില്‍ ഇരുന്നവനേക്കാള്‍ ധീരന്‍ രഹസ്യമായി രാത്രിയില്‍ ചുവരെഴുതിയിരുന്നവന്‍ തന്നെ അല്ലേ? ചുവരെഴുത്തുകാരനെക്കുറിച്ച് സച്ചിദാനന്ദന്റെ(ഒറിജിനല്‍ നെരൂദയുടേതാണൊ എന്നറിയില്ല) ഒരു കവിതയും ഉണ്ട്. അവന്റെ അക്ഷരങ്ങള്‍ക്ക് ഭംഗിയില്ലെന്ന് പറഞ്ഞ് അവനെ കളിയാക്കരുത്. അവന്റെ പിന്നില്‍ പോലീസുണ്ടായിരുന്നു. അക്ഷരത്തെറ്റുണ്ടെന്ന് പറഞ്ഞ് അവനെ കളിയാക്കരുത്. കാരണം അവന്‍ പഠിച്ചിട്ടില്ല.(ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാണ്). അത്തരം പ്രവര്‍ത്തനങ്ങളും അനോണീക്കമന്റും താരതമ്യം ചെയ്യുന്നത് ശരിയല്ല. എതിരാളി അതിശക്തനായ ഭരണകൂടമാവുമ്പോള്‍, ദുര്‍ബലന്റെ ആശയപ്രചരണത്തിന് രഹസ്യമാര്‍ഗങ്ങള്‍ അവശ്യം തന്നെയല്ലേ. നേരിട്ട് എതിര്‍ക്കുന്നത് ആത്മഹത്യാപരം മാത്രമല്ല തന്റെ പ്രസ്ഥാനത്തെത്തന്നെ ഒറ്റുകൊടുക്കുന്നതിന് തുല്യം പോലുമാവും.

അപ്പു ആദ്യാക്ഷരി said...

"പക്ഷെ അടഞ്ഞുകിടക്കുന്ന വാതിലും എഴുതാനുള്ള ചുവരും നുരപതയുന്ന അരാജകത്വവും ആണ് ഇതിന്റെ പിന്നിലെന്നു നമുക്ക് മനസിലാക്കാന്‍ ഒരു ശാസ്ത്രത്തിന്റെ ആവശ്യം വരുന്നില്ല...."

കുമാറേട്ടാ...നല്ല ലേഖനം.

Kumar Neelakandan © (Kumar NM) said...

സന്തോഷ് വച്ച ലിങ്കില്‍ കാണുന്നതാണ് ശരിക്കും ഉള്ള മോഡേണ്‍ ഗ്രാഫിറ്റി. നമ്മുടെ നാട്ടില്‍ വര്‍ക്ക്ഷോപ്പുകളുടേയും മറ്റും ചുവരുകളില്‍ അവിടുത്തെ സ്റ്റാഫ് സ്പ്രേഗണ്‍ കൊണ്ട് വിളയാടാറുണ്ട് അതു “നാടന്‍ ഗ്രാഫിറ്റി” (എന്തേ എനിക്കങ്ങനെ വിളീക്കാന്‍ പാടില്ലേ?

എല്‍ജി പറഞ്ഞതുപോലെ, വാന്റലിസം ഗ്രാഫിറ്റി പോലെയാണെങ്കിലും ഒരു നേരിയ മതില്‍ അതിന്റെ ഇടയില്‍ ഉണ്ട്. അതാണ് ഇതു രണ്ടിന്റേയുംനിലവാരം രണ്ടാക്കുന്നതും.

ദേവന്‍ പറഞ്ഞത് ശരിയാണ്. ഗ്രാഫിറ്റി ഒരു ഒളിച്ചെഴുത്ത് ആണ്. പക്ഷെ ഒരു സമൂഹത്തിന്റെ മുന്നില്‍ മറ്റു മാധ്യമങ്ങള്‍ വഴിയടയുമ്പോളാണ് അവര്‍ അതിലേക്ക് നീങ്ങുന്നത്. ഊമക്കത്തായിതന്നെ പത്രത്തിന്റെ ഫ്രണ്ട് പേജില്‍ അവര്‍ പ്രിന്റ് ചെയ്യുമായിരുന്നെങ്കില്‍ അവന്‍ രാത്രി ഇല്‍ ചുവരില്‍ എഴുതിവയ്ക്കില്ല. ഗ്രാഫിറ്റി ഒരു ഭീരുത്വവും ആണെന്നു പറയേണ്ടിവരുന്നുല്ലേ?

