പടിഞ്ഞാറു നിന്നും വന്ന വെയില് പിന്നിലൂടെ അവന്റെ കവിളിന്റെ വന്നു തട്ടി. അപ്പോഴാണ് ദിയ ശ്രദ്ധിച്ചത് അവന്റെ കവിളുകള്‍ വീര്‍ത്തതാണെന്ന്. പുതിയ ഒരു കാര്യം കണ്ടുപിടിച്ച സന്തോഷത്തില്‍ അവള് വിളിച്ചു, "ഓയ് ചബ്ബീ ചീക്സ്" അവള് പറഞ്ഞു, "ഗിരി, നിന്റെ കവിളുകള്‍ നന്നായിട്ട് വീര്‍ത്തിട്ടാ". അവന് അവന്റെ കവിളില്‍ കൈവച്ചു അമര്‍ത്തിനോക്കി. അങ്ങനെ അല്ല എന്ന് ഉറപ്പ് വരുത്തി. ആ ഉറപ്പ് ഒരു ചിരിയായി അവന്റെ മുഖത്ത് തെളിഞ്ഞു. അവനോര്‍ത്തു എത്രപെട്ടന്നാണ് ഇവള് അടുത്ത ഒരു സുഹൃത്തായി മാറിയത്. അവള് മനസില്‍ ഒരു സന്തോഷമായ് ചേക്കേറിയത്. കാറ്റില്‍ വഴിപിണഞ്ഞു വന്ന ഒരു ഇലപോലെ. "നീ ചിരിക്കുമ്പോഴാ അതു കൂടുതല്‍ വീര്‍ക്കുന്നത്" അതു പറഞ്ഞിട്ട് അവള് അവന്റെ കവിളില്‍ പിടിച്ചു വലിച്ചു. ഗിരീഷ് ഒരു നിമിഷം നിശബ്ദനായി. പരിസരബോധത്തിന്റെ പിന്‍വലിയില്‍ അവന് ചുറ്റും നോക്കി, ഒരു ഷിഫ്റ്റ് കഴിഞ്ഞ് അടുത്ത ഷിഫ്റ്റിനുള്ളവരെ കാത്തുകിടക്കുന്ന കസേരകളും കമ്പ്യൂട്ടറുകളും മാത്രം. അവന് അറിയാതെ മുഖം കുനിച്ച് ചിരിച്ചു പോയി. പിന്നെ അവള് സ്നേഹം കൂടുമ്പോള്‍ സന്തോഷം നിറയുമ്പോഴെല്ലാം അവന്റെ കവിളില്‍ പിടിച്ചുവലിക്കുമായിരുന്നു. അവനും അറിയാതെ അതു പലപ്പോഴും പ്രതീക്ഷിച്ചു തുടങ്ങി. സ്പര്‍ശനത്തിന്റെ കാന്തിക ശക്തി.
