Thursday, June 14, 2007

വഴിപിരിയല്‍ !

തലമുറ എന്ന പേരില്‍ പണ്ടു ഞാന്‍ ഈ കാര്‍ട്ടൂണ്‍ ഇവിടെ പബ്ലീഷ് ചെയ്തിരുന്നു. ഇപ്പോള്‍ ബൂലോകത്തു നടക്കുന്ന പിന്മൊഴി സംവാദങ്ങളും വിവാദങ്ങളും കാണുമ്പോള്‍, എനിക്ക് ആ പോസ്റ്റ് ഒന്നുകൂടി പബ്ലീഷ് ചെയ്യാന്‍ തോന്നുന്നു.

എന്റെ നിലവറയില്‍ പറന്നു കയറി മുങ്ങിത്തപ്പി ഈ പോസ്റ്റിന്റെ‍ കാലിക പ്രസക്തി കമന്റിട്ടുകാട്ടിയ ഡിങ്കന് നന്ദി.

എന്റെ മറ്റു കാര്‍ട്ടൂണുകള്‍

Tuesday, June 12, 2007

മുങ്ങിപോകാത്ത ഇല ചീന്തുകള്‍.


എള്ളും പൂവും വെന്തചോറും കെട്ടഴിച്ച ദര്‍ഭപുല്ലിന്റെ രൂപമഴിഞ്ഞ മോതിരവും തലയ്ക്കുമുകളിലൂടെ പിന്നിലേ ഒഴുക്കധികമില്ലാത്ത പുഴയിലേക്കിട്ടു. പിന്നെ ആ പുഴയില്‍ നിന്നും കൈനിറയെ വെള്ളമെടുത്ത് അവന്‍ മുഖം തുടച്ചു. അറിയാതെ കണ്ണുകള്‍ പിന്നിലെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന ആ ഇലയിലേക്ക് തിരിഞ്ഞു. മനസിനോടു ചോദിച്ചു, ഉപേക്ഷിക്കലാണോ? മനസുപറഞ്ഞു, ഇല്ല. ഒഴുകിപോകാന്‍ മടിച്ച് ആ ഇലതുണ്ട് അവിടെ കറങ്ങുന്നതു കണ്ടില്ലേ? വെള്ളത്തില്‍ തുറന്നു പിടിച്ച കണ്ണുപോലെ.
***
‘ഇനി പുറത്തിറങ്ങി നിന്നോളൂ." ഡോക്ടര്‍ പറഞ്ഞു. അപ്പോഴും തന്റെ കൈത്തണ്ടയില്‍ മുറുക്കെ പിടിച്ചിരുന്ന വിരലുകളിലാണ് അവന്‍ ശ്രദ്ധിച്ചിരുന്നത്. സ്വതവേ ശാന്തതയാര്‍ന്ന കണ്ണുകളില്‍ പകപ്പോടെ പ്രാണവായുവിനായുള്ള പിടച്ചിലിനിടയില്‍,തന്റെ കൈയ്ക്ക് കയറിപ്പിടിച്ച ആ മെലിഞ്ഞ വിരലുകളില്‍ നിന്നും അവനു കണ്ണെടുക്കാനായില്ല. ‘ഞങ്ങള്‍ക്ക് ചില