ഇതു തോന്ന്യാക്ഷരക്കഥയാണ്. തോന്ന്യാക്ഷരങ്ങളുടെ കഥയാണ്.
ആകാശത്തിനുകുറുകെ (49 ഡിഗ്രിയില്‍) ഒരു നക്ഷത്രം മിന്നിമാഞ്ഞു, അത് മറ്റു നക്ഷത്രങ്ങളില്‍ തട്ടാതെ മുട്ടാതെ കടന്നു പോയി. അതിന്റെ ദ്രുതചലനത്തില്‍ ആകാശം ഒന്നാകെ വിറച്ചു. സൌരയൂഥത്തിലും അതിന്റെ തുടര്‍ചലനങ്ങള്‍ ഉണ്ടായി. അപ്രതീക്ഷിതമായ നിമിത്തങ്ങള്‍ കണ്ടു വിരണ്ട ബുധന്‍ അസ്വസ്തതയോടെ ശുക്രനെ നോക്കി. ശുക്രന്‍ ശനിയേയും, ശനി എന്നെയും നോക്കി. ഞാന്‍ ഒന്നും അറിയാത്തതുപോലെ കമ്പ്യൂട്ടറില്‍ നോക്കിയിരുന്നു. വരമൊഴിയുടെ കൊച്ചു ജാലകങ്ങളിലൂടെ അക്ഷരങ്ങള്‍ ആകാശം നോക്കി നിന്നു.
ആകാശത്ത് ദേവന്മാര്‍ നിരന്നു. അവര്‍ പുഷ്പങ്ങള്‍ ഭൂമിയിലേക്ക് വര്‍ഷിച്ചു (ഈ ഷോട്ടിനുള്ളകടപ്പാട്: ശ്രീ. രാമാനന്ദ സാഗര്‍, ഹോള്‍സെയില്‍ ഡീലര്‍, പുരാണ സീരിയലുകള്‍. വര്‍ഷിക്കാനുള്ള പൂവ് സംഭാവന ചെയ്തിരിക്കുന്നതു ഫ്ലവര്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍, ചാല, തിരുവന്തരം.) ഭൂമിയിലും അതിന്റെ വ്യതിയാനങ്ങള്‍ കണ്ടുതുടങ്ങി. മഴ. നിര്‍ത്താതെയുള്ള മഴ. മഴവെള്ളത്തില്‍ ഭൂമീദേവി കാലിട്ടിളക്കി (ഭൂമിദേവിക്കു കാലുണ്ടോ ആവോ, കഥയില്‍ കാലുകളാകാം സാരമില്ല). അവളുടെ ആയിരം പാദസരങ്ങള്‍ കിലുങ്ങി, പൊട്ടിത്തര്‍ന്നു. ആലുവാ പുഴ പിന്നെ ഒഴുകിയില്ല, അതു രണ്ടായി പിരിഞ്ഞു. ആരും കാണാതെ ഓളവും തീരവും സുനാമിയുടെ പേരില്‍ പരസ്പരം പഴിപറഞ്ഞു വഴക്കായി. പേടിച്ചരണ്ട ശനി എന്നോടു ചേര്‍ന്നു നിന്നു. അതിന്റെ അരപ്പാവാടയില്‍ തിമിര്‍ക്കുന്ന അഗ്നിശകലങ്ങള്‍ എന്റെ ശരീരത്തില്‍ ഉരസി. ആകാശം കൂടുതല്‍ വളഞ്ഞു! ആകാശം നിലവിളിച്ചു. (ആകാശം നിലവിളിച്ചു! എന്തൊരു സങ്കല്‍പ്പം!, പ്രിയ എഴുത്തുകാരേ ഇതിന്റെ പകര്‍പ്പവകാശം എനിക്കാണ്) പിന്നെ ആകാശം കീറി. (വെള്ളകീറിയതല്ല!) ഈ കീറല്‍ സൃഷ്ടിയുടെ അനിവാര്യതയാണ്. ആ വിള്ളലിലൂടെ അക്ഷരങ്ങള്‍ തള്ളിവന്നു... "ത... ന... ക... ഷ... ര.... ങ... ള...."
അക്ഷരങ്ങള്‍ ഒഴുകി... അക്ഷരങ്ങള്‍ പരന്നു.... അക്ഷരങ്ങള്‍ ചിരിച്ചു..... അക്ഷരങ്ങള്‍ കരഞ്ഞു... അവ ചില്ലുകളും ദീര്‍ഘങ്ങളുമായി ഇണചേര്‍ന്നു. എല്ലാം കണ്ട പ്രപഞ്ച സൃഷ്ടാവ് പറഞ്ഞു, അല്ല പ്രഖ്യാപിച്ചു... "ഇനി തോന്ന്യാക്ഷരങ്ങള്‍ ഉണ്ടാകട്ടെ!" അങ്ങനെ തോന്ന്യാക്ഷരങ്ങള്‍ ഉണ്ടായി! ടമാര്‍!.. പടാര്‍!... ടിഷ്യൂം ടിഷ്യൂം... (ഇതു തോന്ന്യാക്ഷരങ്ങളല്ല സ്പെഷ്യന്‍ ഇഫക്ട്സ് ആണ്)
ഒടുവില്‍ സഹികെട്ട ശനി എന്നെ നോക്കി ചോദിച്ചു,
നീ എന്തുവാ ഈ എഴുതിക്കൂട്ടിയിരിക്കുന്നേ?
ഞാന്‍ ശനിയെ നോക്കി, ശനിയുടെ അഗ്നിഗന്ധം ശ്രവിച്ചു പറഞ്ഞു,
"ഞാന്‍ ആദ്യമേ പറഞ്ഞില്ലേ ഇതു തോന്ന്യാക്ഷരവേദിയാണെന്ന്."
ശനി പറഞ്ഞു,
"തോന്ന്യാക്ഷരങ്ങളൊക്കെ ആയിക്കോ പക്ഷേ തോന്ന്യാസം ആവരുത്!"