മറ്റൊരു സന്ധ്യയില്‍ കോഫീഷോപ്പിന്റെ തണുത്ത ക്യാബിനില്‍ വച്ച് അവള് ചോദിച്ചു, "ഞാന്‍ നിന്റെ കവിളില്‍ പിടിച്ച് വലിക്കുന്നത് ഗിരി നീ നിന്റെ ഗേള്‍ഫ്രണ്ടിനോട്, സോറി നിന്റെ വുഡ്ബിയോട് പറഞ്ഞിട്ടുണ്ടോ?" ഇല്ല എന്ന് അവന് തലയാട്ടി. എന്നിട്ട് കുറേ നേരം ചില്ലു വാതിലൂടെ പുറത്തേക്ക് നോക്കി. പൂവിട്ട് നില്ക്കുന്ന വാകമരത്തില്‍ നിന്നും ഇടയ്ക്കിടെ ചുവന്നപൂക്കള്‍ വീണുകൊണ്ടിരിക്കുന്നു. അവന് പറഞ്ഞു, "എന്തുമാത്രം പൂക്കളാ അല്ലേ ഒരുദിവസം വാക നിലത്തുവിരിക്കുന്നത്." അവള് ശ്രദ്ധിച്ചില്ല അവള് അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു, ഒരു ഉത്തരത്തിനായി അവന് പറഞ്ഞു, "ദിയാ, നീ എന്റെ കുഞ്ഞനിയത്തി എന്ന് എനിക്ക് മാത്രമല്ലെ അറിയൂ. പറയാന്‍ മടിച്ചിട്ടല്ല കഴിഞ്ഞില്ല. അതാണ് സത്യം." "ശരിയാ ഞാന്‍ നിന്റെ കുഞ്ഞനിയത്തി എന്ന് നിനക്ക് മാത്രമേ അറിയു. നിനക്കുമാത്രം!" ദിയ എഴുന്നേറ്റു. ചില്ലുവാതിലിനരികില്‍ പോയി നിന്നിട്ട് അവനെ വിളിച്ചു "വാകപ്പൂ വീഴുന്നത് കാണിച്ചുതരാം. ഇവിടെ വാ.." അവനും ചില്ലിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ കമ്പിയില്‍ പിടിച്ചുനിന്നു. വാകപ്പൂക്കള്‍ ഒന്നും വീണില്ല. അവള് ഒന്നു പിന്തിരിഞ്ഞു നോക്കി. എന്നിട്ട് ഗിരിയുടെ കവിളില്‍ ഒരു ഉമ്മ വച്ചു. ഗിരിഷ് അവളെനോക്കി. അവള് ഉറക്കെ തലകുലുക്കി ചിരിച്ചു. അവന് പുറത്തേക്ക് നോക്കി. ഒരു വാകപൂവുകൂടി വീണിരിക്കുന്നു. സ്നേഹത്തിന്റെ കാന്തം ഉരഞ്ഞുപോയ കവിളില്‍ അവന് കൈ ഉയര്‍ത്തി തൊട്ടു. അവന് ചിരിച്ചുപോയി. അവള് ചോദിച്ചു, "നീ നിന്റെ ഗേള്‍ഫ്രണ്ടിനെ ചുംബിച്ചിട്ടുണ്ടോ?" "ഇല്ല." "എന്തേ?" "കഴിഞ്ഞില്ല" ഗിരി പറഞ്ഞുനിര്‍ത്തി. പിന്നെ അവളോട് ചോദിച്ചു. "നീയോ? നിന്നെയോ?" അവള് ചിരിച്ചു. "ഞാനല്ല. എന്നെ. മുതിര്‍ന്നതിനു ശേഷം ഒരാള്‍. ഒരിക്കല്‍. എന്റെ ചെറിയച്ചന്." നീണ്ട ഒരു നിശബ്ദതയില്‍ അവളുടെ ചിരി നിന്നു. അസ്തമയസൂര്യന്റെ ചുവപ്പ് വാകയില്‍ തട്ടി. ഇളംകാറ്റില്‍ അതിന്റെ ഇലകള്‍ പോലും അനങ്ങിയില്ല. അവള് തിരികെ വന്ന് ടേബിളില്‍ ഇരുന്ന കോഫി എടുത്ത് അവന്റെ അരികിലേക്ക് വന്നു. എന്നിട്ട് ചോദിച്ചു, "നിനക്ക് ശരിക്കും വട്ടാകുന്നുണ്ട് അല്ലേ ഗിരീ?“ അവന് സൌമ്യമായി ചിരിച്ചു. അവളും ചിരിച്ചു. ചിരിയുടെ ഒടുവില്‍ അവള് കവിള് ചരിച്ച് വച്ച് ഒരുകാത്തിരിപ്പ് പ്രകടമാക്കി. അവന്റെ ചുണ്ടുകള്‍ അവളുടെ കവിളില്‍ തൊട്ടു. ആകര്‍ഷണത്തിന്റെ കാന്തം ഉരഞ്ഞു ഒരു ചെറിയ സ്നേഹകാറ്റ് പോലെ. പുറത്ത് വാകപ്പൂക്കള്‍ വീണു. സന്ധ്യയുടെ ഇളം മഞ്ഞയില്‍ വാകപ്പൂക്കള്‍ കൂടുതല്‍ ചുവന്നു. തിരികെ പോകുമ്പോള്‍ ബൈക്കില്‍ പിന്നിലിരുന്നു ദിയ പറഞ്ഞു, "ഞാനൊരു കാര്യം സജസ്റ്റ് ചെയ്യട്ടേ?" ബൈക്കിന്റെ വേഗത കുറഞ്ഞു. "നമുക്ക് ബൈക്ക് ഇവിടെ വച്ചിട്ട് നടന്നു പോയാലോ“? അവന് ഒന്നും മിണ്ടിയില്ല. ബൈക്ക് റോഡിന്റെ സൈഡിലേക്ക്.