ഫോര്‍മാലിറ്റീസ് കൂടി ബാക്കിയുണ്ട്‘ ഡോക്ടര്‍ തന്റെ വിയര്‍ത്ത കൈകള്‍ അവന്റെ ചുമലില്‍ വച്ചുകൊണ്ടു പറഞ്ഞു. ചില നിമിഷങ്ങളില്‍ പരിചയമില്ലാത്ത ഒരാളുടെ കൈകള്‍ക്ക് പോലും മറ്റൊരാള്‍ക്ക് ആശ്വാസം നല്‍കാനാവും എന്ന അപൂര്‍വ്വമായൊരു തിരിച്ചറിയല്‍ ആ കൈകളിലൂടെ അവന്‍ തന്റെ ചുമലിലേക്ക് ഏറ്റുവാങ്ങി. ആശ്വാസത്തിന്റെ ഇടവേളയൊടുക്കിക്കൊണ്ട് ഡോക്ടര്‍ നടന്നു നീങ്ങി. ചലനമറ്റ ആ വിരലുകള്‍ അവന്‍ സാവധാനം വേര്‍പെടുത്തി. മുഖമുയര്‍ത്താതെ തന്നെ ആ മുഖത്തേക്ക് നോക്കി. അവനില്‍ തന്നെ ഉറപ്പിച്ച നിശ്ചലമായ കണ്ണുകള്‍. ഐ സി യു വിന്റെ ഡോറുകള്‍ തള്ളിത്തുറന്നിറങ്ങുമ്പോള്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി. ആ കണ്ണുകള്‍ തന്റെ നേരേ തന്നെയാണെന്ന് അവനുറപ്പിച്ചു.
***
നനഞ്ഞ മേല്‍മുണ്ടില്‍ കാറ്റു തട്ടിയപ്പോള്‍ അവനു തണുത്തു. കടവു കയറുമ്പോള്‍ അവന്‍ തിരിഞ്ഞു നോക്കിയില്ല. ആ ഇലതുണ്ട് അവിടെ നിന്നും ഒഴുകി പോയെങ്കിലോ എന്നു ഭയന്നിട്ടാവും. തണുപ്പില്‍ അവനു വിറച്ചു. ഒരു കവചം ഊരിപോയിരിക്കുന്നു. അവനോര്‍ത്തു, ഞാന്‍ ഇന്നൊരു മകനല്ല. നിമിഷനേരം കൊണ്ട് ഞാന്‍ വളര്‍ന്നിരിക്കുന്നു. പക്ഷെ ഇപ്പോള്‍ ചെറിയ കാറ്റുകള്‍പോലും അവനെ തണുപ്പിക്കുന്നു. ബലിച്ചോറ് താഴ്ന്നിട്ടും കര്‍മ്മമൊഴിയാതെ പൊങ്ങിക്കിടക്കുന്ന ഇലചീന്തുകള്‍ അവനെ അസ്വസ്തനാക്കുന്നു. അവന്‍ വലുതാകുകയാണ്. അവനു അഛനില്ലാതെയാവുകയാണ്. അഛനെ അവന്‍ ഒരു ഓര്‍മ്മയാക്കുകയാണ്.
ഇതും ജീവിതത്തിലെ ഒരു ഏടാണ്. ഒരിക്കലും മുങ്ങിപോകാത്ത ഒരു ഏട്.