ഗ്രാഫിറ്റിയെകുറിച്ച് എഴുതികൊണ്ടിരിക്കുമ്പോള്‍ ഇതിനു വേണ്ട ചില ലിങ്കുകള്‍ തപ്പിയെടുത്ത് അയച്ചു തന്നത് അചിന്ത്യ ടീച്ചര്‍ ആണ്. ആ ടീച്ചര്‍ക്ക് ഇവിടെ എങ്കിലും ഒരു നന്ദി പറഞ്ഞില്ലെങ്കില്‍ മോശമാണ്.

പരാജിതന്‍ said...

കുമാര്‍, നല്ല ലേഖനം.

ഡാലി, പെണ്‍‌കുട്ടികളുടെ മൂത്രപ്പുര ക്ഷേത്രം പോലെ എന്ന് വിത്സന്‍.

മൂര്‍‌ത്തി, ‘ചുവരെഴുത്ത്’ നെരൂദയുടെ വിവര്‍‌ത്തനമല്ല, സച്ചിദാനന്റേത് തന്നെ. ‘പീഡനകാലം’ എന്ന പേരില്‍ അഞ്ചു കവിതകള്‍ ചേര്‍‌ത്തു പ്രസിദ്ധീകരിച്ചതിലാണ് അതുള്ളത്.

‘ചുവരെഴുത്തി’ന്റെ പൂര്‍‌ണ്ണരൂപം:
“തെളിഞ്ഞ ചുവരില്‍ മുഷിഞ്ഞ സിരകള്‍ പോലെ
വളഞ്ഞു കിടക്കുന്ന ഈ വിപ്ലവാഹ്വാനത്തിന്
സൌന്ദര്യം പോരെന്ന് ആരും പരിഹസിക്കരുതേ.
അത് കുറിച്ചിട്ടവന് അക്ഷരങ്ങള്‍ ശരിക്കറിയില്ലായിരുന്നു
ചെങ്കല്ലും കരിക്കട്ടയുമല്ലാതൊന്നും
അവന് എഴുതാനില്ലായിരുന്നു
അവന്റെ കുഞ്ഞ് കോളറ വന്നു
മരിച്ചു കൊണ്ടിരിക്കുകയായിരുന്നു
ആ ചുവരിന്റെ ഉടമസ്ഥന്‍ ഒരു ശത്രുവായിരുന്നു
അവന്നു തൊട്ടുപിറകേ കാറ്റും മഴയും
ഇരുട്ടും വരുന്നുണ്ടായിരുന്നു
ഒരു ഒറ്റുകാരനും വരുന്നുണ്ടായിരുന്നു.“

Mubarak Merchant said...

ബാത്രൂം സാഹിത്യം എഴുതി ടോയ്‌ലറ്റുകള്‍ വൃത്തികേടാക്കുന്നവരെ പിടികൂടുക എളുപ്പമല്ല. ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം പേന, പെന്‍സിലുകള്‍ തെളിയാത്ത ചുവരുകള്‍ സ്ഥാപിക്കുകയേ നിവൃത്തിയുള്ളൂ.

സുല്‍ |Sul said...

കുമാര്‍ ജി
നല്ല ലേഖനം.
-സുല്‍

ചില നേരത്ത്.. said...

ലേഖനവും കമന്റുകളും അതിഗംഭീരം. ഗ്രാഫിറ്റി എഴുതുന്നവന് ചികിത്സ വേണമെന്ന് പറയുമ്പോ, അതെഴുതുന്നവര്‍(വരക്കുന്നവര്‍), അത് ആസ്വദിക്കുന്നവര്‍ക്കും ചികിത്സ വേണമെന്ന് പറയുമോ ആവോ?.പുരാതന ചുമരെഴുത്തിന്റെ മന:ശാസ്ത്രം ചരിത്രത്തിന്റെ വീണ്ടെടുപ്പിന് സഹായിച്ചു. അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രകടനം എന്ന നിലയ്ക്ക് ഇക്കാലത്തെ ചുവരെഴുത്തുകള്‍ പില്‍ക്കാലത്ത് വായിയ്ക്കപ്പെട്ടേയ്ക്കാം.
കക്കൂസ് ചുവരെഴുത്തുകള്‍ കണ്ട് ശീലിച്ചിരുന്നെനിയ്ക്ക്, ചെന്നൈയിലെ നേപ്പാളികളാരോ എഴുതിയ മാവോയിസ്റ്റ് ചുവരെഴുത്താണ് ഗ്രാഫിറ്റിയിലെ കല ബോധ്യമാക്കി തന്നത്. ശ്ലീലം നിലനില്‍ക്കുന്നത് അശ്ലീലം ഉള്ളതിനാലല്ലെ?

Anonymous said...

എന്തൊരു നിറമാ ഈ ചിത്രത്തിന്.കടല്‍ കണ്ടിട്ട് മുങ്ങിച്ചാവാന്‍ തോന്നുന്നു :)

ചേച്ചീം അപ്പൂസും മത്സരിച്ച് എഴുതാ?