ഫുഡ്പാത്തിലൂടെ നടക്കുമ്പോള്‍, അവള് അവളുടെ കൊച്ചു ബാഗ് അവന്റെ കയ്യില്‍ കൊടുത്തു. എന്നിട്ട് കൈകള്‍ വീശി നടന്നു. "നിന്റെ കല്യാണം എന്നത്തേയ്ക്കാ ഫിക്സ് ചെയ്തിരിക്കുന്നത്?" അവളുടെ ചോദ്യങ്ങള്‍ എല്ലാം അപ്രതീക്ഷിതങ്ങളാണ്. നിരതെറ്റി വീഴുന്ന വാകപ്പൂക്കള്‍ പോലെ. "ഡേറ്റ് ഫിക്സ് ചെയ്തിട്ടില്ല. സന്ധ്യയുടെ എം ഫില്‍ കഴിയണം. മോസ്റ്റ് പ്രോബബ്ലി നെക്സ്റ്റ് ഇയര്‍"
"എനിക്ക് നടന്നു മടുത്തു. നമുക്കിനി ഓട്ടോയില്‍ പോകാം. എന്നെ ഹോസ്റ്റലില്‍ ഇറക്കിയിട്ട് തിരിച്ച് ആ ഓട്ടോയില്‍ തന്നെ വന്ന് നിനക്ക് ബൈക്ക് എടുക്കാമല്ലൊ." മറുപടിക്ക് കാത്ത് നില്‍ക്കാതെ അവള് തന്നെ ഓട്ടോയ്ക്ക് കൈ കാണിച്ചു. ഓട്ടോയില്‍ അവനോട് ചേര്‍ന്ന് അവള് ഇരുന്നു. ഉള്ളില്‍ അപ്പോള്‍ നിറയുന്നത് അടുപ്പമാണോ അസ്വസ്തതയാണോ എന്നൊരു തിരിച്ചറിവിലേക്ക് ഗിരിഷ് മനസിനെ തിരിച്ചില്ല. ദിയ അവന്റെ കൈ എടുത്ത് അവളുടെ തോളിലൂടെ ഇട്ടു. സംരക്ഷണത്തിന്റെ ഒളിത്താവളത്തില്‍ എന്ന പോലെ അവള് ഇരുന്നു. അവന്റെ കവിളില്‍ വാകപ്പൂക്കള്‍ അടര്‍ന്നു വീണു. തിരിച്ചൊന്നു കൊടുക്കുമ്പോള്‍ അവന് അറിഞ്ഞു അവളുടെ കവിളില്‍ നനവ്, ഉപ്പിന്റെ നനവ്. ശബ്ദം വളരെ താഴ്ത്തി അവള് പറഞ്ഞു, "ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ?" അവന് ഒന്നും മിണ്ടിയില്ല. അവന്റെ ചുണ്ടില്‍ ഉപ്പിന്റെ നനവായിരുന്നു. ചെവിയോട് ചേര്‍ന്ന് വീണ്ടും അവളുടെ ശബ്ദത്തിന്റെ തുടര്‍ന്നു, "അതേ ഞാന്‍ ഈ കൈക്കുള്ളില്‍ ഭയങ്കര സേഫ് ആണ്. ഞാന്‍ നിന്നോടൊപ്പം കൂടിക്കോട്ടെ?" അവന്റെ കൈ അയഞ്ഞു. അവള് ചിരിച്ചു "ഞാന്‍ വലിയ മണ്ടത്തരം ആണ് പറയുന്നത് എന്ന് എനിക്കറിയാം. പക്ഷെ അന്ന് ചോദിച്ചിരുന്നെങ്കില്‍ കിട്ടിയിരുന്നനെ എന്ന് പിന്നെ തോന്നാതിരിക്കാന്‍വേണ്ടിയാണ്. ഇപ്പോള്‍ നിനക്ക് ഒന്നും തോന്നരുത് ഗിരീ, ഒരു ഗതികേട് കൊണ്ട് ചോദിച്ചുപോയതാ" ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ അവള് ഒന്നും പറയാന്‍ നിന്നില്ല.