Tuesday, June 05, 2007

ജനശ്രദ്ധയാകര്‍ഷിക്കുന്ന ആമ്പിയന്റ് മീഡിയ!

ആംബിയന്റ് മീഡിയ (Ambient Media). ഇത് ഒരു പുതിയ പരസ്യസങ്കേതം. മാധ്യമരംഗത്ത് ഇളമുറക്കാരനായ ഈ ഉണ്ണി കളി തുടങ്ങിയിട്ട് ഉദ്ദേശം അഞ്ചുവര്‍ഷമേ ആയിട്ടുണ്ടാവൂ. പക്ഷെ ജനശ്രദ്ധ, അങ്ങനെ തന്നെ പറയണം “ജനശ്രദ്ധ” പിടിച്ചുപറ്റിത്തുടങ്ങിയതു വളരെ വേഗത്തില്‍ ആയിരുന്നു. കാരണം ജനശ്രദ്ധ അതാതു ഉത്പന്നവുമായി വേഗത്തില്‍ രസകരമായി പിടിച്ചുപറ്റുക, അതായിരുന്നു ഈ സങ്കേതത്തിന്റെ പ്രധാന ആകര്‍ഷണം. പരസ്യ രംഗം കീഴടക്കിയിരുന്ന പരമ്പരാഗത മാധ്യമങ്ങളായ ടീവി, റേഡിയോ, പ്രിന്റ്, ഔട്ട് ഡോര്‍, ഓണ്‍ലൈന്‍ എന്നിവയ്ക്ക് ഒരു വെല്ലുവിളിപോലെയാണ് ആംബിയന്റ് മീഡിയ എന്ന നോണ്‍ ട്രടീഷണല്‍ / ഓള്‍ട്ടര്‍നേറ്റീവ് മീഡിയം രംഗത്ത് എത്തിയത്. എന്നാല്‍ ഇതും ഔട്ട് ഡോര്‍ എന്ന സങ്കേതവും തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്. പക്ഷെ ആമ്പിയന്റ് മീഡിയ അത് പ്രതിനിധാനം ചെയ്യുന്ന മീഡിയവുമായി ഇഴുകി ചേര്‍ന്നു നില്‍ക്കുന്നു. അതായത് ഈ മീഡിയം പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലവും രീതിയും എല്ലാം അതാത് ഉത്പന്നവുമായി വളരെ സാമ്യം ഉള്ള രീതിയില്‍ ആയിരിക്കും.

ഷോപ്പിങ് മോളുകള്‍ പോലെ ജനം തിക്കി തിരക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന മാധ്യമം ആണ് ആംബിയന്റ് മീഡിയ. ഇവ ഉപഭോക്താവുമായി നേരിട്ട് സംവേദിക്കുന്നു. തിക്കിതിരക്കി ശ്വാസം കിട്ടാതെ ആള്‍ക്കാര്‍ നില്‍ക്കുന്ന ബസിന്റെ ഉള്ളില്‍ “മടുത്തോ? ഇതാ കുറഞ്ഞവരുമാനക്കാര്‍ക്കും ടൂവീലര്‍ ലോണ്‍‍” എന്ന് ഒരു ബാങ്കുകാരന്‍ പരസ്യം ചെയ്യുന്നതില്‍ തുടങ്ങി വലിയ വലിയ കപ്പലുകളില്‍, ബലൂണുകളില്‍, ഇന്റര്‍ നാഷണല്‍ ഹൈവേകളില്‍, സിനിമാതീയറ്ററിന്റെ മൂത്രപ്പുരയില്‍, ഹൈടെക് ഷോപ്പിങ് മോളുകളില്‍ പുകവലിക്കാരുടെ ചേം‌മ്പറുകളില്‍ ഒക്കെ ഇന്ന് തരംഗങ്ങള്‍ ഉണ്ടാക്കുന്നു, ഈ നൂതന മാധ്യമം.