Kalesh Kumar said...

ഗംഭീരന്‍ പോസ്റ്റ്!

ശെഫി said...

ഇത്തരമൊരു ചുവരെഴുത്ത്‌ അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫര്‍ റങ്കൂണിലെ തടവറ ചുമരുകളില്‍ കോറിയിട്ടിരുന്നതായി എവിടെയോ വായിച്ചതോര്‍ക്കുന്നു. പക്ഷേ വരികള്‍ ഓര്‍ക്കുന്നില്ല.




നല്ല പോസ്റ്റ്‌

ശാലിനി said...

നല്ല പോസ്റ്റും, നല്ല കമന്റുകളും. ഇന്നത്തെ പല പോസ്റ്റുകളും അറിവും കൂടി പങ്കുവയ്ക്കുന്നുണ്ടല്ലോ.

മൂര്‍ത്തി said...

ഓഫ് ടോപിക്
നന്ദി പാരിജാതം
qw_er_ty

Siju | സിജു said...

നല്ല കെമണ്ടന്‍ പോസ്റ്റ്.
പക്ഷേ, ഇതിനു തലക്കെട്ട് വേണ്ടിയിരുന്നത് “തോന്ന്യവാസത്തിന്റെ ചുവര്‍ചിത്രങ്ങള്‍” എന്നായിരുന്നു.
ഗ്രാഫിറ്റി എന്ന കലയെ ടോയിലറ്റിലെ പോണ്‍ സാഹിത്യത്തേയും ടൂറിസ്റ്റ് സ്ഥലങ്ങളിലും മറ്റും സ്വന്തം പേരും പ്രേമവും എഴുതിയിടലുമായി ബന്ധിപ്പിക്കേണ്ടിയിരുന്നില്ല. ഗ്രാഫിറ്റിയെ പൂര്‍ണ്ണമായും ന്യായീകരിക്കാന്‍ പറ്റില്ലെങ്കിലും മറ്റത് തനി തന്തയില്ലായ്മയാണ്.
കൊടുമുടി തുഞ്ചത്ത് പോകുന്നത്‍ അതു അവിടെ ഒറ്റയ്ക്ക് ചെന്നെത്തുമ്പോള്‍ കിട്ടുന്ന സന്തോഷത്തിനും കൂടിയാണ്. പ്രകൃതിയൊഴികെ വേറെയാര് കോറിയിട്ടതവിടെ കണ്ടാലും അത് ശര്‍ദ്ദിലില്‍ ചവിട്ടിയതു പോലിരിക്കും

വക്കാരീ, ഇതാണോ പറഞ്ഞത്..

അഭയാര്‍ത്ഥി said...

തോന്നിയ അക്ഷരങ്ങള്‍ പാറക്കെട്ടുകളില്‍ , വനാന്തര്‍ഭാഗത്തെ മരങ്ങളില്‍ ആളുകേറാമലയിലെ ആള്‍മറയില്‍, വിജനമായ ഇടിഞ്ഞുപോളിഞ്ഞ കെട്ടിടങ്ങളില്‍ എഴുതി വക്കു.
ഒരു തെറ്റും ഇല്ല.

പിന്നീടെപ്പോഴെങ്കിലും അവിടെ പോകുമ്പോള്‍ അത്‌ നമുക്ക്‌ തരുന്ന സന്തോഷം ഒരു
പാടുണ്ട്‌.

എന്നാല്‍ താജ്‌ മഹളിലൊ മൈസൂര്‍ പാലസിലൊ ചരിത്രാവശിഷ്ടങ്ങളിലൊ ഇത്‌ ചെയ്യുന്നത്‌ ശുദ്ധ വിവരക്കേടും തോന്ന്യാസവും ആണ്‌.

അതുപോലെ ... മാഷ്‌ ... ടിച്ചറെ ... ... എന്ന സ്കൂള്‍ മൂത്രപ്പുര
എഴുത്തും കൊള്ളില്ല.

കാലമെന്ന ജാലക്കാരന്‍ കാട്ടിടുന്ന ചെപ്പടി വിദ്യയില്‍ ചുവരെഴുത്തുകള്‍
മായുകയും തെളിയുകയും ചെയ്യും.

ഗ്രാഫിറ്റി ഈജിപ്ത്തില്‍ നിന്ന്‌ തുടങ്ങിയതാണെന്ന്‌ തോന്നുന്നു.

നിന്റെ ശിരോലിഖിതമെഴുതിയ ഫലകം തിരയുക മര്‍ത്യ എന്നാണ്‌ ജീവിതം
എപ്പോഴും നമ്മളോട്‌ വിളിച്ചു പറയുന്നത്‌. സമയം അത്‌ മാച്ചെഴുതിക്കൊണ്ടേ
ഇരിക്കുന്നു.