പിറ്റേന്ന് രാവിലെ ഓഫീസില്‍ അവളുടെ കസേര ഒഴിഞ്ഞുകിടന്നു. പ്രൊബേഷണറി ടൈമില്‍ വിട്ടുപോകാന്‍ നോട്ടീസ് പിരീഡിന്റെ ആവശ്യമില്ല. ആരൊക്കെയോ പറയുന്നതു കേട്ടു. ഗിരിഷ് പിന്നൊന്നും കേള്‍ക്കാന്‍ നിന്നില്ല. അവന് അവന്റെ സിറ്റിലേക്ക് നടന്നു. ദൂരെ എവിടെയോ വീശിയ കാറ്റില്‍ വാടിയവാകപൂക്കള്‍ നിലത്തുരഞ്ഞു നീങ്ങി.
20 comments:
ഒരു പെണ്ണിന്റെ മനസ്സ് വായിക്കാന്‍ ആര്‍ക്കു കഴിയും? ഇനി ആരുടെയും മനസ്സുവായിക്കാന്‍ നമ്മള് ആണുങ്ങള്‍ക്ക് കഴിയാത്തത് കൊണ്ടു നമുക്കു തോന്നുന്നതാണോ അവരുടെ മനസ്സു വായിക്കാന്‍ പറ്റില്ലാന്ന്
അവര്‍ നമ്മള് വിചാരിക്കുന്നതിലും വേഗത്തിലണ് നമ്മളോടു അടുക്കുന്നത്(അകലുന്നതോ?)
വാകപ്പൂക്കള്‍ നിരതെറ്റി വീഴുമ്പോള്‍, പെയ്യാതെ പോയ കാര്മേഘമെന്നോ മറ്റോ പറയാന്‍ തോന്നുന്നു..
പ്രണയം പെയ്തൊഴിയുമ്പോള്‍ കിളിര്‍ക്കുന്ന ജീവിതത്തിന് ദുര്‍ഗന്ധമാണ് വമിക്കുന്നതെന്ന് ഇനിയും ഞാന്‍ വിശ്വസിക്കുന്നു.
കഥ,പ്രണയപ്രകടനത്തിന്റെ ഇഴയടുപ്പം കൊണ്ട് ഉത്തരാധുനികത എന്ന് വിളിക്കാം..
"പക്ഷെ അന്ന് ചോദിച്ചിരുന്നെങ്കില്‍ കിട്ടിയിരുന്നനെ "
ഒരാളുടെ നഷ്ടം.. മറ്റൊരാളുടെ ലാഭം..
കുമാറെട്ടാ.. വാക കേരളത്തിന്റെ വഴിയൊരങളില് കൊടും വേനലില്‍ വിരിഞ്ഞു നില്ക്കുമ്പോല് തോന്നാറുണ്ട് സൂര്യന് വാകക്ക് മുകളില്‍ ജ്വലിച്ചെരിയുന്നൊ എന്നു.. വേനല്‍ കത്തിയെരിയന്ന വാക പൂക്കള്‍...ഇലകളുള്ള വാക മരമാണെങ്കില്‍ ആ പച്ച ഓറഞ്ച് color combination അപാരം...