ഉദാഹരണത്തിനു എന്തും തകര്‍ക്കുന്ന ശക്തിയുള്ളതാണ് ചെല്ലപ്പന്‍ ആന്റ് കമ്പനിയുടെ “കൊട്ടുവടി“ എന്നു വയ്ക്കുക. ചെല്ലപ്പന്റെ പരസ്യം ചെയ്യുന്ന ഏജന്‍സിക്ക് ഉള്ള ടാസ്ക് ഇതാണ്, എന്തും തകര്‍ക്കാന്‍ നേരം ഓര്‍മ്മ വരണം ചെല്ലപ്പന്‍സ് കൊട്ടുവടി! പണ്ട് ഇത് എഴുതി വയ്ക്കും അല്ലെങ്കില്‍ ‘തകര്‍ത്ത് ഇട്ടിരിക്കുന്ന‘ ഒരു മനോഹര ചിത്രം വച്ചിട്ട് പറയും എന്തും തകര്‍ക്കാന്‍ ചെല്ലപ്പന്‍സ് കൊട്ടുവടി എന്ന്. പക്ഷെ ഇന്ന് ഈ പുതിയ പരസ്യ സങ്കേതത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ചിന്തിച്ചാല്‍ റോഡരികില്‍ നില്‍ക്കുന്ന ഭീമാകാരനായ ബില്‍ബോര്‍ഡിനെ കാശുകൊടുത്തു വാങ്ങി അതിന്റെ ഫലകം തകര്‍ത്തിട്ട്, തകര്‍ക്കാതെ ബാക്കിവച്ചിരിക്കുന്ന മൂലയ്ക്ക് ചെല്ലപ്പന്റെ ലോഗോയും കൊടുത്ത് എഴുതിവയ്ക്കും, “ചെല്ലപ്പന്‍സ് കൊട്ടുവടി, എന്തും തകര്‍ക്കും നിമിഷ നേരങ്ങള്‍ക്കുള്ളില്‍“ എന്ന്. ആ കാഴ്ച ജനശ്രദ്ധ ആകര്‍ഷിക്കും. ഉത്പന്നത്തിനു “Top of the mind recall” സൃഷ്ടിക്കും. ഇങ്ങനെയുള്ള ഔട്ട് ഡോര്‍ കസര്‍ത്തുകള്‍ എക്സിക്യൂട്ട് ചെയ്യുന്ന ഒട്ടനവധി സ്പെഷ്യലിസ്റ്റുകളും സ്ഥാപനങ്ങളും ഇന്ന് ഇന്ത്യയിലും ഉണ്ട്.