Kumar Neelakandan © (Kumar NM) said...

ഇബ്രു ഞാന്‍ പറഞ്ഞത് ഗ്രാഫിറ്റി എന്ന കലാരൂപം ചമയ്ക്കുന്നവനു ചികിത്സവേണം എന്നല്ല.
ഗ്രാഫിറ്റി എന്ന മനശാസ്ത്രത്തിന്റെ മതില്‍ക്കകത്തുകയറി പൊതു സ്ഥലങ്ങളില്‍ അനാവശ്യം എഴുതുന്നതിനേകുറിച്ചാണ്. അതു ചികിത്സിക്കേണ്ടതു തന്നെ. അതു വായിച്ച് രസിക്കുന്നതും ഒരു മാനസികരോഗം തന്നെ. പണ്ടു ആഴ്ചതോറും വേണാടിലും വഞ്ചിനാടിലുമായി എറണാകുളം തിരുവന്തരം അടിച്ചപ്പോള്‍ അതില്‍ പരിചയമുള്ള ചില വിദ്വാന്മാരെ അറിയാം. എല്ലാ ടോയ്ലറ്റിലും കയറി ഇറങ്ങി വായിച്ചിട്ട് ഏതിലാണ് നല്ല സൃഷ്ടി എന്നു ഊറ്റം കൊണ്ടൂ പറയും അവര്‍.
ആ മുഖഭാവം ആ രസഭാവും ചികിത്സിക്കേണ്ടതു തന്നെ.

ദേവന്‍ said...

എല്ലാവരുടേയും വീക്ഷണങ്ങളോട്‌ എനിക്കെന്തോ പൂര്‍ണ്ണമായി യോജിക്കാനാവുന്നില്ല. ഒരുപോലെ ചിന്തിക്കുന്ന രണ്ട്‌ പേരുണ്ടാവില്ലല്ലോ... പ്രഗത്ഭരാരും എഴുതി കണ്ടിട്ടില്ലെങ്കിലും യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികളും മരും ഗ്രാഫിറ്റിയുടെ മനശ്ശാസ്ത്രത്തെക്കുറിച്ച്‌ പ്രബന്ധമെഴുതിയും കണ്ടിട്ടുണ്ട്‌.

പലരും ഇവിടെപ്പറഞ്ഞതിലെ പല കാര്യങ്ങളോടും ഞാന്‍ വിയോജിക്കാന്‍ കാരണമെന്തെന്ന് ചോദിച്ചാല്‍
1. മറ്റു പലതും ഗ്രാഫിറ്റിയായി തെറ്റിദ്ധരിക്കപ്പെടുന്നില്ലേ?
ആദിമനുഷ്യന്‍ ഗുഹയിലെഴുതിയത്‌ ഗ്രാഫിറ്റിയാണോ? അവന്‍ ഒരു കോഴിയെ വരച്ചു വച്ചത്‌ അവന്റെ ഗുഹയിലെ ഒരാര്‍ട്ടായിരുന്നു. അന്ന് പിക്കാസോ ഉണ്ടായിരുന്നെങ്കില്‍ അവന്‍ തീര്‍ച്ചയായും കരിക്കട്ട എടുക്കില്ലായിരുന്നു. അവന്‍ ചിത്രങ്ങള്‍ കൊണ്ട്‌ ഒരു കഥ പറയാന്‍ ശ്രമിച്ചത്‌ അന്ന് പെന്‍ഗ്വിന്‍ പബ്ലിഷേര്‍സ്‌ ഇല്ലാതെയിരുന്നതുകൊണാണ്ട്‌, ഇല്ലെങ്കില്‍ അത്‌ പേപ്പര്‍ബാക്കേ ആകുമായിരുന്നുള്ളൂ. അത്‌ തീര്‍ച്ചയായും കണ്ടവന്റെ മതിലിലല്ല, സ്വന്തം മതിലില്‍ (അല്ലെങ്കില്‍ പൊതു സഭയില്‍ ) ആയിരുന്നു എന്നതിനാല്‍ ഇന്റീരിയര്‍ ഡെക്കറേഷനും സാഹിത്യവുമായിരുന്നു.