ഇനി കഥയിലേക്ക്.. ആ കത്തിയെരിയന്ന വേനല്‍ വാക പൂക്കള്‍ ദിയയുടെ മനസ്സാണല്ലോ... അതിനു താഴെ അവള് കണ്ട പച്ചപ്പ് (വാകയുടെ ഇലകള്‍) ആയിരുന്നോ ഗിരി? പക്ഷെ ഞാന്‍ പലപ്പോഴും ഇല ഇല്ലാതെ ആണല്ലോ വാക കണ്ടിരിക്കുനത്...
നല്ല ബിംബങള്...
നെടുമങ്ങാടിയം എഴുതുന്ന കുമാര്‍ജിയെ നമുക്കീ വായനയില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.
പക്ഷെ, ചില ഫോട്ടോകളിലെ അടിക്കുറിപ്പുകളില്‍ നമുക്കീ കുമാര്‍ജിയെ കാണുകയും ചെയ്യാം.
മനസ്സില്‍ പ്രണയത്തിന്റെ വാകപ്പൂക്കള്‍ തളിര്‍ക്കുന്നതും മനോഹരമായി വിടരുന്നതും പിന്നെ ഒരു നൊമ്പരമായി അതടര്‍ന്നു വീഴുന്നതും മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്നു. സംഭാഷണങ്ങള്‍ എന്തു സ്വാഭാവികതയോടെയാണ് വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത്.'ചെറിയച്ചന്റെ ചുംബനം'വായനക്കൊടുവിലും നടുക്കം ബാക്കിനിര്‍ത്തുന്നു.
നന്നായിട്ടുണ്ട് കുമാരേട്ടാ, മനസ്സില്‍ തട്ടി.
ട്രാജഡി പ്രേമകഥകളില്‍ സാധാരണ വിരഹദുഖം ആണ്‍കുട്ടികള്‍ക്കാണ് കാണാറ്. പെണ്‍കുട്ടികള്‍ വിഷമിക്കുന്നത് കാണാന്‍ ആരും താല്പര്യപ്പെടാത്തത് കൊണ്ടാവാം, അല്ലേ
പൂത്തുലഞ്ഞ് നില്ക്കുന്ന വാകമരം കാണുന്നതിലേറെ മനസ്സില്‍ സുഖം തോന്നിക്കുന്ന വായന!
അസ്സലായിട്ടുണ്ട്!
മനോഹരമായി എഴുതിയിരിക്കുന്നു.
വളരെ ഇഷ്ടപ്പെട്ടു..
അഭിനന്ദനം.
മനോഹരം...
നന്നായിരിക്കുന്നു...
നന്നായി എഴുതിയിരിക്കുന്നു.:)
ദു:ഖം കിനിയുന്ന വാക്കുകള്‍
മനോഹരം...
കുമാര്‍ജീ..
ഉള്ളറകളിലെങ്ങോ ഇതളറ്റ് കിടന്നിരുന്ന വാകപ്പൂവ് ഹിമ കണമേറ്റ് ഒന്നുണര്‍ന്ന പോലെ, അറിയുവാനാകുന്നു ആ തുടിപ്പ്.
ചൊരിയാതെ പോകപ്പെടുന്ന വികാരവായ്പുകള്‍..
പിന്നെ അതിന്റെ തിരത്തള്ളല്‍.. വീര്‍പ്പുമുട്ടല്‍...
എല്ലാം ഓര്മ വന്നു.
നന്നായി എന്ന ഭംഗി വാക്കു മത്രം പോരാ.
ഉള്ളില്‍ തട്ടി എന്നു പറയുന്നതാ ശരി.
“അന്ന് ചോദിച്ചിരുന്നെങ്കില്‍ കിട്ടിയേനേ എന്ന് പിന്നീട് തോന്നാതിരിക്കാന്‍..”
