പണ്ട് പണ്ട് ഓന്തുകൾക്കും മുൻപ് ദിനോസറുകൾക്കും മുൻപ് ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിൽ ആറാടിനിന്ന ഒരു താഴ്വരയിൽ എത്തി.
'ഇതിന്റെ അപ്പുറം കാണണ്ടേ?' ചെറിയബിന്ദു വലിയതിനോടുചോദിച്ചു.
'പച്ചപിടിച്ച താഴ്വര' ഏടത്തി പറഞ്ഞു 'ഞാനിവിടെത്തന്നെ നിൽക്കട്ടെ'
'എനിക്ക് പോകണമെന്നുണ്ട്' അനിയത്തി പറഞ്ഞു 'പക്ഷേ ഏടത്തിയെ ഒറ്റയ്ക്കാക്കിയിട്ട് പോയാൽ ഞാൻ ഏടത്തിയെ മറക്കും'.
ഏടത്തി ഒന്നും പറഞ്ഞില്ല.
അനിയത്തി അവളുടെ മുന്നിൽ കിടന്ന അനന്തപഥങ്ങളിലേക്ക് ഒന്നുകൂടി നോക്കി. എന്നിട്ടു ഏടത്തിയോട് ചേർന്നു നിന്നു. അസ്തമയത്തിന്റെ താഴ്വരയിൽ അവർ തനിച്ചു ഒരുമിച്ചു നിന്നു.
ഇതിഹാസകാരൻ പറഞ്ഞപോലെ ഇതു കർമ്മബന്ധത്തിന്റെ സ്നേഹരഹിതമായ കഥയല്ല. ഇതിൽ അകൽച്ചയില്ല, ദു:ഖം മാത്രമേയുള്ളു.
(ഇതിഹാസത്തിലെ ആകർഷകമായ വരികളെ ഒരു ചിത്രത്തിനുവേണ്ടി തിരിച്ചുവിട്ട ഈ തെറ്റ് മേഘങ്ങൾക്കിടയിലെ ഇതിഹാസകാരനും, വായനക്കാരും ഖസാക്കുകാരും ഒക്കെ പൊറുക്കും എന്നു കരുതുന്നു.)