2. ഭഗത്‌ സിംഗു മുതല്‍ ഏ. സ്റ്റീഫന്‍ വരെ ഗ്രാഫിറ്റി എഴുതിയിട്ടില്ലേ?
ഭഗത്‌ സിംഗ്‌ പോലീസ്‌ സ്റ്റേഷന്റെ ചുവരിലൊട്ടിച്ചതും നക്സലുകള്‍ വസന്തത്തിന്റെ ഇടിമുഴങ്ങി എന്നെഴുതിയതും കോടതിയിലെ ആമീന്‍ വന്ന് "ഇന്നേക്ക്‌ മൂന്നാം ദിവസം ജപ്തി" എന്ന് കതകില്‍
പതിക്കുന്നതും വൈശാലി രാമചന്ദ്രന്‍ "ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം" എന്ന് വഴിയരുകില്‍ ബോര്‍ഡു വയ്ക്കുന്നതും മതിലില്‍ "ഉമ്മന്‍ ചാണ്ടിക്ക്‌ വോട്ട്‌ ചെയ്യുക" എന്നെഴുതുന്നതും പരസ്യപ്പെടുത്തല്‍ അല്ലെങ്കില്‍ വിളംബരം അല്ലേ? ഗ്രാഫിറ്റി അതാണോ?

3. തടവുപുള്ളികള്‍ ചുവരിലെഴുതിയിട്ടില്ലേ?
അത്‌ അവരെ ആദിമനുഷ്യനെപ്പോലെ എഴുത്തായുധങ്ങള്‍ ഇല്ലാതെയാക്കിയിട്ടല്ലേ? അപ്പോള്‍ വീണ്ടും അത്‌ ഗുഹയിലെഴുത്തായി, ഒരു ഡയറിയും പേനയും കൊടുക്കുകയോ ഒരു ടെലിഫോണ്‍ സ്ഥാപിക്കുകയോ ചെയ്താല്‍ പിന്നെയും അതുണ്ടാവുമോ?

4. മിടുക്കന്മാരായ പ്രഗത്ഭരായ ഗ്രാഫിറ്റി എഴുത്തുകാരില്ലേ?
ജാക്ക്‌ ദി റിപ്പര്‍ മിടുക്കനായിരുന്നില്ലേ? ചാള്‍സ്‌ ശോഭരാജ്‌? സുന്ദരമായി പറയാവുന്ന കാര്യങ്ങള്‍ എന്തിനു നശിപ്പിക്കുന്നു. പിന്നെ, അവര്‍ എത്ര ശതമാനമുണ്ടെന്ന് എനിക്കറിയില്ല- ഇതുവരെ ഞാന്‍ കണ്ട (പരസ്യം എന്ന വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത, അതായത്‌ ശരിയായ) ചുവരെഴുത്തെല്ലാം മൂന്നു കാറ്റഗറിയില്‍ പെടുത്താം
1. ഈ പടത്തില്‍ കാണുമ്പോലെ മോഹിച്ചവളോട്‌ "പെണ്ണേ എനിക്കു നിന്നെ ഇഷ്ടമാണ്‌" എന്നു പറയാന്‍ കഴിയാതെ, "ദാ ഇതു പിടിച്ചോ" എന്ന് ഒരു കത്തെടുത്ത്‌ അവള്‍ക്കു കൊടുക്കാന്‍ ചങ്കൂറ്റമില്ലാതെ പാറയിലും മരത്തിലും അതു കൊത്തുന്ന ഭീരു

2. "ഇതു വായിക്കുന്നവന്‍...." എന്ന രീതിയില്‍ ഒളിഞ്ഞിരുന്ന് നമ്മളെ ആക്ഷേപിക്കുന്ന നിസ്സാരനായവന്‍


3. വഴിയേ നടന്നു പോകുന്ന പെണ്ണുങ്ങളെ മുണ്ടു പൊക്കി കാണിക്കുമ്പോലെ പൊതു കക്കൂസിലും മറ്റിടങ്ങളിലും തെറിപ്പടങ്ങളും തെറിപ്പദങ്ങളും ഉണ്ടാക്കി വയ്ക്കുന്ന മനോരോഗി. അവന്റെ ബെഡ്‌ റൂമിലും അടുക്കളയിലും അവനത്‌ എഴുതുമോ? ഇല്ല, കാരണം അവന്‍ അവന്റെ ഭാര്യയേയും അമ്മയേയും പെങ്ങളേയും അനുജനേയും ബഹുമാനിക്കുന്നു. അപ്പോള്‍ ഈ പരിപാടി അവന്‍ നമ്മളെ കൊച്ചാക്കി കാണുന്നതുകൊണ്ടാണ്‌.

4. ദേഷ്യമുള്ളവരുടെ പേരില്‍ അസഭ്യവും കൊള്ളാവുന്ന പെണ്ണുങ്ങളുടെ പേരും മൊബൈല്‍ നമ്പറും കൊടുത്തിട്ട്‌ വേശ്യയാണെന്നു എഴുതി വയ്ക്കുന്ന സാമൂഹ്യവിരുദ്ധന്‍

5. കൊള്ളാവുന്ന മതിലോ കെട്ടിടമോ കണ്ടാല്‍ അതില്‍ സ്പ്രേ പെയിന്റ്‌ കൊണ്ട്‌ കുത്തിവരച്ചും സ്ലോഗന്‍ എഴുതിയും വൃത്തികേടാക്കുന്ന വിനാശകാരി

ഇതൊക്കെയാണു ഞാന്‍ കണ്ടിട്ടുള്ളത്‌.