ഇനി അതിന്റെ ശരിക്കുള്ള ചില ഉദാഹരണങ്ങളിലേക്ക് പോവുകയാണെങ്കില്‍ സാച്ചി & സാച്ചി ദുബായില്‍ റോഡ് സൈഡില്‍ സ്ഥാപിച്ച ഏരിയലിന്റെ ഹോര്‍ഡിങ് ആണ് എന്റെ മനസില്‍ ആദ്യമെത്തുക. സൂപ്പര്‍ സോഫ്റ്റ് ആണ് പുതിയ ഏരിയല്‍. നിങ്ങളുടെ വസ്ത്രം വളരെ സോഫ്റ്റ് ആകും എന്നു ആ ഹോര്‍ഡിങ് കാണുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യം വരുന്നില്ല. ജക്കാര്‍ത്തയിലെ പ്ലേ ഗ്രൂപ്പ് എന്ന പരസ്യ സ്ഥാപനം അവരുടെ ക്ലൈന്റായ air asia യ്ക്കു വേണ്ടി ചെയ്ത ആംബിയന്റ് മീഡിയ എക്സര്‍സൈസ് വളരെ രസകരമായിരുന്നു. ബഡ്ജറ്റ് എയര്‍ലൈന്‍ എന്ന ഒരു ഇമേജ് ഉണ്ടാക്കി തീര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തിരക്കുള്ള എയര്‍പോര്‍ട്ടില്‍ അവര്‍ ഒരു ദിവസം ഒരുപാട് സ്ഥലങ്ങളിലായി അവരുടെ ക്രിയേറ്റിവിറ്റി പ്രകടിപ്പിച്ചു. അത് ഇങ്ങനെയായിരുന്നു ഒറ്റദിവസം കൊണ്ടുതന്നീ ഇതു ജനശ്രദ്ധയാകര്‍ഷിച്ചു, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു അനേകായിരം ചുണ്ടുകളിലൂടേ ഏറ്റവും വലിയ പബ്ലിസിറ്റിയായ മൌത്ത് പബ്ലിസിറ്റി നേടി. ഇന്ത്യയിലെ Cancer Patients Aid Association പുകവലിക്കാര്‍ക്കിടയില്‍ പുകവലിയുടെ ഭീകരത കാണിച്ചുകൊടുത്തത് വലിക്കാരുടെ ശവക്കുഴി തോണ്ടിയിട്ടാണ്. ഓഫീസുകളുടേയും സൂപ്പര്‍ മാര്‍ക്കറ്റുകളുടേയും സ്മോക്കേര്‍സ് ചേമ്പറുകളുടെ മച്ചില്‍ അവര്‍ ഒരു ചിത്രം ഒട്ടിച്ചു. അത് ഇങ്ങനെയായിരുന്നു. (ഇടതുവശത്തുകാണുന്നത് പുകവലിക്കാരുടെ ചേം‌മ്പറിന്റെ പടം. വലതുവശത്ത് കാണുന്നത് അതിന്റെ മുകളില്‍ ഒട്ടിച്ചിട്ടുള്ള വാള്‍പേപ്പറിന്റെ ചിത്രം. ക്ലിക്ക് ചെയ്താല്‍ വലിയ ചിത്രം കാണാം) ഈ ഐഡിയ ക്രിയേറ്റ് ചെയ്തത് എവറസ്റ്റ് ബ്രാന്റ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ സ്ഥാപനം ആയിരുന്നു. ഓസ്റ്റ്ട്രേലിയയിലെ ഏറ്റവും വലിയ ‘മോട്ടോര്‍ വേ റെസ്റ്റോറന്റ് ശൃഖല അവരുടെ മാധ്യമത്തിനു കണ്ട സ്ഥലം ഹൈവേയിലുള്ള ഒരു ടണലിന്റെ പ്രവേശന കവാടം ആയിരുന്നു. വിയന്നയിലെ ഡി എം ആന്റ് ബി എന്ന പരസ്യക്കമ്പനി ചെയ്തത് ഇങ്ങനെയായിരുന്നു. IWC എന്ന ഡച്ച് കമ്പനി അവരുടെ വാച്ചുകള്‍ പബ്ലിക്കിനു ധരിക്കാന്‍ ഒരു ട്രയല്‍ തന്നെ നടത്തി, ശരിക്കുള്ള വാച്ചുകള്‍ ഇല്ലാത. ആ ട്രയലിന്റെ പ്രത്യേകത എന്തെന്നാല്‍ ചില സ്ഥലങ്ങളില്‍ നമുക്ക് നിര്‍ബന്ധപൂര്‍വ്വം പലര്‍ക്കും ധരിക്കേണ്ടിവരും. കയ്യില്‍ വാച്ച് കിടക്കുന്ന ആ ഭംഗി അപ്പോള്‍ നമ്മള്‍ രസിക്കും. അത് കാണാന്‍ ഇവിടെ ക്ലീക്ക് ചെയ്യുക. പരസ്യ രംഗത്തെകുറിച്ച് പറയുമ്പോള്‍ ഞാന്‍ മുദ്രയെ കുറിച്ച് പറയാതെ പോയാല്‍ അത് എനിക്ക് കുറച്ചില്‍ അല്ലേ?