സത്യം. ഈ തോന്നല്‍ എത്ര വിഢിച്ചോദ്യങ്ങള് ചോദിപ്പിച്ചിരിക്കുന്നു.നന്നായിരിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍ ഉചിതം വായിച്ച് കഴിഞ്ഞപ്പോള്‍ മുതല്‍ മനസ്സിന്റെ പിന്നമ്പുറങ്ങളില്‍ വാടിയ വാകപ്പൂക്കള്‍ കൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു എന്ന് പറയുന്നതാണ്.
കുമാരേട്ടാ... ആ ഗിരീഷ് ഈ ഞാന്‍ തന്നെയാനെന്നു തോന്നിപ്പോകും പോലെ... വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളിണ്ടെ ഉള്ളില്‍ ഒരു വിങ്ങല്‍... :(
അതേയ്..കുമാറേട്ടാ..തിരക്കൊക്കെ കഴിഞ്ഞില്ലെ? എന്താണവിടെ ഇത്ര ബിസി? ഒരു പടം എടുക്കണം..പിന്നെ ഒരു ക്യാപ്ഷന്‍ എഴുതണം..അത്രെ അല്ലെ ഉള്ളൂ..ഹിഹി..വെറുതെ പറയണാതാട്ടൊ..എന്തെങ്കിലും പോസ്റ്റൂ..അല്ലെങ്കില്‍ കമന്റൂ..കുറേ നാളായല്ലൊ..കണ്ടിട്ട്..
അപ്പൊ എല്‍.ജി അറിഞ്ഞില്ലേ? കുമാരേട്ടന്റെ ക്യാമറ അതിന്റെ എക്സ്പൈറി ഡേറ്റ് കഴിഞ്ഞതിനാല്‍ ഇപ്പോള്‍ ഉപയോഗശൂന്യമാണ്. അതിപ്പൊ കല്യാണി കുന്നിക്കുരു ഇട്ടുവയ്ക്കാനുള്ള ബോക്സ് ആയി ഉപയോഗിക്കുവാണെന്നാണ് അവസാനം കേട്ടത്.
എന്തായാലും എല്‍.ജി പേടിക്കണ്ട. ഞാന്‍ എടുത്ത ചില ചിത്രങ്ങള്‍ ഞാന്‍ കുമാരേട്ടന് മെയില്‍ വഴി അയച്ച് കൊടുത്തിട്ടുണ്ട്. ഇനി കുമാരേട്ടന് ആ മനോഹര ചിത്രങ്ങള്‍ ആയിരിക്കും പോസ്റ്റ് ചെയ്യുക. നിങ്ങള്‍ ഇപ്പോള്‍ കുമാരേട്ടന് നല്കിക്കൊണ്ടിരിക്കുന്ന സ്നേഹവും പ്രോത്സാഹനവും തുറന്നും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
വളരെ ഇഷ്ടപ്പെട്ടു.. വളരെ!!
Kumaaretta,
You wrote for a girl called LOVE.
Thank you..
യാദൃശ്ചികമായി ഇവിടെയത്തി, വെറുതെ പഴയതാളുകള്‍ കണ്ടു, സത്യമായും വേണ്ടായിരുന്നുവെന്ന് തോന്നിപ്പോയി. ഒരു ആഗസ്റ്റ് മാസം, ലാല്‍ബാഗില്‍ പേരറിയാ മരത്തിന്റെ ചോട്ടിലിരുന്ന് ചെവിയില്‍ മന്ത്രിച്ച അതേ ചോദ്യം! ഓര്‍ക്കാതിരിക്കാന്‍ ഒരുപാട് കൊതിച്ച ഒരു ദിവസത്തെ അപ്രതീക്ഷിതമായി ഓര്‍മ്മിച്ച് എന്റെ മനസ്സമാധാനം കെടുത്തിയതിന് പിന്നെ ചോദിച്ചോളാം‘ ഇത് എന്റെ ജീവിതത്തില്‍ നടന്ന കഥ.
അതുകൊണ്ട് തന്നെ എന്റെ പേരു പറയാന്‍ ഇപ്പോള്‍ മനസ്സില്ല! എന്നാലും കുമാര്‍ജി... വേണ്ടായിരുന്നു
Post a Comment