ബിറ്റു നോട്ടീസില്‍ "അക്ഷരശൂന്യന്‍ ദൈവമിരുട്ടത്തച്ചു നിരത്തും ലോകം" എന്നു തുടങ്ങുന്ന കവിത പ്രിന്റ്‌ ചെയ്ത്‌ മീന്‍ ചന്തയില്‍ നിന്ന് അഞ്ചു പൈസക്കു വിറ്റ തിരുനെല്ലൂര്‍ ബാലന്‍ സാറ്‌ ഇവരിലുണ്ടോ?

സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്ര്യം തന്നെയമൃതം പാരതന്ത്ര്യം മാനികള്‍ക്ക്‌ എന്നെഴുതാന്‍ ഒരു ചുവരു വേണോ?

നാലായിരം കൊല്ലം നാവില്‍ നിന്നും ചെവിയിലേക്ക്‌ തലമുറകള്‍ കൈമാറിയ "അയമാത്മബ്രഹ്മം" ഏതു ഹരിദ്വാറിലെയും ഗംഗോത്രിയിലെയും പാറയെ വൃത്തികേടാക്കുന്നു?

ശീലവും അശ്ലീലവും
സ്ഥാനമനുസരിച്ചാണെന്ന്. വയല്‍ക്കരയില്‍ കള്ളു കുടിച്ചിരിക്കുമ്പോള്‍ ഒരു രസത്തിനു തെറിപ്പാട്ട്‌ പാടാം ആസ്വദിക്കാം, കുട്ടിറ്റ്യെ സ്കൂള്‍ ബസ്സ്‌ കയറ്റിവിടാന്‍ ജംഗ്ഷനില്‍ നില്‍ക്കുമ്പോള്‍ അത്‌ അശ്ലീലമാണ്‌. പുരുഷന്മാരുടെ സൌന്ദര്യമത്സരത്തില്‍ കൈലേസിന്റെ വലിപ്പമില്ലാത്ത കൌപീനമുടുത്തു വരുന്നവന്‍ അശ്ലീലം കാണിക്കുന്നില്ല, കാരണം കാണികള്‍ എല്ലാം അതാണവിടെ നടക്കുന്നതെന്ന് അറിഞ്ഞ്‌, അത്‌ കാണാന്‍ വന്നതുമാണ്‌, എന്നാല്‍ പെണ്‍പിള്ളേരു ഹോസ്റ്റലിന്റെ മുന്നില്‍ ചെന്ന് മുണ്ടുപൊക്കി കാണിക്കുന്നവന്‍ അശ്ലീലമാണു കാട്ടുന്നത്‌.


അവസാനമായി, വാന്‍ഡലും ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റും വേറേയാണെന്ന വാദം: നല്ല ഗ്രാഫിറ്റി എഴുതുന്ന ആരെങ്കിലും എവിടെയെങ്കിലും കാണുമായിരിക്കും അതിനെ വലിപ്പപ്പെടുത്താനാണ്‌ വാന്‍ഡല്‍ വേറേയാണെന്ന് പറയുന്നത്‌. പ്രോ-പീഡോഫൈല്‍ സൈറ്റുകള്‍ വായിച്ചിട്ടുണ്ടോ? അവര്‍ പറയുന്നത്‌ പീഡോഫൈലും പീഡെറാസ്റ്റും വേറേയാണെന്നും അന്തസ്സുള്ള പീഡോഫൈല്‍ കുട്ടികളെ ഉപദ്രവിക്കില്ല, പീഡറാസ്റ്റേ അതു ചെയ്യൂ എന്നുമാണ്‌

ഒരോഫ്‌: (കുമാറിനോട്‌ മാപ്പ്‌ ചോദിക്കുന്നത്‌ വീട്ടിലിരുന്നുണ്ടിട്ട്‌ താങ്ക്സ്‌ പറയുന്നതുപോലെയല്ലേ)

മൂര്‍ത്തി,
സച്ചിദാനന്ദനെക്കാള്‍ എനിക്കിഷ്ടമായത്‌
"അടിച്ചല്ലേ പിടിച്ചല്ലേ അടിക്കുത്തില്‍ തൊഴിക്കല്ലേ കടുക്ക ഞാന്‍ കുടിച്ചേക്കാം അമ്മച്ചീ
പച്ചക്കടുക്ക വെള്ളക്കടുക്ക ചെമ്പന്‍ കടുക്ക

എന്നു തുടങ്ങി
"തടിച്ചി നീ കിടക്കുമ്പോള്‍
നിന്റെ കടുക്കനും കിലുക്കനും അഴിക്കും ഞാന്‍."