ദാ പിടിച്ചോളൂ മുദ്രയുടെ ശ്രമങ്ങളില്‍ ഒന്ന്. നോണ്‍സ്റ്റിക്ക് കുക്ക് വെയറുകളെ കുറിച്ച് പറയുമ്പോള്‍ ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഉള്ള പരാതി അതിന്റെ കൈപിടിയെ കുറിച്ചാണ്. അതു വേഗം ഒടിഞ്ഞു പോകുന്നു നശിച്ചു പോകുന്നു എന്നൊക്കെ. പ്രസ്റ്റീജ് എന്ന ഞങ്ങളുടെ ക്ലൈന്റിനു വേണ്ടി മുദ്ര ബാംഗളൂര്‍ ചെയ്ത ഹോര്‍ഡിങ് ശരിക്കും ജനശ്രദ്ധയാകര്‍ഷിച്ചുകൊണ്ടാണ് തെരുവോരത്ത് നിന്നത്. അതു കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Mondo Pasta എന്ന നൂഡില്‍‌സ് ജനഹൃദയത്തില്‍ സ്ഥിരപ്രതിഷ്ട നടത്താന്‍ അവരുടെ പരസ്യ ഏജന്‍സി നടത്തിയ ശ്രമം വളരെ രസകരമായിരുന്നു. ഹാം‌ബര്‍ഗ്ഗിലെ തിരക്കു പിടിച്ചൊരു ഹാര്‍ബര്‍ ആണ് അവര്‍ ലക്ഷ്യമിട്ടത്. അവിടെ വരുന്ന ഷിപ്പുകളിലും ബോട്ടുകളിലും ഒട്ടിക്കാനായി അവര്‍ തുറന്നു പിടിച്ച വായയുള്ള കുറേ മനുഷ്യമുഖങ്ങളുടെ സ്റ്റിക്കര്‍ ഉണ്ടാക്കി. അത് ഒട്ടിച്ച സ്ഥലം ആണ് ഏറ്റവും രസകരമായത്. അത് നിങ്ങള്‍ക്ക് ഇവിടെ കാണാം. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ ഒരുപാട് ആംബിയന്റ് മീഡിയകള്‍ ജനസ്രദ്ധയാകര്‍ഷിച്ചു, അതില്‍ അവാര്‍ഡ് വാങ്ങുകയും ജനം ഉറ്റുനോക്കുകയും ചെയ്തതില്‍ പ്രമുഖമായ ഒന്നാണ് ബാങ്ക് ഓഫ് ബറോഡയ്ക്ക് വേണ്ടി മുംബൈയിലെ Euro RSCG ചെയ്ത ശ്രമം. ഹോം എക്സ്റ്റന്‍ഷന്‍ ലോണ് ആണ് ഈ ഹോര്‍ഡിങ്ങിലൂടെ പ്രമോട്ട് ചെയ്തത്. ഹോര്‍ഡിങ്ങുകള്‍ എല്ലാം ഓരോരൊ വീടുകളുടെ മുകളിലായിരുന്നു. ഇനി ഞാന്‍ ഒന്നും പറയണ്ട, ഈ ചിത്രം ബാക്കി പറയും. ശരിക്കും ഉള്ള ഹോം എക്സ്റ്റന്‍ഷന്‍! ചിലസ്ഥലങ്ങളില്‍ അതിന്റെ ചുറ്റുപാടിനെ തന്നെ രസകരമായി ഉപയോഗിക്കാന്‍ ഈ മാധ്യമത്തിനു കഴിഞ്ഞിട്ടുണ്ട്. അതില്‍ ചിലത്, 1. സോണി സൈബര്‍ഷോട്ട് തിന്‍ ക്യാമറ , 2. ഹിപ് ഹോപ് ബ്ലാക്ക് മ്യൂസിക് പരസ്യങ്ങള്‍ ഒരു വിനോദമാര്‍ഗ്ഗംകൂടിയാകുന്ന ഒരു വഴിത്തിരിവാണിത്. സംവേദനത്തിന്റെ രീതി ലോകം മുഴുവന്‍ മാറുന്നു. എന്തിലും ഏതിലും പര‍സ്യം ഉയരുന്നു. നാലാള്‍കാണെകെ ഒഴിഞ്ഞൊരിടം കിടന്നാലവിടം കാശുണ്ടാക്കാനുള്ള ഒരു ഉപാധിയായി മാറുന്നു. കാനിലും ന്യൂയോര്‍ക്ക് ഫെസ്റ്റിവലിലും, ആബിയിലുമൊക്കെ അവാര്‍ഡ് ഉരുപ്പടികള്‍ വാങ്ങാനാണ് പലരും ഈ മാധ്യമത്തെ കൂടുതലും ഉപയോഗിക്കുന്നത്. പക്ഷെ വരും കാലത്ത് ഇത് ഒരു ശക്തമായ മാധ്യമം ആയി ഇന്ത്യ ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ വളരും എന്നതില്‍ സംശയമില്ല.

*(ഇമേജുകള്‍ക്കുള്ള കടപ്പാട് : ആഡ്സ് ഓഫ് ദ വേള്‍ഡ്)