എന്നു തീരുന്ന അയ്യപ്പപ്പണിക്കരുടെ കവിതയാണ്‌.

ഇന്ത്യയുടെ മക്കളെ ഷണ്ഡരാക്കാന്‍ ശ്രമിച്ചാല്‍ കസേരയില്‍ നിന്നിറക്കിവിടുമെന്ന ഡോ. പണിക്കരുടെ കവിത എത്ര സ്ട്രെയിറ്റ്‌ ഫോര്‍വേര്‍ഡ്‌, എത്ര സിമ്പിള്‍, എത്ര ബോള്‍ഡ്‌. (എസ്തെറ്റിക്‌ സെന്‍സില്‍ ഒരു ശകലം അംഗവൈകല്യമുള്ള ആളാണു ഞാന്‍ അതുകൊണ്ട്‌ കവിതയും ഞാനും മുന്നാളുകാരാണേ. കവിത മാത്രമല്ല സുകുമാരകലകളെല്ലാം എനിക്കു വിധിച്ചിട്ടുള്ളതല്ല)

Kumar Neelakandan © (Kumar NM) said...

ദേവാ പോയിന്റഞ്ചും കറക്ട്.
ഇപ്പോള്‍ വന്ന ഈ കമന്റ് “കമന്ററ“യിലേക്കുള്ളതാണ്‍്

ഗ്രാഫിറ്റി എന്ന കലാരൂപം മിസ് യുസ് ചെയ്യപ്പെടുന്നു.
വക്കാരി സ്വന്തം കമന്റില്‍ വച്ച പ്രാപ്രായുടെ ചിത്രം
ആണ് ശരിക്കും മോഡേണ്‍ ഗ്രാഫിറ്റി.
തീവണ്ടിക്കുളിമുറിയിലെ കുലുക്കമുള്ള എഴുത്ത് തോന്ന്യാസമാണ്.
ആരും കാണാത്ത സ്ഥലത്തെ പാറപ്പുറത്തെ പ്രണയലിഖിതം പ്രകടിപ്പിക്കലിന്റെ ലേബലൊട്ടിച്ച ഭീരുത്വവും.

കിരണ്‍ ടീ വി, ഏഷ്യാനെറ്റ് പ്ലസ് പോലെയുള്ള ചാനലുകളില്‍ സ്ക്രോള്‍ ബാറില്‍ പാട്ടിന്റെ ഇടയില്‍ വരുന്ന “ഇക്കുടൂ ലവ്യൂ - ഇക്കൂട്ടന്‍” എന്ന എസ് എം എസ് ഉം പ്രണയത്തിന്റെ രണ്ടാള്‍ക്കും മാത്രമറിയുന്ന ഭീരുത്വം ആണോ? അതോ പ്രണയത്തിന്റെ പുതിയ രൂപാമോ?

ഓഫ്: ദേവാ വീട് സ്വന്തം തന്നെ. ധൈര്യമായി പറഞ്ഞോളൂ

Radheyan said...

കുമാറേട്ടന്‍ പറഞ്ഞ റ്റി.വിയിലെ അണ്ടസ്ക്രോള്‍ കമന്റുകള്‍ അല്ലെങ്കില്‍ പ്രസ്താവനകള്‍ ഉത്തരാധുനിക കാലത്തെ അസഹ്യമായ ഒരു സംഗതിയാണ്.ഒരുതരം മനോരോഗം പോലെ.ഇക്കാലഘട്ടത്തിലെ കാമുകര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഇതിന്റെ സുഖം ഒന്നു വിശദമാക്കിയാല്‍ കോള്ളാം.
രഹസ്യമായി എഴുതുന്ന മുദ്രാവാക്യങ്ങളെയും അമ്പലക്കുളത്തിന്റെ മതിലിലെ പച്ചില സാഹിത്യത്തെയും താരതമ്യപ്പെടുത്തേണ്ടതില്ല.ആദ്യത്തേതിനെ ഒരു ആശയം പിന്തുണക്കുന്നു എങ്കില്‍ മറ്റേത് ഒരു മനോവൈകൃതം മാത്രമാണ്.എഴുതുന്നവന്‍ മാത്രമേ അതിന്റെ സുഖം അനുഭവിക്കുന്നുണ്ടാവൂ,എന്നാല്‍ ഒരു മുദ്രാവാക്യത്തിന്,ഒരു ആഹ്വാനത്തിന് ഒരു സമാനമന്‍സ്കനെ എങ്കിലും കണ്ടെത്താന്‍ സാധിക്കും.എഴുതയതിനെ അനുകൂലിക്കുന്ന ഒരാളോടെങ്കിലും അത് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നു.

Anonymous said...

ഒന്നുമില്ലായ്മയില്‍ നിന്നും വിഷയങ്ങള്‍ ഉണ്ടാക്കല്‍.
പൊടിപിടിച്ചാലും പത്തുമുപ്പതു കമന്റടിച്ചുയര്‍ത്തല്‍. ഇതിനൊന്നും അധികം നിലനില്‍പ്പില്ല. കുറെ പരിചയങ്ങള്‍ മതി. ആ പരിചയങ്ങള്‍ ഒന്നും മറന്നു പോകരുത്.
ബ്ലോഗില്‍ വന്നതും, പഴയതൊന്നും. കുമാറേട്ടനും കുമാര്‍ജിയുമൊക്കെ പിന്നെ ആയിവന്നതാണ്. അതു മറക്കണ്ട. ഗ്രാഫിറ്റി നന്നായി. പക്ഷെ ഗ്രാവിറ്റി ഇല്ലാണ്ടാകരുത്. താഴേത്തട്ട് മറക്കരുത്.

Anonymous said...

ഏതോ വര്‍മ്മക്ക് എന്താ ഒരു
“മറക്കല്ലേ” സ്റ്റൈല്‍ ?

Anonymous said...

ഏതോ വര്‍മ്മേ,

പണ്ടുണ്ടതും പാളേല്‍ കുളിച്ചതും ഒക്കെ ഇവിടെ പറഞ്ഞിട്ട്? എഴുതാന്‍ അറിയുന്നവര്‍ ചുമ്മാ എഴുതട്ട്
വിഷയം ആര്‍ക്ക് ചേതം ?

സാജന്‍| SAJAN said...

കുമാറേട്ടാ വേഗത്തില്‍ പോസ്റ്റ് വായിച്ചു തീര്‍ത്തു.. സമയത്തിന്റെ അഭാവത്തില്‍ കമന്റ് വായിക്കാന്‍ നില്‍ക്കുന്നില്ല...

നല്ല സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനം!

പക്ഷേഇതൊരു ആഗോള പ്രതിഭാസമാണെന്നാണ്.. എനിക്കു തോന്നുന്നത്..
യൂറോപ്പിലും.. ഓസ്ട്രേളിയലും ഒക്കെ ഞാന്‍ കണ്ടിട്ടുണ്ട്.. ഇതിന്റെ മറ്റൊരു വേര്‍ഷന്‍.. നല്ല സ്റ്റൈലായി സമയമെട്റ്റുത്ത് സ്പ്രേ പെയിന്റ് ഉപയോഗിച്ച്.. എഴുതിയിരുക്കുന്നത്..
പ്ക്ഷേ ഒരു ട്രെയിന്റെ ടോയിലറ്റിലോ.. മറ്റെവിടെയെങ്കിലുമോ.. അശ്ലീലം എഴുതിയത് ഞാന്‍ നമ്മുടെ നാട്ടിലാല്ലാതെ.. വേറെങ്ങും കണ്ടിട്ടില്ല എന്നതു കൂടെ ഒന്ന് ഓര്‍മിപ്പിക്കട്ടേ!!!

Kumar Neelakandan © (Kumar NM) said...

പ്രിയമുള്ള വര്‍മ്മമാരേ,
ഒന്നും മറക്കില്ല. മറക്കാന്‍ പാടില്ലാലോ.
അത് ഇനി ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കണ്ട.
ഒരു രസവുമില്ല കേള്‍ക്കാന്‍.

ഈ വര്‍മ്മമാരുടെ വരവിന്റെ നേരവും കാലവും വഴിയും ഒക്കെ വച്ചു ഗുണിച്ചുനോക്കുമ്പോള്‍ ആകെ ഒരു രസം. ഒരു ഒത്തൊരുമ. അതും നല്ല കാര്യം തന്നെ.

പക്ഷെ നിങ്ങടെ ഒന്നും മിടുക്കത്തരത്തിന്റെ ഗ്രാഫിറ്റി എന്റെ കമന്റുചുവരില്‍ കൊണ്ടുവന്നു വരച്ചു വയ്ക്കണ്ട.

Sha : said...

നല്ല പോസ്റ്റ്‌

Anonymous said...

വളരെ നല്ല ലേഖനം. പുതിയ ഒരു അറിവാണിത്.

Anonymous said...

hJdRnU Your blog is great. Articles is interesting!

Anonymous said...

P0cCxm Nice Article.

Anonymous said...

SlP5nh Please write anything else!

Anonymous said...

bJtnSl Good job!

Anonymous said...

Wonderful blog.

Anonymous said...

Thanks to author.

Anonymous said...

Hello all!

Anonymous said...

Magnific!

Anonymous said...

Please write anything else!

Anonymous said...

actually, that's brilliant. Thank you. I'm going to pass that on to a couple of people.

Anonymous said...

z4jsyR Magnific!